ഫ്രാൻസിസ് ബേക്കൺ

ഇംഗ്ലീഷ് ചിന്തകനും, രാഷ്ട്രതന്ത്രജ്ഞനും, ശാസ്ത്രജ്ഞനും, എഴുത്തുകാരനും, നിയമപണ്ഡിതനും, ശാസ്ത്

ഫ്രാൻസിസ് ബേക്കൺ (1561-1626) - ഇംഗ്ലീഷ് ചിന്തകനും, രാഷ്ട്രതന്ത്രജ്ഞനും, ശാസ്ത്രജ്ഞനും, എഴുത്തുകാരനും, നിയമപണ്ഡിതനും, ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവും ആണ്.

ഫ്രാൻസിസ് ബേക്കൺ

സംഭാവനകൾ

തിരുത്തുക

അദ്ദേഹം, അനുഭവവാദത്തിനു പ്രചാരം നല്കി. ശുഷ്കവും വിരസവുമായ യുക്തിവാദത്തിന്റെയും സ്കൊളാസ്റ്റിക്കു തത്ത്വചിന്ത (അരിസ്റ്റോട്ടലിന്റെ തത്ത്വചിന്ത അക്വിനാസ് തോമസ് പുനരാവിഷ്കരിച്ചത്) യുടെയും നേർക്കു വെറുപ്പും അവജ്ഞയും തോന്നിയ ഫ്രാൻസിസ് ബേക്കൺ, പരീക്ഷണനിരീക്ഷണങ്ങളെ മുൻനിർത്തിയുള്ളതും ശാസ്ത്രീയ വീക്ഷണമുള്ളതുമായ ഒരു വിദ്യാഭ്യാസപദ്ധതി നടപ്പിലാക്കണമെന്നു നിർദ്ദേശിച്ചു. യഥാർഥമായ അറിവിന്റെ ഉറവിടം ഇന്ദ്രിയാനുഭവമാണെന്ന് ഇദ്ദേഹം തറപ്പിച്ചു പറഞ്ഞു.

കാഴ്ചപ്പാട്

തിരുത്തുക

ഒരു മനുഷ്യനെക്കണ്ടാൽ ആദ്യം എന്തു ചോദിക്കും എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ഒരിക്കൽ പറഞ്ഞത്, "അവസാനം ഏതു പുസ്തകമാണ് വായിച്ചത്..?" എന്നായിരിക്കും എന്നാണ്. ആ ചോദ്യത്തിന്റെ ഉത്തരത്തിൽനിന്നറിയാം മനുഷ്യന്റെ ബുദ്ധിശക്തി എന്നു വിശദീകരിച്ചു ബേക്കൺ. [1]


ഫ്രാൻസിസ് ബേക്കൺ പുസ്തകങ്ങളെ മൂന്നായി തരംതിരിച്ചു :– രുചിച്ചുനോക്കേണ്ടവ, വിഴുങ്ങേണ്ടവ, ചവച്ചരച്ച് രക്തത്തിൽ കലർത്തേണ്ടവ. [2]

ഉദ്ധരണികൾ

തിരുത്തുക

1. തനിയ്ക്കു കിട്ടുന്നതിലുമധികം അവസരങ്ങൾ താനായിട്ടുണ്ടാക്കും, ബുദ്ധിമാനായ ഒരാൾ.

2. പഴയതായാൽ നന്നാവുന്ന നാലുണ്ട്: പഴയ മരം എരിക്കാൻ കൊള്ളാം, പഴയ വീഞ്ഞു കുടിയ്ക്കാൻ കൊള്ളാം, പഴയ സുഹൃത്തുക്കളെ വിശ്വസിക്കാൻ കൊള്ളാം, പഴയ എഴുത്തുകാരെ വായിക്കാൻ കൊള്ളാം.

3. ഒരു കാര്യം തീർച്ചയാണ്‌: ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടികൾ, മനുഷ്യർക്കേറ്റവും ഉപകാരപ്രദമായ സൃഷ്ടികൾ നടത്തിയിരിക്കുന്നത് അവിവാഹിതരായ, അല്ലെങ്കിൽ കുട്ടികളില്ലാത്തവർ തന്നെ.

4. കുട്ടികളുണ്ടായാൽ ജീവിതായാസത്തിനു മധുരം കൂടുമെന്നതു ശരി; ദൗർഭാഗ്യങ്ങളുടെ കയ്പ്പു കൂട്ടാനും അവർ മതി എന്നതു മറക്കരുത്.

5. നിങ്ങൾക്കേറ്റവും ഉപകരിക്കുന്ന ജിവിതരീതി തിരഞ്ഞെടുക്കുക; ശീലം അതിനെ പിന്നെ നിങ്ങൾക്കു ഹിതകരവുമാക്കിക്കോളും.

6. പ്രശസ്തി പുഴയെപ്പോലെയാണ്‌: ഭാരം കുറഞ്ഞവയും ചീർത്തവയും അതിൽ പൊന്തിയൊഴുകും; ഭാരവും ഈടുമുള്ളവ അതിൽ മുങ്ങിക്കിടക്കും.

7. ഒരാളെ ഞെട്ടിക്കാനും, തുറന്നു കാട്ടാനും അപ്രതീക്ഷിതവും ധീരവുമായൊരു ചോദ്യം മതി.

8. ഞാനൊരിക്കലും വൃദ്ധനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം, വൃദ്ധനാവുക എന്നു പറഞ്ഞാൽ എന്നെക്കാൾ 15 വയസ്സു കൂടുതലാവുക എന്നാണർത്ഥം.

9. നാം നീതി പുലർത്തുന്നില്ലെങ്കിൽ നീതി നമ്മെ പുലർത്തുകയുമില്ല.

10. പക വീട്ടുമ്പോൾ ഒരാൾ അയാളുടെ ശത്രുവിനൊപ്പമെത്തുന്നതേയുള്ളു; അതിനെ മറി കടക്കാൻ കഴിഞ്ഞാൽ അയാൾ മറ്റേയാളെക്കാൾ ഉന്നതനായി.

11. പ്രകൃതിയെ വശത്താക്കണമെങ്കിൽ നാമതിനു വശപ്പെടുകയും വേണം.

12. ആളുകളുടെ ചിന്ത പൊതുവേ അവരുടെ മനോഭാവത്തിനനുസരിച്ചായിരിക്കും; സംസാരം ആർജ്ജിതജ്ഞാനത്തിനനുസരിച്ചായിരിക്കും; പ്രവൃത്തി പക്ഷേ നാട്ടുനടപ്പനുസരിച്ചും.

13. വായിക്കുക, നിഷേധിക്കാനും ഖണ്ഡിക്കാനുമല്ല, വിശ്വസിക്കാനും പാടേ വിഴുങ്ങാനുമല്ല...വിവേചിക്കാനും ആലോചിക്കാനും.

14. ചില പുസ്തകങ്ങൾ രുചി നോക്കിയാൽ മതി, മറ്റു ചിലത് വിഴുങ്ങിയാലേ പറ്റൂ; വേറേ ചിലതുണ്ട്, ചവച്ചരച്ചു ദഹിപ്പിക്കേണ്ടവ.

15. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നതിനോടു ബന്ധപ്പെട്ടതാണ്‌, തന്റെ അയൽക്കാരനെപ്പോലെ തന്നെയും വെറുക്കുക എന്നത്.

16. പകയെക്കുറിച്ചുതന്നെ ചിന്തിച്ചിരിക്കുന്നവന്റെ മുറിവുകൾ ഉണങ്ങുകയുമില്ല.

17. ഏകാന്തതയിൽ അത്ര രമിക്കുന്നവൻ ഒന്നുകിൽ ഒരു കാട്ടുമൃഗമായിരിക്കും, അല്ലെങ്കിൽ ഒരു ദേവൻ.

18. പേടിയെപ്പോലെ പേടിപ്പെടുത്തുന്നതായി മറ്റൊന്നില്ല.

19. ജ്ഞാനത്തെ പോഷിപ്പിക്കുന്ന സുഷുപ്തിയാണ് മൗനം.

 
വിക്കിചൊല്ലുകളിലെ ഫ്രാൻസിസ് ബേക്കൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. മലയാള മനോരമ [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. ദേശാഭിമാനി [2] ശേഖരിച്ചത് 2019 ജൂലൈ 18
"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ബേക്കൺ&oldid=3284973" എന്ന താളിൽനിന്ന് ശേഖരിച്ചത്