മേല്പുത്തൂർ നാരായണ ഭട്ടതിരി

(മേല്പത്തൂർ നാരായണഭട്ടത്തിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേൽപുത്തൂർ നാരായണ ഭട്ടതിരി(ജനനം - 1559/60, മരണം - 1645/46) . അച്യുത പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേൽപുത്തൂർ നാരായണ ഭട്ടതിരി മാധവന്റെ ജ്യോതിശാ‍സ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ പ്രക്രിയാ സർവ്വസ്വം ആണ്. മേൽപുത്തൂർ, നാരായണീയത്തിന്റെ കർത്താവ് എന്ന നിലയിലാണ് കൂടുതൽ പ്രശസ്തൻ. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു.

പ്രമാണം:Melputhur bhattathri.jpg
മേൽപുത്തൂർ നാരായണ ഭട്ടതിരിയുടെ ഛായചിത്രം

കൊല്ലവർഷം 735 (ക്രിസ്തുവർഷം 1560) മേൽപുത്തൂരിന്റെ ജനനവർഷമായി പറയപ്പെടുന്നു. [1] പൊന്നാനി താലൂക്കിൽ തിരുനാവായ റെയിൽവേസ്റ്റേഷനടുത്തായി(പഴയ പേരു എടക്കുളം ) ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേൽപ്പുത്തൂർ ഇല്ലം. തിരുനാവായ ക്ഷേത്രം ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛൻ മാതൃദത്ത ഭട്ടതിരിയായിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള മേൽപുത്തൂർ നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. മാമാങ്കത്തിന്റെ പേരിൽ പ്രശസ്തമായ പുണ്യനഗരമായ തിരുനാവായക്ക് അടുത്താണ് മേൽപ്പുത്തൂർ ഭട്ടതിരിയുടെ പിതാവ് മാതൃദത്തൻ പണ്ഡിതനായിരുന്നു. മാതൃഗൃഹം മീമാംസാ പാണ്ഡിത്യത്തിനു പേരു കേട്ട പയ്യൂരില്ലം ആയിരുന്നു.[2]. അദ്ദേഹത്തിന് ദാമോദരൻ എന്നൊരു ജ്യേഷ്ഠനും മാതൃദത്തൻ രണ്ടാമൻ എന്നൊരു അനുജനും ഉണ്ടായിരുന്നതായി കാണുന്നു.

ബാല്യം, ജീവിതം

തിരുത്തുക

ബാല്യത്തിൽ അദ്ദേഹം പിതാവിൽ നിന്ന് മീമാംസാദി വിദ്യ അഭ്യസിച്ചു.[3] പിന്നീട് മാധവൻ‍ എന്ന ഗുരുനാഥനിൽനിന്ന് ഋഗ്വേദവും [4] ജ്യേഷ്ഠനായ ദാമോദനിൽ നിന്ന് തർക്കശാസ്ത്രവും[5]അച്യുത പിഷാരടിയിൽ നിന്ന് തർക്ക ശാ‍സ്ത്രവും [6] പഠിച്ചു. എന്നു അദ്ദേഹം തന്നെ പ്രക്രിയാ സർവ്വസ്വം എന്ന തന്റെ കൃതിയിൽ പറയുന്നുണ്ട്.[7]. പിന്നീട് ജ്യേഷ്ഠനുമായി പിണങ്ങിയോ എന്നു സംശയിക്കതക്കതാണ് നാരായണീയത്തിലെ പ്രസ്താവം (ഭ്രാതാ മേ വന്ധ്യശീലൊ ഭജതികിൽ വിഷ്ണുമിത്ഥം ...) [8] 16-ആം വയസ്സിൽ അദ്ദേഹം ഒരു പണ്ഡീതനായി.

നാരായണ ഭട്ടതിരി സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കാതെ തൃക്കണ്ടിയൂർ അച്യുതപിഷാരടിയുടെ അനന്തരവളെ പത്നിയായി സ്വീകരിച്ചത്. അദ്ദേഹം "മൂസ്സ്' മൂത്തമകൻ അല്ലാത്തതിനാലാണെന്നില്ല. എന്നാൽ മാതൃദത്തന്റെ സീമന്തപുത്രനായിരുന്നു മഹാകവി എന്ന ഉള്ളൂരിന്റെ പ്രസ്താവന [9] പുനരാലോചിക്കപ്പെടേണ്ടതാണ് [10] അച്ചുതപിഷാരടിയുടെ ശിഷ്യനായിരിക്കെ ഗുരുവിനു ബാധിച്ച വാതരോഗം ബ്രാഹ്മണശിഷ്യന്റെ കടമ എന്ന നിലക്ക് കർമ്മവിപാകദാനസ്വീകാരത്തിലൂടെ ഭട്ടതിരി 25, 26 വയസ്സായപ്പോഴേയ്ക്കും ഏറ്റുവാങ്ങി എന്ന ഐതിഹ്യം വളരെ പ്രശസ്തമാണ്. ചികിത്സയിലൂടെ മാറാതിരുന്നതിനാൽ വാതരോഗഹരനായ ഗുരുവായൂരപ്പനെ ഭജിച്ചു. നൂറു ദിവസത്തിനുള്ളിൽ 1036 ശ്ലോകങ്ങളുൾക്കൊള്ളുന്ന നാരായണീയ മഹാകാവ്യം രചിച്ച് രോഗത്തിൽ നിന്നും മുക്തി നേടി. നാരായണീയ രചന അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിന് 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

നാരായണീയം

തിരുത്തുക

നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്. ഒരു പ്രാർത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1586-ൽ ആണ് എഴുതപ്പെട്ടത്.

ഐതിഹ്യം

തിരുത്തുക

വാതരോഗത്താൽ കഷ്ടപ്പാട് അനുഭവിച്ചിരുന്ന മേൽപ്പുത്തൂരിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛൻ പ്രതിവിധിയായി ‘മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നൽകി. എന്നാൽ മേൽപുത്തൂർ അതിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗവാൻ വിഷ്ണുവിന്റെ മത്സ്യം മുതൽ ഉള്ള ദശാവതാരം ആണ് മനസ്സിൽ കണ്ടത് അവശനായ അദ്ദേഹം തൃക്കണ്ടിയൂരിൽ നിന്നും ഗുരുവായൂരമ്പലത്തിൽ പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഒരോ ദശകം വീതം ദിവസവും ഉണ്ടാക്കിച്ചൊല്ലി 1587 ല് 1000ത്തിലധികം പദ്യങ്ങൾ അടങ്ങിയ നാരായണീയം പൂർത്തിയാക്കി ഭഗവാന് സമർപ്പിച്ചത്. അതോടെ അദ്ദേഹത്തിന്റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു. [11] തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പുത്തൂർ നാരായണ ഭട്ടതിരി മലയാള വർഷം 763 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.

അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുത പിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തിൽ നിന്നു വിമുക്തനാക്കുവാൻ സംസ്കൃത പണ്ഡിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛൻ അദ്ദേഹത്തോട് “മീൻ തൊട്ട് കൂട്ടുവാൻ“ ആവശ്യപ്പെട്ടു. ഭാഗവതത്തിൽ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛൻ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂർ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങൾ രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാർത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങൾ പൂർത്തിയാക്കിയ ഭട്ടതിരി 1587 നവംബർ 27-നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൗഖ്യം“ പൂർത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം. നൂറാം ശതകത്തിൽ മഹാവിഷ്ണുവിന്റെ പാദം മുതൽ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വർണ്ണന നൽകുന്നു. ശ്ലോകം പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെ രൂപത്തിൽ മഹാവിഷ്ണുവിന്റെ ദർശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു. പിന്നീട് കുറഞ്ഞത് 86 വയസ്സു വരെയെങ്കിലും അദ്ദേഹം അരോഗദൃഢഗാത്രനായി ജീവിച്ചു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം കൊച്ചി, അമ്പലപ്പുഴ, കോഴിക്കോട്, മൂക്കോല തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ സഞ്ചരിച്ചു. കൊച്ചി, ചെമ്പകശ്ശേരി, സാമൂതിരി രാജാക്കന്മാരുടെ ആസ്ഥാനപണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം. 86-ആമത്തെ വയസ്സിൽ തീർത്തും അനായാസമായ ഒരു മരണമാണ് അദ്ദേഹത്തിനുണ്ടായത്.

പൂർവ്വമീമാംസ, ഉത്തരമീമാംസ, വ്യാകരണം എന്നിവയുടെ പണ്ഡിതനും വക്താവുമായിരുന്നു അദ്ദേഹം.

മേൽപുത്തൂർ ദിനം

തിരുത്തുക

എല്ലാ വർഷവും നവംബർ 24-ന് (വൃശ്ചികം എട്ട്) മേൽപുത്തൂർ ദിനമായി ആചരിക്കുന്നു.[12]

ചില കൃതികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നാരായണീയം എന്ന താളിലുണ്ട്.

ഇതും കാണുക

തിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
  1. മംഗളോദയം വാല്യം 5 പേജ് 265-66
  2. മേൽപുത്തൂരിന്റെ വ്യാകരണപ്രതിഭ-എൺ വി കൃഷ്ണവാരിയർ, ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം പേജ് 3
  3. (മീമാംസാദി സ്വതാതാത്)
  4. (നിഗമമവികലം മാധവാചാര്യവര്യാത്)
  5. (തർക്കം ദാമോദരാര്യാത്)
  6. (പദപദവീം അച്ചുതാചാര്യവര്യാത്)
  7. (ന്യായഖണ്ഡം)
  8. (നാരായണീയം 92-4)
  9. കേ സാ ച വല്യം 2 386
  10. (കൃഷ്ണവാരിയർ പേജ് 5)
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-13. Retrieved 2007-01-13.
  12. calendar 2019. "കേരള സർക്കാർ കലണ്ടർ". kerala government. Archived from the original on 2019-11-02.{{cite journal}}: CS1 maint: numeric names: authors list (link)
  13. പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനർവ പ്രസ്സ്, 1967.


കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി
ആര്യഭടൻ | വടശ്ശേരി പരമേശ്വരൻ | സംഗമഗ്രാമ മാധവൻ | നീലകണ്ഠ സോമയാജി | ജ്യേഷ്ഠദേവൻ | ശങ്കര വാര്യർ | മേൽപ്പത്തൂർ നാരായണ ഭട്ടതിരി | അച്യുത പിഷാരടി | പുതുമന ചോമാതിരി | തലക്കുളത്തൂർ ഭട്ടതിരി| കൈക്കുളങ്ങര രാമവാര്യർ| ശങ്കരനാരായണൻ