തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം

കേരളത്തിലെ ഏക പരശുരാമക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം. പരബ്രഹ്മസ്വരൂപനായ പരശുരാമനെ ചതുർബാഹു മഹാവിഷ്ണുവിന്റെ രൂപത്തിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ താമരക്ക് പകരം പരശുരാമന്റെ ആയുധമായ മഴുവാണു പ്രതിഷ്ഠയിൽ ഉള്ളത്‌ [1]. കൂടാതെ ശിവനും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നുണ്ട്. ശിവപ്രതിഷ്ഠയ്ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദർശനമുള്ള ഈ ക്ഷേത്രത്തിലെ ഉപദേവന്മാർ മത്സ്യമൂർത്തി, ശ്രീകൃഷ്ണൻ, ഗണപതി, വേദവ്യാസൻ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ്. കോവളം ബീച്ചിൽ നിന്നും 6 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്ററിനും അകലെയായി കരമനയാറും പാർവ്വതീപുത്തനാറും കിള്ളിയാറും സംഗമിക്കുന്ന സ്ഥലത്തോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. [2] മരണാനന്തര കർമ്മമായ ബലിതർപ്പണമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണം. അമ്മക്ക് പുനർജ്ജന്മം നേടിക്കൊടുത്ത ഭഗവാൻ പരശുരാമന്റെ സന്നിധിയിൽ ബലിയർപ്പിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇവിടെ കർക്കിടകവാവിന് ബലിയർപ്പിച്ചാൽ ഒരു വർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യമുണ്ട് എന്നും വിശ്വാസമുണ്ട്.

Sree Parasurama Temple
Temple Gate
LocationThiruvallam, Kerala, India
TypeCultural
State Party ഇന്ത്യ
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം is located in India
തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം
Location in Kerala, India

ഐതിഹ്യം തിരുത്തുക

സന്യാസം നേടി നാട്ടിലെത്തിയ ശങ്കരാചാര്യർ തന്റെ അമ്മയുടെ ബലിതർപ്പണം നടത്താനായി ഇവിടെയെത്തിയപ്പോൾ ബ്രഹ്മാവ്, പരശുരാമൻ, പരമശിവൻ എന്നിവർ അദ്ദേഹത്തിന് ദർശനമേകുകയും തുടർന്ന് അദ്ദേഹം മൂവരെയും പ്രതിഷ്ഠിയ്ക്കുകയും ചെയ്തുവെന്നാണ് കഥ. അതിനാൽ ഓംകാരപ്പൊരുളായ ത്രിമൂർത്തികളുടെ സാന്നിധ്യം ഇവിടെയുണ്ട് എന്നാണ് വിശ്വാസം.

ബലിതർപ്പണം തിരുത്തുക

ക്ഷേത്രത്തിനകത്തുതന്നെ ബലിതർപ്പണം നടത്താൻ സാധിയ്ക്കുന്ന ഏക ക്ഷേത്രമാണ് തിരുവല്ലം. ദിവസവും ഇവിടെ ആയിരങ്ങൾ ബലിയിടാൻ വരാറുണ്ട്. ഇതിനായി വരുന്നവർ അടുത്തുള്ള നദിയിൽ കുളിച്ച് ഈറനോടെ വന്നിട്ട് വേണം ഇത് ചെയ്യാൻ. കർക്കടകം, തുലാം, മകരം എന്നീ മാസങ്ങളിലെ അമാവാസിയ്ക്ക് ക്ഷേത്രത്തിൽ വൻ തിരക്കായിരിയ്ക്കും.

തുലാമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ട് വരുന്ന വിധത്തിലാണ് ക്ഷേത്രോത്സവം. പത്തുദിവസവും ഗംഭീരൻ പരിപാടികളായിരിയ്ക്കും. പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന അതേ സമയത്താണ് തിരുവല്ലത്തും ഉത്സവം നടക്കുന്നത്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. തിരുവല്ലം കേരളത്തിലെ ഏക പരശുരാമക്ഷേത്രം, വെബ് ദുനിയാ
  2. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം - കോവളം - Native Planet Malayalam: