തോമസ് അക്വീനാസ്

(അക്വീനാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രസിദ്ധ ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും ഏറ്റവും അറിയപ്പെടുന്ന സ്കൊളാസ്റ്റിക് ചിന്തകനുമാണ്‌ തൊമസ് അക്വീനാസ്. പതിമൂന്നാം നൂറ്റാണ്ടിലാണ്‌‍(1225-1274) അദ്ദേഹം ജീവിച്ചിരുന്നത്. ക്രൈസ്തവ സിദ്ധാന്തങ്ങളുടെ ദാർശനിക വിശദീകരണത്തിന് ഒരു പുതിയ മാനം നൽകിയത് അക്വീനാസാണ്. വിശുദ്ധ ആൽബർട്ടിന്റെ (Albertus Magnus) ശിഷ്യന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹം. അരിസ്റ്റോട്ടലിന്റെ തത്ത്വചിന്തയെ ക്രൈസ്തവ സിദ്ധാന്തങ്ങളുമായി സമന്വയിപ്പിച്ചതാണ് അക്വിനാസിന്റെ മൗലിക സംഭാവനയായി കരുതപ്പെടുന്നത്. അതുവരെ വിശുദ്ധ അഗസ്റ്റിന്റെ വഴി പിന്തുടർന്ന ക്രൈസ്തവ ചിന്ത, പ്ലേറ്റോയുടെ തത്ത്വചിന്തയോടാണ് ചാഞ്ഞു നിന്നിരുന്നത്. ക്രൈസ്തവ ദൈവശാസ്ത്രത്തിലെ 'അഗസ്റ്റീനിയൻ' സരണിക്കു സമാന്തരമായി അരിസ്റ്റോട്ടലിന്റെ മേധാശക്തിയെ ആശ്രയിക്കുന്ന 'തോമിസ്റ്റ്' സരണിക്കു രൂപം കൊടുത്തത് തോമസ് അക്വീനാസ് ആണ്. പാശ്ചാത്യക്രൈസ്തവലോകത്ത് അരിസ്റ്റോട്ടലിന് പ്രശസ്തിയും സ്വീകാര്യതയും ഉണ്ടായത് അക്വിനാസിനു ശേഷമാണ്. പിന്നീട് അത് ചോദ്യം ചെയ്യപ്പെടാനാവാത്ത പ്രാമാണികത ആയി മാറി.

viതോമസ് അക്വീനാസ്
ജനനംതോമസ് അക്വീനാസ്
ഏതാണ്ട് 1225ൽ[1]
റോക്കാസെക്കാ, കിങ്ഡം ഓഫ് സിസിലി
മരണം7 മാർച്ച് 1274[1]
ഫോസ്സനോവ, പേപ്പൽ സ്റ്റേറ്റ്സ്
കാലഘട്ടംമധ്യകാലഘട്ട തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്തകൻ
പ്രധാന താത്പര്യങ്ങൾഭൗതികാന്തരശാസ്ത്രം (incl. ദൈവശാസ്ത്രം), യുക്തി, മനസ്സ്, ജ്ഞാനവാദം, സാന്മാർഗ്ഗികത, രാഷ്ട്രമീമാംസ
ശ്രദ്ധേയമായ ആശയങ്ങൾദൈവത്തിന്റെ അസ്തിത്വത്തിനുള്ള അഞ്ചു തെളിവുകൾ

ലഘുരചനകളും ബൃഹദ്‌ഗ്രന്ഥങ്ങളും അടക്കം അറുപതോളം കൃതികൾ അക്വീനാസിന്റേതായുണ്ട്. കത്തോലിക്കാ ദൈവശാസ്ത്രത്തിന്റെ സാരസംഗ്രഹമായ സുമ്മാ തിയോളജിയേ(Summa Theologiae - ദൈവശാസ്ത്രസംഗ്രഹം) [2] എന്ന കൂറ്റൻ ഗ്രന്ഥമാണ് അവയിൽ പ്രധാനം. ആ കൃതി പൂർത്തിയാക്കപ്പെടാത്തതാണ്. ക്രിസ്തീയവിശ്വാസത്തിനെതിരായ പേഗൻ വാദങ്ങൾക്കു മറുപടി പറയുന്ന സുമ്മാ കോൺട്രാ ജെന്റൈൽസ്(Summa contra Gentiles - പുറജാതികൾക്കുള്ള മറുപടികളുടെ സംഗ്രഹം) എന്ന ഗ്രന്ഥവും പ്രസിദ്ധമാണ്‌. [ക]

തുടക്കം

തിരുത്തുക
 
അക്വീനാസ്, 17-ആം നൂറ്റാണ്ടിലെ ഒരു ശില്പം
 
അക്വീനാസിനെ വീട്ടുകാർ തടവിൽ വച്ച റോക്കാ സെക്കയിലെ സാൻ ജിയോവാനി കോട്ട

ഇറ്റലിയിൽ മൊന്തെ കസീനോയ്ക്കടുത്തുളള റോക്കസേക്ക എന്ന സ്ഥലത്ത് 1225 അക്വീനാസ് ജനിച്ചു. അക്വിനോ എന്ന ചെറുനഗരത്തിൽ നിന്ന് മൂന്നു മൈൽ അകലെയും നേപ്പിൾസിലും റോമിലും നിന്നു തുല്യ ദൂരത്തിലും ആയിരുന്നു ജന്മസ്ഥലം. അക്വീനോയിലെ ലാൻഡൽഫ് പ്രഭുവും തിയോഡോറയും ആയിരുന്നു മാതാപിതാക്കൾ . 1239 വരെ മൊന്തെ കസീനയിലെ ബനഡിക്ടൻ ആശ്രമത്തിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. പിന്നീട് നേപ്പിൾസ് സർ‌വകലാശാലയി വിദ്യാർത്ഥിയായിരിക്കെ ഡൊമനിക്കൻ സന്യാസി സമൂഹത്തിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായ അക്വീനാസ് ആ സന്യാസസമൂഹത്തിൽ ചേരാൻ തീരുമാനിച്ചു. ബെനഡിക്ടൻ സന്യാസസമൂഹത്തിൽ ചേർന്ന്, കുടുംബത്തിനു പ്രയോജനപ്പെടുമാറ് ആശ്രമാധിപൻ ആയിത്തീരണം എന്നായിരുന്നു അമ്മയുടേയും മറ്റും ആഗ്രഹം. വീട്ടുകാർ അക്വീനാസിന്റെ മനസ്സു മാറ്റുമെന്നു ഭയന്ന ഡൊമിനിക്കന്മാർ, അദ്ദേഹത്തെ തങ്ങളുടെ സമൂഹത്തിൽ ചേർത്ത് റോമിലേയ്ക്ക് അയച്ചു. അവിടന്ന് പഠനാർത്ഥം പാരിസിലോ കൊളോണിലോ എത്തിക്കുകയായിരുന്നു ഉദ്ദേശം. എന്നാൽ റോമിലേയ്ക്കുള്ള വഴിയിൽ അക്വാപെൻഡെന്റെ എന്ന പട്ടണത്തിനടുത്തു വച്ച്, അമ്മ തിയൊഡോറയുടെ നിർദ്ദേശാനുസരണം, ഫ്രെഡറിക്ക് രാജാവിന്റെ സൈന്യത്തിലെ അംഗങ്ങളായിരുന്ന അക്വീനാസിന്റെ രണ്ടു സഹോദരന്മാർ അദ്ദേഹത്തെ തട്ടിയെടുത്തു കൊണ്ടുപോയി റോക്കാ സെക്കയിലെ സാൻ ജിയോവാനി കോട്ടയിൽ ഒരു വർഷം തടവിൽ വച്ചു.[3]

കുടുംബത്തിന്റെ തടവുകാരനായിരിക്കുമ്പോഴും അക്വീനാസ് പഠനനിരതനായിരുന്നു. സഹോദരിമാരിലൊരുവൾ അദ്ദേഹത്തിന്‌ തടവിൽ ഗ്രന്ഥങ്ങൾ എത്തിച്ചു കൊടുത്തിരുന്നു.[4] ഡൊമിനിക്കൻ സമൂഹത്തിൽ ചേരുന്നതിൽ നിന്ന് അക്വീനാസിനെ പിന്തിരിപ്പിക്കാൻ ഇക്കാലത്ത് കുടുംബാങ്ങൾ എല്ലാ വഴികളിലും ശ്രമിച്ചു. പ്രലോഭിപ്പിച്ചു മനസ്സു തിരിക്കാനായി കുടുംബാംഗങ്ങൾ ഒരു യുവസുന്ദരിയെ അദ്ദേഹത്തിന്റെ മുറിയിൽ കടത്തി വിട്ടതായിപ്പോലും പറയപ്പെടുന്നു. എന്നാൽ മുറി ചൂടാക്കാൻ വച്ചിരുന്ന നെരിപ്പോടിൽ നിന്നെടുത്ത ഒരു തീക്കനൽ കാട്ടി അവളെ ഓടിച്ചു വിട്ട ശേഷം വാതിലിൽ ആ തീക്കൊള്ളി കൊണ്ടു തന്നെ കുരിശടയാളം വരയ്ക്കുകയാണത്രെ അക്വീനാസ് ചെയ്തത്.[3] ഒടുവിൽ രണ്ടു വർഷത്തിനു ശേഷം ബന്ധനമുക്തനായ അക്വീനാസ് ഡൊമിനിക്കൻ സമൂഹത്തോടു ചേർന്നു. സഹോദരിമാരുടെ സഹകരണത്തോടെ, കയറിൽ കെട്ടിയിറക്കിയ ഒരു കൊട്ടയിലിരുന്ന് കോട്ടയ്ക്കു താഴെ കാത്തുനിന്നിരുന്ന ഡൊമിനിക്കന്മാരുടെ കൈകളിലെത്തി അക്വീനാസ് രക്ഷപെട്ടതെന്നാണ്‌ ഒരു കഥ.[ഖ]

'മന്ദൻ കാള'

