അഞ്ചാം പാതിര
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് 2020 ജനുവരി 10ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കുറ്റാന്വേഷണ-ത്രില്ലർ ചലച്ചിത്രമാണ് അഞ്ചാം പാതിര. കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിൽ വേഷമിട്ടു. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിച്ചത്. സൈജു ശ്രീധർ ചിത്രസംയോജനം ചെയ്ത ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത് സുഷിൻ ശ്യാമാണ്. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം വിതരണത്തിന് എത്തിച്ചു.ഒരു തുമ്പു പോലും അശേഷിപ്പിക്കാതെ അടുപ്പിച്ചടുപ്പിച്ച് നടക്കുന്ന പോലീസുകാരുടെ കൊലപാതകങ്ങൾക്ക് പിന്നിലെ ചുരുളഴിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സംഘത്തോട് ചേരുന്ന സ്വതന്ത്ര ക്രിമിനോളജിസ്റ്റായ അൻവർ ഹുസൈൻ, (കുഞ്ചാക്കോ ബോബൻ) കുറ്റവാളിയിലേക്ക് എത്തുന്നതും മറ്റുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.2019 ജനുവരി 21ന് ഈ ചിത്രം യുഎഇ-ജിസിസി സെന്ററുകളിൽ റിലീസ് ചെയ്തു.വളരെയധികം മികച്ച അഭിപ്രായം ലഭിച്ച ഈ ചിത്രം റിലീസ് ചെയ്ത് ആഴ്ചകൾക്കുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി.
അഞ്ചാം പാതിര | |
---|---|
സംവിധാനം | മിഥുൻ മാനുവൽ തോമസ് |
നിർമ്മാണം | ആഷിക് ഉസ്മാൻ |
രചന | മിഥുൻ മാനുവൽ തോമസ് |
തിരക്കഥ | മിഥുൻ മാനുവൽ തോമസ് |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ രമ്യ നമ്പീശൻ ശ്രീനാഥ് ഭാസി ഇന്ദ്രൻസ് ഉണ്ണിമായ പ്രസാദ് ജിനു ജോസഫ് ഷറഫുദ്ദീൻ നിഖില വിമൽ ജാഫർ ഇടുക്കി സുധീഷ് |
സംഗീതം | സുഷിൻ ശ്യാം |
ഛായാഗ്രഹണം | ഷൈജു ഖാലിദ് |
ചിത്രസംയോജനം | സൈജു ശ്രീധർ |
സ്റ്റുഡിയോ | ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് മാനുവൽ മൂവി മേക്കേഴ്സ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 144 മിനിറ്റ് |
ആകെ | ₹ 60 കോടി |
2012ൽ റിലീസ് ചെയ്ത ദ് ഹിറ്റ്ലിസ്റ്റ് എന്ന മലയാള ചലച്ചിത്രത്തിലും പോലീസുകാരെ ഇരകളാക്കി കൊല നടത്തുന്ന ഒരു സീരിയൽ കില്ലറിൻറ്റെ കഥയാണ് പറഞ്ഞത്.
മനുഷ്യമനസ്സിന്റെ അനന്തമായ വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ക്രിമിനൽ പ്രവണതകളുടെ സാധ്യത എല്ലാ മനുഷ്യരിലും പല അളവുകളിൽ നിലനിൽക്കുന്നുണ്ടെന്ന് പ്രേക്ഷകരിൽ അനുഭവപ്പെടുത്താൻ ഉടനീളം സാധിച്ചുവെന്നതാണ് അഞ്ചാം പാതിരയുടെ വിജയം. മെമ്മറീസ്, ഗ്രാൻഡ്മാസ്റ്റർ ,മൈ ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാളത്തിൽ സമകാലികമായി പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളുടെ സ്വഭാവം തന്നെയാണ് അഞ്ചാം പാതിരയുടെയെങ്കിലും സംവിധാന ശൈലിയിലേയും, പശ്ചാത്തല സംഗീതം,ഛായാഗ്രഹണം,ചിത്രസംയോജനം തുടങ്ങിയവയിലേയും മികവ് ഈ ചിത്രത്തെ വളരെയധികം വ്യത്യസ്തമാക്കുന്നു.
കഥാസാരം
തിരുത്തുകസ്വന്തമായി ക്ലിനിക്കുണ്ടെങ്കിലും ക്രിമിനൽ സൈക്കോളജിയിലാണ് അൻവർ ഹുസൈന്(കുഞ്ചാക്കോ ബോബൻ) താത്പര്യം. ക്രിമിനോളജിസ്റ്റായി പോലീസിനെ സഹായിക്കണം എന്നാണ് അൻവറിന്റെ പ്രധാന ലക്ഷ്യം. അതിനായി സ്വന്തം രീതിയിൽ ചില കേസന്വേഷണങ്ങളും നടത്താറുണ്ട്. 14 കൊലപാതകങ്ങൾ നടത്തിയ റിപ്പർ രവിയെ(ഇന്ദ്രൻസ്) ജയിലിൽവെച്ച് കാണുന്നതും അങ്ങനെയാണ്.കൊച്ചി എ.സി.പി അനിൽ മാധവനുമായുള്ള അടുത്ത സുഹൃദ്ബന്ധം അൻവറിന് പോലീസ് അന്വേഷണങ്ങളിൽ ഇടപെടാനുള്ള വഴിയൊരുക്കുന്നു. ആ സമയത്താണ് ഡി.വൈ.എസ്.പി എബ്രഹാം കോശി(ബോബൻ സാമുവൽ) ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്. ഹൃദയവും കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലാണ് മൃതദേഹം ലഭിക്കുന്നത്. ഈ സൂചനകൾ കണ്ടപ്പോൾ തന്നെ പോലീസുകാരെ വേട്ടയാടുന്ന ഒരു സീരിയൽ കില്ലർ നഗരത്തിലുണ്ടെന്ന് അൻവർ വെളിപ്പെടുത്തുന്നു. എന്നാൽ പോലീസ് അത് കാര്യമാക്കുന്നില്ല.ഈ കേസ് അന്വേഷിക്കുന്നത് ഡി.സി.പി കാതറിൻ മരിയയുടെ(ഉണ്ണിമായ പ്രസാദ്) നേതൃത്വത്തിലുള്ള സംഘമാണ്. പിന്നീട് മറ്റൊരു പോലീസുകാരനും സമാനമായ രീതിയിൽ കൊല്ലപ്പെടുന്നതോടെ അൻവർ അന്വേഷണസംഘത്തിന്റെ ഭാഗമാകുന്നു. അന്വേഷണ സംഘം പല സംശയങ്ങളുടെ പുറകെ പോകുന്നുണ്ടെങ്കിലും കൊലയാളിയെ കണ്ടെത്താൻ സഹായിക്കുന്ന ഒരു തുമ്പും കിട്ടുന്നില്ല.പക്ഷെ ഇതിനിടയിൽ കൊലയാളിയെ പറ്റിയുള്ള അൻവറിൻറ്റെ പല അനുമാനങ്ങളും ശരിയായി വരുന്നത് കൊലയാളിയുടെ മനോനിലയെ മനസ്സിലാക്കാൻ സാധിക്കുന്നു.അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമില്ലാതെ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന പോലീസിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടും കൊലപാതകങ്ങൾ നടക്കുന്നതോടു കൂടി ഒരിക്കലും പിടികൂടാൻ കഴിയാത്ത അതി ബുദ്ധിശാലിയായ ഒരു സൈക്കോപാത്താണോ കൊലയാളിയെന്നുള്ള സംശയം ജനിക്കുന്നു.രണ്ടാം പകുതിയുടെ അവസാന ഘട്ടങ്ങളിൽ വളരെ സൂക്ഷ്മമായ സൂചനകളുടെ അടിസ്ഥാനത്തിൽ അൻവറിനു കൊലയാളി അമേരിക്കൻ- മലയാളിയായ സൈക്കോളജിസ്റ്റ്, ഡോ. ബെഞ്ചമിൻ ലൂയിസ്(ഷറഫുദ്ദീൻ) ആണെന്ന് മനസ്സിലാകുന്നു. മാനസിക വിഭ്രാന്തിയുള്ള രണ്ട് വ്യക്തികളെ തന്റെ കൂട്ടാളികളായി ബെഞ്ചമിൻ ഉപയോഗിക്കുന്നുമുണ്ട്. പിന്നീട്,ബെഞ്ചമിൻറ പ്രതികാരത്തിന്റെ കഥയും ,ഫ്ലാഷ് ബാക്കും പ്രേക്ഷകർക്ക് വ്യക്തമാകുന്നു.ബെഞ്ചമിൻറ്റെ സഹോദരരിയെ നശിപ്പിച്ച് ഗർഭിണിയാക്കിയ ഫാദർ ബെനറ്റ് ഫ്രാങ്കോ(അരുൺ)യോടൊപ്പം പോലീസ് ഉദ്യോഗസ്ഥരായ എസിപി അനിലും,മറ്റൊരു ഉദ്യോഗസ്ഥനും അനീതിക്കൊപ്പം കൂട്ട് നിൽക്കുന്നു. ക്രമരഹിതമായി സത്യം വെളിപ്പെടുത്താതിരിക്കാൻ ബെഞ്ചമിൻ അഞ്ച് കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിടുന്നു.അവസാനം, ബെഞ്ചമിനെ പിടികൂടി, ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പോലീസ് വെടിവെച്ചു കൊല്ലുന്നു. അദ്ദേഹത്തിന്റെ സഹോദരി റെബേക്ക ലൂയിസ്(നിഖില വിമൽ) എസിപി അനിലിനെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് കൊലപ്പെടുത്തുന്നു.അത് മുൻ കൂട്ടി അറിഞ്ഞ് അനിലിന്റെ വീട്ടിൽ എത്തിയ അൻവർ ഹുസൈന് കാണാൻ സാധിക്കുന്നത് മരണപ്പെട്ടു കിടക്കുന്ന അനിലിനെയാണ്.തൻറ്റെ കൃത്യം നടത്തിയ ശേഷം തിരികെ പോകുന്ന റെബേക്കയുടെ പേര് ചൊല്ലി വിളിക്കുന്ന അൻവർ ഹുസൈനിലും ,തിരിഞ്ഞു നോക്കിയതിനു ശേഷം വീണ്ടും നടന്ന് നീങ്ങുന്ന റെബേക്കയിലും ചിത്രം അവസാനിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- കുഞ്ചാക്കോ ബോബൻ...അൻവർ ഹുസൈൻ (പോലീസ് കൺസൾട്ടിംഗ് ക്രിമിനോളജിസ്റ്റ്)
- രമ്യ നമ്പീശൻ...ഫാത്തിമ അൻവർ (അൻവർ ഹുസൈന്റെ ഭാര്യ)
- ശ്രീനാഥ് ഭാസി...ആൻഡ്രൂ (കംപ്യൂട്ടർ ഹാക്കർ)
- ഷറഫുദ്ദീൻ...ഡോക്ടർ ബെഞ്ചമിൻ ലൂയിസ്
- ഇന്ദ്രൻസ്...റിപ്പർ രവി (സീരിയൽ കില്ലർ)
- മാത്യു തോമസ്... ബെഞ്ചമിൻ ലൂയിസിൻറ്റെ ചെറുപ്പക്കാലം
- സാദിഖ്... ഡോക്ടർ ശ്രീകാന്ത്
- സുധീഷ്...സുദേവൻ
- ജാഫർ ഇടുക്കി...ലൂയിസ് (ബെഞ്ചമിൻറ്റേയും,റബേക്കയുടേയും അച്ഛൻ)
- ഉണ്ണിമായ പ്രസാദ്...ഡി.സി.പി കാതറിൻ മരിയ
- ജിനു ജോസഫ്....എ.സി.പി അനിൽ മാധവൻ
- സുധീർ സൂഫി...സൈമൺ മാഞ്ഞൂരാൻ (സൈക്കോ സൈമൺ)
- ജെയിസ് ജോസ്...സി.ഐ ശരത്ചന്ദ്രൻ
- ബോബൻ സാമുവൽ... ഡി.വൈ.എസ്.പി എബ്രഹാം കോശി
- പ്രിയനന്ദനൻ...സുധാകർ ദേവലോകം
- നസ്രിം നാസർ... മൈഥിലി (സുധാകറിൻറ്റെ മകൾ)
- സിയോണ...സംസ്കൃതി (അൻവറിൻറ്റേയും,ഫാത്തിമയുടേയും,മകൾ)
- ഹരികൃഷ്ണൻ...എസ്.ഐ അരുൺ
- ദിവ്യ ഗോപിനാഥ്...എസ്.ഐ പ്രീതി പൊതുവാൾ
- അഭിറാം രാധാകൃഷ്ണൻ...എസ്.ഐ പ്രദീപ്
- ഷാജു ശ്രീധർ...പോൾസൺ
- നിഖില വിമൽ... റബേക്ക ലൂയിസ്
- നന്ദന വർമ്മ... റബേക്ക ലൂയിസിൻറ്റെ ചെറുപ്പക്കാലം
- അസീം ജമാൽ...ഡി.ഐ.ജി ഹാഷിം
- ദിലീഷ് നായർ...കൊക്കൈൻ ഷമീർ
- ആമിനി നിജാം...വിക്കി മരിയ (ഷമീറിൻറ്റെ കാമുകി)
- അർജുൻ നന്ദകുമാർ...ഏ.സി.പി പ്രദീപ് സീതാറാം
- അരുൺ... ഫാദർ ബെനറ്റ് ഫ്രാങ്കോ
- മജീദ്...മന്ത്രി
- പോൾ ഡി ജോസഫ്... പോലീസ് കോൺസ്റ്റബിൾ
- പ്രേമൻ... പോലീസ് കോൺസ്റ്റബിൾ
- ഷിൻസ്...ജയിൽ പോലീസ് ഓഫീസർ
- സന്തോഷ് ലക്ഷ്മൺ...ബംഗാളി തൊഴിലാളി
നിർമ്മാണം
തിരുത്തുകആട് ഒരു ഭീകര ജീവിയാണ്,ആട് 2,ആൻമരിയ കലിപ്പിലാണ് തുടങ്ങിയ ഹാസ്യ പ്രധാന്യമുള്ള ചിത്രങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആദ്യ ത്രില്ലർ ചിത്രമാണിത്.ഇത്തരം വിഭാഗത്തിൽ പെട്ട ഒരു ചിത്രം ഒരിക്കലും പ്രേക്ഷകർ മിഥുന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിച്ചിരുന്നില്ല. ആഷിക് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. മിഥുൻ മാനുവൽ തോമസ് തന്നെ സംവിധാനം ചെയ്ത അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രവും ആഷിക് ഉസ്മാനാണ് നിർമ്മിച്ചത്.എന്നാൽ ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. അതിന് ശേഷം ആഷിക് ഉസ്മാനും, മിഥുൻ മാനുവൽ തോമസും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ,രമ്യ നമ്പീശൻ,ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്,ജിനു ജോസഫ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ താരങ്ങൾ.കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം കൂടിയാണിത്.
റിലീസ്
തിരുത്തുകത്രില്ലർ സ്വഭാവം പ്രകടമാകുന്ന രീതിയിലാണ് പോസ്റ്റർ നിർമ്മിച്ചത്. പുറം തിരിഞ്ഞ് നിൽക്കുന്ന നായകന്റെ മുന്നിലായി കുറേ പത്ര കട്ടിങ്‌സ് ചുവരിൽ പതിച്ചിരിക്കുന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയ വഴി പുറത്തിറങ്ങിയത്. പൊലീസിന്റെ ക്രൈം സീനിന് മുന്നിൽ നിൽക്കുന്ന കുഞ്ചാക്കോ ബോബനും, ഉണ്ണിമായ പ്രസാദും,ജിനു ജോസഫും,ശ്രീനാഥ് ഭാസിയും ഉൾപ്പെടുന്ന ഒരു പോസ്റ്ററും ഈ ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരുന്നു.
ചിത്രത്തിന്റെ ഔദ്യോഗിക ട്രൈലെർ 2019 ഡിസംബർ 21ന് പുറത്ത് വന്നു.ഭയപ്പെടുത്തുന്ന നിരവധി വിഷ്വലുകൾ അടങ്ങിയ ഈ ട്രൈലെർ ശ്രദ്ധിക്കപ്പെട്ടു. 2019 ജനുവരി 10ന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.
സ്വീകരണം
തിരുത്തുകകുഞ്ചാക്കോ ബോബന്റെ സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ അൻവർ ഹുസൈൻ. തിയേറ്ററുകളിൽ നിന്നും ഈ ചിത്രത്തിന് അനുകൂലമായ അഭിപ്രായങ്ങളാണ് ലഭിച്ചത്.ചിത്രത്തിൻറ്റെ മേക്കിംഗും,ഷൈജു ഖാലിദിന്റെ ചായാഗ്രഹണവും വളരെയധികം പ്രശംസ നേടി. സീനുകൾക്കനുസൃതമായ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിൽ സുഷിൻ ശ്യാം കൂടുതലായി ഉപയോഗിച്ചത്. മികച്ച അഭിപ്രായത്തോടെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ ഈ ചിത്രം സ്വീകരിച്ചത്.
ബോക്സ് ഓഫീസ്
തിരുത്തുക2020 ഫെബ്രുവരി 2-ന് ഈ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു.ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബൻ ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മുപ്പത്തിയൊന്നു ദിവസം കൊണ്ട് 44 കോടിരൂപ ഈ ചിത്രം നേടി.
സംഗീതം
തിരുത്തുകഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം നൽകിയത് സുഷിൻ ശ്യാമാണ്. പ്രേക്ഷകരുടെ മനസ്സിൽ ഭയം ജനിപ്പിക്കുന്ന ഉദ്വേഗജനകമായ നിമിഷങ്ങളിൽ അതിനനുയോജ്യമായ പശ്ചാത്തല സംഗീതം നൽകിയത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.