തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം

(Thrikodithanam Mahavishnu Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയ്ക്കടുത്ത് തൃക്കൊടിത്താനം ദേശത്ത് സ്ഥിതിചെയ്യുന്ന, ദിവ്യദേശങ്ങളിൽപ്പെടുന്ന ഒരു മഹാക്ഷേത്രമാണ് തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം. [1] മഹാഭാരതത്തിലെ പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ചെങ്ങന്നൂർ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ എന്നിവയാണ് മറ്റുള്ളവ. പാണ്ഡവരിൽ ഇളയവനായ സഹദേവനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വർഗ്ഗീയ വാസസ്ഥലങ്ങളിലും ഒന്നായി ഇത് കരുതപ്പെടുന്നു.കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് 2.5 കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. [2]

ഈ ക്ഷേത്രത്തെ കുറിച്ചുള്ള ആദ്യകാല പരാമർശങ്ങളും വർണ്ണനകളും ആഴ്‌വാർ സന്യാസിമാരിൽ ഏറ്റവും പ്രധാനിയായിരുന്ന നമ്മാഴ്വാർ 800-എ.ഡി ക്ക് അടുത്തായി രചിച്ച ഗ്രന്ഥങ്ങളിൽ കാണാം. ഈ ക്ഷേത്രത്തിലെ ശിലാലിഖിതങ്ങൾ രണ്ടാം ചേര സാമ്രാജ്യത്തിന്റെ (800-1102 എ.ഡി) കാലത്ത് ഉള്ളതാണ്. [അവലംബം ആവശ്യമാണ്]

തൃക്കൊടിത്താനം മാഹാവിഷ്ണു ക്ഷേത്രം കേരള സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവിതാംകൂർ ദേവസ്വത്തിന്റെ ഭരണത്തിൻ കീഴിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തരംതിരിച്ചിരിക്കുന്ന കേരളത്തിലെ 224 പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. [3]

പ്രതിഷ്ഠ

തിരുത്തുക

ഇവിടുത്തെ മൂലവിഗ്രഹം അത്ഭുതനാരയണൻ എന്നും അമൃതനാരായണനെന്നും അറിയപ്പെടുന്നുണ്ട്. നിൽക്കുന്ന രൂപത്തിലാണ് ഇവിടെ വിഗ്രഹം നിലകൊള്ളുന്നത്, കിഴക്ക് ദിശയിലാണ് ദർശനം. അഞ്ജനശിലയിൽ തീർത്തതാണ് വിഗ്രഹം. ലക്ഷ്മീദേവി ഇവിടെ കർപ്പഗവല്ലി എന്നപേരിലാണറിയപ്പെടുന്നത്. നമ്മാൾവാര് 11 പാശുരാമങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂമി തീർത്ഥമാണിവിടുത്തെ പുഷ്കരണി കൂടാതെ പുണ്യകോടിവിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത. ശ്രീകോവിലിന്റെ പടിഞ്ഞാറുവശത്ത് മഹാവിഷ്‌ണുവിന്റെ നാലാമത്തെ അവതാരമായ ഉഗ്ര നരസിംഹമൂർത്തിയും തുല്യ പ്രാധാന്യത്തോടെ വിരാജിക്കുന്നു.

ക്ഷേത്രനിർമ്മിതി

തിരുത്തുക
 
ക്ഷേത്രകവാടം

ഉയർന്ന ചുവരുകളും ചെത്തിമിനുസപ്പെടുത്തി അതിസൂക്ഷ്മമായി കൂട്ടിവിളക്കിയ കല്ലുകളും ഈ ക്ഷേത്രത്തിനൊരു കോട്ടയുടെ പ്രതീതി നൽകുന്നുണ്ട്. കൂടാതെ രണ്ടോ മൂന്നോ ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഒരു കുളവും ഇവിടെയുണ്ട്.

പ്രധാന ശ്രീകോവിൽ വൃത്താകൃതിയിലാണ്. രണ്ടുനിലകളോടുകൂടിയ ഈ ശ്രീകോവിലിന്റെ രണ്ടുനിലകളും ചെമ്പുമേഞ്ഞതാണ്. അകത്ത് മൂന്നുമുറികളുണ്ട്. അവയിലേയ്ക്ക് കടക്കാൻ കരിങ്കല്ല് പാകിയ സോപാനപ്പടികൾ കാണാം. പ്രധാനമൂർത്തിയായ ശ്രീമഹാവിഷ്ണുഭഗവാൻ ഈ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ആറടിയോളം ഉയരം വരുന്ന മനോഹരമായ അഞ്ജനശിലാവിഗ്രഹം ഭക്തരെ ആകർഷിയ്ക്കും. ചതുർബാഹുവായ ഭഗവാൻ ശംഖ്, ചക്രം, ഗദ, താമര എന്നിവ നാലുകൈകളിലും ധരിച്ചിരിയ്ക്കുന്നു. പ്രധാന വിഗ്രഹത്തിന് സമീപമായിത്തന്നെ ഒരു അർച്ചനാബിംബവും ഒരു ശീവേലിബിംബവുമുണ്ട്. ഇവ ലോഹനിർമ്മിതമാണ്. പടിഞ്ഞാറൂഭാഗത്ത് ഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തി കുടികൊള്ളുന്നു. അത്യുഗ്രമൂർത്തിയായ നരസിംഹമൂർത്തിയെ പ്രീതിപ്പെടുത്താൻ പാൽപ്പായസത്തിൽ ശർക്കരയിട്ട് പ്രത്യേക നിവേദ്യവുമുണ്ട്.

ശ്രീകോവിലിന് മുന്നിൽ വലിയ നമസ്കാരമണ്ഡപമുണ്ട്. ധാരാളം കൊത്തുപണികളും ശില്പങ്ങളും നിറഞ്ഞ ഈ മണ്ഡപത്തിലാണ് ഉത്സവക്കാലത്ത് കലശപൂജ നടക്കുന്നത്. ഇതിന്റെ മച്ചിൽ അഷ്ടദിക്പാലകരും ബ്രഹ്മാവും വാഴുന്നു. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ ചെറിയൊരു ശില്പമുണ്ട്. ഇതിലും പൂജകൾ നടത്തുന്നു. മണ്ഡപത്തിന് തെക്കുഭാഗത്ത് തിടപ്പള്ളിയും വടക്കുഭാഗത്ത് കിണറും കാണാം.

ശ്രീകോവിലിനുചുറ്റും ധാരാളം ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളുമുണ്ട്. വിവിധ പുരാണകഥകളിൽ നിന്നുള്ള രംഗങ്ങളും ഇതിൽ നിറഞ്ഞുകാണുന്നു. ശ്രീരാമപട്ടാഭിഷേകം, ഗണപതിപ്രാതൽ, ദശാവതാരം, പാശുപതാസ്ത്രകഥ, അപ്പം കൊണ്ടുവരുന്ന അന്തർജനങ്ങൾ, അനന്തശയനം, പാർവ്വതീസമേതനായ ശിവൻ, കാളിയമർദ്ദനം, കുവലയപീഡം, പഞ്ചപാണ്ഡവർ തുടങ്ങിയവ അവയിൽ പ്രധാനമാണ്. എടുത്തുപറയേണ്ടത് ദശാവതാരരൂപങ്ങളെത്തന്നെയാണ്. ഓരോ അവതാരത്തെയും തന്മയത്വത്തോടെ ശ്രീകോവിലിന്റെ മുകൾത്തട്ടിൽ കൊത്തിവച്ചിട്ടുണ്ട്. പഴയകാലത്തെ അനുസ്മരിപ്പിയ്ക്കുന്ന രീതിയിൽ ധാരാളം ചുമരെഴുത്തുകളും കാണാം. വട്ടെഴുത്ത് ലിപിയിലാണ് അധികവും.

പ്രധാനശ്രീകോവിലിൽത്തന്നെ തെക്കുഭാഗത്ത് ദക്ഷിണാമൂർത്തീഭാവത്തിൽ ശിവനും ഗണപതിയും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരു ചെറിയ ദ്വാരത്തിലൂടെ നോക്കിയാൽ മാത്രമേ അവരെ കാണാൻ കഴിയൂ. ശൈവവൈഷ്ണവസംയോഗത്തിന്റെ പ്രതീകമായിരിയ്ക്കണം ഈ പ്രതിഷ്ഠയ്ക്കുപിന്നിൽ.

ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ബ്രഹ്മാവ്, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെയുണ്ട്. ശീവേലിസമയത്ത് ഇവിടെ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടുന്നതും കൈതൊട്ട് തലയിൽ വയ്ക്കുന്നതും തെറ്റായി കണക്കാക്കപ്പെടുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നിർമ്മാല്യധാരിയ്ക്ക് പ്രത്യേകവിഗ്രഹവുമുണ്ട്.

