ഡീയിസം
ദൈവത്തെ മനസ്സിലാക്കുവാൻ വേദഗ്രന്ഥങ്ങളിലൂടെയോ മറ്റുവിധത്തിലോ ഉള്ള വെളിപാടുകളെ (Revelations) അല്ല, പ്രത്യുത സ്വന്തം ബുദ്ധിയേയും യുക്തിയേയും ആണ് ആശ്രയിക്കേണ്ടത് എന്നു പഠിപ്പിച്ചിരുന്ന പ്രത്യയശാസ്ത്രം ആണ് ഡീയിസം എന്നറിയപ്പെടുന്നത്. 17-ാം നൂറ്റാണ്ടിലായിരുന്നു ഈ ചിന്താപദ്ധതി രൂപം കൊണ്ടത്. ഡീയിസ്റ്റുകൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം പ്രകൃതിദത്തമായ യുക്തിചിന്തയായിരിക്കണം, അല്ലാതെ അമാനുഷികമായ വെളിപാടുകൾ ആകരുത് എന്ന് ഇക്കൂട്ടർ ചിന്തിച്ചിരുന്നു. സ്വർഗത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ ദൈവത്തിൽ വിശ്വസിക്കുകയും അതേസമയം ക്രിസ്തുമതത്തെ നിരാകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഡീയിസം എന്ന് പീയറെ വിറെറ്റ് (Piere Viret) എന്ന ചിന്തകൻ വിശദീകരിച്ചിട്ടുണ്ട്.
ഡീയിസത്തിന്റെ ഉദ്ഭവം
തിരുത്തുകപതിനേഴാം നൂറ്റാണ്ടിൽ ഡീയിസ്റ്റ് പ്രസ്ഥാനം രൂപംകൊള്ളുവാൻ പല കാരണങ്ങളും ഉണ്ടായിരുന്നു. പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം ശക്തി പ്രാപിച്ചതോടുകൂടി ക്രൈസ്തവർക്ക് ബൈബിളിനോടുള്ള സമീപനത്തിൽ മാറ്റം വന്നു. പ്രൊട്ടസ്റ്റന്റ് ചിന്താഗതിക്കനുസൃതമായി ബൈബിളിനെ വ്യാഖ്യാനിച്ചാൽ മാത്രമേ നിത്യരക്ഷ പ്രാപിക്കുവാനുള്ള മാർഗ്ഗം തുറന്നുകിട്ടുകയുള്ളൂ എന്ന് പ്രൊട്ടസ്റ്റന്റുമാർ പഠിപ്പിച്ചു. ബൈബിളിനെക്കുറിച്ചു പരമ്പരാഗതമായി കത്തോലിക്കാസഭ പഠിപ്പിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി പുതിയ പ്രൊട്ടസ്റ്റന്റു സഭകൾ പഠിപ്പിച്ചു തുടങ്ങിയപ്പോൾ യൂറോപ്പിലെ - വിശേഷിച്ചും ഇംഗ്ളണ്ടിലെ - ക്രൈസ്തവർ ചിന്താക്കുഴപ്പത്തിലായി. പലരും പലവിധത്തിൽ ബൈബിളിനെ വ്യാഖ്യാനിക്കാൻ തുടങ്ങിയപ്പോൾ ബൈബിൾ യഥാർഥത്തിൽ ദൈവനിവേശിത ഗ്രന്ഥമായിരുന്നോ എന്ന സംശയം തന്നെ അനേകം ക്രൈസ്തവരിലുണ്ടായി. പുരാതന ക്ലാസിക്കൽ സാഹിത്യഗ്രന്ഥങ്ങളിൽനിന്നും വ്യത്യസ്തമായൊരു പദവി ബൈബിളിനു നൽകുവാൻ ഇത്തരം ക്രൈസ്തവർക്കു പ്രയാസം നേരിട്ടു. മറ്റു സാഹിത്യഗ്രന്ഥങ്ങളിലുള്ളതുപോലെ ബൈബിളിലും ന്യൂനതകൾ ഉണ്ടെന്ന വസ്തുത ഇവർ മനസ്സിലാക്കി. ദൈവത്തെ കണ്ടെത്താൻ ബൈബിളിലെ ഉള്ളടക്കം അപര്യാപ്തമാണെന്ന് ഇവർക്കു ബോധ്യം വന്നു. സ്വന്തം അനുഭവങ്ങൾ, സ്വന്തം യുക്തി ചിന്തകൾ, സ്വന്തം ബുദ്ധിശക്തി എന്നിവയെ ആശ്രയിച്ചാൽ മാത്രമേ ദൈവത്തെക്കുറിച്ചു മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ എന്ന് ഇവർ ദൃഢമായി വിശ്വസിച്ചു.
പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ വളർച്ച പ്രാപിച്ച പുതിയ ശാസ്ത്രീയ വിജ്ഞാനവും ഡീയിസ്റ്റ് ചിന്താഗതിയുടെ ഉദ്ഭവത്തിനു കാരണമായിത്തീർന്നു. ഇക്കാലത്തുണ്ടായ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ പ്രപഞ്ചത്തെ സംബന്ധിച്ച അടിസ്ഥാന വിജ്ഞാനത്തിൽ മാറ്റങ്ങളുണ്ടാക്കി. അതുവരെയും പ്രപഞ്ചത്തെക്കുറിച്ച് ജനങ്ങൾ പുലർത്തിയിരുന്ന വിജ്ഞാനം പരമ്പരാഗതമായി ക്രൈസ്തവ സഭ പഠിപ്പിച്ചിരുന്ന വിധത്തിലുള്ളതായിരുന്നു. ശാസ്ത്രീയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണ ജനങ്ങളിൽ വളർത്തണമെങ്കിൽ, അതിനു മുൻപു ദൈവശാസ്ത്രത്തിൽത്തന്നെ ചില വ്യതിയാനങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ചിന്തകർ ധരിച്ചു. ക്രൈസ്ത സഭയിലെ യാഥാസ്ഥിതികരായ ചിന്തകന്മാർ പ്രപഞ്ചത്തെ സംബന്ധിച്ച നിലവിലുള്ള ധാരണകളിൽ നിന്നും വ്യതിചലിക്കുവാൻ തയ്യാറായില്ല. വിജ്ഞാന കുതുകികളായ യൂറോപ്യന്മാരുടെ മുൻപിൽ രണ്ടു പോംവഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ -- ഒന്നുകിൽ പരമ്പരാഗത ദൈവശാസ്ത്രത്തെ തള്ളിപ്പറയുക, അല്ലെങ്കിൽ നവീന ശാസ്ത്രീയ വിജ്ഞാനത്തെ തള്ളിപ്പറയുക. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൈവഹിതത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയെ വലം വയ്ക്കുന്നുവെന്നായിരുന്നു പരമ്പരാഗത ദൈവശാസ്ത്രം പഠിപ്പിച്ചിരുന്നത്. എന്നാൽ നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനത്തിനു കാരണം ഗുരുത്വാകർഷം (Gravitational attraction) ആണെന്നു കോപ്പർനിക്കസ്, കെപ്ളർ, ഗലീലിയോ, ഐസക് ന്യൂട്ടൻ തുടങ്ങിയ ശാസ്ത്രജ്ഞന്മാർ നടത്തിയ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞപ്പോൾ അതിന്റെ പരിണത ഫലമെന്നവണ്ണം, ദൈവം എന്നൊരു ശക്തി ഇല്ലെങ്കിലും പ്രപഞ്ചത്തിലെ ചലനങ്ങൾ തുടർന്നും നിലനിൽക്കുമെന്ന് ചിന്തകർ മനസ്സിലാക്കി. ഉറച്ചദൈവവിശ്വാസി ആയിരുന്ന ഐസക് ന്യൂട്ടൻ പുതിയൊരു ആശയം അവതരിപ്പിച്ചു. 'പ്രപഞ്ചത്തിന്റെ ഉത്പ്പത്തിക്കുകാരണം സർവശക്തനായ ദൈവം തന്നെയാണ്. പ്രപഞ്ചസൃഷ്ടിക്കു ശേഷം സ്വയം ചലിക്കുന്നതിനുള്ള കഴിവ് നക്ഷത്രാദികൾക്കു കൈവരുമെങ്കിലും, അവയുടെ ഗതിയിൽ ഇടയ്ക്കിടെ ഉണ്ടാകാവുന്ന തകരാറുകൾ പരിഹരിക്കുന്നതിനു കാലാകാലങ്ങളിൽ ദൈവ സാന്നിധ്യവും ദൈവപരിപാലനവും ആവശ്യമാണ്' ഇതായിരുന്നു ഐസക് ന്യൂട്ടന്റെ ആശയം. എന്നാൽ ദൈവത്തിന്റെ ഇടപെടൽ കൂടാതെ തന്നെ പ്രപഞ്ചവസ്തുക്കൾ സ്വയം ചലിച്ചുകൊള്ളുമെന്ന് പില്ക്കാലത്ത് ഉരുത്തിരിഞ്ഞ 'ശക്തിതന്ത്രനിയമങ്ങൾ' (Laws of Mechanics) തെളിയിച്ചു. അതിനെ തുടർന്ന്, പ്രപഞ്ചസൃഷ്ടിക്കു മാത്രമേ ദൈവത്തിന്റെ ആവശ്യം വേണ്ടി വരുന്നുള്ളൂ എന്ന ആശയത്തിൽ ശാസ്ത്രജ്ഞന്മാർ ഉറച്ചുനിന്നു. അന്യൂനശില്പി (Perfect Architect) ആയ ദൈവം സൃഷ്ടിച്ച പ്രപഞ്ചം അന്യൂനമാണെന്നും, ദൈവത്തിന്റെ ഇടപെടൽ വീണ്ടും ആവശ്യപ്പെടത്തക്കവിധം തകരാറുകൾ പ്രപഞ്ചത്തിൽ ഉണ്ടാവുകയില്ലെന്നും ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടു. അതായത്, അവരുടെ അഭിപ്രായത്തിൽ ദൈവത്തിന് ഒരു സ്രഷ്ടാവിന്റെ ധർമം (Role) മാത്രമേ നിർവഹിക്കാനുള്ളൂ. ദൈവം സൃഷ്ടിച്ച പ്രപഞ്ചം ഭൗതികനിയമ (Physical Laws)ങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം ചലിച്ചുകൊണ്ടേയിരിക്കുന്നു. ദൈവത്തിന് സർവശക്തന്റെ പദവി നൽകാത്ത, അതേസമയം ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാത്ത, ഡീയിസ്റ്റ് ചിന്താഗതിയാണ് ഇവിടെ രൂപം കൊണ്ടത്.
പതിനഞ്ചും പതിനാറും നൂറ്റാകളിൽ യൂറോപ്യൻ നാവികർ നടത്തിയ സാഹസിക യാത്രകളുടെ ഫലമായി പുതിയ ഭൂവിഭാഗങ്ങൾ കണ്ടുപിടിക്കപ്പെട്ടതും ഡീയിസ്റ്റു ചിന്തയുടെ ഉദ്ഭവത്തിനു കാരണമായിത്തീർന്നു. ക്രിസ്തുമതത്തെപ്പറ്റി കേട്ടിട്ടുപോലുമില്ലാത്ത അനേകം ജനതതികളെ യൂറോപ്യന്മാർ കണ്ടെത്തി. എന്നാൽ ഈ ജനവിഭാഗങ്ങളിൽ പലതും ഉറച്ച ദൈവവിശ്വാസം പുലർത്തിയിരുന്നവരും സദാചാരബോധം നിലനിറുത്തിയിരുന്നവരും ആയിരുന്നു. ഈശ്വരവിശ്വാസവും സദാചാരബോധവും വളർത്തുവാൻ ക്രിസ്തുമതം ഇല്ലെങ്കിലും സാധിക്കുമെന്ന് ഡീയിസ്റ്റു ചിന്തകന്മാർ ഈ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് വാദിച്ചു. ചില അക്രൈസ്തവ സമൂഹങ്ങൾ പുലർത്തിയിരുന്ന ഈശ്വരവിശ്വാസവും സന്മാർഗ ബോധവും ക്രിസ്ത്യൻ സംസ്കാരം നിലനിന്ന യൂറോപ്പിലേതിനെക്കാൾ ശ്രേഷ്ഠമാണെന്ന സത്യവും അവർ ചൂണ്ടിക്കാട്ടി. ഈശ്വരചിന്തയും സദാചാരബോധവും വളർത്തുവാൻ മനുഷ്യന്റെ സാമാന്യബുദ്ധി മതിയെന്നും, ഇക്കാര്യത്തിന് ദൈവിക വെളിപാട് അത്യന്താപേക്ഷിതമല്ലെന്നും അവർ ചിന്തിച്ചു.
