മലയാളവിഭാഗം, മദ്രാസ് സർവകലാശാല
മലയാള ഉന്നതവിദ്യാഭ്യാസത്തിനായി 1927ൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ സർവകലാശാലാ വിഭാഗമാണ് മദ്രാസ് യൂണിവേഴ്സിറ്റിയിലെ മലയാളവിഭാഗം (Department of Malayalam, University of Madras)[1]. തുടക്കം മുതലേ ആഴത്തിലുള്ള ഗവേഷണസംരംഭങ്ങളിലാണ് ഈ വകുപ്പ് ശ്രദ്ധിച്ചു വരുന്നത്. മലയാളസാഹിത്യം, വ്യാകരണം, ഭാഷാശാസ്ത്രം, ഫോക് ലോർ, മാധ്യമപഠനം, സംസ്കാരപഠനം എന്നിവയാണ് പ്രധാന ഗവേഷണതലങ്ങൾ.
മദ്രാസ് സർവകലാശാലയിൽ സ്ഥാപിക്കപ്പെട്ട ലോകത്തിലെ ആദ്യ മലയാളവകുപ്പിന് തൊണ്ണൂറ്റി അഞ്ചു തികയുമ്പോൾ അത് മലയാളഭാഷാസാഹിത്യ ഗവേഷണത്തിന്റെ പ്രായമായിമാറുന്നത് സ്വാഭാവികം.
ലണ്ടൻ സർവകലാശാലയുടെ രീതിയിൽ രൂപകല്പന ചെയ്ത മദ്രാസ് സർവകലാശാല 1867-ലാണ് സ്ഥാപിതമായത്. 1927-ൽ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായി. അതിന്റെ കീഴിൽ മലയാളമുൾപ്പെടെയുള്ള ഭാഷാവിഭാഗങ്ങൾ നിലവിൽവന്നു.
വ്യാകരണത്തിലും അലങ്കാരശാസ്ത്രത്തിലും ഭാഷാശാസ്ത്രത്തിലുമൊന്നും കാര്യമായ ഗവേഷണങ്ങൾ മലയാളത്തിൽ നടക്കാതിരുന്ന കാലത്തായിരുന്നു മലയാള വിഭാഗത്തിന്റെ തുടക്കം. ഭാഷയിൽ ഏറ്റവും പ്രാധാന്യത്തോടെ പ്രവർത്തിക്കേണ്ട മേഖലകൾ തിരഞ്ഞെടുക്കുകയെന്നതിനായിരുന്നു തുടക്കത്തിൽ ശ്രദ്ധ നൽകിയത്. മലയാളവിഭാഗത്തിൽ നടന്ന ആദ്യകാല പഠനങ്ങൾ നോക്കിയാൽ അതു മനസ്സിലാക്കാൻ കഴിയും. കേരളത്തിൽ മലയാളപഠനം ആരംഭിക്കുന്നതിനുതന്നെ ചാലകശക്തിയായി വർത്തിച്ചത് മദ്രാസ് സർവകലാശാലയിലെ മലയാള വിഭാഗമായിയിരുന്നു. മദ്രാസിൽ മലയാളപഠനം സാർവത്രികമായിരുന്ന കാലമായിരുന്നു അതെന്നു കൂടി ഓർക്കണം. പ്രസിഡൻസി കോളേജ്, പച്ചയ്യപ്പാസ് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, ഒട്ടേറെ സ്കൂളുകൾ എന്നിവിടങ്ങളിലെല്ലാം മലയാളഭാഷാപഠനത്തിനുള്ള അവസരമുണ്ടായിരുന്നു. മലയാള വിഭാഗം ഇതിന്റെഎല്ലാം കേന്ദ്രമായി പ്രവർത്തിച്ചു. മലയാള വിഭാഗത്തിലെ ഗവേഷണങ്ങൾ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. തുടക്കത്തിൽ സാഹിത്യത്തിനും അതുമായി ബന്ധപ്പെട്ട പഠനങ്ങൾക്കുമായിരുന്നു പ്രാധാന്യം. ലണ്ടനിൽ നിന്നും ഭാഷാശാസ്ത്രം പഠിച്ച ഡോ. കെ. എം. പ്രഭാകരവാരിയരുടെ വരവോടെ ഭാഷയും ആധുനികഭാഷാശാസ്ത്രവും ഗവേഷണത്തിന്റെ അടിസ്ഥാനമെന്ന രീതിയിലേക്കു മാറി.
ഗവേഷണപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി അധ്യാപനത്തെ കുടെ കൊണ്ടുപോകുന്ന രീതിയാണ് പിന്തുടരുന്നത്.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മറ്റ് മലയാള ഭാഷാവിഭാഗങ്ങളെ മദ്രാസ് സർവകലാശാലാ മലയാളവിഭാഗത്തിന്റെ വ്യത്യസ്ത ആവിഷ്ക്കാരങ്ങളായാണ് കാണേണ്ടത്. മറുനാട്ടിലെ അംബാസഡർമാരായിനിന്നുകൊണ്ട് ഗൗരവമുള്ള ഗവേഷണങ്ങളിൽ മുഴകി ഉന്നതവിദ്യാഭ്യാസത്തിനുള്ള ആകരസാമഗ്രികൾ ഉണ്ടാക്കിയെടുക്കാൻ ഈ വിഭാഗത്തിനു സാധിക്കുന്നുവെന്നതാണ് പ്രധാന നേട്ടം.
