നെഹമിയയുടെ പുസ്തകം

ബൈബിളിലെ ഒരു പുസ്തകം

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് നെഹമിയായുടെ പുസ്തകം. പേർഷ്യൻ രാജധാനിയിലെ ഒരുദ്യോഗസ്ഥനായിരുന്ന നെഹമിയ, താറുമാറായിക്കിടന്ന യെരുശലേമിന്റെ നഗരഭിത്തി പുനർനിർമ്മിക്കുന്നതും നഗരത്തേയും ജനങ്ങളേയും യഹൂദ ധാർമ്മികനിയമത്തിനു പുനർസമർപ്പിക്കുന്നതുമാണ് ഇതിന്റെ ഉള്ളടക്കം. നെഹമിയയുടെ സ്മരണകളുടെ രൂപത്തിലാണ് ഇതിന്റെ രചന. ഇതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ ക്രി.മു. അഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നടന്നവയാണ്. സ്മരണകളുടെ രൂപത്തിലുള്ള ഈ പുസ്തകത്തിന്റെ കേന്ദ്രഖണ്ഡം, ക്രി.മു. 400-നടുത്ത് എസ്രായുടെ പുസ്തകത്തിന്റെ ഉള്ളടക്കവുമായി സംയോചിപ്പിക്കപ്പെട്ടിരിക്കണം. അങ്ങനെ രൂപപ്പെട്ട സംയോജിതഗ്രന്ഥമായ എസ്രാ-നെഹമിയായുടെ സംശോധനം പേർഷ്യൻ വാഴ്ചയ്ക്കു ശേഷം വന്ന ഗ്രീക്കു ഭരണകാലത്ത് തുടർന്നു. എസ്രായുടേയും, നെഹമിയയുടേയും പുസ്തകങ്ങൾ വേർതിരിക്കപ്പെട്ടതു ക്രിസ്തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടുകളിലെന്നോ ആണ്.[1]


സൂസായിലെ കൊട്ടാരത്തിൽ പേർഷ്യൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്ന നെഹമിയ യെരുശലേമിന്റെ നഗരഭിത്തികൾ താറുമാറായിക്കിടക്കുന്നതറിഞ്ഞ്, അതിനെ പുനരുദ്ധരിക്കാൻ നിശ്ചയിക്കുന്നതിലാണ് പുസ്തകത്തിന്റെ തുടക്കം. രാജാവ് നെഹമിയയെ യെരുശലേമിന്റെ പ്രവിശ്യാധികാരിയായി നിയോഗിക്കുന്നതോടെ അദ്ദേഹം അവിടേക്കു പോകുന്നു. യെരുശലേമിൽ അദ്ദേഹം ഇസ്രായേലിന്റെ ശത്രുക്കളുടെ എതിർപ്പിനെ നേരിട്ട് നഗരഭിത്തി പുനർനിർമ്മിക്കുകയും ജനസമൂഹത്തെ മോശെയുടെ നിയമത്തിനനുസരിച്ച് നവീകരിക്കുകയും ചെയ്യുന്നു. ഇടയ്ക്ക് സൂസാ സന്ദർശിച്ചു മടങ്ങി വന്ന നെഹമിയ, താൻ ഏർപ്പെടുത്തിയ നവീകരണങ്ങൾ ഉപേക്ഷിച്ച് ജനം പിന്നോക്കം പോയതായും അവർ യഹൂദേതര ഭാര്യമാരെ സ്വീകരിച്ചിരിക്കുന്നതായും കാണുന്നു. അതോടെ, അദ്ദേഹം യഹുദനിയമം നടപ്പാക്കാനായി യെരുശലേമിൽ സ്ഥിരതാമസമാക്കുന്നു.

  1. കത്തോലിക്കാ വിജ്ഞാനകോശം നെഹമിയായുടെ പുസ്തകം
"https://ml.wikipedia.org/w/index.php?title=നെഹമിയയുടെ_പുസ്തകം&oldid=1728870" എന്ന താളിൽനിന്ന് ശേഖരിച്ചത്