കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം

ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ അതിർത്തിഗ്രാമമായ കടവല്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ഹിന്ദുക്ഷേത്രമാണ് കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണുവാണ് യഥാർത്ഥത്തിൽ ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. എന്നാൽ, മഹാവിഷ്ണുവിന്റെ പ്രസിദ്ധമായ ദശാവതാരങ്ങളിൽ ഏഴാമത്തേതായ ശ്രീരാമനായാണ് പ്രതിഷ്ഠയെ കണ്ടുവരുന്നത്. കൂടാതെ ഉപദേവതകളായി ഗണപതി, ശിവൻ, ഹനുമാൻ, ധർമ്മശാസ്താവ്, അയ്യപ്പൻ, ഭഗവതി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പാണ്ഡവരിൽ രണ്ടാമനായ ഭീമസേനന്റെ പുത്രൻ ഘടോൽകചനാണെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിൽ നടത്തിവരുന്ന അന്യോന്യം വളരെ പ്രസിദ്ധമാണ്. കേരളത്തിലെ പ്രസിദ്ധമായ ഒരു വേദപരീക്ഷയാണ് കടവല്ലൂർ അന്യോന്യം. തിരുനാവായ, തൃശ്ശൂർ യോഗക്കാരായ നമ്പൂതിരിമാർ പരസ്പരം നടത്തുന്ന ഈ പരിപാടി വളരെയധികം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. മേടമാസത്തിൽ വിഷുനാളിൽ രാവിലെ കണികണ്ട് കൊടികയറി പത്താമുദയം ദിവസം ആറാട്ടോടെ സമാപിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവവും മകരമാസത്തിൽ വെളുത്തപക്ഷത്തിലെ ഏകാദശി ദിവസം നടക്കുന്ന ഭീമ ഏകാദശിയുമാണ് ഇവിടെ പ്രധാന ആഘോഷങ്ങൾ. കൂടാതെ, ശ്രീരാമനവമി, രാമായണമാസം (കർക്കടകം), പ്രതിഷ്ഠാദിനം (മിഥുനമാസത്തിലെ പുണർതം നക്ഷത്രം) തുടങ്ങിയവയും അതിഗംഭീരമായി ആചരിച്ചുവരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം വരുന്നത്.

കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം
പേരുകൾ
ശരിയായ പേര്:കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം
സ്ഥാനം
സ്ഥാനം:കടവല്ലൂർ, തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീരാമൻ (പ്രതിഷ്ഠ ചതുർബാഹു മഹാവിഷ്ണുവിന്റേതാണ്)
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലിയിൽ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ഏതാണ്ട് അയ്യായിരം വർഷം മുമ്പ്
സൃഷ്ടാവ്:ഘടോൽകചൻ

ഐതിഹ്യം

തിരുത്തുക

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമനായി സങ്കല്പിയ്ക്കപ്പെടുന്നെങ്കിലും വാസ്തവത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണ്. ഇവിടത്തെ വിഗ്രഹം ശ്രീരാമചന്ദ്രന്റെ പിതാവായ ദശരഥമഹാരാജാവ് പൂജിച്ചിരുന്നതായി പറയപ്പെടുന്നു. പിന്നീട് ഇത് ശ്രീരാമന്റെയും അതിനുശേഷം ലങ്കാധിപതിയായ വിഭീഷണന്റെയും കൈവശം വന്നുചേർന്നു. ദ്വാപരയുഗത്തിൽ ധർമ്മപുത്രരുടെ രാജസൂയ സമയത്ത് ഭീമപുത്രനായ ഘടോൽകചൻ ലങ്ക സന്ദർശിച്ചു. ധർമ്മപുത്രരുടെ ചക്രവർത്തി പദം അംഗീകരിയ്ക്കുന്നുവെന്നും യുദ്ധത്തിന് താൻ ഒരുക്കമല്ലെന്നും വിഭീഷണൻ അറിയിച്ചു. എങ്കിൽ ലങ്കയിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം നൽകണമെന്നായി ഘടോൽക്കചൻ. എന്തു നൽകണമെന്ന് ആലോചിക്കുന്ന വിഭീഷണന് അപ്പോൾ ഒരു അശരീരിയുണ്ടായി. അതനുസരിച്ച്, അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന വിഷ്ണുവിഗ്രഹം ഘടോൽകചന് സമ്മാനിച്ചു. തുടർന്ന് ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തെത്തിയ ഘടോൽകചൻ ശ്രീകൃഷ്ണ നിർദ്ദേശപ്രകാരം വിഗ്രഹം പ്രതിഷ്ഠിച്ചു. ഘടോൽകചൻ പ്രതിഷ്ഠിച്ച വിഗ്രഹമിരിയ്ക്കുന്ന സ്ഥലം ഘടോൽകചപുരം എന്നും പിന്നീട് 'കടവല്ലൂർ' എന്നുമറിയപ്പെട്ടു. തന്റെ കൈവശമുണ്ടായിരുന്ന മറ്റൊരു വിഷ്ണുവിഗ്രഹം ഘടോൽകചൻ ഗുരുവായൂരിനടുത്തുള്ള എളവള്ളി എന്ന സ്ഥലത്തും പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രം ഇപ്പോൾ 'മറ്റേ കടവല്ലൂർ ക്ഷേത്രം' (മറ്റം കടവല്ലൂർ) എന്ന പേരിൽ അറിയപ്പെടുന്നു. ഇവിടെയും പ്രതിഷ്ഠ ശ്രീരാമൻ തന്നെ.

