വി.പി. സത്യൻ
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്നു വി.പി. സത്യൻ (ജീവിതകാലം: ഏപ്രിൽ 29, 1965 – ജൂലൈ 18, 2006).
കണ്ണൂർ ജില്ലയിലെ മേക്കുന്നിൽ പോലീസിൽനിന്നു വിരമിച്ച വട്ടപ്പറമ്പത്ത് ഗോപാലൻനായരുടെയും നാരായണിയമ്മയുടെയും മകനാണ് വി.പി സത്യൻ. കോഴിക്കോട് പാലേരി സ്വദേശിനിയും ചെന്നൈ ആദംപാക്കത്ത് ഡി.എ.വി. സ്കൂൾ അദ്ധ്യാപികയുമായ അനിതയാണ് ഭാര്യ, ആതിര ഏക മകളാണ്.
പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നു സത്യൻ. 1993-ൽ 'മികച്ച ഇന്ത്യൻ ഫുട്ബോളർ' ബഹുമതി കരസ്ഥമാക്കി. കേരള ടീമിന്റെയും കേരള പോലീസ് ടീമിന്റെയും സുവർണകാലമായിരുന്നു സത്യന്റെ കാലഘട്ടം. '92-ൽ കേരളത്തെ രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടുന്നതിലേക്ക് നയിച്ച സത്യൻ 93-ൽ സന്തോഷ് ട്രോഫി നിലനിർത്തിയ ടീമിലും അംഗമായിരുന്നു. ചെന്നൈയിൽ ഇന്ത്യൻ ബാങ്കിന്റെ ഫുട്ബോൾ ടീം കോച്ചും ബാങ്കിന്റെ ചെന്നൈ ഹെഡ് ഓഫീസിൽ അസിസ്റ്റന്റ് മാനേജരുമായിരുന്നു സത്യൻ.
ഏറെക്കാലമായി വിഷാദരോഗം അനുഭവിച്ചിരുന്ന സത്യൻ 41-ആം വയസ്സിൽ 2006 ജൂലൈ 18-ന് ഉച്ചയോടെ ചെന്നൈ പല്ലാവരം റെയിൽവേ സ്റ്റേഷനടുത്തുവച്ച് തീവണ്ടി തട്ടി അന്തരിച്ചു. ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സൂചിപ്പിക്കുന്ന നാല് കുറിപ്പുകൾ സത്യന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു.
ഭാര്യ അനിത, മാധ്യമസുഹൃത്തുക്കൾ, കേന്ദ്രമന്ത്രിയും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന പ്രിയരഞ്ജൻ ദാസ് മുൻഷി, ഇന്ത്യൻ ബാങ്ക് സ്പോർട്‌സ് സെക്രട്ടറി സുന്ദർ എന്നിവരെയാണ് സത്യൻ അവസാനമായി അഭിസംബോധന ചെയ്ത് കത്തുകൾ എഴുതിയിരിക്കുന്നത്. 2018ൽ വി.പി സത്യന്റെ ജീവചരിത്രം ആസ്പദമാക്കി പ്രജേഷ് സെൻ നിർമിച്ച ജയസൂര്യ അഭിനയിച്ച മലയാള സിനിമയാണ് ക്യാപ്റ്റൻ (ചലച്ചിത്രം)