ബസേലിയോസ് പൗലോസ് ദ്വിതീയൻ

മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ 2ാമത്തെ കാതോലിക്കോസ്
(ബസേലിയോസ് പൌലോസ് ദ്വിതിയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുറിയാനി ഓർത്തഡോക്സ് സഭയുടെ കിഴക്കിന്റെ കാതോലിക്കയും മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ അദ്ധ്യക്ഷനും ആയിരുന്നു ബസേലിയോസ് പാലോസ് ദ്വിതീയൻ കാതോലിക്കാ ബാവ(1914 - 1996). 1980-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ആയി തെരഞ്ഞെടുക്കപ്പെട്ട മോർ സേവേറിയോസ് സാഖയെ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ എന്ന പേരിൽ വാഴിച്ച ഇദ്ദേഹം ഒരു പാത്രിയർക്കീസിനെ വാഴിച്ച ആദ്യ ഭാരതീയനുമായി.[1][2]

ശ്രേഷ്ഠ ആബൂൻ മോർ
 ബസേലിയോസ് പൗലോസ് ദ്വിതീയൻ
കിഴക്കിന്റെ കാതോലിക്കോസ് (മാഫ്രിയോനോ), മലങ്കര മെത്രാപ്പോലീത്ത
സഭസുറിയാനി ഓർത്തഡോക്സ് സഭ
(മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ)
നിയമനം1975 സെപ്തംബർ 7ന് പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ
മുൻഗാമിബസേലിയോസ് ഔഗേൻ പ്രഥമൻ
പിൻഗാമിബസേലിയോസ്‌ തോമസ്‌ പ്രഥമൻ
ഡീക്കൻ പട്ടത്വം1933ൽ യൂലിയോസ് ഏലിയാസ് ഖൂറോ
വൈദിക പട്ടത്വം1938ൽ യൂലിയോസ് ഏലിയാസ് ഖൂറോ
മെത്രാഭിഷേകം1952 ഒക്ടോബർ 19ന് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ ബർസോം
പദവിമഫ്രിയോനോ
മറ്റുള്ളവമലങ്കര മെത്രാപ്പോലീത്ത (1975-1996),
കണ്ടനാട് ബിഷപ്പ് (1953-1958, 1964-1990)
വ്യക്തി വിവരങ്ങൾ
ജനനം1914 ജൂൺ 12
മരണം1996 സെപ്റ്റംബർ 1
കബറിടംമലേക്കുരിശ് ദയറ
ദേശീയതഭാരതീയൻ
മാതാപിതാക്കൾപുതുശ്ശേരിൽ ജോസഫ് (പിതാവ്),
ഏലിയാമ്മ (മാതാവ്)
വിദ്യാകേന്ദ്രംഇഗ്നാത്തിയോസ് ഏലിയാസ് ദയറ, മഞ്ഞിനിക്കര
ഗുരുയൂലിയോസ് ഏലിയാസ് ഖൂറോ
മുൻപദവി
ഫീലക്സീനോസ് പൗലോസ്
കണ്ടനാട് മെത്രാപ്പോലീത്ത
നിയമനം1952 ഏപ്രിൽ 25ന്
സ്ഥാനാരോഹണം1953 ജനുവരി 12ന്
മുൻഗാമിഅത്തനാസിയോസ് പൗലോസ് (1953ൽ),
തിമോത്തെയോസ് ഔഗേൻ (1964ൽ)
പിൻഗാമിതിമോത്തെയോസ് ഔഗേൻ (1958ൽ)
തോമസ് അത്താനാസിയോസ് (1990ൽ)

