ദക്ഷിണകേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാലയ്ക്ക് സമീപം ചെങ്കൽ വില്ലേജിൽ ആറയൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ആറയൂർ ശ്രീ മഹാദേവക്ഷേത്രം. പാർവ്വതീസമേതനും ധ്യാനസ്ഥിതനുമായ പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ശാസ്താവ്, നവഗ്രഹങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഭൂതത്താൻ, യക്ഷിയമ്മ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ആറയൂർ ഗ്രാമത്തിന്റെ ഒത്ത നടുക്ക് ഒരു ചെറിയ തോടിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പ്രശാന്തസുന്ദരമായ ഒരു അനുഭൂതി നൽകുന്നുണ്ട്. കുംഭമാസത്തിലെ തിരുവാതിര നാളിൽ ആറാട്ട് വരുന്ന വിധത്തിൽ എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ അതേ മാസത്തിൽ വരുന്ന ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കന്നിമാസത്തിലെ നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക, മേടമാസത്തിലെ വിഷു, ചിങ്ങമാസത്തിലെ ഓണം തുടങ്ങിയവയും അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ആറയൂർ മഹാദേവക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തിരുവനന്തപുരം
പ്രദേശം:ആറയൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ, പാർവ്വതി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ശിവരാത്രി, തിരുവാതിര
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഐതിഹ്യം

തിരുത്തുക

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം പണ്ട് ഒരു കൊടുംകാടായിരുന്നുവത്രേ. അവിടെ ഒരുപാട് മഹർഷിമാർ താമസിച്ചിരുന്നു. ഒരിയ്ക്കൽ അവർക്ക് ഒരു സ്വപ്നദർശനമുണ്ടായി. സാക്ഷാൽ പരമശിവൻ പാർവ്വതീദേവിയോടൊത്ത് അടുത്തുള്ള നദിയിലൂടെ തോണിയിൽ ഉല്ലാസയാത്ര നടത്തിവരുന്നതായിരുന്നു ആ സ്വപ്നം. പിന്നീട് അവർ അവിടെ പാർവ്വതീസമേതനായി ശിവനെ ഭജിച്ചുവന്നു. ഒടുവിൽ പാർവ്വതീപരമേശ്വരന്മാർ അവർക്ക് ദർശനമേകുകയും അവിടെത്തന്നെ നിത്യസാന്നിദ്ധ്യം ചെയ്തുകൊള്ളാമെന്ന് പറയുകയും ചെയ്തു.

ഒരുപാട് വർഷങ്ങൾക്കുശേഷം ഇവിടെ പുല്ലരിയാൻ വന്ന സ്ത്രീകൾ തങ്ങളുടെ അരിവാളിന് മൂർച്ഛ കൂട്ടാനായി ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. തുടർന്ന് അവർ സ്ഥലത്തെ ചില പ്രമാണിമാരെപ്പോയി ഈ വിവരം അറിയിച്ചു. അന്വേഷിച്ചപ്പോൾ സ്വയംഭൂവായ ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടായതെന്ന് അവർ കണ്ടു. തുടർന്ന് അവിടെയൊരു ക്ഷേത്രവും പണിതു. അതാണ് ആറയൂർ ശ്രീ മഹാദേവക്ഷേത്രം.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ആറയൂർ ഗ്രാമത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, ആ ഭാഗത്തുകൂടി ഒരു തോട് കടന്നുപോകുന്നുണ്ട്. തന്മൂലം അവിടെനിന്ന് നേരിട്ട് പ്രവേശനമില്ല. പടിഞ്ഞാറുഭാഗത്താണ് പ്രധാന പ്രവേശനകവാടം പണിതിരിയ്ക്കുന്നത്. മലയാളത്തിലെ ചരിത്രനോവലുകളുടെ പിതാവായ സി.വി. രാമൻ പിള്ളയുടെ കുടുംബവീട് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്ന് അല്പം മാറി സ്ഥിതിചെയ്യുന്നു. അതൊഴിച്ചുനിർത്തിയാൽ ഇവിടെ അധികവും വിവിധ വൃക്ഷങ്ങളുടെ തോപ്പുകളും നെൽപ്പാടങ്ങളുമാണ്. പ്രകൃതിരമണീയമായ കാഴ്ചകൾ കണ്ടുകൊണ്ടാണ് ക്ഷേത്രത്തിലെത്തുന്നത്. പടിഞ്ഞാറേ നടയിൽ തമിഴ് ശൈലിയിൽ തീർത്ത അതിമനോഹരമായ ഒരു കവാടമുണ്ട്. ഇതിന് മുകളിൽ ശിവകുടുംബത്തിന്റെ രൂപം ആലേഖനം ചെയ്തിരിയ്ക്കുന്നു. ഇതിന് ചുവട്ടിലായി ഓം ഹ്രീം നമഃ ശിവായ എന്ന ശക്തിപഞ്ചാക്ഷരിമന്ത്രം എഴുതിവച്ചിരിയ്ക്കുന്ന ഒരു ഫ്ലക്സ്ബോർഡും കാണാം. ഇവ കണ്ടുകൊണ്ടാണ് ഭക്തർ ക്ഷേത്രത്തിലേയ്ക്ക് ചെല്ലുന്നത്. ക്ഷേത്രം തോട്ടിൻകരയിലാണെങ്കിലും വടക്കേ നടയിൽ മനോഹരമായ ഒരു കുളവും പണിതിട്ടുണ്ട്. തോട്ടിൽ മാലിന്യം അടിഞ്ഞുകൂടിയതിനുശേഷം പണിതതാണ് ഈ കുളം. ഇവിടെ കുളിച്ചാണ് ഭക്തർ ക്ഷേത്രദർശനത്തിനെത്തുന്നത്. ഇവിടെത്തന്നെയാണ് ക്ഷേത്രത്തിലെ ആറാട്ടും നടക്കുന്നത്. വടക്കുകിഴക്കേ മൂലയിൽ ആൽമരച്ചുവട്ടിൽ നാഗദൈവങ്ങളുടെയും തൊട്ടടുത്ത് യക്ഷിയമ്മയുടെയും പ്രതിഷ്ഠകൾ കാണാം. പരിവാരസമേതരായ നാഗദൈവങ്ങളുടെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.

കിഴക്കേ നടയിലേയ്ക്കെത്തുമ്പോൾ ആദ്യം ഭക്തർ കാണുന്നത് അതിമനോഹരമായ ഒരു

ശ്രീകോവിൽ

തിരുത്തുക

നാലമ്പലം

തിരുത്തുക

പൂജാക്രമങ്ങളും വഴിപാടുകളും

തിരുത്തുക

നിത്യേന മൂന്നുപൂജകളും മൂന്നുശീവേലികളുമുള്ള ക്ഷേത്രമാണ് ആറയൂർ മഹാദേവക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. പിന്നീട് അഭിഷേകം തുടങ്ങുന്നു. അതിനുശേഷം മലർ നിവേദ്യമാണ്. പിന്നെ ഉഷഃപൂജ. ഉഷഃപൂജയ്ക്കുശേഷം ഉഷഃശീവേലി നടക്കുന്നു. പിന്നീടാണ് ക്ഷേത്രത്തിലെ ധാര. പത്തുമണിയ്ക്ക് ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും കഴിഞ്ഞ് പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. പിന്നീട് ഏഴുമണിയ്ക്ക് അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും കഴിഞ്ഞ് എട്ടുമണിയ്ക്ക് വീണ്ടൂം നടയടയ്ക്കുന്നു.

സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും പൂജകൾക്ക് മാറ്റം വരും. തിരുവല്ല പറമ്പൂർ ഇല്ലത്തിനാണ് ഇവിടെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം വകയാണ്..

ഇവിടത്തെ പ്രധാന വഴിപാട് ധാരയാണ്. ഉമാമഹേശ്വരസാന്നിദ്ധ്യമായതിനാൽ ദമ്പതിപൂജ പോലുള്ള വഴിപാടുകളുമുണ്ട്. നവഗ്രഹങ്ങൾക്ക് ദിവസവും വിശേഷാൽ പൂജകളുണ്ട്. ഗണപതിയ്ക്ക് ഒറ്റയപ്പവും മോദകവും മഹാഗണപതിഹോമവും, ശാസ്താവിന് നീരാജനവും നെയ്യഭിഷേകവും, സുബ്രഹ്മണ്യന് പഞ്ചാമൃതവും ഭസ്മാഭിഷേകവും നാഗദൈവങ്ങൾക്ക് നൂറും പാലും പ്രധാനമാണ്. ദുർഗ്ഗാദേവിയ്ക്ക് കുങ്കുമാർച്ചനയാണ് വിശേഷം. പ്രധാനദേവന്റെ ഉച്ചിഷ്ടമാണ് ഭൂതത്താന്റെ നിവേദ്യം.

വിശേഷദിവസങ്ങൾ

തിരുത്തുക

കുംഭമാസത്തിൽ തിരുവാതിര നക്ഷത്രദിവസം ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലേത്. പത്തുദിവസവും വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകാറുണ്ട്. ക്ഷേത്രത്തിന് മുന്നിലൂള്ള ക്ഷേത്രക്കുളത്തിൽ ആണ് ആറാട്ട്. കൊടിയേറ്റ് ഉത്സവം കൂടാതെ കുംഭമാസത്തിൽ തന്നെയുള്ള ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, മേടമാസത്തിൽ വിഷു, ചിങ്ങമാസത്തിൽ ഓണം തുടങ്ങിയവയും ക്ഷേത്രത്തിൽ വിശേഷമാണ്.

എത്തിച്ചേരാൻ

തിരുത്തുക

തിരുവനന്തപുരത്തുനിന്നും 30 കിലോമീറ്റർ തെക്കുമാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്നും കന്യാകുമാരി ദേശീയപാതയിൽ 28 കിലോമീറ്റർ സഞ്ചരിച്ചാൽ ഉദിയൻകുളങ്ങരയ്ക്ക് സമീപം കൊറ്റാമം എന്ന സ്ഥലത്തെത്തും. അവിടെനിന്നും സി.വി.ആർ പുരം റോഡ് വഴി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രകവാടത്തിനരികിലെത്താം. നെയ്യാറ്റിൻകരയിൽ നിന്ന് 8 കിലോമീറ്ററും പാറശ്ശാലയിൽ നിന്ന് 6 കിലോമീറ്ററും ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്ററുമാണ് ദൂരം.

Website:https://www.arayoorsreemahadevatemple.in/