ഭാഷാഗോത്രങ്ങൾ

(ഭാഷാകുടുംബം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പൊതുപൂർവിക ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതിനാൽ വ്യക്തമായ പാരമ്പര്യ ബന്ധം പുലർത്തുന്ന ഒരു കൂട്ടം ഭാഷകളെ ആണ് ഒരു ഭാഷാഗോത്രം അഥവാ ഭാഷാകുടുംബം എന്ന് പറയുന്നത്. ഈ പൂർവിക ഭാഷയെ ആ ഗോത്രത്തിന്റെ പ്രോട്ടോ-ലാങ്ഗ്വേജ്‌ (proto-language) എന്ന് വിളിക്കുന്നു.[1]

ലോകത്തെ പ്രധാന ഭാഷാഗോത്രങ്ങൾ

ലോകത്തിൽ‍ ഇന്ന് ഉപയോഗിക്കുന്ന ഭാഷകളും മൊഴി ഭേദങ്ങളും കൂടി 7111 എണ്ണം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 141 വ്യത്യസ്ത ഭാഷാഗോത്രങ്ങളെ ഇവയിൽ കണ്ടെത്താൻ കഴിയും.[2] മറ്റൊരു ഭാഷയുമായും ബന്ധം കണ്ടെത്താൻ കഴിയാത്തതിനാൽ ഒരു ഭാഷാഗോത്രത്തിലും ഉൾപ്പെടുത്താൻ കഴിയാത്ത ഭാഷകളെ ഐസൊലേറ്റ് (language isolate) എന്ന് വിളിക്കുന്നു.

ഒരു ഗോത്രത്തിൽ പെട്ട ഭാഷകളിൽ, ശബ്ദാവലി, വ്യാകരണരീതി, എന്നിവയിൽ വളരെയധികം സമാനതകൾ ഉണ്ടാകും. ഒരേ ഗോത്രത്തിൽ പെട്ട ഭാഷകളിൽ വ്യാകരണത്തിൽ പ്രധാനമായും സാമ്യം കാണുന്നത് സർവ്വനാമങ്ങളുടേയും, ക്രിയാപദങ്ങളുടേയും രൂപത്തിലാണ്‌. അന്യഭാഷകളിൽ നിന്നും പദങ്ങൾ സ്വീകരിക്കുമ്പൊൾ കഴിവതും തദ്ഭവങ്ങളാക്കുന്നതാണ്‌ ഭാഷയ്ക്ക് യുക്തമാകുന്നത്. അങ്ങനെ ലഭിക്കുമ്പോൾ വ്യാകരണരീതിക്ക് മൂന്ന് കാര്യങ്ങളാണ്‌ ശ്രദ്ധേയമായിട്ടുള്ളത്

  1. ധാതുവിൽ നിന്നും ശബ്ദരചന നടത്തുന്നതിലുള്ള തുല്യത.
  2. ഉപസർഗ്ഗം, ഇടനില, പ്രത്യയം എന്നിവ ചേർത്ത് ഭിന്നരൂപങ്ങൾ സൃഷ്ടിക്കുന്നതിലുള്ള സമാനത.
  3. വാക്യരചനയിലുള്ള തുല്യത.

രണ്ട് ഭാഷകൾ ഒരു ഗോത്രത്തിൽ ഉള്ളവയാണെന്ന് കണക്കാക്കുന്നതിന്‌

  • സ്വനിമകളുടെ സാദൃശ്യം
  • ചില സ്വനിമങ്ങൾ വ്യത്യസ്തങ്ങളായി കാണുന്നു എങ്കിൽ, മറ്റേതെങ്കിലും ഭാഷകളുടെ സ്വാധീനം, സ്വാഭാവികമായ വ്യതിയാനമാണെങ്കിൽ അതിന്‌ ചരിത്രപരമായ സാധ്യത എന്നിവയും
  • ശബ്ദങ്ങളുടെ അതായത് നാമം, ക്രിയ, സർവനാമം, സംഖ്യാവാചി വിശേഷണം എന്നിവയുടെ സ്വനിമത്തിലും അർത്ഥത്തിലുമുള്ള തുല്യത.
  • ശബ്ദങ്ങളുടെ സ്വനിമത്തിലോ അർത്ഥത്തിലോ കാണുന്ന സാദൃശ്യത്തിന്‌ പരസ്പര ബന്ധമോ അന്യഭാഷാ സമ്പർക്കമോ കാരണമായിട്ടുണ്ടോ എന്നതും.
  • ധാതുവിലോ മൂലശബ്ദത്തിലോ പ്രത്യയമോ ഉപസർഗ്ഗമോ ചേർത്ത് വേറെ ശബ്ദങ്ങൾ നിർമ്മിക്കുന്ന രീതിയിലുള്ള സാമ്യത
  • വാക്യഘടനയിലെ സാമ്യം

ഭാഷാവിഭജനത്തിന്റെ ചരിത്രം

തിരുത്തുക

17-ആം നൂറ്റാണ്ടിൽ ഇന്ത്യൻ ഭാഷകളിൽ പരിജ്ഞാനം നേടിയ ചില യൂറോപ്യൻ പണ്ഡിതന്മാർ സംസ്കൃതം, ഗ്രീക്ക്,

ലാറ്റി

എന്നീ പുരാതന ഭാഷകളിൽ പ്രഥമദൃഷ്ട്യാ കണ്ടെത്തിയ സാദൃശ്യങ്ങളെ അടിസ്ഥാനമാക്കി താരതമ്യപഠനത്തിൽ ഏർപ്പെടുകയും, ഈ ഭാഷകൾ മൂന്നും ഏതോ ഒരു ആദിഭാഷയിൽ നിന്നും ഉദ്ഭവിച്ചതാണെന്ന് അനുമാനിക്കുകയും ചെയ്തു. ഇത് ഭാഷകളുടെ ശാസ്ത്രീയമായ ഗോത്രവിഭജനത്തിന്‌ തുടക്കം കുറിച്ചു. അവർ കണ്ടെത്തിയ ഭാഷാഗോത്രം ഇന്ന് ഇന്തോ-യൂറോപ്യൻ ഗോത്രം എന്നറിയപ്പെടുന്നു. സർ വില്യം ജോൺസ് ആയിരുന്നു ഒരു ആദ്യകാല വക്താവ്.

