കേരളത്തിലെ കായലുകൾ

കേരള പ്രദേശത്തെ കായലുകളും അനുബന്ധ ജലാശയങ്ങളും

കേരളത്തിൽ വലുതും ചെറുതുമായി കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. നീണ്ടകര, കൊച്ചി, കൊടുങ്ങല്ലൂർ, ചേറ്റുവ, അഴീക്കൽ(വളപട്ടണം) തുടങ്ങിയവയാണ്‌ കേരളത്തിലെ അഴികൾ[1]. കായലിൽ നിന്ന് കടലിലേക്ക് സ്ഥിരമയുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നും താൽക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നു.[2]

കേരളത്തിലെ കായലുകളിൽ 7 എണ്ണം ഉൾനാടൻ ജലാശയങ്ങളാണ്. 448 കിലോമീറ്റർ നീളമുള്ള ഉൾനാടൻ ജലഗതാഗതമാർഗ്ഗം കായലുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. കേരലത്തിലെ പല നദികളും വന്നുചേരുന്നത് ഈ കായലുകളിലാണ്. കേരളത്തിലെ മിക്ക കായലുകളിളിലും 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രാവശ്യം വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നു[1].

മലബാറിൽ വള്ളമൂന്നുന്ന തോണിക്കാരൻ: 1921നും 1940നും ഇടയിൽ മദ്രാസിലെ ക്ലൈൻ & പെരൈൽ സ്റ്റുഡിയോയ്ക്കു വേണ്ടി എടുത്ത ഫോട്ടോ

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കായൽ കാസർഗോഡ് ജിലയിലെ ഉപ്പള കായലാണ്‌. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രധാന കായലുകളാണ്‌ കുമ്പള, കൽനാട്, ബേക്കൽ, ചിത്താരി, കവ്വായി എന്നിവ. ഇവയിൽ ആദ്യത്തെ നാല് കായലുകൾ നദീമുഖങ്ങൾ വികസിച്ചുണ്ടായവയാണ്‌. കവ്വായി കായൽ കടലോരത്തിനു മാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. പെരുവമ്പ, കവ്വായി, രാമപുരം എന്നീ നദികൾ ഈ കായലിലാണ്‌ പതിക്കുന്നത്. മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ ഈ കായലിൽ സ്ഥിതിചെയ്യുന്നവയാണ്‌. മനുഷ്യ നിർമ്മിതമായ സുൽത്താൻ തോട് കവ്വായി കായലിനേയും വളപട്ടണം പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്നു[1].

തൃശ്ശൂർ ജില്ലയിലെ രണ്ട് കായലുകളായ ഏനമാക്കൽ, മനക്കൊടി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കായലുകളാണ്‌. രണ്ടിനുംകൂടി 65 കിലോമീറ്റർ വിസ്തൃതിയുണ്ട്. കരുവന്നൂർ പുഴ, വിയ്യൂർ പുഴ, കീച്ചേരിപ്പുഴ എന്നിവ ഈ കായലിൽ പതിക്കുന്നവയാണ്‌. തൃശ്ശൂർ ജില്ലയിലെ തന്നെ മറ്റൊരു കായലാണ്‌ മുരിയാട് കായൽ[1].

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ഉൾപ്പെടുന്ന കായലുകളാണ്‌ കൊടുങ്ങല്ലൂർ കായലും, വരാപ്പുഴ കായലും. പെരിയാറിന്റെ ഒരു ശാഖയായ മാർത്താണ്ഡൻപുഴ ഈ വരാപ്പുഴ കായലിലാണ്‌ പതിക്കുന്നത്. കൊടുങ്ങല്ലൂർ, വേമ്പനാട് കായൽ എന്നിവ പർസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കായലുകളാണ്.

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായൽ ആലപ്പുഴ, കോട്ടയം എറണാകുളം എന്നീ ജില്ലകളിലായി 205 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നു. കൊടുങ്ങല്ലൂർ,വേമ്പനാട് എന്നീ കായലുകളിലായി വെല്ലിങ്ടൻ ദ്വീപ്, വൈപ്പിൻ, രാമൻ തുരുത്ത്, പോഞ്ഞിക്കര,ബോൾഗാട്ടി), വല്ലാർപാടം,തേവര,കോന്തുരുതി,നെട്ടൂർ,മാടവന,കുമ്പളം, പനങ്ങാട്, ചേപ്പനം,ചാത്തമ്മ,വളന്തകാട്,പാതിരാമണൽ, പള്ളിപ്പുറം എന്നിങ്ങനെ പല തുരുത്തുകളും സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയിലെ പനങ്ങാട്, കുമ്പളം, ചാത്തമ്മ തുരുത്തുകൾക്കും ആലപ്പുഴ ജില്ലയിലെ അരൂരിനും, അരൂക്കുറ്റിക്കും ഇടയിലായി കാണുന്ന വേമ്പനാട് കായലിന്റെ ഭാഗം കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്നു.ആലപ്പുഴ നഗരത്തിനടുത്തായി വേമ്പനാട് കായലിലെ പുന്നമടയിൽ പ്രശസ്തമായ നെഹ്രു ട്രോഫി വള്ളംകളി നടത്തുന്നു. അച്ചൻകോവിൽ, പമ്പ, മണിമലയാർ, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ അഞ്ചു നദികളുടെ ജലത്താൽ സമ്പന്നമാണ്‌ വേമ്പനാട്ടുകായൽ[1]. വേമ്പനാട് കായലിന്റെ ഏറെ സ്ഥലങ്ങൾ കൃഷിക്കായി ഉപൗയോഗിക്കുന്നവയാണ്‌. ഉപ്പുവെള്ളം കുട്ടനാട്ടിലേക്ക് കടക്കാതിരിക്കുന്നതിനായി കായലിന്റെ വീതികുറഞ്ഞ ഭാഗത്ത് 1 കിലോമീറ്റർ നീളമുള്ള തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചതിലൂടെ കുട്ടനാട്ടിൽ കൂടുതൽ സ്ഥലം കൃഷയോഗ്യമായിത്തീർന്നു. ഈ ബണ്ടിനുമുകളിലൂടെ ആലപ്പുഴ - വൈക്കം പാത കടന്നുപോകുന്നു. കയർ വ്യവസായം, മത്സ്യ സമ്പത്ത് എന്നിവയിലൂടെ വളരെയധികം വാണിജ്യപ്രാധാന്യം നേടിയ ഒരു കായലാണിത്[1].

വേമ്പനാട് കായലിന്‌ തെക്ക് വശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന മറ്റൊരു കായലാണ്‌ കായംകുളം കായൽ. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുള്ള ഈ കായലിന്‌ ആഴം കുറവാണ്‌[1].

കൊല്ലം മുതൽ വടക്കോട്ട് എട്ട് ശാഖകളായി 50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന കായലാണ്‌ അഷ്ടമുടി കായൽ. കല്ലടയാറ് പതിക്കുന്നത് ഈ കായലിലാണ്‌. നീണ്ടകര അഴിമുഖം ഈ കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു. ചവറ- പന്മന തോട് ഈ കായലിനെ കായംകുളം കായലുമായി കൂട്ടിയിണക്കുന്നു[1].കേരളത്തിലെ രണ്ടാമത്തെ വലിയ കായലാണ്.[2] അഷ്ടമുടികായലിന്‌ തെക്കായി സ്ഥിതിചെയ്യുന്ന ചെറുതും ആഴം കൂടിയതുമായ കായലാണ്‌ പരവൂർ കായൽ. ഇത്തിക്കരയാറ് പതിക്കുന്ന പൊഴി മുഖത്തോട് കൂടിയ കായലാണിത്. കൊല്ലം തോട് ഈ കായലിനെ അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്നു[1].

കൊല്ലം , തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിൽ ഇരു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന കായലുകളാണ്‌ ഇടവ, നടയറ എന്നീ കായലുകൾ. പരവൂർ തോട് ഇവയെ പരവൂർ കായലുമായി ബന്ധിപ്പിക്കുന്നു[1].

നടയറകായലിന്‌ തെക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ്, കഠിനംകുളം, വേളി എന്നീ കായലുകൾ ആഴവും വീതിയും കുറഞ്ഞ കായലുകളാണ്‌. ഇവ കൃത്രിമ തോടുകളിലൂടെ ഒന്നിനൊന്ന് ബന്ധപ്പെടുത്തിയിരിക്കുന്നു. 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അഞ്ചുതെങ്ങ് കായലിൽ വാമനപുരം നദി പതിക്കുന്നു. കഠിനംകുളം കായലിനെ വേളി കായലുമായി ബന്ധപ്പെടുത്തുന്നത് പാർവതീപുത്തനാറാണ്‌[1].

                                  [[|ചേലൂർ കായൽ|കൊല്ലം]] ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ കുന്നത്തൂർ പഞ്ചായത്തിൽ വാർഡ് 15  തുരുത്തിക്കരയുടെ പടിഞ്ഞാറ് ഭാഗത്താണ് ചേലൂർ കായൽ സ്ഥിതി ചെയ്യുന്നത്. ]]

ശുദ്ധജല കായലുകൾ

തിരുത്തുക

കേരളത്തിലെ ഏറ്റവും വലിയ സ്വാഭാവിക ശുദ്ധജല കായലായ‍ ശാസ്താംകോട്ട കായൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന മറ്റൊരു കായലാണ്‌. 3.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇതിന്‌ 14.3 മീറ്റർ വരെ ആഴമുണ്ട്. വയനാട്ടിൽ സ്ഥിതിചെയ്യുന്ന പൂക്കോട് കായൽ സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലകായലാണ്‌. സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന വെള്ളായണി കായൽ തൃശ്ശൂർ ജില്ലയിലെ ഏനാമാക്കൽ കായൽ എന്നിവ ശുദ്ധജല കായലാണ്[1].

കേരളത്തിലെ പ്രധാന കായലുകൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55.
  2. 2.0 2.1 അജിത് ചെറുവള്ളി, മാതൃഭൂമി ദിനപത്രം പേജ് 15 ഒക്ടോബർ25, 2011

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_കായലുകൾ&oldid=4115524" എന്ന താളിൽനിന്ന് ശേഖരിച്ചത്