പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ ഒരു പുസ്തകമാണ് ഫിലമോനെഴുതിയ ലേഖനം. "ഫിലമോൻ" എന്ന ചുരുക്കപ്പേരു കൂടിയുള്ള ഈ രചന, പൗലോസ് അപ്പസ്തോലൻ കാരാഗൃഹത്തിൽ നിന്ന്, ഏഷ്യാമൈനറിൽ കൊളോസോസിലെ പ്രാദേശികസഭയുടെ നേതാവായിരുന്ന ഫിലെമോൻ എന്ന വ്യക്തിയ്ക്ക് എഴുതിയതാണ്. പുതിയനിയമത്തിലെ ഗ്രന്ഥങ്ങളിൽ പരസ്പരമുള്ള ക്ഷമയ്ക്ക് പ്രത്യേകം ഊന്നൽ കൊടുക്കുന്ന ഒന്നാണിത്.

പൗലോസിന്റെ പേരിൽ അറിയപ്പെടുന്ന പുതിയനിയമഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ രചനയെന്നു വ്യാപകസമ്മതിയുള്ള ഒന്നാണിത്. പൗലോസിന്റെ നിലവിലുള്ള ലേഖനങ്ങളിൽ ഏറ്റവും ചെറിയതായ ഈ രചന 25 വാക്യങ്ങളും, ഗ്രീക്കു ഭാഷയിലുള്ള മൂലപാഠത്തിൽ 335 വാക്കുകളും മാത്രം അടങ്ങുന്നു.

ഉള്ളടക്കം തിരുത്തുക

 
ഫിലെമോനെഴുതിയ ലേഖനത്തിന്റെ ലഭ്യമായതിൽ ഏറ്റവും പുരാതന ശകലമായ "പപ്പൈറസ് 87" - ജർമ്മനിയിലെ കൊളോൺ സർവകലാശാലയിലാണ് ഇതു സൂക്ഷിക്കപ്പെടുന്നത്

റോമിലോ റോമൻ അധീനതയിലിരുന്ന എഫേസോസിലോ തടവിലായിരുന്ന പൗലോസ്, ഫിലെമോൻ എന്ന ക്രിസ്തീയനേതാവിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ടു പേർക്കുമായി എഴുതുന്നതാണിത്. കൊളോസോസുകാർക്കെഴുതിയ ലേഖനത്തിന്റെ സാക്ഷ്യം പിന്തുടർന്നാൽ ഫിലെമോൻ കൊളോസോസിലെ സഭയിലെ അംഗമായിരുന്നു. ഫിലെമോനോടൊപ്പം അഭിസംബോധന ചെയ്യപ്പെടുന്ന രണ്ടു പേരിൽ, അപ്പിയ എന്ന വനിത അദ്ദേഹത്തിന്റെ ഭാര്യയും, അർക്കിപ്പസ് പുത്രനും ആയിരുന്നിരിക്കാം എന്ന് ഊഹമുണ്ട്.[1] ഫിലെമോന്റെ ഭവനത്തിൽ സമ്മേളിച്ചിരുന്ന സഭയിൽ അർക്കിപ്പോസിനും നിർണ്ണായക സ്ഥാനമുണ്ടായിരുന്നിരിക്കാം.[2]

സ്വന്തമായി അടിമയെ വച്ചിരുന്ന ആളെന്ന നില പരിഗണിക്കുമ്പോൾ, അക്കാലത്തെ ശാരാശാരി ക്രിസ്ത്യാനിയേക്കാൾ സാമ്പത്തിക സ്ഥിതിയുള്ള ആളായിരുന്നിരിക്കണം ഫിലെമോൻ. ഒരു സഭയുടെ സമ്മേളനത്തിനു തികയുന്ന വലിപ്പമുള്ള വീടിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നതും ഇതിനു തെളിവാണ്[3] ഫിലെമോന്റെ അടിമയായിരുന്നെ ഒനേസിമസിനു വേണ്ടി വാദിക്കാനാണ് പൗലോസ് ഈ ലേഖനം എഴുതുന്നത്. എന്നാൽ ഇതിലപ്പുറം, ഈ രചനയിലേക്കു നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. ഒനേസിമസ് ഫിലെമോനെ വിട്ടുപോയെന്നും അദ്ദേഹത്തിന് നഷ്ടം വരുത്തിയിരിക്കാമെന്നും പറയുന്നുണ്ട്. 11-ആം വാക്യത്തിൽ, അടിമ യജമാനന് ഉപയോഗമില്ലാതായിത്തീർന്നു എന്നു പറയുന്നത് അടിമകൾക്കിടയിൽ സർവസാധാരണമായിരുന്ന 'ഒനേസിമസ്' എന്ന ഗ്രീക്കു പേരിന്റെ 'ഉപയോഗമുള്ളവൻ' എന്ന അർത്ഥത്തെ ആശ്രയിച്ചുള്ള ഒരു പരാമർശമാണ്.

നയചാതുര്യത്തോടെ ഫിലെമോനെ സംബോധന ചെയ്തു കൊണ്ടാണ് ലേഖനത്തിന്റെ തുടക്കം. മാർട്ടിൻ ലൂഥർ ഈ തുടക്കത്തെ "പരിശുദ്ധമായ മുഖസ്തുതി"(Holy flattery) എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഫിലെമൊന്റെ ക്രിസ്തീയമായ ദയയെ പുകഴ്ത്തുന്നതിനൊപ്പം അയാൾക്കു മേൽ തനിക്കുള്ള അപ്പസ്തോലികാധികാരത്തേയും തന്നൊട് അയാൾക്കുള്ള ആത്മീയമായ കടപ്പാടിനേയും ഓർമ്മിപ്പിച്ചുകൊണ്ട്, ഒനേസിമസുമായി രമ്യപ്പെടാൻ പൗലോസ് ആവശ്യപ്പെടുന്നു. പരിവർത്തിതനായി ഒനേസിമസിനെ താൻ തിരിച്ചയക്കുന്നത് അടിമയെന്നതിനുപരി ഒരു പ്രിയ സഹോദരൻ എന്ന നിലയിലാണെന്ന് 16-ആം വാക്യത്തിൽ ലേഖകൻ പറയുന്നു. ഒനേസിമസ് ഫിലെമോനെ എന്തെങ്കിലും തരത്തിൽ ദ്രോഹിക്കുകയോ അയാൾക്കു നഷ്ട വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അതെല്ലാം തന്റെ കണക്കിൽ ചേർത്തുകൊള്ളുക എന്നെഴുതുന്ന പൗലോസ് ഇങ്ങനെ കൂടി ചേർക്കുന്നു: 'ഞാൻ പൗലോസ് എന്റെ കൈപ്പടയിൽ തന്നെ ഇതെഴുതുന്നു; ഞാൻ അതു തന്നു വീട്ടിക്കൊള്ളാം."

വിശകലനം തിരുത്തുക

യജമാനനിൽ നിന്ന് ഒളിച്ചോടിപ്പോയ ശേഷം ക്രിസ്തീയവിശ്വാസത്തിലേക്കു പരിവർത്തിതനായ ഒരടിമയാണ് ഒനേസിമോസ് എന്നു പൊതുവേ കരുതപ്പെടുന്നു. പരാതിപ്പെട്ടിരുന്ന യജമാനന്റെ അടുത്തേയ്ക്ക് ഈ കത്തുമായി അവനെ തിരികെ അയക്കുന്ന പൗലോസ്, അവർക്കിടയി രഞ്ജിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. എങ്കിലും ഒനേസിമസ് പൗലോസിനൊപ്പം എത്തിയതെങ്ങനെ എന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച് പല സാദ്ധ്യതകളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്: പൗലോസിനൊപ്പം അയാളും തടവിലായിരുന്നതോ; മറ്റാരോ അയാളെ പൗലോസിന്റെ അടുത്തെത്തിച്ചതോ; ആകസ്മികമായോ, ക്രിസ്തീയ വീക്ഷണത്തിൽ നോക്കുമ്പോൾ, ദൈവപരിപാലനയുടെ ഫലമായോ അയാൾ പൗലോസിനടുത്തെത്തിയതോ; യജമാനനുമായി രഞ്ജിപ്പ് ആഗ്രഹിച്ച ഒനേസിമസ്, യജമാനന്റെ സുഹൃത്ത് എന്ന നിലയിൽ പൗലോസിനെ തേടിയെത്തിയതോ ഒക്കെ ഈ സാധ്യതകളിൽ പെടുന്നു.

ഈ കത്തിനു പുറമേ, ഒനേസിമസിനെ സംബന്ധിച്ച രേഖകളൊന്നും നിലവിലില്ല. എഫേസോസിലെ മെത്രാനായിരുന്ന ഒരു ഒനേസിമസിനെ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ് പരാമർശിക്കുന്നുണ്ട്. പൗലോസിന്റെ ലേഖനത്തിലെ ഒനേസിമസ് ഇദ്ദേഹം തന്നെയാണെന്ന് 1950-കളിൽ ചില ബൈബിൾ പണ്ഡിതന്മാർ വാദിച്ചു. തന്റെ വിഷയത്തിൽ എഴുതിയതടക്കമുള്ള പൗലോസിന്റെ കത്തുകൾ, തനിക്കു ലഭിച്ച സ്വാതന്ത്ര്യത്തിനു നന്ദിസൂചകനയായി ആദ്യം സമാഹരിച്ചത് ഈ ഒനേസിമസ് ആണെന്നും അവർ വാദിച്ചു. ഇതു ശരിയെങ്കിൽ ക്രിസ്തീയസമൂഹങ്ങൾക്കും അജപാലകന്മാർക്കും മാത്രമായുള്ള പൗലോസിന്റെ കത്തുകൾക്കിടെ ഒരു വ്യക്തിക്കെഴുതിയ ഈ സ്വകാര്യലേഖനം ഉൾപ്പെടാനിടയായതിന് അതു വിശദീകരണമാവുന്നു.

പ്രാധാന്യം തിരുത്തുക

ഈ സ്വകാര്യലേഖനത്തിൽ മറ്റു വായനക്കാർ പല ദുരൂഹതകളും കണ്ടെത്തിയേക്കാം. ഫിലെമോനിൽ നിന്ന് പൗലോസ് പ്രതീക്ഷിക്കുന്നതെന്താണെന്നതിൽ പല അവ്യക്തതകളും അവശേഷിക്കുന്നു. ഒനേസിമസിന് മാപ്പു കൊടുക്കുന്നതിനപ്പുറം ഫിലെമോൻ അയാളെ മോചിപ്പിക്കും എന്ന പ്രതീക്ഷയാണോ ലേഖകനുള്ളത്? ഒനേസിമസ് അടിമയായി തുടരുന്നതിനൊപ്പം സഹോദരനായും കണക്കാക്കപ്പെടണം എന്നാണോ? 14 മുതൽ 20 വരെ വാക്യങ്ങളുടെ ലക്ഷ്യം ഒനേസിമസ് മോചിതനായി പൗലോസിനടുത്തേയ്ക്ക് തിരിച്ചയക്കപ്പെടണം എന്നാണോ? പുതിയ സാഹോദര്യം അടിമത്തത്തെ ഇല്ലാതാക്കിയെന്നാണൊ? ഈ ചോദ്യങ്ങളുടെ ഉത്തരം വ്യക്തമല്ലെങ്കിലും ഈ വാക്യങ്ങളിൽ പൗലോസിന്റെ സാമൂഹ്യവ്യഗ്രതകളും ധർമ്മസങ്കടങ്ങളും നിഴലിച്ചു കാണാം.

ലേഖനം തിരുത്തുക

ഫിലേമോനു എഴുതിയ ലേഖനം

അവലംബം തിരുത്തുക

  1. F.F. Bruce, "Philemon," International Bible Commentary
  2. കൊളോസോസുകാർക്ക് എഴുതിയ ലേഖനം 4:17
  3. ഫിലെമോനെഴുതിയ ലേഖനം 2-ആം വാക്യം- "നിന്റെ വീട്ടിലെ സഭയ്ക്കും...."
"https://ml.wikipedia.org/w/index.php?title=ഫിലമോനെഴുതിയ_ലേഖനം&oldid=3988443" എന്ന താളിൽനിന്ന് ശേഖരിച്ചത്