പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ സന്ദേശഗ്രന്ഥങ്ങളിൽ ഒന്നാണ് യാക്കോബ് എഴുതിയ ലേഖനം. പ്രത്യേക സഭാസമൂഹങ്ങളെയോ വ്യക്തികളെയോ ഉദ്ദേശിച്ചല്ലാതെ എഴുതപ്പെട്ട 7 കാതോലിക ലേഖനങ്ങളിൽ ഒന്നാണിത്. "യേശുക്രിസ്തുവിന്റേയും ദൈവത്തിന്റേയും ദാസനായ യാക്കോബ്" എന്ന് തുടക്കത്തിൽ സ്വയം പരിചയപ്പെടുത്തുന്ന ലേഖകൻ ആരെന്നു വ്യക്തമല്ല. യേശുവിന്റെ സഹോദരനും "നീതിമാനായ യാക്കോബ്"(James the Just) എന്ന അപരനാമമുള്ളവനുമായി യെരുശലേമിലെ ആദിമസഭയിൽ നേതാവായിരുന്ന യാക്കോബിന്റെ രചനയായി ഇതിനെ ക്രിസ്തീയ പാരമ്പര്യം കണക്കാക്കുന്നു. വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള പൗലോസിന്റെ ലേഖനങ്ങളിലെ നിലപാടിൽ നിന്നു ഭിന്നമായി സൽപ്രവർത്തികളുടെ പ്രാധാന്യത്തിന് ഊന്നൽ കൊടുക്കുന്ന ഒരു രചനയായി ഇതിനെ വീക്ഷിക്കുന്നവരുണ്ട്.[1]

കർതൃത്വം തിരുത്തുക

യേശുവിന്റെ സഹോദരനായ യാക്കോബിനെ ഇതിന്റെ കർത്താവായി കാണുന്ന പാരമ്പര്യം വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അനുഷ്ഠാനപ്രിയനായ ഒരു യഹൂദന്റേതിൽ നിന്നു വ്യത്യസ്തമായ നിലപാടു പ്രതിഫലിപ്പിക്കുന്ന ഇതിലെ ദൈവശാസ്ത്രവും എഴുത്തിലെ ഗ്രീക്കു ഭാഷയുടെ ഗുണത്തികവും പരിഗണിക്കുമ്പോൾ, പരക്കെ ആദരിക്കപ്പെട്ടിരുന്ന യാക്കോബിന്റെ പേരിൽ മറ്റാരോ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് രചിച്ചതായി ഇതിനെ കണക്കാക്കുന്നതാവും ശരിയെന്നാണ് വാദം. അതേസമയം, യാക്കോബിനെ കേവലം അനുഷ്ഠാനനിരതനായ യഹൂദക്രിസ്ത്യാനിയായി ചിത്രീകരിക്കുന്ന പിൽക്കാലകഥകളെ അവഗണിച്ച്, നടപടി പുസ്തകത്തിൽ തെളിയുന്ന അദ്ദേഹത്തിന്റെ കൂടുതൽ സന്തുലിതമായ ചിത്രം പിന്തുടർന്നാൽ ഇത് അദ്ദേഹത്തിന്റെ രചനയാവുക അസാധ്യമായി തോന്നുകയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിലെ യവനഭാഷ ഒന്നാം കിടയായിരിക്കുമ്പോൾ തന്നെ അതിൽ ഒട്ടേറെ സെമിറ്റീയതകൾ (semitisms) തെളിഞ്ഞുകാണുന്നതും ഈ വാദത്തെ ശക്തിപ്പെടുത്തുന്നു.[2] പരദേശങ്ങളിൽ ചിതറിക്കിടക്കുന്ന 12 ഗോത്രങ്ങൾക്കും എഴുതുന്നത് എന്ന ആരംഭവാക്യത്തിലെ പരാമർശത്തിൽ നിന്ന് ഇതു പ്രധാനമായും യഹൂദക്രിസ്ത്യാനികൾക്കു വേണ്ടി എഴുതപ്പെട്ടതാണെന്നു വാദിക്കപ്പെട്ടിട്ടുണ്ട്.[3]

രചനാജനുസ്സ് തിരുത്തുക

സന്ദേശരചന എന്ന അർത്ഥത്തിൽ ലേഖനം എന്നു വിളിക്കപ്പെടുന്നെങ്കിലും പരക്കെയുള്ള വായനയ്ക്കായി വിതരണം ചെയ്യപ്പെട്ട ഒരു ജ്ഞാനസാഹിത്യഗ്രന്ഥം (wisdom literature) ആയി ഇതിനെ കണക്കാക്കുന്നതാവും ഉചിതം. എബ്രായബൈബിളിലെ സുഭാഷിതങ്ങളേയും അപ്പോക്രിഫയിലെ സിറാക്കിന്റെ പുസ്തകത്തേയും പോലെ പാരമ്പര്യസിദ്ധമായ ധാർമ്മാനുശാസങ്ങളും സിദ്ധാന്തങ്ങളും അടങ്ങുന്നതിനാൽ ഇതിനെ പുതിയനിയമത്തിലെ ഒരു ജ്ഞാനസാഹിത്യരചനയായി കണക്കാക്കാം.[4] ഇതിൽ പരിഗണിക്കപ്പെടുന്ന വിഷയങ്ങൾ അനേകവും ബഹുതരവുമാണെന്ന് കത്തോലിക്കാവിജ്ഞാനകോശം ചൂണ്ടിക്കാണിക്കുന്നു; "ഒരു വിഷയത്തിന്റെ പരിഗണനയ്ക്കിടെ ലേഖകൻ പെട്ടെന്ന് മറ്റൊന്നിലേക്കു ചുവടു മാറ്റുകയും താമസിയാതെ വീണ്ടും പഴയതിലേക്കു മടങ്ങുകയും ചെയ്യുന്നു."[3]

ഉള്ളടക്കം തിരുത്തുക

യുണൈറ്റഡ് ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച "ഗ്രീക്ക് പുതിയനിയമം"[5] ഈ ലേഖനത്തിന്റെ ഉള്ളടക്കത്തെ താഴെ പറയും വിധം വിഭജിച്ചിരിക്കുന്നു:

  • അഭിവാദനം (1:1)
  • വിശ്വാസവും ജ്ഞാനവും (1:2-8)
  • ദാരിദ്യവും സമ്പത്തും (1:9-11)
  • പരീക്ഷണങ്ങളും പ്രലോഭനങ്ങളും (1:12-18)
  • വചനം കേൾവിയിലും പ്രവൃത്തിയിലും (1:19-27)
  • പക്ഷപാതത്തിനെതിരെയുള്ള മുന്നറിയിപ്പ് (2:1-13)
  • വിശ്വാസവും പ്രവൃത്തിയും (2:14-26)
  • നാവിന്റെ നിയന്ത്രണം (3:1-12)
  • ഉന്നതത്തിൽ നിന്നുള്ള ജ്ഞാനം (3:13-18)
  • ലോകപ്രേമം (4:1-10)
  • സഹോദരനെ വിധിക്കരുത് (4:11-12)
  • വീമ്പു പറയരുത് (4:13-17)
  • ധനവാന്മാർക്ക് മുന്നറിയിപ്പ് (5:1-6)
  • ക്ഷമയോടെയുള്ള പ്രാർത്ഥന (5:7-20)

പരീക്ഷണങ്ങളും പ്രലോഭനങ്ങളുമെന്ന പൊതുപ്രമേയത്തെ ആധാരമാക്കി എഴുതപ്പെട്ട ഈ ലേഖനം ക്ഷമാപൂർവമായ സ്ഥൈരം ഉപദേശിക്കുകയും പാപമുക്തരായിരുന്ന് യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

ക്രിസ്തീയജീവിതത്തിന്റെ പ്രായോഗികബാദ്ധ്യതകളെക്കുറിച്ച് വായനക്കാരെ ലേഖകൻ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം മുന്നറിയിപ്പു തരുന്ന തിന്മകൾ, ബഹ്യാനുഷ്ഠാനങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന മതപരമായ ഔപചാരികത(1:27), ആത്മീയതീക്ഷ്ണതയുടെ കപടവേഷം ധരിച്ച മതഭ്രാന്ത്(1:20), പാപത്തിന്റെ ഉത്തരവാദിത്തം ദൈവത്തിൽ വച്ചുകെട്ടുന്ന വിധിവാദം(1:13), ധനവാന്മാരുടെ തീരാശാപമായ ഔദാര്യമില്ലായ്മ(2:2), വാക്കുകൾക്കു വിലകല്പിക്കാത്ത കാപട്യം(3:2-12), പക്ഷപാതം(3:14), പരദൂഷണം (4:11), വീമ്പ്(4:16), പരപീഡനം (5:4) തുടങ്ങിയവയാണ്. ലേഖകൻ പ്രധാനമായും പഠിപ്പിക്കുന്ന പാഠം ക്ഷമയുടേതാണ്: പരീക്ഷണങ്ങളിൽ ക്ഷമ (1:2), സൽപ്രവർത്തികളിൽ ക്ഷമ (1:22-25), പ്രകോപനങ്ങളിൽ ക്ഷമ (3:17), അതിക്രമങ്ങളിൽ ക്ഷമ (5:7), പീഡനങ്ങളിൽ ക്ഷമ (5:10). എല്ലാ തിന്മകൾക്കും കണക്കു പറയേണ്ടി വരുന്ന യേശുവിന്റെ രണ്ടാം വരവ് ആസന്നമാണെന്ന പ്രതീക്ഷയാണ് ക്ഷമയുടെ അടിസ്ഥാനം(5:8).