ഡീയിസം ഇംഗ്ലണ്ടിൽ
തിരുത്തുകഡീയിസ്റ്റു ചിന്താഗതി ആദ്യം പ്രത്യക്ഷപ്പെട്ടത് ഇംഗ്ലണ്ടിയിരുന്നു. ഡീയിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന 'ഷേർബറിയിലെ ഹെർബർട്ട് പ്രഭു' (Lord Herbert of Cherbery) തന്റെ ഡീയിസ്റ്റ് ഗ്രന്ഥം (De Ueritate,Prout distinguitur arevelatione,a Uerisimilli,Possibili,et a falso) 1624-ൽ പ്രസിദ്ധീകരിച്ചു. 1696-ൽ ജോൺ ടാളൻഡ് ( (John Toland) എന്ന ചിന്തകൻ ക്രിസ്റ്റ്യാനിറ്റി നോട്ട് മിസ്റ്റീരിയസ് (Christianty not mysterious) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. യുക്തിക്കു വിരുദ്ധമായി ഒന്നും സുവിശേഷത്തിലില്ല, ഗഹനരഹസ്യം (Mystery) എന്നു വിളിക്കത്തക്ക ആശയങ്ങളൊന്നും ക്രൈസ്തവ തത്ത്വസംഹിതയിലില്ല എന്നൊക്കെയായിരുന്നു ടൊളൻഡിന്റെ അഭിപ്രായങ്ങൾ. പ്രകൃതിദത്തമായ സദാചാരബോധം (Natural Morality) ആണ് യഥാർഥ മതം എന്നു സമർഥിക്കുവാൻ ടോളൻഡ് ശ്രമിച്ചു. മനുഷ്യന്റെ യുക്തിയിൽ ഒതുങ്ങാത്ത ത്രിത്വം (Trinity), ക്രിസ്തുവിന്റെ മനുഷ്യാവതാരം തുടങ്ങിയ ആശയങ്ങളെ അന്ധവിശ്വാസങ്ങളായി പരിഗണിച്ച് അവയെ നിരാകരിക്കാമെന്ന് ടൊളൻഡ് അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരു ഡീയിസ്റ്റ് ചിന്തകനായ ആന്റണി കോജിൻസ് അന്ത്യവിധി എന്ന ക്രിസ്ത്യൻ സിദ്ധാന്തത്തെ അബദ്ധമെന്നു പറഞ്ഞു നിരാകരിച്ചു. പ്രകൃതിദത്തമാംവിധമുള്ള ആചാരരീതികൾ (Natural Ethics) പാലിക്കാമെങ്കിൽ മനുഷ്യർ കൂടുതൽ സന്മാർഗബോധമുള്ളവരായിത്തീരുമെന്ന് കോജിൻസ് പഠിപ്പിച്ചിരുന്നു. ബൈബിളിലെ പഴയ നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള പ്രവചനങ്ങൾ എല്ലാംതന്നെ അർഥശൂന്യമാണെന്നു കോജിൻസ് പ്രസ്താവിച്ചു. 1730-ൽ മാത്യു ടിന്റാൽ (Mathew Tindal) എന്ന ചിന്തകൻ ക്രിസ്റ്റ്യാനിറ്റി ആസ് ഓൾഡ് ആസ് ദ് ക്രിയേഷൻ (Christanity as old as the Creation) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഡീയിസ്റ്റുകളുടെ ബൈബിൾ എന്നാണ് ഈ ഗ്രന്ഥം അറിയപ്പെടുന്നത്. പ്രകൃതിദത്തമായ ഒരു മതത്തെ (Natural religion)യാണ് സുവിശേഷങ്ങൾ അവതരിപ്പിക്കുന്നതെന്ന് ടിന്റാൽ പ്രസ്താവിച്ചു.
ഇംഗ്ലണ്ടിൽ ഡീയിസ്റ്റ് ചിന്തകർക്കു യാഥാസ്ഥിതികരായ ക്രൈസ്തവരിൽനിന്നും കടുത്ത എതിർപ്പുകൾ നേരിടിേവന്നിരുന്നു. ഡീയിസ്റ്റു ചിന്താഗതിയെ ദൈവദൂഷണം (Blasphemy) ആയിട്ടാണ് യാഥാസ്ഥിതികർ ചിത്രീകരിച്ചത്. ഡീയിസ്റ്റു ചിന്തകരിൽ പലർക്കും ജയിൽവാസം ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയമാകേണ്ടിവരികയും ചെയ്തിരുന്നു.