ജീവചരിത്രം

തിരുത്തുക

1914 ജൂൺ 12ന് യാക്കോബായ സഭാ വൈദികനായ ഔസേപ്പ് പുതുശ്ശേരിയുടെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനായാണ് പി. ജെ. പൗലോസ് ജനിച്ചത്. ശ്രദ്ധേയനായ ഒരു സുറിയാനി പണ്ഡിതനും കോട്ടയം എംഡി സെമിനാരിയിലെ അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. യാക്കോബായ സഭയുടെ ചില പ്രസിദ്ധീകരണങ്ങളുടെ മുഖ്യ സംശോധകനും ആയിരുന്നു ഇദ്ദേഹം. ചെറുപ്പത്തിൽ തന്നെ പൗലോസ് ഇദ്ദേഹത്തിൽ നിന്ന് സുറിയാനി ഭാഷയിലും മറ്റും പരിശീലനം നേടിയിരുന്നു. സുറിയാനി പണ്ഡിതനായിരുന്ന വെള്ളക്കുന്നത്ത് മത്തായി എന്ന വൈദികനും പൗലോസിന് സുറിയാനിയിൽ പരിശീലനം നൽകിയിരുന്നു.[2]

വിദ്യാഭ്യാസം

തിരുത്തുക

ചെറായിയിലെ രാമവർമ്മ ഹൈസ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ പൗലോസ് തുടർന്ന് കോട്ടയം സി. എം. എസ്. കോളേജിലും ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലും പഠനം തുടർന്നു. ഇതിനുശേഷം അദ്ദേഹം മഞ്ഞിനിക്കരയിലെ മോർ ഇഗ്നാത്തിയോസ് ദയറയിൽ ചേർന്നു. അവിടെ അദ്ദേഹം റമ്പാൻ അബ്ദുൽ അഹദിന്റെ കീഴിൽ സുറിയാനി പഠനം മുന്നോട്ടു കൊണ്ടുപോയി.[2]

സഭാപ്രവർത്തനത്തിന്റെ തുടക്കം

തിരുത്തുക
 
യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത

1933ൽ മലങ്കരയിലെ പാത്രിയാർക്കൽ പ്രതിനിധിയായിരുന്ന യൂലിയോസ് ഏലിയാസ് ഖൂറോ മെത്രാപ്പോലീത്ത കോട്ടയം വലിയപള്ളിയിൽ വച്ച് പൗലോസിനെ ശെമ്മാശനായി അഭിഷേകം ചെയ്തു. ഇതിനുശേഷം 1938ൽ മോർ യൂലിയോസ് മഞ്ഞനിക്കര ദയറയിൽ വെച്ച് അദ്ദേഹത്തെ വൈദികനായും വാഴിച്ചു. തുടർന്ന് സീലോണിലും മദ്രാസ്, ബ്രഹ്മവാർ, തിരുവനന്തപുരം, പാറത്തോട്, പൊൻകുന്നം എന്നിവിടങ്ങളിൽ പള്ളിവികാരിയായി അദ്ദേഹം പ്രവർത്തിച്ചു. ഇതിനുശേഷം യൂലിയോസ് ഏലിയാസിന്റെ സെക്രട്ടറിയായും തുടർന്ന് മഞ്ഞിനിക്കര ദയറയുടെ വികാരിയായും അദ്ദേഹം ചുമതല ഏറ്റെടുത്തു.[2]

മെത്രാപ്പോലീത്ത

തിരുത്തുക

1952 ഏപ്രിൽ 25ന് മോർ അത്തനാസിയോസ് പൗലോസിന്റെ പിൻഗാമിയായി കണ്ടനാട് ഭദ്രാസനത്തിന്റെ ബിഷപ്പ് സ്ഥാനത്തേക്ക് പി. ജെ. പൗലോസ് കത്തനാർ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1952 ഒക്ടോബർ 19ന് ഹോംസിലെ പാത്രിയാർക്കൽ കത്തീഡ്രലിൽ വച്ച് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം പ്രഥമൻ ബർസോം അദ്ദേഹത്തെ ഫീലക്സിനോസ് പൗലോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. 1953 ജനുവരി 12ന് അദ്ദേഹം കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തു. 1956 ജനുവരിയിൽ ദിവന്നാസിയോസ് മിഖായേൽ മെത്രാപ്പോലീത്തയുടെ മരണത്തെ തുടർന്ന് കോട്ടയം കൊല്ലം ഭദ്രാസനങ്ങളുടെ അധിക ചുമതല കൂടി അദ്ദേഹം വഹിച്ചിരുന്നു.[2]

