മത്തായി എഴുതിയ സുവിശേഷം
ക്രിസ്തീയബൈബിളിലെ പുതിയനിയമത്തിന്റെ ഭാഗമായ നാലു കാനോനിക സുവിശേഷങ്ങളിൽ ഒന്നാണ് മത്തായി എഴുതിയ സുവിശേഷം. പുതിയനിയമത്തിലെ ഒന്നാമത്തെ പുസ്തകമാണിത്. നസ്രത്തിലെ യേശുവിന്റെ ജീവിതം, ദൗത്യം, മരണം, ഉയിർത്തെഴുന്നേല്പ് എന്നിവയുടെ പുതിയനിയമവീക്ഷണത്തിൽ നിന്നുള്ള ആഖ്യാനമാണ് ഇതിന്റെ ഉള്ളടക്കം. മൂന്നു സമാന്തരസുവിശേഷങ്ങളിൽ ഒന്നാണിത്. യേശുവിന്റെ വംശാവലിവിവരണത്തിൽ തുടങ്ങുന്ന ഇതിലെ ആഖ്യാനം, ഉയിർത്തെഴുന്നേല്പിനു ശേഷം ശിഷ്യന്മാർക്ക് അദ്ദേഹം നൽകുന്ന സുവിശേഷപ്രഘോഷണ നിയുക്തിയിൽ സമാപിക്കുന്നു.[1]
ക്രി.വ. ഒന്നാം നൂറ്റാണ്ടിലെ യഹൂദതയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യഹൂദ-ക്രിസ്തീയ രചനയാണിത്. യഹൂദമതത്തിലെ പ്രവാചകന്മാരുടെ വചനങ്ങൾ യേശുവിൽ നിവൃത്തിയായി എന്നു സ്ഥാപിക്കാൻ ഗ്രന്ഥകാരൻ പ്രത്യേകം ശ്രദ്ധവയ്ക്കുന്നു.[2] യേശുവിന്റെ ബാല്യകാലജീവിതവും മറ്റും ഈ സുവിശേഷത്തിൽ മാത്രമേ വർണ്ണിക്കപ്പെടുന്നുള്ളു. ക്രിസ്തീയസഭയെ (എക്ലീസിയ) പരാമർശിക്കുന്ന ഏക സുവിശേഷവും ഇതാണ്.[2] യഹൂദനിയമത്തൊടുള്ള വിധേയത്വത്തിനും ആ നിയമത്തിന്റെ സ്ഥായീഭാവത്തിനും ഈ സുവിശേഷം പ്രത്യേകം ഊന്നൽ കൊടുക്കുന്നു.[3] താളബദ്ധവും കവിതാമയവുമായ ഇതിലെ ഗദ്യം,[4] പരസ്യവായനയ്ക്ക് അനുയോജ്യമായതിനാൽ ക്രിസ്തീയാരാധനാ ശുശ്രൂഷകളിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. [5]
ക്രി.വ. ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഒരു യഹൂദ-ക്രിസ്ത്യാനി എഴുതിയതാണിതെന്ന് മിക്കവാറും പണ്ഡിതന്മാർ വിശ്വസിക്കുന്നു.[6] എന്നാൽ അത് ആരായിരുന്നു എന്ന കാര്യത്തിൽ അഭിപ്രായൈക്യമില്ല. യേശുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളായിരുന്ന മത്തായി എബ്രായഭാഷയിൽ ഇതിന്റെ മൂലം എഴുതിയെന്ന അവകാശവാദം ചില ആദിമക്രിസ്തീയ ലിഖിതങ്ങളിൽ കാണാം.[7][8][9] എന്നാൽ ഇതിൽ വിവരിക്കുന്ന സംഭവങ്ങൾക്ക് ദൃക്‌സാക്ഷി അല്ലാതിരുന്ന ഒരു അജ്ഞാതവ്യക്തി ഗ്രീക്കു ഭാഷയിൽ മൂലരചന സൃഷ്ടിച്ചു എന്നാണ് ആധുനികപണ്ഡിതന്മാർ മിക്കവരും കരുതുന്നത്. നേരത്തേ എഴുതപ്പെട്ടിരുന്ന മർക്കോസിന്റെ സുവിശേഷത്തേയും, പിന്നീട് നഷ്ടപ്പെട്ടുപോയതും പാഠവിമർശകന്മാർക്കിടയിൽ 'Q' എന്ന പേരിൽ അറിയപ്പെടുന്നതുമായ ഒരു രേഖയേയും അദ്ദേഹം ആശ്രയിച്ചിരിക്കാം.[10][3] സമാന്തരസുവിശേഷങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഈ വിശദീകരണം, "മർക്കോസിന്റെ മൂപ്പ്"(Marcan Priority) എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ക്രെയിഗ് ബ്ലോംബെർഗിനെപ്പോലുള്ള പണ്ഡിതന്മാർ ഈ നിലപാടിനോടു പലവിധത്തിൽ വിയോഗിക്കുകയും ഈ സുവിശേഷത്തിന്റെ കർത്താവ് യേശുശിഷ്യനായ മത്തായി തന്നെയാണെന്നു വാദിക്കുകയും ചെയ്യുന്നു.[3][11][12][13]
