ഏലപ്പീടിക

കണ്ണൂര്‍ ജില്ലയിലെ ഗ്രാമം

11°51′40″N 75°47′49″E / 11.861207°N 75.796862°E / 11.861207; 75.796862

ഏലപ്പീടിക
ഏലപ്പീടികയിൽനിന്നുള്ള കാഴ്ച
ഏലപ്പീടികയിൽനിന്നുള്ള കാഴ്ച
Map of India showing location of Kerala
Location of ഏലപ്പീടിക
ഏലപ്പീടിക
Location of ഏലപ്പീടിക
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം പേരാവൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
നിയമസഭാ മണ്ഡലം പേരാവൂർ
സാക്ഷരത 100%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

670 m (2,198 ft)
കോഡുകൾ

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ പേരാവൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഏലപ്പീടിക. പഴശ്ശിരാജാവ് ബ്രിട്ടീഷ്‌പടയുമായി ഏറ്റുമുട്ടിയ പേര്യചുരം ഉൾപ്പെടുന്നതാണ് ഈ ഗ്രാമം. വലിയ മലകളും അരുവികളും ധാരാളം പക്ഷിമൃഗാദികളും ഉള്ള ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 600-1000 മീറ്റർ ഉയരത്തിലാണ്. കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളും അറബിക്കടലും ഇവിടെ നിന്നും വീക്ഷിക്കുവാൻ സാധിക്കും. മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ പേരാവൂരിൽ നിന്നും പതിനൊന്ന് കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തേക്ക് കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ തന്നെ ജനവാസം തുടങ്ങിയതായി ചരിത്ര രേഖകൾ പറയുന്നു.[1] തലശ്ശേരി-വയനാട് സംസ്ഥാന പാതയിൽ നിന്നും ഒരു കിലോമീറ്റർ മാറി വയനാട് ചുരത്തിന്റെ അടിവാരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തേക്ക് ധാരാളം വിനോദസഞ്ചാരികൾ വരാറുണ്ട്.[2]

വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിൽ ഒരു ക്രൈസ്തവദേവാലയം ഇവിടെയുണ്ട്.സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിൽ (700 മീറ്റർ) സ്ഥിതിചെയ്യുന്ന കണ്ണൂർ ജില്ലയിലെ ദേവാലയം എന്ന ഖ്യാതി ഈ ദേവാലയത്തിനവകാശപ്പെട്ടതാണ്.[3] കൊട്ടിയൂർ ശിവക്ഷേത്രം, ആറളം സെൻട്രൽ സ്റ്റേറ്റ് ഫാം എന്നിവ ഇതിനടുത്താണ്. തൈലനിർമ്മാണത്തിനുപയോഗിക്കുന്ന കറുവ, തെരുവപ്പുല്ല് എന്നിവ ഇവിടെ ധാരാളമായി കൃഷിചെയ്യുന്നു. കൂടാതെ റബ്ബർ, കശുമാവ്, തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, ഇഞ്ചി എന്നിവയും ഇവിടുത്തെ പ്രധാന വിളകളാണ്. ഉയർന്ന പ്രദേശമായതുകൊണ്ട് വേനൽക്കാലത്തും ഇവിടെ കുറഞ്ഞ ചൂടേ അനുഭവപ്പെടുന്നുള്ളൂ.

ഏലപ്പീടികയുടെ ആകാശക്കാഴ്ച്ച

പേരിനു പിന്നിൽ

തിരുത്തുക

വൈദേശിക ഭരണകാലത്ത് വയനാട്ടിൽ ഉല്പാദിപ്പിക്കപ്പെട്ടിരുന്ന ഏലം പുറംരാജ്യങ്ങളിലേക് കൊണ്ടുപോകുന്നതിന് അവ വയനാടിന്റെ അടിവാരത്തു സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തുണ്ടായിരുന്ന പാണ്ടികശാലകളിൽ കൊണ്ടുവന്നു സംഭരിച്ചിരുന്നു. അങ്ങനെയുള്ള ഏലം വില്പന നടത്തിയിരുന്ന സ്ഥലത്തെ ഏലപ്പീടിക എന്നു വിളിക്കുകയും അത് സ്ഥലത്തിന്റെ പേരാകുകയും ചെയ്തു.

ചരിത്രം

തിരുത്തുക

രേഖപ്പെടുത്തിയ ചരിത്ര പ്രകാരം കണ്ണൂരിലെ, കേരള വർമ്മ പഴശ്ശിരാജ ഉൾപ്പെടുന്ന കോട്ടയം രാജവംശം തിരുനെല്ലിക്കോട്ടയിലെ വേടക്കരശനെ പരാജയപ്പെടുത്തി വയനാട് പിടിച്ചെടുക്കുമ്പോൾ ഭരണ പ്രദേശമായ കണ്ണവം കാടുകളുടെ ഭാഗമായിരുന്നു ഇന്നത്തെ ഏലപീടിക, മലയാംപടി, വെള്ളൂന്നി എന്നിവ ഉൾപ്പെടുന്ന മലമ്പ്രദേശങ്ങൾ. പഴശ്ശി രാജാവിന്റെ പ്രധാന മന്ത്രി ആയിരുന്ന ശങ്കരൻ നമ്പിയാരുടെ കുടുംബമായിരുന്ന കണ്ണവത്ത് നമ്പിയാർ കുടുംബത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പ്രദേശം. വില്യം ലോഗന്റെ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ 1802-ൽ പേരിയ ചുരത്തിൽ വെച്ച് വച്ച് എടച്ചേന കുങ്കൻ, തലക്കൽ ചന്തു എന്നിവരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ്‌ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പടയുമായി പഴശ്ശിരാജാവിന്റെ പട ഏറ്റുമുട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ചന്തുവിനെ സഹായിക്കാൻ മല ഇറങ്ങി വന്ന നൂറു കുറിച്യ പോരാളികൾ ഈ പ്രദേശത്ത് നിന്നാവണം. കാരണം കുടിയേറ്റം തുടങ്ങുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് കുറിച്യർ എന്നറിയപ്പെടുന്ന ഗിരി വർഗ്ഗ ഗോത്ര സമുദായത്തിന്റെ സ്വാഭാവിക ആവാസ മേഖലയായിരുന്നു ഈ പ്രദേശം. ഇവരെ കൂടാതെ കാടന്മാർ എന്ന ഒരു ഗോത്രവും ഇവിടെ നിലനിന്നിരുന്നു. ഗോത്ര വർഗ്ഗക്കാരുടെ ആരാധന കേന്ദ്രങ്ങളുടെ ശേഷിപ്പുകൾ ഓടപ്പുഴ, കാടന്മല, ഏലപ്പീടിക എന്നിവിടങ്ങളിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. 1930 കളോടെ കണിച്ചാർ ഗ്രാമ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലേക്കും, പ്രത്യേകിച്ച് ഏലപീടികയുടെ സമീപ പ്രദേശമായ കൊളക്കാടേക്ക് തിരുവിതാംകൂറിന്റെ പല ഭാഗത്ത് നിന്നും ആളുകൾ കുടിയേറ്റം നടത്തിയിരുന്നു. എന്നാൽ മലേറിയ പോലുള്ള അസുഖങ്ങളും വന്യ മൃഗങ്ങളുടെ ആക്രമണവും ആദ്യ കാലങ്ങളിൽ കുടിയേറ്റത്തിനു വിഘാതമായി. 1940 കളോടെ കൊളക്കാട് പ്രദേശത്തേക്ക് കുടുതൽ ആളുകൾ വന്നെത്തുകയും കാടു വെട്ടിത്തെളിച്ച് കൃഷി ആരംഭിക്കുകയും ചെയ്തു. വീടുകൾക്കും മറ്റുമായി ആവശ്യമായ മരങ്ങൾ വെട്ടുന്നതിനായാണ് ഏലപീടിക, മലയാംപടി, ഓടപ്പുഴ പ്രദേശങ്ങളിലേക്ക് ആദ്യമായി ആളുകൾ എത്തുന്നത്. മരം കൊണ്ട് പോകുന്നതിനായാണ് ആദ്യമായി ഇവിടേക്ക് വഴികൾ നിർമ്മിക്കപെട്ടത്. മരങ്ങൾ വെട്ടിയെടുക്കുന്ന കൂപ്പുകൾ ആയി നിന്ന പ്രദേശത്തേക്ക് കൂടുതൽ ആളുകൾ വരികയും കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങൾ വെട്ടിത്തെളിച്ച് എടുക്കുകയുമുണ്ടായി. ഈ പ്രദേശങ്ങളിൽ കൂടുതലായി ഉണ്ടായിരുന്ന കുറിച്യ ജനവിഭാഗത്തിൽ നില നിന്നിരുന്ന അയിത്തം അവരെ കുടിയേറിയ ജനവിഭാഗങ്ങളിൽ നിന്നും അകന്നു മാറുന്നതിനും അവരുടെ സ്വാഭാവിക അധിവാസ മേഖലകളിൽ നിന്നും കൂടുതൽ മലമ്പ്രദേശങ്ങളിലേക്ക് ഒഴിഞ്ഞു പോകുന്നതിനും കാരണമായി. 1950 കളോടെ ഏലപീടികയിൽ ധാരാളം ആളുകൾ താമസമാക്കുകയും 1969-ൽ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിൽ ഒരു ക്രിസ്ത്യൻ ദേവാലയം ആരംഭിക്കുകയും ചെയ്തു.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

തിരുത്തുക

സമുദ്ര നിരപ്പിൽ നിന്നും 2000 അടി ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഉയരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിനെ മൂന്നായി തരം തിരിച്ചിരിക്കുന്നതിൽ ഉയർന്ന മലമ്പ്രദേശങ്ങൾ എന്ന വിഭാഗത്തിലാണു ഏലപീടികയുടെ സ്ഥാനം. പശ്ചിമ ഘട്ടത്തിൽ വരുന്ന വയനാടൻ മലനിരകളുടെ ഒരു ഭാഗമായിട്ട് വരുന്ന ഈ പ്രദേശത്തിന്റെ കിഴക്ക്-തെക്ക് ഭാഗങ്ങൾ റിസർവ്ട് ഫോറസ്റ്റ് ആണ്. നിത്യ ഹരിത വനമായി വരുന്ന ഈ ഭാഗത്ത് ഇലപൊഴിയുന്ന മരങ്ങളും കാണപ്പെടുന്നു, വലിയ പാറകൾ നിറഞ്ഞ ലാറ്ററൈറ്റ് മണ്ണിൽ ധാരാളം മുള വർഗ്ഗങ്ങളും തേക്ക്, ഈട്ടി മുതലായ വിലപിടിപ്പുള്ള മരങ്ങളും വളരുന്നു. മലകളിൽ നിന്നും താഴ്വാരതേക്ക് ഒഴുകുന്ന ധാരാളം നീരൊഴുക്കുകൾ ഇവിടുണ്ട്, തോടുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഉയർന്ന പ്രദേശം ആയതിനാലും വനത്തിന്റെ സാമീപ്യം ഉള്ളതിനാലും അന്തരീക്ഷത്തിൽ ഈർപ്പം തങ്ങി നില്ക്കുന്ന ഈ പ്രദേശത്ത് അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷ താപ നില വേനലിൽ 35 ഡിഗ്രി സെൽഷ്യസ് ആണ് . മഴക്കാലത്തും ശൈത്യകാലത്തും ഇത് 15 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്യും. ജൂൺ മുതൽ സെപ്റ്റംബർ മൺസൂൺ മഴ ലഭിക്കുന്ന ഈ പ്രദേശത്ത് മൺസൂണിന്റെ തുടക്കത്തിൽ വളരെ ശക്തമായ കാറ്റും അനുഭവപ്പെടുന്നു. ഈ സമയത്ത് ശക്തമായ കട്ടികൂടിയ കോടമഞ്ഞും കാണപ്പെടാറുണ്ട്. ഒക്ടോബർ നവംബർ മാസങ്ങളിൽ പോസ്റ്റ് മൺസൂണിൽ ശക്തി കുറഞ്ഞ മഴ ലഭിക്കുന്നു. നവംബർ ഡിസംബർ മാസങ്ങളിൽ ശൈത്യ കാലമാണ്.

ജനങ്ങൾ ജീവിത ശൈലി

തിരുത്തുക

ആന, കാട്ടുപന്നി മുതലായ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിരുന്ന സമയത്ത് തെരുവപ്പുല്ല് വാറ്റി പുൽത്തൈലം എടുക്കുന്നതും മരച്ചീനിക്കൃഷിയും ആയിരുന്നു ജനങ്ങളുടെ പ്രധാന ജീവിതോപാധി. പിന്നീട് തെങ്ങ്, കവുങ്ങ്, കശുവണ്ടി എന്നീ നാണ്യ വിളകളും ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട, ജാതി, കുരുമുളക് മുതലായ സുഗന്ധ വ്യഞ്ജനങ്ങളും ധാരാളമായി കൃഷി ചെയ്യപ്പെട്ടു. തലശ്ശേരി, മംഗലാപുരം എന്നീ നഗരങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി വ്യാപാരികൾ നേരിട്ട് വന്നു കർഷകരിൽ നിന്നും കുരുമുളക് സംഭരിച്ചിരുന്നു. ഇന്ന് റബ്ബർ ആണ് ഏലപീടികയിലെ പ്രധാന കൃഷി. ആട് മാട് വളർത്തലും ഒരു പ്രധാന വരുമാന മാർഗ്ഗമാണ്. കൊളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഏലപീടികയിലുള്ള ഉപകേന്ദ്രമാണ് പ്രധാന ഗവണ്മെന്റ് സേവന കേന്ദ്രം. 1982 ൽ നിലവിൽ വന്ന ഏലപീടിക സെന്റ്‌ സെബാസ്റ്യൻ എൽ പി സ്കൂൾ, കൊളക്കാട് സെന്റ്‌ സെബാസ്റ്യൻ യു പി സ്കൂൾ സാൻ തോം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ് കുട്ടികൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന മറ്റു സ്ഥാപങ്ങൾ.

ആരാധനാലയങ്ങൾ

തിരുത്തുക

1969-(ഫെബ്രുവരി മാസം)ൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം 1987-ലാണു ഇന്നു കാണുന്ന രീതിയിൽ പുതുക്കിപ്പണിതത്. റോമൻ കത്തോലിക്കാ വിഭാഗക്കാരാണ് ഈ ദേവാലയത്തിൽ ആരാധന നടത്തുന്നത്.

 
ഏലപ്പീടിക പള്ളി

വിനോദസഞ്ചാരം

തിരുത്തുക

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടനവധി കാഴ്ചകൾ ഇവിടെയുണ്ട്. വയനാട്ടിലേക്കുള്ള പ്രവേശനകവാടമായ പേരിയ ചുരം, വെള്ളച്ചാട്ടം, കറപ്പത്തോട്ടം, കണ്ണൂർ ജില്ല മുഴുവനും അറബിക്കടലും കാണാൻ സാധിക്കുന്ന ഏലപ്പീടിക കുരിശുമല, മൊട്ടക്കുന്ന് എന്നിവയെല്ലാം ഈ പ്രദേശത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. സമുദ്രനിരപ്പിൽനിന്നും 600 മീറ്റർ ഉയരത്തിലാണു ഏലപ്പീടികയുടെ സ്ഥാനം. മൊട്ടക്കുന്നിന്റെ ഉയരം 1000-1100 മീറ്ററും. കടും വേനലിലും ഇവിടം തണുപ്പുനിറഞ്ഞതായിരിക്കും.

 
ഏലപ്പീടികയിൽ നിന്നും ഒരു കാഴ്ച
 
മറ്റൊരു ദൃശ്യം
 
വിദൂര ദൃശ്യം
 
ഏലപ്പീടികയിൽ നിന്നും ഒരു ദൃശ്യം
 
ഏലപ്പീടികയിൽ സൂര്യാസ്തമയ ദൃശ്യം

ചിത്രങ്ങൾ

തിരുത്തുക
  1. http://sundayshalom.com/?p=6424[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-11. Retrieved 2015-07-30.
  3. https://www.google.com.sa/maps/@11.860685,75.7950276,15z/data=!5m1!1e4?hl=en
"https://ml.wikipedia.org/w/index.php?title=ഏലപ്പീടിക&oldid=4093374" എന്ന താളിൽനിന്ന് ശേഖരിച്ചത്