ടി.ആർ. ഓമന
ടി ആർ ഗോപാലപിള്ള-വി കെ മീനാക്ഷിയമ്മ ദമ്പതികളുടെ മകളായി 1940-ൽ[1] ആലപ്പുഴയിൽ ജനിച്ചു. അവിവാഹിതയാണ്. ചെന്നൈ നടികർ സംഘത്തിന്റെ വെൺതിരൈവാണി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ടി.ആർ. ഓമന | |
---|---|
ജനനം | 1940 ആലപ്പുഴ |
തൊഴിൽ | സിനിമ അഭിനേത്രി ഡബ്ബിംഗ് ആർട്ടിസ്റ്റ് |
ജീവിതരേഖ തിരുത്തുക
ചെറുപ്പത്തിൽ സ്കൂൾ-നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കുഞ്ചുക്കുറുപ്പാശാന്റെ ശിക്ഷണത്തിൽ ശാസ്ത്രീയനൃത്തവും, കഥകളിയും എന്നിവയും അഭ്യസിച്ചിരുന്നു. കലാമണ്ഡലം കൃഷ്ണൻ നായർ, കുടമാളൂർ കരുണാകരൻ നായർ എന്നിവരോടൊപ്പം കഥകളി അവതരിപ്പിച്ചിരുന്നു. 1952-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. എസ് പി പിള്ളയുടേയും അടൂർ പങ്കജത്തിന്റേയും മകളായി പ്രേമലേഖ എന്ന ചിത്രത്തിലൂടെ ചലച്ചിത്രാഭിനയം തുടങ്ങി. പിന്നീട് പൊൻകതിർ എന്ന സിനിമയിലും ബാലവേഷം ചെയ്തു. 1954ൽ വിമൽകുമാർ സംവിധാനം ചെയ്ത പുത്രധർമ്മത്തിലൂടെയാണ് നായികയാവുന്നത്. ആകസ്മികമായുണ്ടായ മാതൃവിയോഗവും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനു കാരണമായി. ആ കാലയളവിൽ ഒട്ടനവധി ക്ഷേത്രങ്ങളിൽ ശാസ്ത്രീയനൃത്തം അവതരിപ്പിച്ചിരുന്നു. ഒപ്പം നാടകങ്ങളിലും അഭിനയിച്ചു. പിന്നീട് സിനിമയിൽ അവസരം ലഭിച്ചപ്പോൾ മദ്രാസിലേക്കു താമസം മാറ്റി.
അമ്മ വേഷത്തിൽ തിരുത്തുക
1962 ൽ പുറത്തിറങ്ങിയ 'വേലുത്തമ്പി ദളവ'യിൽ മാത്യൂ തരകന്റെ അമ്മവേഷം ചെയ്തതോടെ അത്തരം വേഷങ്ങളിലേക്ക് മുദ്രയടിക്കപ്പെടുകയായിരുന്നു. അഗ്നിപുത്രിയിൽ ആറന്മുള പൊന്നമ്മയുടെ അമ്മയായും അഭിനയിച്ചു. പ്രേം നസീർ, സത്യൻ, കൊട്ടാരക്കര, മധു, സോമൻ, സുകുമാരൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിങ്ങനെ ഒട്ടേറെ അഭിനേതാക്കളുടെ അമ്മവേഷം ചെയ്തു. ഏകദേശം നാന്നൂറ്റി എൺപതിലധികം ചിത്രങ്ങളിൽ ഈ കലാകാരി അഭിയയിച്ചിട്ടുണ്ട്.[2]
ഡബ്ബിംഗ് ആർട്ടിസ്റ്റ് തിരുത്തുക
ശാന്തിനിവാസ് എന്ന തെലുഗു മൊഴിമാറ്റ സിനിമയിലൂടെയാണ് ഓമനയുടെ ശബ്ദമികവ് ശ്രദ്ധിക്കപ്പെട്ടത്. മികച്ച ഒരു ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ടി ആർ ഓമനയാണ് ശാരദയ്ക്ക് ദേശീയപുരസ്കാരം നേടിക്കൊടുത്ത സ്വയംവരം, തുലാഭാരം എന്നീ സിനിമകളിൽ അവർക്ക് ശബ്ദം കൊടുത്തത്. പിന്നീട് സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മറ്റിയിൽ അംഗമായിരിക്കെ ഡബ്ബിങ്ങ് ആർട്ടിസ്റ്റുകൾക്കും അവാർഡ് കൊടുക്കേണ്ടതുണ്ട് എന്ന നിർദ്ദേശം മുന്നോട്ടു വെച്ചതും ഓമനയാണ്. "നിൻപദങ്ങളിൽ നൃത്തമാടിടും", "പണ്ടൊരു ശില്പി പ്രേമശില്പി" എന്നീ ഗാനങ്ങളിലും ടി ആർ ഓമനയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. മറ്റൊരു സീതയിലെ "കാമിനി മൗലിയാം", "ഉദയതാരക പോലേ" എന്നീ ഗാനങ്ങൾ മറ്റു ഗായകർക്കൊപ്പം ആലപിച്ചിട്ടുണ്ട്.[3]
പുരസ്കാരങ്ങൾ തിരുത്തുക
- കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി പുരസ്‌കാരം [4]
അവലംബം തിരുത്തുക
- ↑ ഓൺ റെക്കോഡ് - ഏഷ്യാനെറ്റ് ടി. വി. (മേയ് 8, 2013)
- ↑ മലയാളസംഗീതം ഇൻഫോയിൽ നിന്ന് ടി.ആർ. ഓമന
- ↑ മ്യൂസിക് 3ഡേറ്റാബേസിൽ നിന്ന് ടി.ആർ. ഓമന
- ↑ "സംഗീത നാടക അക്കാദമി പുരസ്‌കാരം ചെന്നൈക്ക് അഭിമാനമായി മൂന്നുപേർ". മൂലതാളിൽ നിന്നും 2013-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-06.
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ടി.ആർ. ഓമന
- മലയളംട്യൂബ്.കോമിൽ നിന്ന്[പ്രവർത്തിക്കാത്ത കണ്ണി] ടി.ആർ. ഓമന