സഭാ ലയനം

തിരുത്തുക

1958 ഡിസംബറിൽ മലങ്കര സഭയിലെ മെത്രാൻ കക്ഷിയും ബാവാകക്ഷിയും പുനരക്കപ്പെട്ടു. ഇതിനെ തുടർന്ന് ഫീലിക്സീനോസ് പൗലോസ് തിമോത്തിയോസ് ഔഗേന്റെ ഒപ്പം കണ്ടനാട് ഭദ്രാസനത്തിന്റെ സഹ മെത്രാനായി ചുമതലയേറ്റു. സഭാലയനം സാധ്യമായെങ്കിലും ആഭ്യന്തര തർക്കങ്ങളും പടലപ്പിണക്കങ്ങളും തുടർന്നുകൊണ്ടിരുന്നു. ഇക്കാലഘട്ടത്തിൽ യാക്കോബായ അനുകൂലികളുടെ ശക്തനായ വക്താവായി അദ്ദേഹം പ്രവർത്തിച്ചു. 1961 ഫെബ്രുവരി 22ന് പാത്രിയാർക്കൽ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന ആഘോഷവും പൊതുസമ്മേളനവും നിരവധി ആളുകളെ ആകർഷിച്ചു. അന്ത്യോഖ്യാ-മലങ്കര ബന്ധം ശക്തമായി നിലനിർത്തണം എന്ന ആശയം സമ്മേളനത്തെ മുഖരിതമാക്കി. ഈ ശ്രമങ്ങളുടെ ഫലമായി 1964ൽ അന്നത്തെ കാതോലിക്ക ഗീവർഗീസ് ദ്വിതീയന്റെ പിൻഗാമിയായി കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത തിമോത്തിയോസ് ഔഗേൻ തെരഞ്ഞെടുക്കപ്പെടുകയും ബസേലിയോസ്‌ ഔഗേൻ പ്രഥമൻ എന്ന പേരിൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ അദ്ദേഹത്തെ ഐക്യ മലങ്കര സഭയുടെ കാതോലിക്കയായി സ്ഥാനാരോഹണം നടത്തുകയും ചെയ്തു. ഇതോടെ കണ്ടാനാട് ഭദ്രാസനത്തിന്റെ ചുമതല പൂർണ്ണമായും ഫീലക്സീനോസ് പൗലോസിന്റെ ഉത്തരവാദിത്വമായി.[2]

രണ്ടാമത്തെ സഭാപിളർപ്പ്

തിരുത്തുക

ഔഗേൻ കാതോലിക്കോസ് ആദ്യം പാത്രിയർക്കീസ് അനുകൂലി ആയിരുന്നു എങ്കിലും അധികം വൈകാതെ അദ്ദേഹം മറുപക്ഷത്തോട് ചേർന്നു. 1972ഓടെ പഴയ മെത്രാൻ കക്ഷി വിഭാഗം സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് സ്വാതന്ത്ര്യം അവകാശപ്പെടാൻ തുടങ്ങി. തൊട്ടടുത്ത വർഷം മലങ്കര സഭയുടെ ഔദ്യോഗിക നേതൃത്വം മഞ്ഞനിക്കരയിൽ കഴിഞ്ഞിരുന്ന പാത്രിയാർക്കൽ പ്രതിനിധി അഫ്രേം ആബൂദിയുടെ വിസ റദ്ദ് ചെയ്യാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി. പാത്രിയാർക്കീസ് പക്ഷക്കാരുടെ ഏക ആശ്രയമായി ഫീലക്സീനോസ് പൗലോസ് മെത്രാപ്പോലീത്ത മാത്രം അവശേഷിച്ചു. അതേസമയം മലങ്കരയിലെ സമുദായ നേതാക്കൾ സഭാ നേതൃത്വത്തിനെതിരെ ഇടപെടലിനു വേണ്ടി പാത്രിയർക്കീസിനെ സമീപിച്ചുകൊണ്ടിരുന്നു. ഇതിൻറെ ഫലമായി 1975ൽ പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ പുതിയ മെത്രാപ്പോലീത്ത വാഴിച്ച് കേരളത്തിലേക്ക് അയച്ചു. തുടർന്ന് മുൻ മലങ്കര മെത്രാപ്പോലീത്ത ക്ലീമിസ് അബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന സുന്നഹദോസ് ഫീലക്സിനോസ് പൗലോസിനെ പുതിയ കാതോലിക്കയായി തെരഞ്ഞെടുത്തു.[2]

