രാമമംഗലം പെരുംതൃക്കോവിൽ നരസിംഹസ്വാമിക്ഷേത്രം

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത്, മൂവാറ്റുപുഴ താലൂക്കിൽ രാമമംഗലം ഗ്രാമപഞ്ചായത്തിൽ, മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് രാമമംഗലം പെരുംതൃക്കോവിൽ ബാലനരസിംഹസ്വാമിക്ഷേത്രം. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, തുല്യപ്രാധാന്യത്തോടെ ശ്രീകോവിലിന്റെ ഓവുതാങ്ങിയായ ഉണ്ണിഭൂതത്തിനും പ്രതിഷ്ഠയുണ്ട്. കേരളത്തിൽ ഓവുതാങ്ങിയ്ക്ക് പ്രാധാന്യമുള്ള ഏക ക്ഷേത്രം ഇതായിരിയ്ക്കും. ഇരുമൂർത്തികൾക്കും സ്വന്തമായി കൊടിമരങ്ങളുമുണ്ട്. ഇവയിൽ നരസിംഹസ്വാമിയുടെ നടയിലുള്ളത് കേരളത്തിലെ ഏറ്റവും വലിയ കൊടിമരവും, ഉണ്ണിഭൂതത്തിന്റെ നടയിലുള്ളത് ഏറ്റവും ചെറിയ കൊടിമരവുമാണെന്നത് വലിയൊരു പ്രത്യേകതയാണ്. ഐതിഹ്യപ്രകാരം ഈ ക്ഷേത്രം പണികഴിപ്പിച്ചത് ചേരചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ നായനാരാണ്.[1] അതുല്യ കർണ്ണാടകസംഗീതജ്ഞനും സ്വാതിതിരുനാൾ മഹാരാജാവിന്റെ സദസ്യനുമായിരുന്ന ഷഡ്‌കാലഗോവിന്ദമാരാർ ഈ ക്ഷേത്രത്തിലെ അടിയന്തിരക്കാരനായിരുന്നു. ഉപദേവതകളായി ഗണപതി, ശാസ്താവ്, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ വിഷുവിന്റെ പിറ്റേന്ന് ആറാട്ട് വരത്തക്ക വിധത്തിൽ നടക്കുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. ഇതിൽ വിഷുനാളിൽ നടക്കുന്ന വിളക്ക് അതിവിശേഷമാണ്. ഇതുകൂടാതെ നരസിംഹജയന്തി, അഷ്ടമിരോഹിണി, നവരാത്രി തുടങ്ങിയവയും അതിവിശേഷമാണ്. നാട്ടുകാരുടെ പേരിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം

തിരുത്തുക

ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ നരസിംഹസ്വാമിയെ പ്രതിഷ്ഠ കഴിപ്പിച്ചത് ചേരചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ നായനാരാണ്. എ.ഡി. എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഇത് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ഇന്ന് ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് കാണപ്പെടുന്ന കൊട്ടാരം ചേരമാൻ പെരുമാളുടേതാണെന്ന് പറയപ്പെടുന്നുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം നടന്ന കലശച്ചടങ്ങ് കാണാൻ ചേരമാൻ പെരുമാളിനെ പ്രദേശത്തെ ബ്രാഹ്മണർ അനുവദിച്ചില്ല. ബ്രാഹ്മണരുടെ ഈ പ്രവൃത്തിയിൽ ദുഃഖിതനായ ചേരമാൻ പെരുമാൾ ക്ഷേത്രം വിട്ടു നടക്കാൻ തുടങ്ങി. പെട്ടെന്ന് അയ്യപ്പൻ വടിയുമായി പ്രത്യക്ഷപ്പെട്ട് ബ്രാഹ്മണരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയെന്നാണ് ഐതിഹ്യം. ഈ ദേവനെയാണ് ക്ഷേത്രത്തിൽ ഉണ്ണിഭൂതമായി ആരാധിയ്യ്ക്കുന്നത്.[2] ഉണ്ണിഭൂതത്തെ ശൈവമൂർത്തിയായാണ് കണക്കാക്കിവരുന്നത്. തന്മൂലം ഇവിടെ ശിവനെ സങ്കല്പിച്ചാണ് പൂജകൾ നടക്കുന്നത്.

ക്ഷേത്രനിർമ്മിതി

തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും

തിരുത്തുക

ക്ഷേത്രപരിസരം

തിരുത്തുക

രാമമംഗലം ഗ്രാമത്തിന്റെ ഒത്ത നടുക്ക്, മൂവാറ്റുപുഴയാറിന്റെ കിഴക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രദർശനം. രാമമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ഗവ. എൽ.പി. സ്കൂൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ക്ഷേത്രത്തിന്റെ നാലുഭാഗങ്ങളിലുമായി കാണാം. പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിൽ മനോഹരമായ ഇരുനില ഗോപുരങ്ങളുണ്ട്. ഇവയിൽ പടിഞ്ഞാറുള്ളതാണ് പ്രധാനഗോപുരം. ഇവിടെനിന്ന് അല്പം വടക്കുപടിഞ്ഞാറായാണ് ക്ഷേത്രക്കടവ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ കരയിലായി മറ്റൊരു ക്ഷേത്രവുമുണ്ട്. അപ്പാട്ട് ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ, വിശ്വരൂപദർശനരൂപത്തിലുള്ള ശ്രീകൃഷ്ണഭഗവാനും ദക്ഷിണാമൂർത്തീഭാവത്തിലുള്ള പരമശിവനുമാണ്. രണ്ടുപേരും കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഉത്സവാവസാനത്തിൽ ആറാട്ട് കഴിഞ്ഞാൽ രാമമംഗലത്തപ്പന്റെ ഇറക്കിപൂജ നടക്കുന്നത് ഇവിടെ വച്ചാണ്. 2018-ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഇവിടം വരെ വെള്ളം കയറിയ സാഹചര്യമുണ്ടായിരുന്നു. നദീതീരത്തെ ക്ഷേത്രമായതുകൊണ്ടുതന്നെ ഇവിടെ പ്രത്യേകമായി കുളം പണിതിട്ടില്ല.

ക്ഷേത്രത്തിന്റെ നേരെ മുന്നിലുള്ള ഭാഗത്ത് ധാരാളം മരങ്ങൾ കാണാം. അവയിൽ ഏറ്റവും പ്രധാനം അരയാൽ തന്നെയാണ്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായി കണക്കാക്കപ്പെടുന്ന അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. അങ്ങനെ, ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി കണക്കാക്കപ്പെടുന്ന അരയാലിനെ എല്ലാദിവസവും രാവിലെ ഏഴുതവണ വലംവയ്ക്കുന്നത് അത്യുത്തമമായി കണക്കാക്കിവരുന്നു. അരയാൽ കൂടാതെ അത്തി, ഇത്തി, പേരാൽ, പുന്നാകം, ഇലഞ്ഞി തുടങ്ങിയ ദിവ്യവൃക്ഷങ്ങളും റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ ഫലവൃക്ഷങ്ങളും ഇവിടെ കാണാം. ഇവയ്ക്കെല്ലാമിടയിലാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം കാണപ്പെടുന്നത്. രണ്ടുനിലകളോടുകൂടിയ പടിഞ്ഞാറേ ഗോപുരം, അതിമനോഹരമായ നിരവധി ശില്പങ്ങളാൽ അലംകൃതമാണ്. ഗോപുരവാതിലിന് ഇരുവശവുമുള്ള രണ്ടുതൂണുകളിലും ദീപലക്ഷ്മീരൂപങ്ങൾ കാണാം. കൂടാതെ ഗജരൂപങ്ങൾ, ദശാവതാരങ്ങൾ, ശിവകഥകൾ തുടങ്ങിയവയും കാണാം. ഇരുവശവുമായി രണ്ട് ചാരുപടികളും ഇവിടെയുണ്ട്. ഇവയെല്ലാം കണ്ടുകൊണ്ടാണ് ഭക്തർ ക്ഷേത്രത്തിലേയ്ക്ക് കയറുന്നത്.

ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പണിതിട്ടുള്ള ഗോപുരത്തിന്, പടിഞ്ഞാറുള്ള ഗോപുരവുമായി നോക്കുമ്പോൾ പ്രൗഢി കുറവാണ്. എന്നാൽ, ക്ഷേത്രത്തിലെത്തുന്ന ഭക്തർ അധികവും ഇതുവഴിയാണ് വരാറുള്ളത്. ഇതിന്റെ വടക്കുഭാഗത്താണ് ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതിയുടെ കാര്യാലയം സ്ഥിതിചെയ്യുന്നത്. അനശ്വരസംഗീതജ്ഞനായിരുന്ന ഷഡ്കാല ഗോവിന്ദമാരാരുടെ പേരിലുള്ള ഈ സ്ഥാപനം, ക്ഷേത്രം വക ഓഡിറ്റോറിയമായും പ്രവർത്തിച്ചുവരുന്നുണ്ട്. ധാരാളം കലാപരിപാടികൾ ഇവിടെ ദിവസവും നടക്കാറുണ്ട്. മാരാരുടെ ജന്മഗൃഹമായ കരവറ്റേടത്ത് മാരാത്ത് ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇന്നും ഈ വീട്ടുകാർക്കുതന്നെയാണ് ക്ഷേത്രത്തിലെ അടിയന്തിരത്തിനുള്ള അവകാശം. ക്ഷേത്രത്തിൽ പുലർച്ചെ പള്ളിയുണർത്താനുള്ള ശംഖുവിളി, പൂജാസമയങ്ങളിലുള്ള കൊട്ടിപ്പാടി സേവ, ശീവേലിയ്ക്കുള്ള ചെണ്ട തുടങ്ങിയ ഉത്തരവാദിത്തങ്ങളെല്ലാം ഇവർ ഭംഗിയായി നടത്തിപ്പോരുന്നു.

  1. "Holy Prasadam". Retrieved 2024-12-10.
  2. "Kerala Temples". Retrieved 2024-12-10.