"സംസ്കൃത ഭാഷ, അതിൻ്റെ പൗരാണികത എന്തായാലും, മനോഹരമായ ഒരു ഘടന ഉള്ളതാണ്; ഗ്രീക്കിനേക്കാൾ തികഞ്ഞത്, ലത്തീനിനേക്കാൾ സുലഭം, രണ്ടിനേക്കാളും ഭംഗിയായി രൂപീകരിക്കപ്പെട്ടത്, എന്നാൽ ആകസ്മികത മൂലം ഉണ്ടാകാൻ സാധ്യമല്ലാത്ത വിധം അവ രണ്ടിനോടും ക്രിയാമൂലങ്ങളിലും വ്യാകരണഘടനകളിലും ശക്തമായ ഒരു സാമീപ്യം വഹിക്കുന്നതുമാണ്. ഇന്ന് ഒരു പക്ഷെ നിലവിലില്ലാത്ത ഒരു പൊതു സ്രോതസ്സിൽ നിന്നും അവ ഉരുത്തിരിഞ്ഞു എന്ന വിശ്വാസത്തിൽ എത്തിപ്പെടാതെ ഒരു ഭാഷാ വിദഗ്ദ്ധന് അവ മൂന്നിനെയും പരിശോധിക്കുക സാധ്യമല്ലാത്ത വിധത്തിൽ ശക്തമാണ് അത്. അതുപോലെ അത്ര അനിവാര്യമല്ലെങ്കിലും വ്യത്യസ്ത ശൈലി കലർന്നിട്ടുണ്ടെങ്കിലും സമാനമായ കാരണങ്ങൾ കൊണ്ട് ഗോത്തിക്, കെൽറ്റിക് എന്നിവയും സംസ്കൃതവുമായി പൊതുവായ ഉറവിടം ഉള്ളതാണ് എന്ന് ചിന്തിക്കാൻ ന്യായമുണ്ട്. ഓൾഡ് പേർഷ്യനും ഇതേ കുടുംബത്തിൽ തന്നെ ചേർക്കാൻ കഴിഞ്ഞേക്കും."

— സർ വില്യം ജോൺസ് (1786 ഫെബ്രുവരി രണ്ടിന് ഏഷ്യാറ്റിക് സൊസൈറ്റി മുൻപാകെ നടത്തിയ പ്രസംഗത്തിൽ നിന്ന്)

ചില ഭാഷാഗോത്രങ്ങൾ

തിരുത്തുക
  1. ഇന്തോ-യൂറോപ്യൻ ഗോത്രം
  2. ആഫ്രോ-ഏഷ്യാറ്റിക് ഗോത്രം (ഹാമിറ്റോ-സെമിറ്റിക് എന്ന് വിളിച്ചിരുന്നു)
  3. യൂറാളിക് ഗോത്രം
  4. സൈനോ-ടിബറ്റൻ ഗോത്രം
  5. ദ്രാവിഡ ഗോത്രം
  6. ആസ്ട്രോനേഷ്യൻ ഗോത്രം
  7. നൈജർ-കോംഗോ ഗോത്രം
  8. കെച്ച്വാൻ ഗോത്രം
  9. കാർട്‌വേലിയൻ ഗോത്രം
  10. ജാപോണിക് ഗോത്രം

ഇതിൽ ചില ഭാഷാകുടുംബങ്ങൾ വളരെ വിശാലമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു. ഇന്തോ-യൂറോപ്യൻ ആണ് ഒരു പ്രമുഖ ഉദാഹരണം. അതേസമയം തെക്കൻ ആഫ്രിക്ക, കോക്കസസ്, ഓസ്‌ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിൽ അനേകം ചെറിയ ഭാഷാഗോത്രങ്ങളെയും ഒറ്റപ്പെട്ട ഭാഷകളെയും (isolates) കാണാൻ കഴിയും.

ബുഷ്മാൻ

തിരുത്തുക

ദക്ഷിണാഫ്രിക്കയിലെ ആരേഞ്ജ് നദി മുതൽ നഗാമീതടാകം വരെയുള്ള പ്രദേശത്ത് താമസിക്കുന്ന വർഗ്ഗക്കാരായ ബുഷ്മാൻ വർഗ്ഗക്കാർ സംസാരിക്കുന്ന ഭാഷയാണ്‌ ബുഷ്മാൻ ഭാഷ. ഭിന്ന വർഗ്ഗങ്ങളായി വേർപിരിഞ്ഞ് താമസിക്കുന്ന ഇവരുടെ ഭാഷകളും ഉപ ഭാഷകളും അനേകങ്ങളാണ്‌. ഈ ഭാഷകളെല്ലാം ഒരേ ഗോത്രത്തില്പ്പെട്ട ഭാഷയല്ല എന്ന അഭിപ്രായവും നിലവിലുണ്ട്. ഈ ഭാഷകൾ ബാണ്ടു, സുഡാൻ വർഗങ്ങളില്പ്പെട്ട ഭാഷകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അന്ത:സ്ഫോടരൂപമായ ധ്വനികൾ ഈ ഭാഷകളുടെ സവിശേഷതകളാണ്‌. സാധാരണയായി ഈ ഭാഷയിൽ; ഭാഷാധ്വനികളോടൊപ്പം ശ്വാസവായുവിനെ പുറന്തള്ളിക്കൊണ്ട് ശബ്ദതരംഗങ്ങൾ ഉണ്ടാക്കുകയാണ്‌ ചെയ്യുന്നത്. സചേതനം അചേതനം എന്ന വിഭജനത്തെ ആസ്പദമാക്കിയാണ്‌ ഈ ഭാഷയിൽ ലിംഗഭേദം കുറിക്കുന്നത്. ബഹുവചനരൂപമുണ്ടാക്കാൻ ഈ ഭാഷയിൽ പ്രത്യേക നിയമങ്ങൾ ഒന്നും തന്നെയില്ല. പ്രായോഗിക പരിശീലനം കൊണ്ട് മാത്രമേ ഇതിൽ ബഹുവചനം പ്രയോഗിക്കാൻ കഴിയുകയുള്ളൂ. ജപ്പാനീസ് ഭാഷയിലെപ്പോലെ നാമങ്ങൾ ആവർത്തിച്ച് പ്രയോഗിച്ച് ബഹുവചനാർത്ഥം കുറിക്കുന്നു.

ബാണ്ടൂഗോത്രം

തിരുത്തുക

ദക്ഷിണാഫ്രിക്ക, മധ്യ ആഫ്രിക്ക എന്നീ പ്രദേശങ്ങളിലും സാൻസിബാർ ദ്വീപിലും ഈ ഗോത്രത്തില്പ്പെട്ട ഭാഷകൾ പ്രചാരത്തിലുണ്ട്. സാൻസിബാർ ദ്വീപിലെ സ്വാഹിലി എന്ന ഭാഷയ്ക്ക് മാത്രമേ സാഹിത്യരൂപമുള്ളൂ. മറ്റുള്ള ഭാഷകൾ വാമൊഴിയായി പ്രചാരത്തിലിരിക്കുന്നവയാണ്‌. കൂട്ടക്ഷരങ്ങൾ ഇല്ലാത്ത ഈ ഭാഷകളിലെ പദങ്ങൾ കൂടുതലും സ്വരാന്തരങ്ങളാണ്‌. ഈ വർഗ്ഗത്തില്പ്പെട്ട ഭാഷകളിൽ ഉപസർഗ്ഗങ്ങൾ കൊണ്ട് പദങ്ങൾ നിർമ്മിക്കപ്പെടുന്നു. ഈ ഭാഷയിൽ ലിംഗഭേദം കുറിക്കുന്ന വിഭാഗം ഇല്ല. ചില പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ബാണ്ടു വർഗ്ഗഭാഷകളിൽ അന്ത:സ്ഫോടരൂപമായ ധ്വനികളുള്ള പദങ്ങളും കാണാൻ കഴിയും.

സുഡാൻവർഗ്ഗം

തിരുത്തുക

ഏഴു ഭാഷകളുടെ ഒരു വർഗ്ഗമാണിത് എന്ന് W.Smith കണ്ടെത്തുന്നതുവരെ ഇത് ഒരു ഭാഷാ ഗോത്രമാണെന്നായിരുന്നു കരുതിയിരുന്നത്. ആഫ്രിക്കയിൽ ഭൂമധ്യരേഖയ്ക്ക് വടക്ക്, ഹെമറ്റിക് ഗോത്രത്തിന്‌ തെക്ക്, കിഴ്ക്ക് പടിഞ്ഞാറായി വീതി കുറഞ്ഞ ഒരു പ്രദേശത്താണ്‌ ഈ വർഗ്ഗത്തില്പ്പെട്ട ഭാഷകൾ പ്രചരിച്ചിട്ടുള്ളത്. ഇവയിൽ ചിലതിന്‌ സ്വന്തമായി ലിപിപോലും ഇല്ല. ബാണ്ഡു ഗോത്രവുമായി ഇവയ്ക്ക് വളരെയധികം സാമ്യത കാണപ്പെടുന്നു. ചൈനീസ്ഭാഷ പോലെ ഈ വർഗ്ഗത്തില്പ്പെട്ട ഭാഷകൾ വിയോഗാത്മങ്ങളാണ്‌. ഇവയിൽ ഏകാക്ഷരങ്ങളാണ്‌. കൂടാതെ വിഭക്തികൾ തീരെയില്ല എന്ന പ്രത്യേകതയും ഉണ്ട്. അതിലുപരിയായി ഇവയിൽ വ്യാകരണവും ഇല്ല. സമൂഹ സൂചിക ശബ്ദങ്ങൾ ബഹുവചനത്തിന്റെ ധർമ്മം അനുഷ്ഠിക്കുന്നതിനാൽ ഇവയിൽ ബഹുവചനത്തിന്റെ പ്രയോഗരീതിയും നിലവിലില്ല. ലിംഗവിഭാഗവും ഇതുപോലെയാണ്‌. ഗതി എന്നൊരു വിഭാഗം ശബ്ദങ്ങളിൽ ഇല്ലാത്തതിനാൽ സങ്കീർണ്ണവാക്യങ്ങളോ മഹാവാക്യങ്ങളോ ഇല്ല. ചൈനീസ് ഭാഷകളിലേപ്പോലെ ഈ ഭാഷകളിലും ഉച്ചാരണരീതിയുടെ ഭേദം കൊണ്ട് അർത്ഥതലത്തിൽ വലിയ വ്യത്യാസം ഉണ്ടാകുന്നു.

ഹെമറ്റിക് ഗോത്രം

തിരുത്തുക

ഉത്തരാഫ്രിക്ക മുഴുവനും മറ്റു ചില ആഫ്രിക്കൻ പ്രദേശങ്ങളിലും ഈ ഗോത്രത്തില്പ്പെട്ട ഭാഷയ്ക്ക് പ്രചാരമുണ്ട്. ബൈബിളിലെ പുരാണ കഥ അനുസരിച്ച് നോഹയുടെ രണ്ടാമത്തെ പുത്രനായ ഹാം ചില ആഫ്രിക്കൻ വംശജരുടെ ആദിപുരുഷനായി ഗണിക്കപ്പെടുന്നു. ഹാം എന്ന പേരുമായി ബന്ധപ്പെടുത്തിയാണ്‌ ഈ ഗോത്രത്തിന്‌ ഹെമറ്റിക് ഗോത്രം എന്ന പേര്‌ വന്നതെന്ന് കരുതപ്പെടുന്നു. ഈ ഗോത്രത്തിലെ ഭാഷകളുടെ പ്രചാരം കുറഞ്ഞതോടെ സെമറ്റിക് ഗോത്രഭാഷകൾ ഈ ഭാഷകളുടെ സ്ഥാനത്ത് കടന്നുകൂടിയിട്ടുണ്ട്. ഹെമറ്റിക് ഗോത്രത്തിലെ ഭാഷകളിൽ മതഗ്രന്ഥങ്ങളും ശിലാലേഖനങ്ങളും വളരെയധികമുണ്ട്. ഹെമറ്റിക് ഗോത്രത്തില്പ്പെട്ട ഭാഷകളിൽ കൂടുതലും വിയോഗാത്മങ്ങളാണ്‌. നാമങ്ങളോട് പ്രത്യയങ്ങൾ മാത്രം ചേരുന്നു. ഉപസർഗ്ഗങ്ങളും പ്രത്യയങ്ങളും ക്രിയയുടെ രചനയ്ക്ക് ഉപയോഗിക്കുന്നുമുണ്ട്. സ്വരശബ്ദം കൊണ്ട് തന്നെ അർത്ഥതലത്തിൽ സാരമായ പരിവർത്തനം ഈ ഭാഷയിൽ കാണാം. ക്രിയയുടെ കാലഭേദം കുറിയ്ക്കുന്നതിലേയ്ക്കായി കാലസൂചകങ്ങളായ മറ്റ് പദങ്ങൾ ഉപയോഗിക്കുന്നു.

