പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹുദചിന്തകൻ മോസസ് മൈമോനിഡിസ് അറബി ഭാഷയിൽ എഴുതിയ ദാർശനികരചനയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ് (Guide for the Perplexed) അല്ലെങ്കിൽ സന്ദേഹികൾക്കു വഴികാട്ടി. 'വഴികാട്ടി'-യുടെ, അറബി ഭാഷയിലെ മൂലരചനയ്ക്ക് "ദലാലത്തുൾ ഹൈറിൻ" എന്നും, ഗ്രന്ഥകർത്താവിന്റെ സമകാലീനനായിരുന്ന സാമുവൽ ബെൻ ജൂദാ ഇബിൻ തിബ്ബൻ നിർവഹിച്ച ഹീബ്രൂ പരിഭാഷയ്ക്ക് "മോറേ നെവുഖിം" എന്നുമായിരുന്നു പേരുകൾ. മൂന്നു വാല്യങ്ങളുള്ള ഈ കൃതിക്ക്, ശിഷ്യൻ സിയൂറ്റായിലെ റബൈ ജോസഫ് ബെൻ ജൂദായ്ക്ക് ഗ്രന്ഥകർത്താവ് എഴുതിയ കത്തിന്റെ രൂപമാണ്. യഹൂദധർമ്മത്തെ സംബന്ധിച്ച മൈമോനിഡിസിന്റെ വീക്ഷണങ്ങൾ ഇതരകൃതികളിൽ കാണുമ്പോൾ, അദ്ദേഹത്തിന്റെ ദാർശനികനിലപാടുകളുടെ മുഖ്യസ്രോതസ്സായിരിക്കുന്നത് ഈ കൃതിയാണ്.

"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" - ശീർഷകത്താൾ

ഈജിപ്തിലെ സുൽത്താന്റെ ഔദ്യോഗികവൈദ്യനായി കെയ്റോയിൽ ജീവിക്കുമ്പോഴാണ് മൈമോനിഡിസ് 'വഴികാട്ടി' എഴുതിയത്. അറബി ഭാഷയിൽ, ഹീബ്രൂ ലിപി ഉപയോഗിച്ചായിരുന്നു രചന. പാശ്ചാത്യക്രൈസ്തവലോകത്ത് യവനതത്വചിന്ത മിക്കവാറും വിസ്മരിക്കപ്പെട്ടിരുന്ന കാലത്ത്, അരിസ്റ്റോട്ടിലിന്റേയും മറ്റും സിദ്ധാന്തങ്ങളെ വിസ്മൃതിയിൽ നിന്നു കാത്ത ഇസ്ലാമികലോകത്തിലെ ചിന്തകന്മാരുടെ കൃതികളുമായി നല്ല പരിചയമുണ്ടായിരുന്ന മൈമോനിഡിസ്, യഹൂദവിശ്വാസത്തെ അരിസ്റ്റോട്ടലിന്റെ യുക്തിചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് 'വഴികാട്ടി'യിൽ നടത്തിയത്.

യഹൂദർക്കിടയിൽ തന്നെ ഏറെ ജനപ്രീതി നേടിയ "വഴികാട്ടി" ഒപ്പം വിവാദങ്ങൾക്കും അവസരമൊരുക്കി. ചില യഹൂദസമൂഹങ്ങൾ ഇതിന്റെ പഠനത്തിനു പരിധികൾ നിശ്ചയിച്ചപ്പോൾ മറ്റു ചില സമൂഹങ്ങൾ അതിനെ അപ്പാടെ നിരോധിക്കുക തന്നെ ചെയ്തു. പതിമൂന്നാം നൂറ്റാണ്ടിൽ ഈ കൃതിയെ കേന്ദ്രമാക്കി തീവ്രമായ ഒരു ബൗദ്ധിക കൊടുങ്കാറ്റു തന്നെ സംഭവിച്ചു. [1] യഹൂദേതരലോകത്ത് മൈമോനിഡിസിന്റെ കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഇതാണ്. തോമസ് അക്വീനാസിനെപ്പോലുള്ള ക്രിസ്തീയചിന്തകന്മാരെ അത് ആഴത്തിൽ സ്വാധീനിച്ചു.[2]

രചനാലക്ഷ്യം

തിരുത്തുക

തുടക്കക്കാർക്കോ, പൂർവികരിൽ നിന്നു പകർന്നു കിട്ടിയിട്ടുള്ള ദൈവനിയമത്തെ തത്ത്വവിചാരം കൂടാതെ പിന്തുടരുന്നവർക്കോ വേണ്ടിയുള്ളതല്ല ഈ രചന എന്നു മൈമോനിഡിസ് വ്യക്തമാക്കിയിട്ടുണ്ട്. യഹൂദനിയമത്തോടു വിശ്വസ്തരായിരിക്കെ തത്ത്വചിന്തയുമായി പരിചയപ്പെടാൻ അവസരം കിട്ടുന്ന ധാർമ്മികർക്ക് തോറായുടെ യഥാർത്ഥചൈതന്യം മനസ്സിലാക്കിക്കൊടുക്കാനും തത്ത്വചിന്തയുടെ കണ്ടെത്തലുകളും ദൈവനിയമത്തിന്റെ അക്ഷരാർത്ഥവ്യാഖ്യാനവും തമ്മിലുള്ള പൊരുത്തക്കേടിൽ നിന്നുണ്ടാകുന്ന വല്ലായ്മ അകറ്റാനും വേണ്ടിയാണ് താൻ ഈ കൃതി രചിച്ചതെന്നു അദ്ദേഹം പറയുന്നു.[3] ബൈബിളിൽ ഉല്പത്തിപ്പുസ്തകത്തിലുള്ള സൃഷ്ടിവിവരണവും എസക്കിയേലിന്റെ പുസ്തകത്തിലെ രഥത്തിന്റെ കഥയും വിശദീകരിക്കുക ആയിരുന്നു തന്റെ മുഖ്യലക്ഷ്യമെന്ന വിശദീകരണവും മൈമോനിഡിസ് നൽകുന്നുണ്ട്. എബ്രായബൈബിളിലെ ഈ രണ്ടു നിഗൂഢഖണ്ഡങ്ങളിലാണ് യഹൂദമതത്തിലെ യോഗാത്മചിന്തയുടെ അടിത്തറ. മേല്പ്പറഞ്ഞ ബൈബിൾ പാഠങ്ങളുടെ വിശകലനം, മൂന്നു ഖണ്ഡങ്ങളുള്ള 'വഴികാട്ടി'-യുടെ അന്തിമഖണ്ഡത്തിലാണുള്ളത്. അതു പരിഗണിക്കുമ്പോൾ, അന്തിമഖണ്ഡത്തിലെ വിശകലനത്തിന് തത്ത്വചിന്താപരവും യോഗാത്മകവും ആയ പശ്ചാത്തലമൊരുക്കാൻ വേണ്ടിയുള്ളവയായിരുന്നു ആദ്യത്തെ രണ്ടു ഖണ്ഡങ്ങൾ എന്നു തോന്നാം.

ദൈവസങ്കല്പം

തിരുത്തുക
 
"സന്ദേഹികൾക്കു വഴികാട്ടി"യുടെ യെമനിൽ നിന്നുകിട്ടിയ, 13-14 നൂറ്റാണ്ടു കാലത്തെ, ഒരു കൈയെഴുത്തുപ്രതി.

ദൈവത്തെ മനുഷ്യവൽക്കരിക്കുന്ന തരത്തിൽ ദൈവനിയമങ്ങളെ അക്ഷരാർഥത്തിൽ വ്യാഖ്യാനിക്കുന്ന സമ്പ്രദായത്തെ ഈ കൃതിയിൽ മൈമോനിഡിസ് നിശിതമായി വിമർശിച്ചു. തോറായിൽ, ദൈവം തന്റെ വിരൽ ‍കൊണ്ട് പത്തു കല്പനകൾ എഴുതുന്നതായും, മനുഷ്യനെ സൃഷ്ടിച്ചതിൽ പശ്ചാത്തപിക്കുന്നതായും മറ്റും പറയുന്ന ഭാഗങ്ങളിൽ ദൈവത്തിന്റെ 'വിരൽ', 'പശ്ചാത്താപം' എന്നീ സങ്കല്പങ്ങൾ പ്രതീകാത്മകമായി മാത്രം എടുക്കേണ്ടവയാണെന്ന് അദ്ദേഹം വാദിച്ചു. പ്രവാചന്മാരോട് ദൈവം സംസാരിച്ചത് സ്വനതന്തുക്കൾ ഉപയോഗിച്ചല്ല. ദൈവത്തെക്കുറിച്ച് കൃത്യമായി ഒന്നും പറയാൻ മനുഷ്യൻ ശക്തനല്ല എന്നും, ദൈവം സർ‌വനന്മയാണ്, സർ‌വശക്തനാണ്, സർ‌വജ്ഞാനിയാണ് എന്നൊക്കെ പറയുന്നതുപോലും മനുഷ്യന്റെ മാനദണ്ഡങ്ങളുപയോഗിച്ച് ദൈവത്തെ അളക്കുന്നതാകുമെന്നുമായിരുന്നു മൈമോനിഡിസിന്റെ അഭിപ്രായം. മനുഷ്യന്റെ ഗുണങ്ങൾ പെരുപ്പിച്ച് ദൈവത്തിൽ അരോപിച്ച് ദൈവത്തെ മനുഷ്യവൽക്കരിക്കുന്നതിനേക്കാൾ കൃത്യമായി, ദൈവം എന്തല്ല എന്നു നിഷേധാത്മകമായി പറയാൻ സാധിക്കുമെന്നും അദ്ദേഹം കരുതി. ഈ വാദം അനുസരിച്ച്, ദൈവം സർ‌വശക്തനാണെന്നു പറയുന്നതിനു പകരം "ദൈവത്തിനു ശക്തിഹീനത ഇല്ല" എന്നു നിഷേധിച്ച് പറയാം.[4]

സ്വാധീനം

തിരുത്തുക

യഹൂദനിയമത്തെ യുക്തി ഉപയോഗിച്ച് വ്യാഖ്യാനിക്കാനുള്ള ഈ സം‌രംഭം യാഥാസ്ഥിതികരുടെ വലിയ പ്രതിക്ഷേധത്തിനു കാരണമായി. ഇടക്കാലത്ത് 'വഴികാട്ടി' മുഴുവനായും യാഥാസ്ഥിതികർ വിലക്കി. ഫ്രാൻസിലെ ചില യാഥാസ്ഥികയഹൂദർ, ക്രൈസ്തവസഭയുടെ മതദ്രോഹവിചാരകരെ ഇടപെടുത്തി 'വഴികാട്ടി' യുടെ പ്രതികൾ നശിപ്പിക്കുകപോലും ചെയ്തു. കുറേക്കൂടി ഉദാരമനസ്കരായ യഹൂദരിൽ പോലും ചിലർ 'വഴികാട്ടി', വളരെ പക്വത വന്നവർക്ക് മാത്രം വായിക്കാൻ പറ്റിയ പുസ്തകമാണെന്ന് അന്നു കരുതി.

ഇടക്കാലത്ത് യാഥാസ്ഥിതികരുടെ വിമർശനത്തിനു വിഷയമായെങ്കിലും, 'വഴികാട്ടി' അതെഴുതിയകാലത്തും പിൽക്കാലങ്ങളിലും മനുഷ്യചിന്തയെ എന്തെന്നില്ലാതെ സ്വാധീനിച്ച സൃഷ്ടിയാണ്. ദൈവനീതി (Theodicy), ദൈവപരിപാലന, തത്ത്വചിന്തയും മതവുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ മൈമോനിഡിസ് പ്രകടിപ്പിച്ച അഭിപ്രായങ്ങൾ യഹൂദചിന്തയ്ക്കു പുറത്തും പ്രസക്തമായതിനാൽ, യഹൂദേതരലോകത്ത് മൈമോനിഡിസിന്റേതായി അറിയപ്പെടുന്ന ഏറ്റവും പ്രസിദ്ധമായ രചന 'വഴികാട്ടി' ആണ്. ഒട്ടേറെ യഹൂദേതരചിന്തകന്മാരെ ഈ കൃതി സ്വാധീനിച്ചിട്ടുണ്ട്. വിഖ്യാതക്രിസ്തീയചിന്തകൻ തോമസ് അക്വീനാസ് തന്റെ രചനകളിൽ മൈമോനിഡിസ്നെ "റബൈ മോസസ്" എന്ന പേരിൽ പരാമർശിക്കുകയും ഈ കൃതിയുമായി ഏറെ പരിചയം കാട്ടുകയും ചെയ്യുന്നു.[2] പിൽക്കാലത്ത്, ജർമ്മൻ ചിന്തകൻ ലെയ്ബ്നിസ് ഇതിന് ഒരു നിരൂപണം തന്നെ എഴുതി. "അതിന്റെ പ്രസിദ്ധീകരണത്തിനു ശേഷം, മദ്ധ്യയുഗങ്ങളുടെ ശിഷ്ടകാലത്ത് എഴുതപ്പെട്ട മിക്കവാറും ദാർശനികരചനകൾ മൈമോനിഡിസിന്റെ നിലപാടുകൾ ഉദ്ധരിക്കുകയോ, നിരൂപണം ചെയ്യുകയോ വിമർശിക്കുകയോ ചെയ്തു" എന്നു ജൂഡായിക്കാ വിജ്ഞാനകോശം ചൂണ്ടിക്കാട്ടുന്നു.[5]

  1. ".....aroused one of the bitterest intellectual tempests of the thirteenth century."വിൽ ഡുറാന്റ്, "വിശ്വാസത്തിന്റെ യുഗം", സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറം 411)
  2. 2.0 2.1 ജ്യൂവിഷ് വിർച്വൽ ലൈബ്രറി മൈമോനിഡിസ്/റാംബാം
  3. യഹൂദവിജ്ഞാനകോശത്തിൽ മൈമോനിഡിസിനെക്കുറിച്ചുള്ള ലേഖനം
  4. Maimonides - Stanford Encyclopedia of Philosophy
  5. Encyclopaedia Judaica, "Moses Maimonides". Archived from the original on 2008-12-24. Retrieved 2007-10-11. Second Edition, Volume 13, p. 388.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക