1891-ൽ കൊല്ലത്തെ പരവൂരിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് സുജനാനന്ദിനി . ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു.[1] പരവൂർ വി. കേശവനാശാനാണ് മലയാള മനോരമ പത്രത്തിന്റെ മാതൃകയിൽ പത്രം ആരംഭിച്ചത്. ഈഴവരുടെ ആദ്യപത്രമായതിനാൽ ഈഴവപത്രം എന്നും ഇതറിയപ്പെട്ടു. ആദ്യം പരവൂരിൽ നിന്നും പിന്നീട് കൊല്ലത്തുനിന്നും സുജനാനന്ദിനി പ്രസിദ്ധീകരിച്ചിരുന്നു. കേശവനാശാൻ തന്നെയായിരുന്നു കൊല്ലത്തു നിന്നും ആരംഭിച്ച പ്രഥമപത്രത്തിന്റെ പത്രാധിപർ.[1]

സ്വന്തം പിതാവായ വ്വൈരവൻ വൈദ്യന്റെ സഹായത്തോടെ ആശാൻ പതിനായിരം ഉറുപ്പിക മൂലധനം കൊണ്ട് കേരളഭൂഷണം കമ്പനി ക്ലിപ്തം കൊ.വ.1066-ൽ (എ.ഡി. 1891) ആരംഭിച്ചു. 1892-ൽ ഇവിടെനിന്നുമാണ് സുജനാനന്ദിനിയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. അതോടെ അധഃസ്ഥിത വർഗത്തിന്റെ നാവായി പത്രം മാറി. അക്കാലത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു.[1]

ശ്രീനാരായണ ഗുരുദേവന്റെ സന്ദേശവാഹിയായി സുജനാനന്ദിനി വളരെപ്പെട്ടെന്ന് മാറി. അവർണരുടെ സ്‌കൂൾ പ്രവേശനം, ഉദ്യോഗലബ്ധി, സർക്കാരിന്റെ അഴിമതി എന്നിവയെക്കുറിച്ച് കേശവനാശാൻ പത്രത്തിന്റെ മുഖപ്രസംഗം എഴുതി.[1]

കവിതാവിലാസിനി എന്ന പേരിൽ ഒരു ഉപപത്രവും സുജനാനന്ദിനിയോടൊപ്പം ഓരോ ലക്കത്തിലും പ്രസിദ്ധീകരിച്ചിരുന്നു. സമസ്യാപൂരണത്തിനും സംവാദത്തിനുമൊക്കെ ഇതിൽ സ്ഥലം ഒരുക്കിയിരുന്നു. മൂലൂർ എസ്. പത്മനാഭ പണിക്കരുടെ കവിരാമായണത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം പൊട്ടിപ്പുറപ്പെട്ട സാഹിത്യസംവാദം കവിത വിലാസിനിയിലായിരുന്നു സംഭവിച്ചത്. അഴകത്തു പത്മനാഭക്കുറുപ്പ്, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ഉള്ളൂർ, സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, മൂലൂർ, സി.വി.കുഞ്ഞുരാമൻ,കുമാരനാശാൻ, കെ.സി. കേശവപിള്ള എന്നിവരൊക്കെ ഇതിൽ കവിതകൾ എഴുതിയിരുന്നു.[1]

1905 വർഷം ആയപ്പോൾ ഈഴവ വിദ്യാലയ പ്രവേശനത്തിനുവേണ്ടിയുള്ള വാദം സമൂഹത്തിൽ ശക്തമായി. സുജനാനന്ദിനിയും ഈ ആവശ്യം ഉന്നയിച്ച് കുറിപ്പുകൾ പുറത്തിറക്കി. പിന്നീടാണ് ഹരിപ്പാട് ഒരു ഈഴവ ബാലന് സ്‌കൂളിൽ പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് നായർ-ഈഴവ ലഹള പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെ പരവൂർ മണിയംകുളം സ്കൂളിൽ ഈഴവ സമുദായാംഗമായ ബാലന് പ്രവേശനം നൽകിയതിനെതിരെ സവർണർ സംഘടിതമായി പ്രതിഷേധം തുടങ്ങി. സ്കൂൾ ഭാഗികമായി കത്തിക്കുകയും ചെയ്തു. ഹരിപ്പാട്ട് ആരംഭിച്ച ഈഴവ - നായർ ലഹള പരവൂർ അടക്കമുള്ള തെക്കൻ മേഖലയിലേക്കും വ്യാപിച്ചു. ഈഴവരുടെ വിദ്യാലയ പ്രവേശനത്തിനായി ശബ്ദമുയർത്തിയ കേശവനാശാൻ ലഹള അവസാനിപ്പിക്കണമെന്ന് സുജനാനന്ദിനിയിൽ മുഖപ്രസംഗമെഴുതി ലഹളയ്ക്ക് അന്ത്യം കുറിക്കാൻ സുജനാനന്ദിനി ഭരണകൂടത്തോട് ആവശ്യപ്പെട്ടെങ്കിലും ഭരണനേതൃത്വങ്ങളിൽ നിന്നും അതിനായി യാതൊന്നും ചെയ്തില്ല. തൊട്ടുപിന്നാലെ ബ്രട്ടീഷ് റസിഡന്റിന് കേശനാശാൻ പരാതി നൽകി. അന്നേ ദിവസം രാത്രിയിൽ കേരളഭൂഷണം പ്രസും സുജനാനന്ദിനി പത്രമോഫീസും അഗ്നിക്കിരയാക്കി.[1]

ഈ സംഭവത്തെ ഉദ്ധരിച്ചാണ് കുമാരനാശാൻ 'ഉദ്‌ബോധനം' എന്ന സ്വാതന്ത്ര്യഗീതം രചിച്ചത്.[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "ചരി​ത്രത്തൂലി​കയി​ൽ കേശവമാറ്റൊലി​". കേരളകുമുദി. Archived from the original on 2016-02-03. Retrieved 3 ഫെബ്രുവരി 2016. {{cite web}}: zero width space character in |title= at position 4 (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=സുജനാനന്ദിനി&oldid=3971200" എന്ന താളിൽനിന്ന് ശേഖരിച്ചത്