അന്ത്യോഖ്യാ പാത്രിയർക്കീസുമാർ

(അന്ത്യോഖ്യാ പാത്രിയർക്കീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യോഖ്യയിലെ മെത്രാപ്പൊലീത്ത പരമ്പരാഗതമായി വഹിക്കുന്ന സ്ഥാനപ്പേരാണ് അന്ത്യോഖ്യാ പാത്രിയർക്കീസ്. ആദ്യ നൂറ്റാണ്ടുകളിലെ പ്രമുഖ യഹൂദേതര ക്രൈസ്തവസമൂഹങ്ങളിലൊന്ന് എന്ന നിലയിൽ അന്ത്യോഖ്യാ പാത്രിയർക്കീസിനു പ്രമുഖമായ ഒരു സ്ഥാനം പുരാതന ക്രൈസ്തവ ചരിത്രത്തിൽ ഉണ്ട്. അന്ത്യോഖ്യയിലെ ആദ്യ പാത്രിയർക്കീസ് ആയി വിശേഷിപ്പിക്കപ്പെടുന്ന പത്രോസ് ശ്ലീഹാ മുതൽ ഇന്നു വരെ ഈ സ്ഥാനത്തിന്റെ പിന്തുടർച്ച നിലനിൽക്കുന്നു. അന്ത്യോഖ്യ ആസ്ഥാനമായിരിക്കുന്ന അഞ്ചോളം ക്രൈസ്തവ സമൂഹങ്ങൾ ഈ സ്ഥാനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുകയും ഈ സഭകളുടെ തലവന്മാർ അന്ത്യോഖ്യാ പാത്രിയർക്കീസ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. സുറിയാനി ഓർത്തഡോക്സ് സഭ, സുറിയാനി കത്തോലിക്ക സഭ, അന്ത്യോഖ്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ, മെക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭ, മാരൊനൈറ്റ് സഭ എന്നിവയാണ് ഈ സഭകൾ. കുരിശുയുദ്ധങ്ങളുടെ കാലത്ത് ലത്തീൻ കത്തോലിക്ക സഭയുടെ പ്രതിനിധിയായ ഒരു അന്ത്യോഖ്യാ പാത്രിയർക്കീസും ഉണ്ടായിരുന്നു.

അന്ത്യോഖ്യാ പാത്രിയർക്കീസ്
വിവരണം
സഭാശാഖCatholic, Eastern Orthodox, Oriental Orthodox.
ആചാരക്രമംWest Syriac Rite, Byzantine Rite.
സ്ഥാപിതം34 (founded)
451 (granted title of patriarch)

ഈ സഭകളിൽ സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് മാത്രമാണ് സാർവത്രിക സഭയുടെ തലവൻ എന്ന സ്ഥാനനാമം ഉപയോഗിക്കുന്നത്. ഇപ്പോൾ ഈ സ്ഥാനം അലങ്കരിക്കുന്നത് ആണ്. മറ്റുള്ള അന്ത്യോഖ്യൻ പാത്രിയർക്കീസുമാരിലേറെയും റോമിലെ പോപ്പിന്റെ സാമന്തരും ഒരാൾ കോൺസ്റ്റാന്റിനോപ്പിളിനോട് ബന്ധപ്പെട്ട ബൈസാന്തിയൻ പാത്രിയർക്കീസുമാണ്.

ചരിത്രംതിരുത്തുക

പുരാതന സിറിയയിലെ ഒരു പ്രധാന പട്ടണമായിരുന്നു അന്ത്യോഖ്യ. യേശുക്രിസ്തുവിന്റെ അനുയായികളെ ക്രിസ്ത്യാനികൾ എന്ന് വിളിക്കാൻ തുടങ്ങിയത് ഈ നഗരത്തിലെ പൗരന്മാരാണ്. അന്ത്യോഖ്യാ സഭയുടെ ആദ്യത്തെ ബിഷപ്പ് വിശുദ്ധ പത്രോസ് ആണെന്നു വിശ്വസിക്കപ്പെടുന്നു. പത്രോസ് പില്ക്കാലത്ത് റോമിലേക്ക് പോയി അവിടത്തെ ബിഷപ്പ് ആയും അറിയപ്പെട്ടു.

എ.ഡി. 4-ആം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായതിനെത്തുടർന്ന് സാമ്രാജ്യത്തിലെ പ്രമുഖ നഗരങ്ങളായ റോം, അലക്സാൻഡ്രിയ, അന്ത്യോഖ്യാ എന്നിവിടങ്ങളിലും പില്ക്കാലത്ത് പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിലും ഉള്ള മേല്പട്ടക്കാർ പാത്രിയർക്കീസ് എന്നറിയപ്പെട്ടു (വിശുദ്ധ നഗരമാണ് ജെറുസലേം എന്ന പരിഗണനയിൽ ജറുസലേമിലെ മേല്പട്ടക്കാരനെയും പാത്രിയർക്കീസ് എന്ന് ആദരസൂചകമായി സംബോധന ചെയ്തു വന്നിരുന്നു).

5-ആം നൂറ്റാണ്ടിൽ ഈ നാല് പ്രധാന പാത്രിയർക്കാ സിംഹാസനങ്ങൾ രണ്ട് വിഭാഗങ്ങളിലായി. അലക്സാൻഡ്രിയയും അന്ത്യോഖ്യയും ഒരു വശത്തും, റോമും കോൺസ്റ്റാന്റിനോപ്പിളും മറുവശത്തും. പില്ക്കാലത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുണ്ടായ മത്സരങ്ങളുടെ ഫലമായി കോൺസ്റ്റന്റയിൻ ചക്രവർത്തി ഏർപ്പെടുത്തിയ ഏകോപിത സംവിധാനം ഒട്ടാകെ തകരാറിലായി. അതിന്റെ തുടർച്ചയായി അന്ത്യോഖ്യയിലും അലക്സാൻഡ്രിയയിലും തങ്ങളോട് വിധേയത്വമുള്ള പാത്രിയർക്കീസുമാരെ റോമും കോൺസ്റ്റാന്റിനോപ്പിളും നിയമിച്ചു.

ഇപ്പോഴത്തെ പാത്രിയർക്കീസന്മാർതിരുത്തുക

  • ഇഗ്നാത്തിയോസ് അപ്രേം II - അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് എന്ന വിശേഷണം ഉപയോഗിക്കുന്നു. അന്ത്യോഖ്യൻ ആരാധനാക്രമം ഉപയോഗിക്കുന്നതും ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിൽ പെടുന്നതുമായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനാണ് ഇദ്ദേഹം. ദമാസ്കസ് ആണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.
  • ഗ്രിഗറി III ലഹാം - അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും അലക്സാൻന്ത്രിയയുടെയും ജറുസലേമിന്റെയും ഗ്രീക്ക് മെൽക്കെറ്റ് പാത്രിയർക്കീസ് എന്ന വിശേഷണം ഉപയോഗിക്കുന്നു. ബൈസാന്ത്യൻ ആരാധനാക്രമം ഉപയോഗിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭാകുടുംബത്തിൽ ഉൾപ്പെട്ടതും അഗോള കത്തോലിക്കാ സഭയുമായി പൂർണ്ണ സംസർഗ്ഗത്തിലുള്ള മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനാണ് ഇദ്ദേഹം. ദമാസ്കസ് ആണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.
  • ഇഗ്നേഷ്യസ് ജോസഫ് III യോനാൻ - അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും സുറിയാനി പാത്രിയർക്കീസ് എന്ന വിശേഷണം ഉപയോഗിക്കുന്നു. അന്ത്യോഖ്യൻ ആരാധനാക്രമം ഉപയോഗിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭാകുടുംബത്തിൽ ഉൾപ്പെട്ടതും അഗോള കത്തോലിക്കാ സഭയുമായി പൂർണ്ണ സംസർഗ്ഗത്തിലുള്ള സുറിയാനി കത്തോലിക്ക സഭയുടെ തലവനാണ് ഇദ്ദേഹം. ബെയ്റൂട്ടാണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.
  • ബെക്കാറ ബൗട്റൊസ് റാഹി - മാറോനൈറ്റ് ആരാധനാക്രമം ഉപയോഗിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭാകുടുംബത്തിൽ ഉൾപ്പെട്ടതും അഗോള കത്തോലിക്കാ സഭയുമായി പൂർണ്ണ സംസർഗ്ഗത്തിലുള്ള മാറോനൈറ്റ് കത്തോലിക്ക സഭയുടെ തലവനാണ് ഇദ്ദേഹം. ബെയ്റൂട്ടാണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.
  • ജോൺ X - ബൈസാന്ത്യൻ ആരാധനാക്രമം ഉപയോഗിക്കുന്ന പൗരസ്ത്യ ഓർത്തഡോക്സ് സഭാകുടുംബത്തിൽ ഉൾപ്പെട്ടതുമായ അന്ത്യോഖ്യൻ ഓർത്തഡോക്സ് സഭയുടെ തലവനാണ് ഇദ്ദേഹം. ദമാസ്കസ് ആണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.

കേരള-അന്ത്യോഖ്യാ സഭാബന്ധംതിരുത്തുക

കേരളത്തിലെ ക്രൈസ്തവരിൽ പാത്രിയർക്കീസിനെ അംഗീകരിക്കുന്നവർക്ക് സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസുമായി മാത്രമാണ് ബന്ധമുള്ളത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ യാക്കോബായ എന്നും ഓർത്തഡോക്സ് എന്നും അറിയപ്പെടുന്ന വിഭാഗങ്ങൾക്കാണ് അന്ത്യോഖ്യയുമായി ബന്ധമുള്ളത്. ഈ ബന്ധത്തിന്റെ ചരിത്രം സംബന്ധിച്ചോ സ്വഭാവം സംബന്ധിച്ചോ ഇവർക്കിടയിൽ അഭിപ്രായൈക്യമില്ല. ആദ്യം മുതൽ ബന്ധമുണ്ടായിരുന്നുവെന്നു പറയുന്നവരും 17-നൂറ്റാണ്ടിലാണ് ഈ ബന്ധം ആരംഭിച്ചത് എന്ന് വാദിക്കുന്നവരുമുണ്ട്. ആദ്യ വിഭാഗം പാത്രിയർക്കീസിന് ഭാരതത്തിലെ സഭയിൽ ഭരണാധികാരവും കൂടെയുണ്ട് എന്ന് വിശ്വസിക്കുമ്പോൾ മറുഭാഗം പാത്രിയർക്കീസിന് ആത്മീയ മേലധ്യക്ഷത മാത്രമാണുള്ളത് എന്ന് വാദിക്കുന്നു. ഈ തർക്കം കോടതിവിധികളോടനുബന്ധിച്ച് തീരുകയും പുനർജനിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കേരളത്തിലെ യാക്കോബായ, ഓർത്തഡോക്സ് സഭകൾക്ക് പുറമേ മലങ്കര മാർത്തോമ്മാ സുറിയാനി സഭയും മലങ്കര കത്തോലിക്കസഭയും ആരാധനാക്രമങ്ങളിലും മേൽപ്പട്ടക്കാരുടെ വസ്ത്രധാരണം, നാമകരണം തുടങ്ങിയ സംഗതികളിലും അന്ത്യോഖ്യൻ സ്വാധീനത്തിന് വിധേയരാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യോഖ്യാ പാത്രിയർക്കീസുമാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.