തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല

മലയാളത്തിനു വേണ്ടി ഒരു സർവകലാശാലയല്ല; മലയാളത്തിൽ ഒരു സർവകലാശാലയാണ് മലയാള സർവകലാശാല. ലോകത്തെ സമസ്ത വിജ്ഞാനങ്ങളും മലയാളഭാഷയിൽ പഠിക്കുന്നതിനും മലയാളഭാഷയിൽ അറിവുൽപ്പാദിപ്പിക്കുന്നതിനും അങ്ങനെ മലയാളിക്ക് ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനുമാണ് തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാല[1]. മലയാളസർവകലാശാല, മലയാളം സർവകലാശാല എന്നും അറിയപ്പെടുന്നു. ഭാഷാശാസ്ത്രം, സാഹിത്യം, സാഹിത്യരചന, ' സംസ്കാരപൈതൃകം, മാധ്യമപഠനം, ചലച്ചിത്രപഠനം, സോഷ്യോളജി, വികസന പഠനം, ചരിത്രം, പരിസ്ഥിതി പഠനം (എം.എ യും എം.എസ്.സിയും) വിവർത്തനപഠനം തുടങ്ങി പതിനൊന്ന് ബിരുദാനന്തര ബിരുദ കോഴ്സുകൾ. എം. എ മുതൽ പി എച്.ഡി വരെ മലയാള മാധ്യമത്തിൽ. ഈ വിഷയങ്ങളിലെല്ലാം യു.ജി.സിയുടെ നെറ്റും ജെ.ആർ.എഫും നേടി ധാരാളം വിദ്യാർഥികൾ. 2012 നവംബർ 1നു കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണ് മലയാളസർവകലാശാല ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ആണ് മലയാളസർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറായി നിയമിതനായത്. 2017 നവമ്പർ 1 ന് രണ്ടാമത്തെ വൈസ് ചാൻസലറായി ഡോ. ഉഷാ ടൈറ്റസ് സ്ഥാനമേറ്റെടുത്തു. 2018 മുതൽ 2023 വരെ ഡോ.അനിൽ വള്ളത്തോൾ വൈസ് ചാൻസലറായിരുന്നു. 2023 ജൂൺ മുതൽ ഡോ . എൽ സുഷമയെ മലയാളസർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിച്ചു.[2]

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാല
സ്ഥാപിതം2012
ചാൻസലർകേരളാ ഗവർണ്ണർ
വൈസ്-ചാൻസലർഡോ . എൽ സുഷമ
സ്ഥലംമലപ്പുറം, കേരളം, ഇന്ത്യ
കായിക വിളിപ്പേര്മലയാള സർവകലാശാല, മലയാളം സർവകലാശാല
വെബ്‌സൈറ്റ്http://malayalamuniversity.edu.in/ml/
സർവകലാശാലയുടെ പുതിയ കെട്ടിടം

മലയാളസർവകലാശാലയുടെ സാമാന്യലക്ഷ്യങ്ങൾ

തിരുത്തുക
 • മലയാളഭാഷയുടെയും സാഹിത്യത്തിൻറെയും കേരള സംസ്കാരത്തിൻറെയും പഠനം കൂടുതൽ ആഴമുള്ളതും പ്രസക്തവുമാക്കുക.
 • ഉന്നത നിലവാരം പുലർത്തുന്ന ബിരുദാനന്തര ബിരുദ കോഴ്സുകൾ നടത്തുക.
 • സാംസ്കാരിക - ബൗദ്ധിക സാംഗത്യമുള്ള കർമപദ്ധതികൾ ആരംഭിക്കുക.
 • സുപ്രധാന മേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിച്ച് ജ്ഞാനോൽപാദനം നടത്തുക.
 • ഉന്നതനിലവാരം പുലർത്തുന്ന വൈജ്ഞാനിക ഗ്രന്ഥങ്ങളും, ജേണലുകളും പ്രസിദ്ധീകരിക്കുക.
 • സമകാലിക വൈജ്ഞാനിക വ്യാവഹാരിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മലയാളഭാഷയെ സജ്ജമാക്കുക.
 • മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികൾ മറ്റു ഇന്ത്യൻ ഭാഷകളിലേയ്ക്കും വിദേശഭാഷകളിലേക്കും വിവർത്തനം ചെയ്യാനുള്ള പരിപാടികൾ പ്രോത്സാഹിപ്പിക്കുക.
 • കമ്പ്യൂട്ടർ - ഇൻറെർനെറ്റ്‌ ഉപയോഗത്തിന് പൂർണമായി വഴങ്ങുന്ന ഭാഷയാക്കി മലയാളത്തെ വളർത്താനുതകുന്ന പഠനങ്ങളും, ഗവേഷണങ്ങളും കർമപദ്ധതികളും എറ്റെടുക്കുക.
 • സമാന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ ലക്ഷ്യങ്ങൾ നേടാനായി പ്രവർത്തിക്കുക.
 • മലയാളഭാഷയുടെയും സാഹിത്യത്തിൻറെയും കേരളസംസ്കാരത്തിൻറെയും സർവതോമുഖമായ വികസനത്തിനും ആഗോള വ്യാപനത്തിനും പ്രേരകമായ പ്രവൃത്തികൾ ഏറ്റെടുക്കുക.

കേരളത്തിന്റെ ഭാഷ, സാഹിത്യം, കലകൾ, മറ്റ് സാംസ്കാരിക ആവിഷ്കാരങ്ങൾ, ബൗദ്ധികപാരമ്പര്യങ്ങൾ എന്നിവ മനസ്സിലാക്കാനും ജനജീവിതത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനും, പുതിയ പരിപ്രേക്ഷ്യങ്ങൾ ആവിഷ്കരിക്കാനും അവബോധം സൃഷ്ട്ടിച്ചും, ഈ അറിവുകളെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുവാനുള്ള ആശയങ്ങൾ കണ്ടെത്താനും, നിരന്തരം നിരീക്ഷിക്കാനും അവയുടെ സങ്കീർണതകൾ വിലയിരുത്താനും, മലയാളഭാഷയേയും കേരളത്തിന്റെ സാംസ്കാരിക-ബൗദ്ധിക രംഗങ്ങളെയും ഭാവിയിലെ വെല്ലുവിളികൾ എറ്റെടുക്കുന്നതിന് സജ്ജീകരിക്കാനുമായി പ്രവർത്തിക്കുന്ന മികവിന്റെ കേന്ദ്രമായിരിക്കണം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല.

 • മലയാള ഭാഷയുടെയും സാഹിത്യത്തിൻറെയും സംസ്കാരത്തിന്റെയും, കേരളീയമായ ജ്ഞാനധാരകളുടെയും പഠനത്തിനും സംവർദ്ധനത്തിനും പ്രത്യക്ഷമായും പരോക്ഷമായും ഉതകുന്ന പഠനകോഴ്സുകൾ നടത്തുകയും ഗവേഷണങ്ങൾ ഏറ്റെടുക്കുകയും ചെയ്യുക
 • ഏത് വൈജ്ഞാനിക മേഖലയിലെയും അറിവുകൾ കൈകാര്യം ചെയ്യുന്നതിന് മലയാള ഭാഷയെ സജ്ജമാക്കുകയും, മലയാള ഭാഷയിൽ പുതിയ ജ്ഞാനോൽപാദനം നടത്തുകയും ചെയ്യുന്ന കർമ പരിപാടികളും പദ്ധതികളും ഏറ്റെടുക്കുക.
 • കേരളത്തിന്റെ സാംസ്കാരിക പൈതൃകം പരിരക്ഷിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ഡിജിറ്റൽ ലൈബ്രറി, പുരാരേഖാലയം, മ്യൂസിയം തുടങ്ങിയവ സ്ഥാപിക്കുകയും ചെയ്യുക.
 • കേരളത്തിന്റെ വൈവിധ്യപൂർണമായ സാംസ്കാരിക ആവിഷ്കാരങ്ങൾക്കും മലയാളഭാഷക്കും സാഹിത്യത്തിനും അർഹമായ സ്ഥാനവും കീർത്തിയും ആഗോള അംഗീകാരവും നേടിയെടുക്കുന്നതിനുള്ള കർമ പരിപാടികൾ ഏറ്റെടുക്കുക.
 • ആധുനിക ആശയ വിനിമയ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തുന്നതിനു മലയാള ഭാഷയെ സജ്ജമാക്കുക.
 • മലയാള ഭാഷയുടെയും സാഹിത്യത്തിൻറെയും സംസ്കാരത്തിൻറെയും ഉന്നമനത്തിനും വ്യാപനത്തിനും സഹായകമാം വിധം ഇന്ത്യക്കകത്തും പുറത്തുമുള്ള സർവകലശാലകളിലും സ്ഥാപനങ്ങളിലും ചെയറുകൾ സ്ഥാപിക്കുകയും, അത്തരം സംയുക്ത സംരംഭങ്ങൾ ഏറ്റെടുക്കുകയും ചെയ്യുക.
 • ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്കായി എൻഡോവ്മെൻറ് സ്ഥാപിക്കുക

ബിരുദാനന്തര ബിരുദ കോഴ്സുകൾ

തിരുത്തുക
 • ബിരുദാനന്തര ബിരുദകോഴ്‌സുകളുടെയും ഗവേഷണത്തിന്റെയും പഠനമാധ്യമം മലയാളമായിരിക്കും.
 • ബിരുദാനന്തര ബിരുദകോഴ്‌സുകളുടെ ഭാഗമായി ഓപ്പൺഇലക്ടീവ് കോഴ്‌സുകൾ നൽകുന്നുണ്ട്.
 • പഠനപദ്ധതി ക്രഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായത്തിൽ അധിഷ്ഠിതമാണ്.
 • ബിരുദാനന്തര ബിരുദകോഴ്‌സുകൾ നാല് സെമസ്റ്റർ കൊണ്ട് പൂർത്തീകരിക്കും.

എം.എ. ഭാഷാശാസ്ത്രം

തിരുത്തുക

നവസാങ്കേതിക പരിസരങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കാൻ പ്രാപ്തിയും നൈപുണ്യവുമുള്ള മനുഷ്യവിഭവത്തെ വാർത്തെടുക്കത്തക്ക വിധത്തിലാണ് എം. എ. ഭാഷാശാസ്ത്ര കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. സ്വാഭാവിക ഭാഷാസംസ്‌കരണത്തിലും മലയാള ഭാഷയുടെ  യന്ത്രഗ്രാഹ്യതയിലും നിലനിൽക്കുന്ന പരിമിതികൾ കണ്ടെത്താനും അവ പരിഹരിക്കാനും വേണ്ട  നൈപുണികൾ വികസിപ്പിക്കാൻ ഉതകുംവിധം രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു അന്തർ വൈജ്ഞാനിക പാഠ്യപദ്ധതിയാണ് ഈ കോഴ്‌സിന്റെ കാതൽ. അടിസ്ഥാന ഭാഷാശാസ്ത്രവിഷയങ്ങൾക്കുപുറമേ ഭാഷാ ഡോക്യുമെന്റേഷൻ, വംശനാശ ഭീഷണി നേരിടുന്ന ഗോത്രഭാഷകളുടെ ആർക്കൈവിംഗ്, കോർപ്പസ് നിർമ്മാണം, ഭാഷാഭിന്നശേഷി പഠനം, ഭാഷാപഠനവിഭവവികസനം എന്നിവയ്ക്ക്് ഈ കോഴ്‌സ് മുന്തിയ പരിഗണന നൽകുന്നു.

എം.എ. മലയാളം (സാഹിത്യപഠനം)

തിരുത്തുക

സാഹിത്യവും ഭാഷാസംബന്ധിയുമായ മേഖലകളിൽ സമ്പന്നവും ക്രമീകൃതവുമായ അറിവ് ഈ കോഴ്‌സ് നൽകുന്നു. സമകാലീന സാഹിത്യത്തിന് പ്രത്യക പരിഗണന നൽകിക്കൊണ്ട് സാഹിത്യചരിത്രത്തിന്റെയും പ്രസ്ഥാനങ്ങളുടെയും വൈവിധ്യങ്ങളിൽ ഊന്നുന്നു. പ്രധാന എഴുത്തുകാരിലും മേഖലകളിലും കോഴ്‌സ് ഗവേഷണസാധ്യതകൾ തുറന്നുവെയ്ക്കുന്നുണ്ട്. രീതിശാസ്ത്രപരവും സൈദ്ധാന്തികവുമായ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിനായി പ്രഭാഷണങ്ങളും സെമിനാറുകളും വർക്ക് ഷോപ്പുകളും കോഴ്‌സിന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെടുന്നു.


എം.എ. മലയാളം (സാഹിത്യരചന)

തിരുത്തുക

സാഹിത്യരചനയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് സർവകലാശാല വിഭാവനം ചെയ്ത കോഴ്‌സാണിത്. ഊന്നൽ സർഗാത്മകരചനയിലാവുമ്പോഴും മലയാളഭാഷയേയും സാഹിത്യത്തെയും സംബന്ധിച്ച സമഗ്രമായ അറിവ് കോഴ്‌സ് പ്രദാനം ചെയ്യുന്നു. വൈവിധ്യപൂർണമായ സാഹിത്യമാതൃകകളേയും ശൈലികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പടുത്തുന്നതോടൊപ്പം അവരവരുടെതായ അഭിരുചികളെ വളർത്തുന്നതിനും കോഴ്‌സ് സഹായിക്കുന്നു. വിദഗ്ദ്ധരുടെ സഹായത്താൽ വിദ്യാർത്ഥികളിലൂടെ സർഗാത്മകരചനയ്ക്കുള്ള ശേഷി വർദ്ധിപ്പിക്കുന്നു.

എം.എ.മലയാളം(സംസ്കാരപൈതൃകം)

തിരുത്തുക

കേരളത്തിന്റെ സംസ്‌കാരപൈതൃകത്തെ സംബന്ധിച്ച സമഗ്രവും അന്തർവൈജ്ഞാനികവുമായ പഠനമാണ് കോഴ്‌സിന്റെ ലക്ഷ്യം.സാംസ്‌കാരികപൈതൃകം, കേരളചരിത്രം,അധിവാസ മാതൃകയും സാംസ്‌കാരിക ഭൂമിശാസ്ത്രവും,ഭാഷാ-സാഹിത്യ പൈതൃകം, കലാപൈതൃകം, കാർഷിക പൈതൃകം, വിജ്ഞാന പാരമ്പര്യങ്ങൾ എന്നിവ കോഴ്‌സിന്റെ മുഖ്യപഠനമേഖലകളാണ്. പൈതൃകസംരക്ഷണ സ്ഥാപനങ്ങൾ, താളിയോല വിജ്ഞാനം, പുരാവസ്തുപഠനങ്ങൾ എന്നിങ്ങനെ നിരവധിയായ മേഖലകളെ വിദ്യാർത്ഥികൾക്ക് പരിചിതമാക്കുകയും ചെയ്യുന്നു.

എം.എ. ജേണലിസവും മാസ് കമ്മ്യൂണിക്കേഷനും

തിരുത്തുക

വാർത്താവിനിമയവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്ത്വങ്ങൾ കോഴ്‌സിന്റെ ഭാഗമാണ്. റിപ്പോർട്ടിംഗ്, എഡിറ്റിംഗ്, പരസ്യകല, കോർപ്പറേറ്റ് വിനിമയം ഇവ സംബന്ധിച്ച സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങൾ കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ടെലിവിഷൻ, സിനിമ ഇവ സംബന്ധിയായ പ്രത്യേകം പേപ്പറുകൾ പഠനപദ്ധതിയിലുണ്ട്. വെബ് ആസൂത്രണം, ദൃശ്യനിർമ്മാണം ഇവ സംബന്ധിയായ പ്രായോഗിക പരീശീലനവും കോഴ്‌സിന്റെ ഭാഗമാണ്.

പരിസ്ഥിതി പഠനം

തിരുത്തുക

അക്കാദമിക് രംഗത്തു മാത്രമല്ല നിത്യജീവിതത്തിലും പരിസ്ഥിതി പ്രശ്നങ്ങൾ അടിസ്ഥാന വിഷയമായി മാറിയിരിക്കുകയാണ്. കൃത്യമായ പാരിസ്ഥിതിക അവബോധമുള്ളവരുടെ സജീവമായ ഇടപെടലുകളാണ് പരിസ്ഥിതി ഇന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതു . ഇത്തരമൊരു സാഹചര്യത്തിലാണ് പരിസ്ഥിതിപഠനത്തെ ഉയർന്ന അക്കാദമിക് നിലവാരത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല അവതരിപ്പിക്കുന്നത്. സാമൂഹികമായും ശാസ്ത്രീയമായും മാതൃഭാഷയിൽ പഠിക്കാവുന്ന വിധത്തിലാണ് എം.എ, എം.എസ് സി പരിസ്ഥിതിപഠനം കോഴ്സിനെ മലയാളസർവകലാശാല ക്രമീകരിച്ചിരിക്കുന്നത്. നാല് സെമസ്റ്ററുകളുള്ള ബിരുദാനന്തര ബിരുദ കോഴ്സിൽ ആദ്യ രണ്ടു സെമെസ്റ്ററുകൾ കോമൺ ക്ലാസ്സുകളും തുടർന്നുള്ള രണ്ടു സെമെസ്റ്ററുകളിൽ എം.എ, എം.എസ് സി. എന്നിവ വേർതിരിച്ചുമാണ് കോഴ്സ് രൂപപ്പെടുത്തിയത് .

എം.എ പരിസ്ഥിതി പഠനം

തിരുത്തുക

എം.എ പരിസ്ഥിതിപഠനം കോഴ്സിൽ പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, പരിസ്ഥിതി വിവര വിനിമയം, പാരിസ്ഥിതിക ചരിത്രം, ഹരിത രാഷ്ട്രീയം, കേരളത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ, പരിസ്ഥിതിയും വികസനവും, സന്നദ്ധ സംഘടനകൾ, എന്നിങ്ങനെ സമൂഹത്തോട് കൂടുതൽ അടുത്ത് നിൽക്കുന്ന പഠനവും, ഫീൽഡ് വിസിറ്റുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്‌.

എം.എസ് സി പരിസ്ഥിതി പഠനം

തിരുത്തുക

എം.എസ് സി പരിസ്ഥിതിപഠനം കോഴ്സിൽ പരിസ്ഥിതി രസതന്ത്രം, എൻവിയോൺമെന്റൽ ജിയോളജി, എൻവിയോൺമെന്റൽ ബയോളജി, പരിസ്ഥിതി മലിനീകരണം, ഊർജവും പരിസ്ഥിതിയും, മാലിന്യ സംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം എന്നിങ്ങനെയുള്ള ശാസ്ത്രീയ മേഖലകളെ ലാബ് സംവിധാനത്തോടെ പഠിക്കാനുള്ള അവസരമൊരുക്കുന്നു. കൂടാതെ ഫീൽഡ് സ്റ്റഡിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

എം.എ പരിസ്ഥിതിപഠനത്തിന് ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും, എം.എസ് സി പരിസ്ഥിതിപഠനത്തിന് ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള അംഗീകൃത ബിരുദവുമാണ് യോഗ്യത.ബിരുദാനന്തര ബിരുദതലത്തിൽ ഒരു ശാസ്ത്ര വിഷയം ആദ്യമായി മലയാളത്തിൽ പഠിക്കുവാനുള്ള അവസരമൊരുക്കുകയാണ് മലയാളസർവ്വകലാശാല.ഇതിലൂടെ ഉപരിപഠനത്തിനു വിവിധ യൂണിവേഴ്സിറ്റികളിൽ ചേർന്ന് പടിക്കുവാനും അവസരമൊരുങ്ങുന്നു. ബിരുദാനന്തര ബിരുദത്തോടൊപ്പം പരിസ്ഥിതിപഠനത്തിൽ എം.ഫിൽ, പി.എച്.ഡി ഗവേഷണത്തിനും മലയാളസർവകലാശാലയിൽ അവസരമുണ്ട്.

എം.എ. സോഷ്യോളജി

തിരുത്തുക

സാമൂഹിക ചിന്തകരുടെ സംഭാവനകൾ, ഇന്ത്യൻ സമൂഹത്തിന്റെ സവിശേഷതകൾ, കേരള സമൂഹം-സവിശേഷതകൾ, ഗവേഷണമാതൃകകൾ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് സമഗ്രമായ സാമൂഹികശാസ്ത്രജ്ഞാനം ആർജിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. കേരളത്തിന്റെ കുടിയേറ്റാനുഭവങ്ങൾ, ആഗോളവൽക്കരണ സന്ദർഭം എന്നിവ കോഴ്‌സിന്റെ സവിശേഷ പഠനമേഖലകളാണ്.

എം.എ. ചരിത്ര പഠനം

തിരുത്തുക

കേരളചരിത്രത്തിന് സവിശേഷ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇന്ത്യൻ, ലോകചരിത്രപഠനം കോഴ്‌സിന്റെ ഭാഗമാണ്. പുരാവസ്തുശാസ്ത്രം, താളിയോലവിജ്ഞാനീയം, ധൈഷണിക ചരിത്രം  എന്നിവ എം. എ. ചരിത്രം പഠനപദ്ധതിയുടെ ഭാഗമാണ്.

എം.എ. ചലച്ചിത്ര പഠനം

തിരുത്തുക

സിനിമാചരിത്രം, സിദ്ധാന്തങ്ങൾ, ലോകസിനിമ, ഇന്ത്യൻസിനിമ, എന്നിവയ്‌ക്കൊപ്പം മലയാളസിനിമയ്ക്കും ആചാര്യൻമാർക്കും പ്രത്യേകം ഊന്നൽ. സിനിമാനിർമ്മാണത്തിലെ പുതിയ പ്രവണതകളും സിനിമാവിമർശനവുമെല്ലാം പരിചയപ്പെടുത്തി പുതിയ സിനിമാസംസ്‌കാരം സ്വാംശീകരിക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നു.


പിഎച്ഛ്.ഡി, കോഴ്‌സിന്റെയോ മറ്റ് ഉന്നത ഗവേഷണങ്ങളുടേയോ പ്രാഥമിക കോഴ്‌സായാണ് എം.ഫിൽ വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് സെമസ്റ്റർ  ആണ് കോഴ്‌സ് ദൈർഘ്യം. ഗവേഷണരീതിശാസ്ത്രവും അക്കാദമികരചനാരീതിയും പരിചയപ്പെടുത്തുന്ന കോഴ്‌സ് വർക്ക് ഇതിൽ നിർബന്ധമാണ്. കോഴ്‌സ് വർക്ക് ഒന്നാം സെമസ്റ്ററിൽ പൂർത്തീകരിക്കണം. കോഴ്‌സിൻറെ അവസാനം പ്രബന്ധം സമർപ്പിക്കേണ്ടതുണ്ട്.


പിഎച്ച്.ഡി

തിരുത്തുക

വിമർശനാത്മകചിന്തയിലും ധൈഷണികവ്യാപരങ്ങളിലും പുതിയ സംസ്‌കാരം ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പി. എച്ഛ് .ഡി കോഴ്‌സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. സർവകലാശാലയ്ക്ക് വ്യതിരിക്തമായ ഒരു ഗവേഷണനയം ഉണ്ട്. കേരളത്തെ സംബന്ധിച്ച അറിവുകളെ വിപുലപ്പെടുത്തുക എന്ന സമീപനത്തിനാണ് ഗവേഷണവിഷയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സർവകലാശാല മുൻതൂക്കം നൽകുന്നത്. 6 സെമസ്റ്റർ ഉള്ള പി.എച്ച്.ഡി കോഴ്‌സിൽ വിദ്യാർത്ഥികൾ ഒരു സെമസ്റ്റർ ദൈർഘ്യമുള്ള കോഴ്‌സ് വർക്ക് പൂർത്തീകരിക്കേണ്ടതുണ്ട്. കോഴ്‌സിൻറെ അവസാനം പ്രബന്ധസമർപ്പണവും ഒപ്പം തുറന്ന അഭിമുഖപരീക്ഷയും ഉണ്ടായിരിക്കും.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

സുവ്യക്തമായ നയമനുസരിച്ച് പ്രവർത്തിക്കുന്ന  മലയാളം സർവകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം  സ്വകാര്യ പ്രസാധകർ  പ്രസിദ്ധീകരിക്കാനിടയുള്ള  പുസ്തകങ്ങൾ ഏറ്റെടുക്കാറില്ല. ചരിത്രപരമായും അക്കാദമികമായും  പ്രാധാന്യമുള്ള, മറ്റാരും പ്രസിദ്ധീകരിക്കാൻ സാധ്യതയില്ലാത്ത  പുസ്തകങ്ങൾ ആണ്  പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുക്കുന്നത്. മലയാള ഭാഷയെ സമ്പന്നമാക്കുന്ന അക്കാദമിക സ്വഭാവമുള്ള  കൃതികളോ  അവയുടെ തർജ്ജമകളോ പ്രസിദ്ധീകരണത്തിന് പരിഗണിക്കും.  വിവിധ അച്ചടി മാധ്യമങ്ങളിൽ ചിതറിക്കിടക്കുന്ന ലേഖനങ്ങളും പഠനങ്ങളും വിഷയകേന്ദ്രീകൃതമായി സമാഹരിച്ച് ഗവേഷണവിവരപ്രഭവങ്ങൾ  എന്ന നിലയിൽ പ്രസിദ്ധീകരിക്കാനും സർവകലാശാല മുൻകൈ എടുക്കുന്നു.  പ്രസിദ്ധീകരണ ഉപദേശക സമിതിയാണ്  ഗ്രന്ഥശീർഷകങ്ങൾക്ക് അന്തിമാംഗീകാരം നൽകുന്നത്. പ്രസിദ്ധീകരണ നയവും മാനദണ്ഡങ്ങളും നിശ്ചയിക്കുന്നതും അവർ തന്നെ.

ലൈബ്രറി

തിരുത്തുക

അയ്യായിരത്തോളം പുസ്തകങ്ങളും ഏതാനും ആനുകാലികങ്ങളുമായി 2013-ൽ സർവകലാശാലയുടെ അക്ഷരം കാമ്പസിലെ ഭരണകാര്യാലയത്തിൽ വെറും  1000 ചതുരശ്ര അടി വിസ്‌തീർണമുള്ള സ്ഥലത്താണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ ഏകദേശം 35000 ത്തോളം പുസ്തകങ്ങളും നൂറിലധികം ആനുകാലികങ്ങളും ലൈബ്രറിയിൽ ലഭ്യമാണ്. 5000 ചതുരശ്ര അടി വിസ്‌തീർണമുള്ള സ്വന്തം കെട്ടിടത്തിലാണ് 2016 മുതൽ ലൈബ്രറി പ്രവർത്തിച്ചുവരുന്നത്. ഏകദേശം 50000-ൽ അധികം പുസ്തകങ്ങൾ ഉൾകൊള്ളാനും നൂറിലധികം പേർക്ക് ഒന്നിച്ചിരുന്ന് വായിക്കുവാനും സൗകര്യമുള്ള പുതിയ ലൈബ്രറി കെട്ടിടം എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയാണ് സജ്ജീകരിച്ചിട്ടുള്ളത്.

പ്രത്യേകതകൾ

തിരുത്തുക
 • കോഹ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സമ്പൂർണമായും കമ്പ്യൂട്ടർ വൽക്കരിച്ചിരിക്കുന്നു
 • സൗജന്യ ഇന്റർനെറ്റ് സൗകര്യം
 • ഡിസ്‌പെയ്‌സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരുക്കുന്ന ഡിജിറ്റൽ ലൈബ്രറി പുരോഗമിക്കുന്നു.
 • അപൂർവ്വ-പൗരാണിക ഗ്രന്ഥശേഖരം
 • ഇൻ-ഹൗസ് ഡിജിറ്റൽ വൽക്കരണ പദ്ധതി
 • ഡെൽനെറ്റ് അംഗത്വം
 • പ്രദേശവാസികൾക്കുള്ള ലൈബ്രറി അംഗത്വ പദ്ധതി
 • JSTOR ഡാറ്റാബേസ്
 • അധ്യാപകർക്കും ഗവേഷകർക്കുമായി പ്രത്യേക വായന മുറി
 • കാഴ്ചപരിമിതർക്കുള്ള ഡിജിറ്റൽ ലൈബ്രറി.
 1. "മലയാളം സർവകലാശാലാബിൽ പാസായി; അനധ്യാപകനിയമനം പി.എസ്.സി വഴി". Archived from the original on 2013-04-09. Retrieved 2013-07-20.
 2. "http://malayalamuniversity.edu.in". Retrieved 11.7.2023. {{cite web}}: Check date values in: |access-date= (help); External link in |title= (help)

3. http://malayalamuniversity.edu.in