ബറൂക്ക് സ്പിനോസ
ബറൂക്ക് സ്പിനോസ പതിനേഴാം നൂറ്റാണ്ടിൽ (നവംബർ 24, 1632-ഫെബ്രുവരി 20, 1677) നെതർലന്റ്സിൽ ജീവിച്ചിരുന്ന ഒരു തത്ത്വചിന്തകനായിരുന്നു. ഇംഗ്ലീഷ്: Baruch Spinoza. "അനുഗൃഹീതൻ" എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ്. പോർത്തുഗീസ് യഹൂദപശ്ചാത്തലമുള്ള കുടുംബത്തിലാണ് സ്പിനോസ ജനിച്ചത്. ഏറെ ശാസ്ത്രീയ ചായ്‌വ് കാട്ടിയ സ്പിനോസയുടെ ചിന്തയുടെ പരപ്പും പ്രാധാന്യവും അദ്ദേഹത്തിന്റെ മരണത്തിന് വർഷങ്ങൾക്കുശേഷമാണ് പരക്കെ അംഗീകരിക്കപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിനും ആധുനിക ബൈബിൾ നിരൂപണത്തിനും പശ്ചാത്തലമൊരുക്കിയ സ്പിനോസ, പതിനേഴാം നൂറ്റാണ്ടിലെ വലിയ യുക്തിചിന്തകന്മാരിൽ ഒരാളായി ഇന്ന് പരിഗണിക്കപ്പെടുന്നു. മരണശേഷം പ്രസിദ്ധീകരിച്ച സന്മാർഗ്ഗശാസ്ത്രം ക്ഷേത്രഗണിതരീതിയിൽ എന്ന പ്രഖ്യാതകൃതിയിൽ സ്പിനോസ ദെക്കാർത്തിന്റെ മനോ-പദാർഥ ദ്വൈതവാദത്തെ (Mind-body dualism) എതിർത്തു. ഈ കൃതിയുടെ പേരിൽ അദ്ദേഹം പാശ്ചാത്യലോകത്തെ ഏറ്റവും മുന്തിയ തത്ത്വചിന്തകന്മാരിൽ ഒരാളായി എണ്ണപ്പെടുന്നു.
ജനനം | ആംസ്റ്റർഡാം, നെതർലൻഡ്‌സ് |
---|---|
മരണം | ഫെബ്രുവരി 20, 1677 ഹേഗ്, നെതർലൻഡ്‌സ് | (പ്രായം 44)
കാലഘട്ടം | 17-ആം നൂറ്റാണ്ടിലെ തത്ത്വചിന്തകൻ |
ചിന്താധാര | യുക്തിവാദം, സ്പിനോസവാദത്തിന്റെ സ്ഥാപകൻ |
പ്രധാന താത്പര്യങ്ങൾ | സന്മാർഗ്ഗശാസ്ത്രം, ജ്ഞാനസിദ്ധാന്തം, മെറ്റഫിസിക്സ് |
ശ്രദ്ധേയമായ ആശയങ്ങൾ | Pantheism, Deism, neutral monism, intellectual and religious freedom / separation of church and state, Criticism of Mosaic authorship of certain books of the Hebrew Bible, Political society derived from power, not contract |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
സ്ഫടികം ഉരച്ച് ലെൻസുകൾ ഉണ്ടാക്കുന്ന തൊഴിൽ ചെയ്ത് സ്പിനോസ ഒച്ചപ്പാടില്ലാതെ ജീവിച്ചു. ഒരു സർവകലാശാലയിലെ അദ്ധ്യപകസ്ഥാനം അടക്കം വിലമതിക്കപ്പെടുന്ന ഉദ്യോഗങ്ങളും ബഹുമതികളും തേടിവന്നെങ്കിലും, സ്പിനോസ അവയൊക്കെ നിരസിക്കുകയാണുണ്ടായത്. കുടുംബസ്വത്തിൽ തനിക്കുണ്ടായിരുന്ന അവകാശം അദ്ദേഹം സഹോദരിക്ക് നൽകി. സ്പിനോസയുടെ സ്വഭാവശുദ്ധിയും തത്ത്വചിന്തയിലെ നേട്ടങ്ങളും കണക്കിലെടുത്ത് പരിപൂർണ്ണദാർശനികൻ (Absolute Philosopher) എന്നുപോലും അദ്ദേഹം വിശേഷിക്കപ്പെട്ടിട്ടുണ്ട്.[1] 45 വയസ്സുള്ളപ്പോൾ സ്പിനോസ അകാലമൃത്യുവായി. മരണകാരണം ക്ഷയരോഗമോ, ലെൻസ് ഉരക്കുന്ന ജോലിക്കിടെ ശ്വാസകോശത്തിൽ കടന്നുകൂടിയ സ്ഫടികത്തരികൾ മൂലമുണ്ടായ സിലിക്കോസിസ് രോഗമോ ആയിരിക്കാം എന്ന് കരുതപ്പെടുന്നു.
പശ്ചാത്തലം
തിരുത്തുകസ്പിനോസയുടെ പൂർവികർ സെഫാർദിക യഹൂദരായിരുന്നു. 1492-ൽ യഹൂദർക്കെതിരെ സ്പെയിൻ പുറപ്പെടുവിച്ച അൽഹമ്രാ പ്രഖ്യാപനവും പോർത്തുഗലിലെ മതദ്രോഹവിചാരണകളും മൂലം, ഐബീരിയൻ ഉപദ്വീപിൽ പെട്ട ആ രാജ്യങ്ങളിലെ യഹൂദർക്ക് മനസ്സില്ലാതെയുള്ള മതപരിവർത്തനമോ, പലായനമോ അല്ലാതെ വഴിയില്ലെന്നായതിനെ തുടർന്ന് അവിടങ്ങളിൽ നിന്ന് നെഥർലാൻഡ്സിലെ ആംസ്റ്റർഡാമിൽ അഭയംതേടിയ യഹൂദരുടെ കൂട്ടയ്മയിൽ പെട്ടവരായിരുന്നു അവർ.[2]
സ്പിനോസയുടെ കുടംബപ്പേര് പോർത്തുഗീസ് ഭാഷയിൽ എസ്പിനോസ എന്നാണ്. ഇതിന്റെ ആടിസ്ഥാനത്തിൽ, കുടുംബം സ്പെയിനിലെ ബർഗോസിനടുത്തുള്ള എസ്പിനോസ ഡി ലോസ് മോണ്ടെറോസ് എന്ന സ്ഥലത്തുനിന്നുള്ളവരായിരുന്നുവെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്.[3] സ്പിനോസയുടെ പിതാവ് കുട്ടിയായിരിക്കുമ്പോൾ, മുത്തച്ഛൻ ഐസക്ക് സ്പിനോസ കുടുംബത്തോടൊപ്പം ഫ്രാൻസിലെ നാന്റ്സ്(Nantes) എന്ന സ്ഥലത്തേക്കുപോയി. 1615-ൽ അവിടന്ന് പുറത്താക്കപ്പെട്ടതിനാൽ അവർ നെഥർലന്റ്സിലെ റോട്ടർഡാമിലെത്തി. 1627-ൽ ഐസക്ക് അവിടെ വച്ച് മരിച്ചതിനെ തുടർന്ന്, സ്പിനോസയുടെ പിതാവ് മിഗയൂലും അമ്മാവൻ മാനുവലും ആംസ്റ്റർഡാമിലെക്കുപോയി. അവിടെ അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു.
