ബൈബിൾ
ക്രിസ്ത്യാനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ.[1] ഹീബ്രു ഭാഷയിലുള്ള പഴയനിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. എന്നാൽ പഴയ നിയമവും പുതിയ നിയമവും ചേർന്നതാണ് ക്രിസ്ത്യാനികളുടെ ബൈബിൾ. ചെറിയ പുസ്തകം എന്നർത്ഥം വരുന്ന ബിബ്ലിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ബൈബിൾ എന്ന പദം പ്രയോഗത്തിലെത്തിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെയാണ് വിശ്വാസികൾ ബൈബിളിനെ കരുതിപ്പോരുന്നത്. എന്നാൽ ബൈബിളിനെ സാഹിത്യ സൃഷ്ടിയായോ ചരിത്ര രേഖയായോ സമീപിക്കുന്നവരുമുണ്ട്.
ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ[2]. 469 ഭാഷകളിൽ[2]ബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന[3] ഗ്രന്ഥവും ഇതുതന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പലഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്[3].
നിരുക്തം
തിരുത്തുകOnline Etymology Dictionary Archived 2015-12-05 at the Wayback Machine. പ്രകാരം ബൈബിൾ എന്ന പദം ഉത്ഭവിച്ചത് , ആംഗ്ലോ-ലത്തീൻ പദമായ biblia യിൽ നിന്നുമാണ്.[4] ഈ വാക്കിന്റെ ഉത്ഭവം മദ്ധ്യകാല ലത്തീനിലും പിൽക്കാല ലത്തീനിലും ഉപയോഗിച്ചിരുന്ന biblia sacra(വിശുദ്ധ ഗ്രന്ഥങ്ങൾ) എന്ന പദത്തിൽനിന്നാണെന്ന് അനുമാനിക്കാം. ഈ പദം biblion("കടലാസ്" അല്ലെങ്കിൽ "ചുരുൾ" - "പുസ്തകത്തിന്റെ സാധാരണ ഉപയോഗിക്കുന്ന പദം") എന്ന പദത്തിൽനിന്നുത്ഭവിച്ച (ഗ്രീക്ക്: τὰ βιβλία τὰ ἅγια Ta biblia ta hagia, "വിശുദ്ധ ഗ്രന്ഥങ്ങൾ"), എന്ന പദത്തിൽനിന്നാണ്. ഈ പദമാകട്ടെ, ഒരുപക്ഷേ ഈജിപ്ഷ്യൻ പപ്പൈറസ് കയറ്റി അയയ്ക്കപ്പെട്ടിരുന്ന ഫിനീഷ്യൻ തുറമുഖത്തിന്റെ പേരിൽനിന്നുത്ഭവിച്ചതാകാവുന്ന , byblos ("ഈജിപ്ഷ്യൻ പപ്പൈറസ്") എന്ന പദത്തിന്റെ ഒരു വകഭേദമാണ്.
ബൈബിൾ പണ്ഡിതൻമാർക്ക് ഹാമിൽട്ടന്റെ സമർത്ഥനപ്രകാരം, Ta biblia("പുസ്തകങ്ങൾ") എന്ന പദശേഖരമാണ് പ്രധാനമായും ഗ്രീക്ക് സംസാരിച്ചിരുന്ന ജൂതന്മാർ ക്രിസ്തുവിനു പല നൂറ്റാണ്ടുകൾക്ക്മുമ്പു തന്നെ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ വിളിക്കാൻ ഉപയോഗിച്ചിരുന്നതെന്നും "[5] ഇതു ഒരുപക്ഷേ ആ പദശേഖരം സെപ്ത്വാഗിന്തിനെ യാവാം ഉദ്ദേശിച്ചതെന്നും[6]. ക്രിസ്തുവർഷം 223ഇൽ പോലും ഗ്രീക്ക് പദമായ Ta Biblia ക്രിസ്തീയ വിശുദ്ധ ഗ്രന്ഥത്തെ വിളിക്കാൻ ഉപയോഗിച്ചിരുന്നതായി Online Etymology Dictionary സമർത്ഥിക്കുന്നു.
ഹീബ്രു ബൈബിൾ
തിരുത്തുകപ്രധാന താളുകൾ: ഹീബ്രു ബൈബിൾ, തനക്ക്, പഴയ നിയമം ഹീബ്രു ബൈബിൾ യഹൂദ ബൈബിൾ എന്നുമറിയപ്പെടുന്നു. യഹൂദർ ഇതിനെ തനക് എന്നു വിളിക്കുന്നു. മൂന്നു വിഭാഗങ്ങളായി തിരിച്ച 24 പുസ്തകങ്ങളടങ്ങിയതാണ് ഹീബ്രു ബൈബിൾ. തോറാ(നിയമം), നിവിം(പ്രവാചകന്മാർ) കെതുവിം(വൃത്താന്തം) എന്നിവയാണ് ഹീബ്രുബൈബിളിലെ മൂന്നു വിഭാഗങ്ങൾ.
തോറ
തിരുത്തുകമോശയുടെ കൽപനകൾ എന്നും ഈ ഭാഗമറിയപ്പെടുന്നു. അഞ്ചു പുസ്തകങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
- ഉല്പത്തി - Bereshit (בראשית)
- പുറപ്പാട് - Shemot (שמות)
- ലേവ്യർ - Vayikra (ויקרא)
- സംഖ്യ - Bamidbar (במדבר)
- ആവർത്തന പുസ്തകം - Devarim (דברים)
ദൈവ-മനുഷ്യ ബന്ധത്തിന്റെ മൂന്നു തലങ്ങളാണ് തോറ പ്രതിപാദിക്കുന്നത്. ഉൽപത്തി പുസ്തകത്തിന്റെ ആദ്യ പതിനൊന്ന് അധ്യായങ്ങളിൽ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതും മനുഷ്യനെ അതിന്റെ കേന്ദ്രമായി മാറ്റുന്നതും വിവരിക്കുന്നു. തുടർന്നുള്ള 39 അധ്യായങ്ങൾ പൂർവപിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുമായി ദൈവം നടത്തുന്ന ഉടമ്പടിയെപ്പറ്റി വർണ്ണിക്കുന്നു. അബ്രാഹമിനോട് സ്വന്തം ദേശമായ ഉർ വിട്ട് കാനാൻദേശത്തേക്ക് പോകുവാൻ നിർദ്ദേശിക്കുന്നത് ഈ ഭാഗത്താണ്. ഇസ്രയേലിന്റെ മക്കൾ ഈജിപ്തിൽ അടിമകളായെത്തിയ സംഭവം ഇവിടെ വായിക്കാം.
തോറായിലെ ശേഷിക്കുന്ന നാലു പുസ്തകങ്ങളുടെയും കേന്ദ്രബിന്ദു ആദ്യത്തെ പ്രവാചകനായി കണക്കാക്കപ്പെടുന്ന മോശയാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നും ഇസ്രയേല്യരെ മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് അവരെ നയിക്കുന്ന പ്രവാചകനാണ് മോശ. പൂർവപിതാക്കന്മാരുമായി ദൈവം ഏർപ്പെട്ട ഉടമ്പടി സിനായ് മലയിൽ വച്ച് പുതുക്കുന്ന ഭാഗവും യഹൂദരുടെ നിയമങ്ങളുടെ കേന്ദ്രബിന്ദുവായ പത്തു കൽപനകൾ ദൈവം മോശയ്ക്കു നൽകുന്ന ഭാഗവും പുറപ്പാടിന്റെ പുസ്തകത്തിൽ കാണാം. മോശയുടെ മരണത്തോടെയാണ് തോറ അവസാനിക്കുന്നത്.
നിവിം(പ്രവാചകന്മാർ)
തിരുത്തുകനിവിം അഥവാ പ്രവാചകന്മാരുടെ പുസ്തകങ്ങൾ ഇസ്രയേല്യർ രാജഭരണത്തിനു കീഴിൽ കേന്ദ്രീകരിക്കപ്പെടുന്നതും പിന്നീട് രണ്ട് വിഭാഗങ്ങളായി തിരിയുന്നതും രാജാക്കന്മാരുടെയും ജനങ്ങളുടെയും ഇടയിലേക്ക് ദൈവത്തിന്റെ വിധി നടപ്പാക്കുവാൻ പ്രവാചകന്മാർ എത്തുന്നതും വിവരിക്കുന്നു. ഇസ്രയേല്യരെ അസീറിയക്കാരും യഹൂദ്യരെ ബാബിലോണിയക്കാരും കീഴടക്കുന്നതോടെയാണ് പ്രവാചകന്മാരുടെ പുസ്തകങ്ങൾ അവസാനിക്കുന്നത്. യഹൂദ പാരമ്പര്യമനുസരിച്ച് നിവിം എട്ടു ഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു.
