അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ

പുതിയ നിയമം

ക്രിസ്തീയബൈബിളിലെ പുതിയനിയമത്തിലുള്ള ഒരു ഗ്രന്ഥമാണ് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ (ഇംഗ്ലീഷ്: Acts of the Apostles). അപ്പൊസ്തലൻ‌മാരുടെ പ്രവൃത്തികൾ, അപ്പസ്തോലന്മാരുടെ നടപടികൾ തുടങ്ങിയ പേരുകളും നടപടിപ്പുസ്തകം എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. നാലു കാനോനിക സുവിശേഷങ്ങളെ തുടർന്നുള്ള അഞ്ചാമത്തെ ഗ്രന്ഥത്തിന്റെ സ്ഥാനമാണ് പുതിയനിയമസംഹിതകളിൽ ഇതിനുള്ളത്. നാലു കാനോനിക സുവിശേഷങ്ങളിൽ മൂന്നാമത്തേതിന്റെ കർത്താവായി അറിയപ്പെടുന്ന ലൂക്കായാണ് ഇതിന്റേയും കർത്താവ് എന്നാണ് ക്രിസ്തീയപാരമ്പര്യം പറയുന്നത്. ലൂക്കായുടെ സുവിശേഷവും ഇതും ചേർന്ന് ആരംഭത്തിൽ രണ്ടു ഭാഗങ്ങളുള്ള ഏക രചനയായിരുന്നു എന്നു കരുതപ്പെടുന്നു.[1][2]

ക്രിസ്തു-ശിഷ്യന്മാരായ പന്ത്രണ്ട് അപ്പസ്തോലന്മാരുടേയും തർസൂസിലെ പൗലോസിന്റേയും സുവിശേഷ ദൗത്യങ്ങളെ കേന്ദ്രീകരിച്ച് ക്രിസ്തുവിന്റെ ഐഹികജീവിതത്തെ തുടർന്നുള്ള അപ്പസ്തോലിക യുഗത്തിലെ ക്രിസ്തുമതത്തിന്റെ ചരിത്രം പറയുന്ന രചനയാണിത്. യെരുശലേം നഗരത്തെ കേന്ദ്രീകരിച്ചുള്ള ആദ്യാദ്ധ്യായങ്ങളിലെ ആഖ്യാനത്തിൽ യേശുവിന്റെ പുനരുദ്ധാനവും, ശിഷ്യന്മാർക്ക് അദ്ദേഹം നൽകിയ സുവിശേഷപ്രഘോഷണ നിയുക്തിയും, രണ്ടാമത്തെ ആഗമനത്തിന്റെ വാഗ്ദാനത്തെ തുടർന്നുള്ള സ്വർഗ്ഗാരോഹണവും, അപ്പസ്തോലന്മാരുടെ സുവിശേഷദൗത്യങ്ങളുടെ ആരംഭവും പെന്തക്കൊസ്താ ദിനത്തിലെ അനുഭവങ്ങളും ചർച്ചചെയ്യപ്പെടുന്നു. ഒടുവിലത്തെ അദ്ധ്യായങ്ങളിൽ ക്രിസ്തുമതപീഡകനായിരുന്ന പൗലോസിന്റെ മാനസാന്തരവും, പ്രേഷിത ദൗത്യവും, കാരഗൃഹവാസവും, ശിക്ഷക്കെതിരായി സീസറിന്റെ പക്കൽ അപ്പീൽ കൊടുക്കാനായി റോമിലേക്കുള്ള അദ്ദേഹത്തിന്റെ കപ്പൽ യാത്രയും വിഷയമാകുന്നു.

ലേഖനം തിരുത്തുക

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ

അവലംബം തിരുത്തുക

  1. David Aune The New Testament in Its Literary Environment (Philadelphia: Westminster, 1987), p. 77.
  2. The Books of The Bible (Colorado Springs: International Bible Society, 2007); The Original New Testament (San Francisco: Harper & Row, 1985).