പത്രോസ് എഴുതിയ രണ്ടാം ലേഖനം
ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പുസ്തകങ്ങളിൽ ഒന്നാണ് പത്രോസ് എഴുതിയ രണ്ടാം ലേഖനം. "2 പത്രോസ്" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. ക്രിസ്തീയപാരമ്പര്യത്തിൽ യേശുശിഷ്യനായ പത്രോസിന്റെ രചനയായി കരുതപ്പെടുന്ന ഇത് ആധുനികകാലത്ത് പൊതുവേ അദ്ദേഹത്തിന്റേതല്ലാത്ത രചനയായാണ് കണക്കാക്കപ്പെടുന്നത്.
മറ്റൊരു പുതിയനിയമഗ്രന്ഥമായ യൂദാ എഴുതിയ ലേഖനത്തെ, 2 പത്രോസ് എടുത്തെഴുതുകയും ആശ്രയിക്കുകയും ചെയ്യുന്നു[1]; യേശുവിന് ഈ കൃതി ദൈവികസ്ഥാനം കല്പിക്കുന്നു; യുഗാന്ത്യവും രണ്ടാം വരവും സംഭവിക്കാൻ വൈകിയതിനാൽ ഉടലെടുത്ത ഭീഷണമായൊരു വിശ്വാസഭേദത്തെ(heresy) ഇതു പരാമർശിക്കുന്നു. പുതിയനിയമത്തിൽ തന്നെയുള്ള ഇതരഗ്രന്ഥങ്ങളെ വിശുദ്ധലിഖിതങ്ങളായി വിശേഷിപ്പിക്കുന്ന ആദ്യത്തെ പുതിയനിയമഗ്രന്ഥമാണിത്. പുതിയനിയമസംഹിതയിൽ ഏറ്റവും ഒടുവിൽ ചേർക്കപ്പെട്ട ലേഖനങ്ങളിൽ ഒന്നായി ഇതു കണക്കാക്കപ്പെടുന്നു.
കർതൃത്വം
തിരുത്തുകലേഖനത്തിലെ തന്നെ സൂചനയനുസരിച്ച് പത്രോസ് അപ്പസ്തോലന്റെ രചനയാണെങ്കിലും, മതേതര ബൈബിൾ പണ്ഡിതന്മാർ മിക്കവരും ഇതിനെ ഒരജ്ഞാതവ്യക്തിയുടെ സൃഷ്ടിയായി കണക്കാക്കുന്നു.[2]ഇതിനു പറയുന്ന കാരണങ്ങൾ പത്രോസിന്റെ പേരിൽ അറിയപ്പെടുന്ന ഒന്നാം ലേഖനത്തിൽ നിന്ന് ഇതിനുള്ള ഭാഷാപരമായ വ്യത്യാസം, പുതിയനിയമത്തിലെ മറ്റൊരു സന്ദേസഗ്രന്ഥമായ യൂദായുടെ ലേഖനത്തിൽ നിന്നാണെന്നു കരുതപ്പെടുന്ന അതിലെ ഉദ്ധരണി, രണ്ടാം നൂറ്റാണ്ടിലെ ജ്ഞാനവാദത്തെക്കുറിച്ച് അതിൽ ഉണ്ടെന്നു കരുതപ്പെടുന്ന സൂചന, രണ്ടാം വരവിന്റെ കാലവിളംബത്തെക്കുറിച്ചുള്ള അതിലെ വ്യഗ്രത, ഇതു പത്രോസിന്റെ രചനയാണെന്നതിന് സ്വതന്ത്രസ്രോതസ്സുകളിൽ നിന്നുള്ള സാക്ഷ്യത്തിന്റെ കുറവ് തുടങ്ങിയവയാണ്.[3]
കാനോനികത
തിരുത്തുകഈ ലേഖനം പുതിയനിയമസംഹിതയിൽ ഉൾപ്പെട്ടത് തീരെ എതിർപ്പില്ലാതെയല്ല; എങ്കിലും, "ഇതിന്റെ ആധികാരികതയെക്കുറിച്ച് ഉന്നയിക്കപ്പെട്ട സംശയങ്ങൾ ഒരിക്കലും അതിന്റെ സമ്പൂർണ്ണമായ തിരസ്കാരത്തോളം എത്തിയില്ല."[4] ഇതിന്റെ കർതൃത്വത്തെക്കുറിച്ചുള്ള സന്ദേഹത്തിന്റെ ഏറ്റവും പുരാതനമായ രേഖ അവശേഷിപ്പിച്ചിട്ടുള്ളത് ക്രി.വ. മൂന്നാം നൂറ്റാണ്ടിൽ ഒരിജനാണ്. അദ്ദേഹം പോലും ഈ സന്ദേഹങ്ങൾ വിശദീകരിക്കുകയോ അവ എവിടെ നിന്നായിരുന്നെന്നോ എത്ര തീവ്രമായിരുന്നെന്നോ സൂചിപ്പിക്കുകയോ ചെയ്തില്ല. "അതിനാൽ അദ്ദേഹം ഈ സന്ദേഹങ്ങളെ ഗൗരവമായെടുത്തില്ലെന്നും അദ്ദേഹത്തിന്റെ കാലത്ത് ഇതു പൊതുവേ ആധികാരികമായി കരുതപ്പെട്ടിരുന്നെന്നും അനുമാനിക്കാവുന്നതാണ്." [4] തന്റെ രചനകളിൽ മറ്റൊരിടത്തെ ഒരിജന്റെ അഭിപ്രായം ഇതിന്റെ ആധികാരികതയെ പിന്തുണയ്ക്കുന്നതായും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.[5] ഒരിജന്റെ കാലത്തിനു മുൻപ് ഇതെങ്ങനെ വിലയിരുത്തപ്പെട്ടു എന്നു തീരുമാനിക്കാൻ രേഖകളില്ല;[6] അപ്പസ്തോലിക സഭാപിതാക്കന്മാരുടെ രചനകളിൽ ഇതിൽ നിന്നുള്ള ഉദ്ധരണികളുടെ ശ്രദ്ധേയമായ കുറവുണ്ട്. എങ്കിലും അലക്സാണ്ഡ്രിയയിലെ ക്ലെമന്റ് (മരണം. ക്രി.വ. 211-നടുത്ത്), അന്ത്യോഖ്യയിലെ തിയോഫിലസ്, (മരണം ക്രി.വ.183-നടുത്ത്), 'ആഥൻസുകാരൻ' അരിസ്റ്റൈഡ്സ് (മരണം: ക്രി.വ. 134-നടുത്ത്), പോളികാർപ്പ് (മരണം ക്രി.വ. 155), 'രക്തസാക്ഷി' ജസ്റ്റിൻ (മരണം ക്രി.വ. 165) തുടങ്ങിയവരുടെ രചനകളിൽ[7]ഇതിനോടുള്ള ആശ്രയമോ ഇതിന്റെ സ്വാധീനമോ കാണുന്നവരുണ്ട്. സഭാചരിത്രകാരൻ കേസറിയായിലെ യൂസീബിയസ് (275 – 339) തന്റെ സഭാചരിത്രത്തിൽ ഇതിന്റെ ആധികാരികതയെക്കുറിച്ച് സന്ദേഹം രേഖപ്പെടുത്തി. അത്തരം സന്ദേഹത്തിന്റെ നേരിട്ടുള്ള ആദ്യരേഖ അദ്ദേഹത്തിന്റേതാണെങ്കിലും, ഭൂരിപക്ഷവും ഇതിന്റെ ആധികാരികതയെ പിന്തുണക്കുന്ന കാര്യവും അദ്ദേഹം എടുത്തു പറയുന്നു.[8] ജെറോമിന്റെ കാലം (346-420) ആയപ്പോൾ അത് കാനോനികമായി മിക്കവാറും അംഗീകരിക്കപ്പെട്ടിരുന്നു. [9]
ഉള്ളടക്കം
തിരുത്തുകലേഖനത്തിന്റെ തന്നെ സാക്ഷ്യം അനുസരിച്ച്, യേശുവിന്റെ ദൗത്യത്തിനു സാക്ഷ്യം വഹിച്ച അപ്പസ്തോലപ്രമുഖൻ പത്രോസിന്റെ രചനയാണിത്. പഴയനിയമത്തിൽ യാക്കോബിന്റേയും മോശെയുടേയും മറ്റും പേരിലുള്ള ആസന്നമരണസാക്ഷ്യങ്ങളുടെ മാതൃകയിൽ പത്രോസ് അപ്പസ്തോലൻ മരണത്തിനു തൊട്ടുമുൻപ് നൽകുന്ന പ്രവചനസ്വഭാവമുള്ള സാക്ഷ്യത്തിന്റെ(Testament) രൂപമാണ് ഈ രചനയ്ക്കുള്ളത്. പിതാക്കന്മാരുടെ ആധികാരികമായ അപ്പസ്തോലിക പാരമ്പര്യത്തെ വളച്ചൊടിക്കുന്ന വ്യാജപ്രബോധകന്മാരെ അതു വിമർശിക്കുകയും അവർക്കു ലഭിക്കാനിരിക്കുന്ന വിധി പ്രവചിക്കുകയും ചെയ്യുന്നു. കൂടുതൽ പേർക്ക് തിന്മ പരിത്യജിച്ച് രക്ഷയുടെ വഴി കണ്ടെത്താൻ അവസരമുണ്ടാകാനായാണ് ദൈവം യേശുവിന്റെ രണ്ടാം വരവ് താമസിക്കാൻ ഇടയാക്കിയതെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. വിശുദ്ധലിഖിതങ്ങൾ വായിച്ച് പുനരാഗമനത്തിനു വേണ്ടി ക്ഷമാപൂർവം കാത്തിരിക്കാൻ അത് ക്രിസ്ത്യാനികളെ ഉപദേശിക്കുന്നു. പുതിയനിയമത്തിലെ മറ്റൊരു ഗ്രന്ഥമായ യൂദായുടെ ലേഖനത്തിൽ നിന്നു 13 വാക്യങ്ങൾ ഈ ലേഖനത്തിൽ ഉദ്ധരിക്കുകയോ പരാവർത്തനം ചെയ്യുകയോ ചെയ്തിരിക്കുന്നു.[1]
ഇതിന്റെ രചനാകാലം നിർണ്ണയിക്കുക എളുപ്പമല്ല. ക്രി.വ. 60 മുതൽ 160 വരെയുള്ള ദശകങ്ങൾ ഓരോന്നിലും ഇതിന്റെ രചന നടന്നതായി കരുതുന്ന വ്യാഖ്യാതാക്കളും ലേഖകന്മാരുമുണ്ട്.[10]
ലേഖനം
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 കേംബ്രിഡ്ജ് ബൈബിൾ സഹകാരി പുറം 517
- ↑ Brown, Raymond E., Introduction to the New Testament, Anchor Bible, 1997, ISBN 0-385-24767-2. p. 767 "the pseudonymity of II Pet is more certain than that of any other NT work."
- ↑ Grant, Robert M. A Historical Introduction To The New Testament, chap. 14 Archived 2007-02-17 at the Wayback Machine..
- ↑ 4.0 4.1 Donald Guthrie, Introduction to the New Testament 4th ed. (Leicester: Apollos, 1990), p. 806.
- ↑ M. R. James, ‘The Second Epistle General of St. Peter and the General Epistle of St. Jude’, in, Cambridge Greek Testament (1912), p. xix; cf. Origen, Homily in Josh. 7.1.
- ↑ Donald Guthrie, Introduction to the New Testament 4th ed. (Leicester: Apollos, 1990), p. 807.
- ↑ C. Bigg, ‘The Epistle of St Peter and Jude’, in International Critical Commentary (1901), pp. 202-205; R. E. Picirilli, ‘Allusions to 2 Peter in the Apostolic Fathers’, in Journal for the Study of the New Testament 33 (1988), pp. 57-83; J. W. C. Wand, The General Epistles of St. Peter and St. Jude (1934), p. 141.
- ↑ യൂസീബിയസിന്റെ സഭാചരിത്രം മൂന്നാം പുസ്തകം 4:3 Dorset പ്രസാധനം(പുറം 108) "പത്രോസിന്റെ പേരിൽ അറിയപ്പെടുന്ന ലേഖനങ്ങളിൽ ആദ്യത്തേതിനെ പിതാക്കന്മാർ ആധികാരികമായി കണക്കാക്കുകയും ഉദ്ധരിക്കുകയും ചെയ്തു. പത്രോസിന്റെ പേരിലുള്ള രണ്ടാമത്തെ ലേഖനം ആധികാരികമല്ലെന്നാണ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. എന്നാൽ പലരും അതിനെ മതിക്കുകയും മറ്റു വിശുദ്ധലിഖിതങ്ങൾക്കൊപ്പം ചേർക്കുകയും ചെയ്തു."
- ↑ Donald Guthrie, Introduction to the New Testament 4th ed. (Leicester: Apollos, 1990), pp. 808-809, though the exception of the Syrian canon is noted, with acceptance occurring sometime before 509; cf. Jerome, De Viris Illustribus chapter 1.
- ↑ Bauckham, RJ (1983), Word Bible Commentary, Vol.50, Jude-2 Peter, Waco