അനുരാധപുരം (നഗരം)

(അനുരാധപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയിലെ പ്രസിദ്ധ ബുദ്ധമതതീർഥാടന കേന്ദ്രമാണ് അനുരാധപുരം(අනුරාධපුරය,அனுராதபுரம்). തലസ്ഥാനമായ കൊളംബോയിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ, വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഈ നഗരം, എ.ഡി. 11-ആം നൂറ്റാണ്ടുവരെ സിംഹളരാജാക്കന്മാരുടെ രാജധാനി ആയിരുന്നു. ആധുനിക ശ്രീലങ്കയുടെ വടക്ക്-മദ്ധ്യ പ്രവിശ്യയുടെയും അനുരാധപുരം ജില്ലയുടെയും തലസ്ഥാനമാണ് ഈ നഗരം.

Anuradhapura

අනුරාධපුරය
அனுராதபுரம்
Kuttam Pokuna
Country Sri Lanka
ProvinceNorth Central Province
DistrictAnuradhapura
Established4th century BC
വിസ്തീർണ്ണം
 • നഗരം
14 ച മൈ (36 ച.കി.മീ.)
ജനസംഖ്യ
 (2011)
 • City63,208
 • ജനസാന്ദ്രത5,990/ച മൈ (2,314/ച.കി.മീ.)
Demonym(s)Anuradhians
സമയമേഖലUTC+5:30 (Sri Lanka Standard Time Zone)
Postal code
50000

ചരിത്രം

തിരുത്തുക

ബി.സി. 5-ആം നൂറ്റാണ്ടിൽ സിംഹളത്തിലെ ഒരു മന്ത്രിയായിരുന്ന അനുരാധനാണ് ഈ പ്രദേശം രാജകീയാസ്ഥാനമായി വികസിപ്പിച്ചെടുക്കാനുള്ള അടിത്തറ പാകിയതെന്ന് ഐതിഹ്യങ്ങൾ പറയുന്നു. പാണ്ഡ്യകാഭയൻ എന്ന രാജാവ് (ബി.സി. 377-307) നഗരത്തെ പരിഷ്കരിക്കാൻ പല പദ്ധതികളും ആസൂത്രണം ചെയ്തു. ഇദ്ദേഹമാണ് നഗരത്തിലെ അഭയവാപി (ആധുനികകാലത്ത് ഇത് ബാസവക്കുളം എന്ന പേരിൽ അറിയപ്പെടുന്നു) എന്ന ജലാശയം കുഴിപ്പിച്ചത്. ദേവനാംപ്രിയതിസ്സ എന്ന രാജാവിന്റെ കാലത്ത് (ബി.സി. 307-267) അശോകചക്രവർത്തി തന്റെ മഹീന്ദ്രൻ എന്ന പുത്രനേയും സംഗമിത്ര എന്ന പുത്രിയേയും ബുദ്ധമതപ്രചരണാർഥം അനുരാധപുരത്തേക്ക് നിയോഗിക്കുകയുണ്ടായി. ഗൌതമബുദ്ധൻ ഉദ്ബുദ്ധത പ്രാപിച്ച സംഭവവുമായി ബന്ധപ്പെട്ട ബോധിവൃക്ഷത്തിന്റെ ഒരു ശാഖ ഈ രാജപ്രതിനിധികൾ അന്ന് ഇവിടെ നടുകയുണ്ടായി. സിംഹളചരിത്രരേഖകളിൽ പരാമൃഷ്ടമായിട്ടുള്ള വൃക്ഷങ്ങളിൽ ഏറ്റവും പഴക്കംചെന്ന വൃക്ഷം ഇതാണെന്ന് കരുതപ്പെടുന്നു.

ദത്തഗാമനി എന്ന രാജാവ് (ബി.സി. 161-137) ഇവിടെ ഒരു ആശ്രമവും അതിന്റെ അടുത്ത് ഒരു മഹാസ്തൂപവും നിർമിച്ചു. ഇതിനേക്കാൾ വലുതാണ് വത്തഗാമി അഭയന്റെ (ബി.സി. 104-77) അഭയഗിരി സ്തൂപം. അനുരാധപുരത്തിലെ ചരിത്രാവശിഷ്ടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ചിത്രശില്പാലംകൃതമായിട്ടുള്ളത് മഹാസേനന്റെ (എ.ഡി. 274-301) ജേതാവനസ്തൂപം ആണ്. മഹാസേനന്റെ കാലത്തിനുശേഷം ഈ പട്ടണത്തിൽ പറയത്തക്ക ശില്പനിർമ്മാണ സംരംഭങ്ങളൊന്നും നടന്നതായി കാണുന്നില്ല. മനോഹരമായ നിരവധി ബുദ്ധവിഗ്രഹങ്ങളും ദ്വാരപാലക സാലഭഞ്ജികകളും സ്തംഭമണ്ഡപങ്ങളും ചന്ദ്രകാന്തശിലാനിർമിതമെന്ന് വിശ്വസിക്കപ്പെടുന്ന അർധവൃത്താകാരമായ ശിലാതളിമങ്ങളും അനുരാധപുരത്ത് സുലഭമാണ്. ഇന്നിവിടെ അവശേഷിക്കുന്ന മറ്റൊരു പ്രസിദ്ധ സൌധമാണ് ഇസ്സാറ മുനിവിഹാരാ.

തമിഴരുടെ ആക്രമണം

തിരുത്തുക

തമിഴ്നാട്ടിൽ നിന്നുണ്ടായ ആക്രമണങ്ങളുടെ ആരംഭകാലത്ത് അനുരാധപുരത്തിന് പല നാശനഷ്ടങ്ങളും നേരിട്ടു. എ.ഡി. 11-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സിലോൺ, ചോള സാമ്രാജ്യത്തിന്റെ ഭാഗമായപ്പോൾ ഭരണകൂടത്തിന്റെ ആസ്ഥാനം അനുരാധപുരത്തു നിന്ന് പോളൊണ്ണരൂപയിലേക്ക് മാറ്റപ്പെട്ടു. പിന്നീട് വന്ന സിംഹളരാജാക്കൻമാരും പോളൊണ്ണരൂപയിൽ തന്നെ തുടർന്നു. 13-ആം നൂറ്റാണ്ടായപ്പോഴേയ്ക്കും അനുരാധപുരം പരിത്യക്തമായ നിലയിൽ കാടുപിടിച്ചു നശിക്കാൻ തുടങ്ങി. 19-ആം നൂറ്റാണ്ടിൽ ബ്രിട്ടിഷ് ഭരണാധികാരികളാണ് അനുരാധപുരത്തിന്റെ പൂർവകാല മാഹാത്മ്യം കണ്ടെത്തിയത്. അവർ തുടങ്ങിയ ഉത്ഖനന പരിപാടികൾ ശ്രീലങ്കയിലെ പുരാവസ്തുവകുപ്പ് തുടർന്നു നടത്തി അമൂല്യമായ പല ചരിത്രവസ്തുതകളും പുറത്തു കൊണ്ടുവന്നുകൊണ്ടിരിക്കുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുരാധപുരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുരാധപുരം_(നഗരം)&oldid=3451306" എന്ന താളിൽനിന്ന് ശേഖരിച്ചത്