ഇവിടെ രണ്ട് കൊടിമരങ്ങളുണ്ട്. കിഴക്കേനടയിൽ മഹാവിഷ്ണുപ്രതിഷ്ഠയ്ക്കും പടിഞ്ഞാറേനടയിൽ നരസിംഹപ്രതിഷ്ഠയ്ക്കുമാണ് ഈ രണ്ട് കൊടിമരങ്ങൾ. ഗരുഡരൂപങ്ങൾ രണ്ടിനും മുകളിൽ കാണാം. കിഴക്കേനടയിൽ സ്വർണ്ണക്കൊടിമരവും പടിഞ്ഞാറേനടയിൽ പിച്ചളക്കൊടിമരവുമാണ്. കിഴക്കേനടയിലെ കൊടിമരത്തിന് പുറകിൽ ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ഇവിടെയാണ് പ്രധാന ബലിക്കല്ലുള്ളത്. ശീവേലിയ്ക്ക് അവസാനം ഇവിടെയാണ് ബലിതൂകുന്നത്. എട്ടടിയോളം ഉയരം വരുന്ന ഭീമാകാരമായ ബലിക്കല്ല് പുറത്തുനിന്നുള്ളവരുടെ കാഴ്ച മറച്ചുകൊണ്ട് നിൽക്കുന്നു. ഏണിചാരിനിന്നാണ് ബലിതൂകുന്നത്. ബലിക്കൽപ്പുരയുടെ മച്ചിൽ അഷ്ടദിക്പാലകരൂപങ്ങൾ കാണാം. കിഴക്കേനടയിൽ വലിയ ആനക്കൊട്ടിലുണ്ട്. ഇവിടെവച്ച് വിവാഹം, ചോറൂണ്, തുലാഭാരം, അടിമ കിടത്തൽ, ഭജന തുടങ്ങിയവ നടത്തപ്പെടുന്നു.

നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ കാണാം. രണ്ടുകൈകളിൽ വേലും വരദമുദ്രയും ധരിച്ച ശ്രീസുബ്രഹ്മണ്യസ്വാമി ഇവിടെ പ്രധാനക്ഷേത്രം വരുന്നതിനുമുമ്പേ കുടിയിരുത്തപ്പെട്ടതാണെന്നും പിന്നീട് ഇന്നത്തെ സ്ഥാനത്തേയ്ക്ക് മാറ്റിയതാണെന്നും പറയപ്പെടുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി അയ്യപ്പസ്വാമിയും നാഗദൈവങ്ങളും കുടികൊള്ളുന്നു. അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് പ്രത്യേകമായി മണ്ഡപം പണിതിട്ടുണ്ട്. മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ അയ്യപ്പൻപാട്ടും ആഴിപൂജയുമുണ്ടാകും. നാഗദൈവങ്ങൾക്ക് എല്ലാ മാസവും ആയില്യം നാളിൽ പൂജയുണ്ടാകും.

വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീ ഭദ്രകാളിയുടെ സാന്നിദ്ധ്യമുണ്ട്. ഇവിടെ വിഗ്രഹമില്ല. മണ്ഡലകാലത്ത് നടന്നുവരുന്ന കളമെഴുത്തും പാട്ടും ഗുരുതിതർപ്പണവും വഴി ഭഗവതിയെ ആവാഹിയ്ക്കുകയാണ്. തിരുമാന്ധാംകുന്നിലമ്മയുടെ സങ്കല്പമാണ് ഇവിടെ ഭഗവതിയ്ക്ക്. വിവിധ ദോഷങ്ങളുള്ളവർ ഇവിടെവന്ന് ഭഗവതിയെ വന്ദിയ്ക്കാറുണ്ട്.

ഐതിഹ്യങ്ങൾ

തിരുത്തുക

പാണ്ഡവരിൽ ഇളയവനായ സഹദേവനാണ് ഈ ക്ഷേത്രം നിർമ്മിച്ചതും ആരാധിച്ച് പോന്നതും എന്നു വിശ്വസിക്കപ്പെടുന്നു. അതിൻപ്രകാരമുള്ള ഐതിഹ്യം ഇങ്ങനെ: ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം പാണ്ഡവർ തങ്ങളിൽ മൂന്നാമനായ അർജുനന്റെ പൗത്രനായ പരീക്ഷിത്തിനെ രാജ്യഭാരമേല്പിച്ച് ദ്രൗപദീസമേതരായി തീർത്ഥാടനത്തിന് പുറപ്പെട്ടു. ഈ യാത്രയിൽ അവർ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചു. കൂട്ടത്തിൽ അവർ ഭാർഗ്ഗവക്ഷേത്രത്തിലുമെത്തി. തങ്ങളുടെ തേവാരമൂർത്തികളെ ഉചിതമായി ക്ഷേത്രം പണിത് പ്രതിഷ്ഠിയ്ക്കാനായിരുന്നു അവരുടെ തീരുമാനം. അതനുസരിച്ച് മൂത്തവനായ യുധിഷ്ഠിരൻ ചെങ്ങന്നൂരിലെ തൃച്ചിറ്റാറ്റും, രണ്ടാമനായ ഭീമസേനൻ അടുത്തുള്ള തൃപ്പുലിയൂരും അർജുനൻ തിരുവാറന്മുളയിലും നാലാമനായ നകുലൻ തിരുവൻവണ്ടൂരിലും പ്രതിഷ്ഠ നടത്തി. എന്നാൽ സഹദേവന് മാത്രം സ്വന്തമായി വിഗ്രഹമുണ്ടായിരുന്നില്ല. ഇതിൽ മനംനൊന്ത അദ്ദേഹം തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ആ സമയത്ത് അഗ്നിദേവൻ പ്രത്യക്ഷപ്പെടുകയും ദിവ്യമായ വിഷ്ണുവിഗ്രഹം സഹദേവന് സമ്മാനിയ്ക്കുകയും ചെയ്തു. തുടർന്ന്, തന്റെ ജ്യേഷ്ഠന്മാരുടെ പ്രതിഷ്ഠകളിൽ നിന്ന് അല്പം മാറി തൃക്കൊടിത്താനത്ത് അദ്ദേഹം വിഗ്രഹം പ്രതിഷ്ഠിച്ചു.

രുക്മാഗദൻ

തിരുത്തുക

സൂര്യവംശ രാജാവായ രുഗ്മാംഗദന് വിഷ്ണു ഇവിടെ ദർശനം നൽകിയിട്ടുണ്ടെന്നാണ്‌ മറ്റൊരു ഐതിഹ്യം. പ്രജാതത്പരനായിരുന്ന രുഗ്മാംഗദൻ തന്റെ അംഗരാജ്ജ്യത്തിലെ പ്രജകളുടെ അഭിവൃദ്ധിയ്ക്കായി ജീവിതാവസാനം വരെ വളരെയധികം നല്ല കാര്യങ്ങൾ ചെയ്യുകയുണ്ടായി.

ജ്ഞാനികളെയും യോഗികളെയും വിഷ്ണുഭക്തന്മാരെയും അദ്ദേഹം വളരെ ആദരവോടെ കാണുകയും അവരുടെ ആവശ്യങ്ങളെ നിറവേറ്റിക്കൊടുക്കുകയും ചെയ്തുപോന്നു. രുഗ്മാംഗദനെയും രാജ്ജ്യത്തെയും കുറിച്ച് ദേവഗുരു വസിഷ്ഠൻ ഒരുവേള കേൾക്കുവാനിടവരുകയും നന്മകൾ മാത്രം കേട്ട ദേവഗുരു ഇക്കാര്യം സ്വർഗ്ഗാധിപതിയായ ഇന്ദ്രനോട് പറയുകയും ചെയ്തു. രുഗ്മാംഗദന്റെ ഈ ശ്രേഷ്ഠമായ സ്വഭാവത്തെ പരീക്ഷിച്ചറിയുന്നതിലേയ്ക്കായി ഇന്ദ്രൻ നാരദരെ അവിടുത്തേയ്ക്കയച്ചു.

നാരദമഹർഷിയെ കണ്ടമാത്രയിൽ തന്നെ രുഗ്മാംഗദൻ വളരെ ബഹുമാനപുരസരം പാദപൂജ ചെയ്ത് ചില പ്രത്യേക പൂക്കൾ മാത്രം ഉപയോഗിച്ചുണ്ടാക്കിയ ഒരു പുഷ്പഹാരം അണിയിച്ച് അദ്ദേഹത്തെ രാജസദസ്സിലേയ്ക്കാനയിച്ചു. യഥാവിധി തന്നെ സ്വീകരിച്ചതിന് നന്ദിപറഞ്ഞ നാരദർ രുഗ്മാംഗദനെ അനുഗ്രഹിച്ചിട്ടാണ് അവിടെ നിന്നു യാത്രയായത്.

രുഗ്മാംഗദൻ അണിയിച്ച അപൂർവ്വ പുഷ്പഹാരവുമായി നാരദർ നേരെ ഇന്ദ്ര ലോകത്തെത്തി. ആ ഹാരത്തിലെ പ്രത്യേകപൂക്കളുടെ സുഗന്ധവും ചാരുതയും കണ്ട ഇന്ദ്രൻ അതിലേയ്ക്ക് വല്ലാതെ ആകൃഷ്ടനായി എന്നു മാത്രവുമല്ല ഇന്ദ്രലോകത്തില്ലാത്ത ആ അപൂർവ്വപുഷ്പത്തെ രുക്മാഗദന്റെ തോട്ടത്തിൽ നിന്നും എടുത്ത് കൊണ്ടു വരുവാൻ തന്റെ ഭടന്മാർക്ക് ഉത്തരവും നൽകി. ഇന്ദ്രന്റെ ആജ്ഞയനുസരിച്ച് ഭടന്മാർ ദിവസേന തോട്ടത്തിൽ നിന്ന് പൂക്കൾ മോഷ്ടിയ്ക്കുകയും അവ ഇന്ദ്രനായി സമർപ്പിയ്ക്കുകയും ചെയ്തു പോന്നു.

തന്റെ തോട്ടത്തിൽ നിന്നും ദിവസേന പൂക്കൾ അപ്രത്യക്ഷമാകുന്നതറിഞ്ഞ രുഗ്മാംഗദൻ ആശ്ചര്യചകിതനായി കുറച്ച് ദ്വാരപാലകരെ തോട്ടത്തിന് മുന്നിൽ കാവൽ നിർത്തി. ദേവലോകപാലകരെ രുക്മാഗദന്റെ ഭടന്മാർക്ക് കാണാൻ പറ്റാഞ്ഞ കാരണം മോഷണം വീണ്ടും നിർബാധം തുടർന്നു കൊണ്ടേയിരുന്നു. അങ്ങനെ ഒരിയ്ക്കൽ അവിടെയുണ്ടായിരുന്ന വെള്ളൂള്ളി ചെടികളെ അഗ്നിക്കിരയാക്കി ദ്വാര‍പാലകർ മോഷ്ടാക്കളെ ലാക്കാക്കി ഒളുവിലിരുന്ന് തോട്ടത്തെ വീക്ഷിച്ചു. തങ്ങളുടെ കണ്ണില്പ്പെടാതെ മോഷ്ടാക്കൾ കടന്നു കളയാതിരിയ്ക്കാനായി കൂടുതൽ വ്യക്തതോയോടെ മോഷ്ടാക്കളെ കാണുന്നതിനു വേണ്ടിയാണവർ അങ്ങനെ ചെയ്തത്.