സെമെറ്റിക് ഗോത്രം

തിരുത്തുക

നോഹയുടെ മൂത്തമകനായ സോം തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ ജനങ്ങളുടെ ആദിപുരുഷനായി കരുതപ്പെടുന്നതിനാൽ ഈ ഭാഷാ ഗോത്രത്തിന്‌ സെമറ്റിക് ഗോത്രം എന്ന പേരുവന്നതായി കണക്കാക്കപ്പെടുന്നു. ഈ ഗോത്രത്തില്പ്പെട്ട അറബിഭാഷ ഉത്തരാഫ്രിക്കയിൽ വളരെയധികം പ്രചാരം നേടിയിട്ടുള്ള ഭാഷയാണ്‌. അതിനാൽ ആഫ്രിക്കാ ഭൂഖണ്ഡത്തിലെ ഭാഷകളുടെ കൂട്ടത്തിലും ഈ ഭാഷയെ പരിഗണിക്കുന്നു. സെമിറ്റിക്, ഹെമിറ്റിക് എന്നീ ഗോത്രങ്ങളിലെ ഭാഷകളിൽ അടിസ്ഥാനപരമായി പല കാര്യങ്ങളിലും സാമ്യം കാണപ്പെടുന്നതിനാൽ ഇവ രണ്ട് ഗോത്രങ്ങളല്ല എന്നും അവ ർണ്ടും ഒരേ ഗോത്രഭാഷയാണ്‌ എന്നും വാദിക്കുന്ന പണ്ഡിതന്മാരുമുണ്ട്.

  • രണ്ട് ഗോത്രങ്ങളിലേയും ഭാഷകൾ സം‌യോഗാത്മങ്ങളും അന്തർമുഖികളുമാണ്‌. സ്വരം എന്ന ശബ്ദത്താൽ തന്നെ അർത്ഥതലത്തിൽ വളരെയധികം വ്യത്യാസം ഉണ്ടാക്കാൻ ഈ രണ്ട് ഗോത്രങ്ങളിലേയും ഭാഷകൾക്ക് കഴിയും.
  • ആഫ്രിക്കയിലെ ചില ഭാഷകളേപ്പോലെ ഈ ഗോത്രങ്ങളില്പ്പെടുന്ന ഭാഷകൾക്ക് ക്രിയയുടെ കാലഭേദത്തിന്‌ പ്രാധാന്യം കാണപ്പെടുന്നില്ല.
  • ബഹുവചനരൂപത്തിന്‌ രണ്ട് ഗോത്രങ്ങളില്പ്പെടുന്ന ഭാഷകളും ഉപയോഗിക്കുന്ന പ്രത്യയങ്ങൾ സാമ്യമുള്ളവയാണ്‌.
  • രണ്ട് ഗോത്രങ്ങളിലും സ്ത്രീലിംഗ സൂചനകൾ തകാര ധ്വനിയാണ്‌. കൂടാതെ പ്രകൃതിസിദ്ധമായ സ്ത്രീ-പുരുഷ ഭേദമല്ല ഈ ഗോത്രഭാഷകളിൽ ലിംഗഭേദത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്.
  • രണ്ട് ഗോത്രങ്ങളിലും സർവനാമങ്ങളുടെ ഉത്പത്തി ഒരേ രൂപങ്ങളിൽ നിന്നുമാണ്‌.

ഈ കാരണങ്ങളാൽ സെമിറ്റിക് ഗോത്രവും ഹെമിറ്റിക് ഗോത്രവും ഒന്നാണെന്ന് വാദിക്കുന്നത്. ഈ കാരണങ്ങൾ ഉണ്ട് എങ്കിലും ചില പ്രകടമായ വ്യത്യാസം രണ്ട് ഗോത്രങ്ങളിലേയും ഭാഷകൾക്കുണ്ട്.

സെമിറ്റിക് ഗോത്രത്തിലേയും ഹെമിറ്റിക് ഗോത്രത്തിലേയും ഭാഷകളുടെ വ്യത്യാസങ്ങൾ
സെമിറ്റിക് ഗോത്രം ഹെമിറ്റിക് ഗോത്രം
ക്രിയാധാതുക്കളിൽ കൂടുതലും മൂന്ന് വ്യഞ്ജനങ്ങൾ ചേർന്നുണ്ടായവയാണ്‌. ഇങ്ങനെ കാണപ്പെടുന്നില്ല.
ക്രിയാധാതുക്കളുടെ വ്യഞ്ജനങ്ങളിൽ സ്വരങ്ങൾ ചേർത്ത് പദങ്ങൾ നിർമ്മിക്കുന്നു. ഇങ്ങനെ കാണുന്നില്ല
സ്വരങ്ങൾ ചേർത്ത് അർത്ഥം പ്രകടിപ്പിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഉപസർഗ്ഗമോ പ്രത്യയമോ ചേർക്കുന്നു. ഈ സമ്പ്രദായം ഇല്ല.
സംജ്ഞാനാമങ്ങൾക്കുമാത്രമേ സമാസം കാണപ്പെടുന്നുള്ളൂ. ഈ രീതി ഉപയോഗിക്കുന്നില്ല.
സ്ത്രീലിംഗങ്ങളായ തകാരങ്ങൾ അതിഖരമായോ ഹകാരമായോ ഉപയോഗിക്കുന്നു. തകാരമായി ഉപയോഗിക്കുന്നു.
കർത്താവ്, കർമ്മം, സം‌ബന്ധം എന്നിവയേയും ദ്വിവചനം, ബഹുവചനം എന്നിവയേയും സൂചിപ്പിക്കാൻ പ്രത്യയം ഉപയോഗിക്കുന്നു. ക്രിയാരൂപത്തിൽ മാത്രമേ പ്രത്യയങ്ങൾ ചേർക്കുന്നുള്ളൂ.

സെമിറ്റിക് ഗോത്രത്തില്പ്പെട്ട വിവിധ ശാഖകൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമേ പ്രകടമാക്കുന്നുള്ളൂ. ഈ കൂട്ടത്തില്പ്പെടുന്ന അറബി ഭാഷ വളരെയധികം സമ്പന്നമാണ്‌. ജ്യോതിഷം, ഗണിതം, മതം, സാഹിത്യം തുടാങ്ങിയ മേഖലകളിൽ വളരെയധികം ഗ്രന്ഥങ്ങൾ അറബി ഭാഷയിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഫാർസി, തുർക്കി ഭാഷ, ഉർദു, ഹിന്ദി, ബംഗാളി, മറാത്തി, ഗുജറാത്തി തുടങ്ങിയ ഭാഷകളിലെല്ലാം അറബി ഭ്ജാഷയുടെ സ്വാധീനം വളരെയധികം പ്രകടമാണ്‌.

കാകേഷ്യസ് ഗോത്രം

തിരുത്തുക

കരിങ്കടലിനും കാസ്പിയൻ കടലിനും മദ്ധ്യത്തിലുള്ള കാകേഷ്യസ് പർവ്വതപ്രദേശാങ്ങളാണ്‌ ഈ ഗോത്രത്തിലെ ഭാഷകളൂടെ പ്രചാരഭൂമി. വാമൊഴി രൂപത്തിൽ ഒട്ടേറെ ഭാഷകൾ ഇ ഗോത്രത്തിൽ നിന്നും രൂപം കൊണ്ടിട്ടുണ്ട്. എന്നിരുന്നാലും ഇങ്ങനെ പുതിയതായി രൂപം കൊണ്ടിട്ടുള്ള ഭാഷകൾ ഒരു ഗോത്രത്തിൽ പെടുന്നവയല്ല എന്നാണ്‌ പണ്ഡിതമതം. അവതമ്മിലുള്ള വ്യത്യാസങ്ങളാണ്‌ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

  • ഒറ്റനോട്ടത്തിൽ വിയോഗാത്മകഭാഷയാണെന്നും വിഭക്തിപ്രധാനങ്ങളാണെന്നും തോന്നിക്കുന്ന ഈ ഭാഷകൾ സം‌യോഗാത്മങ്ങളാണ്‌. ഇവയിൽ പ്രത്യയങ്ങളും ഉപസർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
  • ഈ ഗോത്രത്തില്പ്പെട്ട വടക്ക്ൻ പ്രദേശങ്ങളിലെ ഭാഷകളിൽ സ്വരങ്ങൾ കുറവാണ്‌.
  • ഈ ഗോതത്തിലെ ഭാഷകളിലെല്ലം പദരചന പ്രയാസമുള്ള കാര്യമാണ്‌.െങ്കിലും ചില മൊഴികളിൽ നാമങ്ങൾക്ക് മുപ്പത് (30) വിഭക്തികള്വരെ കാണപ്പെടുന്നുണ്ട്.
  • ചില മൊഴികളിൽ ആറ് (6) ലിംഗങ്ങൾ വരെ പ്രയോഗിക്കുന്നുണ്ട്.
  • ക്രിയകളിൽ, സർവനാമങ്ങൾ ചേർന്ന് രൂപസിദ്ധിയുണ്ടാക്കുന്ന സമ്പ്രദായവും നിവിലുണ്ട്.
  • ക്രിയകളുടെ രൂപനിഷ്പത്തി ഈ ഗോത്രത്തിലെ എല്ലാ ഭാഷകൾക്കും ജടിലമാണ്‌.

യൂറാൾ - അൾടായിക് ഗോത്രം

തിരുത്തുക

ഫിനോ - താതാറിക്, സിഥിയൻ എന്നീ പേരുകളിലും ഈ ഗോത്രം അറിയപ്പെടുന്നു. മധ്യധരണ്യാഴി മുതൽ ഉത്തരധ്രുവം വരേയും, ടർക്കി, ഹംഗറി, ഫിൻലന്റ് മുതൽ കിഴക്കോട്ട് ഓഖോത്സ്ക് വരേയും ഈ ഗോത്രത്തിലെ ഭാഷകൾ പ്രചരിച്ചിരിക്കുന്നു. പ്രചാര പരിധിയുടെ വിസ്തൃതി കണക്കാക്കിയാൽ ഭാരോപീയഗോത്രം മാത്രമാണ്‌ ഈ ഗോത്രത്തിനു മുന്നിൽ നിൽക്കുന്നത്. ഈ ഗോത്രത്തിലെ ഭാഷകൾക്ക് പരസ്പരം ഉള്ള വൈജാത്യങ്ങൾ കാരണം ഇവയെ യൂറാൾ ഗോത്രമെന്നും അൾടായിക് ഗോത്രമെന്നും രണ്ടായി തരം തിരിക്കാമെന്നാണ്‌ പണ്ഡിതമതം. ശബ്ദാവലി, സ്വനിമം, ധാതുക്കൾ എന്നിവയുടെ കാര്യത്തിൽ വ്യത്യാസങ്ങൾ പ്രകടമാണെങ്കിലും വ്യാകരണദൃഷ്ട്യാ ഇവയെല്ലാം ഒരേ ഗോത്രഭാഷയാണെന്നുകാണാം.

  • യൂറാൾ, അൾടായിക് ഗോത്രങ്ങളിലെ ഭാഷകൾ സം‌യോഗാത്മങ്ങളാണ്. ഇവയിൽ ധാതുരൂപത്തിനോട് പ്രത്യയങ്ങൾ ചേർത്ത് പദങ്ങൾ നിർമ്മിക്കുന്നു. ഒരു പദത്തിന്‌ ഒന്നിലേറെ പ്രത്യയങ്ങൾ ചേർക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
  • ഈ ഗോത്രത്തിലെ ഭാഷകളിലെല്ലാം ധാതുക്കൾ അവ്യയങ്ങളെപ്പോലെയാണ്‌. അവയ്ക്ക് രൂപഭേദങ്ങൾ ഉണ്ടാകുതേയില്ല.
  • ഈ ഗോത്രങ്ങളിലെ ഭാഷകളിൽ സംബന്ധവാചക സർവനാമം പ്രത്യയങ്ങളായി നാമങ്ങളോട് ചേർത്ത് ഉപയോഗിക്കുന്നു.
  • സ്വരങ്ങളുടെ സാമ്യത; ധാതുവിനോട് ചേർക്കുന്ന പ്രത്യയങ്ങളുടെ കാര്യത്തിൽ ഈ സാമ്യം വളരെ പ്രകടമായി കാണാൻ സാധിക്കും.

ഫിന്നിഷ് ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള , 16-ആം നൂറ്റാണ്ടുമുതലുള്ള മികച്ച കൃതികൾ ലഭിച്ചിട്ടുണ്ട്. ഹംഗറിയിലെ മഗിയാർ ഗോത്രക്കാർ ഈ ഭാഷയാണ്‌ ഉപയോഗിച്ചുവരുന്നത്. തുർക്കിഭാഷയുടെ സ്വാധീനം അറബി, ഫാർസി എന്നീ ഭാഷകളിൽ ഉള്ളതുപോലെതന്നെ, ഇത്തരം ഭാഷകളുടെ സ്വാധീനം തുർക്കിഭാഷയിലും പ്രകടമാണ്‌.

ഏകാക്ഷരഗോത്രം

തിരുത്തുക

ഈ ഗോത്രത്തിലെ പ്രധാനഭാഷ ചൈനീസ് ആയതിനാൽ ഈ ഗോത്രം ചൈനീസ് ഗോത്രം എന്നും അറിയപ്പെടുന്നു. ഈ വർഗ്ഗത്തില്പ്പെട്ട ഭാഷകൾ ചൈന, സയാം, തിബെത്ത്, മ്യാൻമാർ എന്നീ പ്രദേശങ്ങളിൽ പ്രചരിച്ചിരിക്കുന്നു. ഭാരോപീയഗോത്രം ഒഴിച്ചു നിർത്തിയാൽ, ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ഈ ഗോത്രത്തിലെ ഭാഷകളാണെന്നു കാണാം.

ഈ ഗോത്രത്തിലെ ഭാഷകളുടെ മുഖ്യമായ ലക്ഷണങ്ങൾ ഇന്ന് ചൈനീസ് ഭാഷയിൽ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. ആര്യഗോത്രത്തിന്റേയും മറ്റ് ഗോത്രങ്ങളിലെ ഭാഷകളുടേയും സ്വാധീനം ഈ ഗോത്രത്തലെ മറ്റ് ഭാഷകളിൽ വളരെയധികം കാണാൻ സാധിക്കുന്നതാണ്‌. ആധുനിക ചൈനീസ് ഭാഷയിലും മറ്റ് ഗോത്രങ്ങളിലെ ഭാഷകളുടെ സ്വാധീനം കാണുവാൻ കഴിയും. എങ്കിലും പ്രാചീന ചൈനീസ് ഭാഷയിൽ ഈ ഗോത്രത്തിന്റെ സവിശേഷതകൾ വളരെയധികം ഉണ്ട്. ക്രി.മു.5-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൺഫ്യൂഷ്യസ്; ക്രി.മു. മൂവായിരത്തോളം (3,000)വർഷം പഴക്കമുള്ള ചൈനീസ് സാഹിത്യ ഗ്രന്ഥങ്ങൾ സമാഹരിക്കുകയും അവയിൽ അക്കാലത്ത് പ്രചാരത്തിലിരുന്ന ഭാഷയ്ക്ക് അനുസരിച്ച് ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു എന്ന് കരുതപ്പെടുന്നു. എങ്കിലും പദ്യങ്ങളിലെ അന്ത്യാനുപ്രാസം തുടങ്ങിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രാചീന ചൈനീസ് ഭാഷയുടെ രൂപവും ഉച്ചാരണവും അനുമാനിക്കാൻ കഴിയും. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് ലഭ്യമായിട്ടുള്ള പ്രാചീന ഭാഷാരൂപം; ആധുനിക ചൈനീസ് ഭാഷയിൽ നിന്നും ഏറെ വ്യത്യാസപ്പെട്ടിട്ടില്ല എന്നും അനുമാനിക്കാം. അതിസൂക്ഷ്മങ്ങളായ ആശയങ്ങൾ പോലും പ്രകടിപ്പിക്കുന്നതിന്‌ ചൈനീസ് ഭാഷപോലെ വേറൊരു ഭാഷ ഇല്ലെന്നു കരുതുന്നു.

  • ഈ ഗോത്രത്തിലെ ഭാഷകൾ വിയോഗാത്മകങ്ങളാണ്‌. ഇതിലെ ഒരു വാക്യത്തിന്‌ ശബ്ദങ്ങളുടെ പരസ്പര ബന്ധം കുറിയ്ക്കുന്നത് പദങ്ങളുടെ സ്ഥാനം മൂലമാണ്‌. അതിനാൽ വാക്യത്തിൽ ശബ്ദങ്ങളുടെ സ്ഥാനത്തിന്‌ വളരെയധികം പ്രാധാന്യമുണ്ട്.
  • ഓരോ ശബ്ദവും ഓരോ അക്ഷമാണ്‌. ഇവയെല്ലാം അവ്യങ്ങളാണ്‌. ഒരു ശബ്ദത്തിനും രൂപമാറ്റം ഉണ്ടാകുന്നില്ല. ചൈനീസ് അക്ഷരമാലയിൽ അഞ്ഞൂറിനും (500) ആയിരത്തിനുമിടയിൽ (1,000) ഏകാക്ഷര ശബ്ദങ്ങൾ പ്രചാരത്തിലുണ്ട്.
  • ഒരേ ശബ്ദത്തിന്‌ സ്വരഭേദം കൊണ്ട് വിവിധങ്ങളായ അർത്ഥം പ്രകടിപ്പിക്കുന്നതിന്‌ കഴിയുന്ന ഭാഷഗോത്രമാണിത്. പ്രധാനമായും നാല്‌ (4) സ്വരങ്ങാൽ മാത്രമേ ഈ ഭാഷയിലുള്ളൂ എങ്കിലും ചില ഉപഭാഷകളിലും മൊഴിഭേദങ്ങളിലും ഇതിന്‌ ഏറ്റക്കുറച്ചിലുകൾ ഉണ്ട്.
  • ഈ ഭാഷകൾക്ക് സുനിശ്ചിതമായ വ്യാകരണ നിയമങ്ങളില്ല. ഒരേ ശബ്ദം സന്ദർഭത്തിനനുസരിച്ച് നാമമോ, ക്രിയയോ, വിശേഷണമായോ ഉപയോഗിക്കുന്നു.
  • പദങ്ങളുടെ സ്ഥാനം മൂലം യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് പറയാൻ കഴിയാതെ വരുമ്പോൾ അക്ഷരങ്ങൾക്ക് സഹായകമായി ചില സഹായക ശബ്ദങ്ങൾ ഉപയോഗിക്കാറുണ്ട്. അതിനാൾ ഈ ഗോത്രത്തിലെ ഭാഷകളെ നിപാതപ്രധാനങ്ങൾ എന്നുവിളിക്കുന്നു.
  • അനുനാസിക ധ്വനികളുടെ കൂടുതൽ ഈ ഗോതത്തില്പ്പെട്ട ഭാഷകളിൽ എടുത്തുപറയത്തക്ക സവിശേഷതയാണ്‌.

ദ്രാവിഡഗോത്രം

തിരുത്തുക

തമിഴ് കുടുംബം എന്നുകുടി പേരുള്ള ഈ ഭാഷാകുടുബത്തിലെ ഭാഷകൾ; ദക്ഷിണ ഭാരതത്തിലെ നർമ്മദ, ഗോദാവരി എന്നീ നദീതടങ്ങളിൽ തുടങ്ങി കന്യാകുമാരിമുനമ്പ് വരെ പ്രചരിച്ചിരിക്കുന്നു. കൂടാതെ ഉത്തരലങ്ക, ലക്ഷദ്വീപുകൾ, മധ്യഭാരതം, ബലൂചിസ്ഥാൻ, ബീഹാർ, ഒറീസ്സ തുടങ്ങിയ പ്രദേശങ്ങളിലും ഈ ഗോത്രത്തിലെ ഭാഷകൾ സംസാരിക്കുന്നവരുണ്ട്.

വാക്യങ്ങളുടെ ഘടന, സ്വരങ്ങളുടെ കടിച്ചേരൽ എന്നീ കാര്യങ്ങളിൽ യൂറാൾ - അൾടായിക് ഗോത്രത്തിലെ ഭാഷകളോട് വളരെയധികം സാമ്യത കാണുന്നു. W.Smith ഈ ഗോത്രത്തെ ഓസ്ട്രേലിയൻ ഭാഷകളുമായി സാമ്യപ്പെടുത്തി. അതി പുരാതനകാലത്ത് ഭാരതം, മഡഗാസ്കർ, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങൾ ചെറിയ ദ്വീപുകളാൽ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. മോഹൻ -ജൊ- ദാരോയിലെ ഉത്ഖനനത്തിൽ നിന്നും ലഭിച്ചിട്ടുള്ള വസ്തുതകളുടെ പരിശോധനയിൽ ഈ ഗോത്രത്തിന്‌ പ്രസ്തുത സംസ്കാരവുമായി ബന്ധമുണ്ടായിരുന്നു എന്നും തെളിവ് ലഭിച്ചിട്ടുണ്ട്.

 
ദ്രാവിഡ ഗോത്രത്തിലെ ഭാഷകൾ
  • ധാതുവിലോ ശബ്ദത്തിലോ മേൽക്കുമേൽ പ്രത്യയങ്ങൾ ചേരുന്നു.
  • ചേരുന്ന പ്രത്യയങ്ങളെല്ലാം വ്യക്തവും അവ ശബ്ദത്തിന്‌ മാറ്റം വരുത്തുന്നുമില്ല.
  • എത്ര പദങ്ങളെ വേണമെങ്കിലും സമാസിപ്പിച്ച് നീളമുള്ള ശബ്ദങ്ങളുണ്ടാക്കാൻ സാധിക്കുന്നു.
  • വ്യഞ്ജനാന്തപദങ്ങളുടെ അന്ത്യത്തിൽ സ്പഷ്ടതയ്ക്കായി സംവൃത ഉ കാരം ചേർക്കുന്നു. പക്ഷേ, ഈ ഗോത്രത്തിലെ ചില ഭാഷകളിൽ ഉകാരം എഴുത്തിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. മറ്റുചില ഭാഷകളിൽ എഴുത്തിലും ഉച്ചാരണത്തിലും ഉകാരം ചേർക്കുന്നുണ്ട്.
  • യൂറാൾ - അൾടായി ഗോത്രത്തിലേപ്പോലെ ഈ ഗോത്രത്തിലെ ഭാഷകളിലും സ്വരങ്ങളുടെ അനുരൂപത കാണപ്പെടുന്നു.
  • ഘോഷാക്ഷരങ്ങളിൽ തുടങ്ങുന്ന പദങ്ങൾ ഈ ഗോത്രത്തിലെ ഭാഷകളിൽ കുറവാണ്‌. മറ്റൊരു അനുനാസികത്തിന്റേയോ വ്യഞ്ജനത്തിന്റേയോ പിന്നാലെയാണ്‌ ഘോഷാക്ഷരങ്ങൾ കാണപ്പെടുന്നത്. തമിഴിൽ ഈ നിയമം സാർവത്രികമായും മറ്റ് ഭാഷകളിൽ വളരെ കുറച്ചും ഈ നിയമം പാലിക്കപ്പെടുന്നു.
  • മൂർദ്ധന്യ ധ്വനികൾക്കുള്ള പ്രാധാന്യം ഈ ഗോത്രത്തിലെ ഭാഷകളിൽ കാണുന്ന പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ്‌.
  • ഈ ഗോത്രത്തിലെ ഭാഷകളിൽ രണ്ട് വചനങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളൂ. ബഹുവചനരൂപം ഉണ്ടാക്കുന്നതിനായി പ്രത്യയം ചേർക്കുന്നു. കൂടാതെ ഉത്തമപുരുഷസർവനാമത്തിന്റെ ബഹുവചനത്തിന്‌ രണ്ട് രൂപങ്ങൾ കാണപ്പെടുന്നു. ശ്രോതാവിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബഹുവചനരൂപം ദ്രാവിഡഭാഷാഗോത്രത്തിൽ കാണാം. ഭാരോപീയഗോത്രത്തിലേപ്പോലെ, ദ്രവിഡഗോത്രത്തിലെ ഭാഷകളിൽ പത്ത് (10) എന്നതിനെ ഒരു ഏകകമായി സ്വീകരിച്ചിരിക്കുന്നു.
  • പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നിങ്ങനെ ലിംഗങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. നാമങ്ങളിലും വിശേഷണങ്ങളിലും പുംസ്ത്രീലിംഗങ്ങളെ സൂചിപ്പിക്കുന്നതിന്‌, പ്രഥമപുരുഷസർവനാമത്തിലെ പുംസ്ത്രീലിംഗ രൂപങ്ങൾ ചേർക്കുന്നു.
  • നാമങ്ങളെ സചേതനം, അചേതനം എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ചില നാമങ്ങൾ ക്രിയയ്ക്ക് പകരമായും ഉപയോഗിക്കുന്നുണ്ട്.
  • ക്രിയകളിൽ പുരുഷവാചക സർവനാമങ്ങൾ ചേർക്കുന്ന സമ്പ്രദായവും ഈ ഗോത്രത്തിൽ ഭാഷകൾക്കുണ്ട്. കർമ്മണിപ്രയോഗത്തിന്‌ അനുപ്രയോഗ ധാതുക്കൾ ഉപയോഗിക്കുന്നു. കൂടാതെ കൃത്തുക്കളും ധാരാളമായി ഈ ഗോത്രത്തില്പ്പെട്ട ഭാഷകളിൽ ഉപയോഗിക്കുന്നതായി കാണാം.
പ്രധാന ലേഖനം: തമിഴ്

ദക്ഷിണഭാരതത്തിന്റെ കിഴക്കൻ തീരത്ത് ചെന്നൈ നഗരത്തിന്റെ വടക്കുഭാഗം മുതൽ കന്യാകുമാരി മുനമ്പ് വരേയും, ലങ്കയുടെ ഉത്തരഭാഗത്തും സാർവത്രികമായി തമിഴ്ഭാഷയാണ്‌ ഉപയോഗിക്കുന്നത്. ഈ ഗോത്രത്തിലെ ഏറ്റവും പ്രധാനഭാഷയും തമിഴാണ്‌. ഈ ഭാഷയിൽ നിന്നും ഏഴാം നൂറ്റാണ്ടുമുതൽക്കുള്ള സാഹിത്യസൃഷ്ടികൾ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ കമ്പരാമായണം. ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളോട് സമമായി നിൽക്കുന്ന ഒരു ഭാഷയുമാണ്‌ തമിഴ്ഭാഷ. സംസ്കൃതപബങ്ങളാൽ സമ്പുഷ്ടമായ ചെന്തമിഴ് എന്നും, ഗ്രാമീണ ജനത്യുടെ ഭാഷയായ കൊടുംതമിഴ് എന്നും രണ്ട് വിഭാഗങ്ങൾ തമിഴ്ഭാഷയ്ക്കുണ്ട്. കൂടാതെ മണിപ്രവാളശൈലിയും ചെന്തമിഴ് എന്ന തമിഴ്ഭാഷാവിഭാഗത്തിലുണ്ട്.

പ്രധാന ലേഖനം: കന്നട

ദ്രാവിഡഭാഷകളിൽ കന്നടയാണ്‌ അതിപ്രാചീനഭാഷയെന്ന് കരുതപ്പെടുന്നു. കുർഗിന്റെ കിഴക്കുഭാഗമൊഴികെയുള്ള മൈസൂർ, മദ്രാസ്പ്രവിശ്യയുടെ പടിഞ്ഞാറുഭാഗം, ഹൈദരാബാദ്, മുംബൈയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കന്നട ഭാഷ പ്രചാരത്തിലിരിക്കുന്നു. ഭാഷയ്ക്ക് തമിഴിനോടും ലിപിയ്ക്ക് തെലുഗിനോടും സാമ്യതയുണ്ട്. നാല്‌, അഞ്ച് നൂറ്റാണ്ടുകളിലുള്ള ലിഖിതങ്ങൾ ഈ ഭാഷയുടെ പ്രാചീനതയ്ക്ക് തെളിവായി ലഭിച്ചിട്ടുണ്ട്.

പ്രധാന ലേഖനം: തുളു

ബോംബേ പ്രവിശ്യയുടെ അതിർത്തി, കൂർഗ് തുടങ്ങിയ പരിമിതമായ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയാണ്‌. ഈ ഭാഷാവിഭാഗത്തിൽ സാഹിത്യസൃഷ്ടികൾ ഇല്ല. വികാസപരിണാമങ്ങളുടെ കാര്യത്തിൽ ലോകഭാഷകളിൽ ഉന്നതസ്ഥാനം അർഹിക്കുന്നതാണ്‌ തുളുഭാഷ എന്ന് കാഡ്വൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കോരേഗാ, ബേലരാ എന്നിങ്ങനെ മോഴിഭേദങ്ങളും ഈ ഭാഷയ്ക്കുണ്ട്.

പ്രധാന ലേഖനം: കൊഡഗു

കൂർഗിലെ ഭാഷയാണ്‌ കൊഡക് എന്നറിയപ്പെടുന്നത്. കുർഗീ എന്നും ഈ ഭാഷ അറിയപ്പെടുന്നു. കന്നഡം, തുളു എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷകളിൽ കാണുവാൻ സാധിക്കുന്നതാണ്‌. അതിനാൽ അവയുടെ അന്തരാള ഭാഷയായി കൊഡഗ് ഭാഷയെ പരിഗണിച്ചുവരുന്നു. ചില ഭാഷാപണ്ഡിതർ ഇതിനെ കന്നഡഭാഷയുടെ മൊഴിഭേദമായും കരുതുന്നു.

പ്രധാന ലേഖനം: ടോഡ

നീലഗിരിയിലെ ഗോത്രവർഗ്ഗത്തിന്റെ ഭാഷയാണ്‌ ടോഡാ. ഗോത്രവർഗ്ഗക്കാരുടെ സംഖ്യ ദിനം പ്രതി കുറയുന്നതിനാൽ ഈ ഭാഷ കാലാന്തരത്തിൽ നാമാവശേഷമാകാൻ സാധ്യതയുണ്ട്.

പ്രധാന ലേഖനം: കോട

ഇതും നീലഗിരിയിലെ ഗോത്രവർഗ്ഗത്തിന്റെ ഭാഷയാണ്‌. ടോഡയുടെ ഗതി തന്നെയാണ്‌ ഈ ഭാഷയ്ക്കും വന്നുഭവിക്കുന്നത് എന്ന് കരുതുന്നു.

പ്രധാന ലേഖനം: ഗോണ്ഡി

വിന്ധ്യാചലപ്രദേശത്ത് വസിക്കുന്നവരുടെ വനവാസികളുടെ ഭാഷയാണ്‌ ഗോണ്ഡി. ഇതിന്റെ കേന്ദ്രമായി കണാക്കാക്കുന്നത് ബുന്ദേൽഖണ്ഡാണ്‌. ഈ ഭാഷയ്ക്ക് തമിഴ് ഭാഷയുമായി വളരെയധികം സാമ്യമുണ്ട്. ഈ ഭാഷയ്ക്ക് സ്വന്തമായി ലിപിയോ സാഹിത്യമോ ഇല്ല.

പ്രധാന ലേഖനം: കോണ്ട്

ഒറീസ്സയുടെ കുന്നിൻപ്രദേശത്ത് താമസിക്കുന്നവരുടെ സംസാരഭാഷയാണ്‌ കോണ്ട്. ഗോണ്ഡ് ഭാഷയുടെ സാദൃശ്യം ഉള്ള ഒരു ഭാഷയായ ഇതിനെ ചില പണ്ഡിതർ കുയി ഭാഷയുടെ രൂപാന്തരമായി കണക്കാക്കുന്നു.

പ്രധാന ലേഖനം: കുരുവ്

തമിഴ്ഭാഷയുമായി വളരെയധികം സാമ്യതയുള്ള ഈ ഭാഷ സംസാരിക്കുന്നവർ ബീഹാർ, ഒറീസ്സ എന്നീ പ്രദേശങ്ങളിൽ പ്രചരിച്ചിരിക്കുന്നു. ഒരാവ് എന്നും ഈ ഭാഷ അറിയപ്പെടുന്നുണ്ട്. മൽഹാർ, കിസാൻ എന്നീ മൊഴിഭേദങ്ങളും ഈ ഭാഷയ്ക്കുണ്ട്.

  1. Rowe, Bruce M.; Levine, Diane P. (2015). A Concise Introduction to Linguistics. Routledge. pp. 340–341. ISBN 1317349288. Retrieved 26 January 2017.
  2. "Summary by language family". Ethnologue.
  • വി. രാംകുമാറിന്റെ സമ്പൂർണ്ണ മലയാള വ്യാകരണം. സിസോ ബുക്സ്, പട്ടം, തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=ഭാഷാഗോത്രങ്ങൾ&oldid=4024516" എന്ന താളിൽനിന്ന് ശേഖരിച്ചത്