ആശാരി

(തച്ചൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിശ്വകർമ്മ സമുദായത്തിൽ മരപ്പണി മുഖ്യ തൊഴിലാക്കിയ വിഭാഗമാണ് ആശാരി. ഈ വിഭാഗത്തിലെ പുരുഷന്മാരെ മാത്രം തൊഴിൽപരമായി സംബോധന ചെയ്യുന്ന വാക്കാണ് ഇത്. പണിക്കൻ, കണക്കൻ, തച്ചൻ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. വിവാഹിതരായ സ്ത്രീകൾ പേരിന്റെ കൂടെ അമ്മാൾ എന്ന നാമം വെക്കാറുണ്ട്. കേരളത്തിലെ ശില്പകലാ പാരമ്പര്യത്തിൽ ഈ സമുദായത്തിലെ പ്രഗൽഭരായ തച്ചന്മാരുടെ കരവിരുതുകൾ മറക്കാനാവാത്തവയാണു്.

വേദങ്ങളിൽ

വേദങ്ങളിൽ രഥകാരൻ, തക്ഷകൻ, സൂത്രധാരൻ, സ്ഥപതി, കഷ്ടകാരൻ തുടങ്ങിയ പേരിലെല്ലാം ഈ വിഭാഗത്തെ പറ്റി പരാമർശിക്കുന്നുണ്ട്. ഇത് ഇവർ വേദ കാലങ്ങളിലും ഒരു പ്രത്യെക വിഭാഗമായിരുന്നു എന്ന് കാണിക്കുന്നു.

തൊഴിൽ

ഗ്രാമത്തിൽ തൊഴിൽപരമായി ഇവർക്ക് ഒരു തലവൻ/ കാര്യസ്ഥൻ ഉണ്ടായിരിക്കും, ഇദ്ദേഹത്തെ മൂത്താശാരി എന്നോ കണക്കൻ എന്നോ ആണ് വിളിക്കുക. മുഖ്യ തൊഴിലായ മരപ്പണിയും കൊത്തുപണിയും ഗുരുവായ പിതാവിൽ നിന്നോ മൂത്താശാരിയിൽ നിന്നോ ആണ് പുതിയ തലമുറ പഠിക്കുക. അതുകൊണ്ടുതന്നേ തൊഴിലിലെ പരിചയവും സൂക്ഷ്മതയും കർക്കശമായിരിക്കുന്നു.

ഒരു കാലത്ത് ജാതിമതഭേദമന്യേ മലയാളികളുടെ ഗൃഹ നിർമ്മാണത്തിൽ ആദ്യവസാനം വരെ മൂത്താചാരിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വസ്തുവിൽ സ്ഥാനം കാണൽ മുതൽ കുറ്റിയടിക്കൽ പൂജ, കട്ടള വെയ്ക്കൽ, ഉത്തരം വെയ്ക്കൽ, വാസ്തു ബലി, താക്കോൽ ദാനം, ഗൃഹപ്രവേശനം വരെ മൂത്താചാരിയുടെ സാന്നിദ്ധ്യത്തിൽ ആണ് നടന്നിരുന്നത്. ചിലർ കട്ടള വെയ്ക്കൽ സമയത്തെ നിമിത്തവും മറ്റും നോക്കി ഗൃഹത്തിന്റെ ഐശ്വര്യവും ആയുസും പ്രവചിച്ചിരുന്നു. മൂത്താചാരിമാരിൽ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കണക്കുകളും രൂപകല്പനയും ചെയ്തിരുന്നവരെ സ്ഥപതി എന്നാണ് വിളിച്ചിരുന്നത്.

ആചാരപ്പെടൽ

വാസ്തു വിദ്യയിലും കൊത്തുപണിയിലും മരപ്പണിയിലും മികവു പുലർത്തുന്ന ആശാരിമാരെ ആദരിക്കുന്ന ചടങ്ങ് നിലനിന്നിരുന്നു. രാമായണം കൊത്തിയ വളയും പട്ടും, രാജാവിന്റെ പേര് സ്വന്തം പേരിനോട് ചേർത്തുള്ള ബിരുദവും നല്കിയാണ് ഇവരെ ആദരിച്ചിരുന്നത്. ഈ ചടങ്ങിനെ "ആചാരപെടൽ" എന്നാണ് അറിയപ്പെട്ടിരുന്നത്. ഇങ്ങനെ ആദരിക്കപെട്ടവർ പിന്നീട്ട് ഈ ബിരുദ പേര് ചേർത്ത് അറിയപ്പെട്ടിരുന്നു. ഉദയവർമ്മൻ, കേരളവർമ്മൻ, രവിവർമ്മൻ, രാമവർമ്മൻ, വിശ്വകർമ്മൻ തുടങ്ങിയവ ഇങ്ങനെ കിട്ടിയ പേരുകൾ ആണ്[അവലംബം ആവശ്യമാണ്]. ഇങ്ങനെ രണ്ടുതവണ ആദരിക്കപെട്ടവർ "മേലാചാരി" എന്നും അറിയപ്പെട്ടിരുന്നു.

സമുദായത്തിന്റെ പ്രത്യേകതകൾ‌

ആചാര്യ എന്ന വാക്കിനു സമാനമായ ആചാരി എന്ന കുലനാമവും, ജനന മരണാനന്തര ചടങ്ങുകൾ, വിവാഹം എന്നിവയ്ക്കു ബ്രാഹ്മണരുടെ സമാനമായ പുജാ ചടങ്ങുകളും പൂണൂൽ ധരിച്ച പൂജാരിയും ഈ സമുഹത്തിന്റെ പ്രത്യേകതയാണു. തച്ചന്മാരുടെ മിക്ക തറവാടുകളിലും സർപ്പക്കാവും, സർപ്പപൂജയും നടത്തിയിരുന്നു. "കുരിയാല" എന്ന അസ്ഥിതറ, "വച്ചാരാധന" എന്ന പരദേവതാ പൂജ തുടങ്ങിയവയും, കർക്കിട വാവിന്റെ തലേ രാത്രിയിൽ "വാവട" (അരിപ്പൊടി കൊണ്ട് വാഴ ഇലയിൽ ഉണ്ടാക്കുന്ന പലഹാരം)എന്ന അട പിതൃക്കൾക്കായി പൂജ വെക്കുന്നതും ഈ സമുദായത്തിന്റെ പ്രത്യേകതയാണ്. ഈ സമുദായത്തിലെ വിവാഹം വധുവിന്റെ ഗൃഹത്തിൽ വച്ച് സമുദായ പുരോഹിതന്റെ സാന്നിധ്യത്തിലായിരുന്നു നടന്നിരുന്നത്. മുമ്പ് താലി കെട്ടിനു മുമ്പായി അച്ചാരപണം സ്വീകരിക്കൽ എന്ന ചടങ്ങ് നടത്തിയിരുന്നു. മറ്റ് സമുദായങ്ങളിൽ മരുമക്കത്തായം നിലനിന്നിരുന്നപ്പോൾ ഇവർ മക്കത്തായ സമ്പ്രദായം ആണ് പിന്തുടർന്നത്. മലയാളി തച്ചന്മാർ തങ്ങളുടെ പണിയായുധങ്ങളെ പരിശുദ്ധിയോടെയും പരിപാവനമായും കണ്ടിരുന്നു. മഹാനവമി വിജയദശമി നാളുകളിൽ ഈ ആയുധങ്ങൾ പൂജ വക്കാറുണ്ട്. തമിഴ് തച്ചന്മാർ പണി ആയുധങ്ങൾ കൊണ്ട് മൃഗബലി നടത്താറുണ്ടായിരുന്നു.അതുകൊണ്ട് തന്നെ തമിഴ് തച്ചന്മാരെ ഇഷ്ടപ്പെട്ടിരുന്നില്ല. കേരളത്തിലെ പ്രഗല്ഭരായ തച്ചന്മാരുടെ കരവിരുതുകൾ‌ക്ക് ഉദാഹരണമാണ് കൊട്ടാരങ്ങളിലെ കൊത്തുപണികൾ, ദാരു ശില്പങ്ങൾ, ചുണ്ടൻ വള്ളങ്ങൾ, ക്ഷേത്ര സമുച്ചയങ്ങൾ തുടങ്ങിയവ.

കലശംകുളി

ആശരിമാർക്കിടയിൽ നടക്കുന്ന ചടങ്ങാണ് കലശംകുളി. ഇപ്പോഴും ദേവി ദേവന്മാരെ കുടിയിരുത്തിയ തറവാടുകളിൽ ഈ ചടങ്ങ് നടത്തപ്പെടുന്നു. ഈ ചടങ്ങ് പൊതുവെ കല്യാണത്തലേദിവസം നടത്തുന്നു. പുജാ ചടങ്ങുകളും വരന്റെ പൂണൂൽ ധാരണവും നടക്കുന്നു. ഇതു അവർക്കു സ്വന്തം ക്ഷേത്രത്തിൽ/സ്ഥാനങ്ങളിൽ ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കുവാനും ദൈവങ്ങളുടെ പ്രതിപുരുഷനാകാനും അധികാരം നൽകുന്നു. പൂണൂൽ സ്ഥിരമായി ഉപയോഗിക്കണം എന്നില്ല. പൂണൂൽ സ്ഥിരമായി ഉപയോഗിക്കുന്നവർ മൽസ്യവും മാംസവും കഴിക്കില്ല.

പണി ആയുധങ്ങൾ

 
ആശാരിമാരുടെ പണിയായുധങ്ങൾ

ദേശത്തിന് അനുസരിച്ച് പണി ആയുധങ്ങൾ പല പേരിലാണ് അറിയപ്പെടുന്നത്. പൊതുവായ പേരുകൾ ഇവയാണ്. കൊട്ടുവടി / കൊട്ടൂടി, വീതുളി, ഇടതരം ഉളി, മെല്ലുളി, പൊഴിയൻ ഉളി, ചിന്തേര്, മട്ടക്കോൺ, വരകോൽ, മുഴക്കോൽ (പൂണൂൽ പോലെ പവിത്രമാണ് മുഴക്കോൽ), തമര്, ബർമ്മ തുടങ്ങിയവ. അനേകം തരത്തിലുള്ള ഉളികൾ ഉണ്ട്. അവക്കെല്ലാം പ്രത്യേകം പേരുകളും ഉണ്ട്.

അവലംബം

  • Castes And Tribes Of Southern India, By Edgar Thurston, K. Rangachari, Volume III K, Madras, 1909. Pp. 109-143, Kammalan എന്ന അധ്യായത്തിലെ Malayali Thacchan എന്ന ഭാഗം
  • Globalisation Traumas And New Social Imaginary Visvakarma Community Of Kerala, George Varghese K, Economic And Political Weekly November 8, 2003
  • Malabar And Its Folk, Gopala Panikkar, 1900
  • Bharathiya Viswakarmajar - Edava R. Somanathan. published on 1987 August.
"https://ml.wikipedia.org/w/index.php?title=ആശാരി&oldid=4141477" എന്ന താളിൽനിന്ന് ശേഖരിച്ചത്