പി.ടി. ഭാസ്കരപ്പണിക്കർ
കേരള സംസ്ഥാനത്തെ ഒരു പ്രമുഖ സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു പി.ടി.ഭാസ്കരപ്പണിക്കർ (ഒക്ടോബർ 15, 1921 - ഡിസംബർ 30, 1997).[1][2]
പി.ടി. ഭാസ്കരപ്പണിക്കർ | |
---|---|
ജനനം | 1921 ഒക്റ്റോബർ 15 |
മരണം | 1997 ഡിസംബർ 30 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ |
ജീവിത രേഖ
തിരുത്തുക1921 ഒക്ടോബർ 15-ന് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂരിൽ തമ്മെ പുത്തൻമഠത്തിൽ കാവുക്കുട്ടിയമ്മയുടെയും കൊയ്ത്തൊടി മനക്കൽ വിരൂപാക്ഷൻ നമ്പൂതിരിയുടെയും മകനായി ജനിച്ചു.
വിദ്യാഭ്യാസം അടക്കാപുത്തൂർ, ചെർപ്പുളശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലും മദ്രാസ് പ്രസിഡൻസി കോളേജിലും. മദ്രാസ് സൈദാപ്പേട്ട ടീച്ചേഴ്ദ്സ് കോളേജിൽ നിന്ന് ബി.ടി. ബിരുദം. ബി.എസ്.സി, ബി.ടി ബിരുദധാരിയായ ശേഷം അദ്ദേഹം നാലു കൊല്ലത്തോളം സ്കൂൾ അദ്ധ്യാപകനായി ജോലി നോക്കി. അക്കാലത്ത് കാറൽമണ്ണ ഹയർ എലിമെന്ററി സ്കൂളിലും പെരിഞ്ഞനം, പുറമേരി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലും സേവനമനുഷ്ഠിച്ചു. 1957-58 കാലത്ത് തന്റെ തന്നെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട അടക്കാപുത്തൂർ ഹൈസ്കൂളിൽ പ്രധാനാദ്ധ്യാപകൻ ആയും സേവനമനുഷ്ഠിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായി മാറിയ പി.ടി.ബി, പാർട്ടി നിരോധിച്ചതിനെതുടർന്ന് ഒളിവിലും ജയിലിലുമായി മൂന്നുവർഷത്തോളം കഴിയുകയും നിരോധനം പിൻവലിച്ചതിനെ തുടർന്ന് രംഗത്തെത്തി വീണ്ടും രണ്ടുവർഷക്കാലം അദ്ധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തു.
1997 ഡിസംബർ 30-ആം തിയതി പാലക്കാട്ടുവച്ച് അദ്ദേഹം നിര്യാതനായി.
രാഷ്ട്രീയ സാമൂഹിക പ്രവർത്തനം
തിരുത്തുകആധുനിക കേരളത്തിലെ പ്രധാനപ്പെട്ട സാമൂഹിക പ്രസ്ഥാനങ്ങളായിരുന്ന ഗ്രന്ഥശാലാ പ്രസ്ഥാനം, ശാസ്ത്ര സാഹിത്യ പ്രസ്ഥാനം എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു പി.ടി.ഭാസ്കര പണിക്കർ. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന അദ്ദേഹം, മൂന്നു കൊല്ലത്തോളം (1948-51) ഒളിവിലും ജയിലിലുമായി കഴിഞ്ഞിട്ടുണ്ട്. 1954-ൽ, ശ്രീകൃഷ്ണപുരം ഹൈസ്കൂളിൽ അദ്ധ്യാപകനായിരിക്കെ പഴയ മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലാ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ, ബോർഡിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ആ സ്ഥാനത്തെത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് നേതാവും ഏറ്റവും പ്രായം കുറഞ്ഞ ആളുമായി. അക്കാലത്തെ മലബാർ പ്രവിശ്യയിലെ ഭരണം കൊളൊണിയൽ രീതികളിൽ നിന്ന് മാറ്റി തികച്ചും ജനകീയമാക്കാൻ അദ്ദേഹം സ്വീകരിച്ച നടപടികൾ എല്ലാവരാലും ശ്ലാഘിക്കപ്പെട്ടു. 1957 - ൽ അദ്ദേഹം മുൻകൈയ്യെടുത്ത് ഒറ്റപ്പാലം ഹൈസ്കൂളിൽ ഏതാനും ശാസ്ത്രസാഹിത്യകാരന്മാരുടെ യോഗം നടത്തുകയും മലയാളത്തിൽ ശാസ്ത്രപ്രചരണത്തിനായി ശാസ്ത്രസാഹിത്യ സമിതി എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 1958-ൽ ഇ.എം.എസ്. മന്ത്രിസഭാകാലത്ത് വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരിയുടെ സെക്രട്ടറിയായി നിയമിതനായി. 1959 മുതൽ 1965 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകരിൽ ഒരാളാണ് പി.ടി.ബി
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നു വിരമിച്ച അദ്ദേഹം, കേരളസമൂഹത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ഒട്ടനവധി സാമൂഹിക പ്രസ്ഥാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ആവിർഭാവത്തിനു നേതൃത്വം നൽകി. 1969 മുതൽ 1971 വരെ വിശ്വവിജ്ഞാനകോശം (10 വാള്യം) എഡിറ്ററായി പ്രവർത്തിച്ചു.1971 മുതൽ 1974 വരെ ഗ്രന്ഥശാലാ സംഘം അദ്ധ്യക്ഷനായിരുന്നു. 1969 മുതൽ ഏതാണ്ട് കാൽ നൂറ്റാണ്ടോളം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ചു പോന്ന അദ്ദേഹം ബാലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, ജീവചരിത്രകോശം, ദ്രാവിഡ വിജ്ഞാനകോശം എന്നീ റഫറൻസ് ഗ്രന്ഥങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ട്. വിദ്യാലോകം, ശാസ്ത്രഗതി, ശാസ്ത്രകേരളം, പ്രൈമറി ടീച്ചർ, പുസ്തക സമീക്ഷ എന്നീ മാസികകളുടെയും എഡിറ്ററായിരുന്നു. കാൻഫെഡ്, ഭരണപരിഷ്കാരവേദി, സ്ഥലനാമസമിതി, ഇന്തൊ-സോവിയറ്റ് സൗഹൃദസമിതി, ലെനിൻ ബാലവാടി (തിരുവനന്തപുരം), അഗളി ഗിരിജനകേന്ദ്രം എന്നിവയുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ശാസ്ത്രസാഹിത്യ സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് അദ്ദേഹം.
പ്രധാന കൃതികൾ
തിരുത്തുക- ശാസ്ത്ര പരിചയം
- സയൻസിന്റെ കഥകൾ ( 3 ഭാഗങ്ങൾ)
- ജീവന്റെ കഥ
- മനുഷ്യൻ എന്ന യന്ത്രം
- ഗ്രഹാന്തര യാത്ര
- പാർട്ടി ( നോവൽ)
- യന്ത്രങ്ങളുടെ പ്രവർത്തനം
- സ്പേസിലേക്കുള്ള യാത്ര
- വികസിക്കുന്ന ജീവിതവും ദർശനവും (ലേഖന സമാഹാരം)
- നൂറു ചോദ്യങ്ങൾ
- ചലനം
- ഡോ. എസ്. രാജേന്ദു രചിച്ച പി.ടി.ബി. ജീവചരിത്രകോശം 4 വാള്യങ്ങൾ
കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "P. T. Bhaskara Panicker – Kerala Science Congress" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-12-05.
- ↑ "Ashok R Chandran: About P T Bhaskara Panicker". Retrieved 2024-12-05.