ടെസ്റ്റ് ക്രിക്കറ്റിലെ ട്രിപ്പിൾ സെഞ്ച്വറികളുടെ പട്ടിക
ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി എന്നാൽ ഒരു ബാറ്റ്സ്മാൻ ഒരു ഇന്നിങ്സിൽ മുന്നൂറോ അതിലധികമോ റൺസ് നേടുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 22 ബാറ്റ്സ്മാന്മാർ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങളിൽ 7 രാജ്യങ്ങളിലും ട്രിപ്പിൾ സെഞ്ച്വറി നേടിയ കളിക്കാരുണ്ട്.[1]ബംഗ്ലാദേശ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ കളിക്കാർ ഇതുവരെ ഒരു ട്രിപ്പിൾ സെഞ്ച്വറിയും നേടിയിട്ടില്ല.
ഇംഗ്ലണ്ട് ക്രിക്കറ്ററായിരുന്ന ആൻഡി സാൻധാമാണ് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ന്യൂസീലൻഡിന്റെ ബ്രണ്ടൻ മക്കല്ലമാണ് ഏറ്റവും അവസാനം ടെസ്റ്റ് ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയത് ഇംഗ്ലീഷ് താരം വാലി ഹാമണ്ടാണ് (4 മണിക്കൂർ 48 മിനിറ്റ്). ഏറ്റവും കുറവ് പന്തുകളിൽ നിന്ന് ട്രിപ്പിൾ സെഞ്ച്വറി നേടിയ റെക്കോർഡ് ഇന്ത്യയുടെവിരേന്ദർ സെവാഗിന്റെ പേരിലാണ് (278 പന്തുകളിൽ നിന്ന്).
ബ്രയാൻ ലാറ, ക്രിസ് ഗെയ്ൽ, വിരേന്ദർ സെവാഗ്, ഡൊണാൾഡ് ബ്രാഡ്മാൻ എന്നിവർ ഒന്നിലേറെ തവണ ട്രിപ്പിൾ സെഞ്ച്വറി നേടിയവരാണ്. ബ്രയാൻ ലാറ നേടിയ 400 റൺസാണ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.