ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ശ്രീ ദേവി ക്ഷേത്രം. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സാക്ഷാൽ ആദിപരാശക്തിയും മാതൃദൈവവുമായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടിൽ മേക്കതിൽ അമ്മ എന്നറിയപ്പെടുന്നത്. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു.[1] ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയ പ്രത്യേക ജങ്കാറിലൂടെ ഇവിടെ എത്തിച്ചേരാവുന്നതാണ്. ക്ഷേത്രത്തിനു സമീപമുള്ള ആൽമരത്തിൽ, പ്രത്യേകം പൂജിച്ചുനൽകുന്ന മണി നാമജപത്തോടെ പ്രദക്ഷിണം ചെയ്തു കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു വഴിപാടാണ്. മനസ്സിൽ ന്യായമായ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം.[2]

കാട്ടിൽ മേക്കതിൽ ക്ഷേത്രം
കാട്ടിൽ മേക്കതിൽ ക്ഷേത്രം is located in Kerala
കാട്ടിൽ മേക്കതിൽ ക്ഷേത്രം
കാട്ടിൽ മേക്കതിൽ ക്ഷേത്രം
കേരളത്തിൽ ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:8°59′6″N 76°31′57″E / 8.98500°N 76.53250°E / 8.98500; 76.53250
പേരുകൾ
മറ്റു പേരുകൾ:Kattil Mekkathil Devi Temple
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കൊല്ലം
പ്രദേശം:പന്മന , ചവറ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി (ആദിപരാശക്തി)
പ്രധാന ഉത്സവങ്ങൾ:വൃശ്ചികോത്സവം
ക്ഷേത്രങ്ങൾ:1
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
അജ്ഞാതം
സൃഷ്ടാവ്:അജ്ഞാതം

ഭൂപ്രകൃതി

തിരുത്തുക

കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിനും ടി.എസ്. കനാലിനും മധ്യേ കേരവൃക്ഷങ്ങൾ ധാരാളമുള്ള ഒരു തുരുത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശാലമായ മണൽപ്പരപ്പിനു നടുവിൽ ക്ഷേത്രം നിൽക്കുന്നത് മനോഹരമായ കാഴ്ച ഒരുക്കുന്നു. 2004-ൽ സുനാമി ദുരന്തമുണ്ടായപ്പോൾ പരിസരപ്രദേശം മുഴുവൻ കടൽക്ഷോഭത്തിനിരയായിട്ടും ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിച്ചിരുന്നില്ല.[2]

പ്രതിഷ്ഠ

തിരുത്തുക

'കാട്ടിലമ്മ' അല്ലെങ്കിൽ 'കാട്ടിൽ മേക്കതിൽ അമ്മ' എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദാരികവധം കഴിഞ്ഞ ഭാവം. ഉഗ്രമൂർത്തിയാണ്. കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം ഉൾക്കൊള്ളുന്ന ദേവിയാണ് ഇതെന്ന് ഐതിഹ്യം. മഹാഗണപതി, ദുർഗ്ഗ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിൽ ഉണ്ട്.

മണികെട്ടൽ ചടങ്ങ്

തിരുത്തുക

ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് 'മണികെട്ടൽ'. ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണി ഇവിടെയുള്ള പേരാലിൽ കെട്ടി പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. മരത്തിനു ചുറ്റും ഏഴുതവണ ദേവീനാമ ജപത്തോടെ പ്രദക്ഷിണം ചെയ്തതിനു ശേഷമാണ് മണികെട്ടുക. ഇങ്ങനെ മൂന്നു തവണ വന്ന് മണികെട്ടണമെന്നാണ് വയ്പ്. ആയിരകണക്കിന് ഭക്തർ വ്രത ശുദ്ധി യോടെ ഇവിടെ എത്തി ആഗ്രഹം പൂർത്തിയാക്കുന്നു [1][2]

വൃശ്ചികോത്സവം

തിരുത്തുക

എല്ലാവർഷവും വൃശ്ചിക മാസത്തിൽ (നവംബർ) ഇവിടെ ഉത്സവം നടക്കാറുണ്ട്. പന്ത്രണ്ടു ദിവസം നീണ്ടുനിൽക്കുന്ന വൃശ്ചികോത്സവത്തിൽ പങ്കെടുക്കുവാൻ തമിഴ്നാട്, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുപോലും ധാരാളം ഭക്തർ ഇവിടെയെത്തുന്നു.[3] ഉത്സവസമയത്ത് ഭക്തർക്കു വസിക്കുവാനായി ആയിരക്കണക്കിനു കുടിലുകളാണ് ക്ഷേത്രപരിസരത്തു നിർമ്മിക്കുന്നത്.[3] ഉത്സവത്തോടനുബന്ധിച്ച് തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് എന്നിവ നടത്താറുണ്ട്.[4]

പ്രധാന ദിവസങ്ങൾ

തിരുത്തുക

ചൊവ്വ, വെള്ളി, പൗർണമി, അമാവാസി, ജന്മ നക്ഷത്ര ദിവസം, മലയാളം-ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി തുടങ്ങിയ ദിവസങ്ങൾ ദർശനത്തിന് അനുയോജ്യം. പൊതുവേ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ഭക്തരുടെ തിരക്ക് കാണാം.

എത്തിച്ചേരുവാൻ

തിരുത്തുക

ചവറയ്ക്കു സമീപമുള്ള ശങ്കരമംഗലത്ത്

തിരുവനന്തപുരം, ആറ്റിങ്ങൽ ഭാഗത്തു കുടി വരുന്നവർ ദേശീയപാത വഴിയുള്ളു ആലപ്പുഴ /എറണാകുളം എന്നി ബസിൽ കയറി ശങ്കരമംഗലം / ചവറ പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങി പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്ന് ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം. ആലപ്പുഴ ഭാഗത്ത്‌ നിന്നും വരുന്നവർക്ക് കൊല്ലം ബസിൽ കയറിയാൽ ശങ്കര മംഗലത്ത് ഇറങ്ങാം. ശബരിമല, പത്തനംതിട്ട, അടൂർ ഭാഗത്ത്‌ നിന്നും വരുന്നവർക്ക് ഭരണിക്കാവ്, ശാസ്താംകൊട്ട, ചവറ വഴി എത്തിച്ചേരാം. കോട്ടയം ഭാഗത്തു നിന്നും വരുന്നവർ തിരുവല്ല, കായംകുളം, കരുനാഗപ്പള്ളി വഴി ശങ്കരമംഗലത്തു എത്താവുന്നതാണ്.

ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ- കൊല്ലം ജംഗ്ഷൻ, കരുനാഗപ്പള്ളി

ക്ഷേത്രത്തിന്റെ വിലാസം

തിരുത്തുക

കാട്ടിൽ മേക്കതിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, പൊന്മന, ചവറ, കൊല്ലം - 691583

സമീപ സ്ഥലങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം

തിരുത്തുക
  • ശങ്കരമംഗലത്തു നിന്ന് 2.9 കിലോമീറ്റർ പടിഞ്ഞാറ്
  • ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ(KMML) നിന്ന് 3.7 കിലോമീറ്റർ
  • കരുനാഗപ്പള്ളിയിൽ നിന്ന് 12 കി.മീ. തെക്കുഭാഗത്ത്
  • കായംകുളത്തു നിന്ന് 26 കി.മീ. തെക്കുഭാഗത്ത്
  • കൊല്ലം ചിന്നക്കടയിൽ നിന്ന് 17.2 കി.മീ ദേശീയപാത വഴി വടക്കോട്ട്‌
  • കൊട്ടാരക്കരയിൽ നിന്ന് 34.5 കി.മീ
  • അടൂരിൽ നിന്ന് ഏകദേശം 34 കി.മീ ശാസ്താംകോട്ട വഴി
  • തിരുവനന്തപുരത്ത് നിന്ന് ഏതാണ്ട് 85 കിമീ വടക്കോട്ട്‌

പുറംകണ്ണികൾ

തിരുത്തുക
  1. 1.0 1.1 "Here, bells on tree answer your prayers". Deccan Chronicle. 2014-11-27. Archived from the original on 2016-01-22. Retrieved 2016-01-04.
  2. 2.0 2.1 2.2 'ആഗ്രഹസാഫല്യപൊലിമയിൽ കാട്ടിൽമേക്കതിൽ ക്ഷേത്രം', കേരള കൗമുദി, 2015 ഡിസംബർ 24, പേജ്-3, കൊല്ലം എഡിഷൻ.
  3. 3.0 3.1 "കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിൽ ഭക്തജനത്തിരക്കേറുന്നു". മാതൃഭൂമി. 2015-11-25. Archived from the original on 2016-01-22. Retrieved 2015-01-04.
  4. "ദേവീസ്തുതികളാൽ മുഖരിതമായി കാട്ടിൽ മേക്കതിൽ ക്ഷേത്ര ഭജനക്കുടിലുകൾ". മാതൃഭൂമി. 2015-11-19. Archived from the original on 2016-01-22. Retrieved 2016-01-04.