തിരുത്തുക

1244-നടുത്ത് ബന്ധനമുക്തനായ അക്വീനാസ് ഉടൻ തന്നെ ഡൊമിനിക്കൻ സന്യാസിയായ വൃതവാഗ്ദാനം നടത്തിയ ശേഷം റോമിലേയ്ക്കു പോയി. അവിടെ ഇന്നസന്റ് നാലാമാൻ മാർപ്പാപ്പ ഡൊമിനിക്കൻ സഭയിൽ ചേരുന്നതിനു തീരുമാനത്തെക്കുറിച്ചു അദ്ദേഹത്തെ ചോദ്യം ചെയ്യുകയും മറുപടി ബോദ്ധ്യമായപ്പോൾ അനുഗ്രഹിച്ച് യാത്രയാക്കുകയും ചെയ്തു. തുടർന്ന് ഡൊമിനിക്കൻ സഭയുടെ നാലാമത്തെ തലവൻ ട്യൂട്ടോണിക്ക് ജോൺ ആദ്യം പാരീസിലേയ്ക്കും അവിടന്ന് ജർമ്മനിയിലെ കൊളോണിലേയ്ക്കും കോണ്ടുപോയി. കൊളോണിൽ അദ്ദേഹം ഡൊമിനിക്കൻ സഭാംഗവും, പ്രസിദ്ധ സ്കൊളാസ്റ്റിക് ചിന്തകനുമായ വലിയ അൽബർത്തോസിന്റെ ശിഷ്യനായി. ഏറെ സംസാരിക്കാത്ത വിദ്യാർത്ഥിയായിരുന്നു അക്വീനാസെന്നും സഹപാഠികൾ അദ്ദേഹത്തിന്റെ മൗനത്തേയും വിനീതഭാവത്തേയും മന്ദബുദ്ധിയുടെ ലക്ഷണമായി കണക്കാക്കിയെന്നും കഥയുണ്ട്. തടിച്ചു വലിയ ശരീരപ്രകൃതിയുള്ള അദ്ദേഹത്തെ മറ്റു വിദ്യാർത്ഥികൾ ആദ്യമൊക്കെ "മന്ദൻ കാള" (Dumb Ox) എന്ന വിളിക്കാരുണ്ടായിരുന്നെന്നും പറയപ്പെടുന്നു. എന്നാൽ ഒരിക്കൽ വിഷമകരമായൊരു തീസിസ് വാദിക്കുന്നതിൽ അക്വീനാസ് പ്രകടിപ്പിച്ച സാമർത്ഥ്യം കണ്ട് സന്തോഷിച്ച ഗുരു, "ഈ യുവാവിനെ നാം മന്ദൻ കാളയെന്ന് വിളിക്കുന്നു' എന്നാൽ ഇവന്റെ അമറൽ ഒരിക്കൽ ലോകം മുഴുവൻ മുഴങ്ങാനിരിക്കുന്നു" എന്നു പറഞ്ഞത്രെ[5] 1245-ൽ പാരിസിൽ നിയുക്തി കിട്ടിയ അൽബർത്തോസ് അക്വീനാസിനെ ഒപ്പം കൊണ്ടുപോയി. 1245 മുതൽ 48 വരെ അദ്ദേഹം പാരീസ് സർവ്വകലാശാലയിൽ അൽബർത്തോസിനു കീഴിൽ വിദ്യാർത്ഥിയായിരുന്നു.

കൊളോൺ, പാരിസ്

തിരുത്തുക
 
ചെക്ക് റിപ്പബ്ലിക്കിൽ സാവ്തി കോപ്പെക്കിലെ വിശുദ്ധ മറിയത്തിന്റെ ഭദ്രാസനപ്പള്ളിയിലെ അക്വീനാസ് പ്രതിമ

1248-ൽ അക്വീനാസ് അൽബർത്തോസിനൊപ്പം കോളോണിൽ തിരികെയെത്തി. അക്കാലത്ത് അദ്ദേഹം അവിടെ അൽബർത്തോസിന്റെ സഹകാരിയായി അദ്ധ്യാപനത്തിലും ഒപ്പം പഠനത്തിലും മുഴുകി. 1250-നടുത്ത്, കൊളോണിലെ മെത്രാപ്പോലീത്തയിൽ നിന്ന് അക്വീനാസ് വൈദികപട്ടം സ്വീകരിച്ചു. 1252 ൽ അൽബർത്തോസിന്റെ നിർദ്ദേശാനുസരണം ഡൊമിനിക്കൻ സമൂഹം അക്വീനാസിനെ പാരീസ് സർ‌വകലാശാലയിലെ അവരുടെ പഠനകേന്ദ്രത്തിൽ അദ്ധ്യാപകനായി നിയോഗിച്ചു. 12-ആം നൂറ്റാണ്ടിൽ പീറ്റർ ലൊംബാർഡ് രചിച്ച "സെന്റൻസുകൾ"-ളുടെ വിശദീകരണമായിരുന്നു അദ്ധ്യാപകനെന്ന നിലയിൽ അക്കാലത്ത് അദ്ദേഹത്തിന്റെ ചുമതല. സെന്റൻസുകളുടെ വിശദീകരണത്തിനു വേണ്ടി വന്ന പരിചിന്തനത്തിന്റെ ഭാഗമായി അക്കാലത്താണ്‌ അക്വീനാസ് പിൽക്കാലത്തെഴുതിയ പ്രഖ്യാതഗ്രന്ഥമായ സുമ്മാ തിയോളജിയേ-യുടെ രൂപരേഖ പിറന്നത്.[4]

ഗവേഷണബിരുദം

തിരുത്തുക

താമസിയാതെ തന്റെ സന്യാസസമൂഹത്തിന്റെ നിർദ്ദേശാനുസരണം അക്വീനാസ്, പാരിസ് സർ‌വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടാൻ തയ്യാറെടുപ്പു തുടങ്ങി. പ്രസിദ്ധ ഫ്രാൻസിസ്കൻ സ്കൊളാസ്റ്റിക് ചിന്തകനും യോഗിയുമായ ബൊനവന്തുരയും അവിടെ അതേ തയ്യാറെടുപ്പ് നടത്തുന്നുണ്ടായിരുന്നു. പാരിസ് സർ‌വകലാശാലയുടെ സന്യാസേതര നേതൃത്വവും, അക്വീനാസും ബൊനവന്തുരയും അംഗമായിരുന്ന സന്യാസസമൂഹങ്ങളും തമ്മിൽ സർ‌വകലാശാലയുടെ സ്വയം ഭരണാവകാശത്തിന്റെ പരിധികളെക്കുറിച്ച് കടുത്ത തർക്കം നിലനിൽക്കുന്ന സമയമായിരുന്നു അത്. തർക്കം തീരുമാനമാകാതെ സന്യാസികൾക്ക് ബിരുദം നൽകാൻ സർ‌വകലാശാല വിസമ്മതിച്ചതിനാൽ അവരുടെ ബിരുദസ്വീകരണം വൈകി. ഒടുവിൽ 1257 ഒക്ടോബർ 23-നാണ്‌ അക്വീനാസിന്‌ ദൈവശാസ്ത്രത്തിലെ ഡോക്ടർ ബിരുദം ലഭിച്ചത്.[ഗ] "യേശുവിന്റെ മഹത്ത്വം" എന്ന വിഷയത്തിന്മേലായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധം.

ബിരുദസ്വീകരണത്തിനു ശേഷം 1259 വരെ അദ്ധ്യാപനവും സം‌വാദങ്ങളും രചനയുമായി അക്വീനാസ് പാരിസിൽ തുടർന്നു. പ്രസിദ്ധ ചിന്തകൻ ബോത്തിയസിന്റെ ദർശനത്തെ സംബന്ധിച്ച രണ്ടു രചനകൾ അക്വീനാസിന്റെ ഇക്കാലത്തെ സംഭാവനകളിൽ പെടുന്നു. തന്റെ രണ്ടു സുമ്മാ-കളിൽ ആദ്യത്തേതായ "സുമ്മാ കോൺ‌ട്രാ ജെന്റൈൽസ്" അദ്ദേഹം എഴുതി തുടങ്ങിയതും ഇക്കാലത്തു തന്നെയായിരുന്നു.

നേപ്പിൾസ്, ഒർ‌വീറ്റോ, റോം

തിരുത്തുക

1259-ൽ അക്വീനാസ് ഇറ്റലിയിലെ നേപ്പിൾസിലെത്തി 1261-ൽ ഒർ‌വീറ്റോയിലേയ്ക്ക് പോകും വരെ അവിടെ ചെലവഴിച്ചു. ഒർ‌വീറ്റോയിൽ, സാധാരണ വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന സന്യാസികളുടെ വിദ്യാഭ്യാസത്തിനുള്ള ചുമതലയായിരുന്നു അവിടെ അദ്ദേഹത്തിന്‌. അതോടോപ്പം "സുമ്മാ കോൺ‌ട്രാ ജെന്റൈൽസ്" അവിടെ വച്ച് അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തു. "സ്വർണ്ണച്ചങ്ങല" എന്ന കൃതി, പുതുതായി ഏർപ്പെടുത്തപ്പെട്ട വിശുദ്ധ കുർബ്ബാനയുടെ തിരുനാളിന്റെ(Feast of Corpus Christi) ആരാധനക്രമം എന്നിവയും അദ്ദേഹം എഴുതിയത് ഇക്കാലത്താണ്‌. 1265-ൽ ഡോമിനിക്കൻ സഭ അക്വീനാസിനെ റോമിനടുത്തുള്ള സാന്താ സബീനയിലെ അവരുടെ വിദ്യാപീഠം സ്ഥാപിക്കുന്നതിന്റെ ചുമതല ഏല്പിച്ചു. 1268 വരെ അദ്ദേഹം ആ ജോലിയിൽ മുഴുകിയിരുന്നു. ഇക്കാലത്താണ്‌ അക്വീനാസ് തന്റെ ഏറ്റവും പ്രസിദ്ധരചനായയ സുമ്മാ തിയോളജിയേ എഴുതി തുടങ്ങിയത്. ഇക്കാലത്ത് ക്ലെമന്റ് നാലാമൻ മാർപ്പാപ്പ അക്വീനാസിനെ നേപ്പിൾസിലെ മെത്രാനായി നിയമിക്കാൻ തുനിഞ്ഞെങ്കിലും ആ നിയമനത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന അക്വീനാസിന്റെ അഭ്യർത്ഥന അദ്ദേഹം മാനിച്ചു.

