ആശാന്റെ

നളിനിയെ കുറിച്ച്


മലയാളഭാഷയിൽ എഴുതപെട്ട ഒരു ഖണ്ഡകാവ്യമാണ് നളിനി. കുമാരനാശാന്റെ ഏറ്റവും വിശിഷ്ടമായ രചനയെന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുള്ള കൃതിയാണ് നളിനി അല്ലെങ്കിൽ ഒരു സ്നേഹം[അവലംബം ആവശ്യമാണ്]. 1911-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത്. ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷ പ്രേമത്തിന്റെ കഥയാണ് ഈ കഥാകാവ്യത്തിലെ പ്രതിപാദ്യം. പ്രേമകഥയിലെ നായികയുടെ പേരാണ് കാവ്യത്തിന് നൽകിയിട്ടുള്ളത്. അന്യാദൃശ്യമായ സ്നേഹം കാവ്യത്തിന്റെ പ്രധാന ഭാവമായിരിക്കുന്നതുകൊണ്ട് 'ഒരു സ്നേഹം' എന്നൊരു കാവ്യനാമം കൂടി ഇക്കാവ്യത്തിനുണ്ട്.

ഗതാനുഗതികത്വത്തെക്കാൾ നവനവോല്ലേഖ കല്പനകളിൽ കവി ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നു ബോധ്യം വന്ന പ്രൊഫ. ഏ.ആർ. രാജരാജവർമ, ഈ കാവ്യത്തിന്റെ അവതാരികയിൽ, ഇതൊരു പുതിയ പ്രസ്ഥാനത്തിൽപ്പെട്ട കാവ്യമാണെന്ന്, കവിതാഗതി പരിശോധിച്ചു വിലയിരുത്തിയിട്ടുണ്ട്. മലയാളകവിതയിൽ കാല്പനിക പ്രസ്ഥാനം വേരുറയ്ക്കുന്നതിന്റെ മഹനീയ ദൃഷ്ടാന്തമാണ് നളിനിയെന്ന് അദ്ദേഹം അങ്ങനെ സൂചിപ്പിച്ചു. സ്ത്രീപുരുഷപ്രേമത്തിന്റെ ആത്യന്തികരൂപമാണ് സംഭോഗശൃംഗാരമെന്ന് വിശ്വസിച്ചിരുന്ന നിയോക്ലാസ്സിക്ക് കാവ്യപാരമ്പര്യത്തിൽ നിന്ന് മലയാള കവിതയ്ക്കു മോചനമുണ്ടാകുന്നത് ഈ കാവ്യത്തിന്റെ പ്രചാരത്തോടെയാണ്. ആകെ 173 ശ്ലോകങ്ങളുള്ള ഈ കാവ്യത്തിലെ 166 ശ്ലോകങ്ങളും രഥോദ്ധത വൃത്തത്തിലാണ്. മാലിനിയിൽ മൂന്നും വസന്തതിലകത്തിൽ രണ്ടുംസ്ഥാനത്തും മന്ദാക്രാന്തയിലും ഓരോന്നു വീതവും ശ്ലോകങ്ങളാണ് ബാക്കിയുള്ളവ. ഈ കൃതിക്ക് ഒട്ടേറെ പഠനങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്.

കഥാവസ്തുതിരുത്തുക

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നളിനി എന്ന താളിലുണ്ട്.

നളിനിയുടെ കളിത്തോഴനായിരുന്ന ദിവാകരൻ യൗവനാരംഭത്തിൽ സ്വദേശം വിട്ടുപോയി. അദ്ദേഹത്തിന്റെ അഭാവത്തിലും നളിനി ദിവാകരനെ ജീവതേശനായിക്കരുതി ആരാധിച്ചു. യൗവനയുക്തയായ മകളെ വിവാഹബന്ധത്തിലേർപ്പെടുത്താൻ മാതാപിതാക്കൾ തീരുമാനിച്ചു. തന്റെ വിവാഹം നിശ്ചയിക്കപ്പെട്ടതറിഞ്ഞ നളിനി തോഴിമാരോടുപോലും ആലോചിക്കാതെ വീടുവിട്ടിറങ്ങുകയും ആത്മഹത്യയ്ക്കു മുതിരുകയും ചെയ്തു. ജലപ്പരപ്പിലേക്കു കുതിച്ച അവളെ ഒരു താപസി രക്ഷപ്പെടുത്തി. ആ യോഗിനിയുടെ സംരക്ഷണയിൽ അഞ്ചു വർഷക്കാലം അവൾ ആ ആശ്രമത്തിൽ നിഷ്ഠയോടെ വസിച്ചു.

അനന്തരം ഒരു സുപ്രഭാതത്തിൽ, ഹിമവൽസാനുവിൽ വച്ച് കാഷായവേഷധാരിയായൊരു യോഗിയായി അവൾ ദിവാകരനെ കണ്ടെത്തി. പരസ്പരം മനസ്സിലാക്കിയശേഷം നളിനിയുടെ നിയമനിഷ്ഠയിൽ സന്തുഷ്ടനായ യോഗിവര്യൻ അവളെ അനുഗ്രഹിച്ചു യാത്രയാകാൻ ഒരുമ്പെട്ടു. തത്ക്ഷണം പതിപ്രേമനിഷ്ഠയായ അവൾ 'ദൃഢമിപ്പദാംബുജത്തിന്റെ സീമയിതു പോകിലില്ല ഞാൻ' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കാല്ക്കൽ സ്വയം സമർപ്പിച്ചു. അപ്പോൾ ആ യോഗിവര്യന് അവളോട് കാരുണ്യമുണ്ടാവുകയും, മഹാവാക്യതത്ത്വം അവൾക്ക് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. പരമമായ ബ്രഹ്മാനന്ദാനുഭൂതിയിൽ ലയിച്ച അവളിൽ നിന്ന് ഓം എന്ന നാദവൈഖരിക്കൊപ്പം ഒരു ധാമവും മിന്നൽപോലെ വേർപെട്ടുപോയി. 'പട്ടിടഞ്ഞതനുതന്റെ മേനിവേർപെട്ടിടാഞ്ഞത്' യോഗി അറിയുകയും ചെയ്തു.

വിവാദംതിരുത്തുക

നളിനിയുടെ അന്ത്യം ഹൃദയസ്തംഭനം മൂലമാണോ എന്നും ശരിക്കുമുള്ള മോക്ഷപ്രാപ്തിയാണോ എന്നും തർക്കങ്ങളുണ്ടായി. അതുപോലെ കഥാവസ്തുവിന്റെ ഉറവിടത്തെക്കുറിച്ചും അഭിപ്രായാന്തരമുണ്ടായിരുന്നു. ഒളിവർ ഗോൾഡ് സ്മിത്തിന്റെ എഡ്വിൻ ആൻഡ് ഏഞ്ജലീന, എച്ച്. ഡബ്ല്യു. ലോങ്ഫെലോയുടെ ഇവാൻജലിൻ എന്നീ കാവ്യങ്ങളുടെ ഛായ ശ്രീനിയും കുട്ടികൃഷ്ണമാരാരും ഈ കാവ്യത്തിൽ കണ്ടെത്തിയിരിക്കുന്നു[അവലംബം ആവശ്യമാണ്]. പ്രമേയപരമായി കാളിദാസന്റെ പാർവതിയുടെയും, രബീന്ദ്രനാഥടാഗൂറിന്റെ നളിനിയുടെയും ഛായ ഡോ. എം. ലീലാവതിയും കണ്ടെത്തിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ധാരാളം നിരൂപണങ്ങളും പഠനങ്ങളും ഈ കാവ്യത്തിന്മേലുണ്ടായി. വേദാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് കവി നായികാനായകന്മാരെ ആവിഷ്കരിച്ചിട്ടുള്ളത് എന്ന ചിന്തയിലൂന്നിയ പഠനങ്ങളാണ് കൂടുതൽ സത്യാത്മകമായിട്ടുള്ള ത്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നളിനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നളിനി&oldid=3460082" എന്ന താളിൽനിന്ന് ശേഖരിച്ചത്