ഗരുഡൻ തൂക്കം
കേരളത്തിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ് ഗരുഡൻ തൂക്കം അഥവാ തൂക്കം.
ദേവീക്ഷേത്രങ്ങൾ
തിരുത്തുകഅതിപുരാതന കാലം മുതൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്നുപോരുന്ന ഒരു ആരാധനാ സമ്പ്രദായത്തിന്റെ പ്രതീകങ്ങളാണ് ദേവീക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്ന ദേവിയെക്കുറിച്ച് പരസ്പരം ബന്ധപ്പെട്ട രണ്ട് സങ്കല്പങ്ങൾ നിലവിലുണ്ട്. പ്രപഞ്ചമാതാവും മനുഷ്യരേയും ജീവജാലങ്ങളേയും പരിരക്ഷിക്കുന്ന വാത്സല്യനിധിയുമായ ദേവത എന്ന നിലയിലുള്ള സങ്കല്പമാണ് അവയിലൊന്ന്. ഇപ്രകാരം പ്രപഞ്ചനിയാമകചൈതന്യത്തിൽ മാതൃത്വം ആരോപിച്ചുകൊണ്ട് ആരാധന നടത്തുന്ന സമ്പ്രദായം ലോകത്തിലെ പുരാതന സാംസ്കാരികകേന്ദ്രങ്ങളിലെല്ലാം നിലവിലിരുന്നിട്ടുണ്ട്.[1]
അമ്മ ദൈവം, അതായത് മാതൃദേവതയെന്ന് ഈ ദേവതാസങ്കല്പത്തെ വിശേഷിപ്പിക്കുക സാധാരണമാണ്. ഇതോടൊപ്പംതന്നെ പ്രപഞ്ചത്തേയും ജീവജാലങ്ങളേയും സംഹരിക്കാൻ ശ്രമിച്ചിട്ടുള്ള ഭീകരശക്തികളെ നശിപ്പിച്ച് എല്ലാ ജീവജാലങ്ങളേയും പരിരക്ഷിക്കുന്ന ശക്തി സ്വരൂപിണിയായും മാതൃദേവത സങ്കല്പിക്കപ്പെടുന്നു. ആ സങ്കല്പത്തിന്റെ കേരളീയ പ്രതീകം ദാരികനെന്ന അസുരനെ വധിച്ച ഭദ്രകാളിയുടെ രൂപത്തിൽ ആരാധിക്കപ്പെടുന്നു. ഈ രണ്ട് സങ്കല്പങ്ങളിലും അധിഷ്ഠിതങ്ങളായ അനുഷ്ഠാനങ്ങൾ പലതും പ്രചാരത്തിലുണ്ട്. ഭദ്രകാളിയുടെ ദാരികസംഹാരത്തെ അനുസ്മരിച്ചുകൊണ്ടുള്ള അനുഷ്ഠാനങ്ങളാണ് മിക്ക ദേവീക്ഷേത്രങ്ങളിലും നടത്തപ്പെടുന്നത്. ഇതിൽനിന്നു വ്യത്യസ്തമായി ദേവിയെ വാത്സല്യനിധിയായ മാതാവായി സങ്കല്പിച്ച് ആരാധിക്കുന്ന സമ്പ്രദായത്തോട് ബന്ധപ്പെട്ട ഒരനുഷ്ഠാനമാണ് തൂക്കം. പിഞ്ചുകുഞ്ഞുങ്ങൾക്ക് ദേവിയുടെ സംരക്ഷണം സിദ്ധിക്കുന്നതിനും മാതാപിതാക്കൾക്ക് പുത്രലാഭം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇത് നടത്തപ്പെടുന്നത് എന്ന് പഴമക്കാർ പറയുന്നു.
അനുഷ്ഠാനവിധം
തിരുത്തുകവളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങൾക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് തൂക്കം. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ.
