നെല്ല് കുത്തിഅരി വേർതിരിക്കുമ്പോൾ ലഭിക്കുന്ന ഉപോത്പന്നങ്ങളിൽ ഒന്നാണ്‌ തവിട്.[1]. ഇത് സാധാരണ കാലിത്തീറ്റയായി(കോഴിത്തീറ്റയായും) ഉപയോഗിക്കുന്നു. പഴയ നെല്ലുകുത്ത് യന്ത്രങ്ങളിൽ നെല്ലുകുത്തുമ്പോൾ അരിയുടെ കൂടെ കുറച്ച് ഉമിയും തവിടും കലർന്നായിരുന്നു ലഭിച്ചിരുന്നത്. അതിനാൽ ഉമി മുറം ഉപയോഗിച്ച് പാറ്റിയായിരുന്നു തവിട് വേർതിരിച്ചിരുന്നത്. ആധുനിക രീതിയിലുള്ള നെല്ലുകുത്തുയന്ത്രങ്ങൾ നിലവിൽ വന്നതോടെ കൂടുതൽ തവിട് ലഭിക്കുവാൻ തുടങ്ങി. 100 കിലോഗ്രാം നെല്ല് കുത്തുമ്പോൾ 73 കിലോഗാം അരിയും 22.8 കിലോഗ്രാം ഉമിയും ലഭിക്കുന്നു[1]. ഇങ്ങനെ ലഭിക്കുന്ന അരി മിനുസപ്പെടുത്തുമ്പോഴാണ്‌ തവിട് ലഭിക്കുന്നത്. മിനുസപ്പെടുത്തലിന്റെ തീവ്രത അനുസരിച്ച് 5% മുതൽ 10% വരെ തവിട് ലഭിക്കുന്നു[1]. ഭാരതത്തിൽ അരി 5% മാത്രമേ ‍മിനുസപ്പെടുത്താവൂ എന്ന് നിഷ്കർഷിച്ചിട്ടുണ്ട്[1]. തവിടിൽ അനേകം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ തവിടിൽ നിന്നും നിർമ്മിക്കുന്ന തവിടെണ്ണ ഭക്ഷ്യ എണ്ണയായും ഉപയോഗിക്കുന്നു[1].[2]

ഗോതമ്പിന്റെ തവിട്

കൊഴുപ്പ് നീക്കം ചെയ്തതും അല്ലാത്തതുമായ തവിട് ഒരു ഉത്തമ പോഷകാഹാരമാണ്‌. തവിടിൽ മാംസ്യം , കൊഴുപ്പ്, നാരുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. അരി, ഗോതമ്പ് എന്നിവയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിനെക്കാൾ ഉയർന്നതോതിൽ ലൈസിനും കുറഞ്ഞതോതിൽ‍ ഗ്ലൂട്ടാമിക് ആസിഡും അടങ്ങിയിരിക്കുന്നു[1]. കൂടാതെ ശുദ്ധമായ തവിടിൽ അന്നജം ഉണ്ടായിരിക്കില്ല. പക്ഷേ ആധുനിക യന്ത്രങ്ങളിൽ നിന്നും ലഭിക്കുന്ന തവിടിൽ 25% വരെ അന്നജം അടങ്ങിയിരിക്കുന്നു. ഇതിനെക്കാൾ ഉപരി കാത്സ്യം, ഇരുമ്പ്, നാകം എന്നീ ധാതുക്കളുടെ നാരുകൾ 25.3% വരെ അടങ്ങിയിരിക്കുന്നു[1]. ജീവകം -ബിയുടെ കുറവുമൂലം ഉണ്ടാകുന്ന ബെറിബെറിഎന്ന അസുഖത്തിന്‌ തവിട് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി[2].

100ഗ്രാം തവിടിൽ അടങ്ങിയിരിക്കുന്ന ശരാശരി പോഷകമൂല്യം[1]
പോഷകം അളവ്
മാംസ്യം (Protein) 16.5 ഗ്രാം
ധാതുക്കൾ (Minerals) 8.3 ഗ്രാം
മൊത്തം കാർബോഹൈഡ്രേറ്റ് 49.4 ഗ്രാം.
ലേയത്വ നാരുകൾ (Soluble Fibre) 2.1 ഗ്രാം.
സ്വതന്ത്ര പഞ്ചസാര (Free Sugar) 5.0 ഗ്രാം.
കാത്സ്യം 80 മില്ലി ഗ്രാം.
പൊട്ടാസ്യം 1.9 ഗ്രാം.
മഗ്നീഷ്യം 0.9 ഗ്രാം.
തയാമിൻ (Thiamine-[B1]) 3.0 മില്ലി ഗ്രാം.
നയാസിൻ (Niacin) 43 മില്ലി ഗ്രാം.
ബയോട്ടിൻ (Bioti) 5.5 മില്ലി ഗ്രാം.
കോളിൻ (Choli) 226 മില്ലി ഗ്രാം.
ഫോളിക് ആസിഡ് (Folic Acid) 83 മൈക്രോ ഗ്രാം.
മാംഗനീസ് (Manganese) 28.6 മില്ലി ഗ്രാം.
അയഡിൻ 67 മൈക്രോ ഗ്രാം.
കൊഴുപ്പ് (Fat) 21.3 ഗ്രാം.
നാരുകൾ (Fibre) 11.4 ഗ്രാം.
ആഹരിക്കാവുന്ന നാരുകൾ (Dietary Fibre) 25.3 ഗ്രാം.
അന്നജം (Starch) 24.1 ഗ്രാം.
ഊർജ്ജം (Energy) 359 കിലോ കലോറി
ഫോസ് ഫറസ് 2.1 ഗ്രാം.
സോഡിയം 20.3 ഗ്രാം.
സിലിക്ക 643 മില്ലി ഗ്രാം.
റൈബോഫ്ലേവിൻ (Riboflavin-B2) 0.4 മില്ലി ഗ്രാം.
പൈറിഡോക്സിൻ (Peridoxine-B) 0.49 ഗ്രാം.
ചെമ്പ് (Copper) 0.6 മില്ലി ഗ്രാം.
ഇരുമ്പ് (Iron) 11.0 മില്ലി ഗ്രാം.
നാകം (Zinc) 6.4 മില്ലി ഗ്രാം.

ഔഷധഗുണം

തിരുത്തുക

കുട്ടികൾക്ക് ശരീരപുഷ്ടിക്കായി തവിട് ധാരാളം അടങ്ങിയ ഭക്ഷണം നൽകിയാൽ മതി. പ്രായമായവർക്കും കുട്ടികൾക്കും വായിൽ ഉണ്ടാകുന്ന കുരുക്കൾക്ക് തുടർച്ചയായി തവിട് ചേർത്ത ഭക്ഷണം(തവിടപ്പം - തവിടും ശർക്കരയും വേണമെങ്കിൽ തേങ്ങയും ചേർത്ത് കുഴച്ച് പരത്തി ചുട്ടെടുക്കുന്ന പലഹാരം) കഴിക്കുന്നതിനാൽ ശമനം ഉണ്ടാകാം[2].

തവിടെണ്ണ

തിരുത്തുക
പ്രധാന ലേഖനം: തവിടെണ്ണ

ഏകദേശം 18% മുതൽ 20% വരെ എണ്ണ തവിടിൽ നിന്നും ഉത്പാദിപ്പിക്കുന്നു. തവിടിന്‌ മനുഷ്യന്റെ കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവില്ല എങ്കിലും തവിടെണ്ണയ്ക്ക് അത്തരം കഴിവുണ്ട്. കൊളസ്ട്രോൾ ആഗിരണത്തെ തടയുന്ന സിറ്റോസ്റ്റിറോൾ, ആൽഫാ ലിനോലിക് ആസിഡ് എന്നീ ഘടകങ്ങൾ തവിടെണ്ണയിൽ അടങ്ങിയിരിക്കുന്നു[1]. ആഭ്യന്തര നെല്ലുത്പാദനത്തിൽ 12 ലക്ഷം ടൺ എണ്ണ ഉത്പാദിപ്പിക്കുന്നതിനുള്ള തവിടാണ്‌ ലഭിക്കുന്നത്. എന്നാൽ 7.5 ലക്ഷം ടൺ തവിടെണ്ണ മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ[1]. സാധാരണ ഭക്ഷ്യ എണ്ണകളെക്കാൾ ഹൃദയത്തിനെ സം രക്ഷിക്കുന്ന തവിടെണ്ണ കൂടുതലായും വ്യാവസായിക ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. ആകെ ഉത്പാദിപ്പിക്കുന്ന എണ്ണയിൽ 1.5 ലക്ഷം ടൺ എണ്ണ മാത്രമേ പാചകാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ[1]. വിപണിയിൽ ഇന്നു ലഭ്യമായ മിക്കവാറും ഭക്ഷണ പദാർത്ഥങ്ങളിൽ പലതിലും പ്രധാന ചേരുവ തവിടെണ്ണയാണ്‌[1].

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 കർഷകശ്രീ മാസിക ഓഗസ്റ്റ് 2007. ഡോ.കെ.അനിലകുമാർ, ഡോ.വി.ശ്രീകുമാർ എന്നിവരുടെ ലേഖനം. താൾ 46-47
  2. 2.0 2.1 2.2 ഡോ.ഗോപാലകൃഷ്ണപിള്ള ,വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം". ആരാധന പഷ്ലിക്കേഷൻസ്, ഷോർണൂർ. താൾ 113-115
"https://ml.wikipedia.org/w/index.php?title=തവിട്&oldid=4024515" എന്ന താളിൽനിന്ന് ശേഖരിച്ചത്