പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം

തിരുവനന്തപുരം നഗരാതിർത്തിയിലുള്ള പാച്ചല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുണ്യ പുരാതനമായ മുടിപ്പുരയാണ് പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം. ആണ്ടുതോറും നേർച്ചതൂക്കം നടക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണിത്. ദക്ഷിണഗയ എന്ന്‌ അറിയപ്പെടുന്ന തിരുവല്ലം പരശുരാമക്ഷേത്രത്തിന്‌ കുറച്ചു തെക്കുമാറിയാണ്‌ പാച്ചല്ലൂർ പ്രദേശം.

'പാച്ചല്ലൂരമ്മയുടെ തിരുനട.'

ഉത്സവം കൊടിയേറുന്നതോടെ പിന്നെയുള്ള 9 ദിനങ്ങൾ ജാതി-മത ഭേന്യേ ആഘോഷതിമിർപ്പിലാകും പാച്ചല്ലൂർ പ്രദേശം. മനുഷ്യർ മതിലുകൾ കെട്ടി ഉയർത്തുമ്പോൾ, പാച്ചല്ലൂരിൽ എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നു. ഉത്സവ ലഹരി നാനാ ജാതി-മതവും കടന്നു ഹൃദയത്തിൽ ആറാടുന്ന പ്രദേശം; അതാണ്‌ പാച്ചല്ലൂർ.

ക്ഷേത്ര ഐതിഹ്യം

തിരുത്തുക

ഒരു കാലത്ത് ആയ് രാജ്യത്തിൻറെ തലസ്ഥാനമായിരുന്ന വിഴിഞ്ഞം, പതിന്നാലാം നൂറ്റാണ്ടിൽ വേണാടിൽ ലയിക്കുന്നതിനു മുൻപ് ആ പ്രദേശത്തിനു ചുറ്റുമായി വിരാജിച്ചിരുന്ന അറുപത്തിനാല് ശൈവസങ്കേതങ്ങളിൽ മുഖ്യമായ ഒന്നാണ് പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ക്ഷേത്രം. പതിന്നാലാം നൂറ്റാണ്ടിൽ വിഴിഞ്ഞത്തിനടുത്ത് ആവ്വാടുതുറയിൽ ജീവിച്ചിരുന്ന പ്രസിദ്ധ കവി അയ്യിപ്പിള്ള ആശാൻ രചിച്ച രാമകഥപ്പാട്ടിലെ രാമ-രാവണയുദ്ധം, വില്ലടിച്ചാൻ പാട്ട് രൂപേണ അക്കാലത്ത് തന്നെ നാട്ടാശാന്മാർ ഇവിടുത്തെ ഉത്സവ വേളകളിൽ അവതരിപ്പിച്ചിരുന്നു.

പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ക്ഷേത്രത്തിൻറെ ഉത്പത്തിയെക്കുറിച്ച് ഇങ്ങനെയും ഒരു ഐതിഹ്യമുണ്ട്. പാച്ചല്ലൂർ വലിയവിള കുടുംബത്തിലെ പരമ ഭാഗവതനായ ഒരു ആചാര്യൻ പണ്ഡിതനായ ഒരു യോഗിയുമൊരുമിച്ചു യാത്ര ചെയ്ത് മടങ്ങുമ്പോൾ ഒരു വടവൃക്ഷത്തണലിൽ രണ്ടു സ്ത്രീകൾ ക്ഷീണിതരായി ഇരിക്കുന്നത് കാണുവാനിടയായി. അന്വേഷണത്തിൽ അവർ കൊടുങ്ങല്ലൂരിൽ നിന്നും പശ്ചിമതീരം വഴി നടന്നു വന്നവരാണെന്ന് മനസ്സിലായി. ഇവർക്ക് ആ മഹാ പണ്ഡിതന്മാർ നാട്ടുവാഴയുടെ തുമ്പിലയിൽ കരിക്കും മലരും പഴവും നൽകി. കാരണവർ തിരികെ വീട്ടിലെത്തുമ്പോൾ സഹോദരിമാരിൽ ഒരാൾ വലിയവിള കുടുംബത്തിലെ ആരാധനസ്ഥാനത്ത് ഉപവിഷ്ടയായിരിക്കുന്നത് കണ്ടപ്പോൾ അത്ഭുതസ്തബ്ദനായിപ്പോയി. പിറ്റേന്ന് രാവിലെയായപ്പോഴെയ്ക്കും ആ ദിവ്യതേജസ്വിനി അപ്രത്യക്ഷയായി, പകരം ആ സ്ഥാനത്ത് അപൂർവ്വമായ രീതിയിൽ തെളിഞ്ഞ് ഒളികൊള്ളുന്ന തരത്തിൽ ഒരു നെയ്ത്തിരിനാളം കാണപ്പെട്ടു. വലിയവിള തറവാട്ടിലെ ഭക്തദേശികന് കാലാന്തരത്തിൽ ദേവിയുടെ ദർശനം ലഭിച്ചുകൊണ്ടേയിരിന്നു. ആ ദർശങ്ങൽക്കനുസൃതമായി രൂപം കൊണ്ട ദേവീഗൃഹമാണ് പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ക്ഷേത്രം.

