ഒരു പ്രവൃത്തിയുടെ അല്ലെങ്കിൽ കാര്യത്തിന്റെ പാരമ്യതെയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനപ്പുറത്തേക്ക് കൂടുതലായി പറയുന്നതിനോ ചെയ്യുന്നതിനോ ഒന്നുമില്ല എന്ന അർത്ഥത്തിൽ ഇടയ്ക്ക് വിരാമം ഇട്ടുകൊണ്ട് ആവിഷ്കരിക്കുന്ന രീതിയിലാണ്‌ അർത്ഥാപത്തി എന്ന അലങ്കാരം ഉപയോഗിക്കുന്നത്. ഒരുകാാര്യത്തിന്റെ ഉത്പത്തിയിൽ അതിനെസംബന്ധിച്ച മറ്റൊരുകാര്യത്തിന്റെ നിഷ്പത്തി അർത്ഥസിദ്ധമായി വരുന്നതാണ് അർത്ഥാപത്തി.

അർത്ഥാപത്തിയതോ പിന്നെ-
ച്ചൊല്ലാനില്ലെന്ന യുക്തിയാം;

ലക്ഷ്യം:

നിന്മുഖം ചന്ദ്രനെ വെന്നു
പത്മത്തിൻ കഥയെന്തുവാൻ!

മുഖം ചന്ദ്രനെക്കാൾ ശോഭാവഹമെന്ന് പറയുമ്പോൾ താമരപ്പൂവിനെക്കാൾ ശോഭാവഹമെന്നു പറയേണ്ടതില്ലല്ലോ എന്ന് സാരം. ദണ്ഡാപൂപികാന്യായം അഥവാ കൗമുതികന്യായമാണ് ഈ അലങ്കാരത്തിന് അടിസ്ഥാനം. അപ്പം (അപൂപം) കുത്തിയെടുക്കുന്ന കോൽ (ദണ്ഡം) എലി ഭക്ഷിച്ചു എന്നു പറയുമ്പോൾ അപ്പം എലി ഭക്ഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കിമുത (പിന്നെ എന്തു പറയാൻ) എന്ന അർത്ഥസ്വഭാവത്തെ അടിസ്ഥാനമാക്കി കൗമുതികന്യായം എന്നും ഇത് അറിയയപ്പെടുന്നു. സാമ്യം, അതിശയം, ശ്ലേഷം എന്നിവയിൽ ഏതിന്റെയെങ്കിലും ഭാവമില്ലാത്ത അർത്ഥാപത്തി അലങ്കാരമാകുന്നില്ല എന്ന് ചില ആലങ്കാരികന്മാർ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്

നിന്മുഖം ചന്ദ്രനെ വെന്നു
പത്മത്തിൻ കഥയെന്തുവാൻ!

എന്ന ഉദാഹരണത്തിൽ സാമ്യവും അലങ്കാരബീജം. തീക്കട്ട ഉറുമ്പരിക്കുന്നു; പിന്നെ കരിക്കട്ടയുടെ കഥയെന്തുപറയാൻ എന്ന ഉദാഹരണത്തിൽ അതിശയോക്തിയുമാണ് അലങ്കാരബീജം.

ഉദാഹരണം

തിരുത്തുക

ഗിരിശനുമഥ മൂന്നുനാൾ പൊറുത്താ-
നൊരുവിധമദ്രിസുതാസമാഗമോത്കൻ;
പരമന‍വനുമത്ര പറ്റുമെങ്കിൽ
പരനു വികാരമിതെത്രതന്നെ വേണ്ട!

-കുമാരസംഭവം

അർത്ഥാപത്തിയെ അനുമാനം എന്ന അലങ്കാരത്തിന്റെ ഭേദമായി കണക്കാക്കാം എന്ന് ഹേമചന്ദ്രൻ തുടങ്ങിയ ആലങ്കാരികന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അനുമാനത്തിന്റെ അവശ്യഘടകങ്ങൾ ഇല്ലാതെയും അർത്ഥാപത്തി വരാം എന്നതുകൊണ്ട് ഈ അഭിപ്രായത്തോട് വിയോജിക്കുന്നവരുമുണ്ട്; ജഗന്നാഥപണ്ഡിതർ, രുയ്യകൻ, വിശ്വനാഥൻ തുടങ്ങിയവർ.

"https://ml.wikipedia.org/w/index.php?title=അർത്ഥാപത്തി_(അലങ്കാരം)&oldid=2291210" എന്ന താളിൽനിന്ന് ശേഖരിച്ചത്