ഡീയിസം യൂറോപ്യൻ വൻകരയിൽ
തിരുത്തുകപതിനെട്ടാം നൂറ്റാണ്ടിൽ ഡീയിസ്റ്റു ചിന്താഗതി ഉൾക്കൊള്ളുന്ന അനേകം ഗ്രന്ഥങ്ങൾ ഫ്രാൻസിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഗ്രന്ഥങ്ങൾ ബൈബിളിന്റെ ചരിത്രയാഥാർഥ്യത്തെ (Historicity) ചോദ്യം ചെയ്തു. പരിശുദ്ധ ത്രിത്വം (Hole Trinity), ഉദ്ഭവപാപം, പാപമോചനം തുടങ്ങിയ ആശയങ്ങളെയും ഇക്കൂട്ടർ ചോദ്യം ചെയ്തു. വോൾട്ടയർ, റൂസ്സോ എന്നിവരുടെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഫ്രെഞ്ചു ഡീയിസം അതിന്റെ വളർച്ചയുടെ പാരമ്യതയിലെത്തി. രാജവാഴ്ചയ്ക്കും പൗരോഹിത്യത്തിനും എതിരായ ശക്തമായ വിമർശനങ്ങൾ ഉൾക്കൊണ്ടിരുന്നു എന്നതാണ് ഫ്രെഞ്ചു ഡീയിസ്റ്റ് ചിന്താഗതിയുടെ പ്രത്യേകത. ദിദെറൊ (Diderot) തുടങ്ങിയ ഫ്രെഞ്ചു ഡീയിസ്റ്റു ചിന്തകർ നിരീശ്വര വാദത്തിനു സമാനമായ ആശയങ്ങളും പ്രകടിപ്പിച്ചിരുന്നു.
ജർമൻ രാജാവായിരുന്ന ഫ്രെഡറിക് രാമന്റെ പ്രോത്സാഹനത്തോടുകൂടി ജർമൻ പ്രദേശങ്ങളിലും ഡീയിസം പ്രചരിച്ചു. ജർമൻ ഡീയിസ്റ്റു ചിന്തകരിൽ പലരും ഫ്രെഡറിക് രാജാവിന്റെ കൊട്ടാരത്തിൽ രാജാവിന്റെ ആശ്രിതരായിട്ടാണ് കഴിഞ്ഞിരുന്നത്. താമസിയാതെ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഡീയിസത്തിന്റെ അലയടികൾ ദൃശ്യമായി.
ഡീയിസം അമേരിക്കയിൽ
തിരുത്തുകയൂറോപ്പിൽ രൂപംകൊണ്ട ഡീയിസ്റ്റ് ആശയങ്ങൾ കാലക്രമത്തിൽ അമേരിക്കയിലേക്കും കടന്നുചെന്നു. 1784-ൽ എഥാൻ അല്ലെൻ (Ethan Allen) പ്രസിദ്ധീകരിച്ച റീസൺ, ദി ഒൺലി ഒറെക്കിൾ ഒഫ് മാൻ (Reason,the only oracle of man) എന്ന ഗ്രന്ഥത്തിൽ ഡീയിസ്റ്റ് ആശയങ്ങൾ കാണപ്പെട്ടു. 1794-ൽ തോമസ് പെയിൻ എന്ന അമേരിക്കൻ ചിന്തകൻ രചിച്ച ദി ഏജ് ഒഫ് റീസൺ (The age of Reasons) എന്ന ഗ്രന്ഥത്തിലും ഡീയിസ്റ്റു ആശയങ്ങൾ ഉണ്ടായിരുന്നു. ബഞ്ചമിൻ ഫ്രാങ്ക്ളിൻ, തോമസ് ജെഫേഴ്സൺ എന്നീ ചിന്തകരും ഡീയിസ്റ്റു ആശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. മതത്തേയും ശാസ്ത്രത്തേയും കൂട്ടിയിണക്കുവാൻ നടന്ന ശ്രമങ്ങൾ അമേരിക്കയിൽ ഡീയിസത്തിന്റെ വളർച്ചയ്ക്കു സഹായകമായി.
ഡീയിസത്തിലെ വൈവിധ്യങ്ങൾ
തിരുത്തുകഡീയിസം ഒരു പ്രത്യയശാസ്ത്രം എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. എങ്കിലും ഡീയിസം എന്ന ലേബലിൽ മതപരവും തത്ത്വശാസ്ത്രപരവും ആയ അനേകം പ്രസ്ഥാനങ്ങൾ രംഗ പ്രവേശം ചെയ്തിരുന്നു. ദൈവവും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പരമ്പരാഗതമായി നിലവിലുണ്ടായിരുന്ന ആശയങ്ങളെ ഈ പ്രസ്ഥാനങ്ങൾ പൊതുവേ ചോദ്യം ചെയ്തു. ദൈവം ഇല്ലായ്മയിൽ നിന്നാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് ഒരുകൂട്ടം ഡീയിസ്റ്റുകൾ കരുതുമ്പോൾ, അതല്ല, നേരത്തേതന്നെ നിലവിലുണ്ടായിരുന്ന താറുമാറായ ഒരു അവസ്ഥയിൽ നിന്നുമാണ് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് മറ്റൊരു കൂട്ടം ഡീയിസ്റ്റുകൾ വിശ്വസിച്ചു. പ്രപഞ്ചത്തിലുള്ള സർവതും ദൈവിക പരിപാലനയ്ക്കു വിധേയമാണെന്ന് ഇക്കൂട്ടർ കരുതി. മനുഷ്യർക്കു മരണാനന്തര ജീവിതമുണ്ടെന്നും ഈ ഘട്ടത്തിൽ സുകൃതികൾക്കു നൽവരങ്ങളും, ദുഷ്ടർക്കു ശിക്ഷാവരങ്ങളും ലഭിക്കുമെന്നും അവർ പഠിപ്പിച്ചു. ദൈവത്തിലൂടെ മനുഷ്യർക്കു വെളിപാടുകൾ ലഭിക്കുന്നു എന്ന ആശയത്തോട് അവർ യോജിച്ചിരുന്നില്ല. ദൈവത്തിന്റെ നിലനിൽപ്പ്, ദൈവത്തിന്റെ സ്വഭാവം, മനുഷ്യന്റെ സദാചാരധർമങ്ങൾ എന്നിവയെക്കുറിച്ചു മനുഷ്യർ മനസ്സിലാക്കേത് അവരുടെ സ്വന്തം ബുദ്ധിയിലൂടെയും യുക്തിയിലൂടെയും ആയിരിക്കണം. വേറൊരു വിഭാഗം ഡീയിസ്റ്റുകൾ മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നില്ല. മനുഷ്യരുടെ കർമങ്ങൾക്കുള്ള പ്രതിഫലം - സൽകർമം ചെയ്യുന്നവർക്കു നൽവരവും ദുഷ്കർമം ചെയ്യുന്നവർക്കു ശിക്ഷാവരവും - ഈ ജന്മത്തിൽത്തന്നെ ലഭിക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മനുഷ്യരുടെ സാന്മാർഗിക പ്രവർത്തനമണ്ഡലം ദൈവിക പരിപാലനത്തിന്റെ വ്യാപ്തിയിൽ വരുന്നില്ലെന്നും മനുഷ്യർ ജീവിച്ചിരുന്ന കാലത്ത് അനുഭവിക്കുന്ന ദുഃഖങ്ങളും സന്തോഷങ്ങളും ദൈവവിധി അനുസരിച്ചുള്ളതല്ല, പ്രത്യുത അവരവരുടെ സ്വന്തം ഇച്ഛയുടേയും പ്രവൃത്തിയുടേയും ഫലമാണെന്നും വിശ്വസിക്കുന്ന ഡീയിസ്റ്റുകളുമുണ്ട്.
തീവ്രവാദികളായ (extreme) ഡീയിസ്റ്റുകളുടെ അഭിപ്രായം ഇപ്രകാരമാണ്. ബുദ്ധിമാനും സർവശക്തനും ആയ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു. മുൻപു നിലവിലുണ്ടായിരുന്ന ഒരു സംവിധാനത്തിനും പുനർക്രമീകരണം നൽകിക്കൊണ്ട് പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാവശ്യമായ പ്രകൃതി നിയമങ്ങൾ രൂപീകരിച്ചതു ദൈവമാണ്. എന്നാൽ സൃഷ്ടികർമത്തിനുശേഷം പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളിലും ദൈവം ഇടപെടുന്നില്ല. ദിവ്യാത്ഭുതം (Miracle) എന്നൊരു പ്രതിഭാസം ഇല്ല. മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ദൈവം ഇടപെടുന്നില്ല. എന്നാൽ മനുഷ്യൻ സ്രഷ്ടാവായ ദൈവത്തെ അംഗീകരിക്കുകയും, ബഹുമാനിക്കുകയും, അതോടൊപ്പം തന്നെ തന്റെ സഹമനുഷ്യനോട് നീതി പൂർവകമാംവിധം പെരുമാറുകയും ചെയ്താൽ മാത്രമേ അവനു സന്തോഷം കൈവരുകയുള്ളു. ദൈവത്തെക്കുറിച്ചുള്ള ഇത്തരം ചിന്താഗതികൾ വിദ്യാസമ്പന്നരായ ആൾക്കാർക്കു മാത്രമേ ഉൾക്കൊള്ളുവാൻ കഴിയുകയുള്ളു എന്ന് വോൾട്ടയർ തുടങ്ങിയ ഡീയിസ്റ്റു ചിന്തകന്മാർ അനുഭവത്തിൽനിന്നു മനസ്സിലാക്കിയിരുന്നു. അവരുടെ അഭിപ്രായത്തിൽ സാധാരണക്കാരുടെ ഇടയിൽ സദാചാരബോധം വളർത്തുന്നതിന് പരമ്പരാഗതമായ മതവിശ്വാസം - വിശേഷിച്ചും മരണാനന്തര ജീവിതത്തിലെ അന്ത്യവിധി, നരകത്തിലെ യാതനകൾ, സന്മാർഗജീവിതം നയിച്ചില്ലെങ്കിൽ ദൈവം ശിക്ഷിക്കുമെന്ന ഭയം തുടങ്ങിയവ - അത്യന്താപേക്ഷിതമാണ്.
ക്രിസ്തുമതത്തെ രൂക്ഷമാംവിധം വിമർശിച്ചിരുന്ന ഡീയിസ്റ്റുകളെ ദോഷദർശികളായ (Critical) ഡീയിസ്റ്റുകൾ എന്നു വിളിച്ചിരുന്നു. ബൈബിളിന്റെ ചരിത്രയാഥാർഥ്യത്തെ (Historicity) അവർ ചോദ്യം ചെയ്തു. കൂദാശകളെന്നാൽ അർഥശൂന്യമായ - മനുഷ്യരെ കബളിപ്പിക്കുന്നതിനുള്ള - കാര്യങ്ങളാണെന്ന് അവർ പഠിപ്പിച്ചു. ബൈബിളിന്മേലുള്ള അതിശയോക്തിപരമായ വ്യാഖ്യാനങ്ങൾ, ദിവ്യാത്ഭുതങ്ങളെ (Miracles)ക്കുറിച്ചുള്ള അതിശയോക്തി കലർന്ന വർണനകൾ, കൂദാശകളുടെ യാന്ത്രികമാംവിധമുള്ള സ്വീകരണം തുടങ്ങിയ കാര്യങ്ങളെ ഇക്കൂട്ടർ എതിർത്തു. കാപട്യങ്ങൾ കോർത്തിണക്കിയ വഞ്ചനാപരമായൊരു ഗ്രന്ഥമായി ബൈബിളിനെ അവർ കരുതി.
ഡീയിസത്തിന്റെ തിരോധാനം
തിരുത്തുകകാലക്രമത്തിൽ ഡീയിസ്റ്റ് പ്രസ്ഥാനം ദുർബലമായിത്തീർന്നു. നേരത്തെതന്നെ വലിയ വിദ്യാഭ്യാസം നേടാത്ത സാമാന്യജനങ്ങൾ - അവരായിരുന്നു ജനസംഖ്യയിൽ ബഹുഭൂരിപക്ഷം പേർ - ഡീയിസ്റ്റ് ആശയങ്ങളിൽ നിന്നും അകന്നു നിന്നിരുന്നു. കാരണം, നല്ല ശാസ്ത്രീയ വിജ്ഞാനം ലഭിച്ചവർക്കു മാത്രമേ ഡീയിസത്തെ ഉൾക്കൊള്ളുവാൻ കഴിഞ്ഞിരുന്നുള്ളൂ. ആധുനിക ശാസ്ത്രവിജ്ഞാനത്തിന്റെ വളർച്ചയോടുകൂടി ശാസ്ത്രവും മതവും തമ്മിൽ സ്പർധ ഉണ്ടാകുമെന്നായിരുന്നു ഡീയിസ്റ്റുകൾ കരുതിയിരുന്നത്. എന്നാൽ സംഭവിച്ചതു മറ്റൊന്നായിരുന്നു - ക്രിസ്തുമതത്തിനുള്ളിൽ യാഥാസ്ഥിതികരും സ്വതന്ത്രചിന്തകരും തമ്മിലുള്ള സംഘർഷം. പാരമ്പര്യം, പൗരോഹിത്യമേധവിത്വം, അതിമാനുഷികമായ ദൈവികവെളിപാട് എന്നിവയിൽ അധിഷ്ഠിതമായ മതചിന്തകളിൽ യാഥാസ്ഥിതികർ ഉറച്ചുനിന്നു. എന്നാൽ സ്വതന്ത്രചിന്തകരാകട്ടെ യുക്തിക്കും സാമാന്യബുദ്ധിക്കും അനുയോജ്യമായ മതമാണു വേതെന്നു കരുതി. തങ്ങൾ നാസ്തികർ (Atheists) അല്ലെന്നു ബോധ്യപ്പെടുത്തുവാനും സ്വതന്ത്രചിന്തകർ തത്പരരായിരുന്നു. അങ്ങനെയാണ് ഡീയിസ്റ്റുകൾ എന്ന പേരിൽ സ്വതന്ത്രചിന്തകർ പ്രബലരായിത്തീർന്നത്. പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ സ്ഥിതിഗതികൾ വ്യത്യസ്തമായി വളർന്നു. ഈ കാലഘട്ടത്തിൽ ക്രിസ്തുമതത്തിനുള്ളിൽ സഹിഷ്ണുത ശക്തമായിത്തീർന്നു. ക്രിസ്തുമതത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ, മതപീഡനത്തെ ഭയപ്പെടാതെ, സ്വതന്ത്രചിന്തകളും വിമർശനങ്ങളും ധൈര്യപൂർവം പ്രകടിപ്പിക്കാമെന്ന അവസ്ഥവന്നുകൂടി. ആ സാഹചര്യത്തിൽ സ്വതന്ത്ര ക്രൈസ്തവ ചിന്തകർ ഡീയിസ്റ്റുകൾ എന്ന വിശേഷണം സ്വീകരിക്കാതെയായി. തത്ഫലമായി ഡീയിസം എന്ന ലേബൽ മിക്കവാറും വിസ്മൃതിയിലാണ്ടു എന്നുതന്നെ പറയാം. ഡീയിസം എന്ന ലേബൽ ഇല്ലെങ്കിലും, പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ ഡീയിസ്റ്റ് ലേബലിൽ രൂപംകൊണ്ട ആശയ ഗതികൾ ഇന്നും വിവിധ മതചിന്തകളിൽ സജീവമാംവിധം നിലനിന്നുവരുന്നുണ്ട്.
അവലംബം
തിരുത്തുകഅധിക വായനയ്ക്ക്
തിരുത്തുക- The Deist Alliance Archived 2021-11-30 at the Wayback Machine.
- A Critical Examination at Deism
- Center for Reasoned Spirituality Archived 2018-11-08 at the Wayback Machine.
- The Origins of English Rationalism
- Deism Archived 2008-10-02 at the Wayback Machine. – Dictionary of the History of Ideas
- Deism in English Archived 2012-08-07 at the Wayback Machine.
- Church of Deism Archived 2017-09-26 at the Wayback Machine.
- English Deism – Internet Encyclopedia of Philosophy
- French Deism – Internet Encyclopedia of Philosophy
- Deism Archived 2019-12-30 at the Wayback Machine. – ReligiousTolerance.org
- Deism – Catholic Encyclopedia (1908)
- The Rise and Fall of English Deism Archived 2009-02-02 at the Wayback Machine.
- World Union of Deists
- Deist Links
പുറം കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡീയിസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |