സാമുവൽ ടെയ്‌ലർ കോൾറിഡ്‌ജ്

(Samuel Taylor Coleridge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇംഗ്ലീഷ് കവിയും, സാഹിത്യനിരൂപകനും, ദാർശനികനും ആയിരുന്നു സാമുവൽ ടെയ്‌ലർ കോൾറിഡ്ജ് (ജനനം: 21 ഒക്ടോബർ1772; മരണം 25 ജൂലൈ 1834). ഉറ്റസുഹൃത്തായിരുന്ന വേഡ്സ്‌വർത്തിനൊപ്പം ഇംഗ്ലീഷ് കവിതയിലെ കാല്പനികപ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായി എണ്ണപ്പെടുന്ന കോൾറിഡ്ജ്, വേഡ്സ്‌വർത്തും റോബർട്ട് സൗത്തിയുമായി ചേർന്ന് "കായൽ കവികൾ" (Lake Poets) എന്ന പേരിലറിയപ്പെട്ട മൂവർ സംഘത്തിന്റെ ഭാഗമായിരുന്നു.

സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്
കോൾറിഡ്ജ് 1795-ൽ
കോൾറിഡ്ജ് 1795-ൽ
ജനനം(1772-10-21)21 ഒക്ടോബർ 1772
ഒട്ടറി സെയ്ന്റ് മേരി, ഡെവൻ, ഇംഗ്ലണ്ട്
മരണം25 ജൂലൈ 1834(1834-07-25) (പ്രായം 61)
ഹൈഗേറ്റ്, ഇംഗ്ലണ്ട്
തൊഴിൽകവി, നിരൂപകൻ, ദാർശനികൻ
സാഹിത്യ പ്രസ്ഥാനംകാല്പനികത്വം
ശ്രദ്ധേയമായ രചന(കൾ)ദ് റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ, കുബ്ലാ ഖാൻ
പങ്കാളിസാറാ ഫ്രിക്കർ
കുട്ടികൾസാറാ കോൾറിഡ്ജ്, ബെർക്കലി കോൾറിഡ്ജ്, ഡെർവന്റ് കോൾറിഡ്ജ്, ഹാർട്ട്‌ലി കോൾറിഡ്ജ്
കയ്യൊപ്പ്

കോൾറിഡ്ജ് ഏറ്റവുമധികം അറിയപ്പെടുന്നത് റൈം ഓഫ് ദ് എൻഷ്യന്റ് മാരിനർ, കുബ്ലാ ഖാൻ എന്നീ കവിതകളുടേയും, സാഹിത്യജീവചരിത്രം (Biographia Literaria) എന്ന ഗദ്യകൃതിയുടേയും പേരിലാണ്. കോൾറിഡ്ജിന്റെ നിരൂപണങ്ങൾ, പ്രത്യേകിച്ച് ഷേക്സ്പിയറിനെക്കുറിച്ചുള്ളവ, ഏറെ സ്വാധീനം കൈവരിക്കുകയും ജർമ്മൻ ആശയവാദദർശനത്തെ ആംഗലഭാഷാലോകത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. "അവിശ്വാസത്തിന്റെ അവധിയെടുക്കൽ" (Suspension of Disbelief) എന്ന പ്രഖ്യാതമായ പ്രയോഗം ഉൾപ്പെടെ, സാഹിത്യചിന്തയിൽ ഏറെ പ്രചാരം കിട്ടിയ പല പ്രയോഗങ്ങളും പദങ്ങളും കോൾറിഡ്ജിന്റെ കണ്ടെത്തലുകളായുണ്ട്. എമേഴ്സൺ വഴി അദ്ദേഹം അമേരിക്കൻ പരമജ്ഞാനവാദത്തെ (transcendentalism) ഗണ്യമായി സ്വാധീനിച്ചു.

"ദുഖിതനായിരുന്ന് ലോകത്തെ ആനന്ദിപ്പിച്ച മനുഷ്യൻ" എന്നു കോൾറിഡ്ജിനെ വില്യം ജെ. ലോങ്ങ് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സുഹൃത്ത് വേഡ്‌സ്‌വർത്തിന്റെ പ്രശാന്തജീവിതവുമായുള്ള താരതമ്യത്തിൽ ജീവിതത്തിന്റെ ഏറിയഭാഗവും കോൾറിഡ്ജിന്റെ ഓഹരിയായിരുന്നത് ദുഃഖവും പശ്ചാത്താപവും ആയിരുന്നു.[1] തീവ്രാകാംക്ഷയും, വിഷാദരോഗവും എക്കാലവും അദ്ദേഹത്തെ വിടാതെ പിന്തുടർന്നു; അക്കാലത്ത് തിരിച്ചറിയപ്പെട്ടിട്ടില്ലാതിരുന്ന "ദ്വിധൃവരോഗം" (bipolar disorder) എന്ന മാനസികാവസ്ഥയായിരുന്നു അദ്ദേഹത്തിനെന്ന് ഊഹിക്കുന്നവരുണ്ട്.[2] ശൈശവത്തിൽ പിടിപെട്ട വാതപ്പനിയുൾപ്പെടെയുള്ള രോഗങ്ങളായിരിക്കാം പിൽക്കാലത്ത് അദ്ദേഹത്തെ അലട്ടിയ അനാരോഗ്യത്തിനു കാരണമായത്. ഈ രോഗങ്ങളിൽ ആശ്വാസത്തിനായി കറുപ്പുസത്തുപയോഗിച്ചിരുന്നതു മൂലം അദ്ദേഹം പിൽക്കാലത്ത് കറുപ്പിന് അടിമയായിത്തീരുകയും ചെയ്തു.

ബാല്യം, വിദ്യാഭ്യാസം

തിരുത്തുക
 
കോൾറിഡ്ജിന്റെ ജന്മസ്ഥലമായ ഒട്ടറിയിലെ ഒരു അനുസ്മരണഫലകം

ഇടവകവികാരിയും വ്യാകരണസ്കൂൾ അദ്ധ്യാപകനുമായിരുന്ന ജോൺ കോൾറിഡ്ജായിരുന്നു സാമുവൽ ടെയ്‌ലർ കോൾറിഡ്ജിന്റെ പിതാവ്. പുരോഹിതന്റേയും അദ്ധ്യാപകന്റേയും ചുമതലകൾ തികഞ്ഞ ആത്മാർത്ഥതയോടെ നിറവേറ്റിയിരുന്ന ഒരു വിചിത്രമനുഷ്യനായിരുന്നു ജോൺ കോൾറിഡ്ജ്. എബ്രായഭാഷയിൽ നിന്നുള്ള ഉദ്ധരണികൾ അടങ്ങിയ പള്ളി പ്രഭാഷണങ്ങൾക്ക് അദ്ദേഹം പേരെടുത്തിരുന്നു. ആ ഭാഷയെ അദ്ദേഹം പരിശുദ്ധാത്മാവിന്റെ മൊഴിയായി കരുതി. അദ്ധ്യാപകനെന്ന നിലയിൽ, ലത്തീൻ വ്യാകരണനിയമങ്ങൾ എളുപ്പം മന:പാഠമാക്കാൻ കുട്ടികളെ സഹായിക്കുന്ന ഒരു പുസ്തകവും കോൾറിഡ്ജിന്റെ പിതാവ് രചിച്ചിരുന്നു.

ജോൺ കോൾറിഡ്ജിന്റെയും ഭാര്യ ആനി ബോഡ്വിന്റേയും പത്തു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു സാമുവൽ.[1] [൧] അദ്ദേഹത്തിന്റെ ബുദ്ധി പിഞ്ചിലേ പക്വമായി. മൂന്നാം വയസ്സിൽ വായന ശീലിച്ച സാമുവൽ, അഞ്ചുവയസ്സിനകം ബൈബിളും ആയിരത്തൊന്നു രാവുകളും വായിക്കുകയും ആ കൃതികളിലെ പല ഭാഗങ്ങളും മന:പാഠമാക്കുകയും ചെയ്തിരുന്നു. ആറാമത്തെ വയസ്സിൽ പിതാവ് പഠിപ്പിച്ചിരുന്ന വിദ്യാലയത്തിൽ ചേർന്ന കോൾറിഡ്ജ് വിവിധവിഷയങ്ങളിൽ ഒട്ടേറെ ക്ലാസ്സിക്കുകൾ വായിച്ചു. 1779-ൽ കോൾറിഡ്ജിന് 9 വയസ്സുള്ളപ്പോൾ അദ്ദേഹം ഏറെ സ്നേഹിച്ചിരുന്ന പിതാവു മരിച്ചതോടെ കുടുംബം വിഷമസ്ഥിതിയിലായി. അടുത്ത വർഷം അദ്ദേഹത്തെ ലണ്ടണിലെ ക്രൈസ്റ്റ് ആശുപത്രിയോടനുബന്ധിച്ചുള്ള സൗജന്യപാഠശാലയിൽ ചേർത്തു. ഇവിടെ, 7-8 വർഷക്കാലം, ഒരിക്കൽ പോലും വീടു സന്ദർശിക്കാതെ അദ്ദേഹം കഴിച്ചുകൂട്ടി. പൊതുവേ അവഗണിക്കപ്പെട്ട ഒരു ദരിദ്രവിദ്യാർത്ഥിയുടെ സ്ഥിതിയായിരുന്നു ഇക്കാലത്ത് അദ്ദേഹത്തിന്റേത്. സഹപാഠികളുടെ കളികളിലും വിനോദങ്ങളിലും നിന്ന് ഒഴിഞ്ഞ് പുസ്തകപ്രേമിയും സ്വപ്നജീവിയുമായി കഴിഞ്ഞ അദ്ദേഹം തന്റെ ആശ്വാസങ്ങളും വിനോദങ്ങളുമെല്ലാം സ്വയം കണ്ടെത്തി. കുടുംബാംഗങ്ങൾ തന്നെ ഒരു പുരോഹിതനാക്കാൻ ആഗ്രഹിച്ചപ്പോൾ ഒരു ചെരുപ്പുകുത്തിയാകാനാണ് താൻ മോഹിച്ചതെന്നു പറയുന്ന കോൾറിഡ്ജ്, അതിന്റെ പേരിൽ ഹെഡ്മാസ്റ്ററുടെ പ്രഹരം വാങ്ങിയ കഥ ഇങ്ങനെ അനുസ്മരിക്കുന്നു[3] :-

19 വയസ്സിൽ സ്കൂൾ വിട്ടുപോകുമ്പോൾ മിക്കവാറും പ്രൊഫസർമാരേക്കാൾ കൂടുതൽ പുസ്തകങ്ങൾ വായിച്ചിരുന്ന കോൾറിഡ്ജ്[1] തുടർന്ന് ഒരു സൗജന്യവിദ്യാർത്ഥിയായി കേംബ്രിഡ്ജ് സർവകലാശാലയിലെ ജീസക് കലാലയത്തിൽ ചേർന്നു. ആരോഗ്യത്തെ എന്നേക്കുമായി അവതാളത്തിലാക്കിയ വാതപ്പനിയും മറ്റും അദ്ദേഹത്തിനു പിടിച്ചതും വേദനാസംഹാരിയെന്ന നിലയിൽ കറുപ്പു സേവ ശീലിച്ചതുമെല്ലാം ഇക്കാലത്തായിരുന്നു. മൂന്നു വർഷത്തിനു ശേഷം പെട്ടെന്ന് കോൾറിഡ്ജ് കേംബ്രിഡ്ജിൽ നിന്ന് ഒളിച്ചു പോയി 'ഡ്രാഗൂണുകൾ' എന്ന സേനാവിഭാഗത്തിൽ ചേർന്നു. വീട്ടിൽ നിന്നയച്ചു കൊടുത്തിരുന്ന പണം തീർന്നു പോയതിനെ തുടർന്ന്, കടം വാങ്ങിയിരുന്നവർ ശല്യം ചെയ്യുന്നതു ഭയന്നായിരുന്നു ആ ഒളിച്ചോട്ടം. ഏതാനും മാസങ്ങൾക്കു ശേഷം സഹോദരന്മാരിലൊരാൾ കോൾറിഡ്ജിനെ കണ്ടെത്തി 40 പണം കൊടുത്ത് അദ്ദേഹത്തിന്റെ വിടുതൽ വാങ്ങി, സർവകലാശാലയിൽ തിരികെയെത്തിച്ചു. 1794-ൽ പഠനം പൂർത്തിയാക്കിയെങ്കിലും ബിരുദമെടുക്കാതെ കോൾറിഡ്ജ് കേംബ്രിഡ്ജ് വിട്ടു.