പാരിസിൽ, വിവാദങ്ങൾ

തിരുത്തുക
 
ഇറ്റാലിയൻ കലാകാരൻ ജെന്റൈൽ ദ ഫാബ്രിയാനോ (1370–1427) വരച്ച അക്വീനാസിന്റെ ചിത്രം

അക്കാലത്ത് ബ്രബാന്തിലെ സിഗറിന്റെ (Siger de Brabant) നേതൃത്വത്തിൽ പാരിസ് സർ‌വകലാശാലയിലെ ഒരു കൂട്ടം പണ്ഡിതന്മാർ, സ്പെയിനിലെ ഇസ്ലാമിക ചിന്തകൻ അവ്വരോസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. അരിസ്റ്റോട്ടിലിയൻ ദർശനത്തിന്റെ ഒരു പ്രത്യേകതരം വ്യാഖ്യാനമായിരുന്നു അവ്വരോസിന്റെ ചിന്തയുടെ കാതൽ. ഈ ലോകം സനാതനമാണ്‌, പ്രകൃതിനിയമങ്ങൾ മാറ്റമില്ലാത്തവയാണ്‌‌, വ്യക്തിയുടെ മരണത്തിൽ വർഗ്ഗത്തിനു പൊതുവായുള്ള അത്മാവല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ല‌, ദൈവം എല്ലാത്തിന്റേയും അന്തിമലക്ഷ്യമല്ലാതെ സ്രഷ്ടാവോ ആദികാരണമോ അല്ല, പ്രപഞ്ചപ്രക്രിയ അന്തമില്ലാത്ത ആവർത്തനമാണ്‌ എന്നീ സിദ്ധാന്തങ്ങളാണ്‌ സിഗറും മറ്റും പഠിപ്പിച്ചിരുന്നത് . അവ്വരോസിന്റെ ഈ ആശയങ്ങൾ ക്രിസ്തീയ വിശ്വാസവുമായി ചേർന്നു പോകാത്തവയാണെന്ന് അൽബർത്തോസും അക്വീനാസും മറ്റും കരുതി. അവ വിശ്വാസത്തിനു വിരുദ്ധമാണെന്ന വാദത്തിനു സിഗറിന്റേയും മറ്റും മറുപടി അവ്വരോസിന്റെ അരിസ്റ്റോട്ടിൽ വ്യാഖ്യാനം തത്ത്വചിന്തയുടെ കണ്ടെത്തലിനെ ശരിയായി പ്രതിഫലിപ്പിക്കുന്നുവെന്നല്ലാതെ ആ കണ്ടെത്തൽ സത്യമാണെന്നോ ക്രിസ്തീയ വിശ്വാസത്തിന്‌ അനുസരണമാണെന്നോ തങ്ങൾ പറയുന്നില്ലെന്നായിരുന്നു. തത്ത്വചിന്തയ്ക്ക് തെറ്റുപറ്റിയിടത്തൊക്കെ തങ്ങൾ വിശ്വാസത്തിന്റെ പക്ഷത്താണെന്ന വിശദീകരണവും അവർ അവതരിപ്പിച്ചിരുന്നു. അവ്വരോസ് ശരിയായി വ്യാഖ്യാനിച്ച അരിസ്റ്റോട്ടിലിനെ അൽബർത്തോസും അക്വീനാസും ദുർ‌വ്യാഖ്യാനം ചെയ്യുകയാണെന്നാരോപിച്ച് ഒരു രചനയും സിഗർ പ്രസിദ്ധപ്പെടുത്തി.[6] വളരെ വേഗം പ്രചരിച്ചുകൊണ്ടിരുന്ന ഈ സിദ്ധാന്തങ്ങളെ എതിർക്കാനായി ഡൊമിനിക്കൻ സഭ അക്വീനാസിനെ 1269-ൽ വീണ്ടും പാരിസ് സർ‌വകലാശാലയിലേയ്ക്കയച്ചു.

പാരീസിൽ അക്വീനാസ് ഇത്തവണ ചെലവഴിച്ച മൂന്നു വർഷക്കാലം വിവാദഭരിതമായിരുന്നു. അദ്ദേഹത്തിന്‌ നേരിടേണ്ടി വന്നത് ബ്രബാന്തിലെ സിഗറിനെപ്പോലുള്ള അവ്വരോവാദികളെ മാത്രമായിരുന്നില്ല. അവ്വരോസിന്റെ രചനകൾ അരിസ്റ്റോട്ടിലിന്റെ ചിന്തയുടെ തെറ്റായ ചിത്രമാണ്‌ നൽകുന്നതെന്ന് സ്ഥാപിക്കാനാണ്‌ അക്വീനാസ് ശ്രമിച്ചത്. അരിസ്റ്റോട്ടിലിന്റെ ദർശനത്തിന്റെ ശരിയായ വ്യാഖ്യാനം ക്രിസ്തീയ വിശ്വാസവുമായി മിക്കവാറും യോജിച്ചുപോകുന്നവയാണെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ക്രിസ്തീയവിശ്വാസത്തെ ന്യായീകരിക്കാൻ ഒരു പേഗൻ ചിന്തകനെ ആശ്രയിക്കുന്നത് ശരിയല്ലെന്ന് ബൊനവന്തുരായെപ്പോലുള്ള ഫ്രാൻസിസ്കന്മാരും മറ്റും കരുതി. പാരിസ് സർ‌വകലാശാലയിൽ ഫ്രാൻസിസ്കന്മാരുടെ തത്ത്വചിന്താവിഭാഗത്തിന്റെ മേധാവിയായി ബൊനവന്തുരയെ പിന്തുടർന്നു വന്ന തോമസ് പെക്കാം, ക്രിസ്തീയദൈവശാസ്ത്രത്തിൽ പേഗൻ ദർശനത്തെ കലർത്തിയതിന്‌ അക്വീനാസിനെ നിശിതമായി വിമർശിച്ചു.[3]

അന്തിമവർഷങ്ങൾ, ദർശനം

തിരുത്തുക

1272-ൽ ഇറ്റലിയിലെ ഡൊമിനിക്കൻ പ്രവിശ്യാധികാരികൾ, അവിടെ ഒരു പഠനകേന്ദ്രം തുടങ്ങാൻ ചുമതലപ്പെടുത്തിയതിനെ തുടർന്ന് അക്വീനാസ് പാരിസിൽ നിന്നു പോയി. പഠനകേന്ദ്രത്തിന്റെ സ്ഥാനത്തിന്റെയും അതിലെ അംഗങ്ങളുടേയും തെരഞ്ഞെടുപ്പ് അക്വീനാസിനു വിട്ടുകൊടുത്തിരുന്നു. അദ്ദേഹം തെരഞ്ഞെടുത്തത് നേപ്പിൾസ് നഗരമായിരുന്നു. അവിടെ ദൈവശാസ്ത്രസംബന്ധിയായ സം‌വാദങ്ങൾക്കും പുതുതായി സ്ഥാപിക്കുന്ന പഠനകേന്ദ്രത്തിനുവേണ്ടിയുള്ള ജോലികൾക്കും ഇടയ്ക്ക് മുഖ്യകൃതിയായ സുമ്മാ തിയോളജിയുടെ മൂന്നാം ഭാഗം രചിക്കാനും അദ്ദേഹം സമയം കണ്ടെത്തി. 1273 ഡിസംബർ മാസം 6-ആം തിയതി നേപ്പിൾസിലെ വിശുദ്ധ നിക്കോളാസിന്റെ പള്ളിയിൽ കുർബ്ബാന അർപ്പിക്കവേ അക്വീനാസിന്‌ ഒരു ദൈവദർശനം ഉണ്ടായതായി പറയപ്പെടുന്നു. അതോടെ സുമ്മായുടെ തുടർന്നുള്ള രചനയിൽ അദ്ദേഹത്തിനു താത്പര്യം ഇല്ലാതായി. സന്തതസഹകാരിയും കേട്ടെഴുത്തുകാരനുമായിരുന്ന പിപ്പേർണോയിലെ റെജിനാൾഡ്, എഴുത്തു തുടരാൻ അഭ്യർത്ഥിച്ചപ്പോൾ അക്വീനാസിന്റെ മറുപടി ഇതായിരുന്നു. "റെജിനാൾഡ്, എനിക്കിനി എഴുതുക വയ്യ; എനിക്കു വെളിപ്പെടുത്തപ്പെട്ട രഹസ്യങ്ങൾക്കു മുൻപിൽ, ഞാൻ എഴുതിയതൊക്കെ വൈക്കോൽ സമമായി കാണപ്പെടുന്നു."[4][7][ഘ] സുമ്മാ തിയോളജിയേ മൂന്നാം ഭാഗം തൊണ്ണൂറാം പ്രശ്നം വരെയെത്തി പൂർത്തിയാകാതെ നിന്നു.

 
കാർലോ ക്രിവെല്ലിയുടെ അക്വീനാസ്(1476-ൽ വരച്ച ചിത്രം)

പാശ്ചാത്യ, പൗരസ്ത്യ ക്രിസ്തീയ സഭകൾ തമ്മിലുള്ള ഐക്യം ലക്ഷ്യമാക്കി താൻ വിളിച്ചു കൂട്ടുന്ന ലിയോണിലെ രണ്ടാം സഭാ സമ്മേളനത്തൽ പങ്കെടുക്കാൻ ഗ്രിഗോരിയോസ് പത്താമൻ മാർപ്പാപ്പ അക്വീനാസിനെ വിളിച്ചു. ഉർബൻ നാലാമൻ മാർപ്പാപ്പയുടെ ആവശ്യാനുസരണം അക്വീനാസ് രചിച്ച "യവനരുടെ അബദ്ധങ്ങൾക്കെതിരെ" (Contra errores graecorum) എന്ന രചന ആ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നു.[8] ശരീരസുഖമില്ലാതിരുന്നിട്ടും സമ്മേളനത്തിൽ പങ്കെടുക്കാൻ അക്വീനാസ് യാത്രതിരിച്ചു. അപ്പിയൻ വഴിയിൽ കഴുതപ്പുറത്ത് സഞ്ചരിയ്ക്കെ വഴിയിൽ വീണുകിടത്തിരുന്ന ഒരു മരത്തിന്റെ ശാഖയിൽ തല ഇടിച്ചതിനെ തുടർന്ന് അവശനായ അദ്ദേഹത്തെ[9] മോണ്ടെ കാസിനോ കൊട്ടാരത്തിലേയ്ക്ക് കൊണ്ടു പോയി. വിശ്രമിച്ചശേഷം യാത്ര തുടർന്നെങ്കിലും വീണ്ടും ആരോഗ്യം വഷളായതിനെ തുടർന്ന് ഫൊസനോവയിലെ ബെനഡിക്ടന്മാരുടെ സിസ്റ്റേഴ്സിയൻ ആശ്രമത്തിലെത്തിച്ചു. "കർത്താവ് എന്നെ കോണ്ടുപോകുന്നെങ്കിൽ അത് ഒരു ലൗകിക ഭവനത്തിൽ നിന്നെന്നതിനു പകരം ഒരു ധർമ്മഗൃഹത്തിൽ നിന്നാകട്ടെ" എന്ന അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ചാണ്‌ അദ്ദേഹത്തെ ആ സന്യാസഭവനത്തിലെത്തിച്ചത്.[ങ] ഫോസനോവയിലെ സന്യാസികൾ അക്വീനാസിനെ സ്നേഹപൂർ‌വം ശുശ്രൂഷിച്ചു. അവരുടെ ശുശ്രൂഷയുടെ തീക്ഷ്ണത കണ്ട് വിനയപ്രകൃതിയായ അക്വീനാസ്, "കർത്താവിന്റെ ദാസന്മാർ എന്റെ വിറകുപെറുക്കികളാകാനുള്ള ബഹുമാനം എനിക്കെവിടന്നു കിട്ടി" എന്നു ആശ്ചര്യപ്പെട്ടു.[4] അവിടെ 1274-ൽ 49 വയസ്സു മാത്രമുണ്ടായിരുന്ന അക്വീനാസ് മരിച്ചു. ഫോസനോവയിലെ സന്യാസികളുടെ അഭ്യർത്ഥന അനുസരിച്ച് ബൈബിളിലെ ഉത്തമഗീതത്തിന്‌ ഒരു വ്യാഖ്യാനം പറഞ്ഞുകൊടുക്കുന്നതിനിടയിലാണ്‌ അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നു.[9]

മരണാനന്തരം

തിരുത്തുക

അക്വീനാസിന്റെ ജീവിതകാലത്ത് അദ്ദേഹം അമിതോത്സാഹിയായ ഒരു പരിഷ്കർത്താവായാണ്‌ പൊതുവേ കണക്കാക്കപ്പെട്ടത്. പാരിസ് ഓക്സ്ഫോർഡ് സർ‌വകലാശാലകൾ അക്വീനാസിന്റെ പല സിദ്ധാന്തങ്ങളേയും തള്ളിപ്പറഞ്ഞു.[10]അഗസ്റ്റിനും ഫ്രാൻസിസും കാണിച്ചുകൊടുത്ത യോഗാത്മസ്നേഹത്തിന്റെ(mystic love) വഴി പിന്തുടർന്നുള്ള ദൈവാന്വേഷണം തെരഞ്ഞടുത്ത ഫ്രാൻസിസ്കന്മാർ, അക്വീനാസിന്റെ ചിന്തയെ, ക്രിസ്തുമതത്തിനു മേലുള്ള പേഗൻ ധാർമ്മികതയുടെ വിജയമായി കണ്ടു. 1277-ൽ 21-ആം യോഹന്നാൻ മാർപ്പാപ്പയുടെ നിർദ്ദേശാനുസരണം പാരിസിലെ മെത്രാൻ ഇറക്കിയ ഒരുത്തരവിൽ 219 പുതിയ സിദ്ധാന്തങ്ങളെ പാഷണ്ഡതകളായി ശപിച്ചു. അവയിൽ മൂന്നെണ്ണം സഹോദരൻ തോമ്മായുടെ (തോമസ് അക്വീനാസ്) കണ്ടെത്തലുകളായി എടുത്തു പറഞ്ഞിരുന്നു. ഈ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവർ അതിനാൽ തന്നെ മതഭ്രഷ്ടരാകുമെന്നും ഉത്തരവിലുണ്ടായിരുന്നു. 1282-ൽ ഫ്രാൻസിസ്കൻ ചെറിയ സഹോദരന്മാരുടെ പൊതുസമ്മേളനം, ഫ്രാൻസിസ്കൻ കലാശാലകളിൽ സുമ്മാ തിയോളജിയേ-യുടെ വായന വിലക്കി.[5]

മൂന്നു വർഷം മുൻപ് മരിച്ചിരുന്ന അക്വീനാസിനെതിരായുള്ള ഈ ആക്രമണം അദ്ദേഹത്തിന്റെ ഗുരു അൽബർത്തോസിനെ ദുഃഖിപ്പിച്ചു. തങ്ങളുടെ സഹസന്യാസിയുടെ യശസ്സിന്റെ രക്ഷയ്ക്കെത്താൻ ഫ്രാൻസിലെ ഡോമിനിക്കൻ സമൂഹത്തെ അൽബർത്തോസ് പ്രേരിപ്പിച്ചു. അപ്പോഴേയ്ക്ക് വില്യം ഡെ ലാ മെയറിനെപ്പോലുള്ള ചില ഫ്രാൻസിസ്കന്മാരും അക്വീനാസിനെ പിന്തുണയ്ക്കാൻ മുന്നോട്ടുവന്നിരുന്നു. എന്നാൽ അപ്പോൾ കാന്റർബറിയിലെ മെത്രാനായിരുന്ന ഫ്രാൻസിസ്കൻ ജോൺ പെക്കാം എതിർപ്പു തുടർന്നു. പിന്നീട് ഇറ്റാലിയൻ കവി ഡാന്റെ, തന്റെ മുഖ്യരചനയായ ഡിവൈൻ കോമഡിയിൽ അക്വീനാസിന്റെ ദൈവശാസ്തത്തെ ഉദാത്തീകരിച്ചു. അരനൂറ്റാണ്ടുകാലത്തെ വിവാദങ്ങൾക്കു ശേഷം അക്വീനാസ് വിശുദ്ധനായിരുന്നെന്ന് ഡൊമിനിക്കന്മാർ മാർപ്പാപ്പയെ ബോദ്ധ്യപ്പെടുത്തി. 1323-ൽ 22-ആം യോഹന്നാൻ മാർപ്പാപ്പ അക്വീനാസിനെ വിശുദ്ധപദവിയിലേയ്ക്കുയർത്തിയതോടെ "തോമിസം" എന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തിന്റെ മഹത്ത്വം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

അക്വീനാസ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ടതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഒരു കഥ ഇതാണ്. നാമകരണ നടപടികൾ, സഭാനിയമങ്ങൾ ആവശ്യപ്പെടുന്ന അത്ഭുതങ്ങളുടെ തെളിവില്ലാഞ്ഞ് വഴിമുട്ടിനിന്നത്രെ. ജീച്ചിരിക്കെത്തന്നെ അക്വീനാസിന്റെ ശക്തികൊണ്ട് നടന്നുവെന്ന് പറയപ്പെടുന്ന ഒരു അത്ഭുതം പരിഗണിക്കപ്പെട്ടു. അക്വീനാസ് ഇറ്റലിയിൽ ആസന്നമരണനായിരിക്കെ ഫ്രാൻസിൽ വച്ച് താൻ കഴിച്ച് ശീലിച്ചിരുന്ന ഹെറിങ്ങ് മത്സ്യം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നും അപ്പോൾ, അത് ഹെറിങ്ങുകൾ കിട്ടുന്ന സ്ഥലമോ കാലമോ അല്ലാതിരുന്നിട്ടു കൂടി, മീൻപിടിത്തക്കാർക്ക് അത്ഭുതകരമായി അവ കിട്ടിയതു മൂലം മത്സ്യച്ചന്തകളിൽ ഹെറിങ്ങുകൾ ലഭ്യമായെന്നുമായിരുന്നു കഥ. എന്നാൽ ഈ 'അത്ഭുത'ത്തിന് സാക്ഷികളെന്നവകാശപ്പെട്ട് വന്നവർ ഹെറിങ്ങുകളെ കണ്ടിട്ട് പോലും ഇല്ലാത്തവരാണെന്നു വന്നപ്പോൾ, അതിനേയും ആശ്രയിക്കുക വയ്യെന്നായി. ഒടുവിൽ അന്നത്തെ മാർപ്പാപ്പാ ആയിരുന്ന ജോൺ ഇരുപത്തി രണ്ടാമന്റെ ഇടപെടൽ പ്രശ്നം പരിഹരിച്ചു. അക്വീനാസിന്റെ സുമ്മാ തിയോളജിയേ യിലെ ഓരോ വകുപ്പും(article) ഒരു അത്ഭുതമാണെന്നും അതുകൊണ്ട് അക്വീനാസിനു തുണയായി, സുമ്മായിൽ എത്ര വകുപ്പുകളുണ്ടോ അത്രയും അത്ഭുതങ്ങളുണ്ട് എന്നും വിധിച്ച് മാർപ്പാപ്പ അക്വീനാസിന്റെ നാമകരണത്തിന് അനുമതി നൽകിയത്രെ.[11]

പിൽക്കാലത്തുണ്ടായ പ്രൊട്ടസ്റ്റന്റ് കലാപത്തെ കത്തോലിക്കാ സഭക്ക് അതിജീവി‍ക്കാനായത് അക്വീനാസിന്റെ സംഭാവനകളുടെ ബലത്തിലാണ് എന്നു പറയപ്പെടുന്നു. പ്രൊട്ടസ്റ്റന്റ് കലാപത്തോടുള്ള ഔദ്യോഗിക സഭയുടെ ചെറുത്തുനില്പ്പിന്റെ ഭാഗമായി സംഘടിക്കപ്പെട്ട ത്രെന്തോസിലെ സൂനഹദോസിനെ തുടർന്ന് [12] അക്വീനാസ് കത്തോലിക്കാ ചിന്തയുടെ അവസാന വാക്കായി മാറി. സൂനഹദോസിലെ അൾത്താരയിൽ ബൈബിളിനും സൂനഹദോസിന്റെ തന്നെ പ്രമാണരേഖകൾക്കും ഒപ്പം സുമ്മാ തിയോളജിയേ-യും വെച്ചിരുന്നു.[13] എന്നാൽ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം അക്വീനാസിനോട് മുഖം തിരിച്ചു നിന്നു. 1879-ൽ "ഏറ്റേണി പാട്രിസ്" (Aeterni Patris) എന്ന ചാക്രിക ലേഖനം വഴി ലിയോ പതിമൂന്നാമൻ മാർപ്പാപ്പ അക്വീനാസിന്റെ ദർശന സംഹിതക്കുള്ള കത്തോലിക്കാ സഭയുടെ ഔദ്യോഗികാംഗീകാരത്തിന് ഒരിക്കൽ കൂടി അടിവരയിട്ടു.[14]