ആദ്യകാലജീവിതം
തിരുത്തുകആംസ്റ്റർഡാമിലാണ് ബറൂക്ക് സ്പിനോസ ജനിച്ചത്. പിതാവിന്റെ രണ്ടാം വിവാഹത്തിലെ കുട്ടിയായിരുന്നു അദ്ദേഹം. അമ്മ ആനാ ഡെബോറ, ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു. പിതാവും അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയും ചേർന്ന് പരമ്പരാഗതയഹൂദരീതികളനുസരിച്ചാണ് ബറൂക്കിനെ വളർത്തിയത്.[4] പിതാവ് മിഗയൂൽ അംഗീകാരവും പ്രാധാന്യവുമുള്ള ഒരു വ്യാപാരിയായിരുന്നു. എന്നാൽ ബാറുക്കിന് വ്യാപാരത്തിന്റെ വഴിയിൽ താത്പര്യമില്ലായിരുന്നു. യഹൂദചരിത്രത്തിലും മതസിദ്ധാന്തങ്ങളിലുമുള്ള പഠനത്തിൽ മുഴുകി സിനഗോഗിലും പരിസരങ്ങളിലുമായി സമയം ചിലവിടാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ബൈബിളിനും അതിന്റെ റബൈനികവ്യാഖ്യാനമായ താൽമുദിനും പുറമേ, ലെവി ബെൻ ഗെർസോൻ, ഇബൻ എസ്രാ, ഹസ്ദായ് ക്രെസ്കാസ്, ഇബൻ ഗബ്രിയേൽ, കൊർദോവയിലെ മോശെ തുടങ്ങിയ യഹൂദപണ്ഡിതന്മാരുടെ രചനകളുമെല്ലാം അദ്ദേഹത്തിന്റെ പഠനത്തിൽ ഉൾപ്പെട്ടു. വിമർശനബുദ്ധിയോടെയായിരുന്നു പഠനം. പ്രഖ്യാതയഹൂദചിന്തകനായ മോസസ് മൈമോനിഡിസിന്റെ മുഖ്യരചനയായ "സന്ദേഹികൾക്ക് വഴികാട്ടി" (Guide to the Perplexed) സ്പിനോസക്ക് വഴിയേക്കാൾ സന്ദേഹമാണ് കാട്ടിക്കൊടുത്തത്.[5] പഠനത്തിൽ ഏറെ മികവുകാട്ടിയ സ്പിനോസ സ്വന്തം മതത്തിനും ജനതക്കും മാർഗ്ഗദീപമായിത്തീരുമെന്ന് മുതിർന്നവർ കരുതി. എന്നാൽ അദ്ദേഹത്തിന്റെ വിമർശനാത്മകബുദ്ധിയും അടങ്ങാത്ത ജിജ്ഞാസയും യഹൂദസമൂഹവുമായി ഉരസലിന് കാരണമുണ്ടാക്കാൻ പോന്നവയായിരുന്നു.
മതപരമായ അറിവിനുപുറമേ സ്പിനോസ സ്പാനിഷ്, എബ്രായ, പോർത്തുഗീസ്, ഡച്ച്, ലത്തീൻ എന്നീ ഭാഷകളിൽ അവഗാഹവും ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളുമായി പരിചയവും സമ്പാദിച്ചു. ഗണിതശാസ്ത്രം ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം അത് പഠിക്കുകയും പിന്നീട്, ക്ഷേത്രഗണിതത്തെ തന്റെ ദർശനത്തിന്റേയും തത്ത്വചിന്താശൈലിയുടേയും അടിസ്ഥാനമാക്കുകയും ചെയ്തു.[4][ഖ]
ഇംഗ്ലണ്ടും ഫ്രാൻസുമായുള്ള നെഥർലാൻഡ്സിന്റെ യുദ്ധങ്ങളിൽ മിഗയൂൽ മരിച്ചതിനെ തുടർന്ന് കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മോശമായി. പിതൃസ്വത്തിലുള്ള സ്പിനോസയുടെ ഭാഗത്തിന്മേൽ ഒരു സഹോദരി അവകാശം ഉന്നയിച്ചപ്പോൾ അദ്ദേഹം തന്റെ അവകാശം കോടതിയിൽ സ്ഥാപിച്ചെടുത്തു. എന്നാൽ അങ്ങനെ നിയമാനുസൃതം തനിക്കുകിട്ടിയ സ്വത്തിൽ ഒരു കിടക്കയൊഴിച്ചുള്ളതെല്ലാം അദ്ദേഹം ആ സഹോദരിക്കുതന്നെ നൽകി. തുടർന്ന്, കുടുംബവ്യാപാരത്തിന്റെ ചുമതലയും കടത്തിന്റെ ഉത്തരവാദിത്തവും സഹോദരൻ ഗബ്രിയേലിനെ ഏല്പ്പിച്ച് തന്റെ സമയമത്രയും തത്ത്വചിന്തയിലും കണ്ണട, സൂക്ഷ്മദർശിനി, ദൂരദർശിനി എന്നിവക്കുവേണ്ട ലെൻസുകൾ ഉരച്ചുനിർമ്മിക്കുന്നതിലും കഴിച്ചു.[4]
വിവാദപരമായ ആശയങ്ങളും യഹൂദപ്രതികരണവും
തിരുത്തുകപുതിയ ചിന്തകൾ, പ്രണയം
തിരുത്തുകഒരു മുൻ ഈശോസഭക്കാരനായ സ്വതന്ത്രചിന്തകൻ, ഫ്രാൻസ് വാൻഡെൻ എൻഡെ എന്നയാളുടെ സ്കൂളിൽ അദ്ധ്യപകനായും സ്പിനോസ ഇക്കാലത്ത് പ്രവർത്തിക്കാൻ തുടങ്ങി. സ്പിനോസയുടെ ലത്തീൻ ഭാഷ മെച്ചപ്പെടാനും ദെക്കാർത്ത്, ഫ്രാൻസിസ് ബേക്കൺ, തോമസ് ഹോബ്സ് തുടങ്ങിയവരുടെ ചിന്തകളിലേക്ക് അദ്ദേഹം ആകർഷിക്കപ്പെടാനും ഇത് ഇടവരുത്തി. അക്കാലത്ത് അദ്ദേഹം തോമസ് അക്വിനാസിന്റെ ദൈവശാസ്ത്രസംഗ്രഹവും (Summa Theologica) വായിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു.[4] ഇതിനൊക്കെപ്പുറമേ സ്പിനോസ, പ്രധാനാദ്ധ്യാപകന്റെ മകളുമായി പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ അവൾ ധനവാനായ മറ്റൊരു കാമുകനുവേണ്ടി സ്പിനോസയെ തിരസ്കരിക്കുകയാണുണ്ടായത്.[ക] പിന്നീടുള്ള ജീവിതകാലമത്രയും അദ്ദേഹം വിവാഹത്തെപ്പറ്റി ആലോചിച്ചില്ല.
ഭ്രഷ്ട്
തിരുത്തുകതാൽമുദിനും മറ്റു മതഗ്രന്ഥങ്ങൾക്കും നേരെ വിമർശനാത്മകമായ സമീപനം സ്വീകരിച്ച സ്പിനോസ, അംഗീകൃത യഹൂദനിലപാടുകൾക്ക് വിരുദ്ധമായ വിശ്വാസങ്ങൾ വച്ചുപുലർത്തുന്നവനെന്ന നിലയിൽ യഹൂദസമുദായത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 1656-ലെ വേനൽക്കാലത്ത്, മതനേതൃത്വം സ്പിനോസയെ യഹൂദസമൂഹത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കി. ഉത്തരവിൽ വ്യക്തമായ സൂചനയില്ലായിരുന്നെങ്കിലും, സ്പിനോസയുടെ ദൈവസങ്കല്പം, മതനിരാസത്തിന്(apostacy) സമാനമായി പരിഗണിക്കപ്പെട്ടതാണ് പുറത്താക്കലിന് കാരണമായതെന്ന് പറയപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന്റെ 'പാഷണ്ഡത' യഹൂദനേതൃത്വത്തിലുളവാക്കിയ ധർമ്മരോഷം മാത്രമായിരുന്നില്ല കാരണം; യഹൂദമതത്തിന്റെയെന്നപോലെ മറ്റുമതങ്ങളുടേയും യാഥാസ്ഥിതികത്വത്തിന് നിരക്കാത്ത സ്പിനോസയുടെ ആശയങ്ങൾ, മുഴുവൻ യഹൂദസമൂഹത്തിനുമെതിരെ ആംസ്റ്റർഡാമിലെ ക്രൈസ്തവനേതൃത്വത്തെ തിരിച്ച്, യഹൂദർ ആ നഗരത്തിൽ അനുഭവിച്ചിരുന്ന താരതമ്യേനയുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയേക്കാമെന്ന പ്രായോഗികപ്രശ്നവും മതനേതൃത്വത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. മതനിഷ്കാസനത്തിന്റെ വ്യവസ്ഥകൾ വളരെ കഠിനമായിരുന്നു.[6] ബൈബിളിലെ നിയമാവർത്തനപ്പുസ്തകത്തിലെ എല്ലാ ശാപവചനങ്ങൾക്കും പുറമേ, തന്നെ പരിഹസിച്ച കുട്ടികളെ കാട്ടിലെ ഒരു പെൺകരടിവന്ന് കടിച്ചുകീറാനിടയാകും വിധം ശപിച്ച ഏലീശാ പ്രവാചകന്റെ ശാപവാക്കുകൾ കൊണ്ടും സ്പിനോസ ശപിക്കപ്പെട്ടെന്ന് ബെർട്രാൻഡ് റസ്സൽ പറയുന്നു.[7] മതനിഷ്കാസനത്തിന്റെ ആ ഉത്തരവ് ഒരിക്കലും പിൻവലിക്കപ്പെട്ടില്ല.
റിൻസ്ബർഗ്, ആദ്യകാലരചനകൾ
തിരുത്തുകയഹൂദ മതത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനെതുടർന്ന്, അനുഗൃഹീതൻ എന്നർഥമുള്ള തന്റെ പേരിന്റെ ലത്തീൻ രൂപമായ ബെനഡിക്ടസ് എന്ന പുതിയ പേര് സ്പിനോസ സ്വീകരിച്ചു. ആംസ്റ്റർഡാമിൽ, ബാറുക്കിന്റെ പോർത്തുഗീസ് രൂപമായ ബെന്റൊ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. അതായിരുന്നു അദ്ദേഹത്തിന്റെ അനൗപചാരികനാമം. ഇതിനിടെ നാടകശാലയിലെ ഒരു സന്ദർശനത്തിനിടെ ഒരു മതഭ്രാന്തൻ സ്പിനോസയെ വധിക്കാൻ ശ്രമിച്ചു. ആയുധം അദ്ദേഹത്തിന്റെ മേൽക്കുപ്പായം കീറുക മാത്രമേ ഉണ്ടായുള്ളു. 1660-ൽ സ്വസ്ഥമായ ജീവിതം തേടി സ്പിനോസ ആംസ്റ്റർഡാം വിട്ട് റിൻസ്ബർഗ് എന്ന ഗ്രാമത്തിലേക്ക് പോയി. അവിടെയുണ്ടായിരുന്ന കൊളേജിയന്മാർ എന്ന വിമതക്രൈസ്തവവിഭാഗത്തിലെ അംഗങ്ങളിൽ പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. അവരിലൊരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി. സ്പിനോസയുടെ ആദ്യകാലകൃതികൾ പലതും എഴുതപ്പെട്ടത് ആ വീട്ടിൽ വച്ചാണ്.
ബുദ്ധിയുടെ വികാസത്തെക്കുറിച്ച്
തിരുത്തുകബുദ്ധിയുടെ വികാസത്തെക്കുറിച്ച് എന്ന ലഘുകൃതി അക്കാലത്തെ ശ്രദ്ധേയമായ രചനകളിൽ ഒന്നാണ്. തത്ത്വചിന്തയിലേക്ക് താൻ തിരിഞ്ഞതെങ്ങനെയെന്നും അതിൽ തന്റെ അന്വേഷണം ലക്‌ഷ്യമാക്കുന്നതെന്തെന്നും ആ രചനയുടെ തുടക്കത്തിൽ സ്പിനോസ ഇങ്ങനെ വിശദീകരിച്ചു.
“ | സാധാരണ ജീവിതത്തിൽ നിത്യം നടക്കുന്ന കാര്യങ്ങളെല്ലാം മിഥ്യയും വൃഥാവേലയും ആണെന്ന് അനുഭവം എന്നെ പഠിപ്പിച്ചപ്പോൾ, എനിക്കു ഭയം തരുകയും എന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നവയായുള്ളവക്കൊന്നിനും മനസ്സിനെ അവ എങ്ങനെ ബാധിക്കുന്നുവെന്നതൊഴിച്ച് ഗുണമോ ദോഷമോ ഇല്ലെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ, കണ്ടെത്തുകയും പ്രാപിക്കുകയും ചെയ്തുകഴിയുമ്പോൾ നമുക്ക് നിരന്തരവും അത്യുന്നതവും അനന്തവുമായ സന്തുഷ്ടി പ്രദാനം ചെയ്യാൻ കഴിവുള്ളതായി എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കാൻ ഞാൻ ഉറച്ചു[8] | ” |
ശാശ്വതവും അതിരില്ലാത്തതുമായുള്ള ഒന്നിനോടുള്ള സ്നേഹത്തിനേ എല്ലാ വേദനയിൽ നിന്നും മുക്തമായ സന്തുഷ്ടി മനസ്സിന് തരാൻ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ശാശ്വതവും അതിരില്ലാത്തതുമെന്ന് സ്പിനോസ വിളിച്ചത് ദൈവത്തെയാണെന്ന് പറയാമെങ്കിലും അവിടെ ദൈവത്തിന്റെ നിർവചനം പ്രകൃതിയുടെ സർഗ്ഗശക്തിയും നിയമങ്ങളും എന്നാണ്.[ഗ]
ദെക്കാർത്തിന്റെ തത്ത്വചിന്തയെക്കുറിച്ച്
തിരുത്തുകഇക്കാലത്തെഴുതിയ മറ്റൊരു കൃതി ദെക്കാർത്തിന്റെ തത്ത്വചിന്തയെക്കുറിച്ചായിരുന്നു. ആംസ്റ്റർഡാമിലെ പഴയ സുഹൃത്തുക്കളുടെ പ്രോത്സാഹനത്തിൽ എഴുതി അവരുടെ ചെലവിൽ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പേര്, ദെക്കാർത്തിന്റെ തത്ത്വചിന്തയുടെ ക്ഷേത്രഗണിതരൂപം എന്നായിരുന്നു. സ്പിനോസയുടെ ജീവിതകാലത്ത് അദ്ദേഹത്തിൽ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏകരചനയാണിത്. അതിനൊടുവിൽ എഴുതിയ ഒരു കുറിപ്പിൽ സമയം ഒരു വസ്തുനിഷ്ഠയാഥാർഥ്യമല്ലെന്നും ഒരു ചിന്താരീതി മാത്രമാണെന്നും സ്പിനോസ സൂചിപ്പിച്ചു.
വൂർബർഗിൽ - "ദൈവശാസ്ത്രവും രാഷ്ട്രനീതിയും"
തിരുത്തുക1663-ൽ സ്പിനോസ റിൻസ്ബർഗിൽ നിന്ന് ഹേഗിനടുത്തുള്ള വൂർബർഗിലേക്ക് താമസം മാറ്റി. അവിടെ ഒരു കലാകാരന്റെ വീട്ടിൽ ലെൻസ് ഉരച്ചുണ്ടാക്കുന്ന ജോലിയിലും മരണാനന്തരം പ്രസിദ്ധീകരിച്ച സദാചാരശാസ്ത്രം എന്ന തന്റെ മുഖ്യകൃതിയുടെ രചനയിലും മുഴുകി അദ്ദേഹം 1670 വരെ താമസിച്ചു. സ്പിനോസയുടെ പ്രധാനരചനകളിലൊന്നായ "ദൈവശാസ്ത്രവും രാഷ്ട്രനീതിയും" (Treatise on Theology and Politics) പേരുവെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കപ്പെട്ടത് ഇക്കാലത്തിനൊടുവിലാണ്. ബൈബിൾ വിമർശനത്തെക്കുറിച്ച് തീർത്തും നവീനവും വിപ്ലവകരവുമായ വീക്ഷണങ്ങൾ അവതരിപ്പിച്ച ഈ കൃതി ആ മേഖലയിൽ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
വ്യഞ്ജനങ്ങൾ മാത്രം ഉപയോഗിച്ചെഴുതിയിരുന്ന പഴയ കൈയെഴുത്തുപ്രതികളിലെ പാഠത്തോട്, സ്വരങ്ങളുടേയും ഉച്ചാരണത്തിരിവുകളുടേയും(accents) ചിഹ്നങ്ങൾ കൂട്ടിച്ചേർത്ത് ക്രി.വ. ഏഴും പത്തും നൂറ്റാണ്ടുകൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട എബ്രായബൈബിളിന്റെ അംഗീകൃതമായ മസോറട്ടിക് പാഠം(Masoretic Text) ഊഹാപോഹങ്ങളുടെ സൃഷ്ടിയാണെന്ന് സ്പിനോസ ചൂണ്ടിക്കാട്ടി. പഞ്ചഗ്രന്ഥിയുടെ കർത്താവ് മോശെയോ യോശുവായുടെ പുസ്തകം എഴുതിയത് യോശുവയോ അല്ലെന്നും പഴയനിയമത്തിലെ ചരിത്രപരമായ പുസ്തകങ്ങൾ അഞ്ചാം നൂറ്റാണ്ടിൽ പുരോഹിതലേഖകനായ എസ്രാ എഴുതിയതായിരിക്കാമെന്നും സ്പിനോസ വാദിച്ചു. ഇയ്യോബിന്റെ പുസ്തകത്തെ അദ്ദേഹം, യഹൂദേതരപശ്ചാത്തലത്തിൽ എഴുതപ്പെട്ട് എബ്രായഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട രചനയായി കണ്ടു. പഴയനിയമത്തിലെ പ്രവാചകന്മാർ ജ്ഞാനികളോ, ദൈവപ്രചോദിതരോ എന്നതിനേക്കാൾ ഭാവനാസമൃദ്ധിയാൽ അനുഗൃഹീതരായ കവികളും ജീവിതനിഷ്ടകൊണ്ട് മാതൃകകാട്ടിയവരും ആയിരുന്നെന്ന് സ്പിനോസ കരുതി. ബൈബിളിൽ വിവരിച്ചിരിക്കുന്ന അത്ഭുതകഥകളെ സ്പിനോസ മുഖവിലക്കെടുത്തില്ല. പ്രകൃതിയുടെ സാർവലൗകികനിയമങ്ങൾക്ക് വിരുദ്ധമായുള്ളത് ദൈവനിയമത്തിനും, ദൈവജ്ഞാനത്തിനും, ദൈവസ്വഭാവത്തിനും വിരുദ്ധമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ദൈവം പ്രകൃതിനിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുമെന്നു പറയുന്നത് അവിടന്ന് സ്വന്തം സ്വഭാവത്തിനു വിരുദ്ധമായി പ്രവർത്തിക്കുമെന്നാകയാൽ അബദ്ധമാണ്.[9]
യഹൂദനയി ജനിച്ച സ്പിനോസ, ക്രിസ്തുമതത്തെയും പുതിയനിയമത്തെയും മനസ്സിലാക്കാനും അനുരജ്ഞകമായ മനസ്ഥിതിയോടെ സമീപിക്കാനും ശ്രമിച്ചു. ക്രിസ്തുവിന് കല്പിക്കപ്പെട്ട ദൈവസ്വഭാവത്തെ അദ്ദേഹം അംഗീകരിച്ചില്ല. എന്നാൽ യേശുവിന്റെ ജീവിതത്തെയും പ്രബോധനങ്ങളേയും സ്പിനോസ പ്രത്യേകം വിലമതിച്ചു.