ചരിത്രം
തിരുത്തുക1927-ൽ സ്ഥാപിതമായ മലയാളത്തിലെ ഉന്നതപഠനത്തിനായുള്ള ആദ്യത്തെ സർവകലാശാലാ വകുപ്പാണ് മദ്രാസ് സർവകലാശാലയിലെ മലയാളവിഭാഗം. ഡോ. ചേലനാട്ട് അച്യുതമേനോനായിരുന്നു മദ്രാസ് സർവകലാശാല മലയാള വിഭാഗത്തിന്റെ ആദ്യത്തെ മേധാവി. മലയാള പണ്ഡിതനായിരുന്ന ശിരോമണി പി.കൃഷ്ണൻ നായർ ലക്ചറും. ഇരുവരുമാണ് ഏറെക്കാലം മലയാള വിഭാഗത്തെ മുന്നോട്ടു നയിച്ചത്. പിന്നീട്, ഡോ. എസ്. കെ. നായരും ഡോ. കെ. എൻ. എഴുത്തച്ഛനും മലയാള വിഭാഗത്തിന്റെ ചുമതലക്കാരായി. ഈ നാലു പേരുകളാണ് സർവകലാശാലയിലെ മലയാള വിഭാഗത്തിന്റെ അടിവേരുകൾ.
ഭാഷയിലും സാഹിത്യത്തിലും പ്രതിഫലിച്ചിരുന്ന കേരളീയ സംസ്കാരത്തെ കുറിച്ചുള്ള വിശദമായ പഠനത്തിനാണ് മലയാളവിഭാഗം തുടക്കം മുതൽ മുൻതൂക്കം നൽകിയിരുന്നത്. മലയാളവിഭാഗത്തിൽ നടന്ന ആദ്യകാല പഠനങ്ങൾ പരിശോധിച്ചാൽ ഭാഷയിലും സാഹിത്യത്തിലുമുള്ള ആ സാംസ്കാരിക ഇടപെടലുകൾ വ്യക്തമാകും.
കേരളത്തിലെ കാളി ആരാധന, വടക്കേ മലബാറിലെ വീരഗാഥകൾ, കഥകളി, ആട്ടക്കഥാ സാഹിത്യം, കളരിപ്പയറ്റ് തുടങ്ങി കേരളത്തിന്റെ സാസ്കാരിക പശ്ചാത്തലം കേന്ദ്രീകരിച്ചാണ് ആദ്യകാലത്ത് മലയാള വിഭാഗത്തിലെ പഠനങ്ങൾ നടന്നിട്ടുള്ളത്. അതേസമയംതന്നെ, നാടോടി സംസ്കാര, സാഹിത്യ ഇടപെടലുകളെ കുറിച്ചും കേരളത്തിലെ ശാസ്താരാധനയെ കുറിച്ചും സർപ്പാരാധനയെ കുറിച്ചുമുള്ള പഠനങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്.
പിന്നീട്, ഡോ. കെ. എം. പ്രഭാകരവാരിയർ, ഡോ. കെ. എ. കലാവതി, ഡോ. സി. ജി. രാജേന്ദ്രബാബു, ഡോ. വി. ജയപ്രസാദ് എന്നിവരും വകുപ്പിന്റെ ചുമതല വഹിച്ചു. ഡോ. ഇ. കെ. പുഷോത്തമൻ ഉൾപ്പെടെയുള്ള അധ്യാപകർ വിസിറ്റിങ് ഫാക്കൽറ്റിയായും പ്രവർത്തിച്ചു. മലയാളവിഭാഗത്തെ മദ്രാസിലെ മലയാളി സമൂഹവുമായി ബന്ധിപ്പിക്കുന്നതിൽ ഡോ. കെ. എം. പ്രഭാകരവാരിയരും ഡോ. സി. ജി. രാജേന്ദ്രബാബുവും വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. മലയാള ഭാഷ ചരിത്രവുമായി ബന്ധപ്പെട്ട പ്രഭാകരവാരിയർ രചിച്ച 'പൂർവകേരളഭാഷ' ഈ രംഗത്തെ ഏറ്റവും ശ്രദ്ധേമായ റഫറൻസ് പുസ്തകം കൂടിയാണ്.
1976 വരെ ഗവേഷണ വകുപ്പായി പ്രവർത്തിച്ചിരുന്ന ഈ വകുപ്പ് 1976-ൽ യു.ജി.സി.യുടെ സാമ്പത്തിക സഹായത്തോടെ മലയാളത്തിൽ എം.എ., എം.ഫിൽ കോഴ്സ് തുടങ്ങി.
നിലവിൽ ഡോ. പി. എം. ഗിരീഷാണ് വകുപ്പധ്യക്ഷൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഒ. കെ. സന്തോഷ്, ഗസ്റ്റ് ഫാക്കൽറ്റിയായി ഡോ. സംപ്രീത കേശവനും വകുപ്പിൽ പ്രവർത്തിക്കുന്നു.
അധ്യാപകർ
തിരുത്തുകമലയാളത്തിലെ ശ്രദ്ധേയനായ ഗദ്യകാരനും, ആദ്യകാല ഫോക് ലോർ പണ്ഡിതനുമായ ഡോ. ചേലനാട്ട് അച്യുതമേനോൻ (1894-1952) ആണ് മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിന്റെ ആദ്യ വകുപ്പധ്യക്ഷൻ. 1938-ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽനിന്ന് പി.എച്ച്.ഡി. ലഭിച്ചു.
മദിരാശി സർവ്വകലാശാലയിൽ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയപ്പോൾ അതിൽ മലയാളവിഭാഗം തലവനായി. മദിരാശി സർവ്വകലാശാലയിൽ ദീർഘകാലം മലയാളവിഭാഗം തലവനായി സേവനമനുഷ്ഠിച്ച അച്യുതമേനോൻ 1938-ൽ ലണ്ടനിലേക്ക് പോയി. അവിടെ ഡോ. ബാർണറ്റിന്റെ കീഴിൽ എഴുത്തച്ഛന്റെ കൃതികളെക്കുറിച്ച് (Ezhuthachan and his age) പഠിച്ച് പി.എച്.ഡി. നേടി.
ശിരോമണി പി.കൃഷ്ണൻ നായർ
തിരുത്തുകമലയാള കവിയും, വിമർശകനും സാഹിത്യകാരനുമായിരുന്നു ഡോ. എസ്. കെ. നായർ. എഴുപതിലേറേ സാഹിത്യകൃതികളുടെ കർത്താവാണ്. ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗം തലവൻ ആയിരുന്നു. മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികൾ എഴുതി. "കമ്പരാമായണം" തമിഴിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. “മറക്കാത്ത കഥകൾ” എന്ന ആത്മകഥ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായി. ചലച്ചിത്ര സെൻസർ ബോഡ് അംഗമായി സേവനം അനുഷ്ഠിച്ചു. ഏറെ ഹിറ്റായ ഭഗവാൻ അയ്യപ്പൻ, ഗുരുവായൂരപ്പൻ, മൂകാംബിക തുടങ്ങിയ ഭക്തിഗാനങ്ങളുടെ രചന നിർവ്വഹിച്ചു. ഗാനരചനക്ക് പുറമേ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾക്ക് സംവിധാനമൊരുക്കി.
മലയാളഭാഷാപണ്ഡിതനും നിരൂപകനും ആയിരുന്നു ഡോ. കെ. എൻ. എഴുത്തച്ഛൻ എന്നറിയപ്പെടുന്ന കുടിയിരിക്കൽ നാരായണൻ എഴുത്തച്ഛൻ (1911 മേയ് 21 -1981 ഒക്ടോബർ 28). ഭാരതീയ കാവ്യശാസ്ത്രഗ്രന്ഥങ്ങളെ മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിയ്ക്കുകയുണ്ടായി. 1979-ൽ കേരളോദയം മഹാകാവ്യം (സംസ്കൃതം മഹാകാവ്യം) എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സംസ്‌കൃത സാഹിത്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ മലയാളിയാണ് ഡോ. കെ. എൻ. എഴുത്തച്ഛൻ.
1953-ൽ മദ്രാസ് സർവകലാശാലയിൽ മലയാളം അധ്യാപകനായി. 1954-ൽ മലയാളം എം.എ യും 1962-ൽ പി.എച്ച്.ഡി യും നേടി. ഭാഷാകൗടലീയത്തിന്റെ ഭാഷാപരമായ സവിശേഷതകൾ ആയിരുന്നു പി.എച്.ഡി പ്രബന്ധത്തിന്റെ വിഷയം. 1964 ൽ ഇംഗ്ലീഷ് എം.എ പാസ്സായി തമിഴും, കന്നടയും പഠിച്ചു. മദ്രാസ് സർവകലാശാല മലയാളവിഭാഗം അധ്യക്ഷനായി പ്രവർത്തിച്ച ഇദ്ദേഹം 1971-ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് വിരമിച്ച ശേഷം ഭാഷ ഇന്സ്ടിട്യൂട്ടിൽ സീനിയർ റിസർച്ച് ഓഫീസർ ആയി ഒരു വർഷം ജോലി ചെയ്തു. പിന്നീട് ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ ദ്രാവിഡ ഭാഷ വിജ്ഞാനീയ വിഭാഗത്തിൽ സീനിയർ ഫെലോ ആയിരുന്നു. 1974 - 1978 ൽ കോഴിക്കോട് സർവകലാശാലയിൽ യു.ജി.സി പ്രൊഫസ്സർ.1976ൽ മുത്തും പവിഴവും എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1979-ൽ കേരളോദയം മഹാകാവ്യം (സംസ്കൃതം മഹാകാവ്യം) എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഡോ.കെ. എം. പ്രഭാകരവാരിയർ.(17 ഡിസംബർ 1933 - 10 ജനുവരി 2010).
1933 ഡിസംബർ 17-ന് മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് സി ശങ്കരവാരിയരുടെയും കെ എം ലക്ഷ്മിക്കുട്ടി വാരസ്യാരുടേയും മകനായി ജനിച്ചു. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബി എ ഓണേഴ്സ്(1955) പാസായി. മദ്രാസ് സർവകലാശാലയിൽനിന്ന് എം.ലിറ്റ്(1961), അണ്ണാമലൈ സർവകലാശാലയിൽനിന്ന് ഭാഷാശാസ്ത്രത്തിൽ ഡിപ്ലോമ(1969), പി.എച്ച്.ഡി (1979) ബിരുദങ്ങൾ നേടി . ‘വ്യാക്ഷേപകങ്ങളെക്കുറിച്ചൊരു പഠനം - മലയാളത്തെ മുൻനിർത്തി‘ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. എഡിൻബറോ സർവകലാശാലയിൽനിന്നാണ് ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തരപഠനം(1972-73) നടത്തിയത്. അണ്ണാമല സർവകലാശാലാ ഭാഷാശാസ്ത്രവിഭാഗത്തിൽ ലക്ചറർ(1961-76) മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ റീഡർ (1976-79),പ്രൊഫസർ,വകുപ്പ് മേധാവി (1979-94)എന്നീ നിലകളിൽ പ്രവർത്തിച്ചു. വിവിധ സർവകലാശാലകളുടെ വിദഗ്ദ്ധസമിതികളിലും യു.ജി.സി., യു.പി.എസ്.സി. എന്നീ അഖിലേന്ത്യാ സമിതികളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അവസാനകാലത്ത് മദ്രാസ് സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. രാമു കാര്യാട്ടിന്റെ 'മുടിയനായ പുത്രൻ‘ എന്ന ചിത്രത്തിൽ സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം എട്ടു വർഷത്തോളം മദ്രാസ് ഫിലിം സെൻസർ ബോർഡ് ഉപദേശക സമിതിയിൽ അംഗമായിരുന്നു
ഡോ. കെ. എ. കലാവതി
തിരുത്തുകഡോ. സി. ജി. രാജേന്ദ്രബാബു
തിരുത്തുകഎഴുത്തുകാരൻ, ചലച്ചിത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. സി. ജി. രാജേന്ദ്ര ബാബു മദ്രാസ് സർവകലാശാല മുൻ വകുപ്പധ്യക്ഷൻ ആണ്.
മലയാളനാടകങ്ങളെപ്പറ്റി ഗവേഷണം നടത്താനാണു രാജേന്ദ്ര ബാബു മദ്രാസ് സർവകലാശാലയിൽ ചേർന്നത്. പിഎച്ച്ഡിക്കു ശേഷം അവിടെത്തന്നെ അധ്യാപകനായി. സെൻസർബോർഡ് അംഗമായി കേരളത്തിലും തമിഴ്നാട്ടിലും സേവനമനുഷ്ഠിച്ചു.
ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം, യുവതുർക്കി എന്നീ സിനിമകൾക്ക് സംഭാഷണം ഒരുക്കി. മലയാളത്തിൽനിന്ന് ഓസ്കാറിലേക്കുള്ള ആദ്യ എൻട്രിയായ ഗുരുവിന്റെ തിരക്കഥ എഴുതിയത് ഡോ. സി. ജി. രാജേന്ദ്ര ബാബുവാണ്. ശ്രദ്ധ, മാസ്മരം, എന്നിട്ടും, പാട്ടിന്റെ പാലാഴി എന്നിവയാണു പിന്നീട് ചെയ്ത സിനിമകൾ.
ഡോ. വി. ജയപ്രസാദ്
തിരുത്തുകഡോ. പി. എം. ഗിരീഷ്
തിരുത്തുകഎഴുത്തുകാരൻ, ഭാഷാശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫസർ (ഡോ.) പി. എം. ഗിരീഷ് 2004ൽ ആണ് മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ അധ്യാപനം ആരംഭിക്കുന്നത്. നിലവിൽ വകുപ്പധ്യക്ഷനാണിദ്ദേഹം. മലയാളത്തിലെ ധൈഷണികഭാഷാശാസ്ത്രത്തിന്റെ വളർച്ച ആരംഭിക്കുന്നത് 2012ൽ പി. എം. ഗിരീഷ് എഴുതിയ അറിവും ഭാഷയും ധൈഷണികഭാഷശാസ്ത്രം : ആമുഖം എന്ന ഗ്രന്ഥത്തിലൂടെയാണ്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ധൈഷണികഭാഷാശാസ്ത്രം എന്ന നവീന പഠനമേഖലയെ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അറിവും ഭാഷയും എന്ന ഭാഷാശാസ്ത്ര കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് 2015ൽ ലഭിച്ചു.
കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് മലയാളസാഹിത്യത്തിൽ ബിരുദം
കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്ന് ബിരുദാനന്തര ബിരുദം
കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ എം. ഫിൽ ('കേരളത്തിലെ ആചാരഭാഷ’(1992))
കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് (‘Socio-linguistic Nature of Cities in Kerala’(1999))
കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ പ്രോജക്ട് ഫെല്ലോയായിരുന്നു. സംസ്കൃതസർവകലാശാല, കാലടി; സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ്, മൈസൂർ; റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, മൈസൂർ എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. സാമൂഹികശ്രേണീകരണവും മലയാളസാഹിത്യവും എന്ന പഠനത്തിന് കേന്ദ്രസാംസ്കാരിക വകുപ്പിന്റെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചു.
ചെന്നൈ മലയാളികളുടെ ഭാഷാദേശവും സ്വത്വവും എന്ന പഠനത്തിന് യു.ജി.സി മേജർ റിസർച്ച് പ്രോജക്ട് ഫെലോഷിപ്പ് ലഭിച്ചു.
പ്രധാനകൃതികൾ
- കേരളത്തിലെ ആചാരഭാഷ(1998-2008)
- അധികാരവും ഭാഷയും (2000)
- Critical Discourse Analysis: Linguistic Studies in Malayalam, (LAP, Germany)(2010).
- സീറോ ഡിഗ്രി (തമിഴ് നോവൽ പരിഭാഷ) ജി . ബാലസുബ്രമണ്യൻ (Co-Translator)
- മെറ്റിൽഡ മീഷേ (നോവൽ) (2003)
- നാമം (നോവൽ)
- അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം : അമുഖം 2012/2016
- മലയാളം ; സ്വത്വവും വിനിമയവും 2013
- മലയാളം : തായ് വേരുകൾ പുതുനാമ്പുകൾ (എഡിറ്റർ) 2015
- ന്യൂറോ സൗന്ദര്യശാസ്ത്രം (2016)
- ജോർജ് ലക്കോഫ് : ഭാഷയുടെ രാഷ്ട്രിയ മനസ് (2016)
- ഭാഷാശാസ്ത്രം ചോംസ്കിക്കുമപ്പുറം (2018)(എഡിറ്റ്ർ)
- നീനോ (നാനോ നോവൽ) 2022
- സാഹിത്യവായനയുടെ ജീവശാസ്ത്രം 2023
- സൊരള (നാനോ നോവൽ) 2024
ഡോ. ഒ. കെ. സന്തോഷ്
തിരുത്തുകഎഴുത്തുകാരൻ, ദലിത് ചിന്തകൻ, രാഷ്ട്രീയ നിരീക്ഷകൻ തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ഡോ. ഒ. കെ. സന്തോഷ് മദ്രാസ് സർവകലാശാല മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസറായി 2014 മുതൽ പ്രവർത്തിച്ചു വരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ മുൻ അധ്യാപകനാണ്. സ്വത്വരാഷ്ട്രീയം: പാഠവും പ്രശ്നവൽക്കരണവും ദലിത് ആത്മകഥകൾ മുൻനിർത്തി ഒരു പഠനം എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പി.എച്ച്.ഡി. ബിരുദം നേടി. ഈ പ്രബന്ധം 'അനുഭവങ്ങൾ അടയാളങ്ങൾ : ദലിത്, ആഖ്യാനം, രാഷ്ട്രീയം' എന്ന പേരിൽ 2022 മദ്രാസ് സർവകലാശാല മറീന ക്യാമ്പസിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്തു.
തിരസ്കൃത ജീവിതങ്ങളുടെ അനുഭവാഖ്യാനങ്ങളെ ഗവേഷണാത്മകമായി സമീപിക്കുന്ന പ്രസ്തുത പുസ്തകം നിയമരംഗത്തും മനുഷ്യാവകാശപോരാട്ടങ്ങളിലും ഒരുപോലെ ശ്രദ്ധേയനായ മദ്രാസ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റീസ് കെ.ചന്ദ്രു, മുതിർന്ന മാധ്യമ പ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനുമായ ബി.ആർ.പി.ഭാസ്ക്കറിന് നൽകിയാണ് പ്രകാശനം ചെയ്തത്.
പ്രസിദ്ധീകരിച്ച കൃതികൾ :
- തിരസ്കൃതരുടെ രചനാഭൂപടം (2010)
- പൊയ്കയിൽ ശ്രീകുമാരഗുരു നവോഥാന ചരിത്രപാഠങ്ങൾ (2012)
- കാതൽ: മലയാളത്തിലെ ദലിത് കവിതകൾ (എഡിറ്റർ, 2012)
- ചെങ്ങറ സമരവും എന്റെ ജീവിതവും സെലീന പ്രക്കാനം (എഴുത്ത്, എം.ബി. മനോജിനൊപ്പം)
- സഹോദരൻ അയ്യപ്പൻ (2015),
- ഭാവനയുടെ പരിണാമ ദൂരങ്ങൾ (2017)
- മലയിറങ്ങിയ ഓർമകൾ (2018)
- അസാന്നിധ്യങ്ങളുടെ പുസ്തകം (2021)
- അനുഭവങ്ങൾ അടയാളങ്ങൾ : ദലിത്, ആഖ്യാനം, രാഷ്ട്രീയം (2022)
- പുതുകവിത : വായന വിചാരം രാഷ്ട്രീയം (എഡിറ്റർ, രാജേഷ് കെ. എരുമേലിക്കോപ്പം, 2023)
- സാമൂഹ്യനീതിയുടെ പാഠങ്ങൾ (2023)
- സമൂഹം സാഹിത്യം സംസ്കാരം (2023)
പ്രവർത്തനം
തിരുത്തുകമലയാളവ്യാകരണം, ഭാഷാശാസ്ത്രം, ഫോക് ലോർ, സാഹിത്യസിദ്ധാന്തങ്ങൾ, തിയേറ്റർ പഠനങ്ങൾ എന്നിവയ്ക്ക് പ്രഥമ ആധികാരപഠനഗ്രന്ഥങ്ങൾ ഉണ്ടായത് ഈ ഭാഷാവിഭാഗത്തിൽനിന്നായിരുന്നു. അനേകം പ്രഗത്ഭരായ അധ്യാപകരെയും എഴുത്തുകാരെയും ഗവേഷകരെയും വാർത്തെടുക്കാൻ മലയാളവിഭാഗത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്.
എം.ഫിൽ, പിഎച്ച്.ഡി. ബിരുദത്തിന്റെ ഭാഗമായി അവർ സമർപ്പിച്ച പ്രബന്ധങ്ങൾ പലതും ശ്രദ്ധാർഹങ്ങളാണ്. ചിലത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഒരു ഇന്ത്യൻ സർവകലാശാലയിൽനിന്ന് മലയാളപഠനത്തിന് ആദ്യമായി (1951) പി.എച്ച്.ഡി. ബിരുദം നൽകിയതും മദ്രാസ് സർവകലാശാലയാണ്. മലയാളഗവേഷണചരിത്രത്തിൽ പ്രാധാന്യം ചെലുത്തുന്ന രീതിയിൽ പ്രതിഷ്ഠനേടിയ ചില ഗവേഷണപ്രബന്ധങ്ങളുടെയും രീതി ശാസ്ത്രങ്ങളുടെയും മാതൃകകൾ ഇവിടെ നിന്ന് ഉണ്ടായിട്ടുണ്ട്.
ആധുനികഭാഷാശാസ്ത്രത്തിന്റെ വ്യത്യസ്ത മേഖലകളെ പരിചയപ്പെടുത്തുന്ന അടിസ്ഥാനഗ്രന്ഥങ്ങൾ മലയാളഭാഷയ്ക്ക് നൽകുന്നതോടൊപ്പം ഈ മേഖലയിലെ ഗവേഷണസംരംഭങ്ങൾക്ക് തുടക്കംകുറിക്കുകയും ചെയ്തിരുന്നു മദ്രാസ് സർവകലാശാല മലയാളവിഭാഗം മുൻ വകുപ്പധ്യക്ഷൻ കെ.എം. പ്രഭാകരവാരിയർ.
അതിന്റെ തുടർച്ചയെന്നോണം ഭാഷാശാസ്ത്രത്തിന്റെ പുത്തൻമേഖലകളായ സാമൂഹിക ഭാഷാശാസ്ത്രം, വിമർശനാത്മക ഭാഷാശാസ്ത്രം, ധൈഷണിക ഭാഷാശാസ്ത്രം, ന്യൂറോ സൗന്ദര്യശാസ്ത്രം എന്നിവയെ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും ഗവേഷണപദ്ധതികളും ഇപ്പോൾ ഈ വകുപ്പിൽ സജീവമായി നടക്കുന്നുണ്ട്.
ചോംസ്കിയൻ കാഴ്ചപ്പാടിൽനിന്ന് വ്യത്യസ്തമായി, ആഗോളതലത്തിൽ ആവിർഭവിച്ചുകൊണ്ടിരിക്കുന്ന നൂതന ഭാഷാസമീപനങ്ങളെ ഒന്നിച്ചുചേർക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകവും ഈയിടെ ഈ വകുപ്പിൽനിന്നുണ്ടായി.
മലയാളഭാഷാപഠനരംഗത്ത് ശക്തമായൊരു യുവനിര ഉയർന്നുവരുന്നുവെന്നതിന്റെ സാക്ഷ്യപത്രമായിരിക്കും ഈ ഗ്രന്ഥം. ഭാഷാവിഭാഗം സാമൂഹികോന്നമനത്തിന് എന്ന ലക്ഷ്യത്തെ സാധൂകരിക്കുന്ന തരത്തിൽ 'ചെന്നൈ മലയാളികളുടെ ഭാഷാമനോഭാവം', 'കേരളത്തിലെ രാഷ്ട്രീയവ്യവഹാരഭാഷ' എന്നീ ഗവേഷണ പ്രോജക്ടുകൾ ഈ വിഭാഗത്തിൽനിന്നുണ്ടായി.
സ്മാരക പ്രഭാഷണങ്ങൾ
തിരുത്തുകഡോ. എസ്. കെ. നായർ സ്മാരക എൻഡോവ്മെന്റ് പ്രഭാഷണം
തിരുത്തുകമദ്രാസ് സർവകലാശാല മലയാളവിഭാഗം മുൻ അധ്യക്ഷനും സാഹിത്യകാരനുമായിരുന്ന ഡോ. എസ്. കെ. നായരുടെ സ്മരണാർത്ഥം മലയാളവിഭാഗം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പ്രഭാഷണമാണ് ഡോ. എസ്. കെ. നായർ സ്മാരക എൻഡോവ്മെന്റ് പ്രഭാഷണം. വർഷംതോറും മദ്രാസ് സർവകലാശാല മറീന ക്യാമ്പസിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് ഇത് നടന്നുവരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021, 2022 വർഷത്തെ പ്രഭാഷണങ്ങൾ ഓൺലൈനിൽ ആണ് നടന്നത്.
ഡോ. കെ. എം. പ്രഭാകരവാരിയർ സ്മാരക എൻഡോവ്മെന്റ് പ്രഭാഷണം
തിരുത്തുകമദ്രാസ് സർവകലാശാല മലയാളവിഭാഗം മുൻ അധ്യക്ഷനും ഭാഷാശാസ്ത്രജ്ഞനുമായ ഡോ. കെ. എം. പ്രഭാകരവാരിയരുടെ സ്മരണാർത്ഥം മലയാളവിഭാഗം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പ്രഭാഷണമാണ് ഡോ. കെ. എം. പ്രഭാകരവാരിയർ സ്മാരക എൻഡോവ്മെന്റ് പ്രഭാഷണം. വർഷംതോറും മദ്രാസ് സർവകലാശാല മറീന ക്യാമ്പസിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് ഇത് നടന്നുവരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021, 2022 വർഷത്തെ പ്രഭാഷണങ്ങൾ ഓൺലൈനിൽ ആണ് നടന്നത്.
കുമാരനാശാൻ സ്മാരക എൻഡോവ്മെന്റ് പ്രഭാഷണം
തിരുത്തുകമദ്രാസ് സർവകലാശാല മലയാളവിഭാഗത്തിന്റെയും ആശാൻ മെമ്മോറിയാൽ അസോസിയേഷൻ, ചെന്നൈയുടെയും സംയുക്താഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയ കവി കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പ്രഭാഷണമാണ് കുമാരനാശാൻ സ്മാരക എൻഡോവ്മെന്റ് പ്രഭാഷണം. വർഷംതോറും മദ്രാസ് സർവകലാശാല മറീന ക്യാമ്പസിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് ഇത് നടന്നുവരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021, 2022 വർഷത്തെ പ്രഭാഷണങ്ങൾ ഓൺലൈനിൽ ആണ് നടന്നത്.
മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിന്റെയും ചെന്നൈ മലയാളീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കെ. പി. എ. സി. യുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പ്രഭാഷണമാണ് കെ. പി. എ. സി. സുവർണ ജൂബിലി എൻഡോവ്മെന്റ് പ്രഭാഷണം. വർഷംതോറും മദ്രാസ് സർവകലാശാല മറീന ക്യാമ്പസിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് ഇത് നടന്നുവരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021, 2022 വർഷത്തെ പ്രഭാഷണങ്ങൾ ഓൺലൈനിൽ ആണ് നടന്നത്.
നവതി ആഘോഷം
തിരുത്തുക1927ൽ സ്ഥാപിച്ച മദ്രാസ് സർവകലാശാലയിലെ മലയാളവിഭാഗം നവതിയിലെത്തിയത് 2017ൽ ആണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെയാണു നവതിയാഘോഷം നടന്നത്. 2017 ജനുവരി 24നു രാവിലെ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ. ജയകുമാറാണ് നവതി ആഘോഷം ഉദ്ഘാടനം ചെയ്തത്. മദ്രാസ് സർവകലാശാലയിലെ മലയാളവിഭാഗം ചരിത്രത്തിന്റെ ഭാഗമാണ്. ഒരുകാലത്തു കേരളത്തിലെ കോളജുകളെല്ലാം മദ്രാസ് സർവകലാശാലയുടെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ മദ്രാസ് സർവകലാശാലയിൽ രാജ്യത്തെ ആദ്യത്തെ മലയാള വിഭാഗത്തിനു രൂപം നൽകുകയെന്നതു സ്വാഭാവികമായ കാര്യമാണ്. വർഷങ്ങൾക്കു മുൻപു മലയാള ഭാഷയ്ക്കു വേണ്ടി രൂപീകരിക്കപ്പെട്ട സർവകലാശാലാ വിഭാഗം മറുനാട്ടിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ഓപ്പൺ വിന്റോ
തിരുത്തുകമദ്രാസ് സർവകലാശാല മലയാളവിഭാഗം വിദ്യാർത്ഥികളുടെ ക്രിയാത്മകവും ഗവേഷണപരവുമായ പ്രവർത്തനങ്ങളുടെ ഏകോപനം സാധ്യമാക്കുന്ന വിദ്യാർത്ഥി കൂട്ടായ്മയാണ് ഓപ്പൺ വിന്റോ(Open Window).
മലയാളവകുപ്പിലെ വിദ്യാർത്ഥികളുടെ പാഠ്യ പാഠ്യേതരപ്രവർത്തനങ്ങളുടെ ഏകോപനത്തിലും നടത്തിപ്പിലും ഓപ്പൺ വിന്റോ ക്രിയാത്മകമായ പ്രവർത്തനമാണ് കാഴ്ച്ചവെക്കുന്നത്.
ദേശീയ - അന്തർദേശീയ സെമിനാറുകൾ, ചർച്ചകൾ, പേപ്പർ അവതരണങ്ങൾ, നാടകാവതരണങ്ങൾ, ചലച്ചിത്ര മേളകൾ, സാംസ്കാരിക സദസ്സുകൾ തുടങ്ങിയവ ഓപ്പൺ വിന്റോയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
ചർച്ചകൾ
തിരുത്തുകഓപ്പൺ വിന്റോയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിവാര ചർച്ചയാണ് 'സൊറ : കൂടെയിരിക്കാം കൂട്ടം പറയാം'. വ്യത്യസ്തങ്ങാളായ വിഷയങ്ങളെ അധികരിച്ചുകൊണ്ട് നടക്കുന്ന ചർച്ചയിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുന്നു. ഈ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിക്കാൻ സാംസ്‌കാരിക പ്രവർത്തകർ, അധ്യാപകർ, എഴുത്തുകാർ തുടങ്ങിയവരും എത്താറുണ്ട്.
-
പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിലിനെ മദ്രാസ് സർവകലാശാല മലയാളവിഭാഗം അധ്യക്ഷൻ ഡോ. പി. എം. ഗിരീഷ് പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ. ഒ. കെ. സന്തോഷ് സമീപം.
-
മദ്രാസ് സർവകലാശാല മലയാളവിഭാഗം വിദ്യാർത്ഥി കൂട്ടായ്മയായ ഓപ്പൺ വിൻഡോ സംഘടിപ്പിച്ച 'സൊറ : കൂടെയിരിക്കാം കൂട്ടം പറയാം' എന്ന പരിപാടിയിൽ ആദ്യ അതിഥിയായി എത്തിയ പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.
-
സൊറ : കൂടെയിരിക്കാം കൂട്ടം പറയാം പ്രതിവാര ചർച്ചയിൽ പ്രശസ്ത കവി എസ്. ജോസഫ് 'എമർജിങ് പോയട്രി' എന്ന വിഷയത്തിൽ സംവദിക്കാനെത്തിയപ്പോൾ
-
സൊറ : കൂടെയിരിക്കാം കൂട്ടം പറയാം പ്രതിവാര ചർച്ചയിൽ പ്രശസ്ത കവി എസ്. ജോസഫ് 'എമർജിങ് പോയട്രി' എന്ന വിഷയത്തിൽ സംവദിക്കുന്നു. എഴുത്തുകാരായ രാജേഷ് കെ എരുമേലി, ബി. എസ്. രാജീവ്, അദർ ബുക്സ് കോഴിക്കോടിന്റെ മാനേജിങ് എഡിറ്റർ ആയ ഡോ. ഔസാഫ് അഹ്സൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
-
സൊറ : കൂടെയിരിക്കാം കൂട്ടം പറയാം പ്രതിവാര ചർച്ചയിൽ 'പട'യെ മുൻനിർത്തി സിനിമാ ചർച്ച നടക്കുന്നു. പുതുകാല സിനിമയുടെ രാഷ്ട്രീയവും ചരിത്രത്തിന്റെ പുനപരിശോധനയും സാധ്യമാക്കുന്ന മലയാള ചലച്ചിത്രരംഗത്തെ വിമർശനാത്മകമായി വിലയിരുത്തുകയും ചർച്ചചെയ്യുകയും ചെയ്തു.
-
സൊറ : കൂടെയിരിക്കാം കൂട്ടം പറയാം അദ്ധ്യാപകനും എഴുത്തുകാരനുമായ മഹേഷ് മംഗലാട്ട് Computational Linguistics എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളകൾ
തിരുത്തുകഓപ്പൺ വിന്റോയുടെ നേതൃത്വത്തിൽ നടക്കുന്ന മറ്റൊരു ശ്രദ്ദേയമായ പരിപാടിയാണ് ദ്വിദിന രാജ്യാന്തര ചലച്ചിത്രമേളയായ UNOM MDIFF (Malayalam Department International Film Festival)
മറീന കാമ്പസിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടത്തുക. രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. കൃത്യമായ ഇടവേളകളിൽ വിവിധ ഭാഷകളിലുള്ള ചലച്ചിത്രങ്ങൾ അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്. സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ പരിപാടിയാണിത്.
-
Open Window സംഘടിപ്പിക്കുന്ന അന്തർദേശീയ ചലച്ചിത്ര മേള MDIFF ന്റെ പോസ്റ്റർ പ്രകാശനം മദ്രാസ് സർവകലാശാല മലയാളവിഭാഗം മുൻ അദ്ധ്യക്ഷനും തിരക്കഥാകൃത്തുമായ ഡോ.സി.ജി.രാജേന്ദ്രബാബു മറീന ക്യാമ്പസ് ഡയറക്ടർക്ക് നൽകി നിർവഹിക്കുന്നു. പോസ്റ്ററുകൾ തയ്യാറാക്കിയത് എം. എ. വിദ്യാർത്ഥിയായ വിഷ്ണു പവിത്രൻ ആണ്.
-
MDIFF 2022ന്റെ പോസ്റ്ററുകളുമായി അദ്ധ്യാപകർ
-
2022ലെ MDIFF ഒന്നാം ദിനത്തിൽ മലയാളവിഭാഗം വിദ്യാർഥികൾ
-
2022ലെ MDIFF അവസാന ദിനത്തിൽ മലയാളവിഭാഗം വിദ്യാർഥികൾ
സെമിനാറുകൾ
തിരുത്തുകനാടകാവതരണം
തിരുത്തുകസാംസ്കാരിക പരിപാടികൾ
തിരുത്തുകചെന്നൈ മലയാളികൾ
തിരുത്തുകമറ്റേതു സർവകലാശാലകളിലെ മലയാളവിഭാഗത്തേക്കാളും ജനകീയമാണ് മദ്രാസ് സർവകലാശാലയിലെ മലയാളവിഭാഗം. ചെന്നൈ മലയാളികൾ ഇതു തങ്ങളുടെ സ്വന്തം സ്ഥാപനമായി കാണുന്നുവെന്നതുതന്നെയാണിതിനു കാരണം. തുടക്കം മുതൽ മദ്രാസിലെ മലയാളി സമൂഹവുമായി ഇഴചേർന്നായിരുന്നു മലയാള വിഭാഗത്തിന്റെ പ്രവർത്തനം. മലയാള വിഭാഗം സംഘടിപ്പിക്കുന്ന ഏതു പരിപാടികളിലും സജീവ സാന്നിധ്യമാണ് ചെന്നൈ മലയാളികൾ. ഗവേഷണ പ്രബന്ധത്തിന്റെ അവതരണ വേളകളിൽ പോലും സദസ്സിൽ കയ്യടിയുമായി മലയാളി സമൂഹം നിറയും. മലയാളി സംഘടനകളുമായി യോജിച്ചു പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യത്തിലും മലയാളവിഭാഗം മടി കാണിക്കാറില്ല. ചെന്നൈയിലെ മലയാളി സമൂഹത്തിന്റെ പിന്തുണയാണ് മലയാളവിഭാഗത്തിന്റെ വലിയ ശക്തിയെന്നു വകുപ്പധ്യക്ഷൻ പ്രൊഫസർ ഡോ. പി. എം. ഗിരീഷ് പറയുന്നു. കേരളത്തിനു പുറത്ത് മലയാളവിഭാഗം സജീവമായി നിലനിൽക്കുന്നതിനു പിന്നിൽ ഈ ജനകീയ പിന്തുണയുടെ ശക്തി തള്ളിക്കളയാനാവില്ല. മലയാള വിഭാഗത്തിലെ മൂന്ന് എൻഡോവ്മെന്റുകളിൽ രണ്ടും ചെന്നൈയിലെ മലയാളി സമൂഹത്തിന്റെ പങ്കാളിത്തത്തോടെ രൂപീകരിച്ചതാണ്.
അവലംബം
തിരുത്തുക- തമിഴകത്തെ അമ്മ മലയാളം - മെട്രോ മനോരമ
- മലയാളഗവേഷണത്തിനൊരു മദ്രാസ് മാതൃക - ഡോ. പി. എം. ഗിരീഷ്
- മദ്രാസ് സർവകലാശാല മലയാളവിഭാഗം വിദ്യാർത്ഥി കൂട്ടായ്മയായ ഓപ്പൺ വിന്റോ(Open Window)യുടെ സാമൂഹ്യ മാധ്യമ പേജുകൾ :
- ഫേസ്ബുക് : Open Window
- ഇൻസ്റ്റാഗ്രാം : _open.window_
- യൂട്യൂബ് : Department of Malayalam UNOM