- ജോഷ്വ (യോശുവ)
- ന്യായാധിപന്മാർ
- സാമുവേൽ (ശാമുവൽ)
- രാജാക്കന്മാർ
- ഏശയ്യാ
- ജെറമിയ (യിരേമ്യാവു,)
- എസെക്കിയേൽ
- ചെറു പ്രവാചകന്മാർ
കെതുവിം
തിരുത്തുകപണ്ഡിത മതപ്രകാരം കെതുവിം ഗ്രന്ഥങ്ങൾ യഹൂദരുടെ ബാബിലോൺ പ്രവാസ കാലത്തോ അതിനുശേഷമോ എഴുതപ്പെട്ടവയാണ്. യഹൂദ പാരമ്പര്യമനുസരിച്ച് കാനോനികമായി(ദൈവനിവേശിതമായി) അംഗീകരിക്കപ്പെട്ടിട്ടുള്ള അവസാന പുസ്തക സഞ്ചികയാണ് കെതുവിം. പതിനൊന്ന് പുസ്തകങ്ങളാണ് ഈ വിഭഗത്തിലുള്ളത്.
ക്രിസ്തീയ ബൈബിൾ
തിരുത്തുക{{ക്രിസ്തുമതം}
യഹൂദരുടെ ബൈബിളിൽ നിന്നും വ്യത്യസ്തമാണ് ക്രിസ്തീയ ബൈബിൾ. പഴയ നിയമ ഗ്രന്ഥങ്ങൾ മാത്രമുള്ള യഹൂദ ബൈബിൾ രക്ഷകന്റെ അവതാരത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ യേശുവിൽ ഈ രക്ഷകനെക്കണ്ടെത്തുകയാണ് ക്രിസ്തീയ ബൈബിളിന്റെ ധർമ്മം. അതുകൊണ്ടുതന്നെ യേശുവിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ നിയമമാണ് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം.
പഴയ നിയമം
തിരുത്തുകഹീബ്രു ബൈബിളിലെ എല്ലാ പുസ്തകങ്ങളും ക്രിസ്തീയ ബൈബിളിന്റെ പഴയനിയമത്തിലുണ്ട്. എന്നാൽ പല പെന്തക്കോസ്ത് സമൂഹങ്ങളും ഇതിൽ പല ഗ്രന്ഥങ്ങളും കൂട്ടിച്ചേർത്തതാണെന്ന് പറയുന്നുണ്ട് . ഇങ്ങനെ കൂട്ടിച്ചേർത്തു എന്ന് അവർ പറയുന്ന ഗ്രന്ഥങ്ങളെ അവർ. അപ്പോക്രിഫ എന്ന് വിളിക്കുന്നു. റോമൻ കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്ന ബൈബിളിൽ തനക്കിലെ 24 പുസ്തകങ്ങൾക്കു പുറമേ താഴെപ്പറയുന്നവയും കാനോനികമായി അംഗീകരിച്ചിട്ടുണ്ട്:
ഇതിനു പുറമേ എസ്തേർ, ദാനിയൽ എന്നീ പുസ്തകങ്ങളും യഹൂദ ബൈബിളിലില്ലാത്ത ചില ഭാഗങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്. പൗരസ്ത്യ ഓർത്തഡോക്സ് സഭകളാകട്ടെ താഴെപ്പറയുന്ന ഗ്രന്ഥങ്ങളും അംഗീകരിക്കുന്നു.(മുകളിൽ പറഞ്ഞിരിക്കുന്ന പലതും ഇനി പറയുന്നവ തന്നെയാണ്, എന്നാൽ അതിന്റെ ഉച്ചാരണത്തിൽ വ്യത്യാസമുണ്ട്)
- തോബിത് - തൂബിദ്(തോബിയാസ്)
- യഹൂദിത്ത് (യൂദിത്ത്)
- എസ്തേർ (എസ്ഥേറ്)
- മഹാജ്ഞാനം
- യേശുബാറ് ആസീറെ(അറ്ത്ഥം-ആസീറേയുടെ മകൻ യേശു)
- ഏറമിയായുടെ ലേഖനം
- ബാറൂക്കിന്റെ ഒന്നാം ലേഖനം
- ബാറൂക്കിന്റെ രണ്ടാം ലേഖനം
- ദാനിയേൽ
- 1 മക്കബായർ
- 2 മക്കബായർ
ഇതു പോലെ തന്നെ കിഴക്കൻ ഓർത്തഡോക്സ് സഭയായ റഷ്യൻ ഓർത്തഡോക്സ് സഭ എസ്തേർ 2 കൂടി അംഗീകരിച്ച് ചേർത്തിട്ടുണ്ട്. ക്രിസ്തീയ ബൈബിളിലെ പുസ്തകങ്ങളുടെ എണ്ണം ഒരോ ക്രിസ്തീയ വിഭാഗത്തിലും വ്യത്യസ്തമാണെങ്കിലും വിശുദ്ധ ബൈബിളിന്റെ ഉള്ളടക്കത്തിലും അത് മുൻപോട്ട് വയ്ക്കുന്ന പ്രധാന ആശയവുമായ ഈശോ മിശിഹാ വഴിയായുള്ള രക്ഷയുടെയും കാര്യത്തിലും അത് ഏകതാനത പുലർത്തുന്നു.
Bible Society പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകത്തിൽ ആകെ 39 പുസ്തകങ്ങളുണ്ട്.
പുതിയ നിയമം
തിരുത്തുകയേശുവിന്റെ ജനനവും ജീവിതവും മരണവും പുനരുത്ഥാനവും കേന്ദ്രമാക്കിയ 27 പുസ്തകങ്ങൾ ചേരുന്നതാണ് ക്രിസ്തീയ ബൈബിളിലെ പുതിയ നിയമം. മിക്കവാറും എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഈ 27 പുസ്തകങ്ങളും അംഗീകരിക്കുന്നുണ്ട്. താഴെപ്പറയുന്നവയാണ്
സുവിശേഷങ്ങൾ
തിരുത്തുക- മത്തായി അറിയിച്ച സുവിശേഷം
- മർക്കോസ് അറിയിച്ച സുവിശേഷം
- ലൂക്കാ അറിയിച്ച സുവിശേഷം
- യോഹന്നാൻ അറിയിച്ച സുവിശേഷം
ആദ്യകാല സഭാചരിത്രം
തിരുത്തുകപൗലോസിന്റെ ലേഖനങ്ങൾ
തിരുത്തുക- റോമാക്കാർക്കെഴുതിയ ലേഖനം
- കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം
- കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം
- ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം
- എഫേസോസുകാർക്ക് എഴുതിയ ലേഖനം
- ഫിലിപ്പിയർക്ക് എഴുതിയ ലേഖനം
- കൊളോസോസുകാർക്ക് എഴുതിയ ലേഖനം
- തെസലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനം
- തെസലോനിക്കാക്കാർക്ക് എഴുതിയ രണ്ടാം ലേഖനം
- തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം
- തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം
- തീത്തോസിനെഴുതിയ ലേഖനം
- ഫിലമോനെഴുതിയ ലേഖനം
- ഹെബ്രായർക്കെഴുതിയ ലേഖനം
കാതോലിക ലേഖനങ്ങൾ
തിരുത്തുക- യാക്കോബ് എഴുതിയ ലേഖനം
- പത്രോസ് എഴുതിയ ഒന്നാം ലേഖനം
- പത്രോസ് എഴുതിയ രണ്ടാം ലേഖനം
- യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം
- യോഹന്നാൻ എഴുതിയ രണ്ടാം ലേഖനം
- യോഹന്നാൻ എഴുതിയ മൂന്നാം ലേഖനം
- യൂദാ ശ്ലീഹാ എഴുതിയ ലേഖനം
പ്രവചനം
തിരുത്തുകമലയാളം ബൈബിൾ
തിരുത്തുകഈസ്റ്റിൻഡ്യാ കമ്പനിയുടെ കൽക്കട്ടയിലെ ചാപ്ലയിനായിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനൻ 1806-ൽ മലബാർ സന്ദർശിച്ചു.അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മലങ്കര മെത്രാപ്പോലീത്തയായ മാർ ദിവന്നാസ്യോസിന്റെ മേൽനോട്ടത്തിൽ 1807-ൽ നാലു സുവിശേഷങ്ങൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ ആരംഭിച്ചു. ഈ യത്നത്തിൽ സഹകരിച്ചവരിൽ പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. 1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു.
1817-ൽ ബൈബിൾ പൂർണ്ണമായി തർജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിൾ സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായഭാഷാപണ്ഡിതൻ മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോൻ, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവരുടെ സഹകരണം വിവർത്തന പ്രക്രിയയിൽ ബെയ്‌ലിക്കു ലഭിച്ചു.
1825-ൽ ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തർജ്ജുമ പ്രസിദ്ധീകരിച്ചു. 1829-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്‌ലിയുടെ ആദ്യത്തെ പുതിയ നിയമ തർജ്ജുമ കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.1835-ൽ ബെയ്‌ലിയുടെ പഴയനിയമ തർജ്ജുമ പൂർത്തിയായി. മദ്രാസ് ഓക്സിലിയറി 1841-ൽ അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ൽ പ്രസിദ്ധീകരിച്ചു.
ബെയ്‌ലിയുടെ പരിഭാഷയ്ക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. പദങ്ങളിലും പ്രയോഗങ്ങളിലും മലബാറിലെ ഭാഷയ്ക്ക് തിരുവിതാം കൂറിലെ മലയാളത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. വടക്കേ മലബാറിലെ ഉപയോഗത്തിനു മതിയായ ബൈബിൾ ആവിഷ്ക്കരിക്കുന്നതിനു നേതൃത്വം നൽകിയത് ആധുനിക മലയാളത്തിന്റെ സൃഷ്ടി കർത്താക്കളിൽ ഒരാളായ ഹെർമ്മൻ ഗുണ്ടർട്ടാണ്.പല ഭാരതീയ ഭാഷകളും അദ്ദേഹത്തിനു വശമായിരുന്നു.പുതിയ നിയ നിയമം മംഗലാപുരത്തു ബാസൽ മിഷൻ പ്രസ്സിൽ നിന്നും 1854-ൽ പ്രസിദ്ധം ചെയ്തു. 1859-ൽ പഴയനിയമവും അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു.
തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്. 1910-ൽ പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിൾ പരിഭാഷ ആണ് ഉപയോഗിക്കുന്നത്.
- 2004 ഓഗസ്റ്റ് 14നു് സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം ഇന്റർനെറ്റിൽ ആദ്യമായി [7] [8] നിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു.
- കത്തോലിക്ക സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പി.ഓ.സി. ബൈബിളും സൗജന്യമായി ഇന്റർനെറ്റിൽ ലഭ്യമാണ്. [9]
- യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക ബൈബ്ബിളായ വിശുദ്ധ ഗ്രന്ഥവും ഇന്റർനെറ്റിൽ ലഭ്യമാണ്. വിശുദ്ധ ഗ്രന്ഥം ഓഡിയോ രൂപത്തിലും ലഭ്യമാണ്. [10]
- യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “പുതിയ ലോക ഭാഷാന്തരം ക്രിസ്തീയഗ്രീക്ക് തിരുവെഴുത്തുകൾ” pdf രൂപത്തിലും ഓൺലൈനായും ലഭ്യമാണ്. മറ്റു പല പരിഭാഷകളിലും നീക്കം ചെയ്തിരിക്കുന്ന യഹോവ എന്ന ദൈവനാമം ഉചിതമായ 237 സ്ഥാനങ്ങളിൽ പുനസ്ഥാപിച്ചിരിക്കുന്നു എന്നതാണ് ഈ പരിഭാഷയുടെ മുഖ്യസവിശേഷത.[11]
അവലംബം
തിരുത്തുക- ↑ Dictionary.com
- ↑ 2.0 2.1 http://www.ehow.co.uk/slideshow_12249316_top-translated-books-history.html#pg=21
- ↑ 3.0 3.1 http://www.guinnessworldrecords.com/records-1/best-selling-book-of-non-fiction/
- ↑ Online Etymology Dictionary ഇൽ Bible എന്ന പദത്തിന്റെ ഉദ്ഭവം വിശദമാക്കിയിരിക്കുന്നു
- ↑ "From Hebrew Bible to Christian Bible" by Mark Hamilton on PBS's site From Jesus to Christ: The First Christians
- ↑ Dictionary.com etymology of the word "Bible"
- ↑ Asianet Gulf Round up വാർത്ത
- ↑ "വിശുദ്ധ വേദപസ്തകം". Archived from the original on 2021-08-07. Retrieved 2021-09-04.
- ↑ ബൈബിൾ ഓൺലൈൻ
- ↑ "വിശുദ്ധ ഗ്രന്ഥം വെബ്സൈറ്റ്". Archived from the original on 2016-02-08. Retrieved 2016-01-16.
- ↑ പുതിയ ലോക ഭാഷാന്തരം
ബാഹ്യ ലിങ്കുകൾ
തിരുത്തുക- www.bibleinterpretation.org ഫാദർ എബ്രഹാം മുത്തോലത്തിന്റെ ബൈബിൾ വ്യാഖ്യാനം.
- www.biblereflection.org ഫാദർ എബ്രഹാം മുത്തോലത്തിന്റെ ധ്യാനത്തോടുകൂടിയ ബൈബിൾ വ്യാഖ്യാനം.
- www.christianhomily.com ഫാദർ ഏബ്രഹാം മുത്തോലത്തിന്റെ സുവിശേഷ പ്രസംഗ സഹായി.
- മലയാളത്തിലുള്ള വചന പ്രസംഗങ്ങൾ. by Fr. Abraham Mutholath