മതത്തിനും രാഷ്ട്രത്തിനുമിടയിൽ അധികാരത്തെച്ചൊല്ലി നടക്കാറുള്ള തർക്കത്തിൽ സ്പിനോസയുടെ നിലപാട്, മതത്തിന്റെ പരസ്യാനുഷ്ടാനം രാഷ്ട്രാധികാരത്തിനുവിധേയമായി വേണമെന്നായിരുന്നു. അതേസമയം, വ്യക്തികളുടെ സ്വകാര്യവിശ്വാസങ്ങളെ നിയന്ത്രിക്കാൻ രാഷ്ട്രം ശ്രമിക്കുന്നതിനെ അദ്ദേഹം എതിർത്തു.
ഹേഗിൽ, ജീവിതാന്ത്യം
തിരുത്തുകദൈവശാസ്ത്രവും രാഷ്ട്രനീതിയും എന്ന കൃതിയിൽ സ്പിനോസ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ യാഥാസ്ഥിതികമതവിശ്വാസികളുടെ കടുത്ത എതിർപ്പിന് കാരണമായി. ആംസ്റ്റർഡാമിൽ ചേർന്ന പ്രൊട്ടസ്റ്റന്റ് സഭാസമ്മേളനം, 'മതവിരുദ്ധമായ' അത്തരമൊരു കൃതി ഒരു ക്രൈസ്തവരാജ്യത്ത് പ്രസിദ്ധീകരിക്കപ്പെട്ടതിൽ പ്രതിക്ഷേധം പ്രകടിപ്പിച്ചു. വളഞ്ഞവഴിയിലൂടെ നിരീശ്വരത്വം പ്രചരിപ്പിക്കുന്നതും, മതവിശ്വാസത്തിന്റെ വേരറക്കുന്നതുമായ കൃതിയെന്ന് അത് വിശേഷിക്കപ്പെട്ടു.
1670-ൽ സ്പിനോസ വൂർബർഗിൽ നിന്ന് ഹേഗിലെ സുഹൃത്തുക്കളുടെ അടുത്തായിരിക്കാനായി, അവിടേക്ക് താമസം മാറ്റി. അവശേഷിച്ച ജീവിതകാലം അദ്ദേഹം ചെലവഴിച്ചത് ഹേഗിലാണ്. അവിടെ ഹെന്റിക്ക് വാൻഡെർ സ്പിക്ക് എന്ന സുഹൃത്തിന്റെ വസതിയിൽ ലെൻസ് നിർമ്മാണത്തിലും, ചിന്തയിലും, രചനയിലും മുഴുകി അദ്ദേഹം താമസിച്ചു. വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു അദ്ദേഹത്തിന്റെ മുറി. അതിൽ, പകൽ സമയത്ത് ഭിത്തിയോടുചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി. ചിലപ്പോഴൊക്കെ മൂന്നുമാസത്തോളം വരെ വീടിനുപുറത്തിറങ്ങിയതേയില്ല.
സ്വന്തം പേരിൽ കാര്യമായ രചനകളൊന്നും പ്രസിദ്ധീകരിച്ചില്ലായിരുന്നെങ്കിലും സ്പിനോസയുടെ വ്യക്തിത്വവും ചിന്താഗഹനതയും പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈഡൽബർഗ് സർവകലാശാല അദ്ധ്യാപകസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. അവർ വച്ചുനീട്ടിയ വ്യവസ്ഥകൾ വളരെ ഉദാരമായിരുന്നിട്ടും അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചില്ല. "ഭേദപ്പെട്ട മറ്റൊരു സ്ഥാനം കിട്ടുമെന്നുള്ള കണക്കുകൂട്ടലല്ല, സമാധാനപ്രേമമാണ്" തന്റെ തീരുമാനത്തിനുപിന്നിലെന്ന് അദ്ദേഹം സർവകലാശാലക്ക് എഴുതി. സ്പിനോസയെപ്പറ്റി കേട്ടറിഞ്ഞ് പ്രശസ്ത ജർമ്മൻ ചിന്തകൻ ലീബ്നീസ് അദ്ദേഹത്തെ സന്ദർശിക്കാനെത്തിയെന്നും സ്പിനോസയുടെ അപ്രകാശിതമായിരുന്ന സന്മാർഗശാസ്ത്രം ക്ഷേത്രഗണിതരീതിയിൽ എന്ന മുഖ്യകൃതിയുടെ കൈയെഴുത്തുപ്രതി ലീബ്നീസ് കണ്ടിരുന്നെന്നും പറയപ്പെടുന്നു.[ഘ] ആ കൃതി പ്രസിദ്ധീകരിക്കാൻ സ്പിനോസ പലവട്ടം ആലോചിച്ചെങ്കിലും അത് വിളിച്ചുവരുത്തിയേക്കാവുന്ന പ്രതികരണം ഭയന്ന് ഒടുവിൽ വേണ്ടെന്നുവക്കുകയാണുണ്ടായത്.
ആരോഗ്യം മോശമായപ്പോൾ, തനിക്കുസ്വന്തമായുണ്ടായിരുന്ന ചുരുക്കം വസ്തുക്കൾ വിറ്റ്, മരണശേഷം തന്റെ കടം വീട്ടണമെന്ന് സ്പിനോസ സുഹൃത്തുക്കൾക്ക് നിർദ്ദേശം നൽകി. സന്മാർഗശാസ്ത്രം ഉൾപ്പെടെ അപ്രസിദ്ധീകൃതമായിരുന്ന രചനകളുടെ കൈയെഴുത്തുപ്രതികളും സ്പിനോസ സുഹൃത്തുക്കളെ ഏല്പിച്ചു. സ്പിനോസയുടെ മരണം നടന്നത് ഒരു ഞായറാഴ്ചയാണ്. തനിക്ക് കാര്യമായ അസുഖമൊന്നും തോന്നുന്നില്ലെന്ന് സ്പിനോസ പറഞ്ഞതതിനാൽ അദ്ദേഹം താമസിച്ചിരുന്ന വീട്ടിലുണ്ടായിരുന്നവർ പള്ളിയിൽ പോയ സമയത്തായിരുന്നു അന്ത്യം. ആരാധകനായ യുവവൈദ്യൻ ജോർജ്ജ് ഹെർമൻ ഷുള്ളർ അപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തത്ത്വചിന്തകന്മാരും അധികാരസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നവരും അടക്കം നാനാമതസ്ഥരും വിഭാഗക്കാരുമായ ജനങ്ങൾ അദ്ദേഹത്തിന്റെ ശവമഞ്ചത്തെ അനുഗമിച്ചു. ഹേഗിലെ ന്യൂ ചർച്ചിലെ സിമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.[5]
സന്മാർഗശാസ്ത്രം ക്ഷേത്രഗണിതരീതിയിൽ
തിരുത്തുകസ്പിനോസയുടെ മുഖ്യകൃതിയായ "സന്മാർഗശാസ്ത്രം ക്ഷേത്രഗണിതരീതിയിൽ", അദ്ദേഹത്തിന്റെ മരണവർഷമായ 1677-നൊടുവിൽ സുഹൃത്തുക്കളാണ് പ്രസിദ്ധീകരിച്ചത്.