കൊല്ലങ്കോട്, ശാർക്കര ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രം നഗരൂർ , മാവേലിക്കോണം ഭഗവതീ ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ തൂക്കക്കാരനെ തൂക്കിയിടാൻ സജ്ജീകരിക്കുന്ന തടികൊണ്ടുള്ള സംവിധാനത്തെ വില്ല് എന്നാണ് പറയാറുള്ളത്. ഈ ക്ഷേത്രങ്ങളുടെ തൂക്കത്തിൽ വില്ലിലെ കൊളുത്ത് തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കുത്തിക്കയറ്റുന്നില്ല. അതിനാൽ അക്ഷരാർഥത്തിൽ ഇവിടെ രക്തബലി നടക്കുന്നില്ല. എങ്കിലും തൂക്കക്കാരനെ വില്ലിൽ നിന്ന് തൂക്കിയിടുന്ന അവസരത്തിൽ അയാളുടെ മുതുകിൽ സൂചികൊണ്ടോ മറ്റോ കുത്തി അല്പം രക്തം പുറത്തു കൊണ്ടുവരാറുണ്ട്. രക്തബലിക്കു പകരമുള്ള ഏർപ്പാടായി ഇതിനെ കണക്കാക്കാം. അതിനാൽ ശരീരത്തിൽ കൊളുത്ത് കുത്തിക്കയറ്റി രക്തബലി നടത്തിയിരുന്ന പ്രാചീന സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടപ്പോൾ നിലവിൽ വന്ന പുതിയ സമ്പ്രദായമായിരിക്കാം കൊല്ലങ്കോട്ടും ശാർക്കരയിലും നിലനിൽക്കുന്നത്. തൂക്കക്കാരന്റെ ശരീരത്തിന്റെ മധ്യഭാഗത്ത് കച്ച ചുറ്റിക്കെട്ടി അത് വില്ലിലെ കൊളുത്തിൽ കടത്തിയാണ് തൂക്കക്കാരനെ ഇവിടെ തൂക്കിയിടാറുള്ളത്.
തൂക്കക്കാരെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. തൂക്കക്കാരിൽ ഓരോ ആളും ഓരോ ശിശുവിനെ കൈകളിൽ ഭദ്രമായി വഹിച്ചു കൊണ്ടായിരിക്കും തൂങ്ങിക്കിടക്കുക. ആ ശിശുക്കളുടെ മാതാപിതാക്കൾ നടത്തുന്ന നേർച്ചയുടെ അടിസ്ഥാനത്തിലാണ് തൂക്കം തീരുമാനിക്കപ്പെടുന്നത്. എത്ര ശിശുക്കളുടെ വഴിപാടായി മാതാപിതാക്കൾ തൂക്കം നേരുന്നുവോ അത്രയും തൂക്കക്കാർ തിരഞ്ഞെടുക്കപ്പെടും. ആ തൂക്കക്കാർ തൂക്കം നടത്തുന്നതിന് 7 ദിവസം മുമ്പു മുതൽ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ആഹാരം മാത്രം കഴിച്ച് ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടണമെന്ന് നിർബന്ധമുണ്ട്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാൽ തൂക്കക്കാർ തൂക്കദിവസം രാവിലെ കുളികഴിഞ്ഞ് ശുദ്ധമായ ശരീരത്തോടു കൂടിയാണ് തൂക്കത്തിന് എത്തിച്ചേരുന്നത്.
കൊല്ലങ്കോട്ടും ശാർക്കരയിലും തൂക്കം നടത്തുന്നത് മീനമാസത്തിലെ ഭരണി നക്ഷത്രദിവസമാണ്. മാവേലിക്കോണം ഭഗവതീ ക്ഷേത്രത്തിൽ കുംഭമാസത്തിലെ കാർത്തികയിലും .തൂക്കക്കാരെ കച്ചകൊണ്ട് ബന്ധിച്ച് തൂക്കക്കാവിലെ കൊളുത്തിൽ തൂക്കിയിട്ടുകഴിഞ്ഞാൽ ഓരോ തൂക്കക്കാരന്റെ കൈയിലും ഓരോ ശിശുവിനെ ഏല്പിക്കും. ആ തൂക്കക്കാരനേയും ശിശുവിനേയും വഹിക്കുന്ന തൂക്കവില്ല് ഏകദേശം 30-ൽപരം അടിയോളം ഉയർത്തപ്പെടും. തൂക്കവില്ലിന്റെ മറ്റേ അറ്റം രഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കും. ഭക്തന്മാർ ചേർന്ന് ആ രഥത്തെ മുന്നോട്ടു തള്ളി ക്ഷേത്രത്തിന് ചുറ്റും നയിക്കുന്നു. അങ്ങനെ തൂക്കവില്ല് ഒരു പ്രദക്ഷിണം വച്ചു കഴിഞ്ഞാൽ അതിന്റെ അഗ്രം താഴ്ത്തുകയും ശിശുവിനേയും തൂക്കക്കാരനേയും ബന്ധനത്തിൽ നിന്ന് മാറ്റുകയും ചെയ്യും. ഇതിനേത്തുടർന്ന് മറ്റൊരു തൂക്കക്കാരനേയും ശിശുവിനേയും വഹിച്ചുകൊണ്ട് തൂക്കവില്ല് വീണ്ടും ഉയരും. ഇപ്രകാരം ഒരു തൂക്കത്തിന് എത്ര നേർച്ചക്കാർ ശിശുക്കളെ കൊണ്ടുവരുന്നു എന്നതിനെ അനുസരിച്ച് അത്രയും തവണ തൂക്കം നടക്കുന്നു. ഗരുഡൻ തൂക്കം
കൊല്ലങ്കോട്ടെ ക്ഷേത്രത്തിലെ തൂക്കത്തിന് സമാന്തരങ്ങളായ രണ്ട് വില്ലുകൾ ഉപയോഗിക്കുന്നു. ഓരോ വില്ലിന്റെയും അഗ്രഭാഗത്ത് കുറുകെ ഓരോ തടിക്കഷണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ആ തടിക്കഷണത്തിന്റെ ഇരുഭാഗത്തുനിന്നുമായി ഓരോ വില്ലിനോടും രണ്ട് തൂക്കക്കാരെ ബന്ധിക്കുന്നു. അവരുടെ കൈയിൽ 4 ശിശുക്കളേയും ഏല്പിക്കുന്നു. അങ്ങനെ ഒരു തവണ വില്ല് പ്രദക്ഷിണം വയ്ക്കുമ്പോൾ 4 തൂക്കക്കാരും 4 ശിശുക്കളുമായിരിക്കും തൂക്കത്തിൽ പങ്കെടുക്കുന്നത്. ഈ രൂപത്തിലുള്ള തൂക്കത്തെ പിള്ളത്തൂക്കം എന്നാണ് പറയുന്നത്. പിള്ള എന്ന പദത്തിന് ശിശു എന്നർഥം. മൂന്ന് മാസം മുതൽ ഒരു വയസ്സുവരെ പ്രായമുള്ള ശിശുക്കളെയാണ് തൂക്കത്തിന് സമർപ്പിക്കാറുള്ളത്. ആ ശിശുക്കൾ, അഥവാ അവരുടെ മാതാപിതാക്കൾ ആണ് നേർച്ചക്കാർ.
ശാർക്കര ക്ഷേത്രത്തിലെ തൂക്കത്തിന് ഒരു വില്ല് മാത്രമേ ഉപ യോഗിക്കുന്നുള്ളൂ. അതിനാൽ ഒരേ സമയത്ത് രണ്ട് തൂക്കക്കാരും രണ്ട് ശിശുക്കളുമാണ് തൂക്കത്തിൽ പങ്കാളികളാകുന്നത്.
ശ്രീ മുളങ്കാടകം ദേവീക്ഷേത്രം
കേരളത്തിലെ പ്രശസ്തമായ ദേവീ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രം . കൊല്ലവർഷം ഒന്നിൽ സുസ്ഥാപിതമായ ക്ഷേത്രമാണ് ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രം . മേടം ഒന്നിന് ആരംഭിച്ചു മേടം പത്തിന് പത്താമുദയ മഹോത്സാവത്തോടെ അവസാനിക്കുന്ന ഇവിടുത്തെ തിരു ഉത്സവത്തിൽ ഏറ്റവു ശ്രെദ്ധേയമായതും ആകർഷണീയത നിറഞ്ഞതുമായതു ഗരുഡൻ തൂക്കമാണ് . സന്താനലബ്ധിക്കുവേണ്ടിയാണ് ഇവിടെ പിള്ള ഗരുഡൻ തൂക്കം നേർച്ചയായി നടത്തുന്നത് .കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തർ പത്താമുദയ ദിവസം ക്ഷേത്രത്തിൽ എത്തിച്ചേരുന്നു . മീനമാസം ഒന്നാം തീയതി മുതൽ ഗരുഡൻ തൂക്കത്തിനുള്ള ബുക്കിംഗ് ക്ഷേത്രത്തിൽ ആരംഭിക്കും .
കൊല്ലങ്കോട് തൂക്കം
തിരുത്തുകഇപ്രകാരം തൂക്കം നടത്തിവരുന്ന രണ്ട് ക്ഷേത്രങ്ങളാണ് പഴയ തിരുവിതാംകൂർ സംസ്ഥാനത്തിൽ ഉണ്ടായിരുന്നത്: ഇന്ന് കന്യാകുമാരി ജില്ലയുടെ ഭാഗമായിത്തീർന്നിട്ടുള്ള വിളവൻകോട് താലൂക്കിലെ കൊല്ലങ്കോട് എന്ന ഗ്രാമത്തിലുള്ള ക്ഷേത്രവും ചിറയിൻകീഴ് താലൂക്കിലെ ശാർക്കരക്ഷേത്രവും. തെക്കൻ തിരുവിതാംകൂറിലെ ഇത്തരം ക്ഷേത്രങ്ങൾ ഇപ്പോൾ ദേവീക്ഷേത്രങ്ങൾ എന്ന പേരിൽത്തന്നെയാണ് അറിയപ്പെടുന്നത്. മിക്ക ദേവീക്ഷേത്രങ്ങളുടേയും ശ്രീകോവിലിനുള്ളിൽ ഒരു പീഠം വച്ച് അതിനു മുകളിൽ കിരീടത്തിന്റെ ആകൃതിയിലുള്ള ഒരു ആരാധനാവസ്തു പ്രതിഷ്ഠിച്ചിരിക്കും. ഈ ആരാധനാ വസ്തുവിന് 'മുടി' എന്നാണ് പേരു പറഞ്ഞുവരുന്നത്. അതിനാൽ ഇത്തരം ക്ഷേത്രങ്ങളെ മുൻകാലത്ത് മുടിപ്പുര എന്നാണ് വിശേഷിപ്പിച്ചുവന്നത്.
എളവൂർ തൂക്കം
തിരുത്തുകകേരളത്തിൽ തൂക്കം നടത്തിവന്നിരുന്ന മറ്റൊരു പ്രസിദ്ധ ക്ഷേത്രം എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലുള്ള എളവൂർ പുത്തൻകാവാണ്. ഉത്തരകേരളത്തിലെ ദേവീക്ഷേത്രങ്ങൾ പൊതുവേ 'കാവ്' എന്ന പേരിൽ അറിയപ്പെടുന്നു. വൃക്ഷങ്ങൾ തിങ്ങി നില്ക്കുന്ന ഒരു സ്ഥലം എന്നാണ് കാവ് എന്ന പദത്തിന്റെ അർഥം. അത്തരം കാവുകളുടെ തൊട്ടടുത്തായിരുന്നു പഴയകാലത്തെ ദേവീക്ഷേത്രങ്ങളെല്ലാം. അതിനാലായിരിക്കണം കാവ് എന്ന് ദേവീക്ഷേത്രത്തിനു പേരുവന്നത്.
എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. എളവൂർ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയർന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയർന്നു വരികയും അതിന്റെ ഫലമായി ഇളവൂർ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങൾ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരൻ ശരീരത്തിന്മേൽ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ മനുഷ്യത്തൂക്കം, ഗരുഡത്തൂക്കം, ദാരികത്തൂക്കം എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.
ഏഴംകുളം തൂക്കം
തിരുത്തുകഅടൂരിൽ നിന്നും ആറു കി.മീ അകലെ പത്തനംതിട്ടയ്ക്കുള്ള വഴിയിലാണ് ഏഴംകുളം ദേവിക്ഷേത്രം. സന്താന ലബ്ദിക്കാണ് തൂക്കം വഴിപാട് നടത്തുന്നത്. കുംഭത്തിലെ ഭരണിയ്ക്ക് കെട്ടുകാഴ്ച കഴിഞ്ഞ് അടുത്ത ദിവസമാണ് തൂക്കം വഴിപാട്.[2]
തൂക്കവുമായി ബന്ധപ്പെട്ട അപകടങ്ങൾ
തിരുത്തുകതൂക്കത്തിന് ഉപയോഗിക്കുന്ന വില്ല് വലിക്കുന്നതിന് ഭക്തരുടെ തിരക്ക് ഉള്ളതുകൊണ്ട് അപകടങ്ങൾ ഉണ്ടാകാറുണ്ട്. 2014 ഏപ്രിൽ 2 ന് ശാർക്കര തൂക്കത്തിൽ വില്ല് മറിഞ്ഞ് ഒരാൾ മരിക്കുകയുണ്ടായി[3]2015 ഫെബ്രുവരി 24ൽ ഏഴംകുളത്ത് നിയന്ത്രണം വിട്ട പോലീസ് വാൻ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞ് കയറി മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.[4]
അവലംബം
തിരുത്തുക- ↑ "തൂക്കം". mal.sarva.gov.in/. Retrieved 6 ഏപ്രിൽ 2014.
{{cite web}}
:|first=
missing|last=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ഏഴംകുളത്തെ തൂക്കം വഴിപാട്,പേജ്റ്റ്71, മാതൃഭൂമി യാത്ര,ജൂലായ്2014
- ↑ kaumudiglobal.com/innerpage1.php?newsid=48384
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-27. Retrieved 2015-02-24.
ഇതും കാണുക
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തൂക്കം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |