കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്‌ കെ. ജയകുമാർ (K. Jayakumar). കേരളസംസ്ഥാനത്തിലെ ചീഫ് സെക്രട്ടറിയായിയിരുന്ന ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1] അദ്ദേഹം നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

കെ. ജയകുമാർ
ജനനം (1952-10-06) ഒക്ടോബർ 6, 1952  (71 വയസ്സ്)
തൊഴിൽകവി, ഗാനരചയിതാവ്,
ഐ.എ.എസ്. ഉദ്യോഗസ്ഥൻ
മാതാപിതാക്ക(ൾ)എം. കൃഷ്ണൻ നായർ, സുലോചന

ജീവിതരേഖ

തിരുത്തുക

പ്രശസ്ത ചലച്ചിത്രസം‌വിധായകനായ എം. കൃഷ്ണൻ നായരുടെയും സുലോചനയുടെയും മൂത്ത മകനായി 1952 ഒക്ടോബർ 6-ന് തിരുവനന്തപുരത്ത് ജനിച്ചു. ചലച്ചിത്ര സംവിധായകനായ കെ. ശ്രീക്കുട്ടനും (കെ. ശ്രീകുമാർ) പരേതനായ കെ. ഹരികുമാറും ഇദ്ദേഹത്തിന്റെ അനുജന്മാരാണ്.

ഔദ്യോഗിക ജീവിതം

തിരുത്തുക

കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാർ 1978-ൽ ഐ.എ.എസ്. നേടി. അസിസ്റ്റൻറ് കലക്റ്ററായി സർക്കാർ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്റ്റർ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2002 മുതൽ 2007 വരെയുള്ള കാലത്ത് ഇദ്ദേഹം കേന്ദ്ര സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.[2]

2012 മാർച്ച് 31-ന് സംസ്ഥാനത്തെ 36-ആമതു ചീഫ് സെക്രട്ടറിയായി കെ. ജയകുമാർ ചുമതലയേറ്റു.[3] അതിന് മുൻപ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. വിജിലൻസ്, ദേവസ്വം, അന്തർ സംസ്ഥാന നദീജലം, എന്നീ വകുപ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവർത്തിച്ചുവന്നത്. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ, ശബരിമല മാസ്റ്റർ പ്ലാൻ ചെയർമാൻ, ശബരിമല സ്പെഷ്യൽ ഓഫിസർ, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേൽനോട്ടക്കാരൻ,സർക്കാർ പദ്ധതികൾ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയർമാൻ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിരുന്നു. 2012 ഒക്ടോബർ 31 ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചു. 2012 നവംബർ 1-നു തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറായി സ്ഥാനമേറ്റു.

കലാസാഹിത്യ ജീവിതം

തിരുത്തുക
 
കെ. ജയകുമാർ ഖത്തർ കേരളീയം പരിപാടിയുടെ വേദിയിൽ

കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർദ്ധവൃത്തങ്ങൾ, രാത്രിയുടെ സാദ്ധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകൾ ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളിൽ പെടുന്നു.

വർണച്ചിറകുകൾ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. 80 തിൽ പരം മലയാള സിനിമകൾക്കു ഗാനരചന നിർവഹിച്ചു. ഒരു ചിത്രകാരൻ കൂടിയായ ഇദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

കുടുംബം

തിരുത്തുക

മീരയാണു ഭാര്യ. മക്കൾ: ആനന്ദ്, അശ്വതി.

പുരസ്കാരങ്ങൾ

തിരുത്തുക
  1. ഏഷ്യാനെറ്റ് അവാർഡ് - മികച്ച ഗാനരചയിതാവ്
  2. ഫിലിം ക്രിട്ടിക്സ് അവാർഡ് - മികച്ച ഗാനരചയിതാവ്
  3. മഹാകവി കുട്ടമത്ത് പുരസ്കാരം - അർദ്ധവൃത്തങ്ങൾ എന്ന കവിതയ്ക്
  4. കെ.പി.എസ്. മേനോൻ പുരസ്കാരം - പൊതു ജീവിതത്തിലെ മികവിന്
  5. കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "കെ. ജയകുമാർ മലയാളസർവകലാശാലയിൽനിന്ന് പടിയിറങ്ങി". മാതൃഭൂമി ഓൺലൈൻ. 26 ഒക്ടോബർ 2017. Archived from the original on 27 ഒക്ടോബർ 2017. Retrieved 17 മാർച്ച് 2018.
  2. "കെ. ജയകുമാർ ചീഫ് സെക്രട്ടറി" (in ഇംഗ്ലീഷ്). ദ ഹിന്ദു. മാർച്ച് 28, 2012. Retrieved ഏപ്രിൽ 1, 2012.
  3. "കെ. ജയകുമാർ ചുമതലയേറ്റു". മെട്രോ വാർത്ത. ഏപ്രിൽ 1, 2012. Retrieved ഏപ്രിൽ 1, 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ._ജയകുമാർ&oldid=3937456" എന്ന താളിൽനിന്ന് ശേഖരിച്ചത്