ഘടന
തിരുത്തുകഅഞ്ചു ഭാഗങ്ങളായി തിരിച്ച ഘടനയാണ് ഈ കൃതിക്കുള്ളത്. ഒന്നാം ഭാഗം ദൈവത്തെക്കുറിച്ചാണ്. അതിൽ സ്പിനോസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്യുന്നു. പ്രകൃതിയിൽ നിന്ന് അന്യമല്ലാത്ത, പ്രകൃതിതന്നെയായ ദൈവത്തെയാണ് അദ്ദേഹം സങ്കല്പിക്കുന്നത്. രണ്ടാം ഭാഗം മനസ്സിന്റെ സ്വഭാവത്തെയും ഉത്ഭവത്തേയും കുറിച്ചാണ്. മൂന്നാം ഭാഗം, വികാരങ്ങളുടെ വിശകലനവും ഉത്ഭവചരിത്രവുമാണ്. മനുഷ്യബന്ധനത്തെക്കുറിച്ച് (Of Human Bondage) എന്ന് പേരിട്ടിരിക്കുന്ന പ്രസിദ്ധമായ നാലാം ഭാഗം, വികാരങ്ങളുടെ ശക്തിയെക്കുറിച്ചാണ്. മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള (Of Human Freedom) അഞ്ചാംഭാഗം അറിവിന്റെ ശക്തിയെക്കുറിച്ചാണ്.
ശ്രദ്ധിച്ചു മാത്രം വായിക്കേണ്ട കൃതി
തിരുത്തുകഒറ്റയിരുപ്പിൽ എളുപ്പം വായിച്ചുതീർക്കാവുന്ന രചനയല്ല സന്മാർഗശാസ്ത്രം. ആ ഗ്രന്ഥത്തെ എങ്ങനെ സമീപിക്കണമെന്ന് വിൽ ഡുറാന്റ് "തത്ത്വചിന്തയുടെ കഥ"-യിൽ വിശദീകരിച്ചിട്ടുണ്ട്:-
“ | സ്പിനോസയെ വായിക്കുകയല്ല, പഠിക്കുകയാണ് വേണ്ടത്. (സന്മാർഗ്ഗശാസ്ത്രത്തിന്റെ)ഹ്രസ്വമയ ഇരുനൂറുപുറങ്ങളിൽ ഒരു മനുഷ്യൻ, തന്റെ ആയുഷ്കാലത്തെ ചിന്തകളത്രയും, പകർന്നുവച്ചിരിക്കുകയാണെന്നും, അനാവശ്യമായതിനെയെല്ലാം ചീന്തിക്കളയുന്ന സ്റ്റോയിക് ശില്പനിഷ്കർഷയാണ് അദ്ദേഹം പിന്തുടർന്നത് എന്നും അറിഞ്ഞ്, യൂക്ലിഡിനെ സമീപിക്കുന്നതുപോലെ വേണം സ്പിനോസയെ സമീപിക്കാൻ. ഓടിച്ചുള്ള വായനയിൽ സന്മാർഗശാസ്ത്രത്തിന്റെ കാമ്പ് പിടികിട്ടുമെന്ന് കരുതരുത്. ഒറ്റയടിക്കല്ല, പല ഇരുപ്പിൽ, ഭാഗങ്ങളായാണ് അത് വായിക്കേണ്ടത്. വായന തീർന്നുകഴിയുമ്പോൾ, നിങ്ങൾ അതിനെ കഷ്ടിച്ചു മനസ്സിലാക്കാൻ തുടങ്ങിയെന്നേ കരുതാവൂ. തുടർന്ന്, പൊള്ളോക്ക്, മാർട്ടിന്യൂ എന്നിവരിൽ ഒരാളെങ്കിലും എഴുതിയ പഠനം വായിക്കുക. രണ്ടു പഠനങ്ങളും വായിക്കാനായാൽ ഏറെ നന്ന്. ഒടുവിൽ 'സന്മാർഗ്ഗശാസ്ത്രം' വീണ്ടും വായിക്കുക. അപ്പോൾ അത് നിങ്ങൾക്ക് ഒരു പുതിയ പുസ്തകമായിരിക്കും. രണ്ടാമത്തെ വായനക്ക് ശേഷം നിങ്ങൾ നിത്യകാലവും തത്ത്വചിന്തയുമായി പ്രണയത്തിലായിരിക്കും.[5] | ” |
പദാർഥം, ഗുണം, ഭാവം
തിരുത്തുകനൂതനചിന്തയുടെ ലോകത്തിൽ ക്രമവും ഏകീഭാവവും കൊണ്ടുവന്ന്, പരമ്പരാഗതവിശ്വാസങ്ങളുമായുള്ള മുഖാമുഖത്തിന് അതിനെ സജ്ജമാക്കുകയാണ് സ്പിനോസ ചെയ്തത്. സവിശേഷമായ ഒരുജാതി ദൈവാവബോധത്തിന്റെ വെളിച്ചത്തിൽ ഉണ്മയെക്കുറിച്ചുള്ള തന്റെ നിലപാടുകൾ സ്പിനോസ പടുത്തുയർത്തിയത്, പദാർഥം, ഗുണം, ഭാവം (substance/attribute/mode)എന്നീ സങ്കല്പങ്ങളിന്മേലാണ്. "എന്താണ് ഉള്ളത്?" എന്ന ചോദ്യത്തിന് സ്പിനോസയുടെ മറുപടി, "പദാർഥവും, അതിന്റെ ഗുണ-ഭാവങ്ങളും" എന്നാണ്.[10] പദാർഥത്തിന്റെ പൊരുളായി ബുദ്ധിക്കു കാണപ്പെടുന്നതെന്തോ, അതാണ് ഗുണം. അവസ്ഥാഭേദങ്ങളാണ് ഭാവങ്ങൾ. ഭാവാന്തരങ്ങളിൽ ഒന്ന് മറ്റൊന്നായിരിക്കുകയും മറ്റൊന്നായി സങ്കല്പിക്കപ്പെടുകയും ചെയ്യുന്നു.
ദൈവം തന്നെയായ പ്രകൃതി
തിരുത്തുകയുവാവായിരിക്കുമ്പോൾ സ്പിനോസ, മനസ്സും പദാർഥവും രണ്ടാണെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ദെക്കാർത്തിന്റെ ദ്വൈതചിന്ത പിന്തുടർന്നിരുന്നു. എന്നാൽ പിന്നീടദ്ദേഹം, അവ രണ്ടല്ല അവക്ക് ഒരേ ഉണ്മയാണുള്ളത് എന്ന വിശ്വാസത്തിലെത്തി. പ്രകൃതിയിൽ ഉണ്ടായിരിക്കുന്നതെല്ലാം ഒരേ യാഥാർഥ്യം (പദാർഥം) ആണെന്നും നമുക്കും ചുറ്റും കാണുന്നതും നമ്മെ ഉൾക്കൊള്ളുന്നതുമായ യാഥാർഥ്യമാകെ പിന്തുടരുന്നത് ഒരേനിയമക്രമമാണെന്നും അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ദൈവം, പ്രകൃതി എന്നിവ ഒരേ യാഥാർഥ്യത്തിന്റെ രണ്ടുനാമങ്ങളാണ്. എല്ലാത്തിനും അടിസ്ഥാനമായിരിക്കുന്ന ആ പദാർഥത്തിന്റെ ഭാവാന്തരങ്ങളാണ് നാം വ്യതിരിക്തമായി കാണുന്നതെല്ലാം. ഭാവാന്തരങ്ങൾ പ്രകൃതിയിൽ നിലകൊള്ളുകയും കാര്യങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കാര്യ-കാരണങ്ങളുടെ സങ്കീർണ്ണശൃഖലയെ പൂർണ്ണതയിൽ ഗ്രഹിക്കുക അസാധ്യമാണ്.
ദൈവം അല്ലെങ്കിൽ പ്രകൃതി, കണക്കില്ലാത്ത ഗുണങ്ങൾ (attributes) ഉള്ള ഒരുണ്മയാണെന്ന് സ്പിനോസ വാദിച്ചു. ആ ഗുണങ്ങളിൽ ചിന്തയും പ്രകടനവും(thought and extension) ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ തത്ത്വമീമാംസ പദാർഥ-മനോലോകങ്ങളെ ഒന്നുതന്നെയായി പരിഗണിക്കുന്നു. വിശ്വസത്തയിൽ (universal substance) ശരീരവും മനസ്സും ഉൾക്കൊള്ളുന്നു. അവയ്ക്കുതമ്മിൽ വ്യത്യാസമൊന്നുമില്ല. മനോ-ശരീരദ്വൈതത്തിന്റെ പ്രശ്നത്തിന്(Mind-body dualism) പരിഹാരമെന്ന നിലയിൽ ചരിത്രപ്രാധാന്യമുള്ള ഈ വിശദീകരണം നിഷ്പക്ഷ-ഏകതാവാദം (neutral monism) എന്നറിയപ്പെടുന്നു. ഈ വിശദീകരണം പിന്തുടർന്നാൽ പ്രപഞ്ചത്തെ പരിപാലിച്ചു ഭരിക്കുന്ന ഒരു ദൈവത്തെ കണ്ടെത്താനാവില്ല. പ്രകൃതിയിൽ കാണുന്നതിനെയെല്ലാം ഉൾക്കൊള്ളുന്ന, ഒരു ദൈവത്തെയാണ് അത് സങ്കല്പിക്കുന്നത്. വിശ്വപ്രകൃതിതന്നെയായ ആ ദൈവം ഒരു വ്യക്തിദൈവമല്ല.