സ്വപ്നജീവി

തിരുത്തുക
 
കോൾറിഡ്ജ്, 1906 ആദ്യമായി പ്രസിദ്ധീകരിച്ച ഒരു ചിത്രം

ഇക്കാലത്ത് യുവകവി റോബർട്ട് സൗത്തിയുമായി കോൾറിഡ്ജ് പരിചയത്തിലായി. ഫ്രഞ്ചു വിപ്ലവത്തിന്റെ ആശയങ്ങളിൽ ആവേശം കൊണ്ടിരുന്ന സൗത്തിയുമായി ചേർന്ന് ഒരു നവലോകത്തിന്റെ സൃഷ്ടിക്കുള്ള ശ്രമത്തിലായി കോൾറിഡ്ജ്. അമേരിക്കയിൽ പെൻസിൽവേനിയ സംസ്ഥാനത്ത്, സുസ്ക്യൂഹാന്നാ നദിയുടെ താഴ്വരയാണ് സമത്വസുന്ദരമായ ഈ സ്വപ്നലോകത്തിനു പറ്റിയ സ്ഥാനമായി അവർ കരുതിയത്. പൗരന്മാർ കൃഷിയെ സാഹിത്യസപര്യയുമായി സമന്വയിപ്പിച്ച്, ദിവസേന രണ്ടു മണിക്കൂർ മാത്രം അദ്ധ്വാനിച്ചു സംതൃപ്തരായി ജീവിക്കുന്ന ഒരു സമൂഹത്തെയാണ് അവർ സങ്കല്പിച്ചത്. സൗത്തിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പൊതുവേയുള്ള അപ്രായോഗികതയും മൂലം ഈ യൂട്ടോപ്പിയൻ പദ്ധതി ഒടുവിൽ ഉപേക്ഷിക്കപ്പെട്ടു.

 
കുബ്ലാ ഖാൻ എന്ന കവിതയുടെ കൈയെഴുത്തു പ്രതി

ലണ്ടൺകാരിയായ മേരി ഇവാൻസിനെ കോൾറിഡ്ജ് പ്രണയിച്ചിരുന്നു. എങ്കിലും അവളുടെ നിലയ്ക്കൊത്ത് അവളെ സംരക്ഷിക്കാനുള്ള കഴിവില്ലാതിരുന്നതിനാൽ ആ പ്രണയം സഫലമായില്ല. ഒടുവിൽ, 1795-ൽ കോൾറിഡ്ജ് വിവാഹം ചെയ്തത് സാറാ ഫ്രിക്കറെയാണ്. സാറായുടെ സഹോദരി എഡിത്തിനെ റോബർട്ട് സൗത്തിയും അതേ വർഷം വിവാഹം കഴിച്ചു.

സാറാ ഫ്രിക്കറുമായുള്ള കോൾറിഡ്ജിന്റെ വിവാഹജീവിതം സന്തുഷ്ടമായിരുന്നില്ല. ഏതെങ്കിലും ഒരു പദ്ധതിയിലോ തൊഴിലിലോ ഉറച്ചു നിൽക്കാനൊ കോൾറിഡ്ജിനാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തെ വിവിധതരം അസ്ഥിരതകൾ അലട്ടി. വരുമാനമൊന്നും ഇല്ലാതിരുന്ന അദ്ദേഹം, സത്യത്തിനും സ്വാതന്ത്ര്യത്തിനും സമർപ്പിക്കപ്പെട്ട ഒരു പത്രിക 'കാവൽക്കാരൻ' (The Watchman) എന്ന പേരിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയെങ്കിലും പത്തു ലക്കങ്ങൾക്കു ശേഷം അതു നിർത്തേണ്ടി വന്നു.[3] ഇടയ്ക്ക്, കേൾവിക്കാർ ഓരോരുത്തരിലും നിന്ന് ഒരു ഷില്ലിങ്ങ് നിരക്കിൽ വാങ്ങി കവിതയേയും കലയേയും കുറിച്ച് ലണ്ടണിൽ പ്രഭാഷണങ്ങൾ നടത്താൻ തുടങ്ങി. അയാഥാസ്ഥിതികമായ തീവ്രനിലപാടുകൾ അവതരിപ്പിച്ച ഈ പ്രഭാഷണങ്ങൾ ജനപ്രീതി നേടിയെങ്കിലും പ്രഭാഷകൻ പലപ്പോഴും നിശ്ചിതസമയത്ത് എത്താതിരുന്നത് കേൾവിക്കാരെ അകറ്റി. ഇതിനിടയ്ക്ക് "മോണിങ് പോസ്റ്റ്" എന്ന പത്രസ്ഥാപനം 2000 പൗണ്ടു വാർഷികവരുമാനമുള്ള ജോലി വച്ചുനീട്ടിയെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല. നാട്ടിൻ പുറത്ത് പഴയ കടലാസുകൾ അലസമായി വായിച്ചുള്ള ജീവിതം ഉപേക്ഷിക്കാൻ, 2000 പൗണ്ട് രണ്ടായിരം വട്ടം കിട്ടുമെന്നായാലും താൻ തയ്യാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 350 പൗണ്ടിൽ കവിഞ്ഞ വാർഷികാദായം തിന്മയാണെന്നും കോൾറിഡ്ജ് കരുതി.[1]

കുബ്ലാ ഖാൻ

തിരുത്തുക

ഇക്കാലത്താണ് കോൾറിഡ്ജിന്റെ കുബ്ലാ ഖാൻ എന്ന പ്രഖ്യാത കവിത പിറന്നത്. 1797-ലെ വേനൽക്കാലത്തെ ഒരു പ്രഭാതത്തിൽ കറുപ്പിൽ മയങ്ങിയുള്ള ഒരുറക്കത്തിൽ തനിക്കു വെളിപ്പെട്ടു കിട്ടിയതാണ് ആ കവിതയെന്ന് കോൾറിഡ്ജ് അവകാശപ്പെട്ടിട്ടുണ്ട്. ഉണർന്ന ഉടനേ അതെഴുതാൻ തുടങ്ങിയ തനിക്ക്, 54 വരി എഴുതിക്കഴിഞ്ഞപ്പോൾ "പോർലോക്കിൽ നിന്നുള്ള ഒരു മനുഷ്യൻ" (A person from Porlock) സന്ദർശകനായി വന്നതിനാൽ എഴുത്തു നിർത്തേണ്ടി വന്നെന്ന് അദ്ദേഹം പറയുന്നു. 300-നടുത്ത് വരികൾ ഉണ്ടാകുമായിരുന്ന കവിതയുടെ അവശേഷിച്ച ഭാഗം പിന്നെ മറവിയിൽ മറഞ്ഞുപോയതിനാൽ അദ്ദേഹത്തിന് അതു പൂർത്തീകരിക്കാനായില്ല. ഒരു മണിക്കൂറിനു കഴിഞ്ഞ് സന്ദർശകൻ മടങ്ങിയപ്പോൾ മുറിയിൽ തിരിച്ചെത്തി കവിത പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും പൊതുവായ ആശയവും ഒറ്റപ്പെട്ട അഞ്ചെട്ടു വരികളുമല്ലാതെ കവിതയുടെ ബാക്കി ഭാഗം അദ്ദേഹത്തിന്റെ ഓർമ്മയിൽ ഉണ്ടായിരുന്നില്ല. ആരോ കല്ലെറിഞ്ഞ് ഒഴുക്കു മുറിച്ച അരുവി പോലെയായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ സ്മരണാതലം.[4][൩] എഴുതി രണ്ടു ദശകങ്ങളോളം കഴിഞ്ഞ് 1816-ൽ, യുവകാല്പനിക കവി ബൈറന്റെ പ്രോത്സാഹനത്തിലാണ് കോൾറിഡ്ജ് ഈ കവിത പ്രസിദ്ധീകരിച്ചത്.

വേഡ്സ്‌വർത്തുമാർ

തിരുത്തുക

വിഖ്യാത ആംഗലകവി വില്യം വേഡ്സ്‌വർത്തും അദ്ദേഹത്തിന്റെ സഹോദരി ഡോറത്തിയുമായുള്ള കോൾറിഡ്ജിന്റെ പരിചയം അവരുടെ ജീവിതങ്ങളെ ആഴത്തിൽ സ്വാധീനിക്കുകയും വിശ്വസാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഫലദായകമായ സഹകരണങ്ങളിൽ ഒന്നിലേക്കു നയിക്കുകയും ചെയ്തു.[3] തന്നേക്കാൾ രണ്ടു വയസ്സു മാത്രം മൂപ്പുണ്ടായിരുന്ന വേഡ്സ്‌വർത്തിനെ കോൾറിഡ്ജ് ആദ്യം കണ്ടു മുട്ടിയത് 1795-ലായിരുന്നു. 1797-ൽ റേസ്ഡൗണിൽ തന്നെ സന്ദർശിക്കാൻ വേഡ്സ്‌വർത്ത് കോൾറിഡ്ജിനെ ക്ഷണിച്ചു. വേഡ്സ്‌വർത്തുമാരോടൊന്നിച്ച് അവിടെ കഴിച്ചുകൂട്ടിയ മൂന്നാഴ്ചക്കാലം അവർക്കിടയിൽ തീവ്രസൗഹൃദം രൂപപ്പെട്ടു. സഹോദരന്റെ സുഹൃത്തും ആരാധികയും ആയിരുന്ന ഡോറത്തി കോൾറിഡ്ജിനെ അദ്ദേഹത്തിന്റെ എല്ലാ കുറവുകളും അറിഞ്ഞു സ്നേഹിച്ചു. അവർ സാഹിത്യചർച്ചകളിലും ദീർഘസവാരികളിലും പങ്കാളികളായി. മൂന്നാഴ്ചക്കാലത്തിനൊടുവിൽ, തന്നെ സന്ദർശിക്കാൻ വേഡ്സ്‌വർത്തുമാരെ കോൾറിഡ്ജ് ക്ഷണിച്ചു. വേഡ്സ്‌വർത്തുമാരുടെ റേസ്ഡൗണിലെ വീടിന്റെ ഉടമ്പടിക്കാലം അവസാനിക്കാറായിരുന്നു. ഒടുവിൽ അവർക്ക് നെഥർ സ്റ്റോവിയിലെ കോൾറിഡ്ജിന്റെ വീട്ടിൽ നിന്നു നാലു മൈൽ മാത്രം ദൂരെ ആൽഫോക്സ്ഡെന്നിലെ ഒരു വീട് താമസിക്കാൻ കിട്ടി. അടുത്ത 15 മാസക്കാലം വില്യം വേഡ്സ്‌വർത്തും ഡോറത്തിയും അവിടെ താമസിച്ചു. വേഡ്സ്‌വർത്തുമാരും കോൾറിഡ്ജും തമ്മിലുള്ള സൗഹൃദം ഇക്കാലത്ത് കൂടുതൽ ദൃഢമായി. ഭാവനയെ കൂടുതൽ വിശ്വസിക്കാൻ വേഡ്സ്‌വർത്ത് കോൾറിഡ്ജിനെ പ്രോത്സാഹിപ്പിച്ചു. കുട്ടിക്കാലം മുതലുള്ള പരന്ന വായനയുടെ പശ്ചാത്തലമുണ്ടായിരുന്ന കോൾറിഡ്ജ് തത്ത്വചിന്തകളുമായുള്ള വേഡ്സ്‌വർത്തിന്റെ പരിചയം ബലപ്പെടുത്തി.

 
ഡോറത്തി വേഡ്സ്‌വർത്ത്

ഇരുകവികളേയും ആരാധിച്ചിരുന്ന ഡോറത്തി അവരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. 1798 ജനുവരി 20-നു ഡോറത്തി എഴുതിത്തുടങ്ങിയ ഡയറിയിലെ കുറിപ്പുകൾ[3] കോൾറിഡ്ജുമായുള്ള അവരുടെ സൗഹൃദത്തിലേക്കു വെളിച്ചം വീശുന്നു:-

  • ഫെബ്രുവരി 3: കോൾറിഡ്ജുമായി കുന്നുകളിൽ ചുറ്റിക്കറങ്ങി....
  • ഫെബ്രുവരി 4: കോൾറിഡ്ജുമൊത്ത് സ്റ്റോവിയിലേക്കുള്ള വഴിയുടെ വലിയൊരു ഭാഗം നടന്നു....
  • ഫെബ്രുവരി 5: കോൾറിഡ്ജുമൊത്ത് സ്റ്റോവി വരെ നടന്നു....
  • ഫെബ്രുവരി 11: കോൾറിഡ്ജുമൊത്ത് സ്റ്റോവിയ്ക്കടുത്തു വരെ നടന്നു.
  • ഫെബ്രുവരി 12: സ്റ്റോവി വരെ ഒറ്റയ്ക്കു നടന്നു. വൈകുന്നേരം കോൾറിഡ്ജിനെ കൂട്ടി തിരികെ വന്നു.

കോൾറിഡ്ജിന്റെ ഈവിധം സൗഹൃദങ്ങൾ സാറാ ഫ്രിക്കറുമായുള്ള അദ്ദേഹത്തിന്റെ ദാമ്പദ്യജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു.

പ്രാചീനനാവികൻ

തിരുത്തുക
 
"പ്രാചീനനാവികൻ", ശില്പിയുടെ ഭാവനയിൽ, ഇംഗ്ലണ്ടിലെ സോമർസെറ്റിലെ വാച്ചെറ്റ് തുറമുഖത്തെ ശില്പം

1798 ജനുവരിയിൽ, പേരുകേട്ട പാത്രം നിർമ്മാതാവായിരുന്ന ജോഷിയാ വെഡ്ജ്‌വുഡിന്റെ അനന്തരാവകാശികൾ കോൾറിഡ്ജിന് 150 പൗണ്ടിന്റെ വാർഷിക അടിത്തൂൺ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു. അക്കാലത്ത് എഴുതിക്കൊണ്ടിരുന്ന റൈം ഓഫ് ദ എൻഷ്യന്റെ മേരിനർ (പ്രാചീനനാവികന്റെ പാട്ട്) എന്ന പ്രഖ്യാതകവിത താമസിയാതെ പൂർത്തിയാക്കിയ കോൾറിഡ്ജ്, തങ്ങളുടെ പുതിയ കവിതകളുടെ ഒരു സംയുക്തസമാഹാരം പ്രസിദ്ധീകരിക്കുകയെന്ന ആശയം വേഡ്സ്‌വർത്തിനു മുൻപിൽ അവതരിപ്പിച്ചു. അതിൽ നിന്നു കിട്ടുന്ന പണം ഉപയോഗിച്ചു ജർമ്മനിയിൽ പോയി അവിടത്തെ ഭാഷ പഠിച്ച് ജർമ്മൻ തത്ത്വചിന്തകരുടെ രചനകൾ മൂലഭാഷയിൽ വായിക്കാനാകുമെന്ന് അദ്ദേഹം കരുതി. 798 ഒക്ടോബർ 4-നു ലിറിക്കൽ ബാലഡ് എന്ന പേരിലുള്ള ആ വിഖ്യാതസമാഹാരം വെളിച്ചം കാണുന്നതിനു 19 ദിവസം മുൻപു തന്നെ കവികൾ ജർമ്മനി സന്ദർശിക്കാൻ പോയിരുന്നു.

 
"പ്രാചീനനാവികൻ": കവിതയിലെ ഒരു രംഗം ഗുസ്റ്റാഫ് ഡോറിന്റെ സങ്കല്പത്തിൽ

ആംഗലകവിതയിൽ കാല്പനികയുഗത്തിനു തുടക്കം കുറിച്ച "ലിറിക്കൽ ബാലഡ്സ്"-ന്റെ 117-ൽ 15 പുറങ്ങൾ നിറഞ്ഞു നിന്ന റൈം ഓഫ് ദ എൻഷ്യന്റ് മേരിനർ, അതിലെ ആദ്യത്തേതും ഏറ്റവും ദീർഘവുമായ കവിത ആയിരുന്നു. ഈ കവിതയിൽ, പ്രാചീനനാവികന്റെ കപ്പൽ കാറ്റിൽ പെട്ട് മഞ്ഞുമൂടിയ ദക്ഷിണസമുദ്രത്തിലെത്തുന്നു. കപ്പലിനെ പിന്തുടർന്നെത്തി നാവികരുമായി ചങ്ങാത്തത്തിലാവുന്ന ഒരു ആൽബട്രോസ് പക്ഷി മഞ്ഞിൽ നിന്നു രക്ഷപെടാൻ അതിനെ സഹായിക്കുന്നു. പിന്നീടുള്ള യാത്രയിൽ കപ്പലിനോടടുത്തു തുടരുന്ന പക്ഷിയെ പ്രാചീനനാവികൻ അകാരണമായും ആലോചനയില്ലാതെയും ചൂണ്ടുവില്ലെയ്തു കൊല്ലുന്നു. കവിതയുടെ, കഥാസംഗ്രഹത്തിനു വഴങ്ങാത്ത ബാക്കിഭാഗത്ത്, നരകതലങ്ങളിലൂടെയുള്ള കപ്പലിന്റെ യാത്രയിലേക്കും അതിനൊടുവിൽ നിത്യമായി അലയാനുള്ള പ്രാചീനനാവികന്റെ വിധിയിലേക്കും കവി, വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു.[5]

ലിറിക്കൽ ബാലഡ്സിലെ എറ്റവും മികച്ച കവിതയായി ഇന്നു പരിഗണിക്കപ്പെടുന്ന മേരിനർ-ക്കും, ആ സമാഹാരത്തിനു പൊതുവേയും അന്നു ലഭിച്ചത് നല്ല സ്വീകരണം ആയിരുന്നില്ല. "അവയെ ആരും ഇഷ്ടപ്പെടുന്നില്ല" എന്നാണു കോൾറിഡ്ജിന്റെ പത്നി നിരീക്ഷിച്ചത്. "പ്രാചീനനാവികൻ" സമാഹാരത്തിനു ദോഷം ചെയ്തെന്നു കരുതിയ വേഡ്സ്‌വർത്ത് ബാലഡ്സിന്റെ രണ്ടാം പതിപ്പിൽ അതിനെ ഒഴിവാക്കാൻ പോലും ആലോചിച്ചു. ഒടുവിൽ അടുത്ത പതിപ്പിൽ ആ കവിത ഉൾപ്പെടുത്തിയ അദ്ദേഹം ഒപ്പം അതിന്റെ ദോഷങ്ങൾ സമ്മതിക്കുകയും മേന്മകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന ഒരു കുറിപ്പും ചേർത്തു. "വലുതും ചെറുതുമായ എല്ലാറ്റിനേയും നന്നായി സ്നേഹിക്കുന്നവൻ നന്നായി പ്രാർത്ഥിക്കുന്നു; എന്തെന്നാൽ, നമ്മെ സ്നേഹിക്കുന്ന പ്രിയപ്പെട്ട ദൈവം തന്നെ, എല്ലാറ്റിനേയും സൃഷ്ടിച്ചു, എല്ലാറ്റിനേയും സ്നേഹിക്കുന്നു"[൪] എന്ന വരികളിൽ ഈ കവിതയുടെ സന്ദേശം കാണുന്നവരുണ്ട്. എന്നാൽ മേരിനറെ അതിന്റെ ഗുണപാഠത്തിലൂന്നി വിലയിരുത്തുന്നതിനെ കോൾറിഡ്ജ് എതിർത്തിട്ടുണ്ട്. അതിൽ സന്ദേശമൊന്നുമില്ലെന്നു പരാതിപ്പെട്ടവർക്ക് അദ്ദേഹം കൊടുത്ത മറുപടി ആവശ്യത്തിലധികം സന്ദേശമുണ്ടെന്നതാണ് അതിന്റെ പ്രധാന ദൗർബ്ബല്യം എന്നായിരുന്നു:-

തകർച്ചകൾ

തിരുത്തുക
 
കോൾറിഡ്ജ് 42-ആം വയസ്സിൽ, ചിത്രകാരൻ സാമുവൽ കസിൻസ്

ബാലഡ്സിന്റെ പ്രസിദ്ധീകരണസമയത്ത് വേഡ്സ്‌വർത്തുമാർക്കൊപ്പം ജർമ്മനിയിലെത്തിയ കോൾറിഡ്ജ് ഗോട്ടിഞ്ഞൻ സർവകലാശാലയിൽ പഠനം തുടങ്ങി. വേഡ്സ്‌വർത്തും ഡോറത്തിയും താമസിയാതെ ഇംഗ്ലണ്ടിലേക്കു മടങ്ങി. ഒരു വർഷത്തോളം ജർമ്മനിയിൽ കഴിഞ്ഞ കോൾറിഡ്ജ്, ജർമ്മൻ ഭാഷ പഠിക്കാനും ജർമ്മൻ തത്ത്വചിന്തയിൽ അവഗാഹം നേടാനും ശ്രമിച്ചു. തത്ത്വചിന്തയുടെ കെട്ടുപാടുകളിൽ, സംവേദനാശേഷിയും കല്പനാചാതുരിയും ദുർബ്ബലമായതോടെ അദ്ദേഹം കവിതയെ മിക്കവാറും ഉപേക്ഷിച്ചു. "എന്നിലെ കവി മരിച്ചു; ഒരു വരി എഴുതുന്നതെങ്ങനെയെന്ന് ഞാൻ മറന്നു" എന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. ഇതിനിടെ കോൾറിഡ്ജ് പത്നി സാറായുമായി ഏറെ അകൽച്ചയിലായിരുന്നു. 1799 ജൂലൈ മാസം ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ കോൾറിഡ്ജ്, പണ്ടു താൻ പ്രണയിച്ചിരുന്ന മേരി ഇവാൻസിന്റെ സഹോദരി സാറാ ഹച്ചിൻസണുമായി പ്രണയത്തിലായി. എങ്കിലും രണ്ടാമത്തെ ഈ സാറാ അദ്ദേഹത്തെ സ്നേഹിച്ചെങ്കിലും സ്വീകരിച്ചില്ല. കോൾറിഡ്ജിന്റെ കവിപ്രതിഭയുടെ അവസാനത്തെ പ്രകടനമായി കരുതപ്പെടുന്ന 'ഡിജക്ഷൻ' (Dejection) എന്ന കവിത, ഈ തിരസ്കാരത്തിന്റെ നൈരാശ്യത്തിൽ പിറന്നതാണ്.[3]

1800 ഏപ്രിൽ മാസത്തിൽ വേഡ്സ്‌വർത്തുമാരെ സന്ദർശിക്കാനെത്തിയ കോൾറിഡ്ജ് ഒടുവിൽ സകുടുംബം ഡോറത്തി കണ്ടെത്തിയ ഗ്രെറ്റാ ഹാൾ എന്ന വീട്ടിലേക്കു താമസം മാറ്റി. ശീതകാലത്ത് കോൾറിഡ്ജിന്റെ ആസ്ത്‌മയും മറ്റും കലശലാകുന്ന തരം സാഹചര്യമാണ് അവിടെയുണ്ടായിരുന്നത്. അതിനാൽ, മോണിങ്ങ് പോസ്റ്റ് ദിനപത്രം എഡിറ്ററുടെ ജോലി വച്ചുനീട്ടിയപ്പോൾ അതു സ്വീകരിച്ച് അദ്ദേഹം ലണ്ടണിലേക്കു പോയി. പത്രത്തിലെ ഒരു വർഷക്കാലത്തെ ജോലിക്കു ശേഷം 1802-ൽ ഗ്രെറ്റാ ഹാളിൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതൽ മോശമാവുകയും കറുപ്പുസേവ കൂടുകയും ചെയ്തിരുന്നു. 1804-ൽ ആരോഗ്യം ഭേദപ്പെടുമെന്ന ആശയിൽ അദ്ദേഹം വേഡ്സ്‌വർത്തിൽ നിന്ന് കടം വാങ്ങിയ 100 പൗണ്ടുമായി മെഡിറ്ററേനിയനിലെ മാൾട്ടാ ദ്വീപിലേക്കു പോയി. അവിടെ കറുപ്പു സേവയിൽ നിന്നു വിട്ടുനിൽക്കാൻ അദ്ദേഹം ശ്രമിച്ചു. മാൾട്ടയിലെ ബ്രിട്ടീഷ് ഗവർണ്ണറുടെ കാര്യദർശിയും മറ്റുമായി കോൾറിഡ്ജ് ജോലിചെയ്തു. ഒരുവർഷത്തെ ഉദ്യോഗത്തിന്റെ തളർച്ചക്കു ശേഷം ലഹരിയിലേക്കു മടങ്ങിയ കോൾറിഡ്ജ് 1806-ൽ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. ഭാര്യയിൽ നിന്നു വിവാഹം മോചനം നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല. ഒടുവിൽ അദ്ദേഹം 6 വയസ്സുള്ള മകൻ ഡെർവന്റിനേയും കൂട്ടി സാറായെ ഉപേക്ഷിച്ചുപോയി. അവരെ പിന്നെ സംരക്ഷിച്ചത് സഹോദരീഭർത്താവായിരുന്ന കവി റോബർട്ട് സൗത്തിയാണ്.

1810-ൽ വേഡ്സ്‌വർത്തുമായുള്ള കോൾറിഡ്ജിന്റെ സൗഹൃദം അവസാനിച്ചു. കോൾറിഡ്ജിന്റെ സ്വഭാവത്തിന്റെ അസ്ഥിരതയെക്കുറിച്ച് സുഹൃത്തുക്കളിൽ ചിലർക്ക് വേഡ്സ്‌വർത്ത് മുന്നറിയിപ്പു കൊടുത്തതും സാറാ ഹച്ചിൻസണുമായുള്ള തന്റെ പ്രണയത്തിന്റെ പരാജയത്തിനു കാരണം വേഡ്സ്‌വർത്തുമാരായിരുന്നു എന്ന കോൾറിഡ്ജിന്റെ വിശ്വാസവും മറ്റും ചരിത്രപ്രസിദ്ധമായ ഈ സൗഹൃദത്തിന്റെ തകർച്ചയെ സഹായിച്ചു.

ദാർശനികൻ

തിരുത്തുക

ശാരീരികവും മാനസികവുമായ ഈ തകർച്ചകൾക്കിടയിലും കോൾറിഡ്ജ് ചിന്തയുടെ ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന സാന്നിദ്ധ്യമായിരുന്നു. 1808 മുതൽ 1815 വരെ അദ്ദേഹം ബ്രിസ്റ്റളിലും ലണ്ടണിലെ റോയൽ സ്ഥാപനത്തിലും പ്രഭാസണങ്ങൾ നടത്തി. പലപ്പോഴും വിഷയത്തിൽ നിന്നകന്ന് കാടുകയറിയെങ്കിലും ഈ പ്രഭാഷണങ്ങൾ ചാൾസ് ലാമ്പിനെപോലുള്ള പ്രമുഖന്മാരുടെ പോലും മതിപ്പു നേടി. 1815-ൽ "തിയറി ഓഫ് ലൈഫ്" എന്ന കൃതിയിൽ കോൾറിഡ്ജ് മനസ്സിനെ രാസ-ഭൗതികരീതിയിൽ വിശദീകരിക്കാനുള്ള ശ്രമങ്ങളേയും ഇറാസ്മസ് ഡാർവിനെപ്പോലുള്ളവരുടെ പരിണാമവാദത്തേയും തിരസ്കരിച്ചു. 1816-ലെ "രാഷ്ട്രതന്ത്രജ്ഞന്റെ കൈപ്പുസ്തകം" (The Statesman's Manuel), 1817-ലെ "സാധാരണക്കാരന്റെ മതപ്രസംഗം" (A lay sermon) എന്നീ കൃതികളിൽ, സാമൂഹികമാറ്റങ്ങളിൽ ചാലകശക്തിയായിരിക്കേണ്ടത് ഉപരിവർഗ്ഗമാണെന്ന് അദ്ദേഹം വാദിച്ചു. രാഷ്ട്രനീതിയിലും മറ്റെല്ലാ മേഖലകളിലും ശരിയായ വഴി കണ്ടെത്താൻ ബൈബിളിനെയാണ് ആശ്രയിക്കേണ്ടതെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.

ഇതേകാലത്തു തന്നെയാണ് കോൾറിഡ്ജ് "സാഹിത്യജീവചരിത്രം" (Biographia Literaria) എന്ന വിഖ്യാതകൃതിയും രചിച്ചത്. സാഹിത്യത്തിലേയും ദർശനത്തിലേയും കോൾറിഡ്ജിന്റെ നിലപാടുകളിലേക്കുള്ള ഏറ്റവും നല്ല വഴികാട്ടിയെന്നതിനൊപ്പം വേഡ്‌വർത്തിന്റെ സാഹിത്യചിന്തയുടെ വിശകലനവും വിമർശനവും കൂടിയാണ് ഈ കൃതി.[1]

ഹൈഗേറ്റിലെ യോഗി

തിരുത്തുക

1816-ൽ 43-ആമത്തെ വയസ്സിൽ ശാരീരികവും മാനസികവുമായ തകച്ചയുടെ വക്കിലെത്തി നിന്ന കോൾറിഡ്ജിനെ ലണ്ടണിലെ ജെയിംസ് ഗിൽമാൻ എന്ന ഡോക്ടർ, ഹൈഗേറ്റിലെ തന്റെ വസതിയിൽ സ്വീകരിച്ചു. ദിവസേന ഒരു പിന്റ് അളവ് കണക്കിൽ കറുപ്പുസത്തു സേവിക്കുന്ന സ്ഥിതിയിലായിരുന്നു അദ്ദേഹം അക്കാലത്ത്. ഗിൽമാനും പത്നിയും കോളറിഡ്ജിനെ മരണം വരെ തീറ്റിപ്പോറ്റി പരിപാലിച്ച് ആശ്വസിപ്പിച്ചു. ഗിൽമാന്റെ പരിചരണത്തിൽ കോൾറിഡ്ജിന്റെ നില ആതിശയകരമാം വിധം മെച്ചപ്പെട്ടു. തന്റെ രോഗിയുടെ മനസ്സിന്റെ ആഴവും പരപ്പും ഗിൽമാനെ അത്ഭുതപ്പെടുത്തി. താമസിയാതെ അദ്ദേഹം കോൾറിഡ്ജിനു സന്ദർശകരെ അനുവദിച്ചു. അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ എപ്പോഴും യുക്തിഭദ്രമായിരുന്നില്ലെങ്കിലും ആസ്വാദ്യമായിരുന്നു. സാമുവൽ ജോൺസന്റെ സംഭാഷണങ്ങൾ പോലെ അവ ശ്രദ്ധിക്കപ്പെട്ടു. ഇക്കാലത്ത് കോൾറിഡ്ജിനെ സന്ദർശിച്ച ചരിത്രകാരൻ തോമസ് കാർലൈൽ അദ്ദേഹത്തെ "മനുഷ്യർക്കിടയിലെ രാജാവ്" (a king of men) എന്നു വിശേഷിപ്പിച്ചു. അതേസമയം, "പങ്കപ്പാടുകൾ നിറഞ്ഞ, ഭാരം ചുമന്നു പകുതി തകർന്ന ശേഷവും ശാരീരികവും അല്ലാത്തതുമായ എണ്ണമറ്റ പരിഭ്രാന്തികളുടെ കടലിൽ വേദനയോടെ നീന്തുന്ന, ഒരു ജീവിതത്തിന്റെ ഓർമ്മയാണ് അദ്ദേഹം നമ്മിൽ അവശേഷിപ്പിക്കുന്നത്" എന്നും കാർലൈൽ കരുതി.[1]

ഈ അവസാനകാലത്ത് കോൾറിഡ്ജിന്റെ വിശ്വാസങ്ങൾ കൂടുതൽ മതോന്മുഖവും യാഥാസ്ഥിതികവുമായി. രാജനീതിയിലേയും മതത്തിലേയും എല്ലാ പരിഷ്കരണങ്ങളേയും അദ്ദേഹം എതിർത്തു. ഇംഗ്ലണ്ടിൽ കത്തോലിക്കർക്കെതിരെയുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനും, പശ്ചിമേന്ത്യൻ ദ്വീപുകളിൽ അടിമത്തം നിരോധിക്കുന്നതിനും, ബ്രിട്ടീഷ് പാർലമെന്റിനെ യാഥാസ്ഥിതികമാക്കി നിർത്തിയ പ്രഭുസഭയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുദ്ദേശിച്ച 1831-ലെ പരിഷ്കാരത്തിനും എല്ലാം അദ്ദേഹം എതിരായിരുന്നു. അവസാനം അടുത്തപ്പോൾ, തന്റെ "ചിന്താവ്യവസ്ഥ" പൂർത്തിയാക്കാൻ വേണ്ട ദീർഘായുസ്സ് കിട്ടാതെ പോയതിലുള്ള നിരാശ അദ്ദേഹം മറച്ചു വച്ചില്ല. എങ്കിലും ദൈവതിരുമനസ്സ് മറിച്ചാണെന്നതിനാൽ (Visum aliter Deo) അതു നിറവേറാതെ വയ്യ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിനു 62 വയസ്സുണ്ടായിരുന്നു.[3]

വിലയിരുത്തൽ

തിരുത്തുക

കോൾറിഡ്ജിന്റെ ദുരന്തഛായകലർന്ന വ്യക്തിത്വത്തിന്റെ വൈരുദ്ധ്യങ്ങൾ തിരിച്ചറിഞ്ഞവരും അദ്ദേഹത്തിന്റെ പ്രതിഭയുടെ ഉജ്ജ്വലത അംഗീകരിച്ചിട്ടുണ്ട്. "ക്ഷതം പറ്റിയ ദൈവദൂതൻ"[൫] എന്നാണ് ദീർഘകാലം സുഹൃത്തായിരുന്ന ചാൾസ് ലാംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഗതിതിരിച്ചുവിട്ട അസാധാരണസൗഹൃദത്തിനും സാഹിത്യസഹകരണത്തിനുമൊടുവിൽ കോൾറിഡ്ജുമായി കലഹിച്ച വില്യം വേഡ്‌സ്‌വർത്ത്‌ അദ്ദേഹത്തെ, "ഞാൻ അറിഞ്ഞതിൽ ഏറ്റവും അതിശയിപ്പിക്കുന്ന മനുഷ്യൻ" എന്നു വിശേഷിപ്പിച്ചു. കവിയെന്ന നിലയിൽ രചനാസമൃദ്ധി ആദ്ദേഹത്തിന്റെ ബലമായിരുന്നില്ല. എങ്കിലും "പ്രാചീനനാവികന്റെ പാട്ട്" കാല്പനികകവിതയിലേയും വിശ്വസാഹിത്യത്തിലെ തന്നെയും നായകശില്പങ്ങളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. "കോൾറിഡ്ജിന്റെ ഒന്നാം കിട കവിതകൾ എല്ലാം ചേർന്നാൽ 20 പുറങ്ങളിൽ ബൈൻഡ് ചെയ്യാവുന്നതേയുള്ളു; എന്നാൽ അവ തനിത്തങ്കത്തിൽ ബൈൻഡ് ചെയ്യപ്പെടേണ്ടവയാണ്" എന്ന് ഐറിഷ് പുരോഹിതനും ലേഖകനുമായ സ്റ്റോപ്ഫോർഡ് ബ്രൂക്ക് നിരീക്ഷിച്ചിട്ടുണ്ട്.[1]

ലിറിക്കൾ ബാലഡ്സിന്റെ പ്രസിദ്ധീകരണത്തെ തുടർന്ന് ജർമ്മനിയിൽ ചെലവഴിച്ച കാലത്ത് തത്ത്വചിന്തക്കുവേണ്ടി കവിതയെ നഷ്ടപ്പെടുത്തിയ കോൾറിഡ്ജ്, അവശേഷിച്ച ജീവിതകാലം ഇംഗ്ലണ്ടിൽ ജർമ്മൻ തത്ത്വചിന്തയുടെ പതാകവാഹകൻ എന്ന നിലയിലും ശോഭിച്ചു.

കോൾറിഡ്ജ് പലപ്പോഴും തന്റെ പരന്ന വായനയിൽ ലഭിച്ച ആശയങ്ങളും മുഴുവൻ രചനാഖണ്ഡങ്ങളും തന്നെ കടപ്പാടു കാട്ടാതെ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെട്ടിട്ടുണ്ട്. നമുക്കറിയാവുന്നവരായുള്ള ഏറ്റവും മുന്തിയ വിജ്ഞാനദാഹികളിലും സ്വാംശീകർത്താക്കളിലും ഒരാളായിരുന്നു കോളറിഡ്ജെന്ന് ഈ സന്ദർഭത്തിൽ പറയുന്ന വിൽ-ഏരിയൽ ഡുറാന്റുമാർ തുടർന്ന് ഇങ്ങനെ നിരീക്ഷിക്കുന്നു: "ആവശ്യമുള്ളപ്പോൽ ഉപയോഗിക്കാൻ പറ്റിയ ബിംബങ്ങളുടേയും, ആശയങ്ങളുടേയും, പ്രയോഗങ്ങളുടേയും, വാദമുഖങ്ങളുടേയും, മുഴുവൻ രചനാഖണ്ഡങ്ങളുടെയും തന്നെ ശേഖരമായിരുന്നു കോൾറിഡ്ജിന്റെ ഓർമ്മ. പലപ്പോഴും അദ്ദേഹം രചനയിൽ തന്റെ സ്രോതസ്സുകളോടു കടപ്പാടു രേഖപ്പെടുത്തുന്നതിൽ ഉപേക്ഷ കാണിക്കുകയോ, സൗകര്യപൂർവം അവയെ മറക്കുകയോ ചെയ്തു."[3][൬]

കുറിപ്പുകൾ

തിരുത്തുക

^ ജോൺ കോൾറിഡ്ജിന്റെ രണ്ടാം വിവാഹത്തിലെ പത്തു മക്കളിൽ ഇളയവനായിരുന്നു സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്. പിതാവിന്റെ ആദ്യവിവാഹത്തിനെ മൂന്നു സഹോദരങ്ങൾ അദ്ദേഹത്തിനു വേറേയും ഉണ്ടായിരുന്നു.

^ "Because, to tell you the truth, sir, I am an infidel."[3]

^ അഭികാമ്യരല്ലാത്ത സന്ദർശകരെ സൂചിപ്പിക്കുന്ന "പോർലോക്കിൽ നിന്നുള്ള ആൾ" (Person from Porlock) എന്ന പ്രയോഗത്തിനു പിന്നിൽ കോൾറിഡ്ജിന്റെ ഈ അനുഭവമാണുള്ളത്.

^ "He prayeth best, who loveth best/All things both great and small;/For the dear God who loveth us,/He made and loveth all."[6]

^ "An archangel, a little damaged".

^ "വല്ലപ്പോഴുമൊക്കെ സാഹിത്യചോരണം നടത്തിയവൻ" (occasional plagiarist) എന്ന് ഹാരോൾഡ് ബ്ലൂമും കോൾറിഡ്ജിനെ വിശേഷിപ്പിക്കുന്നുണ്ട്.[5]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 വില്യം ജെ. ലോങ്ങ്, English Literature, Its History and Its Significance for the Life of English speaking World (പുറങ്ങൾ 387-93)
  2. Jamison, Kay Redfield. Touched with Fire: Manic-Depressive Illness and the Artistic Temperament. Free Press (1994.), 219–224.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 വിൽ-ഏരിയൽ ഡുറാന്റുമാർ, സംസ്കാരത്തിന്റെ കഥ, പതിനൊന്നാം ഭാഗം, (പുറങ്ങൾ 422-47)
  4. പെൻഗ്വിൻ അക്കദമിക് കവിത, ഒരു പോക്കറ്റ് സമാഹാരം(പുറം 118), കോൾറിഡ്ജിന്റെ കുബ്ലാ ഖാൻ എന്ന കവിതയോടൊപ്പം ചേർത്തിരിക്കുന്ന കുറിപ്പ്
  5. 5.0 5.1 5.2 ഹാരോൾഡ് ബ്ലൂം, "ഹൗ ടു റീഡ് ആൻഡ് വൈ"(പുറം 125-26)
  6. The literature Network, The Rime of the Ancient Mariner