വലിയ അൽബർത്തോസ്
ദൈവശാസ്ത്രത്തിലും ഭൗതികശാസ്ത്രങ്ങളിലുമുള്ള സമഗ്രമായ അറിവിന്റെയും, ശാസ്ത്രത്തിനും മതത്തിനും ഇടയിലെ സമാധാനപമായ സഹവർത്തിത്വത്തിനു നൽകിയ സംഭാവനകളുടേയും പേരിൽ അറിയപ്പെടുന്ന ഡൊമിനിക്കൻ സന്യാസിയും മെത്രാനുമാണ് വലിയ അൽബർത്തോസ് (ജനനം: 1193/1206 മരണം: നവംബർ 15, 1280). മഹാനായ വിശുദ്ധ അൽബർത്തോസ്, കോളോണിലെ അൽബർത്തോസ്, വിശുദ്ധ ആൽബർട്ട് എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. മദ്ധ്യയുഗങ്ങളിലെ ഏറ്റവും മഹാനായ ജർമ്മൻ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായി അൽബർത്തോസ് കണക്കാക്കപ്പെടുന്നു. റോമൻ കത്തോലിക്കാ സഭയിലെ 33 വേദപാരംഗതന്മാരിൽ ഒരാളാണ് അൽബർത്തോസ്. അരിസ്റ്റോട്ടിലിന്റെ ദർശനത്തെ ക്രിസ്തീയചിന്തയിൽ ആദ്യമായി പ്രയോഗിച്ചത് അദ്ദേഹമാണ്. പ്രഖ്യാത ക്രൈസ്തവചിന്തകനായ തോമസ് അക്വീനാസ് ഇക്കാര്യത്തിൽ അൽബർത്തോസിന്റെ വഴി പിന്തുടർന്നു. അക്വീനാസിന്റെ ഗുരുവായിരുന്നു അൽബർത്തോസ്.
വലിയ അൽബർത്തോസ് | |
---|---|
മെത്രാൻ, ദൈവശാസ്ത്രജ്ഞൻ, വേദപാരംഗതൻ | |
ജനനം | 1193-നും 1206-നും ഇടയിൽ ലോവിഞ്ഞൻ, ബവേറിയ |
മരണം | 1280 നവംബർ 15 കോളോൺ, "വിശുദ്ധ"റോമാ സാമ്രാജ്യം |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | 1622, റോം |
നാമകരണം | 1931, റോം by പതിനൊന്നാം പീയൂസ് മാർപ്പാപ്പാ |
പ്രധാന തീർത്ഥാടനകേന്ദ്രം | കോളോണിലെ "സെയിന്റ് ആൻഡ്രിയാസ്" |
ഓർമ്മത്തിരുന്നാൾ | നവംബർ 15 |
മദ്ധ്യസ്ഥം | സിൻസിനാറ്റി, ഒഹായോ; വൈദ്യസാങ്കേതിക വിദഗ്‌ധർ; ഭൗതികശാസ്ത്രങ്ങൾ; തത്ത്വചിന്തകർ; ശാസ്ത്രജ്ഞന്മാർ; വിദ്യാർത്ഥികൾ; ലോക യുവദിനം |
പണ്ഡിതനും ചിന്തകനുമെന്ന നിലയിൽ അദ്ദേഹം അർജ്ജിച്ച കീർത്തിയെ മാനിച്ച്, റോജർ ബേക്കണെപ്പോലുള്ള സമകാലീനർ, ജീവിതകാലത്തു തന്നെ "വലിയ"(Magnus) എന്ന വിശേഷണം അദ്ദേഹത്തിന്റെ പേരിനോടു ചേർത്ത് ഉപയോഗിച്ചിരുന്നു.
ജീവചരിത്രം
തിരുത്തുകജനനം, വിദ്യാഭ്യാസം
തിരുത്തുകജർമ്മനിയിൽ ബവേറിയയിലെ ലോവിഞ്ഞനിൽ, ബോൾസ്റ്റാട്ട് പ്രഭുവിന്റെ പുത്രനായി 1193-നും 1206-നും ഇടയ്ക്കെങ്ങോ അൽബർത്തോസ് ജനിച്ചു.[1]
അൽബർത്തോസിന്റെ വിദ്യാഭ്യാസം മുഖ്യമായും പാദുവാ സർവകലാശാലയിലായിരുന്നു. അരിസ്റ്റോട്ടിലിന്റെ രചനകളുമായി അദ്ദേഹം പരിചയപ്പെട്ടത് അവിടെയാണ്. പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട നൊവാമാജിയയിലെ റുഡോൾഫിന്റെ സാക്ഷ്യം, കന്യാമാതാവ് അൽബർത്തോസിനു പ്രത്യക്ഷയായി, പുരോഹിതവൃത്തി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായി പറയുന്നു. 1223-നടുത്തെങ്ങോ, കുടുംബാംഗങ്ങളുടെ ഇച്ഛയ്ക്കെതിരായി ഡൊമിനിക്കൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം, ബൊളോഞ്ഞായിലും മറ്റിടങ്ങളിലും ദൈവശാസ്ത്രം പഠിച്ചു. ജർമ്മനിയിൽ കൊളോണിലെ ഡൊമിനിക്കൻ ഭവനത്തിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം, ഏറെക്കാലം അവിടേയും, റീജൻസ്‌ബർഗ്ഗിലും, ഫ്രീബർഗ്ഗിലും, സ്ട്രാസ്‌ബർഗ്ഗിലും, ഹിൽഡെഷീമിലും അദ്ധ്യാപനത്തിൽ ഏർപ്പെട്ടു.
പാരിസിൽ, സഭാനേതൃത്വം
തിരുത്തുക1245-ൽ പാരിസിലേയ്ക്കു പോയ അൽബർത്തോസ് ദൈവശാസ്ത്രത്തിൽ ഗവേഷണബിരുദം സ്വീകരിക്കുകയും ഏറെ വിജയകരമായി അവിടെ വളരെക്കാലം ദൈവശാസ്ത്രാദ്ധ്യാപകനായിരിക്കുകയും ചെയ്തു. തോമസ് അക്വീനാസ്, അൽബർത്തോസിന്റെ ശിഷ്യനായിരുന്നത് ഇക്കാലത്താണ്.
ഡൊമിനിക്കൻ സന്യാസസഭയ്ക്കെതിരെ പാരീസ് സർവകലാശാലയിലെ അതിന്റെ എതിരാളികൾ ഉയർത്തിയ വിമർശനങ്ങളെ അദ്ദേഹം സമർത്ഥമായി നേരിട്ടു. അതോടോപ്പം അൽബർത്തോസ് യോഹന്നാന്റെ സുവിശേഷത്തിന് ഒരു വ്യാഖ്യാനം രചിക്കുകയും, ആദ്യകാല ഇസ്ലാമിക ചിന്തകനായ അവ്വെരോസിന്റെ ദർശനത്തെ വിമർശിക്കുകയും ചെയ്തു.
മെത്രാൻ, മരണം
തിരുത്തുക1254-ൽ അൽബർത്തോസ്, അദ്ദേഹം അംഗമായിരുന്ന ഡോമിനിക്കൻ സഭയിൽ ജർമ്മൻ പ്രവിശ്യയുടെ തലവനായി നിയമിക്കപ്പെട്ടു.[2] ആ സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങൾ അദ്ദേഹം ശ്രദ്ധയോടും കഴിവോടും കൂടെ നിറവേറ്റി.
1260-ൽ അലക്സാണ്ടർ നാലാമൻ മാർപ്പാപ്പ അൽബർത്തോസിനെ റീഗൻസ്‌ബർഗ്ഗ് (റാറ്റിസ്‌ബോൺ) രൂപതയുടെ മെത്രാനായി നിയമിച്ചു. ഈ പദവിയിൽ അദ്ദേഹം മൂന്നു വർഷം മാത്രമേ തുടർന്നുള്ളു. മെത്രാനായിരിക്കെ, കുതിരപ്പുറത്ത് യാത്രചെയ്യാൻ വിസമ്മതിച്ച അൽബർത്തോസിന്റെ വിനീതഭാവം പ്രശംസനേടി-- ഡൊമിനിക്കൻ സമൂഹത്തിന്റെ ആദർശങ്ങൾ പിന്തുടർന്ന്, വിശാലമായ തന്റെ രൂപത അങ്ങോളമിങ്ങോളം കാൽനടയായി സഞ്ചരിച്ച അൽബർത്തോസിന്, "ബൂട്ട്സ് ആയ മെത്രാൻ"(Boots the Bishop) എന്നു രൂപതാംഗങ്ങൾ പേരിട്ടു. മെത്രാൻ പദവിയിൽ നിന്ന് നിവൃത്തനായ അൽബർത്തോസ്, ഡൊമിനിക്കൻ സഭയുടെ വിവിധ ഭവനങ്ങളിലായി വിരാമജീവിതം നയിച്ചു. എന്നാൽ ഇക്കാലത്തും അദ്ദേഹം തെക്കൻ ജർമ്മനിയിൽ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. 1270-ൽ അദ്ദേഹം ഓസ്ട്രിയയിൽ എട്ടാം കുരിശുയുദ്ധത്തെ പിന്തുണച്ചു പ്രസംഗിച്ചു. അദ്ദേഹത്തിന്റെ അവസാനപ്രയത്നം, തനിക്കു മുൻപേ മരിച്ച ശിഷ്യൻ തോമസ് അക്വീനാസിന്റെ ചിന്തയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളെ നേരിടുകയായിരുന്നു. 1274-ലെ അക്വീനാസിന്റെ മരണം, അൽബർത്തോസിനെ വേദനിപ്പിച്ചിരുന്നു. 1278-ൽ അരോഗ്യം പൂർണ്ണമായി തകർന്ന അൽബർത്തോസ്, 1280-ൽ ജർമ്മനിയിലെ കൊളോണിൽ അന്തരിച്ചു. അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്, കൊളോണിലെ വിശുദ്ധ ആൻഡ്രിയാസ് പള്ളിയിലും, ഭൗതികാവശിഷ്ടത്തിന്റെ ഒരു ഭാഗം ആ നഗരത്തിലെ ഭദ്രാസനപ്പള്ളിയിലുമാണ്.