സ്പിനോസയുടെ തത്ത്വചിന്തയിലെ ദൈവസങ്കല്പം യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളിലെ സ്രഷ്ടാവും പരിപാലകനുമായുള്ള ദൈവം എന്ന ആശയവുമായി ചേർന്നുപോകുന്നതല്ല. സ്പിനോസയുടേത് നിരീശ്വരചിന്തയായിരുന്നു എന്നുപോലും ആരോപിക്കപ്പെട്ടിട്ടുണ്ട്.
നിശ്ചയവാദം, സ്വാതന്ത്ര്യം
തിരുത്തുകതികഞ്ഞ നിശ്ചയവാദി (determinist) ആയിരുന്ന സ്പിനോസ, സംഭവിക്കുന്നതെല്ലാം ആവശ്യകതയുടെ പ്രവർത്തനത്താൽ സംഭവിക്കുന്നുവെന്ന് വാദിച്ചു. മനുഷ്യന്റെ കർമ്മങ്ങളും നിശ്ചിതമാണ്. സ്വാതന്ത്ര്യമെന്നാൽ, നമ്മുടെ വ്യാപാരങ്ങൾ നിശ്ചിതമാണെന്നും, അവയിലെക്ക് നമ്മെ നയിക്കുന്നതെന്തെന്നും അറിയുക എന്നാണ്. സംഭവഗതികളെ ചെറുത്തുനിൽക്കാനുള്ള പ്രാപ്തിയല്ല, അവയോട് സമ്മതം പറയാനും അവയുടെ അനിവാര്യത മനസ്സിലാക്കാനുമുള്ള കഴിവാണ് സ്വാതന്ത്ര്യം. നമ്മുടെ പ്രവർത്തികളെയും വികാരങ്ങളേയും കുറിച്ച് പര്യാപ്തജ്ഞാനം നേടുകവഴി നാം ഉളവാക്കുന്ന ഫലങ്ങളുടെ പര്യാപ്തകാരണങ്ങൾ നാം തന്നെയാകുന്നു. അത് നമ്മുടെ നിഷ്ക്രിയത കുറച്ച് നമ്മെ സക്രിയരാക്കുന്നു. നാം കൂടുതൽ സ്വതന്ത്രരും ദൈവഭാവികളും ആയിത്തീരുന്നു.(Scholium to Prop. 49, Part II.) സംഭവിക്കുന്നതെല്ലാം അത് പോലെ തന്നെ സംഭവിക്കേണ്ടതാണെന്ന നിലപാടിൽ സ്പിനോസ ഉറച്ചുനിന്നു. മനുഷ്യർ സ്വതന്ത്രമനസ്കരല്ല. എന്നാൽ തങ്ങൾ സ്വതന്ത്രമനസ്കരാണെന്നാണ് അവർ വിശ്വസിക്കുന്നത്. ജി.എച്ച് ഷാല്ലർക്കയച്ച കത്തിൽ (62-ആമത്തെ കത്ത്), സ്പിനോസ ഇങ്ങനെ എഴുതി: "മനുഷ്യർ തങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് ബോധമുള്ളവരാണ്; എന്നാൽ ആ ആഗ്രഹങ്ങളെ ഉളവാക്കുന്ന കാരണങ്ങളെക്കുറിച്ച് അവർ അജ്ഞരാണ്."[11]
സ്റ്റോയിക്കുകളും സ്പിനോസയും
തിരുത്തുകസന്മാർഗശാസ്ത്രത്തിലെ തത്ത്വചിന്തക്ക് സ്റ്റോയിസിസവുമായി സമാനതകളുണ്ട്. മനുഷ്യർക്ക് സന്തുഷ്ടിയിലേക്കുള്ള വഴി കാണിച്ചുകൊടുക്കാനാണ് സ്പിനോസയും സ്റ്റോയിക്കുകളും ശ്രമിച്ചത്. സൗഖ്യദാനം(therapeuthy) ലക്‌ഷ്യമാക്കിയ തത്ത്വചിന്തകളാണ് ഇവയെന്ന് പറയാം. എന്നാൽ സ്റ്റോയിക്കുകളെപ്പോലെ, യുക്തിയെ ആശ്രയിച്ച് വികാരങ്ങളുടേയും അഭിലാഷങ്ങളുടേയും മേൽ വിജയം നേടാമെന്ന് സ്പിനോസ കരുതിയില്ല. ഒരു വികാരത്തെ ഇല്ലാതാക്കാൻ അതിനേക്കാൾ ശക്തമായ മറ്റൊരു വികാരത്തിനേ കഴിയൂ എന്ന് സ്പിനോസ വിശ്വസിച്ചു. അദ്ദേഹത്തെ സംബന്ധിച്ചടുത്തോളം സക്രിയവും നിഷ്ക്രിയവും ആയ വികാരങ്ങൾ തമ്മിലുള്ള വ്യത്യാസം പ്രധാനമായിരുന്നു. യുക്തിപൂർവം മനസ്സിലാക്കപ്പെട്ട വികാരമാണ് സക്രിയമായത്. അങ്ങനെയല്ലാത്തത് നിഷ്ക്രിയവും. നിഷ്ക്രിയവികാരങ്ങളും, യഥാർഥകാരണം കണ്ടെത്തിക്കഴിയുമ്പോൾ സക്രിയവികാരങ്ങളായി പരിണമിക്കുന്നു. സിഗ്മണ്ട് ഫ്രോയിഡിന്റെ മനോവിശ്ലേഷണരീതിയുടെ അടിസ്ഥാന ആശയങ്ങളിലൊന്നിന്റെ ശ്രദ്ധേയമായ പൂർവദർശനമായിരുന്നു ഇത്.[12]
ആധുനികകാലത്തെ പ്രസക്തി
തിരുത്തുകഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ യൂറോപ്പ് സ്പിനോസയുടെ തത്ത്വചിന്തയിൽ കൂടുതൽ താത്പര്യം കാട്ടി. ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് നിലപാടുകളിൽ നിന്നായിരുന്നു ആ താത്പര്യം ഏറെയും. ഗിൽസ് ഡെലൂസ്, അന്റോണിയോ നെഗ്രി തുടങ്ങിയ ചിന്തകന്മാരും പ്രസിദ്ധ ബ്രസീലിയൻ ചിന്തകനായ മാരിലേന ചവുയിയും സ്പിനോസയെപ്പറ്റി ഗ്രന്ഥങ്ങൾ എഴുതി . 1968-ൽ പ്രസിദ്ധീകരിച്ച ഡെലൂസിന്റെ ഗവേഷണപ്രബന്ധത്തിൽ സ്പിനോസ തത്ത്വചിന്തകന്മാരിലെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ടു. സ്പിനോസയുടെ സ്വാധീനം ഏറെ പ്രകടിപ്പിച്ച മറ്റുചിന്തകന്മാരിൽ കോണ്സ്റ്റാന്റിൻ ബ്രണ്ണർ, ജോൺ ഡേവിഡ് ഗാർസിയ എന്നിവർ ഉൾപ്പെടുന്നു. സ്റ്റ്യൂവാർട്ട് ഹാംപ്ഷയർ ഇംഗ്ലീഷിൽ സ്പിനോസയെക്കുറിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗ്രന്ഥമെഴുതി. മറ്റൊരു കൃതി എച്ച്.എച്ച്. ജോവാക്കിമിന്റേതാണ്. ഫ്രീഡ്രിക്ക് നീച്ച സ്പിനോസയുടെ തത്ത്വചിന്തയെ ഏറെ വിലമതിച്ചിരുന്നു.
തത്ത്വചിന്തകൻ ലുഡ്വിഗ് വിറ്റ്ജൻസ്റ്റൈൻ, "യുക്തിയേയും തത്ത്വചിന്തയേയും കുറിച്ച്" എന്ന തന്റെ ഗ്രന്ഥത്തിന് പേരിട്ടത്, "ദൈവശാസ്ത്രത്തേയും രാഷ്ട്രനീതിയേയും" കുറിച്ചുള്ള സ്പിനോസയുടെ കൃതിയുടെ പേരിനെ പിന്തുടർന്നാണ്. "നിത്യതയുടെ വീക്ഷണകോണിൽ നിന്ന്" (sub specie aeternitatis) എന്ന സ്പിനോസയുടെ സങ്കല്പം വിറ്റ്ജൻസ്റ്റൈൻ കടമെടുക്കുന്നുണ്ട്. നിത്യതയേയും നിത്യജീവിതം എന്ന മതസങ്കൽപത്തേയും കുറിച്ചുള്ള സ്പിനോസയുടെ ആശയങ്ങൾ വിറ്റ്ജൻസ്റ്റൈന്റെ ഈ രചനയിൽ പ്രതിഫലിക്കുന്നുണ്ട്. 'നിത്യത' എന്നതിന്, 'എക്കാലവും' എന്നർത്ഥമാക്കുന്നതിനു പകരം 'കാലരഹിതമായത്' എന്ന് അർത്ഥം കല്പിച്ചാൽ, വർത്തമാനത്തിൽ ജീവിക്കുന്നവൻ നിത്യതയിൽ ജീവിക്കുന്നു എന്ന് വിറ്റ്ജൻസ്റ്റൈൻ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
തത്ത്വചിന്തയുടെ ലോകത്തിനപ്പുറവും സ്പിനോസയുടെ സ്വാധീനം കാണാം. സന്മാർഗശാസ്ത്രത്തിന്റെ ആദ്യത്തെ ഇംഗ്ലീഷ് മൊഴിമാറ്റം പത്തൊൻപതാം നൂറ്റാണ്ടിലെ നോവലിസ്റ്റ് ജോർജ് എലിയട്ടിന്റേതാണ്. ഇരുപതാം നൂറ്റാണ്ടിൽ സോമർസെറ്റ് മോമിന്റെ 'മനുഷ്യബന്ധനത്തെക്കുറിച്ച്'(Of Human Bondage) എന്ന നോവലിന് സ്പിനോസയുടെ സന്മാർഗശാസ്ത്രത്തിന്റെ നാലാം ഭാഗത്തിന്റെ പേരാണ്. ആൽബർട്ട് ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ. അന്തമില്ലാത്ത പദാർഥമായി താൻ സങ്കല്പിച്ച ദൈവത്തെ സ്പിനോസ പ്രകൃതിതന്നെയായി കരുതി. ഐൻസ്റ്റൈന്റെ സങ്കല്പത്തിലെ വ്യക്തിരൂപമെടുക്കാത്ത (Impersonal)ദൈവത്തോട് ഈ ദൈവസങ്കല്പത്തിന് സാമ്യമുണ്ട്. 1929-ൽ യഹൂദ റാബൈ ഹെർബർട്ട് എസ്. ഗോൾഡ്സ്റ്റീൻ, "ദൈവത്തിൽ വിശ്വസിക്കുന്നോ" എന്ന് ചോദിച്ച് അയച്ച കമ്പി സന്ദേശത്തിന് ഐൻസ്റ്റൈൻ കൊടുത്ത മറുപടി "മനുഷ്യവ്യക്തികളുടെ കർമ്മങ്ങളിലും വിധിയിലും ഇടപെടുന്ന ദൈവത്തിലല്ല, പ്രപഞ്ചത്തിന്റെ താളക്രമത്തിൽ പ്രകടമാകുന്ന സ്പിനോസയുടെ ദൈവത്തിലാണ് എനിക്കു വിശ്വാസം" എന്നായിരുന്നു.[13]
നെഥർലാൻഡ്സിൽ സ്പിനോസ ഒരു പ്രധാന ചരിത്രപുരുഷനായി പരിഗണിക്കപ്പെടുന്നു. യൂറോപ്യൻ കൂട്ടായ്മയുടെ പൊതുനാണയവ്യവസ്ഥയായ യൂറോ നിലവിൽ വരുന്നതുവരെ പ്രചാരത്തിലിരുന്ന നെഥർലാൻഡ്സിലെ ആയിരം ഗിൽഡറിന്റെ നോട്ടിൽ, സ്പിനോസയുടെ ചിത്രം പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ആ രാജ്യത്തെ ഏറ്റവും ഉന്നതവും വിലമതിക്കപ്പെടുന്നതുമായ ശാസ്ത്രസമ്മാനം സ്പിനോസ സമ്മാനം എന്നാണ് അറിയപ്പെടുന്നത്.
കുറിപ്പുകൾ
തിരുത്തുകക.^ പ്രേമം നൽകിയ ഈ തിക്താനുഭവമാണ് സ്പിനോസയെ തത്ത്വചിന്തകനാക്കിയതെന്നതിൽ സംശയം വേണ്ട എന്നാണ് ഇതേക്കുറിച്ച് വിൽ ഡുറാന്റ് തത്ത്വചിന്തയുടെ കഥയിൽ എഴുതിയിരിക്കുന്നത്.("No doubt, it was at that moment that our hero became a philosopher.").
ഖ.^ "ആശയരൂപത്തിലുള്ള സത്യത്തിന്റെ വലിയ ഉദാഹരണമാണ് ഗണിതശാസ്ത്രം. കാന്റിനെപ്പോലെ സ്പിനോസയും തികച്ചും ശാസ്ത്രീയമായ ഒരു തത്ത്വമീമാംസ ലക്‌ഷ്യം വച്ചു. ഗണിതശാസ്ത്രം സത്യത്തിന്റെ മറ്റൊരു മാനം കാട്ടിത്തന്നിരുന്നില്ലെങ്കിൽ സത്യം മനുഷ്യവർഗത്തിന് എക്കാലവും അപ്രാപ്യമായിരുന്നേനെ എന്ന് സ്പിനോസ കരുതി. അതിനാൽ അദ്ദേഹം ദൈവത്തേയും, അറിവിനെയും, മനുഷ്യകാമനകളേയും വൃത്തങ്ങളും ത്രികോണങ്ങളും എന്ന മട്ടിൽ കൈകാര്യം ചെയ്തു".[14]
ഗ.^ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ച റാബൈ ഹെർബർട്ട് ഗോൾഡ്സ്റ്റീന് ആൽബർട്ട് ഐൻസ്റ്റൈൻ കൊടുത്തിരുന്ന മറുപടി, താൻ "സ്പിനോസയുടെ ദൈവത്തിൽ" വിശ്വസിക്കുന്നു എന്നായിരുന്നു.
ഘ.^ മാത്യൂ സ്റ്റീവാർട്ടിന്റെ രാജസേവകനും പാഷണ്ഡിയും(The Courtier and the Heretic)എന്ന കൃതി, ലീബ്നീസും സ്പിനോസയും തമ്മിൽ നടന്നതായി പറയപ്പെടുന്നു മുഖാമുഖത്തിന്റെ കഥയാണ്.[15]
ങ.^ സ്പിനോസയുടെ ശേഖരത്തിൽ ഉണ്ടായിരുന്നത് അറുപത് ഗ്രന്ഥങ്ങളായിരുന്നെന്ന് ജവഹർലാൽ നെഹ്രു മകൾക്കെഴുതിയ കത്തുകളിലൊന്നിൽ പറഞ്ഞിട്ടുണ്ട്: "ഇക്കാലത്ത് നമ്മൾ ഏറെ പുസ്തകങ്ങൾ വായിക്കുന്നുണ്ടെങ്കിലും അവയിൽ മിക്കവയും കാമ്പില്ലാത്തവയാണെന്നാണ് എന്റെ അഭിപ്രായം. പണ്ടുള്ളവർ കുറച്ചു പുസ്തകങ്ങളേ വായിച്ചിരുന്നുള്ളുവെങ്കിലും അവ നല്ല പുസ്തകങ്ങളായിരുന്നു. അവർ അവ നന്നായി മനസ്സിലാക്കുകയും ചെയ്തിരുന്നു. യൂറോപ്പിലെ മഹാചിന്തകന്മാരിലൊരാളായിരുന്ന സ്പിനോസ, അറിവും വിവേകവും തികഞ്ഞവനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിൽ അറുപതു പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളു എന്ന് പറയപ്പെടുന്നു."[16]
സ്പിനോസയുമായി ബന്ധപ്പെട്ട കൃതികൾ
തിരുത്തുകസ്പിനോസയുടെ കൃതികൾ
തിരുത്തുക- ca. 1660.Short Treatise on God, Man and His Well-Being.[17].
- 1662.On the Improvement of the Understanding. Project Gutenberg Archived 2008-07-24 at the Wayback Machine.; Pdf Version[പ്രവർത്തിക്കാത്ത കണ്ണി]
- 1663.Principles of Cartesian Philosophy, translated by Samuel Shirley, with an Introduction and Notes by Steven Barbone and Lee Rice, Indianapolis, 1998. Gallica.
- 1670. A Theologico-Political Treatise.[18]Project Gutenberg: Part 1 Archived 2008-07-20 at the Wayback Machine.;Part 2 Archived 2008-07-08 at the Wayback Machine.;Part 3 Archived 2008-10-07 at the Wayback Machine.;Part 4 Archived 2004-10-14 at the Wayback Machine.; Pdf Version[പ്രവർത്തിക്കാത്ത കണ്ണി]
- 1675/76 Tractatus Politicus (Unfinished) Pdf Version[പ്രവർത്തിക്കാത്ത കണ്ണി]
- 1677.The Ethics Project Gutenberg. Archived 2008-07-05 at the Wayback Machine. Another translation, by Jonathan Bennett.
- 1677. Hebrew Grammar.