ദേവി മനുഷ്യരൂപത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ നൽകിയ വിഭവങ്ങളായ കരിക്കും മലരും പഴവും തന്നെയാണ് ഇപ്പോഴും ഇവിടുത്തെ പ്രധാന പൂജാനിവേദ്യങ്ങൾ. പൂർവ്വാചാര്യ സമ്പ്രദായം ഇന്നും നിലനിൽക്കുന്ന ഈ ക്ഷേത്രത്തിൽ സാത്വികമായ പൂജാ സമ്പ്രദായമാണ് അനുവർത്തിച്ചുപോരുന്നത്.

വലിയവിള കാരണവർക്ക് ദർശനം നൽകിയ സ്ത്രീ കൊടുങ്ങല്ലൂരിൽ നിന്നും വന്നതിനാലാവണം, ഉത്സവവേളകളിൽ കണ്ണകിചരിതമാണ് ഭദ്രകാളിപ്പാട്ടായി പാടിപ്പോരുന്നത്.

ബ്രാഹ്മണസ്ത്രീയാൽ ശപിക്കപ്പെട്ട നാട് ദേവീകടാക്ഷത്താൽ സംരക്ഷിച്ചുപോരുന്നു എന്ന മറ്റൊരു ഐതിഹ്യവും ക്ഷേത്ര ഉത്പത്തിയെപ്പറ്റി നിലനിന്നുപോരുന്നുണ്ട്.

പ്രതിഷ്ഠകൾ

തിരുത്തുക

ശ്രീകോവിലിൽ ദേവി ഭദ്രകാളി, ശാന്തസ്വരൂപിണിയായി വടക്കോട്ട്‌ ദർശനമേകുന്നു. കന്നിമൂലയിൽ ഗണപതിയും തൊട്ടടുത്ത്‌ ശാസ്താവും കാവിൽ നാഗരുമുണ്ട്‌. ക്ഷേത്രമുറ്റത്ത്‌ ഒരു മൂട്ടിൽ കുറെ ആലുകൾ. കൂട്ടത്തിൽ അരശുപാലയുമുണ്ട്. തറകെട്ടി ഭദ്രമായി സൂക്ഷിച്ചിട്ടുള്ള ഇവിടെ കൺഠാകർണൻ സാന്നിധ്യവുമുണ്ട്‌. ദേവിയുടെ സഹോദരനെന്ന്‌ സങ്കൽപം. വീരഭദ്രനും യോഗീശ്വരനും ആൽത്തറയിൽപൂജിച്ചു വരുന്നു.

ഔഷധ സസ്യങ്ങളും വേറിട്ട മരങ്ങളും നിറഞ്ഞ ഒരു കാവും കുളവും ക്ഷേത്രാങ്കണത്തിൽ ഉണ്ട്. തിരുവനന്തപുരം ജില്ലയിലുള്ള കാവുകളിൽ വലുപ്പംകൊണ്ടും ആയുസ്സുകൊണ്ടും പ്രാധാന്യമുള്ള കാവാണ്‌ പാച്ചല്ലൂർ മുടിപ്പുരയിൽ ഉള്ളത്.

നിത്യപൂജയുണ്ട്‌ വൈകുന്നേരമാണ്‌. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രണ്ടുനേരം പൂജ. അന്ന്‌ പൊങ്കാലയുണ്ട്‌. കടുംപായസ്സമാണ്‌ പ്രധാന വഴിപാട്‌.

ജ്യേഷ്ഠ സഹോദരിയായ ഭഗവതി അൽപ്പം മാറി പാച്ചല്ലൂർ ഭഗവതി ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നു. മഹിഷാസുര മർദിനി, ദുർഗ്ഗാ ദേവി എന്നീ ഭാവങ്ങളിൽ ഇവിടെ പൂജിച്ചു വരുന്നു.

സാമുഹിക പ്രസക്തി

തിരുത്തുക

ഭക്തിയിലും ആത്മീയതയിലും മാത്രമല്ല സാമൂഹികപരമായ കടമയും നിർവഹിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ക്ഷേത്രം. കേരളത്തിലെ, പ്രത്യേകിച്ച്, തെക്കൻ തിരുവിതാംകൂറിലെ സാമൂഹിക പരിവർത്തനത്തിന് മാതൃകയാകുക എന്ന ചരിത്രപരമായ കടമയും ഇവിടുത്തെ ആചാരനുഷ്ടാനങ്ങൾക്കുണ്ട്.

ഏതാണ്ട് അഞ്ഞൂറ് വർഷത്തിന് മേൽ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പൂജാരി അബ്രാഹ്മണനാണ്. കൊല്ല സമുദായത്തിൽപെട്ട കുടുംബങ്ങളാണ് ഇവിടെ പൂജ ചെയ്യുന്നത്. ഉത്സവ ദിനങ്ങളിലെ ആചാരങ്ങൾക്കുമുണ്ട് സവിശേഷതകൾ. നേർച്ചത്തൂക്കത്തിനുള്ള വടം ഈഴവ സമുദായത്തിൽ നിന്നുമാണ്. മണ്ണാർ സമുദായത്തിൽ നിന്നുള്ള കച്ചയും, അരയ സമുദായത്തിൽ നിന്നും ഉള്ള ചണവും ഉപയോഗിച്ചാണ് ആശാരി സമുദായത്തിൽ നിന്നുള്ളവർ തൂക്കവില്ലോരുക്കുന്നത്.

നേർച്ചത്തൂക്കത്തിനായുള്ള പള്ളിപ്പലകയിൽ പണം വയ്പ്പ് കർമ്മത്തിന് പരികർമ്മിയായി ഇരിക്കുന്നത് തട്ടാർ സമുദായത്തിൽ നിന്നുള്ള അംഗമാണ്. ദേവിയ്ക്കുള്ള അകമ്പടി കൊട്ട് പാണർ സമുദായത്തിൽ നിന്നാണ്‌. ക്ഷേത്രത്തിലെ വെട്ടിയൊരുക്ക് കർമ്മങ്ങൾ ചെയ്യുന്നതിനുള്ള അവകാശം തണ്ടാർ സമുദായത്തിൽ നിക്ഷിപ്തമായിരിക്കുന്നു. നേർച്ചത്തൂക്കത്തിനായി വ്രതമെടുത്ത് ദേവീദാസന്മാരാകുവാനും നേർച്ച വില്ലിൽ തൂങ്ങുവാനും ഉള്ള അവകാശം ക്ഷേത്രകാര്യങ്ങളിൽ വിശ്വാസമുള്ള എല്ലാ ഹിന്ദുമത വിശ്വാസികൾക്കും ജാതി വർഗ്ഗ ഭേദമേന്യേ അനുവദിച്ചു പോരുന്നുണ്ട്.

കേരളത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിനും നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ സവർണ്ണനെന്നോ അവർണ്ണനെന്നോ വേർതിരിവില്ലാതെ ദേവിയുടെ മുന്നിൽ എല്ലാവരും സമന്മാരാണ് എന്ന ആപ്തവാക്യം മുഴക്കി ഒരു സമൂഹം ഒന്നടങ്കം പങ്കാളികളായി ദേവിയുടെ ചടങ്ങുകൾ ആചരിച്ചു പോരുന്നു. അതുകൊണ്ടുതന്നെ, ഇവിടുത്തെ ആചാരനുഷ്ടാനങ്ങൾക്കും ഉത്സവത്തിനും ചരിത്രപരമായ പ്രാധാന്യം അവകാശപ്പെടാനുണ്ട്.

