വില്പട്ടു ദേശീയോദ്യാനം

ശ്രീലങ്കയിലെ ദേശീയോദ്യാനം

വില്പട്ടു ദേശീയോദ്യാനം ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമായ ശ്രീലങ്കയിലെ ചരിത്രനഗരമായ അനുരാധപുരത്തിന്റെ ദക്ഷിണതീരത്തായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ധാരാളം സാംസ്കാരിക പ്രാധാന്യമുള്ള പ്രദേശങ്ങളുമായി കൂടിച്ചേർന്ന് കാണപ്പെടുന്ന ഈ ഉദ്യാനം 1938-ൽ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. കൊളംബോയിൽ നിന്നും 188 കി. മീ. ദൂരത്തിലും അനുരാധപുരത്തിൽ നിന്ന് തെക്ക് 30 കി.മീ. ദൂരത്തിലും, പുറ്റാലത്തു നിന്ന് വടക്ക് 26 കിലോമീറ്റർ ദൂരത്തിലൂമായി ഈ ഉദ്യാനം സ്ഥിതിചെയ്യുന്നു. ഇവിടെ ധാരാളമായി കാണപ്പെടുന്ന വരണ്ടകാടുകളും പ്രകൃതിദത്തമായി രൂപപ്പെട്ട മണൽക്കുഴികളിൽ ധാരാളം മഴവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലുമുള്ളതിനാൽ ഈ ഉദ്യാനം ദേശാടനപക്ഷികളുടെ സങ്കേതമാണ്. പ്രകൃതിദത്തമായ അറുപതോളം തടാകങ്ങൾ ('വില്ലു') ഈ ഉദ്യാനത്തിന്റെ മാത്രം സവിശേഷതയാണ്. 1,317.693 ചതുരശ്ര കി.മീ.(1,31,693 ഹെക്ടർ), (സമുദ്രനിരപ്പിൽ നിന്നും 0-152 മീ. ഉയരത്തിൽ) പരന്ന് വിസ്തൃതമായി കിടക്കുന്ന വില്പട്ടു ദേശീയോദ്യാനം ശ്രീലങ്കയിലെ ഏറ്റവും പുരാതനവും വലുതുമായ ദേശീയോദ്യാനങ്ങളിലൊന്നാണിത്. ഈ ഉദ്യാനത്തിന്റെ തെക്കുഭാഗത്ത് ഉള്ള ഇടതൂർന്ന വനങ്ങൾ ധാരാളം വന്യമൃഗങ്ങളുടെ താവളമാണ്. ശ്രീലങ്കയിലെ വന്യമൃഗസംരക്ഷണസമിതി 2015 ജൂലായ് മുതൽ ഒക്ടോബർ വരെ വിദൂര നിയന്ത്രിത ക്യാമറ ഉപയോഗിച്ചു നടത്തിയ സർവ്വേയിൽ 49 പുലികളുടെ ചിത്രങ്ങൾ വില്പട്ടു ദേശീയോദ്യാനത്തിൽ നിന്നും ലഭിക്കുകയുണ്ടായി. ഉദ്യാനത്തിന്റെ 73% പ്രദേശം വനങ്ങൾ കൊണ്ടും കുറ്റിച്ചെടികൾകൊണ്ടും സമ്പന്നമാണ്. ദേശീയോദ്യാനത്തിന്റെ ബാക്കി ഭാഗം തുറന്നപ്രദേശങ്ങളായി കാണപ്പെടുന്നു. ഈർപ്പമുള്ള ഉഷ്ണമേഖല നിത്യഹരിത വനങ്ങളിലെ മണ്ണിന് ചെമ്പ് നിറമാണ്. തെക്ക് ഭാഗത്ത് അരു നദിയും വടക്ക് ഭാഗത്ത് കലൈ ഓയ നദിയും അതിരു പങ്കിടുന്നു.

വില്പട്ടു ദേശീയോദ്യാനം
വില്പട്ടു ദേശീയോദ്യാനം
Location185km away from Colombo, North Western and North Central provinces, Sri Lanka
Nearest cityഅനുരാധപുരം
Coordinates8°26′N 80°00′E / 8.433°N 80.000°E / 8.433; 80.000
Area1,316.671km2
Established1905 (വന്യജീവിസംരക്ഷണ കേന്ദ്രം)
ഡിസംബർ 25, 1938 (ദേശീയോദ്യാനം)
Governing bodyDepartment of Wildlife Conservation
വിൽപ്പട്ടു ദേശീയോദ്യാനത്തിലെ മരച്ചില്ലയിൽ വിശ്രമിക്കുന്ന നാകമോഹൻ

കാലാവസ്ഥ

തിരുത്തുക

വില്പട്ടു ദേശീയോദ്യാനത്തിൽ വരണ്ട കാലാവസ്ഥയാണുള്ളത്. അവിടെ ധാരാളമായി കണ്ടുവരുന്ന ജലത്തിന്റെ ഉറവിടം സസ്യജാലങ്ങളെ വർഷം മുഴുവൻ പച്ചപിടിച്ച് നിൽക്കാൻ സഹായിക്കുന്നു. വർഷപാതത്തിന്റെ അളവ് ശരാശരി 900മില്ലിമീറ്റർ ആണ്. താപനില 27 °C - 30 °C വരെയാണ്. വടക്കുകിഴക്കൻ മൺസൂൺ (സെപ്റ്റംബർ - ഫെബ്രുവരി) ആണ് മഴയുടെ പ്രധാന ഉറവിടം. ഉദ്യാനത്തിൽ ജൂലായ് മുതൽ സെപ്റ്റംബർ വരെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പടുന്നത്[1].

സസ്യമൃഗജാലങ്ങൾ

തിരുത്തുക

വില്പട്ടു ദേശീയോദ്യാനത്തിൽ വിവിധതരം സസ്യങ്ങളും കടലോരപ്രദേശത്ത് വളരുന്ന പുല്ലുകളും, മൺസൂൺകാടുകളിൽ കാണപ്പെടുന്ന പൊക്കമുള്ള വൃക്ഷങ്ങളും കൂടാതെ മൈല (മയിലെള്ള്) (Vitex altissima), പഴമൂൺപാല (Manilkara hexandra), വരിമരം (Chloroxylon swietenia), വീരമരം (Drypetes sepiaria), കുളിർമാവ് (Alseodaphne semecarpifolia) എന്നീ വൃക്ഷങ്ങളും കാണപ്പെടുന്നു. 51 തരം സസ്തനികളും, എലികൾ, അണ്ണാൻ, അഗൂട്ടി, മുള്ളൻ പന്നി, ബീവർ, ഉടുമ്പ്, മുതല, മഗ്ലർ മുതല, മൂർഖൻ, ഇന്ത്യൻ മൂർഖൻ (Naja naja) ചേര, പെരുമ്പാമ്പ്, ആമ എന്നീ ജീവജാലങ്ങളും കാണപ്പെടുന്നു. ആന (Elephas maximus maximus), തേൻകരടി (Melursus ursinus inornatus), പുലി (Panthera parduskotiya), നീർക്കുതിര (Bubalus bubalis), മ്ലാവ് (Rusa unicolor unicolor), കീരി മുതലായവയും ഈ ഉദ്യാനത്തിന്റെ പ്രത്യേകതയാണ്.

ചതുപ്പ് പ്രദേശങ്ങളിൽ കണ്ടുവരുന്ന വരി എരണ്ട, വാലൻ എരണ്ട, ചൂളൻ എരണ്ട, അമേരിക്കൻ വൈറ്റ് ഐബിസ്, കാറ്റിൽ ഈഗ്രറ്റ്, ചായമുണ്ടി എന്നീ പക്ഷികളും വിവിധ വർഗ്ഗത്തിൽപെട്ട ഗുൾ, മൂങ്ങ, ആള, കഴുകൻ മുതലായ പക്ഷികളെല്ലാം തന്നെ ഈ ഉദ്യാനത്തിൽ സ്വൈരവിഹാരം നടത്തുന്നത് കാണാം. തവളവായൻ കിളി (സിലോൺ മാക്കാച്ചിക്കാട) (Batrachostomus moniliger), പൊന്തവരിക്കാട(Perdicula asiatica vidali), പാറവരിക്കാട (Perdicula argoondah salimalii), മയിൽ (Pavo cristatus), തണ്ടാൻ‌മരംകൊത്തി (Dendrocopos nanus), പാണ്ടൻ പൊന്നിമരംകൊത്തി (Chrysocolaptes festivus), പനങ്കാക്ക (Coracias benghalensis indica), പൊടിപ്പൊന്മാൻ (Alcedo meninting coltarti), നാട്ടുകുയിൽ (Eudynamys scolopaceus), കാക്കത്തമ്പുരാട്ടിക്കുയിൽ (Surniculus lugubris dicruroids), നീലക്കണ്ണൻ പച്ചച്ചുണ്ടൻ (Phaenicophaeus viridirostris), തത്തച്ചിന്നൻ (Loriculus vernalis vernalis), വൻതത്ത (Psittacula eupatria), അമ്പലംചുറ്റി (Apus affinis), കാട്ടുരാച്ചുക്ക് (Caprimulgus indicus), രാച്ചൗങ്ങൻ (Caprimulgus atripennis), ചെമ്പൻ നത്ത് (Glaucidium radiatum), ചെട്ടിക്കുരുവി (Prinia sylvatica) തുടങ്ങി ധാരാളം പക്ഷികൾ വില്പട്ടു ദേശീയോദ്യാനത്തിലെ ഇടതൂർന്ന ഉഷ്ണമേഖല വനങ്ങളിൽ കണ്ടുവരുന്നു[2].

വൻ ചൊട്ടശലഭം (ഹൈപോലിമ്നാസ് ബൊളീന), കൃഷ്ണശലഭം (Papilio polymnestor), പൂങ്കണ്ണി (Mycalesis_patnia), നാട്ടുറോസ് (Pachliopta aristolaochiae), ചക്കരശലഭം (ചക്കരപാറ്റ്) (Pachilopta hector), എന്നീ അപൂർവ്വ ഇനം ശലഭങ്ങളെയും ഉദ്യാനത്തിൽ കാണാം.

വിനോദസഞ്ചാരം

തിരുത്തുക

വില്പട്ടു ദേശീയോദ്യാനം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ കാലയളവ് ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ്. വർഷം മുഴുവനും ഉദ്യാനം സന്ദർശിക്കാൻ സന്ദർശകർക്ക് സാധിക്കുന്നതാണ്[3]. വിനോദസഞ്ചാരികൾക്ക് ജീപ്പ് സഫാരിയിലുടെ ഉദ്യാനം നോക്കിക്കണ്ട് ആസ്വദിക്കാൻ സാധിക്കുന്നു.

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-07. Retrieved 2017-11-13.
  2. http://www.wilpattunationalpark.com/visiting_wilpattu_national_park.php?lId=02
  3. https://lanka.com/about/attractions/wilpattu-national-park/

പുറം കണ്ണി

തിരുത്തുക