ചരിത്രം

തിരുത്തുക

കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രത്തിന് ഏകദേശം അയ്യായിരം വർഷം പഴക്കമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് തെളിയിയ്ക്കാനുള്ള രേഖകളൊന്നും തന്നെയില്ല. ക്ഷേത്രം ആദ്യം പന്നിയൂർ ഗ്രാമത്തിലെ പാറമന എന്ന ബ്രാഹ്മണകുടുംബത്തിന്റെ ഊരാണ്മയിലായിരുന്നു. അതിസമ്പന്നമായ ഒരു കുടുംബമായിരുന്നു പാറമന ഇല്ലം. അക്കാലത്ത് ക്ഷേത്രത്തിന് പലയിടത്തായി ഭൂസ്വത്തുക്കളും മറ്റ് വസ്തുവകകളുമുണ്ടായിരുന്നു. പാറമന നമ്പൂതിരിയ്ക്ക് ക്ഷേത്രം നോക്കിനടത്താൻ കഴിയാതായപ്പോൾ ക്ഷേത്രം കൊച്ചി രാജാവ് ഏറ്റെടുത്തു. 1949-ൽ കൊച്ചിൻ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം ഇതിന്റെ കീഴിലായി. ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 'ബി' ഗ്രേഡ് ദേവസ്വമാണ് കടവല്ലൂർ ദേവസ്വം.

കേരളത്തിലെ വൈദിക സംസ്കാരത്തിന്റെ അവശേഷിപ്പായ കടവല്ലൂർ അന്യോന്യം ഈ ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണമാണ്. ഏകദേശം നാന്നൂറുവർഷം പഴക്കമുണ്ട് ഈ പരിപാടിയ്ക്ക്. തൃശ്ശൂർ, തിരുനാവായ ബ്രഹ്മസ്വം മഠങ്ങളിലെ വിദ്യാർത്ഥികളാണ് ഈ പരിപാടി നടത്തുന്നത്. കൊച്ചി രാജാവിന്റെ കീഴിലുണ്ടായിരുന്ന തൃശ്ശൂരും സാമൂതിരിയുടെ കീഴിലുണ്ടായിരുന്ന തിരുനാവായയും കടവല്ലൂരിൽ നിന്ന് ഏകദേശം തുല്യദൂരത്താണ്. ഇരു രാജ്യങ്ങളുടെയും അതിർത്തിപ്രദേശമായിരുന്നു കടവല്ലൂർ. കൊച്ചി രാജാവും സാമൂതിരിയും ബദ്ധശത്രുക്കളായിരുന്നു. അതിനാൽ ഇരുവരുടെയും കീഴിലുള്ള മഠങ്ങളിലെ പണ്ഡിതന്മാർ തമ്മിലുള്ള മത്സരമായിട്ടാണ് ഇത് തുടങ്ങിയത്. ഒരുകാലത്ത് കേരളം മുഴുവൻ പേരുകേട്ട ഈ മഹോത്സവം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947-ൽ നിലച്ചുപോയി. പിന്നീട് 1989-ലാണ് ഇത് പുനരാരംഭിച്ചത്. 1991 മുതൽ കടവല്ലൂർ അന്യോന്യ പരിഷത്ത് എന്ന രജിസ്റ്റേഡ് സംഘടനയാണ് കടവല്ലൂർ അന്യോന്യം നടത്തിപ്പോരുന്നത്.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

കടവല്ലൂർ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. പടിഞ്ഞാറേ നടയിൽ ഇരുനില ഗോപുരം പണിതിട്ടുണ്ട്. ഓടുമേഞ്ഞ ഈ ഗോപുരത്തിന് എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നുമില്ല. ഗോപുരത്തിന്റെ മുന്നിൽ പതിവുപോലെ ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതിനാൽ അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. അരയാലിനപ്പുറം ഒരു പേരാൽമരവുമുണ്ട്. ഗോപുരത്തിന്റെ വടക്കുഭാഗത്ത് ദേവസ്വം ഓഫീസും സ്റ്റേജും കാണാം. കൊച്ചിൻ ദേവസ്വം ബോർഡിനുകീഴിലുള്ള ഒരു 'ബി ഗ്രേഡ് ദേവസ്വമായ കടവല്ലൂർ ദേവസ്വത്തിന്റെ മേൽനോട്ടം ഒരു എക്സിക്യൂട്ടീവ് ഓഫീസർക്കാണ്. സ്റ്റേജിൽ വിശേഷദിവസങ്ങളിൽ പരിപാടികളുണ്ട്. ഓഫീസിന്റെ തൊട്ടുമുന്നിലായി കിഴക്കോട്ട് ദർശനമായി മൂന്ന് ശ്രീകോവിലുകളുണ്ട്. ശ്രീ ധർമ്മശാസ്താവ്, ശ്രീ അയ്യപ്പൻ, ഭഗവതി എന്നിവരാണ് യഥാക്രമം ശ്രീകോവിലുകളിലുള്ളത്. ഇവർക്ക് നിത്യേന പൂജകളുണ്ട്. ക്ഷേത്രക്കുളം തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. അതിവിശാലമായ കുളമാണ് ഇവിടെയുള്ളത്.

പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലുതാണ് ഈ ആനക്കൊട്ടിൽ. ഇതിനകത്തുതന്നെയാണ്, ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരവുമുള്ളത്. താരതമ്യേന പഴക്കം കുറവാണ് ഈ കൊടിമരത്തിന്. കൊടിമരത്തിനപ്പുറം ക്ഷേത്രത്തിലെ വലിയ ബലിക്കല്ലുണ്ട്. ഇവിടെ ബലിക്കൽപ്പുരയില്ല.

ഏകദേശം മൂന്നേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് കടവല്ലൂർ ക്ഷേത്രത്തിലേത്. സാധാരണ ക്ഷേത്രങ്ങളിലുള്ള പ്രത്യേകതകളേ ക്ഷേത്രത്തിൽ കാണാനുള്ളൂ. നാലമ്പലത്തിനുപുറത്ത് ഉപദേവതാക്ഷേത്രങ്ങളൊന്നുമില്ല. ഇത് ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. കിഴക്കുഭാഗത്തും ഒരു ഗോപുരം കാണാം. ഇത് താരതമ്യേന ചെറുതാണ്.

ശ്രീകോവിൽ

തിരുത്തുക

ചതുരാകൃതിയിൽ തീർത്ത ഇരുനില ശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയോളം ഉയരമുള്ള ചതുർബാഹുവിഗ്രഹത്തിൽ പടിഞ്ഞാറോട്ട് ദർശനമായി കടവല്ലൂരപ്പൻ കുടികൊള്ളുന്നു. ശ്രീരാമസങ്കല്പത്തിലാണ് പൂജയെങ്കിലും വിഗ്രഹം വിഷ്ണുവിന്റേതെന്ന് വ്യക്തമായി പറയാൻ കഴിയും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീ കടവല്ലൂരപ്പൻ, ശ്രീലകത്ത് കുടികൊള്ളുന്നു.

ശ്രീകോവിലിന്റെ പുറംചുവരുകൾ പൂർണ്ണമായും വെള്ളപൂശിയ നിലയിലാണ്. ഇവിടെ ഇതുവരെ ചുവർച്ചിത്രങ്ങൾ വരച്ചിട്ടില്ല. എന്നാൽ, ധാരാളം ദാരുശില്പങ്ങൾ ഇവിടെയുണ്ട്. രാമായണം, ഭാഗവതം തുടങ്ങിയ പുരാണങ്ങളിൽ നിന്നുള്ള കഥകളാണ് അധികവും. വടക്കുവശത്ത്, അഭിഷേകജലം ഒഴുകിപ്പോകാൻ ഓവ് പണിതിട്ടുണ്ട്.

നാലമ്പലം

തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന സ്ഥലം കുറവാണ് നാലമ്പലത്തിനെങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങളുണ്ട്. വടക്കേ വാതിൽമാടത്തിലാണ് ശ്രീരാമദാസനായ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ. വളരെ ചെറിയൊരു വിഗ്രഹമാണ് ഹനുമാന്റേത്. തെക്കോട്ടാണ് ദർശനം. ഹനുമദ്പ്രതിഷ്ഠയുടെ മുന്നിലാണ് കടവല്ലൂർ അന്യോന്യത്തിന് വാരമിരിയ്ക്കൽ നടത്തുന്നത്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറുമുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ ഒറ്റശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശിവന്റെയും ഗണപതിയുടെയും അയ്യപ്പന്റെയും പ്രതിഷ്ഠകൾ കാണാം.

ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെക്കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

പ്രതിഷ്ഠ

തിരുത്തുക

ശ്രീ കടവല്ലൂരപ്പൻ (ശ്രീരാമൻ)

തിരുത്തുക

കടവല്ലൂർ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ചതുർബാഹുവായ മഹാവിഷ്ണുവാണ് കടവല്ലൂരപ്പൻ. എന്നാൽ, അവതാരമൂർത്തിയായ ശ്രീരാമനായിക്കണ്ടാണ് പൂജാവിധികൾ. ആറടിയോളം ഉയരം വരുന്ന ചതുർബാഹു വിഗ്രഹത്തിൽ പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്ന കടവല്ലൂരപ്പൻ, രാവിലെ സീതാവിരഹത്താൽ ദുഃഖിതനായും, ഉച്ചയ്ക്ക് വരുണനെക്കാണാതെ കോപിഷ്ഠനായും, വൈകീട്ട് പട്ടാഭിഷേകഭാവത്തിൽ സർവ്വദേവതാപൂജിതനായും വാഴുന്നു. പാൽപ്പായസം, അപ്പം, അട, ഉദയാസ്തമനപൂജ, കളഭാഭിഷേകം തുടങ്ങിയവയാണ് കടവല്ലൂരപ്പന് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

തിരുത്തുക

അയ്യപ്പൻ

തിരുത്തുക

നിത്യപൂജകളും തന്ത്രവും

തിരുത്തുക

വിശേഷദിവസങ്ങൾ

തിരുത്തുക

തിരുവുത്സവം

തിരുത്തുക

കടവല്ലൂർ ഏകാദശി

തിരുത്തുക

ശ്രീരാമനവമി

തിരുത്തുക

രാമായണമാസം

തിരുത്തുക

=- കടവല്ലൂർ അന്യോന്യം ==

തിരുത്തുക

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

തൃശ്ശൂരിൽ നിന്ന് കോഴിക്കോട് റൂട്ടിൽ 35 കിലോമീറ്റർ സഞ്ചരിച്ചാൽ കടവല്ലൂർ അമ്പലം ബസ് സ്റ്റോപ്പിലെത്താം. അവിടെനിന്ന് 400 മീറ്റർ നടന്നാൽ ക്ഷേത്രമായി. കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന വർ എടപ്പാൾ കഴിഞ്ഞ് പത്ത് കിലോമീറ്റർ കഴിഞ്ഞാൽ എത്തുന്ന കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ ഇറങ്ങി 400 മീറ്റർ നടന്നാൽ ക്ഷേത്രമായി