മോഹൻജൊ ദാരോ

(മൊഹഞ്ജൊദാരോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോഹൻ‌ജൊ-ദാരോ സിന്ധൂ നദീതട നാഗരികതയിലെ ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് മോഹൻ‌ജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ൽ നിർമ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളിലെ നാഗരികതകൾക്ക് സമകാലീനമായിരുന്നു മോഹൻ‌ജൊ-ദാരോ. ഈ നഗരത്തിന്റെ പൗരാണികഅവശിഷ്ടങ്ങളെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു..വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണിനടിയിൽപ്പെട്ടിരുന്നതിനാൽ ഒന്നിനുകീഴെ ഒന്നായി ഒൻപതു തട്ടുകളിലാണ്‌ ഉത്ഖനനം ചെയ്തെടുക്കപ്പെട്ടത്. ഒരോ തവണയും പഴയമാതൃകയിൽ തന്നെയായിരുന്നു നഗരത്തിന്റെ പുനർനിർമ്മാണം. മെസോപോട്ടേമിയയിലെ സമാനനാഗരികയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുട്ടെങ്കിലും കൂടുതൽ വികസിച്ച അവരിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന നിർമ്മാണരീതികളാണ് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ് ‌(?)‍.

മോഹൻജൊ ദാരോയിലെ പുരാവസ്തു ശേഷിപ്പുകൾ
ഇന്ന് സിന്ധി അജ്രക്ക് എന്ന് അറിയപ്പെടുന്ന വസ്ത്രം ധരിച്ചിരിക്കുന്ന "പുരോഹിത രാജാവ്" എന്നറിയപ്പെടുന്ന ശില്പം, ക്രി.മു. 2500. നാഷണൽ മ്യൂസിയം, കറാച്ചി, പാകിസ്താൻ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംപാകിസ്താൻ Edit this on Wikidata
Area240 ഹെ (26,000,000 sq ft)
മാനദണ്ഡംii, iii[1]
അവലംബം138
നിർദ്ദേശാങ്കം27°19′45″N 68°08′20″E / 27.329166666667°N 68.138888888889°E / 27.329166666667; 68.138888888889
രേഖപ്പെടുത്തിയത്1980 (4th വിഭാഗം)

പേരിനുപിന്നിൽ

തിരുത്തുക

സിന്ധൂ നദീതട നാഗരികതയിലെ ഭാഷ ഇതുവരെ നിർണ്ണയിച്ചിട്ടില്ല, അതുപോലെ ഈ നഗരത്തിന്റെയും സിന്ധ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഖനനം ചെയ്തെടുത്ത മറ്റു നഗരങ്ങളുടെയും യഥാർത്ഥ പേര് അജ്ഞാതമാണ്. മോഹൻജൊദാരോ എന്ന പദം മലയാളത്തിൽ ഇംഗ്ലീഷിലെ ലിപ്യന്തരം അനുസൃതമായാണുള്ളത്. ഇവിടെയുള്ള പ്രദേശിക ഭാഷകളിലും സിന്ധി ഭാഷയിലും മോയൻജോദഡോ എന്നാണ് അറിയപ്പെടുന്നത്. സിന്ധി ഭാഷയിൽ "മോഅൻ" അല്ലെങ്കിൽ "മോയെൻ" എന്ന പദത്തിന്റെ അർത്ഥം "മൃതർ" എന്നും (അറബിക്/ഹിന്ദി യിൽ മൗത്ത്) "ജൊ" എന്നത് ‘ഉടെ’ എന്നും "ദരോ" എന്നത് "കുന്ന്" എന്നുമാണ്. "മോഎൻ ജോ ദരോ" (ദേവനാഗരി: मोएन जो दड़ो) എന്ന സിന്ധി പദത്തിന്റെ അർത്ഥം "മൃതരുടെ കുന്ന്" എന്നാണ്. എന്നാൽ "മോഹൻ‌ജൊ ദാരോ" എന്ന ഉച്ചാരണം ആണ് സിന്ധിനു പുറത്തും ആംഗലേയഭാഷ സംസാരിക്കുന്ന പണ്ഡിതരുടെ ഇടയിലും പ്രചുരപ്രചാരത്തിലുള്ളത്.

കണ്ടുപിടിത്തവും ഖനനവും

തിരുത്തുക

ഏകദേശം ക്രി.മു. 2600-ൽ ആണ് മോഹൻജൊ-ദാരോ നിർമ്മിച്ചത്. ഈ നഗരം ക്രി.മു. 1900-ഓടെ ഉപേക്ഷിക്കപ്പെട്ടു. 1922-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന രാഖേൽദാസ് ബന്ദോപാദ്ധ്യയ് ഈ നഗരം വീണ്ടും കണ്ടെത്തി[2]. ഈ കുന്ന് ഒരു സ്തൂപം ആയിരിക്കാം എന്ന് വിശ്വസിച്ച ഒരു ബുദ്ധമത സന്യാസിയായിരുന്നു അദ്ദേഹത്തെ ഈ കുന്നിലേയ്ക്ക് നയിച്ചത്. 1930-കളിൽ പുരാവസ്തു ഗവേഷകരായ ജോൺ മാർഷൽ, കെ.എൻ. ദീക്ഷിത്, ഏണസ്റ്റ് മക്കേ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇവിടെ വൻ‌തോതിൽ ഖനനങ്ങൾ നടന്നു.[3] സൈറ്റ് ഡയറക്ടർമാർ ഉപയോഗിച്ചിരുന്ന ജോൺ മാർഷലിന്റെ കാർ ഇന്നും മോഹൻ‌ജൊ-ദാരോ കാഴ്ച്ചബംഗ്ലാവിൽ ഉണ്ട്. ഇവരുടെ പരിശ്രമത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി ഇത് പരിരക്ഷിച്ചിരിക്കുനു. 1945-ൽ അഹ്മദ് ഹസൻ ദാനി, മോർട്ടീമർ വീലർ എന്നിവർ കൂടുതൽ ഖനനങ്ങൾ നടത്തി.

മോഹൻ‌ജൊ-ദാരോയിലെ പ്രധാനപ്പെട്ട അവസാനത്തെ ഖനനം നടത്തിയത് 1964-65-ൽ ഡോ. ജി.എഫ്.ഡേത്സ് ആയിരുന്നു. ഇതുവരെ കുഴിച്ചെടുത്ത രൂപങ്ങൾക്കും നിർമ്മിതികൾക്കും കാലാവസ്ഥകൊണ്ട് സംഭവിച്ച നാശത്തെപ്രതി ഈ തിയ്യതിയ്ക്കു ശേഷം ഖനനങ്ങൾ നിരോധിച്ചു. 1965 മുതൽ ഈ സ്ഥലത്ത് അനുവദിച്ച ഖനനങ്ങൾ പരിരക്ഷാ ഖനനങ്ങൾ (salvage excavation), ഉപരിതല സർവ്വേകൾ, സംരക്ഷണ പ്രോജക്ടുകൾ എന്നിവ മാത്രമാണ്. പ്രധാന പുരാവസ്തു പദ്ധതികൾക്ക് വിലക്ക് ഉണ്ടെങ്കിലും 1980-കളിൽ ഡോ. മൈക്കൽ ജാൻസൻ, ഡോ. മൌരിസിയോ റ്റോസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ പുരാവസ്തു രേഖപ്പെടുത്തൽ, ഉപരിതല സർവ്വേകൾ, ഉപരിതലം ചുരണ്ടൽ, ചൂഴൽ (probing), തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ പുരാതന നാഗരികതയെക്കുറിച്ച് പുതിയ വിവരങ്ങൾ ശേഖരിച്ചു.[4]


 
സിന്ധൂതടത്തിന്റെ സ്ഥാനം.

സിന്ധുനദിയുടെ വെള്ളപ്പൊക്ക സമതലത്തിന്റെ നടുക്ക് ഒരു പ്ലീസ്റ്റോസീൻ മലയിലാണ് മോഹൻ‌ജൊ-ദാരോ സ്ഥിതിചെയ്യുന്നത്. സമതലത്തിലെ വെള്ളപ്പൊക്കങ്ങൾ കാരണം ഈ മല ഇന്ന് മൂടപ്പെട്ടിരിക്കുന്നു. ഈ മല കാരണം നഗരം ചുറ്റുമുള്ള സമതലത്തെക്കാളും ഉയർന്നുനിന്നു. പടിഞ്ഞാറ് സിന്ധൂനദീതടത്തിനും കിഴക്ക് ഘാഗ്ഗർ-ഹക്രയ്ക്കും ഇടയ്ക്ക് ഏകദേശം മദ്ധ്യത്തിലാണ്‌ മോഹൻ‌ജൊ-ദാരോ സ്ഥിതിചെയ്യുന്നത്. ഇന്നും സിന്ധൂനദി മോഹൻ‌ജൊ-ദാരോയ്ക്ക് കിഴക്കായി ഒഴുകുന്നു എങ്കിലും ഘാഗ്ഗർ-ഹക്ര നദീതടം വരണ്ടുപോയി. [5]

വർഷങ്ങൾ നീണ്ടുനിന്ന മനുഷ്യനിർമ്മിതികൾ നഗരത്തിന്റെ വികാസം ആവശ്യമാക്കി. ഇതിനായി കുന്ന് ഭീമാകാരമായ ചെളിത്തിട്ടകൾ കൊണ്ട് വലുതാക്കപ്പെട്ടു. ഒടുവിൽ, ഈ വാസസ്ഥലത്തിന്റെ വികാസം കൊണ്ട് ചില കെട്ടിടങ്ങൾ ഇന്നത്തെ സമതലനിരപ്പിൽ നിന്നും 12 മീറ്ററും, പുരാതന സമതലത്തിൽ നിന്നും വളരെ ഉയരത്തിലും വരെ നിർമ്മിച്ചു.[6]

പ്രാധാന്യം

തിരുത്തുക

മോഹൻജൊ-ദാരോ പുരാതന കാലത്ത് പുരാതന സിന്ധൂ നദീതട നാഗരികതയുടെ ഭരണകേന്ദ്രങ്ങളിൽ ഒന്നായിരിക്കാം എന്ന് അനുമാനിക്കുന്നു. [7] മോഹൻ‌ജൊ-ദാരോയുടെ പരമോന്നതിയുടെ കാലത്ത് തെക്കേ ഏഷ്യയിലെയും ഒരുപക്ഷേ ലോകത്തിലെ തന്നെയും ഏറ്റവും വികസിച്ചതും പുരോഗമിച്ചതുമായ നഗരവും അതായിരുന്നു. നഗരത്തിന്റെ ആസൂത്രണവും സാങ്കേതികവിദ്യയും സിന്ധൂ നദീതടത്തിലെ ജനങ്ങൾ നഗരത്തിനു കൽപ്പിച്ച പ്രാധാന്യം കാണിക്കുന്നു.[8]


വാസ്തുവിദ്യയും നഗര സൗകര്യങ്ങളും

തിരുത്തുക
 
സിന്ധൂനദീതട സംസ്കാരത്തിന്റെ ( ക്രി.മു. 2600-ക്രി.മു. 1900) കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ലാർകാനയുടെ 25 കി.മീ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മോഹൻജൊ-ദാരോ

നഗരത്തിന്റെ പഴക്കം പരിഗണിക്കുമ്പോൾ മോഹൻജൊ-ദാരോയുടെ നിർമ്മിതി സവിശേഷമാണ്. ആസൂത്രിതമായി നിർമ്മിച്ച, തെരുവുകൾ ലംബമായും തിരശ്ചീനമായും നിശ്ചിത അകലത്തിൽ ക്രമമായ ശ്രേണികളിൽ നിർമ്മിച്ച നഗരമായിരുന്നു മോഹൻജൊ-ദാരോ. അതിന്റെ ഉന്നതിയിൽ നഗരത്തിൽ ഉദ്ദേശം 35,000 പേർ താമസിച്ചിരുന്നു. നഗരത്തിലെ കെട്ടിടങ്ങൾ വളരെ പുരോഗമിച്ചിരുന്നു, കളിമണ്ണിലും മരക്കരിയിലും നിർമ്മിച്ച് വെയിലിൽ ഉണക്കിയ ഒരേ വലിപ്പമുള്ള ചുടുകട്ടകൾ കൊണ്ടായിരുന്നു വീടുകളുടെ നിർമ്മിതി. ഈ ചുടുകട്ടകളുടെ വലിപ്പത്തിൽ വളരെയധികം നിഷ്കർഷത പുലർത്തിയതായി കാണാം.

കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു നഗരങ്ങളും ഏകദേശം ഒരേരൂപകല്പനയാണ് അനുസരിച്ചിരിക്കുന്നത്. രണ്ടിനും പടിഞ്ഞാറായി ഒരു മേനോട്ടപ്പുര (Citadel) ഉണ്ടായിരുന്നു. ഇത് തറയിൽ നിന്ന് 30-50 അടി ഉയരത്തിൽ ഏകദേശം 400x200 അടി വലിപ്പമുള്ളതാൺ. ഇത് കനമുള്ള മതിലുകളാൽ സം‌രക്ഷിക്കപ്പെട്ടിരുന്നു. ഈ മതിലുകളിൽ തന്നെ ചില കാര്യാലയങ്ങളും പൊതുകെട്ടിടങ്ങളും പ്രവർത്തിച്ചുവന്നു.

ഈ നഗരത്തിലെ പൊതു കെട്ടിടങ്ങളും വലിയ അളവിലുള്ള സാമൂഹികാസൂത്രണത്തെ കാണിക്കുന്നു. മോഹൻജൊ-ദാരോയിലെ "മഹത്തായ ധാന്യശാല" എന്നറിയപ്പെടുന്ന കെട്ടിടത്തെ 1950-ൽ സർ മോർട്ടീമർ വീലർ വ്യാഖ്യാനിച്ചത് അനുസരിച്ച് ഗ്രാമങ്ങളിൽ നിന്നും ധാന്യങ്ങളുമായി വരുന്ന വണ്ടികളെ സ്വീകരിക്കാനുള്ള തുറസ്സുകളോടും, ശേഖരിച്ചിരിക്കുന്ന ധാന്യം ഉണക്കുന്നതിനായി വായൂസഞ്ചാരത്തിനായി നാളികളോടും കൂടിയാണ് ഈ ഈ കെട്ടിടം ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ്. എന്നാൽ, ജോനാഥൻ മാർക്ക് കെനോയർ ഈ "ധാന്യശാല"യിൽ നിന്നും ധാന്യങ്ങളുടെ ഒരു തെളിവും കിട്ടിയിട്ടില്ല എന്ന് രേഖപ്പെടുത്തുന്നു. ഇതിനാൽ കെനോയർ പറയുന്നത് ഈ കെട്ടിടത്തിന് കൂടുതൽ ചേരുന്ന നാമം "മഹത്തായ മുറി" എന്നായിരിക്കും എന്നാണ്.[9]

ധാന്യശാലയ്ക്ക് അടുത്തായി, പൊതു ആവശ്യത്തിനായുള്ള മറ്റൊരു കെട്ടിടം - ഒരു വലിയ പൊതു കുളിസ്ഥലം ഉണ്ട്. വരിയായ മുറ്റത്തിനുള്ളിൽ, ചുടുകട്ടകൾ പാകിയ കുളത്തിലേയ്ക്ക് ഇറങ്ങാൻ പടികളോട് കൂടിയതാണ് ഇത്. ഈ വിശാലമായ പൊതു കുളിസ്ഥലം വളരെ നന്നായി നിർമ്മിച്ചിരുന്നു, ചോരുന്നതിൽ നിന്നും തടയാൻ പ്രകൃതിദത്തമായ ടാറിന്റെ ഒരു പാളി പാകിയിരുന്നു, കുളിസ്ഥലത്തിനു നടുവിലായി 12 മീ x 7 മീ വലിപ്പത്തിലും, 2.4 മീ ആഴത്തിലും ഒരു കുളവും ഉണ്ടായിരുന്നു.

നഗരത്തിനുള്ളിൽ, ഓരോ വീടുകളും, അല്ലെങ്കിൽ വീടുകളുടെ കൂട്ടങ്ങൾ, കിണറുകളിൽ നിന്നും വെള്ളം ശേഖരിച്ചു. ഈ വീടുകളിൽ ചിലവയിൽ കുളിക്കാനായി നീക്കിവെച്ചിരിക്കുന്നു എന്നു തോന്നിക്കുന്ന മുറികളും ഉണ്ട്. അഴുക്കുജലം നേരിട്ട് മൂടിയ ഓടകളിലേയ്ക്ക് ഒഴുകി, മൂടിയ അഴുക്കുചാലുകൾ പ്രധാന നിരത്തുകൾക്ക് വശങ്ങളിലായി ഉണ്ടായിരുന്നു. വീടുകളുടെ വാതിലുകൾ നടുമുറ്റങ്ങളിലേയ്ക്കോ ചെറിയ നിരത്തുകളിലേയ്ക്കോ മാത്രമായിരുന്നു. പല കെട്ടിടങ്ങളും ഇരുനില കെട്ടിടങ്ങളായിരുന്നു.

ഒരു കാർഷിക നഗരമായിരുന്നതുകൊണ്ട്, നഗരത്തിൽ ഒരു വലിയ കുളവും, ഒരു പൊതു ചന്തയും ഉണ്ടായിരുന്നു. ഭൂഗർഭ ചൂളയുള്ള (ഹൈപോകോസ്റ്റ്) ഒരു കെട്ടിടവും (ഒരുപക്ഷേ ചൂടുവെള്ളത്തിൽ കുളിക്കാൻ) ഈ നഗരത്തിൽ ഉണ്ടായിരുന്നു.

നന്നായി സൈനികമായി സം‌രക്ഷിക്കപ്പെട്ട ഒരു നഗരമായിരുന്നു മോഹൻജൊ-ദാരോ. ചുറ്റും മതിലുകൾ ഇല്ലാതിരുന്ന ഈ നഗറരത്തിന് പ്രധാന ആവാസ സ്ഥലത്തിനു പടിഞ്ഞാറായി ഗോപുരങ്ങളും (കാവൽ മാടങ്ങൾ) തെക്കായി പ്രതിരോധ സന്നാഹങ്ങളും (കെട്ടിടങ്ങളും) ഉണ്ടായിരുന്നു.ഹാരപ്പ തുടങ്ങിയ സിന്ധൂ നദീതടത്തിലെ മറ്റ് നഗരങ്ങളിലെ ആസൂത്രണവും, ഈ സൈനിക ശക്തിപ്പെടുത്തലുകളും പരിഗണിക്കുമ്പോൾ, മോഹൻജൊ-ദാരോ ഒരു ഭരണ കേന്ദ്രമായിരുന്നോ എന്ന ചോദ്യം ഉയരുന്നു. ഹാരപ്പയ്ക്കും മോഹൻജൊ-ദാരോയ്ക്കും ഏകദേശം ഒരേപോലെയുള്ള നഗരാസൂത്രണമാണ് ഉള്ളത്, മറ്റ് സിന്ധൂനദീതട ആവാസകേന്ദ്രങ്ങളെപ്പോലെ ഇവ വളരെയധികം സൈനികമായി സം‌രക്ഷിക്കപ്പെട്ടില്ല. സിന്ധൂനദീതടത്തിലെ എല്ലാ സ്ഥലങ്ങൾക്കുംപൊതുവായി ഒരേപോലെയുള്ള നഗരാസൂത്രണമാണ് ഉള്ളത്. ഇതിൽ നിന്നും ഭരണപരമായോ രാഷ്ട്രീയപരമായോ ഒരു കേന്ദ്രീകൃത ഘടന ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. എന്നാൽ ഒരു ഭരണ സിരാകേന്ദ്രത്തിന്റെ പ്രവർത്തനവും ഭരണപരിധിയും ഇന്നും വ്യക്തമല്ല.


നഗരം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരുന്നു, കോട്ട എന്ന് അറിയപ്പെടുന്ന ഭാഗവും കീഴ്-നഗരവും. കീഴ് നഗരത്തിന്റെ ഭൂരിഭാഗവും ഇനിയും അനാവരണം ചെയ്തിട്ടില്ല, എന്നാൽ കോട്ട എന്നറിയപ്പെടുന്ന ഭാഗത്ത് ഒരു പൊതു കുളിസ്ഥലവും, ജനങ്ങൾ കൂടുന്നതിനുള്ള രണ്ട് വലിയ മുറികളും, 5,000 പേർക്ക് താമസിക്കാവുന്ന ഒരു വലിയ ഗാർഹിക നിർമ്മിതിയും ഉണ്ട്.

മോഹൻജൊ-ദാരോ, ഹാരപ്പ, എന്നിവയും ഇവയുടെ സംസ്കൃതിയും 1920-കളിൽ വീണ്ടും കണ്ടെത്തുന്നതുവരെ ചരിത്രത്തിൽ ഒരു അവശിഷ്ടവും ശേഷിപ്പിക്കാതെ മണ്മറഞ്ഞു. ഇവയെ 1920-കളിൽ വ്യാപകമായി ഖനനം ചെയ്തു, പക്ഷേ 1960-കൾക്കു ശേഷം ആഴത്തിൽ ഒരു ഖനനവും നടത്തിയിട്ടില്ല.

പുരാവസ്തുക്കൾ

തിരുത്തുക
ദക്ഷിണേഷ്യയുടെ ചരിത്രം
             
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ
 
മോഹൻജൊ-ദാരോയിൽ നിന്നുള്ള ഒരു കളിമൺ-കളിക്കോപ്പ്

മോഹൻജൊ-ദാരോയിലെ "നൃത്തംചെയ്യുന്ന പെൺകുട്ടി" ഏകദേശാം 4500 വർഷം പഴക്കമുള്ള ഒരു പുരാവസ്തുവാണ്. 10.8 സെമീ ഉയരമുള്ള ഈ വെങ്കല ശില്പം മോഹൻജൊ-ദാരോയിലെ ഒരു വീട്ടിൽ നിന്നും 1926-ൽ കൺറ്റെത്തുകയായിരുന്നു. ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ മോർട്ടീമർ വീലർക്ക് ഏറ്റവും പ്രിയങ്കരമായ പുരാവസ്തുവായിരുന്നു ഇത്. 1973-ൽ ഒരു ടെലെവിഷൻ പരിപാടിയിൽ മോർട്ടീമർ വീലർ ഇങ്ങനെ പറഞ്ഞു:

"വളഞ്ഞ ചുണ്ടുകളും കണ്ണുകളിൽ കുസൃതി നോട്ടവുമായി അതാ, അവളുടെ ചെറിയ ബലൂചി-രീതിയിലെ മുഖം. എനിക്കുതോന്നുന്നത് അവൾക്ക് ഏകദേശം പതിനഞ്ച് വർഷം പ്രായം കാണും, അതിൽക്കൂടുതൽ ആവില്ല, പക്ഷേ അവൾ കൈനിറയെ വളകളുമണിഞ്ഞ്, മറ്റൊന്നും ധരിക്കാതെ നിൽക്കുന്നു. ഒരു പെൺകുട്ടി, പൂർണ്ണമായി, ഒരു നിമിഷത്തേയ്ക്ക്, തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും പൂർണ്ണമായി ആത്മവിശ്വാസത്തോടെ നിൽക്കുന്നു. എനിക്കുതോന്നുന്നത്, അവളെപ്പോലെ ലോകത്തിൽ മറ്റൊന്നുമില്ല എന്നാണ്."

മോഹൻജൊ-ദാരോയിൽ ഖനനം നടത്തിയവരിൽ ഒരാളായ ജോൺ മാർഷൽ അവളെ യുവത്വത്തിന്റെ വർണ്ണാഭമായ പ്രതീതി എന്ന് വിശേഷിപ്പിച്ചു ... "പെൺകുട്ടി, അവളുടെ അരയിൽ ഊന്നിയ കയ്യും, പകുതി-ധാർഷ്ട്യം നിറഞ്ഞ നിൽപ്പുമായി, കാലുകൾ അല്പം മുന്നോട്ടുവെച്ച്, അവളുടെ കാലുകൾ കൊണ്ടും പാദം കൊണ്ടും സംഗീതത്തിന് താളം പിടിക്കുന്നു."[10]

ഈ ശില്പത്തിന്റെ ചാതുര്യം ഇന്നും മികച്ചതാണ്, ഇത് സവിശേഷവും, എന്നാൽ ക്ഷണനേരത്തേക്കെങ്കിലും തിരിച്ചറിയാനാവുന്നതായ ഒരു ഭൂതകാലത്തെക്കുറിച്ച് പറയുന്നു. പുരാവസ്തു ഗവേഷകനായ ഗ്രിഗറി പോസ്സെലിന്റെ അഭിപ്രായത്തിൽ, "നമുക്ക് അവൾ ഒരു നർത്തകിയായിരുന്നോ എന്ന് ഉറപ്പില്ല, പക്ഷേ അവൾ ചെയ്യുന്നതിൽ അവൾ മിടുക്കിയായിരുന്നു, അത് അവൾക്ക് അറിയുള്ളതുമായിരുന്നു". ഈ രൂപം സ്ഫുരിക്കുന്ന അധികാരഭാവത്തിൽ നിന്നും മനസ്സിലാക്കാവുന്നത് ഈ ശില്പം ഒരുപക്ഷേ സിന്ധൂനദീതട സംസ്കാരത്തിലെ ഏതെങ്കിലും രാജ്ഞിയുടേതോ മറ്റ് ഏതെങ്കിലും പ്രധാനപ്പെട്ട സ്ത്രീയുടേതോ ആവാം എന്നാണ്.

പുരോഹിത രാജാവ് എന്നറിയപ്പെടുന്ന (ഈ നഗരത്തെ രാജാക്കന്മാരോ പുരോഹിതരോ ഭരിച്ചിരുന്നു എന്നതിന് തെളിവുകൾ ഒന്നും ഇല്ലെങ്കിലും) ഇരിക്കുന്ന പുരുഷന്റെ ശില്പം പ്രശസ്തമാണ്. 17.5 സെ.മീ ഉയരമുള്ള ഈ ശില്പം സിന്ധൂ നദീതട നാഗരികതയുടെ ഒരു ചിഹ്നമായി കരുതപ്പെടുന്ന ശില്പമാണ്. പുരാവസ്തു ഗവേഷകർ 1927-ൽ മോഹൻജൊ-ദാരോയിലെ കീഴ്-പട്ടണത്തിൽ നിന്നാണ് ഈ ശില്പം കണ്ടെത്തിയത്. അലങ്കരിച്ച ചുടുകല്ലുകളും ചുമരിൽ ബിംബത്തിനായി കുഴിയും ഉള്ള ഒരു അസാധാരണമായ വീട്ടിൽ നിന്നാണ് ഈ ശില്പം കണ്ടെത്തിയത്. ഒരിക്കൽ മച്ചിനെ താങ്ങിനിറുത്തിയിരുന്നതും വീണുകിടക്കുന്നതുമായ ചുമരുകൾക്ക് ഇടയിൽ നിന്നാണ് ശില്പം ലഭിച്ചത്.

ഈ താടിയുള്ള ശില്പത്തിന്റെ തലയ്ക്കു ചുറ്റും ആഭരണം കൊത്തിവെച്ചിരിക്കുന്നു. ഒരു കൈത്തളയും, അലങ്കരിച്ച തൃഫല രൂപങ്ങളുള്ള വസ്ത്രവും കൊത്തിവെച്ചിരിക്കുന്നു. വസ്ത്രം മുൻപ് ചുവന്ന ചായം കൊണ്ട് പൂശിയിരുന്നു.

ഇന്നത്തെ യുനെസ്കോ സ്ഥിതി

തിരുത്തുക

സർക്കാരിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള ധനസഹായം നിന്നുപോയതിൽപ്പിന്നെ മോഹൻ‌ജൊ-ദാരോയിലെ പരിരക്ഷണ പ്രവർത്തനങ്ങൾ 1996 ഡിസംബറിൽ നിറുത്തിവെയ്ക്കപ്പെട്ടു. എന്നാൽ, 1997 ഏപ്രിലിൽ യുനെസ്കോ (യു.എൻ. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന) മോഹൻ‌ജൊ-ദാരോയിലെ നിർമ്മിതികളെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി പത്ത് ദശലക്ഷം ഡോളറിന്റെ രണ്ട് ദശകം നീണ്ടുനിൽക്കുന്ന ഒരു പദ്ധതിക്കായി ധനം അനുവദിച്ചു.

മോഹൻജെദാരോയിലെ കലാവസ്തുക്കൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. http://whc.unesco.org/en/list/138. {{cite web}}: Missing or empty |title= (help)
  2. http://www.ancientindia.co.uk/indus/explore/his03.html
  3. "Mohenjo-Daro: An Ancient Indus Valley Metropolis". Retrieved 2008-05-19.
  4. "Mohenjo-Daro: An Ancient Indus Valley Metropolis". Retrieved 2008-05-19.
  5. "Mohenjo-Daro".
  6. "Mohenjo-Daro".
  7. Beck, Roger B.; Linda Black; Larry S. Krieger; Phillip C. Naylor; Dahia Ibo Shabaka, (1999). World History: Patterns of Interaction. Evanston, IL: McDougal Littell. ISBN 0-395-87274-X.{{cite book}}: CS1 maint: extra punctuation (link)
  8. A H Dani (1992), Critical Assessment of Recent Evidence on Mohenjodaro, Second International Symposium on Mohenjodaro, 24-27 February.
  9. Kenoyer, Jonathan Mark. “Indus Cities, Towns and Villages.” Ancient Cities of the Indus Valley Civilization. Islamabad: American Institute of Pakistan Studies, 1998. 65.
  10. Gregory L. Possehl (2002), The Indus Civilization: A Contemporary Perspective, AltaMira Press. ISBN 978-0-7591-0172-2.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മോഹൻജൊ_ദാരോ&oldid=3789306" എന്ന താളിൽനിന്ന് ശേഖരിച്ചത്