പൗലോസും യാക്കോബും തിരുത്തുക

സൽപ്രവർത്തികളുടെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്ന രണ്ടാം അദ്ധ്യായത്തിലെ രണ്ടാം പകുതിയുടെ(2:14-26) വെളിച്ചത്തിൽ, പ്രവൃത്തികളുടെ ബലത്തിലല്ലാതെ, വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള പൗലോസിന്റെ നിലപാടിനു വിരുദ്ധമാണ് ഈ ലേഖനത്തിലെ പ്രബോധനം എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷസാരം ഉൾക്കൊള്ളുന്ന പൗലോസിന്റെ ലേഖനങ്ങളുമായുള്ള താരതമ്യത്തിൽ യാക്കോബ് എഴുതിയ ലേഖനം വൈക്കോൽ നിറഞ്ഞതാണെന്ന് (full of straw) പ്രൊട്ടസ്റ്റന്റ് നവീകരണനായകൻ മാർട്ടിൻ ലൂഥർ വിമർശിച്ചിട്ടുണ്ട്.[1]

എന്നാൽ ഈ വൈരുദ്ധ്യം യഥാർത്ഥത്തിലുള്ളതല്ലെന്നും പ്രവൃത്തികൾ എന്നതു കൊണ്ട് പൗലോസും യാക്കോബും ഉദ്ദേശിക്കുന്നത് ഒരു കാര്യമല്ലെന്നറിഞ്ഞാൽ വൈരുദ്ധ്യം അപ്രത്യക്ഷമാകുമെന്നു പീറ്റർ ഡേവിഡ്സ് വാദിക്കുന്നു. പൗലോസ് സൂചിപ്പിച്ച പ്രവൃത്തികൾ യഹൂദനിയമപ്രകാരമുള്ള അനുഷ്ഠാനങ്ങളായിരുന്നെന്നും യാക്കോബിന്റെ സങ്കല്പത്തിലെ പ്രവൃത്തികൾ പരസ്നേഹപ്രവൃത്തികളായിരുന്നെന്നും വിശദീകരിക്കുന്ന ഈ ലേഖകൻ, ഉചിതമായ പ്രവൃത്തികളിലേക്കു നയിക്കാത്ത വിശ്വാസം മൃതമാണ് എന്ന യാക്കോബിന്റെ പ്രസ്താവനയോട് പൗലോസ് യോജിക്കുമായിരുന്നു എന്നു വാദിക്കുന്നു.[2]

ലേഖനം തിരുത്തുക

യാക്കോബ് എഴുതിയ ലേഖനം

അവലംബം തിരുത്തുക

  1. 1.0 1.1 ദാനിയേൽ ഡബ്ലിയൂ പെറ്റി, [https://web.archive.org/web/20110101020938/http://www.lessonsonline.info/LutherandJames.htm Archived 2011-01-01 at the Wayback Machine. യാക്കോബിന്റെ ലേഖനത്തെക്കുറിച്ചുള്ള ലൂഥറുടെ നിലപാട്]]
  2. 2.0 2.1 യാക്കോബിന്റെ ലേഖനം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ പീറ്റർ ഡേവിഡ്സിന്റെ ലേഖനം (പുറങ്ങൾ 340-342)
  3. 3.0 3.1 കത്തോലിക്കാവിജ്ഞാനകോശം യാക്കോബിന്റെ ലേഖനം
  4. Sophie Laws (1993). "The Letter of James". in Wayne A. Meeks et al. The HarperCollins Study Bible: New Revised Standard Version, with the Apocryphal/Deuterocanonical Books. New York: HarperCollins, p. 2052
  5. Fourth Revised Edition, 1993
"https://ml.wikipedia.org/w/index.php?title=യാക്കോബ്‌_എഴുതിയ_ലേഖനം&oldid=3642295" എന്ന താളിൽനിന്ന് ശേഖരിച്ചത്