പൗരസ്ത്യ കാതോലിക്കോസ്

തിരുത്തുക

തുടർന്ന് 1975 സെപ്തംബർ 7ാം തീയതി പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ ഫീലക്സിനോസ് പൗലോസിനെ ബസേലിയോസ് പൗലോസ് ദ്വിതീയൻ എന്ന പേരിൽ കിഴക്കിന്റെ കാതോലിക്കോസ് ആയി വാഴിച്ചു. ഡമാസ്കസിലെ പാത്രിയാർക്കൽ കത്തീഡ്രലിൽ വെച്ചാണ് ഈ ചടങ്ങ് നടത്തിയത്. ചടങ്ങിൽ വലിയൊരു സമൂഹം വിശ്വാസികളും മെത്രാപ്പോലീത്തമാരും സന്നിഹിതരായിരുന്നു. ഇന്ന് പാത്രിയർക്കീസിന്റെ അധ്യക്ഷതയിൽ നടന്ന ആകമാന സുന്നഹദോസിൽ വച്ച് മലങ്കര സഭയിലെ വിവിധ ഭദ്രാസനങ്ങൾക്ക് മെത്രാപ്പോലീത്തമാരെയും നിയമിച്ചു.

സ്ഥാനാരോഹണത്തിന് ശേഷം മടങ്ങിയ ബസേലിയോസ് പൗലോസ് ദ്വിതീയന് യാത്രാമധ്യേ കുവൈറ്റിലും ബോംബെയിലും വൻ സ്വീകരണം ആണ് കാത്തിരുന്നത്. കേരളത്തിൽ എത്തിയ അദ്ദേഹത്തിന് മൂവാറ്റുപുഴയിൽ വലിയ ഒരു ജനാവലി അദ്ദേഹത്തിന് സ്വീകരണത്തിന് സന്നിഹിതരായിരുന്നു. അവിടെവച്ച് പാത്രിയാർക്കീസിന്റെ നിയോഗം അടങ്ങിയ സുസ്താതിക്കോൻ പരസ്യമായി വായിക്കുകയും പുതിയ കാതോലിക്കോസിന് ഓക്സിയോസ് ആരവങ്ങൾ ഉയരുകയും ചെയ്തു. 1975 ഡിസംബർ 26ന് അങ്കമാലി ഭദ്രാസനത്തിലെ തുരുത്തിശ്ശേരി പള്ളിയിൽ നടന്ന മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ വെച്ച് അദ്ദേഹത്തെ മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു.

1978ൽ ബസേലിയോസ്‌ പൗലോസ് ദ്വിതീയൻ പൗരസ്ത്യ കാതോലിക്കോസ് എന്ന നിലയിലുള്ള തന്റെ ആദ്യ വിദേശ സന്ദർശനം തുടങ്ങി. ജൂണിൽ ഡമാസ്കസിൽ എത്തിയ അദ്ദേഹം പാത്രിയർക്കീസിനൊപ്പം രണ്ടാഴ്ച സഭ ആസ്ഥാനത്ത് താമസിച്ചു. ഈ സന്ദർശന വേളയിൽ കണിയാമ്പറമ്പിൽ കുര്യൻ കോറെപിസ്കോപ്പയ്ക്ക് പാത്രിയർക്കീസ് മലങ്കര മൽപ്പാൻ പദവി നൽകി 1927ൽ കോനാട്ട് മാത്തൻ മല്പാന്റെ മരണത്തിനുശേഷം ആദ്യമായാണ് ഈ പദവി ഒരു വൈദികന് പാത്രിയർക്കീസിൽ നിന്ന് ലഭിക്കുന്നത്. മടക്കയാത്രയ്ക്കിടയിൽ കുവൈറ്റും അബുദാബിയും ദുബായിയും അദ്ദേഹം സന്ദർശിച്ചു. 1979ൽ അമേരിക്കയുടെയും കാനഡയുടെയും മെത്രാപ്പോലീത്ത അത്താനാസിയോസ് യേശു സാമുവേലിന്റെ ക്ഷണപ്രകാരം അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ സന്ദർശനം നടത്തി.[2]

പാത്രിയർക്കീസിന്റെ വാഴ്ച

തിരുത്തുക
 
ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസിനെ വാഴിക്കുന്നു

1980 ജൂൺ 26ന് പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ മരണമടഞ്ഞു. തുടർന്ന് സിറിയയിലേക്ക് പോയ ബസേലിയോസ്‌ പൗലോസ് ദ്വിതീയൻ പാത്രിയാർക്കീസിന് ആദരവർപ്പിച്ചു. തുടർന്ന് മഫ്രിയോനോ എന്ന നിലയിൽ പാത്രിയാർക്കീസിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ആകമാന സുന്നഹദോസിന് അധ്യക്ഷത വഹിക്കുകയും ചെയ്തു. സുന്നഹദോസിലെ തിരഞ്ഞെടുപ്പ് അനുസരിച്ച് മൊസൂൾ മെത്രാപ്പോലീത്തയായ സേവേറിയോസ് സാഖാ ഇവാസിനെ പുതിയ പാത്രിയർക്കീസ് ആയി അദ്ദേഹം പ്രഖ്യാപിച്ചു. 1980 സെപ്റ്റംബർ 14ാം തീയതി ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ എന്ന പേരിൽ ദമാസ്കസിലെ വിശുദ്ധ ഗീവർഗീസിന്റെ കത്തീഡ്രലിൽ വച്ച് പാത്രിയർക്കീസിന്റെ സ്ഥാനാരോഹണം നടന്നു. ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തത് ബസേലിയോസ്‌ പൗലോസ് ദ്വിതീയൻ ആയിരുന്നു.[1]

സഭാനേതൃത്വത്തിൽ

തിരുത്തുക
 
1981ൽ നടന്ന സുറിയാനി ഓർത്തഡോക്സ് സുന്നഹദോസ്

1981 നവംബറിൽ പാത്രിയാർക്കീസ് സാഖാ പ്രഥമന്റെ അദ്ധ്യക്ഷതയിൽ നടന്ന ആകമാന സുന്നഹദോസിൽ വെച്ച് സഭയ്ക്ക് ഒരു പുതിയ ഭരണഘടന ഉണ്ടാക്കുന്നതിന് തീരുമാനമായി. 1982ൽ പാത്രിയർക്കീസ് ഇന്ത്യയിലേക്കുള്ള ആദ്യ അപ്പസ്തോലിക സന്ദർശനം നടത്തി. ഇന്ത്യയിലെ അദ്ദേഹത്തിൻറെ യാത്രകളിലും ചടങ്ങുകളിലും കാതോലിക്കോസ് അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

1984 ജൂണിൽ പാത്രിയാർക്കീസിന്റെ വത്തിക്കാൻ സന്ദർശനത്തിലും മാർപാപ്പയുമായുള്ള സംയുക്ത പ്രഖ്യാപനത്തിലും ബസേലിയോസ് പൗലോസ് ദ്വിതീയൻ പങ്കാളിയായി. ജൂൺ 24ന് ഒരു സംയുക്ത വിശ്വാസ പ്രഖ്യാപനവും അവിടെവെച്ച് നടന്നു. തുടർന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങൾ ഇരുവരും സന്ദർശിച്ചു. 1984 ജൂലൈയിൽ കാതോലിക്കോസ് കേരളത്തിൽ മടങ്ങിയെത്തി.[2]

പൗരോഹിത്യ പട്ടം കൊടുക്കലുകൾ

തിരുത്തുക

പൗരസ്ത്യ കാതോലിക്കോസ് എന്ന നിലയ്ക്ക് ബസേലിയോസ് പൗലോസ് ദ്വിതീയൻ 6 മെത്രാപ്പോലീത്തമാരെയും നിരവധി വൈദികരെയും അഭിഷേകം ചെയ്തു. 1975 ഡിസംബർ 26ന് ഭദ്രാസനത്തിന് വേണ്ടി തുരുത്തിശ്ശേരി പള്ളിയിൽ വച്ച് ചാരുവിളയിൽ സാമുവൽ എന്ന് വൈദികനെ ഫീലക്സിനോസ് സാമുവേൽ എന്ന പേരിൽ മെത്രാനായി അദ്ദേഹം വാഴിച്ചു. തുടർന്ന് 1979 ഏപ്രിൽ 19ന് കോട്ടയം വെള്ളൂർ മോർ ശിമവൂൻ പള്ളിയിൽ വെച്ച് യാക്കൂബ് തിമോത്തെയോസ്, തോമസ് തെയോഫിലോസ്, ഫിലിപ്പോസ് ഇവാനിയോസ് എന്നിവരും വാഴിക്കപ്പെട്ടു. 1985 സെപ്റ്റംബർ 12ന് യുഹാനോൻ ഫീലക്സീനോസിനെയും 1990 ജൂലൈ 3ന് തോമസ് അത്താനാസിയോസിനെയും 1991 ജനുവരി 3ന് തോമസ് തിമോത്തെയോസിനെയും കൂടി ബസേലിയോസ്‌ പൗലോസ് ദ്വിതീയൻ മെത്രാന്മാരായി അഭിഷേകം ചെയ്തു.[2]

പുതിയ സെമിനാരി

തിരുത്തുക

സെമിനാരികളുടെ അഭാവം മലങ്കര യാക്കോബായ സഭയുടെ വൈദിക പരിശീലനത്തിന് പ്രതിബന്ധമായിരുന്നു. സഭാ പിളർപ്പിന് ശേഷം കോട്ടയം പഴയ സെമിനാരി ഓർത്തഡോക്സ് വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ആയതാണ് ഇതിന് കാരണമായത്. തുടർന്ന് യാക്കോബായ വിഭാഗം മഞ്ഞിനിക്കര, പെരുമ്പള്ളി ഇവിടങ്ങളിലെ ദയറകളാണ് വൈദിക പരിശീലനത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ വ്യവസ്ഥാപിതമായ വൈദിക പരിശീലനം ഇവിടങ്ങളിൽ സാധ്യമായിരുന്നില്ല. ഇതിനെ തുടർന്ന് ഒരു പുതിയ സെമിനാരി സ്ഥാപിക്കാൻ കാതോലിക്കോസ് തീരുമാനിച്ചു അദ്ദേഹം അതിനു വേണ്ടി മുളന്തുരുത്തിക്കടുത്തുള്ള വെട്ടിക്കൽ എന്ന സ്ഥലത്ത് സ്ഥലം കണ്ടെത്തി. 1986 ജനുവരി 1ാം തീയ്യതി അദ്ദേഹം അവിടെ പുതിയ സെമിനാരിയുടെ തറക്കല്ലിട്ടു. ആദായി ജേക്കബ് കോറെപിസ്കോപ്പ ആയിരുന്നു സെമിനാരിയുടെ ആദ്യ പ്രിൻസിപ്പൽ.[2]

ആരാധനാക്രമം

തിരുത്തുക

1987 ഓഗസ്റ്റ് 22ന് കുർബാന ക്രമത്തിലെ തുബ്ദേൻ പ്രാർത്ഥനകളിൽ പ്രദേശിക പ്രധാന്യം ഏറിയ വിശുദ്ധരുടെ പേരുകൾ കൂട്ടിച്ചേർക്കണമെന്ന് കാതോലിക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന സുന്നഹദോസ് പാത്രിയാർക്കീസിനോട് ശുപാർശ ചെയ്തു. ഇതിനെ തുടർന്ന് തോമാശ്ലീഹായുടെ പേര് നാലാം തുബ്ദേനിലും ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ, ബസേലിയോസ്‌ യൽദോ, പരുമല തിരുമേനി എന്നിവരുടെ പേരുകൾ അഞ്ചാം തുബ്ദേനിൽ കൂട്ടിച്ചേർത്ത് വായിക്കാൻ പാത്രിയർക്കീസ് ഡിസംബർ 20ന് മലങ്കര യാക്കോബായ സഭയ്ക്ക് അനുമതി നൽകി.[2]

യുവജന പരിശീലനത്തിലെ സംഭാവനകൾ

തിരുത്തുക

സഭയുടെ സൺഡേസ്കൂൾ അസോസിയേഷൻ യുവജന അസോസിയേഷൻ എന്നിവ വളർത്തിക്കൊണ്ടുവരുന്നതിനും കാതോലിക്കോസ് നിർണായക പങ്കു വഹിച്ചു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് യുവജന അസോസിയേഷൻ എന്ന പേരിൽ ഒരു പുതിയ സംഘടന അദ്ദേഹത്തിൻറെ കാലത്ത് ആരംഭിച്ചു ഇതുകൂടാതെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർത്തിക്കൊണ്ടു വരുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് ആന്റ് സയൻസ് കോളേജ്, എൻജിനീയറിങ് കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്, പിറവം ആർട്സ് കോളേജ് എന്നിവ ഇവയിൽ ചിലതാണ്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി ആരംഭിച്ചത് അദ്ദേഹം കണ്ടനാട് മെത്രാപ്പോലീത്ത ആയിരുന്നപ്പോഴാണ്. കോതമംഗലം മെഡിക്കൽ മിഷൻ ആശുപത്രി ഉദ്ഘാടനം ചെയ്തതും അദ്ദേഹമാണ്.[2]

അന്ത്യം

തിരുത്തുക
 
കബറിടം

വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് പിറമാടം ദയറയിൽ ആയിരുന്നു ബസേലിയോസ്‌ പൗലോസ് ദ്വിതീയൻ തന്റെ അന്ത്യകാലം ചെലവഴിച്ചത്. 1996 സെപ്റ്റംബർ 1ന് അവിടെ സ്ഥിതി ചെയ്യുന്ന ഒരു പള്ളിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങിയിരിക്കവേ ബസേലിയോസ്‌ പൗലോസ് ദ്വിതീയന് ഹൃദയാഘാതമുണ്ടായി. ചടങ്ങിന് മുഖ്യാതിഥിയായി എത്തിയിരുന്ന മന്ത്രി ടി. എം. ജേക്കബിന്റെ സാന്നിധ്യത്തിലാണ് ഇത് സംഭവിച്ചത്. തുടർന്ന് അദ്ദേഹത്തെ കോലഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അദ്ദേഹം മരണപ്പെട്ടു. ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരികരിച്ചു. 1996 സെപ്റ്റംബർ 1ാം തീയ്യതി രാവിലെ 10:45നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അപ്പോൾ അദ്ദേഹത്തിന്റെ 83 വയസ്സ് പ്രായം ഉണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തിൻറെ ഭൗതികദേഹം കോലഞ്ചേരിയിലും, പിറമാടം ദയറയിലും ഔദ്യോഗിക വസതി ആയ മൂവാറ്റുപുഴ അരമനയിലും പൊതുദർശനത്തിന് വെച്ചു. തുടർന്ന് അദ്ദേഹം മുമ്പേ ആവശ്യപ്പെട്ടിരുന്നത് അനുസരിച്ച് മലേക്കുരിശ് ദയറയിൽ അദ്ദേഹത്തിൻറെ കബറടക്കം നടന്നു. മൃതസംസ്കാര ശുശ്രൂഷകൾക്ക് ക്ലീമിസ് അബ്രഹാം നേതൃത്വം വഹിച്ചു. സഭയിലെയും മറ്റു സഭകളിലും വിവിധ ബിഷപ്പുമാരും പൊതുരംഗത്തെ നിരവധി പ്രമുഖരും വലിയൊരു സമൂഹം ആളുകളും സംസ്കാരച്ചടങ്ങിൽ പങ്കാളികളായി.[2]

  1. 1.0 1.1 "Catholicos Baselios Paulos II Puthussery (1914-1996)". syriacorthodoxresources.org. Retrieved 2023-10-24.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 "Life and legacy of Late Lamented Catholicos Mor Baselios Paulose II". syriacchristianity.org. Archived from the original on 2020-08-15. Retrieved 2023-10-24.