പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)

(പഞ്ചവത്സര പദ്ധതികൾ, ഇന്ത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികൾക്കു തുടക്കം കുറിക്കുന്നത് മുൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ്. ആസൂത്രണ കമ്മീഷനായിരിന്നു പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പു ചുമതല. പ്രധാനമന്ത്രിയായിരിന്നു കമ്മീഷന്റെ എക്സ്-ഒഫീഷ്യോ ചെയർമാൻ, ക്യാബിനറ്റ് റാങ്കുള്ള ഒരു ഡെപ്യൂട്ടി ചെയർമാനായിരിക്കും കമ്മീഷന്റെ ചുമതല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളിൽ സാമ്പത്തികമായും, ക്ഷേമപരമായുള്ളതുമായവ നടപ്പിലാക്കി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത്.[1] 2014 ൽ അധികാരത്തിൽവന്ന നരേന്ദ്ര മോദി സർക്കാർ ആസൂത്രണ കമ്മീഷൻ നിർത്തലാക്കുകയും പകരം നീതി ആയോഗ് കൊണ്ടുവരികയും ചെയ്തതോടെ ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾക്ക് അന്ത്യം കുറിച്ചു. 2017 ലാണ് പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി അവസാനിച്ചത്‌.

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

1951 മുതൽ 1956 വരെയായിരുന്നു ഒന്നാം പഞ്ചവൽസര പദ്ധതി.കാർഷിക മേഖലയിലുള്ള വികസനമായിരുന്നു ലക്ഷ്യം വെച്ചത്. ഹാരഡ്-ഡോമർ മോഡലായിരുന്നു ഇവയ്ക്ക് അടിസ്ഥാനമായെടുത്തത്.ഒന്നാം പഞ്ചവൽസര പദ്ധതി വിജയകരമായിരുന്നു.രണ്ടാം പഞ്ചവൽസര പദ്ധതി 1956 -ൽ ആരംഭിച്ചു.പൊതുകാര്യ വികസനങ്ങൾക്കായിരുന്നു ഇവിടെ പ്രാധാന്യം. ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കന്നത് ഈ കാലയളവിലാണ്, കൂടാതെ ഭിലായ്,ദുർഗാപൂർ ,റൂർക്കല എന്നിവിടങ്ങളിൽ അഞ്ച് സ്റ്റീൽ പ്ലാന്റുകളും സ്ഥാപിച്ചു. കാർഷിക വികസനം തന്നെയായിരുന്നു മൂന്നാം പഞ്ചവൽസരപദ്ധതിയുടെ ലക്ഷ്യം ,ഗോതമ്പ് കൃഷിയുടെ വികസനത്തിനായിരുന്നു മുൻഗണന.

ചരിത്രം

തിരുത്തുക

ദേശീയ സാമ്പത്തിക പദ്ധതികളുടെ ഒരു കേന്ദ്രീകൃത ഏകോപനവും, നടപ്പിലാക്കലും ആയിരുന്നു പഞ്ചവത്സര പദ്ധതികൾ കൊണ്ടുദ്ദേശിച്ചിരുന്നത്. 1920 കളുടെ അവസാനം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് ജോസഫ് സ്റ്റാലിൻ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയെ ഒരു മാതൃകയാക്കിയാണ് അത്തരം മുന്നേറ്റം ഇന്ത്യയിലും നടപ്പിലാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു മുൻകൈയ്യെടുത്തത്.[2] ഇന്ത്യയെ കൂടാതെ ചൈനയാണ് പഞ്ചവത്സരപദ്ധതി മാതൃക പിന്തുടർന്നത്. ഇന്ത്യ സ്വതന്ത്രയായതിനു തൊട്ടുപിന്നാലെ, ഏകദേശം രണ്ടു വർഷങ്ങൾക്കുള്ളിൽ നെഹ്രു പ്രഥമ പഞ്ചവത്സര പദ്ധതിക്കു തുടക്കം കുറിച്ചു.[3]

കാർഷിക മേഖലയെ പിന്തുണച്ചുകൊണ്ടുള്ള, അതിനെ വികസനത്തിലേക്കു കൈപിടിച്ചു നടത്തുന്ന തരത്തിലുള്ള നയങ്ങളടങ്ങിയതായിരുന്നു പ്രഥമ പഞ്ചവത്സര പദ്ധതി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം പ്രഖ്യാപിക്കപ്പെട്ട ബൃഹദ് പദ്ധതിയായതിനാൽ ഇതിന് വളരെയധികം ദേശീയ ശ്രദ്ധ കൈവന്നിരുന്നു. പൊതുമേഖലക്ക് ഊന്നൽ നൽകിയതും, എന്നാൽ സ്വകാര്യമേഖലയെ തീരെ കൈവിടാത്തതുമായ ഒരു മിശ്ര സമ്പദ് വ്യവസ്ഥയാണ് ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വെച്ചത്.

ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956)

തിരുത്തുക

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, ഒന്നാം പഞ്ചവത്സരപദ്ധതി ഒരു അടിയന്തര പ്രാധാന്യമുള്ള വിഷയമായി പാർലിമെന്റിൽ അവതരിപ്പിച്ചു. പ്രാഥമിക മേഖലകളുടെ വികസനത്തിന് ഊന്നൽ നൽകിയിട്ടുള്ളതായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി. സാമ്പത്തിക വിദഗ്ദരായിരുന്ന റോയ്.എഫ്.ഹാരോഡും, ഈവ്സെ ദോമറും വികസിപ്പിച്ചെടുത്ത ഹാരോ‍ഡ്-ദോമർ സാമ്പത്തിക മാതൃകയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി അടിസ്ഥാനമായി സ്വീകരിച്ചിരുന്നത്.[4] ഗുൽസാരിലാൽ നന്ദയായിരുന്നു കമ്മീഷന്റെ ഉപാദ്ധ്യക്ഷൻ.

2069 കോടി ഇന്ത്യൻ രൂപയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതിക്കുവേണ്ടി വകയിരുത്തിയിരുന്നത്. എന്നാൽ പിന്നീട്, ഇത് 2378 കോടി രൂപയാക്കി ഉയർത്തി. ജലസേചനത്തിനു, ഊർജ്ജമേഖലക്കും, അകെ തുകയുടെ 27.2% ആണ് മാറ്റിവെച്ചിരുന്നത്. കൃഷിക്കും, സാമൂഹിക വികസനത്തിനും, 17.4% തുക വകയിരുത്തി. വാർത്താവിനിമയത്തിനും, ഗതാഗതമേഖലക്കുമായി 24%വും വ്യവസായമേഖലക്ക് 8%ശതമാനവും ആണ് നീക്കിവെച്ചത്. എല്ലാ സാമ്പത്തികമേഖലകളിലും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ ഉറപ്പാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തരപ്രശ്നങ്ങളും, ഇന്ത്യാ-പാകിസ്താൻ വിഭജനവും ഇന്ത്യയുടെ സാമ്പത്തികനില തീരെ പരുങ്ങലിലാക്കിയിരുന്നു.

2.1% വളർച്ച നിരക്ക് ലക്ഷ്യമിട്ടു എങ്കിലും 3.6% വളർച്ച കൈവരിക്കാൻ സാധിച്ചു. മൺസൂൺ കാലത്ത് നല്ല മഴ ലഭിച്ചതിനാൽ കാർഷികമേഖലയിൽ മികച്ച വളർച്ച തന്നെയുണ്ടായിരുന്നു.

രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി (1956–1961)

തിരുത്തുക

ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി. ഇന്ത്യൻ പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസ് ആണ് ഈ പദ്ധതി വിഭാവനം ചെയ്തത്. വൻ ജലവൈദ്യുത പദ്ധതികളും ഇരുമ്പുരുക്ക് വ്യവസായ ശാലകളും ആരംഭിച്ചത് ഈ പദ്ധതി കാലയളവിലാണ്. ഭീലായി (റഷ്യൻ സഹായത്തോടെ), ദുർഗാപൂർ, (ബ്രിട്ടന്റെ സഹായത്തോടെ), റൂർക്കേല (ജർമനിയുടെ സഹായത്തോടെ) എന്നിവിടങ്ങളിലായി അഞ്ച് ഇരുമ്പുരുക്ക് വ്യവസായ ശാലകളാണ് ആരംഭിച്ചത്. കൽക്കരിയുടെ ഉത്പാദനം വർദ്ധിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ റെയിൽവേ പാതകൾ ആരംഭിച്ചു. ദി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, അറ്റോമിക് എനർജി കമ്മീഷൻ എന്നീ ഗവേഷണ സ്ഥാപനങ്ങൾ ആരംഭിച്ചതും ഈ കാലയളവിലാണ്. 4200 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.5%ഉം കൈവരിച്ചത് 4.27%ഉം ആയിരിന്നു.[5]

മൂന്നാം പ‍‍ഞ്ചവത്സര പദ്ധതി (1961–1966)

തിരുത്തുക

കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ചും ഗോതമ്പിൻറെ ഉത്പാദനത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മൂന്നാം പ‍‍ഞ്ചവത്സര പദ്ധതി (1961–1966). എന്നാൽ ഈ പദ്ധതി വൻ പരാജയമായിരിന്നു. 1962 ലെ ഇന്ത്യ-ചൈന യുദ്ധവും 1965 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവും ഈ പദ്ധതിയെ അതിൻറെ ലക്‌ഷ്യം കൈവരിക്കുന്നതിൽ നിന്നും തടഞ്ഞു. യുദ്ധം കാരണം പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കേണ്ടി വന്നതാണ് സാമ്പത്തികമായി ക്ഷീണം ഉണ്ടാക്കിയത്. മാത്രമല്ല 1965 ൽ കടുത്ത വരൾച്ചയും നേരിടേണ്ടിവന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ആരംഭിച്ചത് ഈ പദ്ധതിക്കാലയളവിലാണ്. ഗ്രാമീണ മേഖലയിൽ കൂടുതൽ വിദ്യാലയങ്ങൾ ആരംഭിച്ചതും സംസ്ഥാന വൈദ്യുത ബോർഡുകളും സെക്കണ്ടറി വിദ്യാഭാസ ബോർഡുകളും ആരംഭിച്ചതും ഈ പദ്ധതിയുടെ നേട്ടങ്ങളാണ്.

5.6% വളർച്ച ലക്ഷ്യം വച്ച മൂന്നാം പദ്ധതിക്ക് പക്ഷെ, 2.4% മാത്രമേ വളർച്ച കൈവരിക്കാൻ സാധിച്ചുള്ളൂ.

പ്ലാൻ ഹോളിഡേ

തിരുത്തുക

മൂന്നാം പദ്ധതിയുടെ ദയനീയമായ പരാജയം കണക്കിലെടുത്ത് 1966 മുതൽ 1969 വരെയുള്ള കാലയളവിൽ സർക്കാർ പ്ലാൻ ഹോളിഡേ ആയി പ്രഖ്യാപിച്ചു. ഈ വർഷങ്ങളിൽ വാർഷിക പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്. മൂന്ന് വാർഷിക പദ്ധതികളാണ് ഈ കാലയളവിൽ നടപ്പിലാക്കിയത് (1966–67, 1967–68, 1968–69)

നാലാം പ‍‍ഞ്ചവത്സര പദ്ധതി (1969–1974)

തിരുത്തുക

നാലാം പ‍‍ഞ്ചവത്സര പദ്ധതി കാലയളവിൽ ഇന്ദിരാ ഗാന്ധി ആയിരിന്നു പ്രധാനമന്ത്രി. 14 വാണിജ്യബാങ്കുകൾ ദേശസാൽക്കരിച്ചതും ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം (ബുദ്ധൻ ചിരിക്കുന്നു) (പൊഖ്റാൻ-1, 1974) നടത്തിയതും ഈ പദ്ധതിക്കാലയളവിലാണ് . കൂടാതെ 1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം, ബംഗ്ലാദേശ് വിമോചനയുദ്ധം എന്നിവ നടന്നതും ഇതേ കാലയളവിലാണ്.

5.6% വളർച്ച ലക്ഷ്യം വച്ച പദ്ധതി 3.3% വളർച്ചയാണ് കൈവരിച്ചത്.

അഞ്ചാം പ‍‍ഞ്ചവത്സര പദ്ധതി (1974–1979)

തിരുത്തുക

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യ നിർമാർജ്ജനത്തിനും ആയിരിന്നു അഞ്ചാം പദ്ധതി പ്രധാനമായും ഊന്നൽ നൽകിയത്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഗരീബീ ഹഠാവോ എന്ന മുദ്രാവാക്യം ഈ പദ്ധതിയുടെ ഭാഗമായിരിന്നു. 1975 ൽ ഇരുപതിന പരിപാടി (The twenty-point programme ) നടപ്പിലാക്കി. ദേശീയപാത സംവിധാനം നിലവിൽ വന്നതും ഈ പദ്ധതി കാലയളവിലാണ്.