ഈ സുവിശേഷത്തിലെ യേശുസന്ദേശത്തെ 5 വ്യതിരിക്ത ഖണ്ഡങ്ങളായി തിരിക്കാനാകും: പ്രഖ്യാതമായ 'ഗിരിപ്രഭാഷണം' അടങ്ങിയ 5 മുതൽ 7 വരെ അദ്ധ്യായങ്ങൾ ; 10-ആം അദ്ധ്യായത്തിൽ ശിഷ്യന്മാർക്കു നൽകുന്ന സുവിശേഷ പ്രഘോഷണനിയോഗം; 13-ആം അദ്ധ്യായത്തിലെ അന്യാപദേശങ്ങൾ; 18-ആം അദ്ധ്യായത്തിൽ സമൂഹത്തിനായി നൽകുന്ന നിർദ്ദേശങ്ങൾ; മരണം ആസന്നമായിരിക്കെ ഒലിവുമലയിൽ നടത്തിയ പ്രഭാഷണങ്ങൾ അടങ്ങിയ 24-25 അദ്ധ്യായങ്ങൾ എന്നിവയാണ് ഈ ഖണ്ഡങ്ങൾ. അൻചു ഗ്രന്ഥങ്ങൾ ചേർന്ന യഹൂദനിയമമായ പൻചഗ്രന്ഥിയെ(തോറ) ഈ ഖണ്ഡങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതുന്നവരുണ്ട്.[14][15]
അവലംബം
തിരുത്തുക- ↑ കത്തോലിക്കാവിജ്ഞാനകോശം, വിശുദ്ധ മത്തായിയുടെ സുവിശേഷം
- ↑ 2.0 2.1 Harris, Stephen L., Understanding the Bible. Palo Alto: Mayfield. 1985.
- ↑ 3.0 3.1 3.2 Amy-Jill Levine, chapter 10, The Oxford History of the Biblical World, Oxford University Press, 2001.
- ↑ Graham N. Stanton (1989), p.59
- ↑ "Matthew, Gospel acc. to St." Cross, F. L., ed. The Oxford dictionary of the Christian church. New York: Oxford University Press. 2005
- ↑ For a review of the debate see: Paul Foster, Why Did Matthew Get the Shema Wrong? A Study of Matthew 22:37, Journal of Biblical Literature, Vol. 122, No. 2 (Summer, 2003), pp. 309-333
- ↑ Papias, bishop of Hierapolis in Asia Minor records, "Matthew collected the oracles in the Hebrew language, and each interpreted them as best he could."
- ↑ Watson E. Mills, Richard F. Wilson, Roger Aubrey Bullard(2003), p.942
- ↑ Bart Erhman, Jesus: Apocalyptic Prophet of the New Millennium, Oxford University Press, p.44
- ↑ Brown 1997, pp. 210-211
- ↑ Howard Clark Kee, part 3, The Cambridge Companion to the Bible, Cambridge University Press, 1997.
- ↑ Strobel, Lee. ”The Case for Christ”. 1998. Chapter one, an interview with Dr. Craig Blomberg
- ↑ Darrell Bock (9 October 2007), The Missing Gospels: Unearthing the Truth Behind Alternative Christianities, Thomas Nelson Inc, ISBN 9780785289067, retrieved 16 October 2010
{{citation}}
: Text "Darrell L. Bock" ignored (help) - ↑ Leon Morris, The Gospel according to Matthew Wm. B. Eerdmans Publishing, 1992 p. 7
- ↑ Craig S. Keener, The Gospel of Matthew: A Socio-Rhetorical Commentary, Wm. B. Eerdmans Publishing, 2009, p.37