അക്വീനാസിന്റെ ദർശനം

തിരുത്തുക

കൈസ്തവചിന്ത

തിരുത്തുക
 
തോമസ് അക്വീനാസ്, പതിനേഴാം നൂറ്റാണ്ടിലെ സ്പാനിഷ് ചിത്രകാരൻ ഹെറേറ വരച്ച ചിത്രം

തത്ത്വദർശനത്തെയും ദൈവശാസ്ത്രത്തെയും അക്വിനാസ് വിജ്ഞാനത്തിന്റെ വിഭിന്നശാഖകളായി പരിഗണിച്ചിരുന്നു. തത്ത്വദർശനം യുക്തിയിലും ദൈവശാസ്ത്രം ഈശ്വരാവിഷ്കൃതസത്യങ്ങളിലും അധിഷ്ഠിതമാണ്. തത്ത്വദർശനം ദൈവശാസ്ത്രത്തിന് സഹായകമാകയാൽ ദൈവശാസ്ത്രജ്ഞന് തത്ത്വദർശനത്തിന്റെ രീതിയും നിഗമനങ്ങളുമെല്ലാം പ്രയോജനപ്പെടുത്താം. ഭൗതികവിഷയങ്ങൾ തത്ത്വദർശനത്തിന്റെയും ഭൗതികാതീതവിഷയങ്ങൾ ദൈവശാസ്ത്രത്തിന്റെയും പരിധിയിൽ പെടുന്നു. ചില വിഷയങ്ങൾ രണ്ടിലും ഉൾപ്പെടുന്നവയാകാം. അക്വിനാസിന്റെ സിദ്ധാന്തപ്രകാരം മനുഷ്യൻ ആധ്യാത്മികവും ഭൗതികവുമായ ഘടകങ്ങൾ ചേർന്ന ഒരു സമ്പൂർണ സത്താവിശേഷമാണ്. അതിന്റെ അധിഷ്ഠാനം ആത്മാവാണ്. ബുദ്ധിയും ഇച്ഛയും ആത്മാവിന്റെ രണ്ടു പ്രധാന ശക്തികളുമാണ്. ബുദ്ധിയുടെ വിഷയം സത്യവും ഇച്ഛയുടെ വിഷയം നന്മയുമാണ്‌. വിജ്ഞാനത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് അക്വിനാസിന്റെ കാഴ്ചപ്പാട് വസ്തുനിഷ്ഠമാണ്. ജ്ഞാനേന്ദ്രിയങ്ങൾ വഴി നമുക്ക് അറിവുണ്ടാകുന്നു. ധൈഷിണികവും വൈയക്തികവുമായ ഇന്ദ്രിയാനുഭവങ്ങളിൽനിന്ന് അമൂർത്തങ്ങളും സാർവത്രികവുമായ (Abstract and Universal) ആശയങ്ങൾ രൂപം കൊള്ളുന്നു. സത്തയുടെ ശാസ്ത്രമായ അതിഭൗതികത്തെപ്പറ്റിയും (metaphysics) [15] അക്വിനാസ് വസ്തുനിഷ്ഠമായി ചിന്തിച്ചിട്ടുണ്ട്. അരിസ്റ്റോട്ടലിന്റെ സിദ്ധിയും സാധ്യതയും (Act and potency) ഇദ്ദേഹം സ്വീകരിക്കുന്നു. ഇതനുസരിച്ച് ഈശ്വരൻ സിദ്ധിയും സൃഷ്ടവസ്തുക്കൾ സിദ്ധിയുടെയും സാധ്യതയുടെയും സംയുക്ത രൂപങ്ങളുമാണ്‌.

ക്രിസ്തീയവിശ്വാസത്തിന്റെ മുഖ്യ ആധാരം ദൈവവെളിപാടാണെന്ന് അക്വീനാസ് സമ്മതിച്ചു. യേശുവിന്റെ മനുഷ്യാവതാരവും, ദൈവത്തിന്റെ ത്രിത്വസ്വഭാവവും പോലുള്ള വിശ്വാസരഹസ്യങ്ങൾക്ക് സ്വാഭാവികയുക്തിയിൽ തെളിവു കണ്ടെത്താനാവില്ല. വിശ്വാസത്തിന്റെ അമ്മാതിരി ഘടകങ്ങൾക്ക് ദൈവവെളിപാട് മാത്രമാണ്‌ തെളിവായുള്ളത്. എന്നാൽ ദൈവാസ്തിത്വവും മനുഷ്യാത്മാവിന്റെ അമർത്ത്യതയും ഉൾപ്പെടെ പല വിശ്വാസസത്യങ്ങളേയും സ്വാഭാവികയുക്തിയുടെ അടിസ്ഥാനത്തിൽ തെളിയിക്കാനാകും. പേഗൻ ജനത വെളിപാടിനെ മാനിക്കുന്നില്ലെന്നതും, അവരുമായുള്ള സം‌വാദങ്ങളിലും അവരിൽ നിന്നു വന്ന അബദ്ധങ്ങളെ തിരുത്തുന്നതിനും സ്വാഭാവികയുക്തിയെ ആശ്രയിക്കുന്നതിനെ ന്യായീകരിക്കുന്നു. പുതുതായി കണ്ടെത്തപ്പെട്ട യവനശാസ്ത്രവും സംസ്കാരവും, ചിന്തയും പാശ്ചാത്യക്രൈസ്തവതയെ തകർക്കുമെന്നാക്കിയ പ്രതിസന്ധിയുടെ ഹൃദയമായിരുന്നു അക്വീനാസിന്റെ ജീവിതത്തിന്റെ സ്ഥലകാലങ്ങൾ.[16] ക്രിസ്തീയദർശനത്തിനു അടിസ്ഥാനമായി പ്ലേറ്റോയുടെ യോഗാത്മ ദർശനത്തേക്കാൾ ഉപകരിക്കുക സ്വാഭാവികയുക്തിയിലുറച്ച അരിസ്റ്റോട്ടിലിന്റെ ചിന്തയാണെന്നു കത്തോലിക്കാലോകത്തെ ബോദ്ധ്യപ്പെടുത്തിയത് അക്വീനാസാണ്‌. അരിസ്റ്റോട്ടിലിന്റേതായി പ്രചരിച്ചിട്ടുള്ള "അബദ്ധങ്ങൾക്ക്" ഉത്തരവാദികളായി അക്വീനാസ് കണ്ടത് അദ്ദേഹത്തിന്റെ ചിന്തയെ തെറ്റായി വ്യാഖ്യാനിച്ച അവ്വരോസിനെപ്പോലുള്ള ഇസ്ലാമിക ചിന്തകന്മാരേയും ക്രിസ്തീയ അവ്വരോവാദികളേയുമാണ്‌.


ആവുന്നിടത്തോളം സ്വാഭാവിക യുക്തിയെ ആശ്രയിച്ചാണ്‌ തന്റെ രചനകളിൽ അക്വീനാസ് നിലപാടുകൾ വാദിച്ചുറപ്പിക്കുന്നത്. ഏറ്റവും ദുർബ്ബലമായ വാദം പ്രമാണികരേഖകളെ ആശ്രയിച്ചുള്ളതായിരിക്കുമെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു(Locus ab auctoritate est infirmissimus). യുക്തിയെ ആധാരമാക്കിയുള്ള പരിചിന്തനത്തിലൂടെ വാദഗതികൾ സ്ഥാപിച്ച ശേഷം മാത്രം ദൈവവെളിപാടായി കരുതിയ ബൈബിളിലെ വചനങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നു. ഏതെങ്കിലും വിശ്വാസസത്യം യുക്തിയുടെ പരിധിക്കുപുറത്താണെന്ന് തോന്നിയപ്പോൾ മാത്രം അതിന്റെ സ്ഥാപനം വെളിപാടിന്റെ സമ്പൂർണ്ണാശ്രയത്തിലാക്കി. പേഗൻ ജനതയുമായുള്ള സം‌വാദത്തിൽ ഉപകരിക്കാനായ അക്വീനാസ് രചിച്ച "സുമ്മാ കോൺ‌ട്രാ ജെന്റൈൽസ്" എന്ന രചന അദ്ദേഹത്തിന്റെ ഈ ശൈലിയ്ക്ക് ഉദാഹരണമാണ്‌. ആ കൃതി ഈ നാലു ഭാഗങ്ങളടങ്ങിയതാണ്‌:

  • ദൈവത്തിന്റെ സ്വഭാവം
  • സൃഷ്ടലോകത്തിന്റെ കാരണമായ ദൈവം
  • സൃഷ്ടലോകത്തിന്റെ അന്തിമലക്ഷ്യമായ ദൈവം
  • വെളിപാടിൽ പ്രകടമാകുന്ന ദൈവം.

ഗ്രന്ഥത്തിന്റെ ഈ നാലു ഭാഗങ്ങളിൽ ആദ്യത്തെ മൂന്നിലും അക്വീനാസ് തന്റെ ആശയങ്ങൾ സ്ഥാപിക്കുന്നത് സ്വാഭാവിക യുക്തിയെ ആശ്രയിച്ചാണ്‌. അവസാനഭാഗത്തെ വാദം മാത്രം ദൈവവെളിപാടായി കരുതിയ ബൈബിളിലെ വചനങ്ങളെ ആശ്രയിച്ചാക്കി.[10]

താൻ നിരത്തുന്ന വാദങ്ങൾക്ക് സാധ്യമായ എല്ലാ എതിർ വാദങ്ങളും ശക്തിപൂർ‌വം അവതരിപ്പിച്ച് അവയ്ക്ക് മറുപടി പറയാൻ അക്വീനാസ് എപ്പോഴും ശ്രദ്ധിച്ചു. മരണാനന്തരമുള്ള മനുഷ്യശരീരങ്ങളുടെ ഉയിർപ്പിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചർച്ച ഇതിനുദാഹരണമാണ്‌. നരമാംസം മാത്രം തിന്നു ജീവിച്ച ഒരുവന്റെ ഉയിർത്തെഴുന്നേല്പിൽ, അവൻ തിന്ന മനുഷ്യരുടെ ശരീരങ്ങൾക്ക് ഉയിർപ്പ് നിഷേധിക്കപ്പെടുമോ എന്ന പ്രശ്നം അദ്ദേഹം ഉന്നയിക്കുന്നു. ശരീരങ്ങളുടെ തനിമയ്ക്ക്(identity) ആധാരം അവ ഉൾക്കൊള്ളുന്ന പദാർത്ഥകണികകളുടെ മാറ്റമില്ലായ്മയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്‌ ഈ എതിർപ്പിന്‌ അക്വീനാസ് മറുപടി പറയുന്നത്. ജീവിതകാലമത്രയും ഭക്ഷണപാചനപ്രക്രിയകളിലൂടെ ശരീരത്തിലെ കണികകൾ മാറിക്കൊണ്ടിരിക്കുമ്പോഴും ഒരാൾ ശാരീരികമായ തനിമ നിലനിർത്തുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.[10]

ഈശ്വരാസ്തിത്വം നമ്മെ സംബന്ധിച്ചിടത്തോളം സ്വതഃപ്രകാശമല്ലെങ്കിലും അഞ്ചു മാർഗങ്ങളിലൂടെ തെളിയിക്കാമെന്ന് അക്വിനാസ് വാദിച്ചു. ദൈവാസ്തിത്ത്വത്തിന്‌ സുമ്മാ തിയോളജിയേ-യിൽ അക്വീനാസ് അവതരിപ്പിക്കുന്ന പ്രസിദ്ധമായ അഞ്ചു തെളിവുകൾ താഴെക്കൊടുക്കുന്നവയാണ്‌‌:[17]

  • ചലിക്കാത്ത ചാലകൻ: പ്രപഞ്ചത്തിലുള്ളവയെല്ലാം ചലിപ്പിക്കപ്പെടുക മാത്രം ചെയ്യുന്നവയോ, ചലിപ്പിക്കുകയും ചലിപ്പിക്കപ്പെടുകയും ചെയ്യുന്നവയോ ആണ്‌. ചലിക്കുന്നവയുടെയൊക്കെ ചലനം മറ്റൊന്നിനാൽ ചലിപ്പിക്കപ്പെടുന്നതിൽ നിന്നാണ്‌. ചലിത-ചാലക ശൃഖലയുടെ അന്തമില്ലാത്ത പശ്ചാൽഗതി സംഭവ്യമല്ലാത്തതിനാൽ ചലിപ്പിക്കപ്പെടാതെ ചലിപ്പിക്കുക മാത്രം ചെയ്യുന്ന ഒന്നിലായിരിക്കണം എല്ലാ ചലനങ്ങളുടെയും തുടക്കം. ആ തുടക്കമണ്‌ ദൈവം.
  • കാരണമില്ലാത്ത കാര്യം: എല്ലാ കാര്യത്തിനും പിന്നിൽ ഒരു കാരണം ഉണ്ടായിരിക്കും. കാര്യകാരണശൃംഖലയും അനന്തമാവുക വയ്യ. അതിനാൽ അത് ചെന്നു നിൽക്കുന്നത് കാരണമില്ലാത്ത കാര്യമായ ദൈവത്തിലായിരിക്കും.
  • സോപാധികമല്ലാത്ത ഉണ്മ: പ്രപഞ്ചത്തിലുള്ളവയെല്ലാം, ഉപാധികളെ/സാഹചര്യങ്ങളെ ആശ്രയിച്ച്(contingent) നിലനിൽക്കുന്നവയാണ്‌. ഉപാധികളെ ആശ്രയിക്കുന്ന ഉണ്മയ്ക്ക് നിലവിൽ വരാൻ മറ്റൊന്ന് വേണ്ടിയിരിക്കുമെന്നതിനാൽ എല്ലാത്തിന്റേയും ഉണ്മ സോപാധികമായിരുന്നെങ്കിൽ ഒന്നും ഉണ്ടാകുമായിരുന്നില്ല. എല്ലാത്തിന്റേയും ഉറവിടമായി ഉപാധികളില്ലാതെ നിത്യം നിലനിൽപ്പുള്ള ദൈവം ഉണ്ടായിരിക്കണം.
  • പരമപൂർണ്ണത: പ്രപഞ്ചത്തിലുള്ളതെല്ലാം പൂർണ്ണതകളുടെ ശ്രേണിയിൽ പലയിടങ്ങളിലായി നിൽക്കുന്നു. അവയ്ക്കൊക്കെ ആധാരമായി പരമപൂർണ്ണതയായ ഒരു ദൈവം ഉണ്ടായിരിക്കണം.
  • ക്രമീകരണത്തിനു പിന്നിലെ പരമജ്ഞാനം: ചേതനവും അചേതനവുമായി പ്രപഞ്ചത്തിലുള്ളവയെല്ലാം, നിശ്ചിതമായ ഒരു പദ്ധതിയുടെ ഭാഗമായി ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നതായി കാണുന്നു. ഈ ക്രമീകരണത്തിനു പിന്നിൽ പരമജ്ഞാനമായി ഒരു ദൈവം ഉണ്ടായിരിക്കണം.

ചലനത്തിൽനിന്ന് അചഞ്ചലവും നിമിത്തകാരകത്വത്തിൽനിന്ന് ആദികാരണവും പൂർണതയുടെ തരതമഭാവങ്ങളിൽനിന്ന് അനന്തഗുണസംപൂർണവും കാദാചിത്കതയിൽനിന്ന് അവശ്യംഭാവിയും, ക്രമത്തിൽനിന്ന് എല്ലാം ക്രമവത്കരിക്കുന്നതുമായ ഒരു സത്തയിലേക്ക് അക്വിനാസ് ഈ അഞ്ചു തെളിവുകളുടെ മാർഗ്ഗത്തിലൂടെ ചെന്നെത്തുന്നു. ഈ ആത്യന്തികസത്തയെ അദ്ദേഹം ഈശ്വരനെന്നു വിളിക്കുന്നു. ഭാരതീയ ന്യായശാസ്ത്രത്തിൽ ഈശ്വരസത്തയെ തെളിയിക്കുന്ന യുക്തികൾക്കും അക്വിനാസിന്റെ പഞ്ചമാർഗ്ഗത്തിനും തമ്മിൽ സാദൃശ്യം കാണാൻ കഴിയും.

യുക്തിയുടെ നിയമങ്ങളെ കഴിയുന്നത്ര പിന്തുടരുന്നൊരു ദൈവമാണ്‌ അക്വീനാസിന്റേത്. അതിനാൽ അദ്ദേഹം ആ ദൈവത്തിന്‌ വിചിത്രമായ ചില പരിമിതികളും കല്പിച്ചു നൽകുന്നു. അക്വീനാസിന്റെ ദൈവത്തിന്‌ ശരീരമായിരിക്കാനോ, സ്വയം മാറാനോ, പരാജയപ്പെടാനോ, ക്ഷീണിക്കാനൊ, മറക്കാനോ, പശ്ചാത്തപിക്കാനോ, ദുഖിക്കാനോ, ദ്വേഷിക്കാനോ, ആത്മാവില്ലാത്ത മനുഷ്യനെ സൃഷ്ടിക്കാനോ, ഒരു ത്രികോണത്തിലെ കോണളവുകൾ ചേർന്നാൽ രണ്ടു മട്ടക്കോണളവുകൾ ചേർന്നതിനു തുല്യമല്ലെന്നാക്കാനോ, ഭൂതകാലത്തിൽ നടന്നത് നടന്നില്ലെന്നാക്കാനോ, പാപം ചെയ്യാനോ, മറ്റൊരു ദൈവത്തെ സൃഷ്ടിക്കാനോ, തന്നെത്തന്നെ ഇല്ലാതാക്കാനോ ആവില്ല.[10]

രാഷ്ട്രീയദർശനം

തിരുത്തുക
 
Super libros de generatione et corruptione

രാഷ്ട്രമീമാംസയ്ക്കും അക്വിനാസ് വിലപ്പെട്ട സംഭാവന നൽകിയിട്ടുണ്ട്. യുക്തിവിചാരത്താൽ കണ്ടെത്താനാവാത്ത സത്യങ്ങളുണ്ടെന്നും അവ ഈശ്വരാവിഷ്കരണത്തിലൂടെ മാത്രമേ മനുഷ്യമനസ്സുകളിലേക്കു കടന്നുചെല്ലുകയുള്ളുവെന്നുമാണ് അദ്ദേഹത്തിന്റെ ദർശനസംഹിതയിലെ ഒരു പ്രധാനാശയം. ഈ സങ്കല്പത്തിനു വിധേയമായിട്ടാണ് അക്വീനാസ് രാഷ്ട്രതന്ത്രത്തെ വിശകലനം ചെയ്തത്.

നീതിശാസ്ത്രപരവും നിയമപരവുമായ തത്ത്വങ്ങളെ വിശകലനം ചെയ്തുകൊണ്ട് അക്വിനാസ് രാഷ്ട്രമീമാസയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. ഒരു സമൂഹത്തിൽ താത്പര്യമുള്ളവർ പൊതുനന്മയെ ലാക്കാക്കി പുറപ്പെടുവിക്കുന്ന യുക്തിപൂർവകമായ അനുശാസനമാണ് നിയമം. നിയമത്തെ ശാശ്വതം (Eternal), സ്വാഭാവികം (Natural), മാനവികം (Human), ദൈവികം (Divine) എന്നു നാലായി തിരിച്ചിരിക്കുന്നു. ശാശ്വതനിയമമെന്നതു ദൈവത്തിന്റെ മനസ്സിൽ സ്ഥിതിചെയ്യുന്ന പ്രപഞ്ചനിയന്ത്രണപദ്ധതിയാണ്. അതു സ്രഷ്ടാവായ ദൈവത്തിന്റെ ഉത്കൃഷ്ടചിന്തയാണ്. മനുഷ്യപ്രകൃതിയിലധിഷ്ഠിതമായ ശാശ്വതനിയമപ്രകാശനമാണ് സ്വാഭാവികനിയമം. ഇത് പൊതുവിൽ നന്മയെ അംഗീകരിക്കുന്നു, തിന്മയെ നിരാകരിക്കുന്നു. സ്വാഭാവിക നിയമത്തിന്റെ പ്രത്യേക പരിതഃസ്ഥിതികൾക്കനുസരിച്ചുള്ള പ്രയോഗമാണ്‌ മാനവികനിയമം. സമാധാനപൂർണമായ സാമൂഹികജീവിതത്തിന് അത് അനിവാര്യമാണ്. ശിക്ഷയെപ്പറ്റിയുള്ള ഭീതിയിലൂടെ അത് പ്രാവർത്തികമാക്കപ്പെടുന്നു. മാനവിക നിയമത്തിന്റെ പരിമിതികളും അപൂർണതകളുമല്ലാത്ത അമാനുഷികമായ ഒന്നാണ് ദൈവിക നിയമം. ഇത് ബൈബിളിൽ ദൈവത്തിന്റെ കല്പനകളായി വെളിവാക്കപ്പെട്ടിട്ടുണ്ട്.

നീതി ഒരുവന്റെ അവകാശങ്ങൾ അവനു നേടിക്കൊടുക്കുന്നു. അതിന്റെ മൗലികതത്ത്വങ്ങൾ സമത്വത്തിലധിഷ്ഠിതമാണ്. സമത്വത്തിന്റെ അടിസ്ഥാനം രണ്ടുതരത്തിലാകാം. ഒരാൾ കൊടുക്കുന്നതത്രയും സ്വയം സ്വീകരിക്കുന്നു എന്ന നിലയിൽ സമത്വം പ്രകൃത്യധിഷ്ഠിതമാണ്. ജനകീയാചാരങ്ങളും രാജകല്പനകളും വഴി രണ്ടു വസ്തുക്കൾ ഒന്നുപോലെ പരിഗണിക്കപ്പെടണമെന്നു വരുമ്പോൾ സമത്വത്തിന്റെ അധിഷ്ഠാനം മനുഷ്യേച്ഛയാണ്. ഈ വ്യത്യാസം ഒരുവന്റെ സ്വാഭാവികാവകാശത്തെ നിയതാവകാശത്തിൽനിന്ന് വേർപെടുത്തുന്നു. നിയതാവകാശത്തിന്റെ അടിസ്ഥാനം മാനവികനിയമമാണ്. മാനവിക നിയമങ്ങളാണ് യഥാർഥത്തിൽ അവകാശങ്ങളുടെയും നീതിയുടെയും ഉറവിടം. ലിഖിതങ്ങളായ മാനവികനിയമങ്ങൾ സ്വാഭാവിക നീതിയിൽനിന്നു വ്യതിചലിക്കുമ്പോൾ അവയ്ക്കു ന്യൂനത സംഭവിക്കുന്നു.

അക്വീനാസിന്റെ അഭിപ്രായത്തിൽ മറ്റെല്ലാ അധികാരങ്ങളെയുംപോലെ രാഷ്ട്രീയാധികാരവും ഉറവെടുക്കുന്നത് ദൈവത്തിൽ നിന്നാണ്. 'ദൈവത്തിൽ നിന്നല്ലാതെ ഒരധികാരവുമില്ല.' (റോമ. 13-1) എന്ന വി. പൗലോസിന്റെ പ്രഖ്യാപനവും മറ്റു വേദവചനങ്ങളും ഇദ്ദേഹം ഇതിനു തെളവായി ഹാജരാക്കുന്നു. ദൈവദത്തമായ രാഷ്ട്രീയാധികാരം പ്രയോഗിക്കുന്നയാളാണ് ഭരണകർത്താവ്. ഭരണകർത്താവിന്റെ സാമാന്യധർമം മതേതരവിഷയങ്ങളുടെ പരമമായ നിയന്ത്രണത്തിലൂടെ പ്രജകൾക്കിടയിൽ നല്ല ജീവിതം നിലനിർത്തുകയെന്നതാണ്. പ്രജകളെ യഥാവിധി സംരക്ഷിക്കാൻ ഭരണകർത്താവിന് ചുമതലയുണ്ട്. മധ്യകാലത്തെ ജനങ്ങളുടെ മനസ്സിൽ പ്രത്യേകമായ അനുരണനമുണ്ടാക്കിയ ഗ്രീക്കുദർശനത്തിലെ പ്രമാണവാക്യങ്ങളാണ് ഈ സിദ്ധാന്തത്തിന് ആസ്പദം. 'പ്രകൃതിയുടെ ആവശ്യങ്ങൾ നിറവേറുക തന്നെ ചെയ്യും', 'പ്രകൃതിയെ കല അനുകരിക്കുന്നു', എന്നിവയാണ്‌ ആ പ്രമാണവാക്യങ്ങൾ, കലകളിൽ ഏറ്റവും ശ്രേഷ്ഠമായത് ഭരണകലയത്രേ. അതിന്റെ പ്രയോക്താക്കൾ ഭരണീയരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണം. അക്കൂട്ടത്തിൽ പാവപ്പെട്ടവർക്കു ഭിക്ഷ നൽകണമെന്ന കാര്യവും അക്വിനാസ് നിർദ്ദേശിച്ചു. ഭിക്ഷാദാനം ഭരണകൂടത്തിന്റെ ധർമമാണെന്ന നിഗമനം രാഷ്ട്രതന്ത്രത്തിലെ ഒരു പ്രധാന സിദ്ധാന്തമായിത്തീർന്നത് അങ്ങനെയാണ്‌.[18]

ഭരണാധികാരം ആരിൽ നിക്ഷിപ്തമായിരിക്കണമെന്ന പ്രശ്നവും അക്വിനാസിന്റെ ചിന്തയ്ക്കു വിഷയീഭവിച്ചിട്ടുണ്ട്. അതു ജനങ്ങളിൽ നിക്ഷിപ്തമായിരിക്കണമെന്നാണ് അരിസ്റ്റോട്ടിൽ സമർഥിച്ചത്. പക്ഷേ നിയന്ത്രിതമായ ഒരു രാജവാഴ്ചയാണ് ആദർശപരമെന്ന് അക്വിനാസ് കരുതി. ഭരണസംവിധാനത്തിന് അനിവാര്യമാണ് സമൂഹത്തിലെ ഐക്യം എന്നും അതു സാധിതമാകുന്നത്, സ്വയം ഒരു ഏകകം (Unit) ആയിരിക്കുന്ന ഭരണരൂപത്തിൻകീഴിലാണ് എന്നുമുള്ള വിശ്വാസം ആ സിദ്ധാന്തത്തിന്റെ പിന്നിലുണ്ട്.

രാജാവിന്റെ അധികാരശക്തി എത്രത്തോളമാകണമെന്നതിനെപ്പറ്റി അക്വിനാസിന്റെ അഭിപ്രായം മധ്യകാല ചിന്താഗതിക്കനുസൃതമായ ഒന്നാണ്. ഭരിക്കുകയെന്നതു ഭരണത്തിന്റെ യഥാർഥലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള കാര്യനിർവഹണമാണ്. എന്നാൽ എന്താണ് യഥാർഥലക്ഷ്യം? ശുദ്ധമായ ജീവിതത്തിലൂടെ ഈശ്വരസാക്ഷാത്കാരം നേടുകയാണ് അത് എന്ന് ഇദ്ദേഹം ഊന്നിപ്പറയുന്നു. മാനുഷികനന്മയിലൂടെ മാത്രം ഈ ലക്ഷ്യം നിറവേറ്റപ്പെടുമെങ്കിൽ പരമോന്നതമായ രാഷ്ട്രീയശക്തിയുടെ - രാജാവിന്റെ - ധർമം യഥാവിധി അനുഷ്ഠിക്കപ്പെട്ടതായി കരുതാം.

അനുഭവാതീതമായ ഒരു മണ്ഡലത്തിലേക്കു മരണത്തിലൂടെ നയിക്കപ്പെടുന്ന ഭൗതികജീവിതം പൗരോഹിത്യത്തിന്റെ മാർഗ്ഗദർശനത്തിലൂടെ കടന്നുപോകണം‌. അതിനാൽ ഭൗതികകാര്യങ്ങളിൽ രാജാവാണ് പരമാധികാരിയെങ്കിലും ആ കാര്യങ്ങളെ ഉന്നതമായ ലക്ഷ്യത്തിലേക്കു നയിക്കുവാൻ അദ്ദേഹം ക്രിസ്തുവിന്റെ നിയമത്തിനു കീഴ്പ്പെട്ടേ മതിയാകൂ. അക്വിനാസിന്റെ ഈ സിദ്ധാന്തം പൗരോഹിത്യശക്തികൾക്കു രാഷ്ട്രീയമണ്ഡലത്തിൽ വലിയ പ്രാധാന്യം നേടിക്കൊടുത്തു.

അക്വീനാസിന്റെ ശൈലി

തിരുത്തുക

ഏറെ അലങ്കാരങ്ങളില്ലാത്ത ലളിതവും ഋജുവുമായ ശൈലിയിലാണ്‌ അക്വീനാസ് തന്റെ ദൈവശാസ്ത്ര-ദാർശനിക രചനകൾ നിർ‌വഹിച്ചത്. ഒതുക്കവും കൃത്യതയുമുള്ള ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. അഗസ്റ്റിന്റെ രചനകളിൽ കാണുന്ന ചടുലതയും ഭാവനാവിലാസവും കവിതയും അക്വീനാനാസിന്റെ രചനകളിൽ കണ്ടെത്താനാവില്ല. തത്ത്വചിന്തയിൽ ഉജ്ജ്വലതയ്ക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം കരുതിയതായി ഈ രചനകൾ വായിക്കുന്നവർക്കു തോന്നിയേക്കാം. എന്നാൽ ആവശ്യമെന്നു തോന്നിയാൽ കവനകലയിൽ കവികൾക്കൊപ്പമാകാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അക്വീനാസിന്റെ തൂലികയുടെ സൃഷ്ടികളിൽ ഏറ്റവും തികവുറ്റത് വിശുദ്ധകുർബ്ബാനയുടെ തിരുനാളിനു(Feast of Corpus Christi) വേണ്ടി അദ്ദേഹം രചിച്ച ഗീതങ്ങളും പ്രാർത്ഥനകളുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തിരുനാളിലെ സമാപനാരാധനയ്ക്കായി രചിച്ച പാൻ‌ഗേ ലിംഗ്വാ ഗ്ലോറിയോസി കോർപ്പോറിസ് മിസ്റ്റീരിയം (Pange lingua gloriosi corporis mysterium - നാവേ, യോഗാത്മശരീരത്തിന്റെ മഹത്ത്വം പ്രകീർത്തിച്ചാലും) എന്നു തുടങ്ങുന്ന ഗീതം, എല്ലാക്കാലത്തേയും മഹത്തായ പ്രാർത്ഥനാഗീതങ്ങളിൽ ഒന്നാണ്‌. ദൈവശാസ്ത്രത്തിന്റെയും കവിതയുടേയും ഹൃദയാലുതപകരുന്ന സങ്കരം എന്ന് അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[3]

തത്ത്വചിന്തക്കപ്പുറം

തിരുത്തുക
 
തോമസ് അക്വീനാസ്, ഫ്രാ അഞ്ജലിക്കോ(1395 – 1455) വരച്ച ചിത്രം

തത്ത്വചിന്തയുടെ ലോകത്തിനു പുറത്ത്, കലയിലേയും സാഹിത്യത്തിലേയും സൃഷ്ടികൾക്കും അക്വീനാസ് പ്രചോദനമായിട്ടുണ്ട്. നവോത്ഥാനകാലത്തെ പ്രമുഖ കലാകാരനായിരുന്ന ഫിലിപ്പിനോ ലിപ്പിയുടെ ഒരു ചിത്രത്തിന്റെ വിഷയം അക്വീനാസ് മതദ്രോഹികളെ (heretics) വാദിച്ചു തോല്പ്പിക്കുന്നതാണ്. ദാന്തേയുടെ ഡിവൈൻ കോമഡി യിൽ അക്വീനാസ് പ്രത്യക്ഷപ്പെടുന്നുണ്ട്. 'കോമഡി' യുടെ ദൈവശാസ്ത്രവും ലോകവീക്ഷണവും അക്വീനാസിൽനിന്നു കടമെടുത്തത്താണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സുമ്മാ തിയോളജിയേ പദ്യത്തിലാക്കിയതാണ് ഡിവൈൻ കോമഡി എന്നു പോലും പറയാറുണ്ട്. അക്വീനാസിന്റെ മരണത്തെക്കുറിച്ച് മദ്ധ്യയുഗത്തിൽ പ്രചാരത്തിലിരുന്ന ഒരു കഥ ദാന്തെ ഡിവൈൻ കോമഡിയിലെ ശുദ്ധീകരണസ്ഥലമെന്ന രണ്ടാം ഭാഗത്ത് ആവർത്തിക്കുന്നുണ്ട്. അതനുസരിച്ച് സിസിലിയിലെ ഭരണാധികാരിയായിരുന്ന അൻജോവിലെ ചാൽസിന്റെ നിർദ്ദേശപ്രകാരം അക്വീനാസ് ഫോസ്നോവയിൽ വച്ച് വിഷം കൊടുത്തു കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ഇന്ന് ഈ കഥ ആരും വിശ്വസിക്കുന്നില്ല.

വിമർശനം

തിരുത്തുക

തത്ത്വചിന്തയിൽ അക്വീനാസ് പിന്തുടർന്നത് നിഷ്പക്ഷമായ സത്യാന്വേഷണത്തിന്റെ വഴിയല്ല എന്ന് വിമർശിക്കുന്നവരുണ്ട്. നിഗമനങ്ങൾ നേരത്തേ നിശ്ചയിച്ചതിനു ശേഷം അവ സ്ഥാപിച്ചുറപ്പിക്കാനായി വാദഗതികൾ അന്വേഷിച്ചു പോവുകയാണ് അക്വീനാസ് ചെയ്തതെന്നും ആ വഴി തത്ത്വചിന്തയുടേതല്ല, വക്കാലത്തിന്റേതാണ് (of special pleading) എന്നും ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വ ചിന്തയുടെ ചരിത്രം (History of Western Philosophy)എന്ന ഗ്രന്ഥത്തിൽ അക്വീനാസിനെക്കുറിച്ചെഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്.[10]

നുറുങ്ങുകൾ

തിരുത്തുക
  • അക്വീനാസിന്റെ ജീവിതശുദ്ധിയും ബ്രഹ്മചര്യനിഷ്ഠയും ഏറെ ഘോഷിക്കപ്പെട്ടിട്ടുണ്ട്. മാലാഖ പോലുള്ള വേദപാരംഗതൻ‍ (Angelic Doctor)എന്ന് അദ്ദേഹം അറിയപ്പെട്ടു. മരണത്തിനു മുൻപ് അദ്ദേഹം നടത്തിയ മുഴുവൻ കുമ്പസാരം കേട്ട വൈദികന് അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ ആദ്യ കുമ്പസാരം പോലെയാണത്രെ തോന്നിയത്.[5]
  • ഭക്ഷണവേളകളിൽ പോലും തത്ത്വചിന്തയിലെ സമസ്യകളുമായി മനസ്സിൽ മല്ലടിച്ചിരുന്ന അക്വീനാസ് ചുറ്റുപാടുകളുമുള്ള കാര്യങ്ങൾ മറക്കുന്നത് പതിവായിരുന്നത്രെ. ഒരിക്കൽ ഇതര സന്യാസിമാരോടും ആശ്രമാധിപനുമൊപ്പം ഫ്രാൻസിലെ ലൂയി ഒൻപതാം രാജാവിനൊപ്പം ഭക്ഷണത്തിനു ക്ഷണിക്കപ്പെട്ട അദ്ദേഹം ഭക്ഷണത്തിനിടെ "മനിക്കേയന്മാർക്ക് അതാണ്‌ മറുപടി" എന്നു പറഞ്ഞ് മേശമേൽ ശക്തിയായി ഇടിച്ചു. രാജാവിനൊപ്പമാണിരിക്കുന്നതെന്നു മറക്കരുതെന്ന് ആശ്രമാധിപൻ അപ്പോൾ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. എന്നാൽ, അക്വീനാസ് ഏതോ വലിയ ദൈവശാസ്ത്രസമസ്യയ്ക്ക് മനസ്സിൽ പരിഹാരം കണ്ടെത്തിയതിന്റെ സൂചനയായി അതിനെ തിരിച്ചറിഞ്ഞ രാജാവ് ഉടനേ അദ്ദേഹത്തിനു എഴുത്തുസാമിഗ്രികൾ വരുത്തിക്കൊടുത്തു.[3]

കുറിപ്പുകൾ

തിരുത്തുക

ക. ^ അക്വീനാസിന്റെ രണ്ടു "സുമ്മാ"-കളിൽ തത്ത്വചിന്താപരമായി നോക്കുമ്പോൾ കൂടുതൽ പ്രാധാന്യമുള്ളത് "സുമ്മാ കോൺ‌ട്രാ ജെന്റൈൽസ്" ആണെന്ന് ബെർട്രാൻഡ് റസ്സൽ കരുതുന്നു:- "Saint Thomas' most important work, The Summa Contra Gentiles, was written during the years 1959-64......He wrote another book, Summa Theologiae, of almost equal importance, but of somewhat less interest to us because less designed to use arguments not assuming in advance the truth of Christianity."[10]

ഖ.^ "Lowered in a basket into the arms of the Dominicans"(കത്തോലിക്കാ വിജ്ഞാനകോശം)[4] തടിച്ച് വളരെ വലിയ ശരീരമായിരുന്നു അക്വീനാസിന്റേത്. കൊട്ടയിലിൽ തൂങ്ങിയിറങ്ങിയതിനെ സംബന്ധിച്ച കഥ ശരിയാണെങ്കിൽ, രക്ഷപെടാൻ ഉപയോഗിച്ച് കൊട്ട ഏറെ വലുതായിരുന്നിരിക്കണെമെന്ന് ജി.കെ. ചെസ്റ്റർട്ടൻ ഫലിതം പറയുന്നു."it must have been rather a big basket if he was indeed lowered in this fashion".[5] അക്വീനാസിനെ രക്ഷപെടാൻ സഹായിച്ചത്, മകന്റെ നിശ്ചയദാർഢ്യം കണ്ട് മനസ്സലിഞ്ഞ അമ്മ തന്നെയാണെന്നു വിൽ ഡുറാന്റ് പറയുന്നു.[3]

ഗ.^ അക്വീനാസും ബൊനവന്തുരയും ബിരുദം സ്വീകരിച്ചത് ഒരേദിവസം ഒരുമിച്ചാണെന്നും ആരാണ്‌ ആദ്യം അതു സ്വീകരിക്കുക എന്നതിനെച്ചൊല്ലി ദൈവശാസ്ത്രത്തിലെ പ്രതിയോഗികളെന്നതിനൊപ്പം സുഹൃത്തുകളും ആയിരുന്ന അവർക്കിടയിൽ "എളിമ-മത്സരം" (contest of humility) നടന്നെന്നും ഒരു പാരമ്പര്യമുള്ളതായി കത്തോലിക്കാവിജ്ഞാനകോശം പറയുന്നു.[4]

ഘ.^ അക്വീനാസിനുണ്ടായതായി പറയപ്പെടുന്ന ദർശനത്തിന്റെ വിവരണം ഇംഗ്ലീഷ് കവി റോബർട്ട് ബ്രിഡ്ജസിന്റെ "ടെസ്റ്റമെന്റ് ഓഫ് ബ്യൂട്ടി" (Testament of Beauty) എന്ന കവിതയിലുണ്ട്. അതനുസരിച്ച്, എഴുത്തു പുനരാരംഭിക്കാൻ ആവശ്യപ്പെട്ട റെജിനാൾഡിനോട് അക്വീനാസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:[7]

ങ.^ ബെനഡിക്ടൻ സന്യാസിയാകാനുള്ള കുടുംബത്തിന്റെ ഇംഗിതം ധിക്കരിച്ച അക്വീനാസ്, മരണസമയത്ത് ബെനഡിക്ടിനെ തേടിച്ചെന്നതാണെന്ന് ജി.കെ. ചെസ്റ്റർട്ടൺ നിരീക്ഷിക്കുന്നു."He had come back to Saint Benedict to die."[5]

  1. 1.0 1.1 Gilby, Thomas (1951). St. Thomas Aquinas Philosophical Texts. Oxford Univ. Press.{{cite book}}: CS1 maint: location missing publisher (link)
  2. http://www.newadvent.org/summa/
  3. 3.0 3.1 3.2 3.3 3.4 3.5 വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം(പുറങ്ങൾ 961-967)
  4. 4.0 4.1 4.2 4.3 4.4 4.5 Saint Thomas Aquinas, Catholic Encyclopedia
  5. 5.0 5.1 5.2 5.3 5.4 ജി.കെ. ചെസ്റ്റർട്ടൺ അക്വിനാസിനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ നിന്ന്: http://gutenberg.net.au/ebooks01/0100331.txt.
  6. വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം(പുറം 957)
  7. 7.0 7.1 എസ്.രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും(പുറം 246)
  8. Renn Dickson Hampden The Life of Thomas Aquinas: A Dissertation of the Scholastic Philosophy of the Middle Ages (പുറങ്ങൾ 21-22)
  9. 9.0 9.1 Healy, Nicholas M. (2003) Thomas Aquinas: Theologian of the Christian Life. Ashgate Publishing Ltd.
  10. 10.0 10.1 10.2 10.3 10.4 10.5 ബെർട്രാൻഡ് റസ്സൽ, എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി, (പുറങ്ങൾ 452-462)
  11. Charles Freemaan: Closing of the Western Mind: The Rise of Faith and the Fall of Reason, Publisher: Alfred A. Knopf(2003)
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-03. Retrieved 2007-12-28.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-19. Retrieved 2007-12-28.
  14. http://www.vatican.va/holy_father/leo_xiii/encyclicals/documents/hf_l-xiii_enc_04081879_aeterni-patris_en.html
  15. Metaphysics
  16. "Saint Thomas Aquinas, Encyclopedia Britanica 1978 Edition". Archived from the original on 2010-07-21. Retrieved 2010-03-25.
  17. Medieval Source Book, Thomas Aquinas, Reasons in Proof of the Existence of God [1]
  18. St. Thomas Aquinas
"https://ml.wikipedia.org/w/index.php?title=തോമസ്_അക്വീനാസ്&oldid=4070863" എന്ന താളിൽനിന്ന് ശേഖരിച്ചത്