ഈജിപ്ഷ്യൻ സംസ്കാരം
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്ത്, നൈൽനദിയുടെ കരയിൽ നിലനിന്നിരുന്ന സംസ്കാരമാണ് ഈജിപ്ഷ്യൻ സംസ്കാരം. നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യരെ ഈജിപ്റ്റിലേക്ക് ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ് അനുമാനം. വടക്ക് മെഡിറ്ററേനിയൻ കടലും കിഴക്കും പടിഞ്ഞാറും മരുഭൂമികളും തെക്ക് കൂറ്റൻ വെള്ളച്ചാട്ടങ്ങളും അതിനപ്പുറം മഹാവനങ്ങളും വിദേശാക്രമണങ്ങളിൽ നിന്ന് ഈജിപ്റ്റിന് സംരക്ഷണം നൽകി. അത് അവിടെ തനതായ സംസ്കാരം ഉടലെടുക്കാൻ സഹായകമായി.
3100 ബി.സി.ഇ യോടു കൂടി മെനെസിന്റെ (നാർമർ ആണെന്ന് കരുതപ്പെടുന്നു) കീഴിൽ അപ്പർ ഈജിപ്റ്റിന്റേയും ലോവർ ഈജിപ്റ്റിന്റേയും രാഷ്ട്രീയേകീകരണത്തോടുകൂടിയാണ് ഈജിപ്ഷ്യൻ സംസ്കാരം രൂപം കൊണ്ടത്.[1] പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും ഓൾഡ് കിങ്ങ്ഡം, മിഡിൽ കിങ്ങ്ഡം, ന്യൂ കിങ്ങ്ഡം എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്ഥിരതയാർന്ന ഭരണം അനുഭവപ്പെട്ട രാജവംശങ്ങളായും അവയ്ക്കിടയിലെ അസ്ഥിരമായ കാലഘട്ടങ്ങളായ ആദ്യ ഇടക്കാല കാലഘട്ടവും (ഫസ്റ്റ് ഇന്റർമീഡിയറ്റ് പിരീഡ്) രണ്ടാമത്തെ ഇടക്കാല കാലഘട്ടവും (സെക്കന്റ് ഇന്റർമീഡിയറ്റ് പിരീഡ്) ആയി തിരിച്ചിരിക്കുന്നു. ഓൾഡ് കിങ്ങ്ഡം തുടക്ക വെങ്കലയുഗത്തിലും മിഡിൽ കിങ്ങ്ഡം മദ്ധ്യവെങ്കലയുഗത്തിലും ന്യൂ കിങ്ങ്ഡം അന്ത്യവെങ്കലയുഗത്തിലുമാണ് നിലനിന്നിരുന്നത്.
ന്യൂ കിങ്ങ്ഡത്തിന്റെ സമയത്ത് നൂബിയയുടെ ഭൂരിഭാഗവും മദ്ധ്യപൂർവേഷ്യയുടെ ചില പ്രദേശങ്ങളും അധീനത്തിലാക്കി ഈജിപ്റ്റ് അതിന്റെ അധികാരത്തിന്റെ പാരമ്യത്തിലെത്തി. ഈജിപ്ത് അതിന്റെ ചരിത്രത്തിനിടയിൽ ഹിക്സോസ്, ലിബിയക്കാർ, നൂബിയന്മാർ, അസീറിയക്കാർ, അഖാമിനീഡ് പേർഷ്യക്കാർ, അലക്സാണ്ടറിന്റെ നേതൃത്വത്തിൽ മാസിഡോണിയക്കാർ എന്നിവരുടെ അധിനിവേശനത്തിനടിമപ്പെട്ടിരുന്നു. അലക്സാണ്ടറിന്റെ മരണശേഷം രൂപപ്പെട്ട ഗ്രീക്ക് പാരമ്പര്യമുള്ള ടോളമി രാജവംശം 30 ബി.സി.ഇ വരെ ഈജിപ്റ്റ് ഭരിച്ചു. 30 ബി.സി.ഇ യിൽ ക്ലിയോപാട്രയുടെ ഭരണത്തിനു കീഴിൽ ഈജിപ്റ്റ് റോമാ സാമ്രാജ്യത്തോട് യുദ്ധത്തിൽ പരാജയപ്പെടുകയും റോമാ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി മാറുകയും ചെയ്യപ്പെട്ടു.[2]
നൈൽനദിയുടെ കൃഷിക്കനുയോജ്യമായ അനുകൂലനങ്ങളാണ് പ്രാചീന ഈജിപ്ഷ്യൻ സംസ്ക്കാരത്തിന്റെ വിജയത്തിനൊരു കാരണമായി പറയപ്പെടുന്നത്. ഫലഭൂയിഷ്ഠമായ നൈൽതാഴ്വരയിലെ വർഷാവർഷങ്ങളിലുള്ള വെള്ളപ്പൊക്കവും നിയന്ത്രിതജലസേചനവും മിച്ചോൽപ്പാദനത്തിലേക്കു നയിക്കുകയും ഇത് ഉയർന്ന ജനസാന്ദ്രതക്കും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നതിക്കും കാരണമായി മാറി. മിച്ചോൽപ്പാദനം നൈൽനദീതടത്തിലേയും ചുറ്റുമുള്ള മരുഭൂമിയിലേയും ധാതുക്കളുടെ ചൂഷണത്തിനും, സ്വതന്ത്രമായ ഒരു ലിപിയുടെ ആവിഷ്ക്കാരത്തിനും, കൃഷിയുടെ പദ്ധതികളുടെ നടത്തിപ്പിനും, ചുറ്റുമുള്ള പ്രദേശങ്ങളുമായുള്ള വാണിജ്യത്തിനും, ഈജിപ്റ്റിന്റെ അധികാരം ഉയർപ്പിടിക്കാനായുള്ള സൈന്യത്തിന്റെ വളർച്ചക്കും വഴിയൊരുക്കി. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഫറവോയുടെ അധികാരത്തിന്നു കീഴിൽ ഉദ്യോഗസ്ഥന്മാരുടേയും പുരോഹിതന്മാരുടേയും പകർപ്പെഴുത്തുകാരുടേയും കൂടിയുള്ള ഒരു ഭരണസംവിധാനം നിലനിന്നിരുന്നു. ഈ ഭരണസംവിധാനം വിപുലമായ ആചാരക്രമങ്ങളോടുകൂടിയ മതത്തിനെ അടിസ്ഥാനമാക്കി ഈജിപ്ഷ്യൻ ജനതയുടെ ഐക്യവും സഹകരണവും ഉറപ്പിച്ചു.[3]
പുരാതന ഈജിപ്തുകാരുടെ സംഭാവനകളിൽ ഖനനത്തിനുള്ള സാങ്കേതികവിദ്യകൾ, സർവ്വേരീതികൾ, പിരമിഡുകളും ക്ഷേത്രങ്ങളും സ്തംഭങ്ങളും നിർമ്മിക്കാൻ സഹായിച്ച സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഗണിതശാസ്ത്രരീതികൾ, ഫലപ്രദവുമായ വൈദ്യശാസ്ത്രരീതികൾ, ജലസേചനസമ്പ്രദായങ്ങൾ, കാർഷികോൽപാദനത്തിനുള്ള സാങ്കേതികവിദ്യകൾ, അറിയപ്പെടുന്ന ആദ്യത്തെ പലക അടിസ്ഥാനമാക്കിയുള്ള വഞ്ചികൾ,[4] ഈജിപ്ഷ്യൻ ഫെയ്‌ൻസ് (പ്രത്യേകതരം സെറാമിക് നിർമ്മാണം) ഗ്ലാസുണ്ടാക്കാനുള്ള സാങ്കേതികവിദ്യ, സാഹിത്യത്തിന്റെ വ്യത്യസ്തരൂപങ്ങൾ, മനുഷ്യചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ സമാധാന ഉടമ്പടി (ഹിറ്റൈറ്റുകളുമായുള്ളത്) ഇവയും പുരാതന ഈജിപ്റ്റിന്റെ സംഭാവനകളിൽപ്പെടുന്നു. [5] പുരാതന ഈജിപ്റ്റ് ലോകചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തി. അവരുടെ കലയും വാസ്തുവിദ്യയും പല സംസ്കാരങ്ങളും പകർത്തുകയും അവരുടെ പുരാവസ്തുക്കൾ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും കടത്തപ്പെടുകയും ചെയ്യപ്പെട്ടു. പുരാതന ഈജിപ്റ്റിന്റെ സ്മാരകങ്ങളുടെ അവശിഷ്ടങ്ങൾ സഹസ്രാബ്ദങ്ങളായി സഞ്ചാരികളുടെയും എഴുത്തുകാരുടെയും ഭാവനകൾക്ക് പ്രചോദനമായി മാറി. ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിൽ യൂറോപ്യന്മാരും ഈജിപ്തുകാരും നടത്തിയ പുരാതനവസ്തുഖനനങ്ങൾ ഈജിപ്ഷ്യൻ നാഗരികതയെക്കുറിച്ചുള്ള ശാസ്ത്രീയാന്വേഷണത്തിനും അതിന്റെ സാംസ്കാരിക പാരമ്പര്യത്തെ വിലമതിക്കുന്നതിനും കാരണമായി.[2]
ജനങ്ങൾ
തിരുത്തുകവടക്കു പടിഞ്ഞാറു നിന്ന് ലിബിയന്മാരും, വടക്കു കിഴക്കു നിന്ന് സെമറ്റിക് വർഗ്ഗക്കാരും തെക്കു നിന്ന് നീഗ്രോകളും നദീതടങ്ങളിലേയ്ക്ക് പ്രവേശിച്ച് പരസ്പരം കൂടിക്കലർന്നാണ് ഈജിപ്റ്റുകാരുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു.
ചരിത്രം
തിരുത്തുകനൈൽ നദിയുടെ പുത്രിയായാണ് ഈജിപ്റ്റ് അറിയപ്പെടുന്നത്. ഗ്രീക്ക് സഞ്ചാരികൾ ഈജിപ്തിനെ നൈലിൻറെ വരദാനം എന്നു വിളിച്ചു. നൈൽ നദിയിലുണ്ടാകുന്ന ഫലഭൂയിഷ്ഠമായ വെള്ളപ്പൊക്കം മനുഷ്യർക്ക് സ്ഥിരതയുള്ള കാർഷിക സമ്പദ്‌വ്യവസ്ഥയും സങ്കീർണ്ണവും കേന്ദ്രീകൃതവുമായ ഒരു സമൂഹവ്യവസ്ഥ വികസിപ്പിക്കാനുള്ള അവസരവും ഒരുക്കി. [6] [7]ഈ സങ്കീർണ്ണമായ സമൂഹവ്യവസ്ഥ മനുഷ്യ നാഗരികതയുടെ ചരിത്രത്തിലെ പ്രധാനസവിശേഷതകളിലൊന്നായിരുന്നു. ഏകദേശം 120000 വർഷങ്ങൾക്കു മുമ്പ് മധ്യപ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അവസാനത്തോടുകൂടി നൈൽ നദീതടത്തിൽ നാടോടികളായ ആധുനിക മനുഷ്യർ വേട്ടയാ ടിയും ഭക്ഷണം ശേഖരിച്ചും ജീവിച്ചിരുന്നു. പ്രാചീന ശിലായുഗത്തിന്റെ അവസാനത്തോടുകൂടി വടക്കൻ ആഫ്രിക്കയിലെ വരണ്ട കാലാവസ്ഥ കൂടുതൽ വരണ്ടതും ചൂടേറിയതുമായി മാറുകയും ഇതു ജനവിഭാഗങ്ങളെ നൈൽ നദീതീരത്തോടടുത്തു ജീവിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. പുരാതന ഈജിപ്റ്റ് ഭൂമിശാസ്ത്രപരമായി ഉപരി ഈജിപ്റ്റ് (Upper Egypt), നിമ്‌ന ഈജിപ്റ്റ് (Lower Egypt) എന്നു വിഭജിക്കപ്പെട്ടിരുന്നു. നൈൽ നദിയുടെ ഉത്ഭവസ്ഥാനം ഉൾക്കൊള്ളുന്ന ഈജിപ്റ്റിന്റെ തെക്കൻ പ്രദേശങ്ങൾ ഉപരി ഈജിപ്റ്റും നദീതടപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന വടക്കു ഭാഗം നിമ്‌ന ഈജിപ്റ്റുമായിരുന്നു.
രാജവംശാതീതകാലഘട്ടം
തിരുത്തുകബി.സി.5500-നും 3000നും ഇടയിലുള്ള കാലഘട്ടം രാജവംശാതീതകാലമാണ്. ഈ കാലഘട്ടത്തിലും ആദ്യകാലരാജവംശങ്ങളുടെ കാലഘട്ടത്തിലും ഈജിപ്ഷ്യൻ കാലാവസ്ഥ ഇന്നത്തേതു പോലെ വരണ്ടതായിരുന്നില്ല. ഈജിപ്റ്റിലെ ധാരാളം പ്രദേശങ്ങൾ പുൽമേടുകളാൽ നിറഞ്ഞിരുന്നു. ഈ പുൽമേടുകളിൽ വ്യത്യസ്ത അംഗുലേറ്റകൾ മേഞ്ഞിരുന്നു. സസ്യജന്തുജാലങ്ങൾ ധാരാളമായി എല്ലാ ചുറ്റുപാടുകളിലും കാണപ്പെട്ടിരുന്നു. നൈൽനദീതടം വിവിധ പക്ഷികളുടെ ആവാസവ്യവസ്ഥയായിരുന്നു. അന്നത്തെ ജനവിഭാഗങ്ങളുടെ ഇടയിൽ വേട്ടയാടൽ സാധാരണമായിരുന്നു. മനുഷ്യർ പല മൃഗങ്ങളേയും ഇണക്കിയെടുത്തത് ഈ കാലഘട്ടത്തിലാണ്. [8]
5500 ബി.സി.ഇ യോടു കൂടി നൈൽ നദീതടത്തിൽ വസിച്ചിരുന്ന ചെറിയ ഗോത്രങ്ങൾ കൃഷിയിലും മൃഗസംരക്ഷണത്തിലും വൈദഗ്ദ്യം നേടുകയും വ്യത്യസ്തസംസ്കാരങ്ങളായി പരിണമിക്കുകയും ചെയ്തു. ഈ വ്യത്യസ്തസംസ്കാരങ്ങളെ അവരുടെ മൺപാത്രങ്ങളാലും വ്യക്തികൾ ഉപയോഗിച്ചിരുന്ന ചീപ്പുകൾ, വളകൾ, മുത്തുകൾ എന്നിവ വഴി തിരിച്ചറിയാം. ഈ ആദ്യകാലസംസ്കാരങ്ങളിൽ പ്രധാനപ്പെട്ടത് ബദേരിയൻ സംസ്കാരമായിരുന്നു. ഈജിപ്റ്റിന്റെ പടിഞ്ഞാറൻ മരുഭൂമിയിൽ ഉൽഭവിച്ചെന്ന് കരുതപ്പെടുന്ന ഈ സംസ്കാരം ചെമ്പിന്റെ ഉപയോഗത്തിനും കല്ലുകൊണ്ടുള്ള ഉപകരണങ്ങൾക്കും ഉയർന്ന ഗുണമേന്മയുള്ള സെറാമിക്കുകൾക്കും അറിയപ്പെട്ടിരുന്നതായിരുന്നു. [9]
നഖാഡ I, നഖാഡ II, നഖാഡ III സംസ്കാരങ്ങൾ ബദേരിയൻ സംസ്കാരത്തെ പിന്തുടർന്നു. മധ്യപൂർവേഷ്യയായും പ്രത്യേകിച്ചു കാനാൻ, ബിബ്ലസ് തീരപ്രദേശമായും നഖാഡ II കാലഘട്ടത്തിൽ ഈജിപ്തിലെ ജനങ്ങൾ സമ്പർക്കം പുലർത്തിയിരുന്നു. [10]ഒരായിരം വർഷത്തെ ഇടവേളക്കുള്ളിൽ നഖാഡ സംസ്കാരം കൃഷിക്കാരുടെ ചെറിയ സമൂഹത്തിൽനിന്ന് നൈൽനദീതടത്തിലെ ജനതയെയും പ്രകൃതിവിഭവങ്ങളെയും നിയന്ത്രിച്ച തലവന്മാരുള്ള ശക്തമായ ഒരു നാഗരികതയായി മാറി. [11]നഖാഡ III സംസ്കാരത്തിലെ തലവന്മാർ നെഖെനിലും (ഹൈറകോൺപോളിസ്) അബിഡോസിലും ശക്തികേന്ദ്രങ്ങൾ സ്ഥാപിച്ച് നൈൽ നദിയുടെ വടക്കോട്ട് അവരുടെ ആധിപത്യം ഉറപ്പിച്ചു. [12]തെക്ക് നൂബിയയുമായും പടിഞ്ഞാറൻ മരുഭൂമിയിലുള്ള മരുപ്പച്ചകളിലുള്ള ജനങ്ങളുമായും കിഴക്ക് മെഡിറ്ററേനിയുമായും മധ്യപൂർവ്വേഷ്യയുമായും അവർ വാണിജ്യബന്ധത്തിലേർപ്പെട്ടു.[13]
നഖാഡ സംസ്കാരം വൈവിധ്യമാർന്ന ഭൗതിക വസ്തുക്കളും ചീപ്പ്, പ്രതിമകൾ, ചായം പൂശിയ മൺപാത്രങ്ങൾ, ഉയർന്ന നിലവാരമുള്ള അലങ്കാരശിലാ പാത്രങ്ങൾ, പാലേറ്റുകൾ, സ്വർണം, ലാപിസ്, ആനക്കൊമ്പ് എന്നിവകൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ എന്നിവ നിർമ്മിച്ചിരുന്നു. ഇത് ആ സമൂഹത്തിലെ വരേണ്യവർഗത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയുടെയും സമ്പത്തിന്റെയും പ്രതിഫലനമായി കണക്കാക്കുന്നു. റോമൻ കാലഘട്ടം വരെ കപ്പുകൾ, മന്ത്രത്തകിടുകൾ, പ്രതിമകൾ എന്നിവ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്ന ഫെയ്‌ൻസ് എന്നറിയപ്പെടുന്ന ഒരു സെറാമിക് പാളിയും അവർ വികസിപ്പിച്ചു. [14]നഖാഡ സംസ്കാരത്തിന്റെ അവസാനത്തെ ഘട്ടമായപ്പോഴേക്കും അവർ രേഖാമൂലമുള്ള ചിഹ്നങ്ങൾ ഉപയോഗിക്കാൻ തുടങ്ങി, ഈ ചിഹ്നങ്ങളാണ് ഒടുവിൽ പുരാതന ഈജിപ്ഷ്യൻ ഭാഷ എഴുതുന്നതിനായി ഉപയോഗിച്ച ഹൈറോഗ്ലിഫുകളായി വികസിച്ചത്.[15]
ആദ്യകാലരാജവംശകാലഘട്ടം
തിരുത്തുകഈജിപ്തിലെ ആദ്യകാലരാജവംശകാലഘട്ടം മെസൊപ്പൊട്ടേമിയയിലെ ആദ്യകാല സുമേറിയൻ-അക്കേദിയൻ നാഗരികതയുടെയും പുരാതന ഈലത്തിന്റെയും സമകാലീനമായിരുന്നു. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈജിപ്ഷ്യൻ പുരോഹിതൻ മനിതോ മെനസിന്റെ കാലം മുതൽ തന്റെ കാലം വരെയുള്ള രാജാക്കന്മാരെ 30 രാജവംശങ്ങളായി തിരിച്ചിട്ടുണ്ട്. ഈ സമ്പ്രദായം ഇന്നും ഉപയോഗിക്കുന്നു. മനിതോയുടെ അഭിപ്രായത്തിൽ അപ്പർ ഈജിപ്ത്, ലോവർ ഈജിപ്ത് എന്നീ രണ്ട് രാജ്യങ്ങളെ ഒന്നിപ്പിച്ചതായി വിശ്വസിക്കപ്പെടുന്ന "മെനി" (അല്ലെങ്കിൽ ഗ്രീക്കിൽ മെനെസ്) എന്ന രാജാവോടുകൂടിയാണ് ഈജിപ്തിന്റെ ഔദ്യോഗികചരിത്രം ആരംഭിക്കുന്നത്. [16]
ഏകീകൃത രാജ്യത്തിലേക്കുള്ള മാറ്റം പുരാതന ഈജിപ്ഷ്യൻ എഴുത്തുകാർ അവതരിപ്പിച്ചതിനേക്കാൾ ക്രമേണ സംഭവിച്ചതായിരുന്നു. മാത്രമല്ല, മെനെസിനെക്കുറിച്ച് സമകാലിക രേഖകളൊന്നുമില്ല. എന്നാലും ചില പണ്ഡിതന്മാർ വിശ്വസിക്കുന്നത്, ഐതിഹാസികമായ ഏകീകരണത്തിന്റെ പ്രതീകമായി, ആചാരപരമായ രാജകീയ ചിഹ്നങ്ങൾ ധരിച്ച് ചിത്രീകരിച്ചിരിക്കുന്ന നാർമറായിരിക്കാം പുരാണത്തിലുള്ള മെനെസ് എന്നാണ്.[17] ബി.സി.ഇ 3000-ത്തോടുകൂടി അധികാരത്തിലെത്തിയ ആദ്യകാല രാജവംശത്തിലെ രാജവംശത്തിലെ രാജാക്കന്മാർ മെംഫിസിൽ തലസ്ഥാനം സ്ഥാപിച്ച് ലോവർ ഈജിപ്തിനു മേൽ നിയന്ത്രണം ഉറപ്പിച്ചു. ഈ നിയന്ത്രണം മൂലം ഫലഭൂയിഷ്ഠമായ നൈൽഡെൽറ്റയിലെ തൊഴിലാളികളെയും കാർഷിക മേഖലയും നിയന്ത്രിക്കാൻ അവർക്ക് കഴിഞ്ഞു. അതോടൊപ്പം ലവാന്റിലേക്കുള്ള ലാഭകരമായ വ്യാപാരമാർഗ്ഗങ്ങൾ നിയന്ത്രണത്തിലാക്കാനും ഇതു മൂലം സാധിച്ചു. ആദ്യകാല രാജവംശത്തിന്റെ കാലഘട്ടത്തിൽ രാജാക്കന്മാരുടെ വർദ്ധിച്ചുവരുന്ന ശക്തിയും സമ്പത്തും അവരുടെ വിശാലമായ മസ്തബ ശവകുടീരങ്ങളിലും അബിഡോസിലെ മരണശേഷം രാജാവിനെ ഓർക്കാനും ആഘോഷിക്കാനുമുള്ള ആരാധനരീതികളിലും പ്രതിഫലിച്ചു കാണുന്നു.[18] പുരാതന ഈജിപ്തിലെ രാജഭരണമെന്ന ശക്തമായ സ്ഥാപനം ഈജിപ്ഷ്യൻ നാഗരികതയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും ആവശ്യമായ ഭൂമി, തൊഴിൽ, വിഭവങ്ങൾ എന്നിവയിൽ ഭരണകൂട നിയന്ത്രണം നിയമാനുസൃതമാക്കാൻ വഴിയൊരുക്കി.[19]
ഓൾഡ് കിങ്ങ്ഡം
തിരുത്തുകഓൾഡ് കിങ്ങ്ഡത്തിന്റെ കാലഘട്ടത്തിൽ വർദ്ധിച്ച കാർഷിക ഉൽപാദനക്ഷമതയും അതിന്റെ ഫലമായുണ്ടാകുന്ന ജനസംഖ്യയും വികാസം പ്രാപിച്ച കേന്ദ്രഭരണകൂടവും വാസ്തുവിദ്യ, കല, സാങ്കേതികവിദ്യ എന്നിവയിൽ വലിയ പുരോഗതികൾ സാധ്യമാക്കി. [20]പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും ഓൾഡ് കിങ്ങ്ഡത്തിന്റെ കാലത്താണ് നിർമ്മിച്ചത്. വിസിയറിന്റെ (ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ) നിർദ്ദേശപ്രകാരം, രാജ്യത്തിലെ ഉദ്യോഗസ്ഥന്മാർ നികുതികൾ ശേഖരിക്കുകയും വിളവ് മെച്ചപ്പെടുത്തുന്നതിനായി ജലസേചന പദ്ധതികൾ ഏകോപിപ്പിക്കുകയും, നിർമ്മാണ പദ്ധതികളിൽ പ്രവർത്തിക്കാൻ കർഷകരെ ജോലിക്കെടുക്കുകയും, നീതിയും സമാധാനവും നിലനിർത്താൻ നീതിന്യായസംവിധാനം സ്ഥാപിക്കുകയും ചെയ്തു.[21]
ഈജിപ്തിൽ കേന്ദ്രീകൃതഭരണസമ്പ്രദായത്തിന്റെ പ്രാധാന്യം വർദ്ധിച്ചതോടെ ഒരു പുതിയ വിഭാഗമായി വിദ്യാസമ്പന്നരായ ഗുമസ്തന്മാരും ഉദ്യോഗസ്ഥരും ഉയർന്നു വന്നു. അവരുടെ സേവനങ്ങൾക്കുള്ള വേതനമായി രാജാവ് ഭൂസ്വത്തുക്കൾ അനുവദിച്ചു. രാജാവിന്റെ മരണശേഷം രാജാവിനെ ആരാധിക്കാൻവേണ്ടി നിർമ്മിക്കപ്പെടുന്ന ആരാധനാലയങ്ങൾക്കും മറ്റു പ്രാദേശികക്ഷേത്രങ്ങൾക്കും വരുമാനം ഉറപ്പുവരുത്താൻ രാജാക്കന്മാർ ഭൂസ്വത്തുക്കൾ ദാനം ചെയ്തു. ഈജിപ്റ്റോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ അഞ്ചു നൂറ്റാണ്ടോളം നീണ്ടു നിന്ന ഈ ആചാരങ്ങൾ ഈജിപ്തിന്റെ സാമ്പത്തിക ഊർജ്ജസ്വലതയെ സാവധാനം ഇല്ലാതാക്കുക്കയും ഒരു വലിയ കേന്ദ്രീകൃത ഭരണകൂടത്തെ പിന്തുണയ്ക്കാൻ സമ്പദ്വ്യവസ്ഥയ്ക്ക് കഴിയാതിരിക്കുകയും ചെയ്തു.[22] രാജാക്കന്മാരുടെ അധികാരം കുറഞ്ഞപ്പോൾ, നൊമാർച്ചുകൾ എന്ന് വിളിക്കപ്പെട്ടിരുന്ന പ്രാദേശിക ഭരണാധികാരികൾ രാജാവിന്റെ മേധാവിത്വത്തെ വെല്ലുവിളിക്കാൻ തുടങ്ങി. ഈ അധികാരകിടമത്സരങ്ങളും ബി.സി.ഇ 2200 നും 2150 നും ഇടയിലുണ്ടായ കടുത്ത വരൾച്ചയും [23]രാജ്യത്തെ 140 വർഷത്തോളം നീണ്ടു നിന്ന ആദ്യ ഇടക്കാല കാലഘട്ടം എന്നറിയപ്പെട്ട പട്ടിണിയുടെയും കലഹത്തിന്റെയും സമയത്തിനു കാരണമായതായി കരുതപ്പെടുന്നു.[24]
ആദ്യ ഇടക്കാല കാലഘട്ടം
തിരുത്തുകഓൾഡ് കിങ്ങ്ഡത്തിന്റെ അവസാനഘട്ടത്തിൽ ഈജിപ്തിലെ കേന്ദ്രീകൃതഭരണകൂടം തകർന്നതിനുശേഷം, ഭരണകൂടത്തിന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനോ സ്ഥിരപ്പെടുത്താനോ കഴിഞ്ഞില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രാദേശിക ഗവർണർമാർക്ക് രാജാവിനെ ആശ്രയിക്കാനായില്ല. ഇതിനെ തുടർന്നുള്ള ഭക്ഷ്യക്ഷാമവും രാഷ്ട്രീയതർക്കങ്ങളും പട്ടിണി മരണങ്ങളിലേക്കും ആഭ്യന്തര യുദ്ധങ്ങളിലേക്കും വളർന്നു. പ്രശ്നങ്ങൾക്കിടയിലും പ്രാദേശിക നേതാക്കന്മാർ അവർക്ക് പുതുതായി ലഭിച്ച സ്വാതന്ത്ര്യം മുതലാക്കി പ്രവിശ്യകളെ അഭിവൃദ്ധിപ്പെടുത്തി. സ്വന്തം വിഭവങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിഞ്ഞതോടെ പ്രവിശ്യകൾ സമ്പന്നമായിത്തീർന്നു. പ്രവിശ്യകളിലെ വ്യത്യസ്ത സാമൂഹികവിഭാഗങ്ങളുടെ ശവസംസ്കാരങ്ങളിലെ മാറ്റങ്ങളിൽനിന്ന് ഇത് പ്രകടമാണ്. [25]പ്രവിശ്യകളിലെ കലാകാരന്മാർ ഓൾഡ് കിങ്ങ്ഡത്തിൽ രാജാക്കന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സാംസ്കാരിക ചിഹ്നങ്ങളെ ഉപയോഗിക്കുകയും അവ തങ്ങൾക്കനുരൂപമാക്കുകയും ചെയ്തു. എഴുത്തുകാർ ആ കാലഘട്ടത്തിലെ മൗലികവും ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നതുമായ സാഹിത്യശൈലികൾ വികസിപ്പിച്ചെടുത്തു.[26]
രാജാവിൽ നിന്ന് സ്വതന്ത്രരാവാൻ തുടങ്ങിയ പ്രാദേശിക ഭരണാധികാരികൾ പ്രാദേശിക നിയന്ത്രണത്തിനും രാഷ്ട്രീയ അധികാരത്തിനും വേണ്ടി പരസ്പരം പോരാടാൻ തുടങ്ങി. ബി.സി.ഇ 2160-ഓടെ, ഹെരാക്ലിയോപോളിസിലെ ഭരണാധികാരികൾ ലോവർ ഈജിപ്ത് നിയന്ത്രിച്ചു, അതേസമയം തീബ്സ് ആസ്ഥാനമായുള്ള ഇന്റഫ് കുടുംബം, അപ്പർ ഈജിപ്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇന്റഫുകളുടെ അധികാരശക്തി വളരുകയും വടക്കോട്ട് അവരുടെ നിയന്ത്രണം വ്യാപിപ്പിക്കുകയും ചെയ്തപ്പോൾ, രണ്ട് രാജവംശങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ അനിവാര്യമായി. ബി.സി.ഇ 2055-ഓടുകൂടി, നെബെപെട്രെ മെന്റുഹോട്ടെപ് രണ്ടാമന്റെ കീഴിലുള്ള വടക്കൻ തീബൻ സൈന്യം ഹെരാക്ലിയോപൊളിറ്റൻ ഭരണാധികാരികളെ പരാജയപ്പെടുത്തി, രണ്ട് ദേശങ്ങളെ വീണ്ടും ഒന്നിപ്പിച്ചു. ഇത് മിഡിൽ കിംഗ്ഡം എന്നറിയപ്പെടുന്ന സാമ്പത്തിക സാംസ്കാരിക നവോത്ഥാന കാലഘട്ടത്തിന്റെ ആരംഭമായിരുന്നു.[27]
മിഡിൽ കിങ്ങ്ഡം (2134 - 1690 ബി.സി.ഇ)
തിരുത്തുകമിഡിൽ കിങ്ങ്ഡത്തിലെ രാജാക്കന്മാർ രാജ്യത്തിന്റെ സ്ഥിരതയും സമൃദ്ധിയും പുനഃസ്ഥാപിക്കുകയും അതുവഴി കലയുടേയും സാഹിത്യത്തിന്റേയും, സ്മാരകനിർമ്മാണ പദ്ധതികളുടേയും പുനരുജ്ജീവനത്തിന് ഉത്തേജനം നൽകുകയും ചെയ്തു. [28]പതിനൊന്നാം രാജവംശത്തിലെ മെന്റുഹോട്ടെപ് രണ്ടാമനും അദ്ദേഹത്തിന്റെ പിൻഗാമികളും തീബ്സ് ആസ്ഥാനമാക്കി ഭരിച്ചു. എന്നാൽ പന്ത്രണ്ടാം രാജവംശത്തിന്റെ തുടക്കത്തിൽ 1985 ബി.സി. ഇ യിൽ അമെനെംഹാട്ട് ഒന്നാമൻ, രാജ്യത്തിന്റെ തലസ്ഥാനം ഫയൂമിൽ സ്ഥിതി ചെയ്യുന്ന ഇറ്റ്ജ്താവി നഗരത്തിലേക്ക് മാറ്റി. [29]പന്ത്രണ്ടാം രാജവംശത്തിലെ രാജാക്കന്മാർ പ്രദേശത്തെ കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ദീർഘവീക്ഷണത്തോടെയുള്ള ഭൂമി നികത്തലും ജലസേചന പദ്ധതിയും പൂർത്തിയാക്കി. കൂടാതെ സ്വർണ്ണ ഖനികൾ കൊണ്ട് സമ്പന്നമായ നുബിയയിലെ പ്രദേശം ഈജിപ്ഷ്യൻ സേന തിരിച്ചുപിടിച്ചു. അതേസമയം തൊഴിലാളികൾ കിഴക്കൻ ഡെൽറ്റയിൽ വിദേശ ആക്രമണങ്ങളെ പ്രതിരോധിക്കാൻ "ഭരണാധികാരിയുടെ മതിലുകൾ" എന്ന് വിളിക്കപ്പെടുന്ന ഒരു പ്രതിരോധമതിൽ നിർമ്മിച്ചു.[30]
രാജ്യം സൈനികമായും രാഷ്ട്രീയമായും സുരക്ഷിതമായതോടെ, ജനസംഖ്യ വർദ്ധിക്കുകയും കലകളും മതവും അഭിവൃദ്ധിപ്പെടുകയും ചെയ്തു. ഓൾഡ് കിങ്ങ്ഡത്തിലെ മനോഭാവത്തിൽ നിന്ന് വ്യത്യസ്തമായി, മിഡിൽ കിങ്ങ്ഡത്തിൽ വ്യക്തിപരമായ ഭക്തിയുടെ ആവിഷ്കാരങ്ങളിലുള്ള വ്യത്യസ്തത പ്രകടമായി. [31]മിഡിൽ കിങ്ങ്ഡം കാലഘട്ടത്തിലെ സാഹിത്യത്തിൽ സങ്കീർണ്ണമായ പ്രമേയങ്ങളേയും കഥാപാത്രങ്ങളേയും വാചാലമായ ശൈലിയിൽ ആവിഷ്കരിച്ചിരുന്നു. [26]ആ കാലഘട്ടത്തിലെ ശിൽപകല സൂക്ഷ്മവും വ്യക്തിഗതവുമായ വിശദാംശങ്ങൾ പ്രകടമാക്കുക വഴി സാങ്കേതിക സങ്കീർണ്ണതയുടെ പുതിയ ഉയരങ്ങളിൽ എത്തി. [32]
മിഡിൽ കിങ്ങ്ഡത്തിലെ അവസാനത്തെ പ്രമുഖഭരണാധികാരിയായിരുന്ന അമെനെംഹാട്ട് മൂന്നാമൻ ഖനനത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള തൊഴിലാളികളെ കിട്ടാനായി കിഴക്ക് നിന്ന് ഡെൽറ്റ പ്രദേശത്തേക്ക് സെമിറ്റിക് സംസാരിക്കുന്ന കാനാൻ കുടിയേറ്റക്കാരെ അനുവദിച്ചു. എന്നാൽ ഈ കെട്ടിട-ഖനന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഭരണത്തിൽ പിന്നീട് ഉണ്ടായ നൈൽ വെള്ളപ്പൊക്കവുമായി കൂടിച്ചേർന്ന് സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലാക്കുകയും പിന്നീട് പതിമൂന്ന് പതിന്നാല് രാജവംശങ്ങളിൽ മന്ദഗതിയിലുള്ള പതനത്തിന് കാരണമാവുകയും ചെയ്തു. ഈ തകർച്ചയുടെ സമയത്ത് കാനാൻ കുടിയേറ്റക്കാർ ഡെൽറ്റ പ്രദേശത്തിന്റെ കൂടുതൽ നിയന്ത്രണം ഏറ്റെടുക്കാൻ തുടങ്ങുകയും ഹൈക്സോസ് എന്ന പേരിൽ ഈജിപ്തിന്റെ അധികാരം ഏറ്റെടുക്കുയും ചെയ്തു.[33]
രണ്ടാം ഇടക്കാലകാലഘട്ടം
തിരുത്തുകബി.സി.ഇ 1785-ഓടുകൂടി മിഡിൽ കിങ്ങ്ഡത്തിലെ രാജാക്കന്മാരുടെ ശക്തി ക്ഷയിച്ചപ്പോൾ നൈൽ ഡെൽറ്റയിൽ ഇതിനകം സ്ഥിരതാമസമാക്കിയിരുന്ന ഹൈക്സോസ് ("വിദേശഭരണാധികാരികൾ")എന്ന് വിളിക്കപ്പെട്ട പശ്ചിമേഷ്യൻ ജനത ഈജിപ്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അവർ തലസ്ഥാനം അവാരിസിൽ സ്ഥാപിക്കുകയും ഈജിപ്ഷ്യൻ ഭരണത്തെ തീബ്സിലേക്ക് തുരത്തുകയും ചെയ്തു.[34] ഹൈക്സോസ് ഈജിപ്ഷ്യൻ ഭരണ മാതൃകകൾ നിലനിർത്തുകയും സ്വയം ഈജിപ്ഷ്യൻ രാജാക്കന്മാരായി അവരോധിക്കുകയും ഈജിപ്ഷ്യൻ ഘടകങ്ങളെ അവരുടെ സംസ്കാരത്തിലേക്ക് സമന്വയിപ്പിക്കുകയും ചെയ്തു. അവരും മറ്റ് ആക്രമണകാരികളും ഈജിപ്തിലേക്ക് പുതിയ യുദ്ധോപകരണങ്ങൾ അവതരിപ്പിച്ചു. തേരും കോംപോസിറ്റ് വില്ലും ഇതിൽപ്പെടുന്നു.[35]
തെക്കോട്ട് പിൻവാങ്ങിയെങ്കിലും തദ്ദേശീയരായ തീബൻ രാജാക്കന്മാർ വടക്ക് ഭരിച്ചിരുന്ന ഹൈക്സോസിനും തെക്ക് ഹൈക്സോസിന്റെ സഖ്യകക്ഷികളായ നൂബിയൻ വംശജരായ കുഷൈറ്റുകൾക്കും ഇടയിലകപ്പെടുകയും വർഷങ്ങളോളം ഹൈക്സോസിനു സാമന്തരായി തുടരുകയും ചെയ്തു.[34] സെക്കനെൻരെ താവോ II, കമോസ് എന്നീ രാജാക്കന്മാർക്ക് നൂബിയക്കാരെ കീഴ്‌പെടുത്താൻ കഴിഞ്ഞെങ്കിലും ഹൈക്സോസിനെ തോല്പിക്കാൻ അവർക്ക് സാധിച്ചില്ല. കമോസിന്റെ പിൻഗാമിയായ അഹ്മോസ് ഒന്നാമൻ വളരെക്കാലം നീണ്ടുനിന്ന സംഘർഷത്തിൽ ബി.സി.ഇ 1555-ഓടു കൂടി ഹൈക്സോസിനെ തുരത്തി. അഹ്മോസ് ഒന്നാമൻ ഒരു പുതിയ രാജവംശം സ്ഥാപിക്കുകയും അതിനെ പിൻതുടർന്ന ന്യൂ കിങ്ങ്ഡം ഈജിപ്തിന്റെ അതിർത്തികൾ വികസിപ്പിക്കാൻ ശ്രമിക്കുകയും പശ്ചിമേഷ്യയിൽ ആധിപത്യം നേടാൻ ശ്രമിക്കുകയും ചെയ്തു.[36]
ന്യൂ കിങ്ങ്ഡം
തിരുത്തുകമിട്ടാനി സാമ്രാജ്യം, അസീറിയ, കാനാൻ എന്നിവയുൾപ്പെടെയുള്ള തങ്ങളുടെ അതിർത്തികൾ സുരക്ഷിതമാക്കുകയും അയൽരാജ്യങ്ങളുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ന്യു കിംങ്ങ്ഡം ഫറവോമാർ അഭിവൃദ്ധിയുടെ ഒരു കാലഘട്ടം സ്ഥാപിച്ചു. തുത്ത്‌മോസിസ് ഒന്നാമന്റെയും അദ്ദേഹത്തിന്റെ ചെറുമകൻ തുത്ത്‌മോസിസ് മൂന്നാമന്റെയും കീഴിൽ നടത്തിയ സൈനിക പ്രചാരണങ്ങൾ ഈജിപ്ത് കണ്ട ഏറ്റവും വലിയ സാമ്രാജ്യത്തിലേക്ക് നയിച്ചു. മെർനെപ്ത മുതൽ ഈജിപ്തിലെ ഭരണാധികാരികൾ ഫറവോ എന്ന പദവി സ്വീകരിച്ചു.
ഫറവോ ആയി സ്വയം പ്രഖ്യാപിച്ച ഒരു രാജ്ഞിയായിരുന്ന ഹാറ്റ്ഷെപ്സുട്ട് ഹൈക്സോസ് കേടുപാടുകൾ വരുത്തിയ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉൾപ്പെടെ നിരവധി നിർമ്മാണ പദ്ധതികൾ ആരംഭിച്ചു. അവർ പുന്തിലേക്കും സിനായിയിലേക്കും വ്യാപാരപരിവേഷണങ്ങൾ അയച്ചു.[37] ബി.സി.ഇ 1425-ൽ തുത്മോസിസ് മൂന്നാമൻ മരിച്ചപ്പോൾ, ഈജിപ്ത് വടക്കുപടിഞ്ഞാറൻ സിറിയയിലെ നിയ മുതൽ നൂബിയയിലെ നൈൽ നദിയുടെ നാലാം കാറ്ററാക്റ്റ് വരെ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യമായിരുന്നു.[38]
ന്യൂ കിങ്ങ്ഡത്തിലെ ഫറവോമാർ അവരുടെ പ്രധാനപ്പെട്ട ദൈവങ്ങളിലൊന്നായ അമുനുവേണ്ടി വലിയ തോതിലുള്ള നിർമ്മാണങ്ങൾ നടത്തി. അവരുടെ ആരാധനാ കർണ്ണാക് കേന്ദ്രീകരിച്ചായിരുന്നു. യഥാർത്ഥവും സാങ്കൽപ്പികവുമായ സ്വന്തം നേട്ടങ്ങളെ ഘോഷിക്കുന്നതിനായി അവർ ധാരാളം സ്മാരകങ്ങൾ നിർമ്മിച്ചു. ഈജിപ്ത് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ക്ഷേത്രമാണ് കർണ്ണാക് ക്ഷേത്രം.[39]
ബി.സി.ഇ 1279-നോടടുത്ത് മഹാനായ റാംസീസ്സ് എന്നറിയപ്പെടുന്ന റാംസീസ്സ് രണ്ടാമൻ അധികാരത്തിലെത്തി. അദ്ദേഹം ധാരാളം ക്ഷേത്രങ്ങൾ നിർമ്മിക്കുകയും, വളരെയധികം പ്രതിമകളും സ്തൂപങ്ങളും സ്ഥാപിക്കുകയും ചെയ്തു. ധീരനായ ഒരു സൈനിക നേതാവായിരുന്ന റാംസീസ്സ് , കാദേശ് യുദ്ധത്തിൽ (ആധുനിക സിറിയയിൽ) ഹിറ്റൈറ്റുകൾക്കെതിരെ തന്റെ സൈന്യത്തെ നയിച്ചു. സമനിലയിലേക്കെത്തിയ യുദ്ധത്തിനൊടുവിൽ (1258 ബി.സി.ഇ) റാംസീസ്സ് ഹിറ്റൈറ്റുകളുമായി ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയ സമാധാന ഉടമ്പടിയിലേർപ്പെട്ടു.[40]
ഈജിപ്തിന്റെ സമ്പത്ത് പടിഞ്ഞാറുള്ള ലിബിയൻ ബെർബറുകൾ, ഈജിയൻ കടലിൽ നിന്നുള്ള നാവികരുടെ ഒരു സഖ്യമായ 'സീ പീപ്പിൾ' എന്നിവരുടെ അധിനിവേശത്തിനുള്ള ലക്ഷ്യമായി മാറി. തുടക്കത്തിൽ, ഈ ആക്രമണങ്ങളെ ചെറുക്കാൻ ഈജിപ്ഷ്യൻ സൈന്യത്തിന് കഴിഞ്ഞു. എന്നാൽ ഒടുവിൽ ഈജിപ്തിന് തെക്കൻ കാനാനിലെ ശേഷിക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. അതിൽ ഭൂരിഭാഗവും അസീറിയക്കാരുടെ കീഴിലായി. അഴിമതി, ആഭ്യന്തര കലാപം തുടങ്ങിയവ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കി. അധികാരം വീണ്ടെടുത്ത ശേഷം, തീബ്‌സിലെ അമുൻ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്മാർ വൻതോതിൽ ഭൂമിയും സമ്പത്തും സ്വരൂപിച്ചു. അവരുടെ അധികാരത്തിന്റെ വിപുലീകരണം മൂന്നാം ഇടക്കാല കാലഘട്ടത്തിൽ രാജ്യത്തെ പിളർത്തി.[41]
മൂന്നാം ഇടക്കാലകാലഘട്ടം
തിരുത്തുകബി.സി.ഇ 1078-ൽ റാംസീസ്സ് പതിനൊന്നാമന്റെ മരണത്തെത്തുടർന്ന് ഈജിപ്തിന്റെ വടക്കൻ ഭാഗത്തിന്റെ മേൽ സ്മെൻഡസ് അധികാരം ഏറ്റെടുക്കുകയും ടാനിസ് നഗരം ആസ്ഥാനമാക്കി നിന്ന് ഭരിക്കുകയും ചെയ്തു. തെക്ക് ഭാഗം നിയന്ത്രിച്ചിരുന്നത് തീബ്സിലെ അമുൻ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്മാരാണ്. അവർ സ്മെൻഡസിനെ പേരിന് മാത്രം അംഗീകരിച്ചു.[42] ഈ സമയത്ത്, ലിബിയക്കാർ പടിഞ്ഞാറൻ ഡെൽറ്റയിൽ സ്ഥിരതാമസമാക്കിയിരുന്നു. ലിബിയൻ കുടിയേറ്റക്കാരുടെ തലവൻമാർ അവരുടെ സ്വയംഭരണം വർദ്ധിപ്പിക്കാൻ തുടങ്ങി. ലിബിയൻ രാജാക്കന്മാർ 945 ബി.സി.ഇ യിൽ ഷോഷെങ്ക് ഒന്നാമന്റെ കീഴിൽ ഡെൽറ്റയുടെ നിയന്ത്രണം ഏറ്റെടുത്തു. ലിബിയൻ അല്ലെങ്കിൽ ബുബാസ്റ്റൈറ്റ് രാജവംശം എന്ന് വിളിക്കപ്പെടുന്ന അവരുടെ ഭരണം 200 വർഷക്കാലം നീണ്ടുനിന്നു. ഷൊഷെങ്ക് തന്റെ കുടുംബാംഗങ്ങളെ പ്രധാന പുരോഹിത സ്ഥാനങ്ങളിൽ നിയോഗിച്ച് തെക്കൻ ഈജിപ്തിന്റെ നിയന്ത്രണവും നേടി. നൈൽ ഡെൽറ്റയിൽ ഒരു എതിരാളി രാജവംശം ലിയോന്റോപോളിസിൽ ഉയർന്നുവന്നതോടെയും കുഷൈറ്റ്സ് തെക്ക് നിന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയതോടെയും ലിബിയൻ നിയന്ത്രണം ക്ഷയിക്കാൻ തുടങ്ങി.
ബി.സി.ഇ 727-ഓടെ കുഷൈറ്റ് രാജാവായ പിയെ തെക്ക് നിന്നാക്രമിച്ച് തീബ്സിന്റെയും ഡെൽറ്റയുടെയും നിയന്ത്രണം പിടിച്ചെടുക്കുകയും 25-ആം രാജവംശം സ്ഥാപിക്കുകയും ചെയ്തു.[43] 25-ആം രാജവംശത്തിന്റെ കാലത്ത് ഫറവോ തഹർഖ ന്യൂ കിങ്ങ്ഡത്തിന്റെ അത്രയും വലിയ ഒരു സാമ്രാജ്യം സൃഷ്ടിച്ചു. ഇരുപത്തിയഞ്ചാം രാജവംശത്തിലെ ഫറവോമാർ നൈൽ താഴ്‌വരയിൽ മെംഫിസ്, കർണാക്, കാവ, ജബൽ ബാർക്കൽ എന്നിവിടങ്ങളിൽ ഉടനീളം ക്ഷേത്രങ്ങളും സ്മാരകങ്ങളും നിർമ്മിച്ചു.[44] ഈ കാലയളവിൽ, മിഡിൽ കിംഗ്ഡത്തിന് ശേഷം നൈൽ താഴ്വരയിലും ഇന്നത്തെ സുഡാനിൽ പെടുന്ന പ്രദേശങ്ങളിലും പിരമിഡുകളുടെ വ്യാപകമായ നിർമ്മാണമുണ്ടായി.[45][46][47]
ഈജിപ്തിന്റെ പ്രതാപം മൂന്നാം ഇടക്കാലകാലഘട്ടത്തിന്റെ അവസാനത്തോടെ ക്ഷയിച്ചു. ഈജിപ്തിന്റെ സഖ്യകക്ഷികൾ പലരും അസീറിയൻ സ്വാധീനമേഖലയുടെ കീഴിലായി.ബി.സി.ഇ 700 ആയപ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അനിവാര്യമായി മാറി. ബി.സി.ഇ 671 നും 667 നും ഇടയിൽ അസീറിയക്കാർ ഈജിപ്ത് കീഴടക്കി. തഹർഖയുടെയും അദ്ദേഹത്തിന്റെ പിൻഗാമിയായ തന്താമണിയുടെയും ഭരണം അസീറിയക്കാരുമായുള്ള നിരന്തരമായ സംഘർഷങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. അവരുടെ ഭരണസമയത്ത് ഈജിപ്തുകാർ അസീറിയക്കെതിരെ നിരവധി വിജയങ്ങൾ നേടിയെങ്കിലും ആത്യന്തികമായി, അസീറിയക്കാർ കുഷൈറ്റുരാജാക്കന്മാരെ നൂബിയയിലേക്ക് തള്ളിവിടുകയും മെംഫിസ് പിടിച്ചടക്കുകയും തീബ്സിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.[48]
പിൽക്കാലകാലഘട്ടം
തിരുത്തുകഅസീറിയക്കാർ ഈജിപ്തിന്റെ നിയന്ത്രണം ഇരുപത്തിയാറാം രാജവംശത്തിലെ സെയ്റ്റ് രാജാക്കന്മാർ എന്ന് അറിയപ്പെട്ടിരുന്ന ഒരു കൂട്ടം സാമന്തരാജാക്കന്മാരിലേക്ക് വിട്ടു. ബി.സി.ഇ 653-ഓടെ സെയ്റ്റ് രാജാവായ പ്സാംറ്റിക് ഒന്നാമൻ ഗ്രീക്ക് കൂലിപ്പടയാളികളുയെ സഹായത്തോടെ ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യത്തെ നാവികസേന രൂപീകരിക്കുകയും അസീറിയക്കാരെ തോല്പിക്കുകയും ചെയ്തു. നൗക്രാറ്റിസ് നഗരം നൈൽ ഡെൽറ്റയിലെ ഗ്രീക്കുകാരുടെ ആസ്ഥാനമായി മാറിയതോടെ ഈജിപ്തിലെ ഗ്രീക്ക് സ്വാധീനം വളരെയധികം വികസിച്ചു. സായിസ് നഗരം പുതിയ തലസ്ഥാനം ആസ്ഥാനമാക്കി ഭരിച്ച സെയ്റ്റ് രാജാക്കന്മാർ ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സംസ്കാരത്തിലും ഹ്രസ്വമായ പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിച്ചു. എന്നാൽ ബി.സി.ഇ 525-ൽ കാംബിസെസ് രണ്ടാമന്റെ നേതൃത്വത്തിൽ പേർഷ്യക്കാർ ഈജിപ്ത് കീഴടക്കുകയും പെലൂസിയം യുദ്ധത്തിൽ വച്ച് ഫറവോ പ്സാംടിക് മൂന്നാമനെ പിടികൂടുകയും ചെയ്തു. കാംബിസെസ് II പിന്നീട് ഫറവോ എന്ന ഔപചാരികപദവി ഏറ്റെടുത്തു. എന്നാൽ അദ്ദേഹം ഈജിപ്തിനെ ഒരു സത്രപിന്റെ നിയന്ത്രണത്തിലാക്കുകയും ഇറാനിൽ നിന്ന് ഈജിപ്തിനെ ഭരിക്കുകയും ചെയ്തു. ബി.സി.ഇ അഞ്ചാം നൂറ്റാണ്ടിൽ പേർഷ്യക്കാർക്കെതിരായി ചില വിജയകരമായ കലാപങ്ങൾ നടത്തിയെങ്കിലും ഈജിപ്തിന് ഒരിക്കലും പേർഷ്യക്കാരെ ശാശ്വതമായി പുറത്താക്കാൻ കഴിഞ്ഞില്ല.[49]
പേർഷ്യയുടെ അധിനിവേശത്തെത്തുടർന്ന്, ഈജിപ്തും സൈപ്രസും ഫെനിഷ്യയും അക്കീമെനിഡ് പേർഷ്യൻ സാമ്രാജ്യത്തിന്റെ ആറാമത്തെ സത്രപിയായി മാറി. ഈജിപ്തിലെ പ്രാദേശിക രാജവംശങ്ങളുടെ ഒരു പരമ്പരയ്ക്ക് കീഴിൽ ഈജിപ്ത് സ്വാതന്ത്ര്യം വീണ്ടെടുത്തപ്പോൾ ഇരുപത്തിയേഴാം രാജവംശം എന്നും അറിയപ്പെടുന്ന ഈജിപ്തിന്റെ പേർഷ്യൻ ഭരണത്തിന്റെ ഈ ആദ്യ കാലഘട്ടം ബി.സി.ഇ 402-ൽ അവസാനിച്ചു. ഈ പ്രാദേശിക രാജവംശങ്ങളിൽ അവസാനത്തേത്, മുപ്പതാമത്തെ രാജവംശം നെക്റ്റനെബോ രണ്ടാമന്റെ ഭരണത്തോടുകൂടി അവസാനിച്ചു. മുപ്പത്തിയൊന്നാം രാജവംശം എന്നറിയപ്പെടുന്ന പേർഷ്യൻ ഭരണത്തിന്റെ ഒരു ഹ്രസ്വമായ പുനഃസ്ഥാപനം ബി.സി.ഇ 343-ൽ ആരംഭിച്ചു. എന്നാൽ അധികം താമസിയാതെ ബി.സി.ഇ 332-ൽ പേർഷ്യൻ ഭരണാധികാരിയായ മസാസെസ് ഈജിപ്തിനെ അലക്സാണ്ടർ ചക്രവർത്തിക്ക് കൈമാറി.[50]
ഈജിപ്ത് ടോളമി രാജവംശത്തിനു കീഴിൽ
തിരുത്തുകബിസി 332-ൽഅലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കി. അദ്ദേഹത്തെ ഈജിപ്തുകാർ ഒരു വിമോചകനായി സ്വാഗതം ചെയ്തു. അലക്‌സാണ്ടറിന്റെ പിൻഗാമികളായ മാസിഡോണിയരായ ടോളമി രാജവംശം സ്ഥാപിച്ച ഭരണം ഈജിപ്ഷ്യൻ മാതൃകയിൽ അധിഷ്ഠിതവും പുതിയ തലസ്ഥാനനഗരമായ അലക്‌സാണ്ട്രിയയെ അടിസ്ഥാനമാക്കിയുള്ളതുമായിരുന്നു. ഹെല്ലനിസ്റ്റിക് ഭരണത്തിന്റെ ശക്തിയും അന്തസ്സും പ്രദർശിപ്പിച്ച നഗരമായ അലക്സാണ്ട്രിയ, നഗരത്തിലെ പ്രശസ്തമായ ലൈബ്രറി കേന്ദ്രീകരിച്ച് പഠനത്തിന്റെയും സംസ്‌കാരത്തിന്റെയും ഇരിപ്പിടമായി മാറി.[51] അലക്സാണ്ട്രിയയിലെ ലൈറ്റ് ഹൗസ്, നഗരത്തിലൂടെ വ്യാപാരം നടത്തിക്കൊണ്ടിരുന്ന നിരവധി കപ്പലുകൾക്ക് വഴി തെളിച്ചു. ടോളമികൾ വാണിജ്യവും പാപ്പിറസ് നിർമ്മാണം പോലുള്ള വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങൾ അവരുടെ മുൻഗണനയാക്കി മാറ്റി.[52]
എന്നാൽ ഹെല്ലനിസ്റ്റ് സംസ്കാരം പാരമ്പര്യ ഈജിപ്ഷ്യൻ സംസ്കാരത്തെ മാറ്റിസ്ഥാപിച്ചില്ല. അതിനു കാരണം ടോളമികൾ ജനങ്ങളുടെ വിശ്വസ്തത ഉറപ്പാക്കാനുള്ള ശ്രമത്തിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന പാരമ്പര്യങ്ങളെ പിന്തുണച്ചു. അവർ ഈജിപ്ഷ്യൻ ശൈലിയിൽ പുതിയ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും പരമ്പരാഗത ആരാധനക്രമങ്ങളെ പിന്തുണക്കുകയും തങ്ങളെ ഫറവോമാരായി ചിത്രീകരിക്കുകയും ചെയ്തു. ഗ്രീക്ക്, ഈജിപ്ഷ്യൻ ദേവന്മാരെ സംയോജിപ്പിച്ച് സെറാപ്പിസ് പോലുള്ള ദേവന്മാരാക്കി സമന്വയിപ്പിച്ച് ചില പാരമ്പര്യങ്ങളെ ലയിപ്പിച്ചു. കൂടാതെ ശില്പകലയുടെ ക്ലാസിക്കൽ ഗ്രീക്ക് ശൈലികൾ പരമ്പരാഗത ഈജിപ്ഷ്യൻ രൂപങ്ങളെ സ്വാധീനിച്ചു. ടോളമികൾ ഈജിപ്തുകാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പ്രാദേശിക കലാപം, കുടുംബകലഹങ്ങൾ, ടോളമി നാലാമന്റെ മരണശേഷം രൂപപ്പെട്ട അലക്സാണ്ട്രിയയിലെ ശക്തമായ ജനക്കൂട്ടം എന്നിവയെല്ലാം രാജവംശത്തിനും വെല്ലുവിളിയായി മാറി.[53] റോം ഈജിപ്തിൽ നിന്നുള്ള ധാന്യങ്ങളുടെ ഇറക്കുമതിയെ കൂടുതൽ ആശ്രയിച്ചിരുന്നു. ഇതിനാൽ ഈജിപ്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ റോം വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർച്ചയായ ഈജിപ്ഷ്യൻ കലാപങ്ങളും രാഷ്ട്രീയപരിതസ്ഥിതിയും നിയർ ഈസ്റ്റിൽ നിന്നുള്ള ശക്തരായ എതിരാളികളും ഈജിപ്തിലെ സാഹചര്യം അസ്ഥിരമാക്കി. റോം ഈജിപ്തിനെ അതിന്റെ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി സുരക്ഷിതമാക്കാൻ വേണ്ടി സൈന്യത്തെ അയച്ചു.[54]
റോമൻ ഈജിപ്ത്
തിരുത്തുകബി.സി.ഇ 30-ൽ ആക്ടിയം യുദ്ധത്തിൽ ഒക്ടേവിയൻ (അഗസ്റ്റസ് ചക്രവർത്തി) മാർക്ക് ആന്റണിയെയും ക്ലിയോപാട്രെയേയും പരാജയപ്പെടുത്തിയതിനെത്തുടർന്ന് ഈജിപ്ത് റോമാസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി മാറി. റോമാക്കാർ ഈജിപ്തിൽ നിന്നുള്ള ധാന്യ കയറ്റുമതിയെ വളരെയധികം ആശ്രയിച്ചിരുന്നു. ചക്രവർത്തി നിയമിച്ച ഒരു ഭരണാധികാരിയുടെ നിയന്ത്രണത്തിൽ റോമൻ സൈന്യം കലാപങ്ങൾ അടിച്ചമർത്തുകയും നികുതി പിരിവ് കർശനമായി നടപ്പിലാക്കുകയും കൊള്ളക്കാരുടെ ആക്രമണം തടയുകയും ചെയ്തു.[55] റോമിൽ വിദേശത്തുനിന്നുള്ള ആഡംബരവസ്തുക്കൾക്ക് വളരെയേറെ ആവശ്യക്കാരുണ്ടായിരുന്നതിനാൽ കിഴക്കൻ ദേശങ്ങളുമായുള്ള വ്യാപാരപാതയിൽ നിലയുറപ്പിച്ചിരുന്ന അലക്സാണ്ട്രിയ റോമാസാമ്രാജ്യത്തിലെ പ്രാധാനപ്പെട്ട കേന്ദ്രമായി മാറി.[56]
റോമാക്കാർ ഗ്രീക്കുകാരേക്കാൾ ഈജിപ്തുകാരോട് ശത്രുത പുലർത്തിയിരുന്നു. എന്നാലും മമ്മിയാക്കി സൂക്ഷിക്കൽ പോലുള്ള ആചാരങ്ങളും പരമ്പരാഗതദൈവങ്ങളുടെ ആരാധനയും അവർ തുടർന്നു വന്നു.[57] മമ്മി ഛായാചിത്രങ്ങളുണ്ടാക്കുന്ന കല ഈ കാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിച്ചു. ചില റോമൻ ചക്രവർത്തിമാർ തങ്ങളെ ഫറവോമാരായി ചിത്രീകരിച്ചിരുന്നു. എന്നാൽ അവർ ഈജിപ്തിൽ താമസിച്ചിരുന്നില്ല. മാത്രമല്ല, അവർ ഫറവോമാർ എന്ന നിലയിൽ നടത്തേണ്ട ആചാരങ്ങളിൽ പങ്കെടുത്തതുമില്ല. പ്രാദേശികഭരണം റോമൻ രീതിയിലേക്ക് മാറ്റപ്പെടുകയും തദ്ദേശീയരായ ഈജിപ്തുകാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാവുകയും ചെയ്തു.[57]
സി. ഇ ഒന്നാം നൂറ്റാണ്ടിന്റെ പകുതിയോടെ ക്രിസ്തുമതം ഈജിപ്തിൽ വേരൂന്നി. അത് ഈജിപ്ഷ്യൻ, ഗ്രീക്കോ-റോമൻ മതങ്ങളിൽ നിന്ന് ജനങ്ങളെ പരിവർത്തനം ചെയ്യുകയും ആ മതപാരമ്പര്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്തു.[58] 391 സി.ഇ യിൽ റോമൻ ചക്രവർത്തിയായിരുന്ന തിയോഡോഷ്യസ് പാഗൻ ആചാരങ്ങൾ നിരോധിക്കുകയും ക്ഷേത്രങ്ങൾ അടച്ചിടുകയും ചെയ്തു.[59][60] അലക്സാണ്ട്രിയ പാഗൻ ജനതക്കെതിരായ കലാപങ്ങൾക്ക് വേദിയാവുകയും പാഗൻ മതബിംബങ്ങൾ നശിക്കപ്പെടുകയും ചെയ്യപ്പെട്ടു. തൽഫലമായി പ്രാചീന ഈജിപ്ഷ്യൻ മതം ക്ഷയിക്കുകയും അതിലെ പുരോഹിതന്മാരുടെയും പുരോഹിതകളുടെയും ജനജീവിതത്തിലെ പങ്ക് കുറയുകയും ചെയ്തതോടെ ഹൈറോഗ്ലിഫിക് എഴുത്ത് വായിക്കാനുള്ള കഴിവ് പതുക്കെ അപ്രത്യക്ഷമായി.ക്ഷേത്രങ്ങൾ പള്ളികളായി മാറ്റപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തു.[61]
സി.ഇ നാലാം നൂറ്റാണ്ടിൽ, റോമൻ സാമ്രാജ്യം വിഭജിക്കപ്പെട്ടപ്പോൾ, ഈജിപ്ത് കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാനമായുള്ള കിഴക്കൻ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. സസാനിയൻ അധിനിവേശത്തിൽ (618-628) ഈജിപ്ത് സസാനിയൻ പേർഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലായി. പിന്നീട് ബൈസന്റൈൻ ചക്രവർത്തി ഹെരാക്ലിയസ് (629-639) ഈജിപ്ത് തിരിച്ചുപിടിച്ചു, ഒടുവിൽ സി.ഇ 639-641ൽ മുസ്ലീം റാഷിദൂൻ സൈന്യം ഈജിപ്ത് പിടിച്ചെടുത്ത് ബൈസന്റൈൻ ഭരണത്തിന്റെ അന്ത്യം കുറിച്ചു.
ഭരണാധികാരവും സമ്പദ്ഘടനയും
തിരുത്തുകഭരണവും വാണിജ്യവും
തിരുത്തുകഫറവോ രാജ്യത്തിന്റെ സമ്പൂർണ്ണ അധികാരം കയ്യാളിയിരുന്നു. കുറഞ്ഞത് സൈദ്ധാന്തികമായെങ്കിലും ഭൂമിയുടെയും അതിന്റെ വിഭവങ്ങളുടെയും പൂർണ്ണ നിയന്ത്രണം രാജാവിന്റെ കയ്യിലായിരുന്നു. രാജാവ് പരമോന്നത സൈനിക മേധാവിയും ഗവൺമെന്റിന്റെ തലവനുമായിരുന്നു. തന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഫറവോ ഉദ്യോഗസ്ഥരുടെ ഒരു ബ്യൂറോക്രസിയെ ആശ്രയിച്ചിരുന്നു. ഭരണത്തിന്റെ ചുമതല വിസീറിനായിരുന്നു. അദ്ദേഹം രാജാവിന്റെ പ്രതിനിധിയായി പ്രവർത്തിക്കുകയും ഭൂമി അളക്കൽ, ഖജനാവ്, കെട്ടിടനിർമ്മാണപദ്ധതികൾ, നിയമസംവിധാനം എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോകിപ്പിച്ചു.[62] പ്രാദേശികതലത്തിൽ രാജ്യത്തെ 42 ഭരണമേഖലകളായി വിഭജിച്ചിരുന്നു. ഇവ "നോം" എന്നറിയപ്പെട്ടു. ഇവയുടെ ഭരണാധികാരികൾ "നൊമാർച്ച്" എന്ന പേരിലറിയപ്പെട്ടിരുന്നു. ഇവർ വിസീറിന്റെ കീഴെയാണ് പ്രവർത്തിച്ചിരുന്നത്. ക്ഷേത്രങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു. അവ ആരാധനാലയങ്ങൾ മാത്രമല്ല, മേൽവിചാരകന്മാരാൽ നിയന്ത്രിക്കപ്പെടുന്ന ധാന്യപ്പുരകളുടെയും ട്രഷറികളുടെയും ഒരു സംവിധാനത്തിൽ രാജ്യത്തിന്റെ സമ്പത്ത് ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും ഉത്തരവാദികൾ കൂടിയായിരുന്നു.[63]
സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും കേന്ദ്രീകൃതവും കർശനമായി നിയന്ത്രണങ്ങളുൾക്കൊന്നതുമായിരുന്നു. പുരാതന ഈജിപ്തുകാർ പിൽക്കാലകാലഘട്ടം വരെ നാണയം ഉപയോഗിച്ചിരുന്നില്ലെങ്കിലും [64]അവർ ഒരു തരം നാണയ-ബാർട്ടർ സമ്പ്രദായം ഉപയോഗിച്ചിരുന്നു.[65] പ്രത്യേക അളവിലുള്ള ചാക്കുകളിലെ ധാന്യവും ഡെബനും എന്ന പേരിലറിയപ്പെട്ട ഏകദേശം 91 ഗ്രാം (3 ഔൺസ്) ചെമ്പ് അല്ലെങ്കിൽ വെള്ളിയിലുള്ള ഭാരവും പൊതുവായൊരു കൈമാറ്റസമ്പ്രദായത്തിന്റെ ഭാഗമായിരുന്നു.[66] തൊഴിലാളികൾക്ക് കൂലി ലഭിച്ചിരുന്നത് ധാന്യത്തിലാണ്. ഒരു സാധാരണ തൊഴിലാളിക്ക് പ്രതിമാസം 5+1⁄2 ചാക്ക് (200 കിലോഗ്രാം) ധാന്യം ലഭിച്ചിരുന്നു. അതേസമയം തൊഴിലാളികളുടെ മേൽനോട്ടം വഹിച്ചിരുന്നയാൾക്ക് 7+1⁄2 ചാക്ക് (250 കിലോഗ്രാം) ലഭിച്ചിരുന്നു. വ്യാപാരം സുഗമമാക്കുന്നതിന് രാജ്യത്തുടനീളം വിലകൾ നിശ്ചയിക്കുകയും അവ പട്ടികകളിൽ രേഖപ്പെടുത്തുകയും ചെയ്തു.[66]
ജീവിത രീതി
പുരാതന ഈജിപ്റ്റിലെ ജനങ്ങൾ പ്രധാനമായും കൃഷി ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.കൂടാതെ നൂൽനൂൽക്കലും സ്ഫടിക പാത്ര നിർമ്മാണവുമായിരുന്നു മറ്റ് തൊഴിലുകൾ. ഇവർ ജ്യോതിശാസ്ത്രത്തിലും ഗണിത ശാസ്തത്തിലും പ്രാവീണ്യമുള്ളവരായിരുന്നു. സമയമറിയാൻ അവർ സൗര ഘടികാരവും ജലഘടികാരവും ഉപയോഗിച്ചിരുന്നു.കൂടാതെ പിരമിഡ് നിർമ്മാണത്തിലെ ദീർല ചതുരവിസ്തൃതിയും ത്രികോണ വിസ്തൃതിയും കണക്കിലാക്കിയതിലൂടെ അവർക്ക് ഗണിത ശാസ്ത്രത്തിലുള്ള കഴിവ് വെളിവാക്കുന്നു. ദൈവീകമായ കാര്യങ്ങൾ അറിയിക്കുന്നതിനായി അവർ ഹൈറോ ഗ്ലിഫിക്സ് (Hiero glyphics) എന്ന ലിപി ഉപയോഗിച്ചി രുന്നതായി ഷാപോലിയൻ (cham pollian)എന്ന ഫ്രഞ്ച് ഗവേഷകൻ 1798 ൽ കണ്ടെത്തിയതായി ചരിത്രം പറയുുന്നു. ശില്പ നിർമ്മാാണത്തിലും അവർക്ക് അതീവ വൈദഗ്ദ്ധ്യം ഉണ്ടാായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഭാഷ
തിരുത്തുകആഫ്രോ-ഏഷ്യാറ്റിക് ഭാഷയാണ് ഈജിപ്ഷ്യൻ ഭാഷ. ബാർബർ, സെമിറ്റിക് ഭാഷകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു[67].
ലിപി
തിരുത്തുകഈജിപ്റ്റിൽ നിലവിലുണ്ടായിരുന്ന ലിപിയാണ് ഹൈറോഗ്ലിഫിക്സ്. വലതുനിന്ന് ഇടത്തോട്ടാണ് ഇത് വായിക്കേണ്ടത്. ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം വിശുദ്ധമായ എഴുത്ത് എന്നാണ്.
അവലംബം
തിരുത്തുക- ↑ Dodson & Hilton (2004), p. 46.
- ↑ 2.0 2.1 James (2005), p. 84.
- ↑ James (2005), p. 8; Manuelian (1998), pp. 6–7.
- ↑ Ward (2001).
- ↑ Clayton (1994), p. 153.
- ↑ Shaw (2003), pp. 17, 67–69.
- ↑ Shaw (2003), p. 17.
- ↑ Ikram (1992), p. 5.
- ↑ Hayes (1964), p. 220.
- ↑ Patai (1998).
- ↑ "Chronology of the Naqada Period". Digital Egypt for Universities. University College London. 2001. Archived from the original on 28 March 2008.
- ↑ Shaw (2003), p. 61.
- ↑ Shaw (2003), p. 61; Hartwig (2014), pp. 424–425.
- ↑ "Faience in different Periods". Digital Egypt for Universities. University College London. 2000. Archived from the original on 30 March 2008.
- ↑ Allen (2000), p. 1.
- ↑ Clayton (1994), p. 6.
- ↑ Clayton (1994), pp. 12–13.
- ↑ Shaw (2003), p. 70.
- ↑ "Early Dynastic Egypt". Digital Egypt for Universities. University College London. 2001. Archived from the original on 4 March 2008.
- ↑ James (2005), p. 40.
- ↑ Shaw (2003), p. 102.
- ↑ Shaw (2003), pp. 116–117.
- ↑ Hassan, Fekri (17 February 2011). "The Fall of the Old Kingdom". BBC.
- ↑ Clayton (1994), p. 69.
- ↑ Shaw (2003), p. 120.
- ↑ 26.0 26.1 Shaw (2003), p. 146.
- ↑ Clayton (1994), p. 29.
- ↑ Shaw (2003), p. 148.
- ↑ Clayton (1994), p. 79.
- ↑ Shaw (2003), p. 158.
- ↑ Shaw (2003), pp. 179–182.
- ↑ Robins (2008), p. 90.
- ↑ Shaw (2003), p. 188.
- ↑ 34.0 34.1 Ryholt (1997), p. 310.
- ↑ Shaw (2003), p. 189.
- ↑ Shaw (2003), p. 224.
- ↑ Clayton (1994), pp. 104–107.
- ↑ James (2005), p. 48.
- ↑ Bleiberg (2005).
- ↑ Tyldesley (2001), pp. 76–77.
- ↑ James (2005), p. 54.
- ↑ Cerny (1975), p. 645.
- ↑ Shaw (2003), p. 345.
- ↑ Bonnet, Charles (2006). The Nubian Pharaohs. New York: The American University in Cairo Press. pp. 142–154. ISBN 978-977-416-010-3.
- ↑ Mokhtar, G. (1990). General History of Africa. California, USA: University of California Press. pp. 161–163. ISBN 978-0-520-06697-7.
- ↑ Emberling, Geoff (2011). Nubia: Ancient Kingdoms of Africa. New York: Institute for the Study of the Ancient World. pp. 9–11. ISBN 978-0-615-48102-9.
- ↑ Silverman, David (1997). Ancient Egypt. New York: Oxford University Press. pp. 36–37. ISBN 978-0-19-521270-9.
- ↑ Shaw (2003), p. 358.
- ↑ Shaw (2003), p. 383.
- ↑ Shaw (2003), p. 385.
- ↑ Shaw (2003), p. 405.
- ↑ Shaw (2003), p. 411.
- ↑ Shaw (2003), p. 418.
- ↑ James (2005), p. 62.
- ↑ James (2005), p. 63.
- ↑ Shaw (2003), p. 426.
- ↑ 57.0 57.1 Shaw (2003), p. 422.
- ↑ Shaw (2003), p. 431.
- ↑ Chadwick (2001), p. 373.
- ↑ MacMullen (1984), p. 63.
- ↑ Shaw (2003), p. 445.
- ↑ Manuelian (1998), p. 358.
- ↑ Manuelian (1998), p. 363.
- ↑ Egypt: Coins of the Ptolemies (2002).
- ↑ Meskell (2004), p. 23.
- ↑ 66.0 66.1 Manuelian (1998), p. 372.
- ↑ Loprieno (1995b) p. 2137
പുസ്തകസൂചിക
തിരുത്തുക- James, T.G.H. (2005). The British Museum Concise Introduction to Ancient Egypt. University of Michigan Press. ISBN 978-0-472-03137-5.
- Dodson, Aidan; Hilton, Dyan (2004). The Complete Royal Families of Ancient Egypt. Thames & Hudson. ISBN 978-0-500-05128-3.
- Loprieno, Antonio (1995b). "Ancient Egyptian and other Afroasiatic Languages". In Jack M. Sasson (ed.). Civilizations of the ancient Near East. Vol. Vol. 4. Scribner. pp. 2137–2150. ISBN 978-0-684-19723-4.
{{cite book}}
:|volume=
has extra text (help) - Manuelian, Peter Der (1998). Regine Schulz; Matthias Seidel (eds.). Egypt: The World of the Pharaohs. Cologne, Germany: Könemann. ISBN 978-3-89508-913-8.
- Clayton, Peter A. (1994). Chronicle of the Pharaohs. London: Thames and Hudson. ISBN 978-0-500-05074-3.
- Ward, Cheryl (May 2001). "World's Oldest Planked Boats". Archaeology. 54 (3). Archived from the original on 2012-11-19. Retrieved 2021-03-24.
- Shaw, Ian, ed. (2003). The Oxford History of Ancient Egypt. Oxford: Oxford University Press. ISBN 978-0-19-280458-7.
- Ikram, Salima (1992). Choice Cuts: Meat Production in Ancient Egypt. University of Cambridge. p. 5. ISBN 978-90-6831-745-9.
- Hayes, William C. (October 1964). "Most Ancient Egypt: Chapter III. The Neolithic and Chalcolithic Communities of Northern Egypt". Journal of Near Eastern Studies. 23 (4): 217–272. doi:10.1086/371778. S2CID 161307683.
- Patai, Raphael (1998). The Children of Noah: Jewish Seafaring in Ancient Times. Princeton University Press. ISBN 0-691-00968-6.
- Hartwig, Melinda K. (2014). A Companion to Ancient Egyptian Art. John Wiley & Sons. pp. 424–425. ISBN 978-1-4443-3350-3.
- Allen, James P. (2000). Middle Egyptian: An Introduction to the Language and Culture of Hieroglyphs. Cambridge University Press. ISBN 978-0-521-77483-3.
- Robins, Gay (2008). The Art of Ancient Egypt (revised ed.). Harvard University Press. ISBN 978-0-674-03065-7.
- Ryholt, K.S.B. (1997). The Political Situation in Egypt During the Second Intermediate Period, C. 1800-1550 B.C. Museum Tusculanum Press. ISBN 978-87-7289-421-8.
- Bleiberg, Edward (2005). "Architecture And Design". Arts and Humanities Through the Eras: Ancient Egypt 2675-332 B.C.E. Vol. 1. Thomson/Gale. ISBN 978-0-7876-5698-0.
- Tyldesley, Joyce (2001). Ramesses: Egypt's Greatest Pharaoh. Penguin Books Limited. pp. 76–77. ISBN 978-0-14-194978-9.
- Cerny, J. (1975). "Egypt from the Death of Ramesses III to the End of the Twenty-First Dynasty". In I.E.S. Edwards (ed.). The Cambridge Ancient History: Volume II, Part 2. History of the Middle East and the Aegean Region, c. 1380-1000 B.C (third ed.). Cambridge University Press. pp. 606–. ISBN 978-0-521-08691-2.
- "Egypt: Coins of the Ptolemies". Digital Egypt for Universities. University College London. 2002.
- Meskell, Lynn (2004). Object Worlds in Ancient Egypt: Material Biographies Past and Present. Berg. ISBN 978-1-85973-867-2.