യേശുവിന്റെ പരിച്ഛേദനത്തിരുനാൾ
യേശുവിന്റെ ജനനതിരുനാളിന്റെ എട്ടു ദിവസം കഴിയുമ്പോൾ അനുസ്മരിക്കപ്പെടുന്ന തിരുനാളാണ് യേശുവിന്റെ പരിച്ഛേദനത്തിരുനാൾ അഥവാ യേശുവിന്റെ ചേലാകർമ്മത്തിരുനാൾ (ഇംഗ്ലീഷ്:Feast of the Circumcision of Christ) . യേശു എന്ന പേർ അദ്ദേഹത്തിന് നൽകിയതും ഇതേ ദിനമായതിനാൽ ഈ തിരുനാളിനെ യേശുവിന്റെ നാമകരണത്തിരുനാൾ എന്നും അറിയപ്പെടാറുണ്ട്. യേശുവിന്റെ പരിച്ഛേദനയെക്കുറിച്ചും നാമകരണത്തെക്കുറിച്ചുമുള്ള വിവരണം ബൈബിളിലെ പുതിയനിയമത്തിൽ നൽകിയിട്ടുള്ളത് ഇപ്രകാരമാണ്: ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ, അവൻ ഗർഭത്തിൽ ഉരുവാകുന്നതിനു മുൻപ്, ദൂതൻ നിർദ്ദേശിച്ചിരുന്ന യേശു എന്ന പേർ അവനു നൽകി.മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ അവർ അവനെ കർത്താവിനു സമർപ്പിക്കാൻ ജെറുസലേമിലേക്ക് കൊണ്ടുപോയി. [1]
പരിച്ഛേദനകർമ്മം ഒരു മതാചാരവും മതപ്രവേശന കർമ്മവുമാണ്. ദൈവനിയോഗപ്രകാരം അബ്രഹാം ഇതു നടപ്പിൽ വരുത്തിയതായി പഴയ നിയമത്തിലെഉൽപ്പത്തിപ്പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. [2] യേശുക്രിസ്തു പരിച്ഛേദിതനായിരുന്നെങ്കിലും ഈ കർമ്മത്തിന്റെ ആവശ്യകത ആദിമക്രിസ്തീയസഭയിൽ തർക്കവിഷയതിനെ തുടർന്ന് ജെറുസലേമിൽ കൂടിയ ശ്ലീഹന്മാരുടെ സമ്മേളനം (ജെറുസലേം സുനഹദോസ്) അതിനെതിരെ തീർപ്പു പറഞ്ഞു. തന്റെ ലേഖനങ്ങളിലൂടെ പരിച്ഛേദനകർമ്മത്തെ നിരുത്സാഹപ്പെടുത്തിയ പൗലോസ് അപ്പസ്തോലൻ അതിന്റെ സ്വീകരണമോ നിരാകരണമോ അല്ല, പുതിയ സൃഷ്ടിയാവുകയെന്നതാണ് വിശ്വാസിക്ക് അനിവാര്യമായിരിക്കുന്നത് എന്നു വാദിച്ചു.