അബൂ ഹുറൈറ
മുഹമ്മദ്നബിയുടെ ഒരു ഉറ്റമിത്രമായിരുന്നു അബൂ ഹുറൈറ. ആട്ടിടയനായിരുന്ന ഇദ്ദേഹം ആടുകളെ മേയാൻ അനുവദിച്ചിട്ട് ഒരു പൂച്ചക്കുട്ടിയുമായി കളിച്ചുകൊണ്ടിരിക്കുമായിരുന്നത്രെ. തൻമൂലം അബൂ ഹുറൈറ എന്ന പേരിൽ ഇദ്ദേഹം അറിയപ്പെട്ടു. ഇസ്ലാംമതാനുയായി ആകുന്നതിനുമുൻപ് ഇദ്ദേഹത്തിന്റെ പേര് അബ്ദു ശ്ശംസ്(സൂര്യദാസൻ) എന്നായിരുന്നു. മതപരിവർത്തനത്തിനുശേഷം അബ്ദുല്ല, അബ്ദു അൽറഹ്മാൻ തുടങ്ങിയ പല പേരുകളിലും അറിയപ്പെട്ടു. മുഹമ്മദ്നബിയുടെ സന്തതസഹചാരിയായിക്കഴിഞ്ഞിരുന്ന ഹുറൈറയെ ഉമർ, ബഹറീന്റെ ഭരണാധികാരിയാക്കിയെന്നും അല്പകാലത്തിനുശേഷം പിരിച്ചുവിട്ടു എന്നും ഇദ്ദേഹത്തിൽനിന്ന് ധാരാളം പണം പിടിച്ചെടുത്തുവെന്നും പറയപ്പെടുന്നു. മർവാൻ ഇദ്ദേഹത്തെ തന്റെ അഭാവത്തിൽ മദീനയിലെ ഭരണാധികാരിയാക്കിയെന്ന് മറ്റൊരു കഥയുണ്ട്.
നബിയുടെ മരണത്തിന് കേവലം നാലുവർഷം മുൻപാണ് ഹുറൈറ മതത്തിൽ ചേർന്നതെങ്കിലും പ്രവാചകന്റെ സന്തതസഹചാരിത്വം മൂലം അയ്യായിരത്തിലധികം നബിസൂക്തങ്ങൾ പില്ക്കാലത്ത് ഇദ്ദേഹം ഉദ്ധരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം നബിവചനങ്ങൾ തന്നെയാണ്. ഭക്തനും സഹൃദയനുമായിരുന്ന ഇദ്ദേഹം 78-ആം വയസ്സിൽ, (എ.ഡി. 678) ചരമമടഞ്ഞതായി ഊഹിക്കപ്പെടുന്നു.
അവലംബം
തിരുത്തുക- അബൂ ഹുറൈറ Archived 2010-11-28 at the Wayback Machine.
- അബൂ ഹുറൈറ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബൂ ഹുറൈറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |