ഡെക്കാൻ സൽത്തനത്തുകൾ

ഇന്ത്യയിലെ മുൻ സംസ്ഥാനങ്ങൾ
(ഡെക്കാൻ സൽത്തനത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെക്കാൻ സുൽത്തനത്തുകളും അയൽ രാജ്യങ്ങളും

പശ്ചാത്തലം

തിരുത്തുക

തെക്കേ ഇന്ത്യയിലും മദ്ധ്യ ഇന്ത്യയിലുമായി നിലനിന്ന അഞ്ച് മദ്ധ്യകാല മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു ഡെക്കാൻ സൽത്തനത്തുകൾ[1] [2] കൃഷ്ണ നദിയ്ക്കും വിന്ധ്യ പർവ്വതങ്ങൾക്കും ഇടയ്ക് ഡെക്കാൻ പീഠഭൂമിയിൽ ആണ് ബേരാർ [3]ബിജാപ്പൂർ[4] , അഹ്മദ്നഗർ[5], ബീദാർ[6],ഗോൽക്കൊണ്ട [7],[8], എന്നീ അഞ്ച് സൽത്തനത്തുകൾ നിലനിന്നത്. ബാഹ്മണി സൽത്തനത്ത് വിഘടിച്ചതോടെ ഇവ സ്വതന്ത്ര രാജ്യങ്ങളായി. ബേരാർ,ബിജാപ്പൂർ , അഹ്മദ്നഗർ എന്നീ സൽത്തനത്തുകൾ ആദ്യവും . ബീദാർ , ഗോൽക്കൊണ്ട എന്നിവ പിന്നീടും സ്വതന്ത്രമായി. പൊതുവേ പരസ്പരം മൽസരിച്ചെങ്കിലും, ഇവർ 1565-ൽ തളിക്കോട്ട യുദ്ധത്തിൽ ഇവർ സംഘം ചേർന്ന് വിജയനഗരത്തെ തോല്പ്പിച്ചു. ഡക്കാൻ സുൽത്തനത്തുകൾ അധീനപ്പെടുത്താനായി മുഗൾ ചക്രവർത്തി അക്ബറുടെ പുത്രൻ മുറാദ് തുടങ്ങിവെച്ച ആക്രമണങ്ങൾ സമ്പൂർണവിജയം നേടിയത് ഔറംഗസീബിന്റെ കാലത്താണ്

ബഹ്മനി പ്രവിശ്യകൾ

തിരുത്തുക

ബേരാർ (1490-1574)

തിരുത്തുക

ബേരാർ അഥവാ ബീരാർ ആണ് ബഹ്മനി സാമ്രാജ്യത്തിൽ നിന്ന് ഏറ്റവും ആദ്യം വേർപെട്ട പ്രവിശ്യ.[9].1484-ൽ ആണെന്നും അല്ല 1490-ൽ ആണെന്നും ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. ഗവിൽ, മഹൂർ എന്നീ രണ്ടു ജില്ലകളടങ്ങിയ പ്രവിശ്യയായിരുന്ന ബേരാർ സൽത്തനത്ത് സ്ഥാപിച്ചത് ഗവർണർ ഫതേയുളള ആണെന്ന് കരുതപ്പെടുന്നു. ഇമാദ്-ഉൾ-മുൾക്ക് എന്ന സ്ഥാനപ്പേരാണ് ഫതേയുളള സ്വീകരിച്ചത്. ഈ രാജവംശത്തിന് ഇമാദ് ഷാഹി എന്ന പേരു വീണു. നാലു തലമുറകളോളം നിലനിന്ന ശേഷം ബേരാർ 1574-ൽ അഹ്മദ്നഗർ സുൽത്തനത്തിൽ വിലയിച്ചു[10].

അഹ്മദ്നഗർ(1490-1636)

തിരുത്തുക

മഹ്മൂദ് ഗവാൻറെ മരണശേഷം മന്ത്രിപദമേറിയ നിസാം ഉൾ-മുൾക് ബഹാരിയുടെ പുത്രൻ മാലിക് അഹ്മെദ് ആയിരുന്നു പൂണെക്കു വടക്ക് ജുന്നാർ കേന്ദ്രമാക്കി അഹ്മദ്നഗറും ചുറ്റുവട്ടവും ഭരിച്ചിരുന്നത്. . 1490-ൽ മാലിക് അഹ്മദ് മഹമൂദ് സുൽത്താനെതിരെ പ്രക്ഷോഭം നടത്തി, സ്വയം ഭരണം പ്രഖ്യാപിച്ചു. അഹ്മദ് നിസാം ഷാ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു, രാജവംശം നിസാം ഷാഹി എന്നപേരിലറിയപ്പെട്ടു. 1508-ൽ അഹ്മദ് നിസാം ഷാഹി അന്തരിച്ചു. പുത്രൻ ബുർഹാൻ നിസാം ഷാ വർഷം ഭരിച്ചു. അതിനുശേഷം സിംഹാസനമേറിയത് ഹുസ്സൈൻ നിസാം 1574-ൽ ബേരാർ അഹ്മദ്നഗറിന്റെ ഭാഗമായി. അക്ബറുടെ പുത്രൻ മുറാദിന്റെ ആക്രമണങ്ങളെറാണി ചാന്ദ്ബീബിക്ക് കുറെയൊക്കെ ചെറുത്തു നില്ക്കാനായെങ്കിലും 1636-37-ൽ ഷാജഹാൻ അഹ്മദ്നഗർ പൂർണമായും മുഗളരുടേതാക്കി. [11]

 
ചാന്ദ് ബീബി, ഒരു 18-ആം നൂറ്റാണ്ടിലെ പെയിന്റിങ്ങ്

ബീജാപ്പൂർ(1490-1686)

തിരുത്തുക

യൂസുഫ് അദിൽ ഖാനാണ് ബീജപ്പൂർ സുൽത്തനത്ത് സ്ഥാപിച്ചത്. രാജവംശത്തിന്റെ പേര് അദിൽ ഷാഹി. യുസുഫ് അദിൽ ഖാൻ മുൻ ബാഹ്മനി പ്രധാനമന്ത്രിമഹ്മൂദ് ഗവാൻ വിലക്കുവാങ്ങിയ അടിമയായിരുന്നെന്നും സ്വന്തം കഴിവും ഗവാൻറെ പിന്തുണയുംകൊണ്ട് പദോന്നതി നേടിയെടുത്ത് ബീജപ്പൂരിൻറെ ഗവർണറായതാണെന്നും പറയപ്പെടുന്നു[12]. എന്നാൽ ഫരിഷ്തയുടെ രേഖകളനുസരിച്ച് തുർക്കിയിലെ സുൽത്താൻ മഹമൂദ് രണ്ടാമൻറെ പുത്രനായിരുന്ന യൂസുഫ് രാജകൊട്ടാരത്തിലെ ഉപജാപങ്ങൾ അതിജീവിക്കാനായി അടിമവേഷത്തിൽ പേർഷ്യയിലേക്ക് ഓടി രക്ഷപ്പെട്ടതാണ്. [1]. സുന്നി-ഷിയാ മതഭേദങ്ങൾ ബീജാപ്പൂരിൽ പലപ്പോഴും അസ്വാസ്ഥ്യങ്ങളുണ്ടാക്കി. ഗോവ, യുസുഫിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു. അവിചാരിതമായ ആക്രമണത്തിൽ പോർത്തുഗീസുകാർ 1510 ഫെബ്രുവരിയിൽ ഗോവ പിടിച്ചടക്കി. യൂസുഫിന് അതു തിരിച്ചുപിടിക്കാനായെങ്കിലും ഏതാനും മാസങ്ങൾക്കകം എഴുപത്തിനാലാം വയസ്സിൽ മൃതിയടഞ്ഞു[1]. അഞ്ചു തലമുറകൾ ബീജാപ്പൂർ ഭരിച്ചു. നാലാമത്തെ സുൽത്താൻ അലി അദിൽ ഷാ അഹ്മദ്നഗർ സുൽത്താൻ ഹുസൈൻ നിസാം ഷായുടെ പുത്രി ചാന്ദ് ബീബിയെയാണ് വിവാഹം കഴിച്ചത്. സന്താനങ്ങളില്ലാഞ്ഞതിനാൽ , സഹോദരപുത്രൻ ഇബ്രാഹിം അദിൽ ഷാ രണ്ടാമൻ കിരീടാവകാശിയായി ഘോഷിക്കപ്പെട്ടു[1]. 1579-ൽ സുൽത്താൻറെ അപമൃത്യുവിനു ശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞ് ചാന്ദ് ബീബി അഹ്മദ് നഗറിലേക്ക് തിരിച്ചു പോയി. പക്ഷേ അവിടം മുതൽ ബീജപ്പൂരിൻറേയും അഹ്മദ് നഗറിന്റേയും ചരിത്രങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്നു.ഇബ്രാഹിം രണ്ടാമൻ കാര്യശേഷിയുളളവനായിരുന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഫരിഷ്ത ഡക്കാൻ ചരിത്രമെഴുതിയത് 1686-ൽ ഔറംഗസേബ് ബീജപ്പൂറിനെ മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കി.

ബീദാർ (1489-1619)

തിരുത്തുക

ബഹ്മനി സാമ്രാജ്യത്തിന്റെ വളരെ ചെറിയൊരു അംശമായിരുന്നു ബീദാർ[6]. ബാഹ്മനി സുൽത്താൻ മഹമൂദ്ഷായുടെ വാഴ്ചക്കാലത്തുതന്നെ ഭരണം മന്ത്രി കാസിം ബാരിദിന്റെ കൈകളിലായിരുന്നു. 1504-ൽ കാസിം ബാരിദ് അന്തരിച്ചു, പുത്രൻ അമീർ മന്ത്രിസ്ഥാനമേറ്റു. 1518-ൽ സുൽത്താൻ മഹ്മൂദ്ഷായുടെ മരണശേഷം മന്ത്രി അമീർ ബാരിദ് പലരേയും സിംഹാസനത്തിലിരുത്തി. ഒടുവിൽ 1526-ലാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അമീറിന്റെ പുത്രൻ അലി ബാരിദ് അണ് ബീദാർ സുൽത്താനെന്ന പദവിയേറ്റത്. ബാരിദ് ഷാഹി വംശം അങ്ങനെ നിലവിൽ വന്നു. 1619-ൽ ബീജാപ്പൂറിന്റെ അധീനതയിലാവുന്നതു വരെ എട്ടുപേർ അധികാരത്തിലിരുന്നു.

ഗോൽക്കൊണ്ട (1518-1687)

തിരുത്തുക

ഗോൽക്കൊണ്ട സ്വതന്ത്ര സുൽത്തനത്തായി നിലവിൽ വന്നത് 1518-ലാണ്. വാരങ്കൽ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും രൂപംകൊണ്ട ഗോൽക്കൊണ്ട പ്രവിശ്യ ബഹ്മനി സുൽത്താൻമാർ സ്വന്തമാക്കിയത് 1424-ലാണ്. ഗോൽക്കൊണ്ടയുടെ കിടപ്പ് ഗോദാവരി-കൃഷ്ണ നദികൾക്കിടയിലെ ഫലഭൂയിഷ്ടമായ പ്രദേശമാണ്. ബംഗാൾ ഉൾക്കടൽ വരെ നീണ്ടു കിടന്ന ഈ കിഴക്കൻ പ്രവിശ്യയുടെ അധിപനായി മഹ്മൂദ് ഗവാൻ നിയോഗിച്ചത് തുർക്കി വംശജനായ കുലി കുതുബ് ഷാഹിയെയയാണ്. ഗവാന്റെ വധശിക്ഷക്കു ശേഷം കുതുബ്ഷാഹി ബാഹ്മനി ദർബാറിൽ നിന്ന് അകന്നു നിന്നു. 1543-ൽ വൃദ്ധനായ പിതാവിനെ വധിച്ച് പുത്രൻ ജംഷദ് കിരീടമണിഞ്ഞു. അതിനു ശേഷം ഏഴുപേർ അധികാരമേറ്റു. മുഹമ്മദ് കുലി 1611-വരെ ഭരിച്ചു, ഇക്കാലത്താണ് തലസ്ഥാനം ഗോൽക്കൊണ്ടയിൽ നിന്ന് ഭാഗ്യനഗറിലേക്ക് ( ഹൈദരാബാദിലേക്ക് ) മാറ്റപ്പെട്ടത്. അബുൾ ഹസ്സൻ കുതുബ് ഷായുടെ വാഴ്ചക്കാലത്താണ് 1686-ൽ ഔറംഗസേബ് ഗോൽക്കൊണ്ട കീഴടക്കിയത്.

തളിക്കോട്ട യുദ്ധം

തിരുത്തുക
പ്രധാന ലേഖനം: തളിക്കോട്ട യുദ്ധം

1565-ൽ നടന്ന തളിക്കോട്ടയുദ്ധം ദക്ഷിണേന്ത്യൻ ചരത്രത്തിലെ നിർണായക സംഭവമായിരുന്നു. അഹ്മദ്നഗർ, ബീജാപ്പൂർ, ഗോൽക്കൊണ്ട എന്നീ സുൽത്തനത്തുകളുടെ കൂട്ടായ്മ രണ്ടു നൂറ്റാണ്ടുകളിലേറേക്കാലം നിലനിന്ന വിജയനഗര സാമ്രാജ്യത്തെ പരാജയപ്പെടുത്തി.വിജയനഗരം എന്ന തലസ്ഥാന നഗരി നാമാവശേഷമായി.[1] . യുദ്ധത്തിൽ കൊല്ലപ്പെട്ട വിജയനഗര പ്രധാനമന്ത്രി അരവിഡു രാമരായൻറെ സഹോദരൻ അരവിഡു തിരുമല, രാജാവ് സദാശിവയേയും രാജകുടുംബാംഗങ്ങളേയും കൂട്ടി അനന്തപൂരിനടുത്ത് പെണുഗൊണ്ടയിൽ അഭയം തേടി. വിജയനഗര സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും ഡെക്കാൻ സുൽത്തനത്തുകൾ വീതിച്ചെടുത്തു, മറ്റു ചെലവ സ്വയം ഭരണ പ്രദേശങ്ങളായി.സദാശിവയെ മാറ്റി നിർത്തി, ക്ഷയിച്ചു പോയ സാമ്രാജ്യത്തിന്റെ ഭരണം അരവിഡു തിരുമല സ്വയം ഏറ്റെടുത്തു.

പോർത്തുഗീസുകാർക്കെതിരെ

തിരുത്തുക

1570-ൽ പോർത്തുഗീസ് താവളങ്ങൾ തിരികെ പിടിക്കാനായി ബീജപ്പൂരും അഹ്മദ്നഗറും വിഫല ശ്രമങ്ങൾ നടത്തി.

മുഗളരുടെ അധീനതയിലേക്ക്

തിരുത്തുക

ഡെക്കാൻ സുൽത്തനത്തുകളോട് ഒന്നടങ്കം കീഴടങ്ങാൻ 1591-ൽ അക്ബർ കല്പിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല. പിന്നീട് ഷാജഹാൻ അഹ്മദ്നഗർ കീഴടക്കി. മറ്റു സുൽത്തനത്തുകൾ പൂർണമായും മുഗൾകുടക്കീഴിലാക്കിയത് ഔറംഗസേബാണ്.

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 ഡക്കാൻറെ ചരിത്രം ഫരിഷ്ത(പരിഭാഷ സ്കോട്ട് 1794)
  2. ഡക്കാൻ സുൽത്തനത്തുകൾ- ഇന്ത്യ ചരിത്രം: വിൻസെൻറ് സ്മിത് 1919
  3. "Kingdom of South Asia -Indian Kingdom of Berar". historyfiles.co.uk. Retrieved 2019-03-21.
  4. Nayeem, M.A (2008). The Heritage of Adil Shah's of Bijapur. Hyderabad Publishers. ISBN 978-8185492995.
  5. Shyam, Radhey (1966). The Kingdom of Ahmednagar. New Delhi: Motilal Banarsidass. ISBN 9788120826519.
  6. 6.0 6.1 Yazdani, Ghulam (1995). Bidar: Its History and Monuments. New Delhi: Motilal Banarsidass Publishers. ISBN 812081071-6.
  7. "Telugu literature and Culture of Kutub Shahi dynasty: Golconda". vepachedu.org. Retrieved 2019-03-21.
  8. "Qutb Shahi Dynasty- Golconda Kingdom of Hyderabad". hyderabadplanet.com. Archived from the original on 2019-03-21. Retrieved 2019-03-21.
  9. Quddusi, Mohammad Yaseen (1982). Social and Cultural History of Pre-Mughal Berar (Vidarbha), from 1200 to 1574 A.D. Kolkata: Vishwabharti Prakashan.
  10. "Copper Coinage of Imad Shahi Dynasty" (PDF). shodhganaga.inflibnet.ac.in. Retrieved 2019-03-21.
  11. Shyam, Radhey (1966). The Kingdom of Ahmadnagar. New Delhi: Motilal Banarsidass. pp. 297-320. ISBN 9788120826519.
  12. Nilakanta Sastri (1970). Advanced History of India. Allied Publishers. {{cite book}}: Cite has empty unknown parameter: |1= (help)


  • Michell, George & Mark Zebrowski. The New Cambridge History of India Vol. I:7 Architecture and Art of the Deccan Sultanates, Cambridge University Press, Cambridge, 1999, ISBN 0-521-56321-6

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡെക്കാൻ_സൽത്തനത്തുകൾ&oldid=3779527" എന്ന താളിൽനിന്ന് ശേഖരിച്ചത്