സ്പിനോസയെക്കുറിച്ചുള്ള രചനകൾ
തിരുത്തുക- Albiac, Gabriel, 1987. La sinagoga vacía: un estudio de las fuentes marranas del espinosismo. Madrid: Hiperión D.L. ISBN 84-7517-214-8
- Balibar, Étienne, 1985. Spinoza et la politique ("Spinoza and politics") Paris: PUF.
- Boucher, Wayne I., 1999. Spinoza in English: A Bibliography from the Seventeenth Century to the Present. 2nd edn. Thoemmes Press.
- Boucher, Wayne I., ed., 1999. Spinoza: Eighteenth and Nineteenth-Century Discussions. 6 vols. Thoemmes Press.
- Damásio, António, 2003. Looking for Spinoza: Joy, Sorrow, and the Feeling Brain, Harvest Books,ISBN 978-0156028714
- Deleuze, Gilles, 1968. Spinoza et le problème de l'expression. Trans. "Expressionism in Philosophy: Spinoza" Martin Joughin (New York: Zone Books).
- ———, 1970. Spinoza - Philosophie pratique. Transl. "Spinoza: Practical Philosophy".
- ———, 1990. Negotiations trans. Martin Joughin (New York: Columbia University Press).
- Della Rocca, Michael. 1996. Representation and the Mind-Body Problem in Spinoza. Oxford University Press. ISBN 0-19-509562-6
- Garrett, Don, ed., 1995. The Cambridge Companion to Spinoza. Cambridge Uni. Press.
- Gatens, Moira, and Lloyd, Genevieve, 1999. Collective imaginings : Spinoza, past and present. Routledge. ISBN 0-415-16570-9, ISBN 0-415-16571-7
- Gullan-Whur, Margaret, 1998. Within Reason: A Life of Spinoza. Jonathan Cape. ISBN 0-224-05046-X
- Hampshire, Stuart, 1951. Spinoza and Spinozism , OUP, 2005 ISBN 978-0199279548
- Hardt, Michael, trans., University of Minnesota Press. Preface, in French, by Gilles Deleuze, available here Archived 2011-06-11 at the Wayback Machine..
- Israel, Jonathan, 2001. The Radical Enlightenment, Oxford: Oxford University Press.
- ———, 2006. Enlightenment Contested: Philosophy, Modernity, and the Emancipation of Man 1670-1752, (ISBN 0-19-927922-5 hardback)
- Kasher, Asa, and Shlomo Biderman. "Why Was Baruch de Spinoza Excommunicated?"
- Kayser, Rudolf, 1946, with an introduction by Albert Einstein. Spinoza: Portrait of a Spiritual Hero. New York: The Philosophical Library.
- Lloyd, Genevieve, 1996. Spinoza and the Ethics. Routledge. ISBN 0-415-10781-4, ISBN 0-415-10782-2
- Lovejoy, Arthur O, 1936. "Plenitude and Sufficient Reason in Leibniz and Spinoza" in his The Great Chain of Being. Harvard University Press: 144-82 (ISBN 0-674-36153-9). Reprinted in Frankfurt, H. G., ed., 1972. Leibniz: A Collection of Critical Essays. Anchor Books.
- Lucas, P. G., 1960. "Some Speculative and Critical Philosophers", in I. Levine (ed.), Philosophy (London: Odhams)
- Macherey, Pierre, 1977. Hegel ou Spinoza, Maspéro (2nd ed. La Découverte, 2004).
- ———, 1994-98. Introduction à l'Ethique de Spinoza. Paris: PUF.
- Matheron, Alexandre, 1969. Individu et communauté chez Spinoza, Paris: Minuit.
- Moreau, Pierre-François, 2003, Spinoza et le spinozisme, PUF (Presses Universitaires de France)
- Morgan, Michael L. (ed.), 2002. "Spinoza: Complete Works", (Indianapolis/Cambridge: Hackett Publishing Company). ISBN 0-87220-620-3
- Nadler, Steven, 1999. Spinoza: A Life. Cambridge Uni. Press. ISBN 0-521-55210-9
- Negri, Antonio, 1991. The Savage Anomaly: The Power of Spinoza's Metaphysics and Politics.
- ———, 2004. Subversive Spinoza: (Un)Contemporary Variations).
- Popkin, R. H., 2004. Spinoza (Oxford: One World Publications)
- Ratner, Joseph, 1927. The Philosophy of Spinoza (The Modern Library: Random House)
- Smilevski, Goce. Conversation with SPINOZA. Chicago: Northwestern University Press, 2006.
- Stoltze, Ted and Warren Montag (eds.), The New Spinoza (Minneapolis: University of Minnesota Press, 1997.
- Yovel, Yirmiyahu, "Spinoza and Other Heretics", Princeton, Princeton University Press, 1989.
അവലംബം
തിരുത്തുക- ↑ Gilles Deleuze, 1990. Negotiations trans. Martin Joughin (New York: Columbia University Press).
- ↑ Magnusson, M (ed.), Spinoza, Baruch, Chambers Biographical Dictionary, Chambers 1990, ISBN 0-550-16041-8
- ↑ Javier Muguerza in his Desde la perplejidad
- ↑ 4.0 4.1 4.2 4.3 Will and Ariel Durant - Spinoza - The Story of Civilization - Part VIII- The Age of Louis-XIV
- ↑ 5.0 5.1 5.2 Spinoza in Will Durant's Story of Philosophy - പുറം115
- ↑ Tel Aviv University: "Why Was Baruch De Spinoza Excommunicated?", by Asa Kasher and Shlomo Biderman
- ↑ Bertrand Russell, A History of Western Philosophy Allen & Unwin (1946) New Ed.1961 p.552
- ↑ On the Improvement of the Understanding - ഓൺലൈൻ - http://www.yesselman.com/teielwes.htm Archived 2010-01-07 at the Wayback Machine.
- ↑ Benedict Spinoza - Theology and Politics - https://web.archive.org/web/20080720144659/http://www.earlymoderntexts.com/pdf/spinttp.pdf
- ↑ Spinoza, Karl Jaspers p.9
- ↑ സന്മാർഗശാസ്ത്രം, Pt. I, Prop. XXXVI, Appendix: "തങ്ങളുടെ താത്പര്യങ്ങളേയും ആഗ്രഹങ്ങളേയും കുറിച്ചുള്ള ബോധത്തിന്റെ പേരിൽ മനുഷ്യർ സ്വയം സ്വതന്ത്രരായി കണക്കാക്കുന്നു. എന്നാൽ അത്തരം താത്പര്യങ്ങളേയും ആഗ്രഹങ്ങളേയും നിശ്ചയിച്ചുറപ്പിച്ച കാരണങ്ങളെ അവർ സ്വപ്നത്തിൽ പോലും കാണുന്നില്ല."
- ↑ Roger Scruton, Spinoza, A very Short Introduction, p.86
- ↑ "Einstein's Third Paradise, by Gerald Holton". Archived from the original on 2011-05-22. Retrieved 2009-01-10.
- ↑ ഏസ്.രാധാകൃഷ്ണൻ - Eastern Religions and Western Thought എന്ന പുസ്തകം - 12-13 പുറങ്ങൾ
- ↑ 2006 ഫെബ്രുവരി 26-ലെ ന്യൂയോർക്ക് ടൈംസിൽ Great Minds Don't Think Alike എന്ന ശീർഷകത്തിൽ വന്ന Liesl Schillinger-ടെ നിരൂപണം. http://www.nytimes.com/2006/02/26/books/review/26schillinger.html
- ↑ ഇന്ദിരക്ക് 1933 ജൂലൈ 13-ന് എഴുതിയ കത്ത് - "Science Goes Ahead" - Glimples of World History - പുറം 866 - അദ്ധ്യായം 182
- ↑ http://nl.wikisource.org/wiki/Korte_Verhandeling_van_God,_de_mensch_en_deszelvs_welstand
- ↑ "Spinoza's A Theologico-Political Treatise - Part 1:". Archived from the original on 2007-04-30. Retrieved 2009-01-08.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Susan James on Spinoza on the Passions Philosophy Bites podcast
- Spinoza and Spinozism - BDSweb
- Internet Encyclopedia of Philosophy - Spinoza
- Stanford Encyclopedia of Philosophy:
- Immortality in Spinoza
- BBC Radio 4 In Our Time programme on Spinoza
- Spinoza: Mind of the Modern - audio from Radio Opensource
- Infography about Baruch Spinoza Archived 2012-03-04 at the Wayback Machine.
- Spinoza Museum in Rijnsburg Archived 2007-01-28 at the Wayback Machine. (in Dutch)
- Spinoza Csack's Blog with pdf files of Spinoza's works[പ്രവർത്തിക്കാത്ത കണ്ണി]
- Spinoza's grave in The Hague
Works:
- Baruch Spinoza എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Refutation of Spinoza by Leibniz In full at Google Books
- More easily readable versions of Ethics Demonstrated in Geometrical Order and Treatise on Theology and Politics