നേർച്ചതൂക്ക മഹോത്സവം

തിരുത്തുക

പാച്ചല്ലൂർ ക്ഷേത്രത്തിൽ ഭദ്രകാളി ദേവിയും അസുര ചക്രവർത്തിയായ ദാരികനും തമ്മിലുള്ള യുദ്ധത്തിന്റെ പുനരാവിഷ്കരണം നടത്തിയാണ് എല്ലാ വർഷവും നേർച്ചത്തൂക്ക മഹോത്സവം ആഘോഷിക്കുന്നത്. തെക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ മാത്രം കണ്ടു വരുന്ന ഒരു ക്ഷേത്രാചാരമാണ് തൂക്കം അഥവാ പിള്ളത്തൂക്കം. ചോറൂണു കഴിയാത്ത കുഞ്ഞുങ്ങളുമായി ദേവീദാസൻമാർ തുക്കവില്ലിലേറി ക്ഷേത്രത്തെ വലം വയ്ക്കുന്ന ചടങ്ങാണ് തുക്കം എന്നറിയപ്പെടുന്നത്.

‌കുംഭമാസത്തെ മകയിരം നക്ഷത്രത്തിൽ കൊടിയേറി അതിനു ശേഷം വരുന്ന പുരം നക്ഷത്രത്തിൽ ആണ് പാച്ചല്ലുരിൽ നേർച്ചത്തൂക്കം ആരംഭിക്കുന്നത്. ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് അതേ ദിവസമാണ് സാധാരണ പാച്ചല്ലുർ തുക്കവും നടന്നു വരാറ്. എന്നാൽ മൂന്നു വർഷത്തിലൊരിക്കൽ ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞാണ് പാച്ചല്ലുർ തൂക്കം നടക്കുന്നത്.

കൊടിമരം മുറിക്കുന്നതാണ് ചടങ്ങുകളിൽ ആദ്യത്തേത്. ആർപ്പുവിളിയും, ചെണ്ടമേളവും, ആചാരവെടിയുമൊക്കെ ആയാണ് ഉത്സവം തുടങ്ങി എന്ന് നാട്ടുകാരെ അറിയിക്കുന്നത്.

ഒന്നാം ഉത്സവദിവസം പള്ളിപ്പലകയിൽ പണംവയ്പു കർമ്മം കൊണ്ടുദ്ദേശിക്കുന്നത് ദാരികനെതിരെ ദേവിയോടുചേർന്ന് തിന്മയ്‌ക്കെതിരെ പോരാടാൻ പടയിൽ ആളുകളെ കൂട്ടുന്നതിലേക്കാണ്. "ഞാൻ നന്മയുടെ ഭാഗത്തുനിന്ന് ദാരികനെതിരെ യുദ്ധം ചെയ്തു കൊള്ളാം" എന്നും "മരണം വരെ ദേവിയോടൊപ്പം നിലകൊള്ളും" എന്നും സത്യം ചെയ്തു പള്ളിപ്പലക ദേവിയുടെ പാദമായി സങ്കല്പിച്ചു മനസ്സിനും ശരീരത്തിനും പകരമായി പണം സമർപ്പിക്കുന്നു. ഈ സമയം മുതൽ സൂര്യൻ ഉദിക്കുന്നതിനു മുൻപും അസ്തമിച്ചതിനു ശേഷവും പടയാളികൾ യുദ്ധപരിശീലനം നടത്തുന്നു. ഇതാണ് ദേവീദാസന്മാരുടെ നമസ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത്.

രണ്ടാം ദിവസം മുതൽ ദേവി ദാരികനെ തേടി തെക്കും, കിഴക്കും, വടക്കും, പടിഞ്ഞാറും ചുറ്റി സഞ്ചരിക്കുന്നു. എല്ലാ വീടുകളിലും കാണുന്നവരോടെല്ലാം ദാരികനെ കുറിച്ച് അന്വേഷിക്കുന്നു. "നിങ്ങൾ ദാരികനെ കണ്ടോ? അധർമ്മിയാണവൻ. ധർമം നിലനിർത്തണമെങ്കിൽ ദാരികനെ നശിപ്പിച്ചേ തീരു" എന്ന് ദേവി ജനങ്ങളോട് പറയുന്നു. തങ്ങൾ കണ്ടില്ല. കാണുകയാണെങ്കിൽ ദേവിയുടെ വാസസ്ഥാനത്തു വന്ന് അറിയിക്കാം എന്ന് പറഞ്ഞു പഴങ്ങളും, പൂവും, സുഗന്ധദ്രവ്യങ്ങളും സമർപ്പിച്ചു വണങ്ങുന്നു. ഇതാണ് ദേവിയുടെ ഊരുചുറ്റിയുള്ള തട്ടനിവേദ്യ സ്വീകരണം കൊണ്ടുദ്ദേശിക്കുന്നത്.

അഞ്ചു ദിവസവും ഭൂമിയിൽ തിരഞ്ഞിട്ട് കാണാത്തതുകൊണ്ട് ആറാം ദിവസം ദേവി സന്ധ്യാസമയം ആകാശത്തു ദാരികനെ തിരയാനായി പോകുന്നു. ഇതാണ് വണ്ടിയോട്ടത്തിന്റെ ഉദ്ദേശം. തച്ചന്മാരെ ദേവിയായി സങ്കൽപ്പിച്ചു വില്ലിൽ കെട്ടി ഉയർത്തി നാലുപാടും ദാരികനെ തിരയുന്നു.

ആകാശത്തു ദാരികൻ ഉണ്ടെന്നു മനസ്സിലാക്കിയ ദേവി ഏഴാം ദിവസം ഭടന്മാരുമായി ദാരികനോട് യുദ്ധം ചെയ്യാൻ ആകാശത്തിലേക്ക് പോകുന്നു. ഇതാണ് നേർച്ചതൂക്കം കൊണ്ടുദ്ദേശിക്കുന്നത്. ദേവിയെ കുഞ്ഞിനോടുപമിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. യുദ്ധം നടക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നതിലേക്കാണ് ചൂണ്ടകുത്തി രക്തം കാണിക്കുന്നത്. ആകാശത്തു യുദ്ധം മുറുകുമ്പോൾ ദാരികന് ഭൂമിയിലേക്ക് വരേണ്ടിവരുന്നു. ഭൂമിയിൽ വെച്ച് അതിശക്തമായ യുദ്ധം നടക്കുന്നു.

‌തുക്കത്തിന്റെ അതേ ദിവസം വില്ല് മനോഹരമായി അലങ്കരിച്ച് ക്ഷേത്രനടയിൽ സ്ഥാപിക്കും. ഭദ്രകാളി പാട്ടിന്റെ നിശ്ചിത സമയത്ത് (പാലകനെ തൊട്ടുന്ന ഭാഗം) വില്ലുയർത്തി തൂക്കത്തിന് പാച്ചല്ലുരമ്മയുടെ അനുഗ്രഹവും അനുവാദവും തേടും. തൂക്ക മഹോൽസവം നടക്കുന്ന ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരത്തിലുള്ളതും അലങ്കാരം കുടുതലുള്ളതും പാച്ചല്ലുർ നേർച്ചത്തൂക്കവില്ലാണ്. നെടുഞ്ചട്ടം, കുറിഞ്ചട്ടം, ബന്ധം, ശൂലം, കട്ടള, ആപ്പ്, വില്ല്, ചക്രങ്ങൾ എന്നിവ ചേർന്നതാണ് തൂക്കവില്ല്. തറനിരപ്പിൽ നിന്നും ഏകദേശം 40 അടിയോളം ഉയരത്തിലാണ് ദേവീദാസനെ വഹിക്കുന്ന തൂക്കവില്ല് സ്ഥിതി ചെയ്യുന്നത്. ഉച്ചയ്ക്ക് തുടങ്ങി അടുത്ത ദിവസം പുലർച്ചെ വരെ നീളും തൂക്കം.

ആറു യുദ്ധത്തിലും തോൽക്കുന്ന ദേവി ഒരു വൃദ്ധ സ്ത്രീയുടെ രൂപത്തിൽ ദാരികന്റെ വീട്ടിൽ എത്തി കളവു പറഞ്ഞ് ദാരികന്റെ ഭാര്യയിൽ നിന്നും ദാരികൻ ശിവ ഭഗവാനിൽ നിന്നുനേടിയ മന്ത്രവാൾ കൈക്കലാക്കി യുദ്ധക്കളത്തിൽ എത്തിയ ദേവി ഏഴാമത്തെ യുദ്ധത്തിൽ ദാരികനെ നിഗ്രഹിക്കുന്നു. ഈ ചടങ്ങാണ് നേർച്ചത്തൂക്കം കഴിഞ്ഞുള്ള കളങ്കാവൽ കൊണ്ടുദ്ദേശിക്കുന്നത്. വാളും, പരിചയുമായി ഭടന്മാരായ ദേവീദാസന്മാരും യുദ്ധക്കളത്തിൽ പങ്കു ചേരുന്നു.

യുദ്ധം കഴിഞ്ഞാൽ മൃഷ്ടാന്നം, ഇതാണ് എട്ടാം ദിവസത്തെ നേർച്ചപോങ്കാല കൊണ്ട്‌ ഉദ്ദേശിക്കുന്നത്.

ദാരികനെ കണ്ടെത്തുവാൻ ദേവിയെ സഹായിച്ച എല്ലാ നാട്ടുകാർക്കും ഒരു നന്ദി പറച്ചിലാണന്നു നാടുനീളെ ദേവി നടന്നു തട്ട നിവേദ്യ പൂജ ഏറ്റുവാങ്ങുന്നതു കൊണ്ടുദ്ദേശിക്കുന്നത്. പിന്നെ നന്മയുടെ വിജയത്തിൽ ദേവിയുടെ ആഹ്ലാദപ്രകടനം. ഇതാണു കളങ്കാവൽ കൊണ്ടുദ്ദേശിക്കുന്നത്. അസുര വാദ്യത്തിൻറെ താളത്തിനൊപ്പം ചുവട് വെച്ച് നൃത്തം ചെയ്ത് ഭക്തരുടെ കണ്ണുകൾക്ക് ദർശനപുണ്യവും മനസ്സിൽ ഭക്തിയുടെ അമൃതും നിറച്ച് പാച്ചല്ലൂരമ്മ എഴുന്നള്ളി വരുന്ന കാഴ്ച വിവരണാതീതമാണ്. തിന്മയ്‌ക്കെതിരെ നന്മ ജയിച്ച സന്തോഷം കൊണ്ട് സന്തോഷം കൊണ്ട് ദേവിയെ സ്വീകരിക്കുന്ന ചടങ്ങാണ് ചമയവിളക്ക്.

ഒൻപതാം ദിവസം ഗുരുസികൊണ്ട് ഉദ്ദേശിക്കുന്നത് യുദ്ധം ചെയ്യുന്നതിന് ദേവിയിൽ തമോഗുണം ഉണ്ടായിവരണം. അങ്ങനെ മായയിൽ ഉണ്ടായ തമോഗുണത്തെ ബലിചെയ്യലാണ് ഗുരുസി.

ജനപ്രിയ സംസ്കാരത്തിൽ

തിരുത്തുക

ചലച്ചിത്രം:

  • ആഴിയ്ക്കൊരു മുത്ത്‌ (1989)
  • കിഴക്കുണരും പക്ഷി (1991) - സൌപർണ്ണികാമൃത വീചികൾ പാടും എന്ന ചലച്ചിത്ര ഗാനത്തിൽ.

പുസ്തകം:

  • പാച്ചല്ലൂർ പതികം by പാച്ചല്ലൂർ പി. ദേവരാജൻ [1] - ജാതിക്കെതിരായ മലയാളത്തിലെ ഏറ്റവും പ്രാചീനമായ കാവ്യം. രചയിതാവ് 14ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അജ്ഞാതനായ ഒരു മഹായോഗി.  700 വർഷങ്ങൾക്കു ശേഷം ഈ കാവ്യത്തെ മലയാള സാഹിത്യ-സാമൂഹിക ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്ന ശ്രദ്ധേയമായ പുസ്തകം.
  • "പാച്ചല്ലൂർ പതികം – SIGN BOOKS" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-06-12. Retrieved 2021-06-12.