ശാസ്ത്രജ്ഞൻ
തിരുത്തുകഭൗതികശാസ്ത്രത്തിൽ അതീവതത്പരനായിരുന്ന അൽബർത്തോസിന്റെ ശാസ്ത്രജ്ഞാനം, ആ കാലഘട്ടത്തിന്റെ പരിമിതികൾ അനുവദിക്കുന്നത്ര കൃത്യത കാട്ടി. പിൽക്കാലങ്ങളിൽ അദ്ദേഹത്തെ വലിയ രാസവിദ്യാവിദഗ്‌ധനും(ആൽക്കെമിസ്റ്റ്) ജാലവിദ്യാവിശാരദനുമായി ചിത്രീകരിക്കുന്ന കഥകൾ പ്രചരിച്ചു. അൽക്കെമിയിൽ, തത്ത്വചിന്തകന്റെ ശില(Philosopher's stone) ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് അൽബർത്തോസ് എഴുതിയിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ അദ്ദേഹം നേരിട്ട് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ടൊ എന്ന് ഉറപ്പില്ല. എന്നാൽ അദ്ദേഹമാണ് പാഷാണം(arsenic) കണ്ടുപിടിച്ചതെന്ന് വാദമുണ്ട്.[3]
മരണാനന്തര ബഹുമതികൾ
തിരുത്തുകഡിവൈൻ കോമഡിയുടെ കർത്താവായ ഡാന്റെ അൽബർത്തോസിനെ പലവട്ടം പരാമർശിക്കുന്നുണ്ട്. മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള(free will) ഡാന്റെയുടെ ആശയങ്ങൾ രൂപപ്പെട്ടത്, അൽബർത്തോസിന്റെ സന്മാർഗ്ഗവ്യവസ്ഥയെ ആശ്രയിച്ചാണ്. ഡിവൈൻ കോമഡിയിൽ ഡാന്റെ അൽബർത്തോസിനെ ചിത്രീകരിച്ചത്, ശിഷ്യൻ അക്വീനാസിനൊപ്പം വിജ്ഞാനപ്രേമികളുടെ സൂര്യസ്വർഗ്ഗത്തിലാണ്. മേരി ഷെല്ലിയുടെ നോവലായ ഫ്രാങ്കെൻസ്റ്റൈൻ എന്ന നോവലിലും അൽബർത്തോസ് പരാമർശിക്കപ്പെടുന്നുണ്ട്.
1622-ൽ അൽബർത്തോസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. 1931-ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനും വേദപാരംഗതനുമായി നാമകരണം ചെയ്തു. അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്, മരണദിനമായ നവംബർ 15-ന് ആണ്.
രചനകൾ
തിരുത്തുക1899-ൽ അൽബർത്തോസിന്റെ രചനകൾ സമാഹരിക്കപ്പെട്ടപ്പോൾ അവ 38 വാല്യങ്ങൾ ഉണ്ടായിരുന്നു. ലോജിക്, ദൈവശാസ്ത്രം, സസ്യശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ജ്യോതിഷം, ധാതുശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ശരീരശാസ്ത്രം എന്നിങ്ങനെ വിവിധമേഖലകളെ സ്പർശിച്ചു നിന്ന അദ്ദേഹത്തിന്റെ അറിവിന്റെ വൈവിദ്ധ്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ സമാഹാരം; എല്ലാ രചനകളിലും അദ്ദേഹത്തിന്റെ യുക്തിസാമർത്ഥ്യവും നിരീക്ഷണപാടവവും പ്രതിഫലിച്ചു. അക്കാലത്തെ എഴുത്തുകാരിൽ ഏറ്റവുമേറെ പുസ്തകപരിചയം പ്രകടിപ്പിച്ചത് ഒരുപക്ഷേ അദ്ദേഹമായിരിക്കും. ലത്തീൻ പരിഭാഷകളും അറേബ്യൻ വ്യാഖ്യാതാക്കളുടെ കുറിപ്പുകളും വഴി പരിചയപ്പെട്ട അരിസ്റ്റോട്ടിലിന്റെ രചനകളെയൊന്നാകെ അദ്ദേഹം സ്വാംശീകരിക്കുകയും, ക്രിസ്തീയസഭയുടെ സിദ്ധാന്തങ്ങൾക്കനുസരണമായി ക്രമപ്പെടുത്തുകയും ചെയ്തു. അരിസ്റ്റോട്ടിലിന്റെ രചനാലോകത്തെക്കുറിച്ച് ഇന്ന് ലഭ്യമായ അറിവിൽ വലിയൊരു ഭാഗം അൽബർത്തോസ് വഴി പകർന്നുകിട്ടിയതാണ്.
അൽബർത്തോസ് ദൈവശാസ്ത്രത്തിലെന്നതിനേക്കാൾ താത്പര്യം കാട്ടിയത് തത്ത്വശാസ്ത്രത്തിലാണ്. 38 വാല്യങ്ങളായി സമാഹരിക്കപ്പെട്ട രചനകളിൽ ആദ്യത്തെ ആറു വാല്യങ്ങളും അവസാനത്തെ 21 വാല്യങ്ങളും അരിസ്റ്റോട്ടിലിന്റെ വിജ്ഞാനപദ്ധതിയനുസരിച്ചാണ് സാധാരണ തരം തിരിക്കപ്പെടാറുള്ളത്.
അൽബർത്തോസിന്റെ മുഖ്യദൈവശാസ്ത്രരചനകൾ പീറ്റർ ലൊംബാർഡിന്റെ "സെന്റൻസുകൾ" മൂന്നു വാല്യങ്ങളുടെ വ്യാഖ്യാനമായ മജിസ്റ്റർ സെന്റൻഷിയാറം (Magister Sententiarum), രണ്ടു വാല്യങ്ങളുള്ള ദൈവശാസ്ത്രസംഗ്രഹമായ "സമ്മാ തിയോളജിയേ" (Summa Theologiae) എന്നിവയാണ്.
വിലയിരുത്തൽ
തിരുത്തുകഅൽബർത്തോസിനെപ്പോലെ, ഇത്രയധികം എഴുതുകയും ഇത്രയേറെ കടമെടുക്കുകയും ഇത്ര സന്നദ്ധതയോടെ കടപ്പാടുകൾ സമ്മതിക്കയും ചെയ്ത എഴുത്തുകാർ വിരളമായിരിക്കുമെന്ന് വിൽ ഡുറാന്റ് നിരീക്ഷിച്ചിട്ടുണ്ട്. തന്റെ രചനകളിൽ, വിഷയക്രമം തുടങ്ങി എല്ലാക്കാര്യങ്ങളിലും അദ്ദേഹം ആശ്രയിച്ചത് അരിസ്റ്റോട്ടിലിനെയാണ്. അരിസ്റ്റോട്ടിലിനെ വ്യാഖ്യാനിക്കാൻ അദ്ദേഹം അവ്വെരോസിനെ കൂട്ടുപിടിക്കുന്നു. എന്നാൽ ഇവരിരുവരോടും, ക്രിസ്തീയ ദൈവശാസ്ത്രം ആവശ്യപ്പെടുന്നിടത്തോക്കെ അദ്ദേഹം വിയോജിക്കുകയും ചെയ്തു. മുസ്ലിം ചിന്തകന്മാരോടുള്ള അദ്ദേഹത്തിന്റെ ആശ്രയത്തിന്റെ ആധിക്യം മൂലം, അറേബ്യൻ തത്ത്വചിന്തയെക്കുറിച്ചുള്ള ഇന്നത്തെ അറിവിന്റെ പ്രധാന ശ്രോതസ്സുകളിലൊന്ന് അദ്ദേഹത്തിന്റെ രചനകളായിരിക്കുന്നു. ഒന്നിടവിട്ട പുറങ്ങളിലെന്ന മട്ടിൽ അദ്ദേഹം അവിസെന്നയുടെ രചനകളിൽ നിന്നും, ഇടയ്ക്കിടെ മൈമോനിഡിസിന്റെ "സന്ദേഹികൾക്കു വഴികാട്ടി"(Guide to the Perplexed) എന്ന രചനയും ഉദ്ധരിക്കുന്നു.[4]
അൽബർത്തോസിന്റെ ബൃഹത്തായ രചനാസമുച്ചയം ക്രമീകൃതസ്വഭാവമുള്ളതല്ല. ചിലപ്പോൾ ഒരേ രചനയിൽ തന്നെ ഒരിടത്ത് ഒരു സിദ്ധാന്തത്തെ അദ്ദേഹം പിന്തുണയ്ക്കുകയും മറ്റൊരിടത്ത് അതിനെ ആക്രമിക്കുകയും ചെയ്യുന്നതു കാണാം. തന്റെ ചിന്തയിലെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയില്ല. തികഞ്ഞ വിശുദ്ധനും ഭക്തനുമായിരുന്ന അൽബർത്തോസിന് തീർത്തും വസ്തുനിഷ്ഠമായ ചിന്ത വഴങ്ങിയില്ല. അരിസ്റ്റോട്ടിലിനെ സംബന്ധിച്ച ഒരു ദീർഘരചനയ്ക്കു തൊട്ടു പുറകേ അദ്ദേഹം പന്ത്രണ്ടു വാല്യങ്ങളിൽ കന്യാമറിയത്തെ പുകഴ്ത്തി. വ്യാകരണം, തർക്കശാസ്ത്രം, ലോജിക്ക്, ഗണിതശാസ്ത്രം, ക്ഷേത്രഗണിതം, സംഗീതം, ജ്യോതിശാസ്ത്രം തുടങ്ങിയ എല്ലാ വിജ്ഞാനശാഖകളിലും തികഞ്ഞ പ്രാവീണ്യമുള്ളവളായി മറിയത്തെ അദ്ദേഹം ആ രചനയിൽ ചിത്രീകരിച്ചു.[4]
ക്രൈസ്തവചിന്തയിൽ വ്യാജനിയൊനുസ്യോസിന്റെ പാരമ്പര്യം പിന്തുടർന്ന മിസ്റ്റിക് ആയിരുന്നു വലിയ അൽബർത്തോസ് എന്ന് എസ്.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ധ്യാനാത്മകമായ ജീവിതത്തിലൂടെയുള്ള ദൈവസംയോഗത്തെ മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യമായി അൽബർത്തോസ് കണ്ടു. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ദർശനം, പരോക്ഷമായിട്ടെങ്കിലും ഭാരതത്തിന്റെ യോഗാത്മപൈതൃകത്തോട് കടപ്പെട്ടിരിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[5]
അൽബർത്തോസിന്റെ ഒരു പ്രാധാന്യം, തന്റെ കാലത്തെ ശാസ്ത്രഗവേഷണത്തിനും, ശാസ്ത്രീയചിന്തയ്ക്കും അദ്ദേഹം നൽകിയ സംഭാവനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. തത്ത്വചിന്തയിൽ അദ്ദേഹത്തിന്റെ പ്രസക്തി, ലത്തിൻ ലോകത്തിന് അരിസ്റ്റോട്ടിലിനെ പരിചയപ്പെടുത്തി എന്നതാണ്. അൽബർത്തോസിനെക്കൂടാതെ, ഒരുപക്ഷേ തോമസ് അക്വീനാസ് സംഭവിക്കുമായിരുന്നില്ല.[4]
അവലംബം
തിരുത്തുക- ↑ വിശുദ്ധ വലിയ അൽബർത്തോസ്, കത്തോലിക്കാ വിജ്ഞാനകോശം
- ↑ ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലട്ടൂററ്റ്(പുറം 508)
- ↑ എംസ്ലി, ജോൺ (2001). പ്രകൃതിയുടെ നിർമ്മാണശിലകൾ: An A-Z Guide to the Elements. Oxford: Oxford University Press. pp. 43, 513, 529. ISBN 0-19-850341-5.
- ↑ 4.0 4.1 4.2 വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 960-61
- ↑ പൗരസ്ത്യമതങ്ങളും, പാശ്ചാത്യചിന്തയും, ഏസ് രാധാകൃഷ്ണൻ(പുറങ്ങൾ 245-46)