ദേവന്മാരുടെ ശക്തികളെ കുറയ്ക്കാൻ കഴിവുള്ള വെള്ളൂള്ളിയുടെ രൂക്ഷഗന്ധം പുറത്തുവന്നതും അത് കാറ്റിലൂടെ ഇന്ദ്രഭടന്മാരുടെ ശരീരത്തിൽ പ്രവേശിയ്ക്കുകയും അത് അവരുടെ ശക്തികളെ ക്ഷയിപ്പിച്ചു കളയുകയും ചെയ്തു. അതോടെ തോട്ടത്തിൽ പതുങ്ങിനടന്ന് പൂവിറുക്കുകയായിരുന്ന ഇന്ദ്രഭടന്മാരെ രുഗ്മാംഗദന്റെ ദ്വാരപാലകർ കണ്ടു പിടിച്ചു. തങ്ങൾ ഇന്ദ്രലോകത്തുള്ളവരാണെന്നും ഇന്ദ്രന്റെ ആജ്ഞയനുസരിച്ചാണ് തങ്ങളീ മോഷണത്തിന് തയ്യാറായതെന്നും അവർ രുഗ്മാംഗദനെ അറിയിച്ചു. ഇതൊക്കെ കേട്ടു കഴിഞ്ഞിട്ടും രുഗ്മാംഗദന് ദേഷ്യമൊന്നും വന്നില്ല പകരം അവരെ തന്റെ അതിഥികളെ പോലെ സ്വീകരിയ്ക്കുകയും നന്നായി ആദരിയ്ക്കുകയും ചെയ്തു. എന്നാൽ കാറ്റിലൂടെ പരന്ന ഈ രൂക്ഷഗന്ധമേറ്റ് ദേവലോകത്തിലുള്ളവരുടെയും ശക്തികൾ ക്ഷയിച്ചു. അന്നൊരു ഏകാദശിദിവസവും കൂടിയായിരുന്നു. ഏകാദശിവ്രതം നോക്കുന്ന ഒരാൾക്കുമാത്രമേ അവരെ രക്ഷിയ്ക്കാൻ സാധിയ്ക്കുമായിരുന്നുള്ളൂ. രുഗ്മാംഗദൻ തന്റെ രാജ്യമാകെ ഏകാദശി നോക്കുന്ന ഒരു ഭക്തനുവേണ്ടി അലഞ്ഞു എന്നാൽ ഒരാളെപ്പോലും അദ്ദേഹത്തിൻ കണ്ടെത്താൻ സാധിച്ചില്ല.

അവസാനം തന്റെ ജീവിതകാലം മുഴുവൻ വിഴുപ്പലക്കി കാലം കഴിയ്ക്കുന്ന ഒരു സ്ത്രീ തന്റെ ഭർത്താവ് ഗ്രാമവാസികളുമായി വഴക്കുണ്ടാക്കിയത് കാരണം ആഹാരം കഴിയ്ക്കതെയിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അന്ന് ഏകാദശിയാണെന്നൊന്നും ആ പാവത്തിനറിയില്ലായിരുന്നു. തന്റെ ഭർത്താവിന്റെ നല്ല നടപ്പിന് വേണ്ടി അന്നേദിവസം സ്ത്രീ ജലപാനമേ ചെയ്തിട്ടുണ്ടായിരുന്നില്ല അത്രമാത്രം. ആ സ്ത്രീയുടെ മുന്നിൽ ചെന്ന് നടന്ന സംഭവമെല്ലാം അവരോട് പറയുകയും തന്റെ വ്രതം അല്ലെങ്കിൽ ഏകാദശി നോറ്റതിന്റെ പുണ്യം ദേവലോകത്തിലെ ദേവഗണങ്ങൾക്കായി രുഗ്മാംഗദൻ യാചിയ്ക്കുകയും ചെയ്തു. അങ്ങനെ ആ സാധുസ്ത്രീ അതംഗീകരിയ്ക്കുകയും തന്റെ വ്രതത്തിന്റെ പകുതി അവർക്കായി നൽകുകയും ചെയ്തു. രുക്മാഗദൻ അവരോട് നന്ദി രേഖപ്പെടുത്തുകയും അവൾക്കായി വളരെയധികം ആഭരണങ്ങളും സ്വർണ്ണനാണയങ്ങളും മറ്റും സമ്മാനമായി നൽകുകയും ചെയ്തു. അങ്ങനെ ആ വ്രതപുണ്യം ദേവന്മാർക്കായി നൽകുകയും അവർക്ക് തങ്ങളുടെ ശക്തികൾ തിരികെ ലഭിയ്ക്കുകയും ചെയ്തു. ഇവിടെ രുഗ്മാംഗദനിലൂടെ ഏകാദശി വ്രതത്തിന്റെ മഹിമ നമുക്ക് മനസ്സിലാക്കിത്തരുകയായിരുന്നു ഭഗവാൻ.

കഴുവേറ്റി കല്ല്‌

തിരുത്തുക
 
തൃക്കൊടിത്താനം ക്ഷേത്രത്തിലെ കഴുവേറ്റി കല്ല്‌

കിഴക്കേ നടയ്ക്കും ക്ഷേത്രക്കുളത്തിനും മദ്ധ്യേ ആറടി പൊക്കമുള്ള ഒരു കരിങ്കൽത്തൂണും അതിനു മുകളിലായി പൂണൂൽധാരിയായ ഒരാൾ ഇടതുകൈയ്യിൽ ഒരു ശംഖുമായി കിടക്കുന്ന കൃഷ്ണശിലയിൽ തീർത്ത ഒരു ആൾരൂപവുമുണ്ട്. ഇതിനുപിന്നിലുള്ള കഥ ഇങ്ങനെയാണ്: പണ്ട് അമ്പലപ്പുഴ രാജ്യം ഭരിച്ചിരുന്ന ചെമ്പകശ്ശേരി രാജാവ് ജന്മം കൊണ്ട് ബ്രാഹ്മണനായിരുന്നെങ്കിലും വളരെയധികം ക്രൂരപ്രവർത്തികൾ ചെയ്തയാളായിരുന്നു. ഒരിയ്ക്കൽ അദ്ദേഹം ശീവേലി കഴിഞ്ഞു അമ്പലം അടച്ച സമയത്ത് വരികയും ദർശനം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേവൻ ഉറങ്ങുകയാണ് ശല്യപ്പെടുത്തരുതന്നു അമ്പലത്തിലുള്ളവർ പറഞ്ഞെങ്കിലും ബലമായി അമ്പലം തുറക്കുകയും അപ്പോൾ തന്നെ വീണു മരിയ്ക്കുകയും ചെയ്തു. ആ സംഭവത്തിന്റെ സ്മരണാർത്ഥം ദുഷ്പ്രവർത്തികൾ ചെയ്യുന്നവർക്ക് ശിക്ഷ ഉടൻ തന്നെയുണ്ടാവും എന്ന് ഏവരെയും അറിയിക്കുവാനായി മേൽപറഞ്ഞ സ്തൂപം സ്ഥാപിച്ചുവെന്നുമാണ് കൊട്ടാരത്തിൽ ശങ്കുണിയുടെ ഐതിഹ്യമാലയിൽ ഇതേപ്പറ്റി പറയുന്ന ഐതിഹ്യം.

ഇതേ കഥ തന്നെ മറ്റൊരു രീതിയും പ്രചരിയ്ക്കുന്നുണ്ട്. ചങ്ങനാശ്ശേരി ആസ്ഥാനമാക്കി ഭരിച്ചിരുന്ന നാണ്ട്രുടൈനാട്ട് രാജ്യവുമായി ചെമ്പകശ്ശേരി രാജാവിന് കടുത്ത ശത്രുതയായിരുന്നു. അക്കാലത്ത് ക്ഷേത്രങ്ങളാണ് ഒരു രാജ്യത്തിന്റെ ഐശ്വര്യമായി കണ്ടിരുന്നത്. ചെമ്പകശ്ശേരി രാജാവ് തന്റെ കുലദേവതയായ അമ്പലപ്പുഴകൃഷ്ണന്റെ ശക്തിയിൽ അഹങ്കരിച്ചിരുന്നു. അങ്ങനെ അയൽരാജ്യത്തെ നാറ്റിയ്ക്കാൻ അദ്ദേഹം അസമയത്ത് ക്ഷേത്രദർശനത്തിനെത്തി. അന്ന് ക്ഷേത്രകാവൽക്കാരനായിരുന്ന മാരാരോട് അദ്ദേഹം ശംഖൂതാൻ ആവശ്യപ്പെട്ടു. മാരാർ ഒട്ടും ഭയമില്ലാതെ ശംഖൂതി. അർദ്ധരാത്രിയ്ക്ക് ശംഖൂതുന്ന ശബ്ദം കേട്ട് എഴുന്നേറ്റ ക്ഷേത്രത്തിലെ മറ്റ് ജീവനക്കാർ ഈ വിവരം നാണ്ട്രുടൈനാട്ട് രാജാവിനെ അറിയിച്ചു. അദ്ദേഹം മാരാരെ വെട്ടിക്കൊന്നു. കുറച്ച് മാസങ്ങൾക്കുശേഷം രോഗബാധിതനായി രാജാവും മരിച്ചു.

ആധാരപ്രമാണങ്ങൾ

തിരുത്തുക
  1. "108 ശ്രീ വിഷ്ണു ക്ഷേത്രങ്ങൾ". 108 ശ്രീ വിഷ്ണു ക്ഷേത്രങ്ങൾ. Divyadesomonline. Archived from the original on 2006-11-03. Retrieved 2006-11-01.
  2. http://www.keralatemples.net/ktm_vishnu.html
  3. "കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ". കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ്. Archived from the original on 2006-12-13. Retrieved 2006-11-01.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക