ജാതി (മരം)

ചെടിയുടെ ഇനം
(Myristica fragrans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജാതി (വിവക്ഷകൾ) എന്ന താൾ കാണുക. ജാതി (വിവക്ഷകൾ)

ദക്ഷിണേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതി(Myristica fragrans). ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയിൽ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപുവ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.

Nutmeg
ജാതിക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
M.fragrans
Binomial name
Myristica fragrans
Houtt.
Synonyms
  • Myristica aromatica Lam.
  • Myristica moschata Thunb.
  • Myristica officinalis Mart.
  • Myristica officinalis L. f.

സവിശേഷതകൾ

തിരുത്തുക

വളരെയധികം തണൽ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാൽ തനിവിളയെക്കാൾ മിശ്രവിളയായിട്ടാണ്‌ കേരളത്തിൽ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററിൽ കൂടുതൽ പൊക്കത്തിൽ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതിൽ ആൺ മരവും പെൺ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതിൽ ആൺ ചെടികൾക്ക് കായ് ഫലം ഇല്ല. പെൺ മരമാണ്‌ ആൺ മരത്തിൽ നിന്നും പരാഗണം വഴി ഫലം തരുന്നത്.

 
ജാതിമരത്തിന്റെ ഇടതൂർന്ന ഇലകൾ
 
ജാതിമരത്തിൽ നിന്നും വീണ പൂവ്

കൃഷി രീതികൾ

തിരുത്തുക
 
ജാതി

ജാതി പലരീതികളിൽ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണ്‌. വിത്തുപാകി മുളപ്പിച്ചും,ടോപ്പ് വർക്കിംഗ്, ഒട്ടിക്കൽ, ഫീൽഡ് ബഡ്ഡിംഗ് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചും കൃഷി നടത്താം.

വിത്തു പാകി

തിരുത്തുക

നല്ലതുപോലെ മൂപ്പെത്തിയ ജാതിക്ക കൾ ചെടിയിൽ നിന്നും അടർത്തിയെടുത്ത് മണ്ണും മണലും കലർത്തി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ വിത്ത് പാകി പുതിയ മരങ്ങൾ മുളപ്പിച്ച് എടുക്കാം. ഇങ്ങനെ പാകുന്ന സ്ഥലത്ത് തണലും നല്ല ഈർപ്പവും ഉണ്ടായിരിക്കണം. ഏകദേശം രണ്ട് മാസത്തോളം ദിവസവും നനക്കണം. രണ്ട് മാസത്തിനുശേഷം കിളിർപ്പ് ഉണ്ടാകുകയും, രണ്ടില പാകമാകുമ്പോൾ വേരിന്‌ കേട്പാടുകൾ സംഭവിക്കാതെ പോട്ടിംഗ് മിശ്രിതം നറച്ച ചട്ടികളിലോ പോളിത്തീൻ കവറുകളിലോ നടുന്നു. ഇങ്ങനെ നടുന്ന തൈകൾ മഴക്കാലത്തോടു കൂടി പ്രധാന കൃഷിയിടങ്ങളിൽ മാറ്റി നടാവുന്നതുമാണ്‌. ഇങ്ങനെ നടുന്ന തൈകൾക്ക് തണലായും അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്താനുമായി പുതയിടുകയോ തണൽ മരങ്ങൾ നട്ടു പിടിപ്പിക്കുകയോ ചെയ്യാം. ഇങ്ങനെ ഉണ്ടാകുന്ന തൈകളിൽ നിന്നും പത്ത് പെൺ മരത്തിന്‌ ഒരു ആൺ മരം എന്ന രീതിയിൽ നിലനിർത്തി ബാക്കിയുള്ള ആൺ മരങ്ങൾ മുറിച്ച് മാറ്റണം. ജാതി ഇടവിളയായി നടുകയാണേങ്കിൽ തെങ്ങ്, കമുക് തുടങ്ങിയ വൃക്ഷങ്ങളുടെ ഇറ്റയിൽ നടുന്നതാണ്‌ ഉത്തമം. കാരണം തെങ്ങും കമുകും ജാതി തൈകൾക്ക് നല്ലതുപോലെ തണൽ നൽകും. ജാതി ഇടവിളയായിട്ടല്ല നടുന്നതെങ്കിൽ തണൽ നൽകുന്നതിനായ് ശീമക്കൊന്ന, മുരിക്ക്, വാഴ, അക്കേഷ്യ തുടങ്ങിയവ നടാം. ഇതിൽ വാഴനടുന്നതാണ്‌ ഏറ്റവും നല്ലത്, കാരണം ആവശ്യത്തിനു തണൽ നൽകുന്നതിനു പുറമേ അന്തരീക്ഷത്തിൽ നല്ലതുപോലെ ഈർപ്പം നിലനിർത്താൻ വാഴകൾക്ക് കഴിയുന്നു. കൂടാതെ വാഴയുടെ വിളവെടുപ്പിനു ശേഷം അവയുടെ അവശിഷ്ടങ്ങൾ ജാതിക്ക് പുതയിടുന്നതിനും ഉപയോഗിക്കാം.

ടോപ്പ് വർക്കിംഗ്

തിരുത്തുക
 
ജാതിത്തൈ

തൈ നട്ട് ആൺ മരമാണോ പെൺ മരമാണോ എന്നറിഞ്ഞ (ഏകദേശം ഏഴോ എട്ടോ വർഷങ്ങൾക്ക് )ശേഷം ആൺ മരങ്ങളെ നശിപ്പിക്കാതെ അവയെ ലിംഗഭേദം വരുത്തി പെൺ മരമാക്കുന്ന പ്രക്രിയയെ ആണ്‌ ടോപ്പ് വർക്കിംഗ് എന്ന് പറയുന്നത്. മഴക്കാലത്തിനു മുൻപായി ആൺ മരങ്ങളെ ചുവട്ടിൽ നിന്നും ഏകദേശം 1 മീറ്റർ പൊക്കത്തിൽ രണ്ടോ മൂന്നോ ശാഖകൾ നിർത്തി മുറിച്ചുകളയുന്നു. പിന്നീട് തായ് തടിയിൽ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്ന കിളിർപ്പുകളിൽ പെൺ മരത്തിന്റെ ശാഖകളിൽ നിന്നും എടുക്കുന്ന കിളിർപ്പ് വച്ച് കെട്ടി, ആൺ കിളിർപ്പുകളെ വളരാൻ അനുവദിക്കാതെ പെൺ കിളിർപ്പുകൾ മാത്രം വളർത്തി കായ ഉണ്ടാക്കുന്ന രീതിയാണ്‌ ടോപ്പ് വർക്കിംഗ്.

ഒട്ടിക്കൽ

തിരുത്തുക

നാടൻ ജാതി ഇനങ്ങളിലോ കാട്ടു ജാതി ഇനങ്ങളിലോ പെൺ ജാതി മരത്തിന്റെ മുകുളങ്ങൾ ഒട്ടിച്ച് ചേർത്തും നല്ല ജാതി തൈകൾ നടീൽ വസ്തുക്കളായി ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയാണ്‌ ഒട്ടിക്കൽ എന്ന് പറയുന്നത്.

ഫീൽഡ് ബഡ്ഡിംഗ്

തിരുത്തുക

കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത തനതു നടീൽ വസ്തു നിർമ്മാണ രീതിയാണ്‌ ഫീൽഡ് ബഡ്ഡിംഗ്. ജാതി മരങ്ങളിൽ ആൺ / പെൺ വ്യത്യാസം അറിയുന്നതിനും മുൻപ് ചെയ്യുന്ന രീതിയാണിത്. കൃഷി സ്ഥലത്തെ എല്ലാ മരങ്ങളിലും ഈ രീതി അനുവർത്തിക്കേണ്ടതാണ്‌. തൈകൾക്ക് ഏകദേശം മൂന്ന് വർഷം പാകമാകുമ്പോൾ ഈ പ്രക്രിയ നടപ്പാക്കുന്നു. ഈ രീതി ചെയ്യുമ്പോൾ തൈകളുടെ മൂട് വണ്ണം നാല്‌ സെന്റീമീറ്ററിൽ കുറയാൻ പാടില്ല. ഇതിന്റെ ആദ്യ പടിയായി നല്ല കായ് ഫലം തരുന്ന പെൺ മരങ്ങളിൽ നിന്നും മുകളിലേക്ക് വളരുന്ന ശിഖരങ്ങളിൽ നിന്നും കമ്പുകൾ മുറിച്ചെടുക്കുന്നു. ആ കമ്പുകളിൽ നിന്നുമുള്ള മുകുളങ്ങൾ മൂന്ന് മുതൽ നാല്‌ സെ. മീ . നീളത്തിൽ തൊലിയോട് കൂടി ചെത്തിയെടുക്കുന്നു. അത്തരം മുകുളങ്ങൾ, ഏത് തൈയിലാണോ വയ്ക്കേണ്ടത് ആ തൈകളിൽ, താഴെനിന്നും ആദ്യത്തെ ശാഖയുടെ താഴെയായി ഏകദേശം മൂന്ന് മുതൽ അഞ്ച് സെന്റീ മീറ്റർ നീളത്തിൽ തൊലി ചെത്തി മാറ്റുന്നു. തൊലി ചെത്തി മാറ്റിയ സ്ഥലത്ത് നേരത്തേ ശേഖരിച്ച് വച്ചിരിക്കുന്ന മുകുളം വച്ച് പോളിത്തീൻ നാടകൊണ്ട് കെട്ടി വയ്ക്കുന്നു. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത ചേർത്ത് കെട്ടുമ്പോൾ മുകുളം മൂടിപ്പോകാൻ പാടില്ല എന്നുള്ളതാണ്‌. ഇങ്ങനെ വച്ചുകെട്ടുന്ന മുകുളങ്ങൾ വളരുന്നതിനനുസരിച്ച് മുകളിലെ ബാക്കി ശിഖരങ്ങളും പിന്നീട് ഒട്ടിച്ചിരിക്കുന്നതിന്‌ മുകളിൽ ഉള്ള പഴയ തൈയുടെ ബാക്കി ഭാഗങ്ങളും പൂർണ്ണമായി മുറിച്ച് മാറ്റേണ്ടതാണ്‌.

വളപ്രയോഗം

തിരുത്തുക

നന്നായി വളം ആവശ്യമുള്ള സസ്യമാണ്‌ ജാതി. കൃഷി തുടങ്ങി ഒന്നാം വർഷം മുതൽ വളം നൽകേണ്ടിവരുന്ന ഒരു സുഗന്ധവിളയാണ്‌ ജാതി. ഒന്നാം വർഷം ഓരോ ചെടിക്കുമായി പത്തുകിലോ പച്ചിലവളം /കമ്പോസ്റ്റ് /ജൈവവളം എന്നിവയിലേതെങ്കിലും ഒന്നിന്റെ കൂടെ 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ് ഫറസ്, 50 ഗ്രാം പൊട്ടാസ്യം എന്നിവ നൽകണം. ക്രമാനുഗതമായി ഈ അളവ് കൂട്ടി 15 വർഷം(പ്രായപൂർത്തി) ആകുമ്പോൾ ഓരോ മരത്തിനും 50 കിലോ പച്ചില/കമ്പോസ്റ്റ്/ജൈവ വളങ്ങളിൽ ഏതെങ്കിലും ഒന്നും 500:250:100 ഗ്രാം കണക്കിൽ രാസവളവും നൽകണം. കൂടാതെ നല്ല വിളവിനായ് ചെടിയൊന്നിന്‌ 1100 ഗ്രാം യൂറിയ, 840 ഗ്രാം സൂപ്പർ ഫോസ് ഫേറ്റ് 2000 ഗ്രാം (2കിലോ) മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് തവണകളായി മെയ് - ജൂൺ , സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി ജൈവ വളത്തിനോടൊപ്പം നൽകണം. വളം ചെടിയുടെ ചുവട്ടിലായി, ചെടിയിൽ നിന്നും ഒന്നരമീറ്റർ അകലത്തിലായി കാൽ മീറ്ററോളം താഴ്ചയിലിട്ട് മണ്ണിട്ട് നല്ലതുപോലെ മൂടണം.

കീടങ്ങളും രോഗങ്ങളും

തിരുത്തുക

ജാതി മരത്തെ ബാധിക്കുന്ന രോഗങ്ങളാണ്‌ ഇലപ്പുള്ളിരോഗം, കായ് ചീയൽ, കായ് പൊഴിച്ചിൽ, കമ്പ് ഉണങ്ങൽ എന്നിവ. ഇതിൽ കായ് ചീയുന്നതിനും കായ് പൊഴിയുന്നതിനും ചെമ്പ് കലർന്ന ഏതെങ്കിലും കുമിൾ നാശിനിയോ ബോർഡോ മിശ്രിതമോ തളിച്ചും, കമ്പ് ഉണങ്ങലിന്‌ ഉണങ്ങിയ കമ്പുകൾ മുറിച്ച് മാറ്റി അവിടെ ഏതെങ്കിലും കുമിൾ നാശിനി തേച്ചും നിയന്ത്രിക്കാം. കൂടാതെ മരത്തിൽ നിന്നും നാരുപോലെ താഴേക്ക് നീണ്ട് കിടക്കുന്ന ഒരു തരം കുമിളും ജാതി മരത്തിനെ ആക്രമിക്കുന്നുണ്ട്. അത്തരം കുമിളുകൾ ചെടിയിലും അതോടോപ്പം ചെടിക്കു ചുറ്റും ഉള്ള മണ്ണിലും കുമിൾ നാശിനി തളിക്കുന്നത് കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും.

ജലസേചനം

തിരുത്തുക

ജാതി ചെടികളുടെ ശരിയായ വളർച്ചക്കും പൂവിടുന്നതിനും നല്ല കായ് ഫലം നൽകുന്നതിനും നല്ല രീതിയിൽ ജലസേചനം ആവശ്യമാണ്‌. ഇതിനായി വേരുകൾക്ക് കേടുവരാതെ തടമെടുക്കണം . നട്ട് നാല്‌ വർ‍ഷത്തോളം പ്രായമായ ജാതിമരത്തിന്‌ ചെടിയൊന്നിന്‌ ഒരു ദിവസം 20 ലിറ്റർ എന്ന കണക്കിൽ സാധാരണ കാലാവസ്ഥയിൽ ആഴ്ചയിൽ മൂന്നോ വേനൽക്കാലത്ത് നാലോ അഞ്ചോ തവണ ജലസേചനം നടത്തണം. വേനൽക്കാലത്ത് തടങ്ങളിൽ പുതയിടേണ്ടത് അത്യാവശ്യമാണ്‌. ഇതിനായി ഉണങ്ങിയ ഓല, മറ്റ് ചെടികളുടെ തോലുകൾ, ചകിരി, തൊണ്ട് എന്നിവ കൊണ്ട് നല്ല കനത്തിൽ പുതയിടണം. പൂർണ്ണ വളർച്ചയെത്തിയ മരമൊന്നിന്‌ ഒരു ദിവസം ശരാശരി 150 മുതൽ 200 ലിറ്റർ വരെ ജലം ആവശ്യമാണ്‌.

 
രണ്ട് കായ്കൾ

വിത്തുപാകി മുളപ്പിക്കുന്ന തൈകൾ വളർന്ന് എട്ടാം വർഷം മുതൽ കായ് തന്നു തുടങ്ങും. ബഡ്ഡ് ചെയ്തതും ഗ്രാഫ്റ്റ്(ഒട്ടിക്കൽ) നടത്തിയതുമായ മരങ്ങൾ അഞ്ചാം വർഷം മുതലും കായ് തന്നു തുടങ്ങുന്നു. കൃത്യമായി വിളവ് നൽകുന്നതിന്‌ ഏകദേശം 10 മുതൽ 15 വർഷം വരെ കാല ദൈർഘ്യം വേണ്ടി വരുന്നു. ശാസ്ത്രീയ രീതികൾ കൃഷിയിൽ അവലംബിക്കുകയാണ്‌ എങ്കിൽ കുറഞ്ഞത് 60 വർഷത്തോളം ഏകദേശം ഒരുപോലെ കായ് ഫലം നൽകുന്ന മരം കൂടിയാണ്‌ ജാതി. പൂവിട്ടുകഴിഞ്ഞാൽ എട്ടോ ഒൻപതോ മാസങ്ങൾക്ക് ഉള്ളിൽ കായകൾ മൂപ്പെത്തുന്നു. നന്നായി വിളഞ്ഞ കായകളിൽ, കായ് പൊട്ടി അതിനുള്ളിലെ ജാതിപത്രി ചുവന്ന നിറത്തിൽ കാണാൻ സാധിക്കും. ഇങ്ങനെ മൂപ്പെത്തുന്ന കായ് കൾ തോട്ടികൊണ്ട് പറിക്കുകയോ അടർന്ന് വീഴുമ്പോൾ ശേഖരിക്കുകയോ ചെയ്യാം.

സംസ്കരണം

തിരുത്തുക

വിളവെടുത്താൽ ഉടനെ പത്രിയും കായയും രണ്ടും വെവ്വേറെ ഉണക്കും. വെയിലുള്ള സമയത്താണെങ്ങിൽ, വെയിലത്ത് വെയ്ക്കും. മഴക്കാലത്ത് ഉണക്കാനായി, അടുക്കളയിൽ പാതിമ്പുറത്ത് നിരത്തി വെയ്ക്കുകയോ ഇരുമ്പുകൊണ്ട് ഒരു കൂടുണ്ടാക്കി, അതിൽ നിരത്തി വെച്ച് അടിയിൽ തീയിടുകയാണ് ചെയ്യുക.

ഉണക്കം കഴിഞ്ഞ് പിന്നേയും സൂക്ഷിച്ച് വെയ്ക്കുകയാണെങ്ങിൽ, ഇടയ്ക്കിടയ്ക്ക് ചെറുതായി ചൂട് കൊള്ളിക്കണം. കൊപ്ര ഉണക്കുന്ന അതേ പരിപാടികൾ തന്നെ.

 
ജാതിക്കയുടെ ഒരു ഇരട്ടവിത്ത്

കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള ജാതി ഇനമാണ്‌ വിശ്വശ്രീ. മഹാരാഷ്ട്രയിലെ കൊങ്കൺ കൃഷി വിദ്യാപീഠത്തിന്റെ ജാതി ഇനങ്ങളാണ്‌ കൊങ്കൺ സുഗന്ധയും കൊങ്കൺ സ്വാദും. ഇവയെക്കൂടാതെ ജാതികർഷകനായ കോഴിക്കോട് കല്ലാനോട് കടുകമ്മാക്കൽ സജി മാത്യു വികസിപ്പിച്ചെടുത്ത നോവ എന്നയിനം ജാതിയും നിലവിലുണ്ട്[1]

മിരിസ്റ്റിക്ക

തിരുത്തുക

നല്ലയിനം കാട്ടുജാതി മരങ്ങൾ മാത്രം ഉള്ള ജാതിവനക്കാടുകൾ മിരിസ്റ്റിക്ക ചതുപ്പ് (Myristica swamps)എന്ന പേരിൽ അറിയപ്പെടുന്നു. ഇത്തരം വനങ്ങൾ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ വനങ്ങളിലും കർണ്ണാടകയിലെ ചില പ്രദേശങ്ങളിലും കാണപ്പെടുന്നു. അത്തരം മേഖലകളിൽ കണ്ടെത്തിയിട്ടുള്ള ജാതി ഇനങ്ങളാണ്‌ കൊത്തപ്പൈൻ, അടയ്ക്കാപ്പൈൻ, ചോരപ്പാലി, ഉണ്ടപ്പൈൻ, പശുപാശി(പത്തിരി) തുടങ്ങിയവ. ഇവയുടെ കായകൾക്ക് ഓറഞ്ച്, മഞ്ഞ, കടും ചുവപ്പ് എന്നീ നിറങ്ങളിൽ ജാതി പത്രികളും നീണ്ടോ ഉരുണ്ടതോ ആകൃതിയിലുള്ള കായകളും കാണപ്പെടുന്നു.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :കടു, തിക്തം, കഷായം

ഗുണം :ലഘു സ്നിഗ്ധം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [2] ഇതിന്റെ ഫലം പ്രധാനമായും ഉപയോഗപെടുത്തുന്നത് മരുന്നിനായിട്ടാണ്. ഫലത്തിനുള്ളിലെ കായയും അതിനെ പൊതിഞ്ഞുകാണുന്ന ഫ്ളവറുമാണ് മരുന്നിനായി ഉപയോഗപെടുത്തുന്നത്. പുറത്തെ മാംസളമായ പുറം തോട് ഭക്ഷ്യയോഗ്യമാണെങ്കിലും കാര്യമായി ഉപയോഗിച്ചുവരുന്നില്ല. ഇതുകൊണ്ടുണ്ടാക്കുന്ന കാന്റി വയറിലെ അസുഗങ്ങള്ക്കും വായ് നാറ്റം ഇല്ലാതാക്കുന്നതിനും വളരെ ഉത്തമമാണ്. കരള് വൃക്ക എന്നിവയെ സംരക്ഷിക്കുന്നതോടൊപ്പം ഹാ൪ട്ടിന്റെ പ്രവ൪ത്തനത്തെ ഉത്തേജിപ്പിക്കുന്നു. പനി ജലദോഷം ശമിപ്പിക്കുന്നു‍ـ വയറിളക്കം നിമിഷ നേരംകൊണ്ട് ഇല്ലാതാക്കുന്നു. ബുദ്ധിവികാസം തൊഴിൽ സമയത്തും പഠന സമയത്തും ഏകാഗ്രത ഉണ്ടാകുന്നതിനും ടെ൯ഷ൯ കുറക്കുന്നതിനും നല്ലതാണ്. സൗന്ദര്യ വ൪ദ്ധക ആവശ്യങ്ങള്ക്കും വായ്നാറ്റം ഇല്ലാതാക്കുന്നതിനും ഉറക്കകുറവ് പരിഹരിക്കുന്നതിനും സന്ധിവേദന പേശിവേദന കുറക്കുന്നതിനും രത്രിയിൽ കുട്ടികളിലെ കരച്ചിൽ ശമിപ്പിക്കുന്നതിനും തുടങ്ങി നിരവധി ചികിൽസാ കാര്യങ്ങള്ക്ക് ജാതിയുടെ വിവിധ ഭാഗങ്ങള് ഉപയോഗപെടുത്തി വരുന്നുണ്ട്.

ഔഷധയോഗ്യ ഭാഗം

തിരുത്തുക

വിത്ത്, ജാതിപത്രി[2]

ഔഷധ ഉപയോഗങ്ങൾ

തിരുത്തുക

കഫ വാത രോഗങ്ങൾ ശമിപ്പിക്കും. ദഹനശക്തി കൂട്ടും.മലബന്ധം ഉണ്ടാക്കും. വയറിളക്കത്തിനും ഉദരശൂലയ്ക്കും നല്ലതാണു്. ത്രിഫലാദി ചൂർണ്ണം, ആട്ടിൻ സൂപ്പ് , അതിസാരഗ്രഹണിചൂർണ്ണം,കർപ്പൂരാദി ചൂർണ്ണം, ജീരകാദിചൂർണ്ണം, എന്നിവയിൽ ഉപയോഗിക്കുന്നു.[3]

ചിത്രശാല

തിരുത്തുക
  • കർഷകശ്രീ മാസിക 2007 ഓഗസ്റ്റ് ലക്കത്തിലെ ഇ.വി.നൈബി, എൻ.മിനിരാജ് എന്നിവരുടെ ലേഖനം.
  1. കർഷകശ്രീ മാസിക. ഒക്ടോബർ 2011 പുറം 26
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജാതി_(മരം)&oldid=3721469" എന്ന താളിൽനിന്ന് ശേഖരിച്ചത്