1975 ലെ അടിയന്തരാവസ്ഥയും തുടർന്ന് വന്ന പൊതു തെരഞ്ഞെടുപ്പും ഈ പദ്ധധിതിയുടെ വിജയത്തിനെ സാരമായി ബാധിച്ചു. 1978 ൽ അധികാരത്തിൽ വന്ന മൊറാർജി ദേശായിയുടെ സർക്കാർ ഈ പദ്ധതി റദ്ദാക്കി.

പ്രഖ്യാപിത ലക്ഷ്യമായ 4.4% വളർച്ചാനിരക്കിനെക്കാൾ നേട്ടം (4.8%) കൈവരിക്കാൻ ഈ പദ്ധതിക്ക് സാധിച്ചു.

റോളിംഗ് പ്ലാൻ (1978–1980)

തിരുത്തുക

1977 ൽ അധികാരത്തിൽവന്ന മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാർ അഞ്ചാം പദ്ധതി റദ്ദാക്കുകയും ആറാം പദ്ധതി കൊണ്ടുവരികയും ചെയ്തു. ഇതാണ് റോളിംഗ് പ്ലാൻ എന്നറിയപ്പെടുന്നത്. ഈ പദ്ധതി പിന്നീട് 1980 ൽ നിലവിൽവന്ന കോണ്ഗ്രസ്സ് സർക്കാർ റദ്ദാക്കുകയുണ്ടായി.

ആറാം പ‍‍ഞ്ചവത്സര പദ്ധതി (1980–1985)

തിരുത്തുക

മൊറാർജി ദേശായി സർക്കാർ നടപ്പിലാക്കിയ ആറാം പദ്ധതി റദ്ദാക്കിയ ഇന്ദിരാ ഗാന്ധി സർക്കാർ പുതിയ ആറാം പദ്ധതിക്ക് 1980 ൽ തുടക്കമിട്ടു. ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കമിട്ട പദ്ധതിയാണ് ആറാം പദ്ധതി. വില നിയന്ത്രണം എടുത്തുകളഞ്ഞതും റേഷൻ കടകൾ നിർത്തലാക്കിയതും ജനങ്ങളുടെ ജീവിതച്ചെലവ് വർദ്ധിക്കുന്നതിന് ഇടയാക്കി. നബാർഡ് സ്ഥാപിതമായത് ഈ പദ്ധതിക്കാലയളവിലാണ് (1982 ജൂലൈ 12). പെരുകിവരുന്ന ജനസംഖ്യ നിയന്ത്രിക്കുന്നതിനായി കുടുംബാസൂത്രണം നടപ്പിലാക്കിയതും ഇതേ കാലയളവിലാണ്.

ലക്‌ഷ്യം വച്ച 5.2% ത്തെക്കാൾ 5.7% വളർച്ചാനിരക്ക് കൈവരിച്ച ആറാം പദ്ധതി ഒരു വൻ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് തവണ നടപ്പിലാക്കിയ ഏക പദ്ധതിയും ഇതാണ് (മൊറാർജി ദേശായി സർക്കാർ നടപ്പിലാക്കിയ ആറാം പദ്ധതി ഉൾപ്പെടെ). നെഹ്രൂവിയൻ സോഷ്യലിസത്തിൻറെ അന്ത്യമായാണ് ആറാം പദ്ധതിയെ കണക്കാക്കുന്നത്.

ഏഴാം പ‍‍ഞ്ചവത്സര പദ്ധതി (1985–1990)

തിരുത്തുക

രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ നിലവിൽ വന്ന കോൺഗ്രെസ്സ് സർക്കാരാണ് ഏഴാം പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാകിയത്. ശാസ്ത്രസാങ്കേതികവിദ്യയുടേയും വ്യാവസായിക ഉത്പാദനത്തിനും ഊന്നൽ നൽകിയ പദ്ധതിയായിരിന്നു ഏഴാം പദ്ധതി.

5% വളർച്ച ലക്‌ഷ്യം വച്ച പദ്ധതിക്ക് 6.01% വളർച്ചയും ആളോഹരി വരുമാനവളർച്ചാനിരക്ക് 3.7% വും കൈവരിക്കാനായി.

വാർഷിക പദ്ധതികൾ (1990-1992)

തിരുത്തുക

ലോകത്തും ഇന്ത്യയിലും ഈ കാലയളവിലുണ്ടായ രാഷ്ട്രീയവും സാമ്പത്തികമായ പ്രതിസന്ധികൾ കാരണം എട്ടാം പഞ്ചവത്സര പദ്ധതി സമയ ബന്ധിതമായി തുടങ്ങാനായില്ല.[അവലംബം ആവശ്യമാണ്] പകരം വാർഷിക പദ്ധതികളായിരിന്നു ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്. ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം (ഇന്ത്യ) നടപ്പില്ലാകിയ കാലഘട്ടമായിരിന്നു അത്. നരസിംഹ റാവു ആയിരിന്നു ആ കാലയളവിൽ ഇന്ത്യൻ പ്രധാനമന്ത്രി.[6]

എട്ടാം പ‍‍ഞ്ചവത്സര പദ്ധതി (1992–1997)

തിരുത്തുക

1990-92 കാലഘട്ടത്തിലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കുമ്പോഴാണ് എട്ടാം പഞ്ചവൽസര പദ്ധതി ആരംഭിച്ചത്. അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ആയിരിന്നു. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ആയിരിന്നു ധനമന്ത്രി. സ്വകാര്യവൽക്കരനത്തിൻറെയും ഉദാരവൽക്കരനത്തിൻറെയും ആഗോളവൽക്കരണത്തിൻറെയും ആരംഭമായിരിന്നു ആ കാലഘട്ടം. വ്യാവസായിക മേഖലയിലെ ആധുനികവൽക്കരണമാണ് എട്ടാം പദ്ധതി മുഖ്യമായും ഊന്നൽ കൊടുത്തത്. ഇന്ത്യൻ വിപണിയുടെ ഉദാരവൽക്കരണം വർധിച്ചുവരുന്ന ധനക്കമ്മിയും വിദേശകടവും കുറയുന്നതിന് ഇടയാക്കി. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ (W.T.O) അംഗമാകുന്നതും ഈ പദ്ധതിയുടെ കാലയളവിലാണ് (1995 ജനുവരി 1). പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്തിയ എഴുപത്തിമൂന്നാം ഭരണഘടനഭേദഗതി (1993) ഈ കാലയളവിൽ നടപ്പിലാക്കിയതാണ്. ലക്ഷ്യമിട്ട വളർച്ചാനിരക്ക് 5.6% ഉം കൈവരിച്ചത് 6.8% ഉം ആയിരിന്നു.

ഒമ്പതാം പ‍‍ഞ്ചവത്സര പദ്ധതി (1997–2002)

തിരുത്തുക

സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിലാണ് ഒമ്പതാം പദ്ധതി ആവിഷ്കരിക്കപ്പെട്ടത്. അടൽ ബിഹാരി വാജ്പേയി ആയിരിന്നു അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി. ദ്രുതഗതിയിലുള്ള സാമ്പത്തീക വളർച്ചയും സാമൂഹിക നീതിയും ആ​യിരിന്നു പദ്ധതി മുഖ്യമായും ലക്ഷ്യമിട്ടത്. ചരിത്രപരമായ അസമത്വം (ജാതി വിവേചനം) ഇല്ലാതാക്കുന്നതിന് പരിഗണന നൽകിയ പദ്ധതിയായിരിന്നു ഒമ്പതാം പദ്ധതി.ജനകീയ പദ്ധതി എന്ന് അറിയപ്പെടുന്നു.

ലക്ഷ്യങ്ങൾ

തിരുത്തുക
  • ജനസംഖ്യാ നിയന്ത്രണം
  • കൃഷിക്കും ഗ്രാമവികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
  • ദാരിദ്ര്യ നിർമാർജ്ജനം
  • പാവങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും ഉറപ്പുവരുത്തുക
  • പ്രാഥമീകാരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുക
  • രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക
  • പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണം
  • കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക

മുൻപദ്ധതികളിലുണ്ടായ കോട്ടങ്ങൾ പരിഹരിക്കന്നതിനായിരിന്നു ഒമ്പതാം പദ്ധതി പ്രധാനമായും ഊന്നൽ നൽകിയത്. ലക്ഷ്യമിട്ട വളർച്ചാനിരക്ക് 7.1 % ആയിരിന്നൂവെങ്കിലും കൈവരിക്കാനായത് 6.8 % മാത്രമാണ്.

  • ഒമ്പതാം പദ്ധതി 6.5 % ജി.ഡി.പി. വളർച്ചാനിരക്കായിരിന്നു ലക്ഷ്യമിട്ടതെങ്കിലും കൈവരിക്കാനായത് 5.4% മാത്രമാണ്
  • കാർഷിക വ്യവസായ മേഖലയിൽ ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.2% ആയിരിന്നൂവെങ്കിൽ കൈവരിക്കാനായത് 2.1 % മാത്രമാണ്
  • വ്യാവസായിക മേഖലയിൽ ലക്ഷ്യമിട്ട 3% വളർച്ചാവിരക്കിനേക്കാൾ 4.5 % കൈവരിക്കാനായി
  • സേവനമേഖലയിൽ 7.8 % വളർച്ച കൈവരിച്ചു
  • ലക്ഷ്യമിട്ട ശരാശരി വാർഷിക വളർച്ചാനിരക്കായിരുന്ന 6.7% കൈവരിക്കാനായി

പത്താം പ‍‍ഞ്ചവത്സര പദ്ധതി (2002–2007)

തിരുത്തുക

വാജ്‌പേയി സർക്കാരിന്റെ നേത‍ൃത്വത്തിലാരംഭിച്ച രണ്ടാമത്തെ പ‍‍ഞ്ചവത്സര പദ്ധതി ആണ് പത്താം പ‍‍ഞ്ചവത്സര പദ്ധതി. ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് പൂർത്തിയായ പദ്ധതിയുടെ അവസാന പകുതിയിൽ മൻമോഹൻ സിങ് ആയിരിന്നു പ്രധാനമന്ത്രി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് ഈ പദ്ധതിക്കാലയളവിലാണ്.

ലക്ഷ്യങ്ങൾ

തിരുത്തുക
  • ജി.ഡി.പി. യിൽ 8% വാർഷിക വളർച്ചാനിരക്ക് കൈവരിക്കുക
  • 2007 ഓടെ ദാരിദ്ര്യനിരക്ക് 5 % ആയി കുറയ്ക്കുക
  • ഫലപ്രദമായതും ഗുണനിലവാരമുള്ളതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
  • സാക്ഷരതയിലും തുല്യജോലിക്ക് തുല്യവേതനത്തിലുമുള്ള ലിംഗാസമത്വം 2007 ഓടെ 50% ആയി കുറയ്ക്കുക
  • 8.1% വളർച്ചാനിരക്ക് കൈവരിക്കുക
  • ശിശുമരണനിരക്ക് 2007 ഓടെ 1000 ന് 45 ഉം 2012 ഓടെ 1000 ന് 28 ഉം ആയി കുറയ്ക്കുക
  • സാക്ഷരത നിരക്ക് 75% ആയി ഉയർത്തുക

ഒമ്പതാം പദ്ധതി പോലെതന്നെ മുൻപദ്ധതികളിലുണ്ടായ കോട്ടങ്ങൾ പരിഹരിക്കന്നതിനായിരിന്നു പത്താം പദ്ധതിയും പ്രധാനമായും ഊന്നൽ നൽകിയത്. ലക്ഷ്യമിട്ട വളർച്ചാനിരക്ക് 8.1 % ആയിരിന്നൂവെങ്കിലും കൈവരിക്കാനായത് 7.7% ആണ്.

പതിനൊന്നാം പ‍‍ഞ്ചവത്സര പദ്ധതി (2007–2012)

തിരുത്തുക

ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതിയാണ് പതിനൊന്നാം പ‍‍ഞ്ചവത്സര പദ്ധതി. വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകിയ ഈ പദ്ധതി, പദ്ധതിവിഹിതത്തിന്റെ 20% ആണ് ഈ ഇനത്തിൽ വകയിരുത്തിയത്. സാമ്പത്തികവിദഗ്ദ്ധൻ കൂടിയായ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ആരംഭിച്ച ആദ്യപദ്ധതിയാണിത്.

ലക്ഷ്യങ്ങൾ

തിരുത്തുക
  • 9% വാർഷിക വളർച്ച നിരക്ക് കൈവരിക്കുക
  • കാർഷിക മേഖലയിൽ 4% വളർച്ച നിരക്ക് കൈവരിക്കുക
  • വ്യവസായിക മേഖലയിൽ 10.5% വളർച്ച നിരക്ക് കൈവരിക്കുക
  • സേവന മേഖലയിൽ 10-11 % വളർച്ച നിരക്ക് കൈവരിക്കുക
  • 2012 ഓടെ 10% ദാരിദ്ര്യം കുറയ്ക്കുക
  • പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകുക
  • 2012 ഓടെ വനവിസ്തൃതി 33% ആയി വർദ്ധിപ്പിക്കുക
  • പദ്ധതി കാലയളവിൽ സാക്ഷരത നിരക്ക് 85% ആയി വർദ്ധിപ്പിക്കുക
  • 8% സാമ്പത്തിക വളർച്ച കൈവരിച്ചു
  • കാർഷിക മേഖലയിൽ 3.7%% വളർച്ച കൈവരിച്ചു
  • വ്യവസായിക മേഖലയിൽ 7.2% വളർച്ച കൈവരിച്ചു
  • സേവന മേഖലയിൽ 9.7% വളർച്ച കൈവരിച്ചു[7]

പന്ത്ര​ണ്ടാം പ‍‍ഞ്ചവത്സര പദ്ധതി (2012–2017)

തിരുത്തുക

ഇന്ത്യയുടെ പ‍‍ഞ്ചവത്സര പദ്ധതികളിലെ അവസാനത്തെ പദ്ധതിയാണ് പന്ത്ര​ണ്ടാം പ‍‍ഞ്ചവത്സര പദ്ധതി. രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്താണ് അവസാനിച്ചത്.

ലക്ഷ്യങ്ങൾ

തിരുത്തുക
  • പ്രധാന ലക്ഷ്യം സുസ്ഥിരവികസനം
  • 8% വളർച്ച നിരക്ക് കൈവരിക്കുക
  • കാർഷികേതര മേഖലയിൽ 50 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
  • വിദ്യാലയങ്ങളിലെ ലിംഗ അസമത്വം കുറയ്കുക
  • ഉന്നതവിദ്യാഭ്യാസ മേഖലയിൽ അവസരങ്ങൾ വർധിപ്പിക്കുക
  • മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുക
  • മുഴുവൻ ഗ്രാമങ്ങളും വൈദ്യുതീകരിക്കുക
  • 50% ഗ്രാമീണജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുക
  • വർഷത്തിൽ ഒരു ദശലക്ഷം ഹെക്ടർ സ്ഥലത്ത് വനവല്ക്കരണം നടത്തുക
  • 90% വീടുകളിലും ബാങ്കിങ് സേവനം ലഭ്യമാക്കുക

ഇതും കാണുക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
  1. ആസൂത്രണ കമ്മീഷൻ Archived 2007-03-02 at the Wayback Machine.
  1. "ഒന്നാം പഞ്ചവത്സര പദ്ധതി - ആമുഖം". ദേശീയ ആസൂത്രണ കമ്മീഷൻ. Retrieved 2014-08-25.
  2. "വൈ നെഹ്രു ഈസ് ദ റൂട്ട് കോസ് ഓഫ് ഇന്ത്യാസ് ഇക്കണോമിക് ട്രബിൾസ്". ഡി.എൻ.എ.ഇന്ത്യ. 2011-07-11. Archived from the original on 2014-08-25. Retrieved 2014-08-25.{{cite web}}: CS1 maint: bot: original URL status unknown (link)
  3. സോണി പല്ലിശ്ശേരി & സാം ഗീൽ "ഫൈവ് ഇയർ പ്ലാൻസ് "ഇൻ എൻസൈക്ലോപീഡിയ ഓഫ് സസ്റ്റൈനബിലിറ്റി, വോള്യം. 7 പുറങ്ങൾ. 156-160
  4. എ., ഘോഷ് (1968). പ്ലാനിങ്,പ്രോഗ്രാമിങ് ആൻ ഇൻപുട്ട് ഔട്ട്പുട്ട് മോഡൽ. സെലക്ടഡ് പേപ്പേഴ്സ് ഓൺ ഇന്ത്യൻ പ്ലാനിങ്. കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്. p. 5.
  5. https://books.google.co.in/books?id=rRWDxpHcBHoC&pg=PA114&lpg=PA114&dq=sixth+five+year+plan+of+india+growth+actual+5.6&redir_esc=y&hl=en#v=onepage&q=sixth%20five%20year%20plan%20of%20india%20growth%20actual%205.6&f=false
  6. http://planningcommission.gov.in/reports/genrep/arep9099/index.php?repts=ar91-92.htm
  7. https://www.thehindubusinessline.com/economy/India-recorded-8-annual-average-economic-growth-in-11th-Plan/article20730121.ece